അറേബ്യന്‍ മണൽക്കാടുകളിൽ ഇനി മയ്യഴിപ്പുഴയുടെ നനവ്

എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ  തീരങ്ങളില്‍ എന്ന നോവല്‍ അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി മലയാളത്തിന്റെ ഗരിമയെ ലോകസാഹിത്യത്തില്‍ പരിചയപ്പെടുത്തുകയാണ് മലപ്പുറം സ്വദേശി അലാവുദ്ദീന്‍
കെഎം അലാവുദ്ദീൻ/ഫോട്ടോ - ടി.പി. സൂരജ്, എക്‌സ്പ്രസ്സ്
കെഎം അലാവുദ്ദീൻ/ഫോട്ടോ - ടി.പി. സൂരജ്, എക്‌സ്പ്രസ്സ്

യ്യഴിയിലെ വെള്ളിയാങ്കല്ലില്‍ തുമ്പികളായി പാറിനടക്കുന്ന ദാസനും ചന്ദ്രികയും അറബിനാടുകളിലേയ്ക്കും എത്തുകയാണ്. മയ്യഴിയുടെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രവും ഫ്രെഞ്ച് അധിനിവേശവും ഇനി അറബിയിലും വായിക്കാം. എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' ഇറങ്ങി 46 വര്‍ഷം കഴിഞ്ഞിട്ടും പല ഭാഷകളിലേയ്ക്കുള്ള അതിന്റെ തര്‍ജ്ജമകള്‍ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അറബിയിലാണ് പുതിയ പരിഭാഷ ഒരുങ്ങുന്നത്. മലപ്പുറം കരുവാരക്കുണ്ട് പുത്തനഴി സ്വദേശി കെ.എം. അലാവുദ്ദീനാണ് മയ്യഴിയെ അറബിയിലേയ്ക്ക് മൊഴിമാറ്റിയത്. ഒലീവ് ബുക്സാണ് പ്രസാധകര്‍. 

''മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ കുട്ടിക്കാലത്ത് വായിച്ചതായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അത് തര്‍ജ്ജമ ചെയ്യാനുള്ള ഭാഗ്യംകൂടി കിട്ടി''- കെ.എം. അലാവുദ്ദീന്‍ പറയുന്നു.

''ഒലീവ് ബുക്സിന്റെ ചെയര്‍മാന്‍ എം.കെ. മുനീറാണ് എന്നോട് ഇക്കാര്യം പറയുന്നത്. അദ്ദേഹം എം. മുകുന്ദനുമായി സംസാരിച്ച് അനുമതി വാങ്ങിയിരുന്നു. അറബിയില്‍ മുന്‍പ് പുസ്തകങ്ങള്‍ ചെയ്തതിന്റെ വിശ്വാസത്തിലാണ് എന്നെ ഏല്പിച്ചത്. അതിനുശേഷം മുകുന്ദന്‍ സാറിനെ വിളിച്ച് സംസാരിച്ചിരുന്നു. ഭംഗിയായി ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ഒരു പുസ്തകം ആദ്യമായാണ് അറബിയിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത്- അലാവുദ്ദീന്‍ പറയുന്നു.

നാലാം ക്ലാസ്സിനുശേഷം ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലാണ് 12 വര്‍ഷം പഠിച്ചത്. അതിനുശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് ബി.എ. അറബിക്കും എം.ജി. യൂണിവേഴ്സിറ്റിയില്‍നിന്ന് എം.എ. അറബിക്കും റാങ്കോടുകൂടി പൂര്‍ത്തിയാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് എംഫില്‍ കഴിഞ്ഞ അലാവുദ്ദീന്‍ അവിടെത്തന്നെ ഗവേഷണം ചെയ്യുകയാണിപ്പോള്‍. 

അറബിയില്‍ മനോഹരമായി എഴുതാന്‍ പറ്റുമെന്ന് തോന്നിയതോടെയാണ് പുസ്തകമെഴുത്തിലേയ്ക്ക് തിരിഞ്ഞത്. മലയാളത്തിലും ഇംഗ്ലീഷിലും ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതാറുള്ള അലാവുദ്ദീന്‍ അറബിയില്‍ ശിഹാബ് തങ്ങളെക്കുറിച്ചാണ് ആദ്യ പുസ്തകമെഴുതിയത്. ദുബായ് കെ.എം.സി.സിയുടെ സഹകരണത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹയാണ് പുസ്തകമെഴുതാന്‍ ഏല്പിച്ചത്. 2018-ല്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്ത പുസ്തകത്തിന് ഗള്‍ഫ് നാടുകളിലെ വായനക്കാര്‍ക്കിടയില്‍ നല്ല സ്വീകാര്യത ലഭിച്ചു. ലേബര്‍ ക്യാമ്പുകളിലും മറ്റും പുസ്തകം വിതരണം ചെയ്യുകയുമുണ്ടായി. ശിഹാബ് തങ്ങളുടെ ജീവചരിത്രവും പ്രവര്‍ത്തനങ്ങളുമാണ് പുസ്തകത്തില്‍. മൂന്നരമാസംകൊണ്ടാണ് അലാവുദ്ദീന്‍ ശിഹാബ് തങ്ങളെ അറബിയില്‍ അടയാളപ്പെടുത്തിയത്. അതിനുശേഷം ഷാര്‍ജ സുല്‍ത്താനെക്കുറിച്ച് ഇംഗ്ലീഷിലും അറബിയിലും പുസ്തകമെഴുതി. 

''സുല്‍ത്താന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി ലിറ്റ് കൊടുത്തിരുന്നു. അതിനായി ഇവിടെ വന്നപ്പോഴാണ് സുല്‍ത്താനെക്കുറിച്ച് കൂടുതല്‍ പഠിച്ച് പുസ്തകമെഴുതണം എന്ന് തോന്നിയത്. അദ്ദേഹത്തിന്റെ ജീവചരിത്രം, ഷാര്‍ജയുടെ വളര്‍ച്ച, ഇന്ത്യ-യു.എ.ഇ ബന്ധം, കേരളവും ഷാര്‍ജയും എന്നിങ്ങനെ നാല് അദ്ധ്യായങ്ങളായാണ് പുസ്തകം ഒരുക്കിയത്. ഒരേ വിഷയമാണെങ്കിലും അറബിയിലെഴുതിയതിന്റെ പരിഭാഷയായിരുന്നില്ല ഇംഗ്ലീഷിലെഴുതിയത്. 'ദ ചാമ്പ്യന്‍ ഓഫ് ഹാര്‍ട്ട്' എന്ന പേരില്‍ സ്വതന്ത്രമായ ഒരു പുസ്തകമായിരുന്നു അത്''- അലാവുദ്ദീന്‍ പറയുന്നു. ലിപി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. ഷാര്‍ജയില്‍ നടന്ന പ്രകാശന ചടങ്ങില്‍ സുല്‍ത്താനും പങ്കെടുത്തിരുന്നു. അറബി മാഗസിനുകളില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതാറുള്ള അലാവുദ്ദീന്‍ അറബി നോവലുകളുടെ ആരാധകന്‍ കൂടിയാണ്. അത്തരം വായനകള്‍ മയ്യഴിയുടെ പരിഭാഷയ്ക്ക് സഹായകമായെന്ന് അദ്ദേഹം കരുതുന്നു. ശ്രീനാരായണഗുരുവിനെക്കുറിച്ച് അറബിയിലെഴുതുന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോള്‍.

''നമ്മുടെ സാഹിത്യം അറബ് നാട്ടിലുള്ളവര്‍ക്ക് ഭയങ്കര ഇഷ്ടമാണ്, അങ്ങനെയാണ് അറബിയില്‍ പുസ്തകങ്ങള്‍ ചെയ്യുന്നതെന്ന്'' ഒലീവ് ബുക്സിന്റെ ചെയര്‍മാന്‍ കൂടിയായ എം.കെ. മുനീര്‍ എം.എല്‍.എ പറയുന്നു. അലാവുദ്ദീന്റെ ഭാഷ നല്ലതാണ്. അദ്ദേഹം ചെയ്ത ഷാര്‍ജ സുല്‍ത്താന്റെ പുസ്തകത്തിന് നല്ല സ്വീകാര്യത കിട്ടിയിരുന്നു.

ഞങ്ങള്‍ക്കിപ്പോള്‍ ഒരു അറബി ഇന്‍പ്രിന്റുണ്ട്, സെയ്ത്തൂന്‍ എന്നാണ് പേര്. ഒലീവ് എന്നു തന്നെയാണ് അതിന്റേയും അര്‍ത്ഥം. പല സാഹിത്യകാരന്മാരുടേയും പുസ്തകങ്ങള്‍ ഞങ്ങള്‍ ഇറക്കുന്നുണ്ട്. അങ്ങനെയാണ് മയ്യഴിയില്‍ എത്തിയത്. മുകുന്ദേട്ടനോട് സംസാരിച്ചപ്പോള്‍ അദ്ദേഹത്തിനും താല്പര്യമായി. 

ടി. പത്മനാഭന്റെ കഥാസമാഹാരവും അറബിയിലേയ്ക്ക് മൊഴിമാറ്റുന്നുണ്ട്. പ്രശസ്ത അറബ് കവി ശിഹാബ് ഗാനിം ഇവിടുത്തെ പല കവിതകളും അറബിയിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കുമാരനാശാന്‍, വള്ളത്തോള്‍, ശ്രീനാരായണഗുരു ഒക്കെ അദ്ദേഹം ചെയ്തിട്ടുണ്ട്. ബാലചന്ദ്രന്‍ ചുള്ളിക്കാട്, വീരാന്‍കുട്ടി വരെയുള്ളവരുടെ കവിതകളും മൊഴിമാറ്റിയിട്ടുണ്ട്. അതിന് നല്ല വായനക്കാരുണ്ട്. ഇന്ത്യന്‍ സ്‌കൂളുകളിലെ ലൈബ്രറികളിലേയ്‌ക്കൊക്കെ പുസ്തകം എത്തിക്കാനാണ് തീരുമാനം. അവര്‍ക്ക് മുകുന്ദനെയൊക്കെ അറിയാനുള്ള ഒരു അവസരം കൂടിയാണല്ലോ'' എം.കെ. മുനീര്‍ പറയുന്നു.

അറബിയില്‍ പരിഭാഷ വരുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും കുറേ മുന്‍പേ വരേണ്ടതായിരുന്നു എന്നും എം. മുകുന്ദന്‍ പറയുന്നു. കാരണം ഗള്‍ഫില്‍ നല്ല വായനക്കാരുണ്ട്. ഷാര്‍ജ ബുക്ക് ഫെസ്റ്റിനൊക്കെ പോയാല്‍ കാണാം അവര്‍ ഒരുപാട് പുസ്തകങ്ങള്‍ വാങ്ങിപോകുന്നത്. മറ്റിടങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങി കൊണ്ടുപോകുന്നതുപോലെയാണ് അവിടെ അറബി സ്ത്രീകള്‍ പുസ്തകങ്ങള്‍ വാങ്ങി കൊണ്ടുപോകുന്നത്. അവരുടെ ഇടയില്‍ നല്ല വായനയുണ്ട്. അതുകൊണ്ടുതന്നെ ഈ പുസ്തകം അറബിക് ഭാഷയില്‍ വരുന്നത് വളരെ നല്ലതാണ്. ഈ നോവല്‍ അവര്‍ക്കിഷ്ടമാകും എന്ന് വിചാരിക്കാം. എം.കെ. മുനീറിന്റെ ശ്രമഫലമായിട്ടാണ് ഇത് സാധ്യമായത്. ഷാര്‍ജ ബുക്ക് ഫെസ്റ്റില്‍ പുസ്തകം പ്രകാശനം ചെയ്യാം എന്നൊക്കെയാണ് അവരുടെ ആലോചന. കൊവിഡ് കാരണം അത് നടക്കുമോ എന്നറിയില്ല. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ പല ഭാഷകളിലും വന്നിട്ടുണ്ട്. ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമെ ഇംഗ്ലീഷിലും ഫ്രെഞ്ചിലും പരിഭാഷ വന്നു. ഇംഗ്ലീഷ് വിവര്‍ത്തനത്തിന് 1999-ല്‍ ക്രോസ്സ്വേഡ് ബുക്ക് അവാര്‍ഡും കിട്ടി. 

എം മുകുന്ദ​ൻ
എം മുകുന്ദ​ൻ

ഫ്രെഞ്ച് പരിഭാഷ വന്നത് അവിടെയുള്ള പലര്‍ക്കും ഒരു അത്ഭുതമായിരുന്നു. മാഹി എന്നൊരു പ്രദേശത്തെക്കുറിച്ച് അവര്‍ക്ക് കാര്യമായി അറിയില്ലായിരുന്നു. ധാരാളമായി വായിക്കപ്പെട്ടു. പുതിയ ആളുകള്‍ക്ക് അവരുടെ പഴയ തലമുറയില്‍പ്പെട്ടവര്‍ ഇവിടെ ജീവിച്ചിരുന്നു എന്നത് കൗതുകമായിരുന്നു. ഫ്രാന്‍സില്‍ മാത്രമല്ല, അതിന്റെ കോളനികളായിരുന്ന സ്ഥലങ്ങളിലും ഇത് വായിക്കപ്പെട്ടു. സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കാന്‍ തുടങ്ങി. ഫ്രെഞ്ചില്‍ വന്നതുകൊണ്ട് വ്യാപകമായി അത് വായിക്കപ്പെട്ടു. 1974-ലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത്. അരനൂറ്റാണ്ടാകാന്‍ പോകുന്നു.

''ഇപ്പോഴും എന്റെ ഏറ്റവും കൂടുതല്‍ ചെലവാകുന്ന പുസ്തകം ഇതാണ്. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആളുകള്‍ ഈ നോവല്‍ വായിക്കുന്നു എന്നത് വളരെ നല്ല കാര്യമാണ്. സന്തോഷമാണ്-'' എം. മുകുന്ദന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com