കാര്‍ഷിക താളം വീണ്ടെടുക്കുന്ന ആദിവാസിക്കുടികള്‍

സംസ്ഥാനത്തെ ചെറുധാന്യങ്ങളുടെ ഉല്പാദനത്തില്‍ ചരിത്രനേട്ടം കൈവരിക്കാന്‍ ഒരുങ്ങുകയാണ് ഹൈറേഞ്ചിലെ ആദിവാസികള്‍
ആദിവാസികളുടെ കൃഷിയിടം/ ഫോട്ടോ: ഫോട്ടോ - എസ്. രാമചന്ദ്രന്‍
ആദിവാസികളുടെ കൃഷിയിടം/ ഫോട്ടോ: ഫോട്ടോ - എസ്. രാമചന്ദ്രന്‍

ഗോളതലത്തില്‍ കൊവി ഡ്-19 ഏല്പിച്ച ആഘാതം വളരെ വലുതാണ്. രോഗവ്യാപനം ശക്തമായ വികസിത, വികസ്വര രാജ്യങ്ങളുടെയെല്ലാം സമ്പദ്വ്യവസ്ഥ അതിജീവനത്തിനായി തീവ്രശ്രമം നടത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ വ്യവസായങ്ങള്‍ മുതല്‍ ചെറുകിട സംരംഭങ്ങള്‍ വരെ വന്‍തിരിച്ചടി നേരിട്ടു. അനേകം വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. കോടിക്കണക്കിന് ആളുകള്‍ തൊഴില്‍രഹിതരായി. വരുമാനം ഇല്ലാതാവുകയും ജീവിതം വഴിമുട്ടുകയും ചെയ്തപ്പോള്‍ ചിലരെങ്കിലും ആത്മഹത്യയില്‍ അഭയം പ്രാപിച്ചു. എന്നാല്‍, വലിയ നഷ്ടങ്ങളുടെ പട്ടിക അവസാനിക്കാതെ നിലനില്‍ക്കുമ്പോഴും കൊവിഡ് വ്യാപനം മൂലം നേട്ടമുണ്ടായ ചില മേഖലകളുമുണ്ട്. ഹൈറേഞ്ചിലെ ആദിവാസിക്കുടികള്‍ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. എന്നോ കൈവിട്ടുപോയ പരമ്പരാഗത കാര്‍ഷികസംസ്‌കാരത്തെ മഹാമാരിയുടെ പശ്ചാത്തലത്തില്‍ തിരിച്ചുപിടിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരിക്കുന്നു.

കൊവിഡ് വ്യാപകമായാല്‍ ദാരിദ്ര്യം രൂക്ഷമായേക്കാമെന്ന ദീര്‍ഘവീക്ഷണമാണ് കുടികളില്‍ കൃഷി സജീവമാക്കാന്‍ ഗോത്രജനതയെ പ്രേരിപ്പിച്ചത്. അങ്ങനെ, റാഗിയും ചോളവും ചീരയും തിനയും ചാമയും വരകും മല്ലിയും തുവരയും തീമ്പലിക്കായയും പൂസനിക്കായയുമെല്ലാം അവര്‍ പരമാവധി സ്ഥലത്ത് കൃഷിചെയ്തു. ഇടമലക്കുടി, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം പഞ്ചായത്തുകളിലെ മുതുവാന്മാരുടേയും മലപ്പുലയരുടേയും ജീവിതസങ്കേതങ്ങളിലാണ് പുനരാരംഭിച്ച പാരമ്പര്യകൃഷിയില്‍ അധികവും. കഴിഞ്ഞ ഒന്നുരണ്ടു പതിറ്റാണ്ടുകളായി മിക്കവാറും കുടിയിരുപ്പുകളിലെ പകുതിയോളം ഭൂമിയെങ്കിലും തരിശ് കിടക്കുകയായിരുന്നുവെങ്കില്‍ ഇത്തവണ സ്ഥിതി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ, സംസ്ഥാനത്തെ ചെറുധാന്യങ്ങളുടെ ഉല്പാദനത്തില്‍ ചരിത്രനേട്ടം കൈവരിക്കാന്‍ ഒരുങ്ങുകയാണ് ഹൈറേഞ്ചിലെ ആദിവാസികള്‍.

ആദിവാസികളുടെ റാ​ഗി കൃഷി
ആദിവാസികളുടെ റാ​ഗി കൃഷി

ഊരുകളിലെ കൃഷിയും പരിചരണവും

ഒരുകാലത്ത് പരമ്പരാഗതമായ ചെറുധാന്യങ്ങളെല്ലാം ആദിവാസികള്‍ വന്‍തോതില്‍ നട്ടുവളര്‍ത്തിയിരുന്നുവെങ്കിലും സൗജന്യ റേഷന്‍ വിതരണവും മറ്റും ആരംഭിച്ചതോടെ കുടികളിലെ കാര്‍ഷികവ്യവസ്ഥ പ്രതിസന്ധിയിലായിരുന്നു. തലമുറകളായി പിന്തുടര്‍ന്നു വന്നിരുന്ന ഭക്ഷ്യസംസ്‌കാരത്തില്‍ മാറ്റം വന്നതിനൊപ്പം പലരും കാര്‍ഷികവൃത്തിയോട് പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്തു. അങ്ങനെ, ഓരോ കുടിയിലും ആകെയുള്ള കൃഷിഭൂമിയുടെ 50 ശതമാനമെങ്കിലും തരിശുകിടന്നു. ഈ അവസ്ഥയില്‍നിന്നൊരു മടങ്ങിവരവാണ് ഇപ്പോഴത്തെ കൃഷി. എല്ലാ ഗോത്രസങ്കേതങ്ങളിലും ഇത്തവണ ഏറ്റവുമധികം കൃഷിചെയ്തിരിക്കുന്നത് റാഗിയാണ്. കുറുമ്പുല്ല്, കേപ്പ, പഞ്ഞപ്പുല്ല്, മുത്താറി, കൂവരക് എന്നീ പേരുകളിലും ഇത് അറിയപ്പെടാറുണ്ട്.

ലോക്ഡൗണിനിടെ ഏപ്രില്‍ മാസത്തില്‍ വേനല്‍മഴ ലഭിച്ചതോടെ ഗോത്രസങ്കേതങ്ങളിലെല്ലാം കൃഷിക്കായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. പൊന്തക്കാടുകള്‍ വെട്ടിത്തെളിച്ച് തീയിടുന്നതാണ് ആദ്യഘട്ടം. ഈ ചാരം തൊട്ടടുത്ത മഴയില്‍ ഭൂമിയില്‍ അലിഞ്ഞുകഴിഞ്ഞാല്‍ പിന്നെ മണ്ണൊരുക്കി തുടങ്ങുന്നു. ''ആദ്യം വ്യത്യസ്ത തരത്തിലുള്ള ചീരവിത്തുകളാണ് വിതയ്ക്കുന്നത്. രണ്ടുമൂന്നാഴ്ചകൊണ്ട് ഇതിന്റെ വിളവുകിട്ടും. അതോടെ മേല്‍മണ്ണ് ചെറുതായി ഇളക്കി റാഗിയുടെ വിത്തിടും. ഇതില്‍ത്തന്നെ കരിങ്കണ്ണി, നീലക്കണ്ണി, പച്ചമുട്ടി, ചെറുകോറാന്‍, ചങ്കിലിക്കോറാന്‍, പൂവന്‍കോറ തുടങ്ങിയ ഇനങ്ങള്‍ കൃഷി ചെയ്തിട്ടുണ്ട്'' -കാന്തല്ലൂര്‍ തീര്‍ത്ഥമലക്കുടിയിലെ കര്‍ഷകനായ തങ്കസ്വാമി പറയുന്നു. ചിന്നാര്‍ വന്യജീവിസങ്കേതത്തിനുള്ളിലെ തായണ്ണന്‍കുടിയിലാണെങ്കില്‍ മുപ്പതോളം ഇനത്തില്‍പ്പെട്ട റാഗിയാണ് കൃഷിചെയ്തിരിക്കുന്നത്.

പ്രതികൂലമായ കാലാവസ്ഥ ചെറുധാന്യകൃഷിക്ക് എപ്പോഴും തിരിച്ചടിയാകാറുണ്ട്. കഴിഞ്ഞ മാസം ആറാംതീയതി പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായ ആഴ്ചയില്‍ കനത്ത മഴമൂലം ഇടമലക്കുടിയിലും മറയൂരിലുമെല്ലാം കൃഷിനാശമുണ്ടായി. ഉള്‍ക്കാട്ടില്‍ സ്ഥിതിചെയ്യുന്ന മാങ്ങാപ്പാറക്കുടിയിലെ റാഗി-ചോളം കൃഷി പൂര്‍ണ്ണമായും നശിച്ചു. കാട്ടുമൃഗങ്ങളുടെ ശല്യമാണ് ആദിവാസികര്‍ഷകരെ അലട്ടുന്ന മറ്റൊരു പ്രശ്നം. കാട്ടുപോത്തുകളും മാന്‍കൂട്ടവും കാട്ടുപന്നിയും ആനയും മുള്ളന്‍പന്നിയുമെല്ലാമാണ് പ്രധാന ശത്രുക്കള്‍. സ്‌കൂള്‍ തുറക്കാത്തതിനാല്‍ ദൂരസ്ഥലത്തെ ഹോസ്റ്റലുകളില്‍നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിസംഘങ്ങളാണ് വന്യജീവികളെ തുരത്താന്‍ രാവും പകലും കൃഷിയിടത്തില്‍ കാവലിരിക്കുന്നത്. മണ്ണിളക്കാനും വിത്തിടാനും കളപറിക്കാനുമെല്ലാം ഇവര്‍ സജീവമായുണ്ടായിരുന്നു.

വിളവെടുപ്പിന് പാകമായി വരുന്ന റാ​ഗി
വിളവെടുപ്പിന് പാകമായി വരുന്ന റാ​ഗി

പരമ്പരാഗത കൃഷിയുടെ കാര്യത്തില്‍ മൂന്നാര്‍-മറയൂര്‍-വട്ടവട മലകളിലെ ആദിവാസിവിഭാഗങ്ങളൊന്നും ഇത്തവണ പിന്നിലല്ല. പൊതുവെ കൃഷിയോട് വലിയ താല്പര്യം പ്രകടിപ്പിക്കാതിരുന്ന സമൂഹങ്ങള്‍പോലും പുതിയ സാഹചര്യത്തില്‍ മണ്ണില്‍ പണിയെടുക്കാന്‍ തയ്യാറായി. ''ഹൈറേഞ്ചിലെ ഗോത്രസംസ്‌കാരത്തെ സൂക്ഷ്മമായി വീക്ഷിച്ചാല്‍ കാര്‍ഷികസംസ്‌കാരത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നത് മുതുവാന്മാരാണെന്നു കാണാം. മലപ്പുലയര്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിലാണ് കൂടുതല്‍ താല്പര്യം. എന്നാല്‍, ഈ വര്‍ഷം സ്ഥിതി മാറിയിട്ടുണ്ട്. ചിന്നാര്‍ കാട്ടില്‍ മലപ്പുലയര്‍ മാത്രം അധിവസിക്കുന്ന പാളപ്പെട്ടി കുടിയില്‍ ഇപ്പോള്‍ 15 ഏക്കറോളം സ്ഥലത്ത് റാഗി മാത്രം കൃഷി ചെയ്തിരിക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് പാളപ്പെട്ടിയില്‍ ഈ രീതിയില്‍ കൃഷി നടക്കുന്നത്'' -പങ്കാളിത്ത വനപരിപാലന പദ്ധതിയില്‍ സോഷ്യല്‍ വര്‍ക്കറായ ധനുഷ്‌കോടി പറയുന്നു.

മൂന്നര മുതല്‍ ആറുമാസം വരെ കാലയളവുകൊണ്ട് മൂപ്പെത്തുന്ന റാഗി ഇനങ്ങളുണ്ട്. ഇതില്‍ ഏതെങ്കിലും ഒരിനം മാത്രം കൃഷിചെയ്യുന്നതിനു പകരം വ്യത്യസ്ത തരം വിത്തുകള്‍ വിതയ്ക്കുന്ന രീതിയാണ് ആദിവാസികള്‍ അനുവര്‍ത്തിക്കുന്നത്. ഇതോടൊപ്പം കാലാവസ്ഥയും മൂപ്പെത്തുന്ന കാലയളവിനെ സ്വാധീനിക്കാറുണ്ട്. ചിന്നാര്‍ കാട്ടിലേതുപോലെ ചൂട് കൂടുതലുള്ള പല ആദിവാസിയൂരുകളിലും ഇതിനകം തന്നെ ചെറിയ തോതില്‍ വിളവെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. എങ്കിലും കൂടുതല്‍ സജീവമാകുക അടുത്ത മാസത്തോടെ ആയിരിക്കും. ''കാന്തല്ലൂര്‍ പഞ്ചായത്തില്‍ മുതുവാന്മാരുടേയും മലപ്പുലയരുടേയും കുടികളുണ്ട്. ഇരുകൂട്ടരും മുന്‍ വര്‍ഷത്തേക്കാള്‍ അധികമായി റാഗി കൃഷിചെയ്യുന്നു. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി റാഗികൃഷിക്ക് ഹെക്ടറൊന്നിന് മുപ്പതിനായിരം രൂപവീതം ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്'' -കാന്തല്ലൂര്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ കെ.ആര്‍. സതീഷിന്റെ വാക്കുകള്‍.

ചോളം
ചോളം

കുടിയുടെ ജീവിതതാളത്തിലും മാറ്റം

ഒരുകാലത്ത് ഇവിടുത്തെ ആദിവാസിക്കുടികളുടെ ജീവിതതാളം കെട്ടുറപ്പോടെ നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നത് പരമ്പരാഗത കാര്‍ഷികസംസ്‌കാരമാണ്. ഗോത്രജനത കൃഷിയില്‍നിന്നും അകന്നുതുടങ്ങിയതോടെ അവരുടെ സാമൂഹികക്രമങ്ങളിലും ശിഥിലത പ്രകടമായി. ഓരോ കുടുംബത്തിനും സ്വന്തമായി ഭൂമിയെന്ന പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് ആദിവാസികള്‍ക്ക് അടുത്തകാലം വരെ പരിചിതമായിരുന്നില്ല. അനുയോജ്യമായ സ്ഥലത്ത് അടുത്തടുത്തായി നിര്‍മ്മിക്കുന്ന വീടുകളില്‍ താമസമുറപ്പിക്കുന്നതാണ് ഇവരുടെ ശീലം. ചുറ്റുപാടുമുള്ള കൃഷിയിടങ്ങളില്‍ എല്ലാവര്‍ക്കും ധാന്യങ്ങള്‍ നട്ടുവളര്‍ത്താന്‍ നിശ്ചിത സ്ഥലമുണ്ടെങ്കിലും അതിനെ ആജീവനാന്ത അവകാശമായി ഇവര്‍ കാണുന്നില്ല. അതുകൊണ്ടുതന്നെ, പരസ്പരം കൃഷിയിടങ്ങള്‍ വെച്ചുമാറുകയും പുതിയൊരു കുടുംബത്തിനായി പ്രതിഫലം വാങ്ങാതെ കുറച്ചുവീതം ഭൂമി വിട്ടുനല്‍കുകയുമൊക്കെ ചെയ്യാറുണ്ട്. പണം വാങ്ങി ആര്‍ക്കെങ്കിലും വീടുവില്‍ക്കുന്ന സമ്പ്രദായവും ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.

കാര്‍ഷികസംസ്‌കാരത്തിന്റെ അടിത്തറ നഷ്ടപ്പെട്ട ഗോത്രസമൂഹങ്ങളുടെ സംഘബോധമാണ് കൂടുതല്‍ ശിഥിലത നേരിടുന്നത്. അടുത്തടുത്തുള്ള വീടുകളില്‍ കഴിയുന്നതിനു പകരം അകന്നുജീവിക്കുന്ന മന്നാന്മാരുടേയും മറ്റും വാസകേന്ദ്രങ്ങളില്‍ ഈ തകര്‍ച്ച പ്രകടമായി കാണാം. ''ഭക്ഷ്യയോഗ്യമായ ധാന്യകൃഷിയെ കൈവിട്ടതാണ് ആദിവാസികളുടെ കാര്‍ഷികശൈലിയില്‍ സ്വത്വനഷ്ടം ഉണ്ടാകാനുള്ള കാരണം. നാണ്യവിളകള്‍ കൃഷി ചെയ്യുമ്പോള്‍ ഓരോരുത്തരും അവനവനെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. തന്റെ കൃഷി നശിക്കാതെ നോക്കുകയും അതില്‍നിന്നും പരമാവധി വിളവും വരുമാനവും നേടുകയുമാണ് അവന്റെ ലക്ഷ്യം. അങ്ങനെ വരുമ്പോള്‍ കൈവിട്ടു പോകുന്നത് കൂട്ടായ്മയില്‍ അധിഷ്ഠിതമായ പരമ്പരാഗത ഗോത്രസംസ്‌കാവും തനതായ ജീവിതതാളവുമാണ്'' -മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റായി ജോലിചെയ്യുന്ന മുതുവാന്‍ സമൂഹത്തില്‍പ്പെട്ട എസ്. രാമചന്ദ്രന്‍ പറയുന്നു.

കുറച്ചുകാലം മുന്‍പുവരെയും കൃഷിയിടങ്ങളില്‍ വിത്തിടുന്നതും പരിപാലിക്കുന്നതും വിളവെടുക്കുന്നതുമൊക്കെ എല്ലാവരും സംഘംചേര്‍ന്നായിരുന്നു. ജീവിതത്തിലെ സങ്കടവും സന്തോഷവുമെല്ലാം അവര്‍ ഒരുപോലെയാണ് അനുഭവിച്ചത്. ആനയും പോത്തും പന്നിയും കയറി ആരുടെയെങ്കിലും കൃഷി നശിപ്പിച്ചാല്‍ ഊരിലുള്ളവരെല്ലാം സങ്കടപ്പെടുകയും വന്യമൃഗങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുകയും ചെയ്തു. എന്തെങ്കിലും കാരണത്താല്‍ ഒരാളുടെ കൃഷി പൂര്‍ണ്ണമായി നശിച്ചുപോയാലും അയാള്‍ പട്ടിണി കിടക്കേണ്ടിവരില്ല. ഓരോ സീസണിലേയും റാഗിയും ചോളവും തിനയുമൊക്കെ ദുരിതകാലത്ത് എല്ലാവരും പങ്കുവെയ്ക്കും. എന്നാല്‍, ചെറുധാന്യങ്ങളുടെ കൃഷി കൈമോശം വന്നതോടെ ഇത്തരം പങ്കുവെയ്ക്കലിനുള്ള സാധ്യത കുറഞ്ഞു. ക്രമേണ അത് ഗോത്രസംസ്‌കാരത്തിന്റെ തനതുഗതിയേയും പ്രതികൂലമായി ബാധിച്ചു.

കൃഷിയിടത്തിൽ നിന്ന് പക്ഷികളെ ഓടിക്കുന്ന ആദിവാസി കുട്ടി
കൃഷിയിടത്തിൽ നിന്ന് പക്ഷികളെ ഓടിക്കുന്ന ആദിവാസി കുട്ടി

ഈ രീതിയില്‍ തകര്‍ച്ച നേരിട്ടിരുന്ന പരമ്പരാഗത കാര്‍ഷികസംസ്‌കാരവും ജീവിതതാളവുമാണ് കൊവിഡ് കാലത്തെ ധാന്യകൃഷിയിലൂടെ ഇവര്‍ തിരിച്ചുപിടിച്ചത്. ഏറെക്കാലമായി കാടുമൂടി കിടന്നിരുന്ന കൃഷിയിടങ്ങള്‍ വെട്ടിച്ചുടാനും മണ്ണൊരുക്കാനും വിതയ്ക്കാനും നനയ്ക്കാനും സംരക്ഷിക്കാനും എല്ലാവരും ഒത്തുകൂടി. സ്ത്രീകളും പുരുഷന്മാരും വൃദ്ധരുമൊന്നും മാറിനിന്നില്ല. ലോക്ഡൗണും സ്‌കൂള്‍ അവധിയും ആയിരുന്നതിനാല്‍ വിദ്യാര്‍ത്ഥികളും സജീവമായി പങ്കെടുത്തു. കുട്ടികളില്‍ പലര്‍ക്കും പുതിയൊരു അനുഭവമായിരുന്നു. പല ഊരുകളിലും പരമ്പരാഗത ഗോത്രവിശ്വാസപ്രകാരമുള്ള കാര്‍ഷികാനുഷ്ഠാനങ്ങളും ചടങ്ങുകളും വനദേവതാപൂജയും നടന്നു. ഇന്നിപ്പോള്‍ റാഗിയുടേയും ചോളത്തിന്റേയുമെല്ലാം കൃഷിയിടങ്ങളില്‍ കാവലിന്റെ നാളുകളാണ്. കാട്ടുപോത്തും മാനുകളുമാണ് ഏറ്റവുമധികം റാഗി തിന്നു നശിപ്പിക്കുന്നത്. പന്നിക്കൂട്ടം ഇറങ്ങിയാല്‍ ചോളം തിന്നുതീര്‍ക്കും. ഇതിനുപുറമെ ആനയുടേയും മുള്ളന്‍പന്നിയുടേയും ശല്യവുമുണ്ട്. എല്ലാറ്റിനേയും നേരിടാന്‍ കാവല്‍പ്പുരയില്‍ ആളുണ്ടാവും. അങ്ങനെ, എന്നോ നഷ്ടമായ ജീവിതതാളം ആദിവാസിയൂരുകള്‍ വീണ്ടെടുക്കുകയാണ്.

വിപണിയില്‍ ഇടപെടലുകള്‍ ആവശ്യം

പശ്ചിമഘട്ടത്തിലെ ഗോത്രജനതയുടെ തനതുകൃഷിയും വിപണനവും പ്രോത്സാഹിപ്പിക്കേണ്ടത് ആരോഗ്യകരമായ നിലനില്‍പ്പും അതിജീവനവും ഇഷ്ടപ്പെടുന്ന പൊതുസമൂഹത്തിന്റെ ആവശ്യം കൂടിയാണ്. ഇതിന് സഹായകമായ ചില പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. മൂന്നാറില്‍നിന്നും 44 കി.മീ. അകലെയുള്ള വട്ടവട പഞ്ചായത്തിനെ മികച്ച ഉദാഹരണമായി കാണാം. ''ഇവിടെ 75 ഹെക്ടറോളം സ്ഥലത്താണ് ഇത്തവണത്തെ റാഗികൃഷി. ഇതിന്റെ പകുതിയോളവും ആദിവാസിക്കുടികളിലാണ്. ഇവര്‍ക്ക് ആവശ്യമായ വിത്തുകള്‍ വിതരണം ചെയ്യാന്‍ യു.എന്‍.ഡി.പിയുടെ സഹകരണവും ലഭിച്ചു'' -വട്ടവടയിലെ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ മുരുകന്‍ കെ.യുടെ വാക്കുകള്‍. സുഭിക്ഷകേരളത്തിന്റെ ഭാഗമായി പഞ്ചായത്ത് തയ്യാറാക്കിയ 'നിറൈ മച്ച്' എന്ന പദ്ധതിപ്രകാരമായിരുന്നു ഇത്. ''യഥാര്‍ത്ഥത്തില്‍ നമ്മള്‍ വിത്തുവിതരണം നടത്തുന്നതിനും മുന്‍പുതന്നെ ഇവിടുത്തെ ആദിവാസിക്കുടികളില്‍ വിപുലമായ രീതിയില്‍ റാഗിയും ചോളവും കൃഷി ചെയ്തുകഴിഞ്ഞിരുന്നു. എങ്കിലും, അവര്‍ ഇതും സ്വീകരിക്കുകയും പുതിയ സ്ഥലം കണ്ടെത്തി നട്ടുവളര്‍ത്തുകയും ചെയ്തു. പരമ്പരാഗതകൃഷിയെ ഏറ്റവും സത്യസന്ധമായി സമീപിക്കുന്നത് ആദിവാസികളാണെന്ന കാര്യത്തില്‍ സംശയമില്ല'' -അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ജോബി ജോര്‍ജ് കൂട്ടിച്ചേര്‍ക്കുന്നു.

ചോളം അടർത്തിയെടുക്കുന്ന ആദിവാസി സ്ത്രീ‍‍
ചോളം അടർത്തിയെടുക്കുന്ന ആദിവാസി സ്ത്രീ‍‍

സംസ്ഥാന കൃഷിവകുപ്പിന്റെ 2017-ലെ റിപ്പോര്‍ട്ട് പ്രകാരം ഹൈറേഞ്ചില്‍ റാഗിയുടെ പ്രതിവര്‍ഷ ഉല്പാദനം 24 ടണ്ണാണ്. എന്നാല്‍, കൃഷി വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ ഈ സീസണില്‍ 50 ടണ്ണെങ്കിലും ഉല്പാദനമുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ചോളത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. മൂന്നുവര്‍ഷം മുന്‍പ് ഹൈറേഞ്ചിലെ ഗോത്രഗ്രാമങ്ങളില്‍നിന്നും 16 ടണ്‍ ചോളമാണ് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് 30 ടണ്ണിലധികം ആയേക്കും. ''ഒരുതരത്തിലുള്ള വളവും കീടനാശിനിയും ഞങ്ങള്‍ ഉപയോഗിക്കാറില്ല. ഇതുവരെയും സ്വന്തം ആവശ്യത്തിനു മാത്രമാണ് പരമ്പരാഗത ധാന്യങ്ങള്‍ കൃഷിചെയ്തിരുന്നത്. ഉണക്കി സൂക്ഷിക്കുന്ന റാഗി നാലുവര്‍ഷം വരെ കേടുകൂടാതെയിരിക്കും. ആവശ്യാനുസൃതം തിരികല്ലില്‍ പൊടിച്ചെടുത്ത ശേഷം അപ്പവും പുട്ടുമൊക്കെ ഉണ്ടാക്കാമെങ്കിലും കൊറങ്ങാട്ടിയാണ് ഞങ്ങളുടെ ഇഷ്ടഭക്ഷണം. ചിലപ്പോള്‍ മൂന്നുനേരവും ഇതു കഴിക്കാറുണ്ട്'' -സൂസനിക്കുടിയിലെ കര്‍ഷകനായ നകുലന്‍ പറയുന്നു.

ഉല്പാദനം വര്‍ദ്ധിക്കുമ്പോള്‍ സ്വാഭാവികമായും വിപണിയെക്കുറിച്ചും ആലോചിക്കേണ്ടിവരും. ആദിവാസി ഉല്പന്നങ്ങള്‍ ശരിയായ രീതിയില്‍ കമ്പോളത്തില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ആവശ്യക്കാരുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അടുത്തയിടെ ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍ വനംവകുപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ വിപണനപദ്ധതി ഇതിന് തെളിവാണ്. ആലമ്പെട്ടി, കരിമുട്ടി, ചിന്നാര്‍ എന്നിവിടങ്ങളിലെ ഇക്കോഷോപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 2000 കിലോഗ്രാമിലധികം റാഗിയാണ് വിറ്റഴിഞ്ഞത്. ''ഓരോരുത്തരുടേയും ആവശ്യത്തിനുശേഷം ബാക്കിവരുന്ന ധാന്യങ്ങള്‍ വിറ്റഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണ്. ആദിവാസികളുടെ ഉല്പന്നങ്ങള്‍ ന്യായവിലയ്ക്ക് സംഭരിക്കാനും പൊതുവിപണിയില്‍ വിറ്റഴിക്കാനുമുള്ള സംവിധാനമുണ്ടായാല്‍ ഇവരുടെ സാമ്പത്തിക നിലവാരവും മെച്ചപ്പെടും'' -ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍ പറയുന്നു. ഇന്നിപ്പോള്‍ വനവിഭവങ്ങളുടെ സംഭരണത്തിനു ചില സ്വകാര്യസ്ഥാപനങ്ങള്‍ മുന്നോട്ടുവരുന്നുണ്ടെങ്കിലും പരമാവധി വിലകുറച്ച് വാങ്ങാനാണ് അവരുടെ ശ്രമം.

തിരികല്ലിൽ റാ​ഗി പൊടിച്ചെടുക്കുന്നു
തിരികല്ലിൽ റാ​ഗി പൊടിച്ചെടുക്കുന്നു

കാത്സ്യവും ഫൈബറും പ്രോട്ടീനുമെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്ന ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കാന്‍ ദേശീയതലത്തില്‍ത്തന്നെ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 2018 ദേശീയ മില്ലറ്റ് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതും ധനസഹായപദ്ധതികള്‍ ആവിഷ്‌കരിച്ചതും ഇതിന്റെ ഭാഗമാണ്. ഇന്ത്യയുടെ ആവശ്യപ്രകാരം 2023-ല്‍ 'ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് മില്ലറ്റ്സ്' ആഘോഷിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ആഗോളതലത്തില്‍ത്തന്നെ ചെറുധാന്യകൃഷിക്ക് കൂടുതല്‍ പ്രാധാന്യം കൈവരുമ്പോഴാണ് അവയിലൂടെ ഹൈറേഞ്ചിലെ ആദിവാസികള്‍ തങ്ങളുടെ പരമ്പരാഗത ജീവിതതാളം തന്നെ വീണ്ടെടുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com