കുറ്റസമ്മതങ്ങളില്‍ അന്വേഷണം തീരുമോ?

ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍പ്പോലും അതുണ്ടാക്കുന്ന ദുഷ്‌പ്പേര്, അപമാനം, സാമൂഹ്യമായ ഒറ്റപ്പെടല്‍ എല്ലാം സൃഷ്ടിക്കുന്ന ഹൃദയവേദനയില്‍നിന്ന് കുറ്റാരോപിതര്‍ക്ക് മോചനമുണ്ടോ? 
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)

മാശ കേള്‍ക്കാന്‍ എനിക്കിഷ്ടമാണെങ്കിലും അധികവും മനസ്സില്‍ തങ്ങിനില്‍ക്കാറില്ല. എന്നാല്‍ ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍വെച്ച് ആദ്യം കേട്ടൊരു നിഷ്‌കളങ്കമായ പൊലീസ് തമാശ ഇപ്പോഴും മനസ്സിലുണ്ട്. പിന്നീടിത് ചെറിയ മാറ്റങ്ങളോടെ പല പൊലീസ് സര്‍ക്കിളുകളിലും കേട്ടിട്ടുമുണ്ട്. ലോകത്ത് ഏറ്റവും മികച്ച പൊലീസ് ഏത് രാജ്യത്തേതാണെന്ന കാര്യത്തില്‍ വിവിധ രാജ്യങ്ങളിലെ പൊലീസുദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ തര്‍ക്കമുണ്ടായി. തര്‍ക്കം പരിഹരിക്കാന്‍ എല്ലാ രാജ്യങ്ങളിലേയും കുറേ പൊലീസുദ്യോഗസ്ഥര്‍ ഒരിടത്ത് ഒത്തുകൂടി. ഓരോരുത്തരും തങ്ങളുടെ രാജ്യത്തിന്റെ മികവ് ഉയര്‍ത്തിക്കാട്ടി ഒന്നാം സ്ഥാനത്തിനുള്ള അര്‍ഹതയ്ക്കായി ഘോരഘോരം വാദിച്ചു. യോജിച്ച തീരുമാനത്തില്‍ എത്താനാവുന്നില്ലെന്ന് ആയപ്പോള്‍ ഓരോ രാജ്യത്തിന്റേയും പൊലീസിന്റെ അന്വേഷണമികവ് തെളിയിക്കാനൊരു മത്സരം നടത്താന്‍ തീരുമാനിച്ചു. ആര്‍ക്കും മുന്‍പരിചയമില്ലാത്തൊരു കൊടുംകാട്ടില്‍ ഒരു വെള്ള മുയലിനെ തുറന്നുവിടും. ഈ മുയലിന് സംസാരിക്കാന്‍ ശേഷിയുണ്ട്. ''ഞാന്‍ മിഷ'', ''ഞാന്‍ മിഷ'' എന്ന് സ്വന്തം പേര് പറയും. ഈ മുയലിനെ അന്വേഷിച്ച് കണ്ടെത്തി, പിടികൂടി ഹാജരാക്കാന്‍ ഏതു രാജ്യത്തെ പൊലീസാണോ ഏറ്റവും കുറച്ച് സമയമെടുക്കുന്നത് ആ രാജ്യമാണ് വിജയി. ബ്രിട്ടനു വേണ്ടി മത്സരത്തില്‍ പങ്കെടുത്ത സ്‌കോട്ട്ലന്റ് യാര്‍ഡൊക്കെ അനവധി ദിവസം ബുദ്ധിമുട്ടി, മുയലിനെ കണ്ടെത്താന്‍. പക്ഷേ, ഇന്ത്യയിലെ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ നിഷ്പ്രയാസം മിഷയെ കണ്ടെത്തി കുറ്റാന്വേഷണവൈദഗ്ദ്ധ്യം തെളിയിച്ചു. നോക്കുമ്പോള്‍ ഒരു വെളുത്തു തടിച്ച പൂച്ച ''ഞാന്‍ മിഷ'', ''ഞാന്‍ മിഷ'' എന്നു പറഞ്ഞ് മുന്നോട്ട് വരുന്നു. ചുരുങ്ങിയ സമയംകൊണ്ട് പൂച്ചയെ തല്ലിയോ തലോടിയോ ''ഞാന്‍ മിഷ'', ''ഞാന്‍ മിഷ'' എന്നു പറയാന്‍ പഠിപ്പിച്ചു. അങ്ങനെ മത്സരം വിജയിച്ചുവത്രേ! നമ്മുടെ കുറ്റാന്വേഷണരംഗത്തെ ചില അധാര്‍മ്മിക യാഥാര്‍ത്ഥ്യങ്ങളെ  പരിഹസിക്കുകയാണ് ഇവിടെ. 

ഹാസ്യത്തിനപ്പുറം കുറ്റാന്വേഷണമെന്നത് വെറും 'കള്ളനും പൊലീസും' കളിയല്ല. ഗുരുതരമായ പ്രൊഫഷണല്‍ വെല്ലുവിളികളും മാനുഷിക പ്രശ്‌നങ്ങളും ധാര്‍മ്മിക സമസ്യകളുമെല്ലാം അതിലുണ്ട്.  പൊലീസുദ്യോഗസ്ഥന്മാരും പൊതുസമൂഹവും എല്ലാം ഗൗരവത്തോടെ വീക്ഷിക്കേണ്ടതാണിത്.  

പക്ഷേ, യാഥാര്‍ത്ഥ്യമെന്താണ്? അപൂര്‍വ്വം  ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് കുറ്റാന്വേഷണ രംഗത്തെ നല്ല പ്രവണതകളും മോശം പ്രവണതകളും സാമൂഹ്യ പരിശോധനയ്ക്കും വിമര്‍ശനത്തിനും വിധേയമാകുന്നത്. അപ്പോഴെല്ലാം മുഖ്യ രാഷ്ട്രീയ പ്രതിയോഗികള്‍ 'ഞങ്ങളുടെ കാലം', 'നിങ്ങളുടെ കാലം' എന്ന ദ്വന്ദ്വത്തിന്മേല്‍ ചര്‍ച്ചകള്‍ ഹൈജാക്ക് ചെയ്ത് അധികാരം എന്ന  ഒറ്റലക്ഷ്യം സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് ഉണ്ടാവുക. ഒരു കസ്റ്റഡിമരണമോ പ്രമാദമായ ലോക്കപ്പ് മര്‍ദ്ദനമോ ഉണ്ടാകുമ്പോള്‍ 'മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത' എന്നൊക്കെ പറഞ്ഞ് കുറേ ബഹളമുണ്ടാകും. അതിന്റെ  തീവ്രതയനുസരിച്ച് ചില ഉദ്യോഗസ്ഥര്‍ നടപടി നേരിടും. 'ഞെട്ടിയ മനസ്സാക്ഷി' വൈകാതെ നേരെയാകും; അടുത്ത ഞെട്ടലിന് കാത്തിരിക്കും. അതിനപ്പുറം അടിസ്ഥാനപരമായ മാറ്റങ്ങളിലേയ്‌ക്കോ പ്രശ്‌നപരിഹാരങ്ങളിലേയ്‌ക്കോ അതൊന്നും നയിക്കാറില്ല എന്ന വസ്തുത നിലനില്‍ക്കുന്നു, യാതൊരു മാറ്റവുമില്ലാതെ. സര്‍വ്വീസിന്റെ ആരംഭകാലത്ത് കുന്നംകുളത്ത് എ.എസ്.പി ആയി  ജോലിനോക്കുമ്പോള്‍ മോഷണക്കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളോര്‍ക്കുന്നു: കറുപ്പും വെളുപ്പും കലര്‍ന്ന അനുഭവങ്ങള്‍.  
        
കുന്നംകുളം പൊലീസ് സ്റ്റേഷനതിര്‍ത്തിയില്‍ ഒരു സഹകരണ ബാങ്ക് കവര്‍ച്ചാശ്രമം ആയിടെയുണ്ടായി. ആ ശ്രമം പൂര്‍ണ്ണമായി വിജയിച്ചില്ല. കെട്ടിടത്തിനുള്ളില്‍ കടക്കാന്‍ മോഷ്ടാക്കള്‍ക്ക് കഴിഞ്ഞുവെങ്കിലും സേഫുകളൊന്നും തകര്‍ക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ബാങ്കില്‍ സൂക്ഷിച്ചിരുന്ന പണമോ സ്വര്‍ണ്ണമോ ഒന്നുംതന്നെ നഷ്ടമായിരുന്നില്ല. അന്ന് രാവിലെ ചില പ്രധാന ക്രമസമാധാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ തൃശൂരില്‍ ആയിരുന്നു. അവിടെ വെച്ച് കണ്ട ചില രാഷ്ട്രീയ നേതാക്കളാണ് കവര്‍ച്ചാശ്രമത്തെക്കുറിച്ച് എന്നോടു പറഞ്ഞത്. പൊലീസ് സ്റ്റേഷനില്‍നിന്നാരും അറിയിച്ചിട്ടില്ലായിരുന്നു. കാരണം, ഒന്നും നഷ്ടമായിട്ടില്ലല്ലോ. കവര്‍ച്ചാശ്രമം വിജയിച്ചിരുന്നുവെങ്കില്‍ സംസ്ഥാനതല വാര്‍ത്തയാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ സ്ഥലം സന്ദര്‍ശിക്കേണ്ടതാണ്. വാര്‍ത്തയും സംഭവവും ഒന്നും ആയില്ലെങ്കില്‍ അതങ്ങ് ലഘൂകരിക്കുക എന്ന പ്രവണത പൊലീസ് സ്റ്റേഷനുകളിലുണ്ട്. പ്രൊഫഷണല്‍ സമീപനത്തിന്റെ അഭാവമാണത്. അതിന്റെ കാരണങ്ങളിലേയ്ക്ക് ഇവിടെ കടക്കുന്നില്ല. ഏതായാലും തിരികെ വന്നശേഷം ബാങ്കില്‍ പോകണമെന്നെനിക്ക് താല്പര്യമുണ്ടായിരുന്നു. കവര്‍ച്ചാശ്രമം പരാജയപ്പെട്ടുവെങ്കിലും അതൊരു പ്രധാന സംഭവമായിരുന്നു. മാത്രമല്ല, പലപ്പോഴും പരാജയപ്പെടുന്ന കുറ്റകൃത്യങ്ങളില്‍നിന്നാണ് തെളിവുകള്‍ കിട്ടാന്‍ കൂടുതല്‍ സാദ്ധ്യത എന്നൊരു പാഠം എവിടെയോ പഠിച്ചിരുന്നു. മോഷണശ്രമം വിജയിക്കുന്നതിനുമുന്‍പ് വെപ്രാളത്തില്‍ കുറ്റവാളികള്‍ പലായനം ചെയ്യുകയാണെങ്കില്‍ തെളിവുകള്‍ ബോധപൂര്‍വ്വം നശിപ്പിക്കുന്നതിനുള്ള സാവകാശം അവര്‍ക്ക് ലഭിക്കില്ലല്ലോ. 

ആഴ്ചപ്പതിപ്പിലെ കുത്തിവരകള്‍

ഏതാനും ഉദ്യോഗസ്ഥരേയും കൂട്ടിയാണ് ഞാന്‍ അവിടെ എത്തിയത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ കൃത്യസ്ഥല പരിശോധന വളരെ പ്രധാനമാണ്. ഏറ്റവും വിലപ്പെട്ട തെളിവ് കുറ്റവാളിയുടെ ഐഡന്റിറ്റി കാര്‍ഡ് എന്നു പറയാവുന്നത് ഫിംഗര്‍ പ്രിന്റ് ആണ്. എന്നാല്‍, ഭാഗ്യം വന്നത് മറ്റൊരു വഴിക്കാണ്. ആ കെട്ടിടം നിന്ന സ്ഥലം ചുറ്റുപാടിലെല്ലാം കുറേയേറെ കുറ്റിക്കാടുകള്‍ നിറഞ്ഞതായിരുന്നു. ആ കാടും പരിസരവുമെല്ലാം നന്നായി പരിശോധിക്കാന്‍ ഞാന്‍ കൂടെവന്ന പൊലീസുകാരോട് പറഞ്ഞു. ശ്രമകരമായ അദ്ധ്വാനമാണത്. അവരത് ആത്മാര്‍ത്ഥമായിത്തന്നെ ചെയ്തു. അവിടെനിന്നും കിട്ടിയ സാധനങ്ങളുടെ കൂട്ടത്തില്‍ മനോരമ ആഴ്ചപ്പതിപ്പിന്റെ ഏറ്റവും പുതിയ ലക്കം ഉണ്ടായിരുന്നു. അതു പൂര്‍ണ്ണമായും ചുരുട്ടിക്കൂട്ടി നാനാവിധമാക്കിയ അവസ്ഥയിലായിരുന്നു. അതിനുള്ളില്‍ ഒരു പേജില്‍ എന്തോ കുത്തിക്കുറിച്ചിട്ടുണ്ടായിരുന്നു. അതാകട്ടെ, തൃശൂര്‍ ജില്ലയില്‍ത്തന്നെ ഒല്ലൂരിനടുത്തുള്ള ഒരു വിലാസമായിരുന്നു. അതിലൊരു പേരെഴുതിയിരുന്നു; തീരെ ചെറിയ ഒരു കുട്ടിയുടേതായിരുന്നു അത്. അന്വേഷണം ആ കുട്ടിയുടെ അച്ഛന്റെ സഹോദരനിലെത്തിച്ചു. അയാളാകട്ടെ, മലപ്പുറം ജില്ലയില്‍ എന്തോ ഒരു ജോലിയിലായിരുന്നു എന്നാണ് നാട്ടില്‍ അറിയപ്പെട്ടിരുന്നത്. നേരത്തെ മോഷണക്കേസിലൊന്നും ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ അയാള്‍ പൊലീസ് റെക്കോര്‍ഡിന് പുറത്തായിരുന്നു. അങ്ങനെ നടത്തിയ അന്വേഷണം അയാളുള്‍പ്പെട്ട മോഷണസംഘത്തിന്റെ അറസ്റ്റില്‍ കലാശിച്ചു. വലിയ വിജയമായിരുന്നു അത്. മോഷ്ടാക്കളും കുട്ടികളെ സ്‌നേഹിക്കട്ടെ, അത് പൊലീസിനും സഹായകമാണ്. 

ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ തെളിയുന്നതില്‍, പ്രത്യേകിച്ചും മോഷണം, കവര്‍ച്ച തുടങ്ങിയവ, ചിട്ടയായ പ്രവര്‍ത്തനവും ഒപ്പം ഭാഗ്യം എന്ന ഘടകവുമുണ്ട്. എടുത്തു പറയേണ്ടുന്ന ഒരു കാര്യം അതികഠിനമായ അദ്ധ്വാനമാണ്. അത് മുഖ്യമായും നിര്‍വ്വഹിക്കുന്നത് താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന പൊലീസുദ്യോഗസ്ഥര്‍ തന്നെയാണ്. അന്വേഷണത്തിനുള്ള അഭിരുചിയും കഠിനാദ്ധ്വാനവും ഒത്തുചേരുമ്പോഴേ അത് ഫലപ്രദമാകുകയുള്ളൂ. അത്തരക്കാരായ ജോര്‍ജ്, രാജന്‍, മണി തുടങ്ങി പലരും ഇപ്പോഴും മനസ്സിലുണ്ട്. 
സമൂഹത്തില്‍ കുറ്റകൃത്യങ്ങളുണ്ടാകുന്നതിന് കാരണങ്ങള്‍ പലതുമുണ്ടാകാം. കാരണമെന്തായാലും ജനങ്ങളുടെ പ്രതീക്ഷ പൊലീസിലാണ്. മോഷണം വര്‍ദ്ധിക്കുമ്പോള്‍ അത് അന്വേഷിച്ച് തെളിയിക്കാന്‍ പൊലീസിന്മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാകും. മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരുമെല്ലാം ഇതില്‍ അവരുടെ പങ്ക് വഹിക്കും. ബാഹ്യമായുണ്ടാകുന്ന ഈ സമ്മര്‍ദ്ദം പൊലീസ് സംവിധാനത്തേയും ബാധിക്കും. സ്വാഭാവികമായും എല്ലാ മാസവും നടക്കുന്ന ജില്ലാ പൊലീസ് സൂപ്രണ്ടുമാരുടെ ക്രൈം കോണ്‍ഫറന്‍സില്‍ സൂക്ഷ്മമായ വിശകലനമുണ്ടാകുകയും ധാരാളം ചോദ്യങ്ങള്‍ ഉയരുകയും ചെയ്യും. കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയാത്തതെന്തുകൊണ്ട്? ഫലപ്രദമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്തുകൊണ്ട്?  ചോദ്യങ്ങള്‍ക്കു തൃപ്തികരമായ ഉത്തരം പറയാന്‍ ബന്ധപ്പെട്ടവര്‍ പലപ്പോഴും ബുദ്ധിമുട്ടും. കഠിനമായി പ്രവര്‍ത്തിച്ച് നല്ല ഗൃഹപാഠം ചെയ്തെങ്കില്‍ മാത്രമേ അത് സാധ്യമാകൂ. കാരണം, ഇത്തരം കേസുകളുടെ അന്വേഷണം ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതായിരിക്കും. പലരും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അധികം താമസിയാതെ കേസ് തെളിയുമെന്നും പറയും. ചിലപ്പോള്‍ അതിനുപോല്‍ബലകമായി ചില 'കഥ'കളും അവതരിപ്പിക്കും. എസ്.പി അത്രയ്ക്ക്  അലസനാണെങ്കില്‍ മാത്രമേ ഇത്തരം 'കഥ'കള്‍ അധികം മുന്നോട്ടുപോകൂ. എല്ലാ സമ്മര്‍ദ്ദങ്ങളും അവസാനം ചെന്നെത്തുന്നത് പൊലീസ് സ്റ്റേഷനുകളിലാണ്.

ഒരു വശത്ത് സാമൂഹ്യമായും ഉദ്യോഗസ്ഥതലത്തിലും മോഷണക്കുറ്റങ്ങള്‍ തെളിയിക്കുന്നതിന് സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ത്തന്നെ ഇതിന്റെ മറുവശമെന്നത് കുറേ ഉദ്യോഗസ്ഥന്മാരെങ്കിലും  ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ വിമുഖരാണ് എന്നതാണ്. അവര്‍ ഉപരിപ്ലവമായി മാത്രം നീങ്ങും, സജീവ പങ്കാളിത്തമൊന്നുമില്ലാതെ. അങ്ങനെയാകുമ്പോള്‍ ഫലത്തില്‍ സംഭവിക്കുന്നത് അന്വേഷണ പ്രവര്‍ത്തനങ്ങള്‍  മുഴുവന്‍  വിരലിലെണ്ണാവുന്ന ഏതാനും പൊലീസുകാരുടെ മേലാകും. അവരാകട്ടെ, പലതരക്കാരുണ്ടാകും. ചിലര്‍ക്ക് അതിനോട് അഭിരുചിയുണ്ടാകും. കുറ്റവാളികളേയും കുറ്റകൃത്യങ്ങളുടെ രീതിയേയും പറ്റി അറിവുണ്ടായിരിക്കും. മറ്റു പലര്‍ക്കും ഇത്തരം അന്വേഷണസംഘങ്ങളില്‍ പങ്കാളികളാകുന്നതിന്റെ ലക്ഷ്യം തികച്ചും സ്വാര്‍ത്ഥവും സങ്കുചിതവുമാകും. ഇത്തരം കുറ്റകൃത്യത്തിന്റെ മേഖലകളില്‍ വിഹരിക്കുന്നവരെ എത്ര ദിവസം അനധികൃത കസ്റ്റഡിയില്‍ സൂക്ഷിച്ചാലും ഏതെങ്കിലും തരത്തില്‍ മര്‍ദ്ദനമേല്പിച്ചാലും അതെല്ലാം 'നാട്ടുനടപ്പ്' മാത്രമാണ്. അതിലാരും കാര്യമായി ഉല്‍ക്കണ്ഠപ്പെടാറില്ല. ചില മാനസിക വൈകൃതങ്ങളുള്ളവര്‍ക്ക് അതില്‍ അഭിരമിക്കുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യും. അന്വേഷണത്തിന്റെ രഹസ്യാത്മകത മുതലാക്കി സ്വാര്‍ത്ഥരായ ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ അജന്‍ഡകളുമൊക്കെ ഉണ്ടാകാം. കുറ്റാന്വേഷണത്തിന് പൊലീസുദ്യോഗസ്ഥന്‍ നടത്തുന്ന പ്രവര്‍ത്തനം നിയമം നല്‍കുന്ന അധികാരത്തിന്റെ പരിധിയിലായിരിക്കണമല്ലോ. നിയമത്തിന്റെ ലക്ഷ്മണരേഖ ലംഘിക്കുന്ന  പൊലീസുദ്യോഗസ്ഥന്‍ സ്വയം കുറ്റകൃത്യത്തിന്റെ മേഖലയിലേയ്ക്ക് കാലെടുത്തുവെയ്ക്കുകയാണ്. അവിടെ അന്വേഷണം അപഥസഞ്ചാരമായി മാറും. യഥാസമയം അതിലിടപെട്ടു നിയന്ത്രിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അതവഗണിച്ചാല്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലേയ്ക്കും ചിലപ്പോള്‍ കസ്റ്റഡി മരണം പോലുള്ള ദുരന്തങ്ങള്‍ക്കും വഴിവയ്ക്കും; സംശയമില്ല. അനുഭവങ്ങളിലൂടെയാണ് ഇതൊക്കെ ക്രമേണ മനസ്സിലാക്കുന്നത്. മറക്കാനാവാത്ത ഒരനുഭവം ഇവിടെ കുറിക്കട്ടെ:  

സര്‍വ്വീസിലിരിക്കെ, വളരെ നേരത്തെ മരണമടഞ്ഞ പി.എം. ജോയി അന്ന് വടക്കാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു, എന്റെ ജോലിയുടെ ആദ്യകാലത്ത്. എ.എസ്.പി ആയിരിക്കുമ്പോള്‍ അടുത്തിടപഴകിയ ഒരു ഉദ്യോഗസ്ഥനായിരുന്നു ജോയി. കുന്നംകുളം ടൗണിന്റെ പ്രാന്തപ്രദേശം മുതല്‍ പാലക്കാടുമായി അതിരു പങ്കുവയ്ക്കുന്ന പഴയന്നൂര്‍ പൊലീസ് സ്റ്റേഷന്‍ വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ ഭൂപ്രദേശമായിരുന്നു അന്ന് വടക്കാഞ്ചേരി സര്‍ക്കിള്‍. അവിടെ ചെറുതും വലുതുമായ കുറേ മോഷണങ്ങള്‍ അക്കാലത്തുണ്ടായി. ജോയിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ കണ്ടെത്താന്‍ അതികഠിനമായി പ്രയത്‌നിച്ചു. വേഗം അതിനു ഫലമുണ്ടായി. മോഷണക്കേസുകളില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയിരുന്ന തമിഴ്നാട്ടുകാരന്‍ ഒരു മുരുകനെ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അതേസമയം തന്നെ മുരുകന്റെ രാത്രികാല ജീവിതത്തില്‍ പങ്കാളിയായിരുന്ന ഒരു സെല്‍വനെ കുന്നംകുളം പൊലീസും കണ്ടെത്തി. കാര്യങ്ങള്‍ അതിവേഗം പുരോഗമിച്ചു. മുരുകനെ ചോദ്യം ചെയ്ത് ലഭിച്ച വിവരത്തിന്റെ വെളിച്ചത്തില്‍ കുറ്റകൃത്യത്തില്‍ പങ്കാളികളെന്ന് സംശയിച്ചിരുന്ന ആ പ്രദേശത്തുകാരായ നാല് യുവാക്കളേയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

അന്വേഷണത്തിന്റെ പുരോഗതിയില്‍ ഞാന്‍ വലിയ സന്തോഷത്തിലായിരുന്നു; അല്പം ആവേശത്തിലായിരുന്നുവെന്നതാണ് സത്യം, സര്‍വ്വീസിന്റെ തുടക്കമല്ലേ. നിരന്തര സമ്പര്‍ക്കത്തിലൂടെ ഞാന്‍ ജോയിയേയും സഹപ്രവര്‍ത്തകരേയും പ്രോത്സാഹിപ്പിച്ചു. യുവ ഐ.പി.എസുകാരന്റെ ആവേശം അവരേയും ബാധിച്ചുവെന്നു തോന്നുന്നു. അന്വേഷണം വിജയകരമായി മുന്നേറുമ്പോള്‍ അതിന്റെ ഗതി തിരിച്ചുവിട്ട ഒരു സംഭവമുണ്ടായി. 

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരന്‍- മണി, ആയിടെ ഓഫീസില്‍ വന്നു എന്നെ കണ്ടു. ഒരു സംശയാസ്പദ മരണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെ മണിക്ക് എന്നെ നേരിട്ടറിയാമായിരുന്നു; എനിക്ക് മണിയേയും. അയാള്‍ ശാന്ത സ്വഭാവിയായിരുന്നു. കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് പ്രസക്തമായ വസ്തുതകള്‍ ശേഖരിക്കുന്നതിനും മുഴുവന്‍ വസ്തുതകളും കണക്കിലെടുത്ത് മുന്‍വിധിയില്ലാതെ വിലയിരുത്തുന്നതിനും അയാള്‍ക്ക്  ശേഷിയുണ്ടായിരുന്നു. യാന്ത്രികമായി അയാളാരോടും യോജിച്ചില്ല; വിയോജിച്ചുമില്ല. അയാള്‍ക്ക് സ്വതന്ത്ര മനസ്സുണ്ടായിരുന്നു. അതൊരപൂര്‍വ്വ വസ്തുവാണല്ലോ, പ്രത്യേകിച്ച് പൊലീസില്‍. 

''സര്‍, ആ വടക്കാഞ്ചേരി കേസില്‍ എന്തോ പ്രശ്‌നമുണ്ട്?'' മണി പറഞ്ഞു. ''എന്തു പ്രശ്‌നം?'' ഞാന്‍ ചോദിച്ചു. ''കസ്റ്റഡിയിലെടുത്ത ആ ലോക്കല്‍സിന്റെ കാര്യം അല്പം സംശയമാണ്.'' അതൊരു ചെറിയ ബോംബായിരുന്നു. ഒന്ന്  ഞെട്ടിയെങ്കിലും കൂടുതല്‍ കേള്‍ക്കാന്‍ ഞാന്‍ കഴിയുന്നത്ര ശാന്തനായി ഇരുന്നു. അയാള്‍ തുടര്‍ന്നു: ''സാര്‍, ഈ മുരുകന്റെ മൊഴി പ്രകാരമാണ് മറ്റ് നാലു ലോക്കല്‍ ആളുകളെ സംശയിച്ച് കസ്റ്റഡിയിലെടുത്തത്.''
''പക്ഷേ, ഈ മുരുകന്‍ കുറ്റം സമ്മതിക്കുന്നില്ലേ?'' ഞാന്‍ തിരക്കി.
''മുരുകന്‍ കുറ്റം സമ്മതിക്കുന്നുണ്ട് സാര്‍, പക്ഷേ, അയാള്‍ സൂത്രശാലിയാണ്. അയാളെ മുഴുവന്‍ വിശ്വസിച്ചുകൂട.''

ഏതാണ്ട് ഒരു മണിക്കൂറെങ്കിലും ഞങ്ങളിക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു കാണും. അതില്‍നിന്നും എനിക്ക് ലഭിച്ച ചിത്രമിതാണ്. കുറ്റകൃത്യങ്ങളില്‍ മുരുകന്റെ സഹയാത്രികനായിരുന്ന സെല്‍വന്‍ പൊലീസിനു നല്‍കിയ മൊഴി തികച്ചും വ്യത്യസ്തമാണ്. അയാള്‍ മലയാളികളുടെ പങ്കാളിത്തത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. അവരുമായി ചില സമ്പര്‍ക്കമുണ്ടെന്നത് ശരിതന്നെ. പക്ഷേ, ക്രിമിനല്‍ കേസില്‍ ബന്ധത്തിന് സാദ്ധ്യത കുറവാണ്. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലിലും അയാളത് നിഷേധിക്കുകയാണ്. അങ്ങനെ അവരെ സംരക്ഷിക്കുന്നതിന് പ്രകടമായ കാരണങ്ങളൊന്നുമില്ലതാനും. അവസാനം വടക്കാഞ്ചേരി പൊലീസ് മുരുകനുമായി കുന്നംകുളത്തെത്തി സെല്‍വനുമായി ഒരുമിച്ച് ചോദ്യം ചെയ്തു. അപ്പോഴും സെല്‍വന്‍ പഴയ സ്റ്റേറ്റ്‌മെന്റില്‍ ഉറച്ചുനിന്നു. രണ്ടുപേരേയും ഒരുമിച്ച് സ്റ്റേഷന്‍ കസ്റ്റഡിയില്‍ സൂക്ഷിച്ച് നിരീക്ഷിച്ചതില്‍ ഒരു കാര്യം ഏതാണ്ട് വെളിവായി. മോഷണത്തിന്റേയും ജയില്‍ വാസത്തിന്റേയും ദീര്‍ഘമായ ഒരു ചരിത്രം മുരുകനുണ്ടായിരുന്നു. ഈ രംഗത്ത് പുതുമുഖമായ സെല്‍വനെ അയാള്‍ പറയും പോലെ ചെയ്താല്‍ അത് രണ്ടുപേര്‍ക്കും ഗുണം ചെയ്യുമെന്നും മറ്റും അയാള്‍ പ്രലോഭിപ്പിക്കുന്നുണ്ടായിരുന്നു. മണിയുടെ അഭിപ്രായത്തില്‍ മുരുകനേക്കാള്‍ വിശ്വസനീയം സെല്‍വന്റെ വാക്കുകള്‍ക്കാണ്. 

തുടര്‍ന്ന് സി.ഐ. ജോയിയെ എന്റെ ഓഫീസില്‍ വിളിപ്പിച്ചു. മോഷണക്കേസിന്റെ അന്വേഷണം എന്തായെന്ന് ചോദിച്ചപ്പോള്‍ ഉടന്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കാമെന്ന് പറഞ്ഞു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് ഓരോ വ്യക്തിയുടേയും പങ്ക് അവര്‍ക്കെതിരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അവലോകനം ചെയ്തു. അപ്പോള്‍ ഒരു കാര്യം വെളിവായി. മുഖ്യ പ്രതി മുരുകന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശവാസികളായ നാലു യുവാക്കളെ സംശയിച്ച് കസ്റ്റഡിയിലെടുക്കുന്നത്. അതിനപ്പുറം വിശ്വസനീയമായ മറ്റു തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. മുരുകന്റെ മൊഴിയുടെ വിശ്വാസ്യത ഇല്ലായ്മ സംബന്ധിച്ച് എനിക്ക് ലഭിച്ച വിവരം സി.ഐയുമായി പങ്കുവച്ചു. സി.ഐയ്ക്കും അതു സംബന്ധിച്ച് അല്പം ചില സംശയങ്ങളുണ്ടായിരുന്നു. ലഭ്യമായ തെളിവുകളുടെ മാത്രം വെളിച്ചത്തില്‍ ആ നാലു ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലേയ്ക്കയക്കാന്‍ പര്യാപ്തമല്ല എന്ന സംശയം എന്റെ മനസ്സില്‍ രൂപപ്പെട്ടുവന്നു. പക്ഷേ, ഞാനത് അപ്പോള്‍ പറഞ്ഞില്ല. അവര്‍ക്കെതിരെ മറ്റ് തെളിവുകള്‍ ശേഖരിക്കാന്‍ ഒരു തീവ്ര ശ്രമം കൂടി നടത്താന്‍ തീരുമാനിച്ച് ഞങ്ങള്‍ പിരിഞ്ഞു. 

അടുത്ത ദിവസം തന്നെ  സി.ഐ. ജോയി വീണ്ടും എന്റെ ഓഫീസിലെത്തി. അദ്ദേഹം പ്രകടമായിത്തന്നെ മാനസികസംഘര്‍ഷത്തിലായിരുന്നു എന്ന് എനിക്കു തോന്നി. ചില വഴക്കുകളിലും ചെറിയ അടിപിടികളിലുമൊക്കെ ഉള്‍പ്പെട്ടിട്ടുള്ളതിനപ്പുറം മോഷണവുമായി ബന്ധിപ്പിക്കുന്ന കൃത്യമായ പുതിയ വസ്തുതകളൊന്നും ആ യുവാക്കള്‍ക്കെതിരെ പുതിയ പരിശ്രമത്തിലും ലഭിച്ചിരുന്നില്ല. സ്ഥിരം മോഷ്ടാവായ മുരുകന്‍ എന്തുകൊണ്ട് അവരെ കേസില്‍ കുടുക്കണം എന്ന കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രാദേശിക സ്വാധീനമുള്ള ആളുകള്‍ കൂടെയുണ്ടെങ്കില്‍ അത് ജാമ്യത്തിനും മറ്റും ഗുണകരമാകുമെന്ന് സ്ഥിരം മോഷ്ടാവായ അയാള്‍ക്കറിയാം. മോഷണക്കേസില്‍ അവര്‍ നിരപരാധികളാകാനാണ് സാദ്ധ്യത എന്ന്  ഏതാണ്ട് വ്യക്തമായിരുന്നു. ഈ ഘട്ടത്തില്‍, ''എന്നാല്‍ നമുക്ക് ആ നാലു പേരേയും വിട്ടയയ്ക്കാം'', എന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. അത്തരം ഒരഭിപ്രായം സി.ഐ. എന്നില്‍നിന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നു തോന്നി. അദ്ദേഹം പെട്ടെന്ന് നിശ്ശബ്ദനായി. കടുത്ത നിരാശയും മാനസിക പിരിമുറുക്കവും ആ മുഖത്ത് പ്രകടമായിരുന്നു. അല്പം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു: 

''അത് വലിയ കുഴപ്പമാകും സാര്‍.''  
''എന്ത് കുഴപ്പം?'' ഞാന്‍ ചോദിച്ചു.   
''മോഷണക്കേസില്‍ അവരെ അറസ്റ്റ് ചെയ്തുവെന്നും ഉടന്‍ റിമാന്റ് ചെയ്യുമെന്നും ഇതിനകം നാട്ടില്‍ പാട്ടായിക്കഴിഞ്ഞു.'' സി.ഐ. വിശദീകരിച്ചു. ഈ അവസ്ഥയില്‍ അവരെ വിട്ടയയ്ക്കുന്നത് പൊലീസിനെതിരെ കടുത്ത ആരോപണങ്ങള്‍ക്കിടയാക്കുമെന്നുള്ളതായിരുന്നു ജോയിയുടെ മുഖ്യ ആശങ്ക. ആ യുവാക്കളെല്ലാം തന്നെ ഭരണകക്ഷി അനുഭാവികളാണെന്നും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ വിട്ടയച്ചു എന്ന കടുത്ത ആരോപണമുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ആരോപണങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രം അവരെ ജയിലിലേയ്ക്കയച്ചാല്‍ അതിന്റെ ദുരന്തഫലങ്ങള്‍ എന്തായിരിക്കും? എത്രനാള്‍ റിമാന്റില്‍ കഴിയേണ്ടിവരും? അവര്‍ കോടതിയില്‍ ശിക്ഷിക്കപ്പെടുമോ? അതോ നിരപരാധിത്വം സ്ഥാപിച്ച് പുറത്തുവരുമോ? അതെന്തായാലും ഒരിക്കല്‍ മോഷ്ടാക്കളെന്നു മുദ്രകുത്തിയാല്‍ പിന്നീടുള്ള അവരുടെ ജീവിതം നരകതുല്യമാവില്ലേ? അത് സൃഷ്ടിക്കുന്ന സാമൂഹ്യ ഒറ്റപ്പെടല്‍, ഇങ്ങനെ അനവധി കാര്യങ്ങള്‍ ഞങ്ങള്‍ തുറന്നു സംസാരിച്ചു. പി.എം. ജോയി നല്ലവനായിരുന്നു-  മനുഷ്യത്വമുള്ള പൊലീസുദ്യോഗസ്ഥന്‍. അവസാനം അദ്ദേഹം തന്നെ പറഞ്ഞു: പൂര്‍ണ്ണ മനസ്സോടെ ''വരുന്നത് വരട്ടെ സാര്‍, നമുക്കവരെ വിട്ടയയ്ക്കാം.'' പരിണത ഫലം എന്തായാലും അതു നേരിടാന്‍ എ.എസ്.പിയും കൂടെയുണ്ടാകും എന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നോ? മറിച്ചുള്ള അനുഭവങ്ങളും നേരത്തെ അദ്ദേഹത്തിനുണ്ടായിരുന്നോ? അറിയില്ല. ഏതായാലും കസ്റ്റഡിയിലിരുന്ന ആ നാലു യുവാക്കളെ വിട്ടയ്ക്കാന്‍ പിന്നെ വൈകിയില്ല. 

എല്ലാം ശുഭകരമായി പര്യവസാനിച്ചുവെന്ന് കരുതി ആശ്വസിക്കുമ്പോഴാണ് നാലഞ്ച് ദിവസം കഴിഞ്ഞ്, അക്കാലത്ത് വടക്കാഞ്ചേരി എം.എല്‍.എ ആയിരുന്ന നാരായണന്‍ നമ്പൂതിരി എന്റെ ഓഫീസിലെത്തിയത്. നേരത്തെ ഒന്നു രണ്ടു പ്രാവശ്യം ഫോണില്‍ സംസാരിച്ച പരിചയം അദ്ദേഹവുമായുണ്ടായിരുന്നു. പെരുമാറ്റത്തില്‍ തികഞ്ഞ മാന്യതയും അന്തസ്സും പുലര്‍ത്തിയിരുന്ന സൗമ്യപ്രകൃതിയായിരുന്നു ആ രാഷ്ട്രീയ നേതാവ്. അദ്ദേഹം അന്ന് പ്രതിപക്ഷത്തായിരുന്നു. കടന്നുവന്ന്, വളരെ കുറച്ച് കുശലത്തിനുശേഷം അദ്ദേഹം പറഞ്ഞു: ''വളരെ ഗൗരവമുള്ള ഒരു വിഷയം ഞാന്‍ എ.എസ്.പിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് വന്നത്.''  മോഷണക്കേസില്‍  കസ്റ്റഡിയിലെടുത്ത  നാലു പേരെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സി.ഐ. വിട്ടയച്ചു- അദ്ദേഹം ആരോപിച്ചു. ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ സി.ഐയ്‌ക്കെതിരേയും വടക്കാഞ്ചേരി പൊലീസിനെതിരേയും അത്യന്തം ഗുരുതരമായ ആരോപണമായി ഇത് ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗമ്യമായ ഭാവത്തിലാണ് സംസാരിച്ചതെങ്കിലും അതിരൂക്ഷമായ വിമര്‍ശനമാണ് എം.എല്‍.എ പൊലീസിനെതിരെ ഉന്നയിച്ചത്. അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ കുന്തമുന നീണ്ടത് സി.ഐയ്ക്ക് നേരെയായിരുന്നു. ജോയി പ്രവചിച്ചതുപോലെ തന്നെ സംഭവിക്കുന്നല്ലോ എന്ന് ഞാനോര്‍ത്തു. എല്ലാം കേട്ടശേഷം കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുവാനിടയായ സാഹചര്യം ഞാന്‍ വിശദീകരിച്ചു, സാമാന്യം ദീര്‍ഘമായിത്തന്നെ. അദ്ദേഹം ക്ഷമയോടെ കേട്ടിരുന്നു. അവരെ വിട്ടയച്ചാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്മേലാണെന്നു വലിയ ആക്ഷേപമുണ്ടാകുമെന്ന് സി.ഐ. എന്നോട് പറഞ്ഞതാണെന്നും എന്റെ ശക്തമായ നിലപാട് മൂലമാണ് അദ്ദേഹം അതിനോട് യോജിച്ച് വഴങ്ങിയതെന്നും എം.എല്‍.എയെ ഞാന്‍ ധരിപ്പിച്ചു. ''അങ്ങനെയാണ് സംഭവിച്ചതെങ്കില്‍ ഞങ്ങള്‍ക്ക് പരാതിയില്ല.'' എം.എല്‍.എ പ്രതികരിച്ചു. ''എന്നു മാത്രമല്ല, നിങ്ങള്‍ ചെയ്തതു തന്നെയാണ് ശരി, നന്നായി'' എന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. ഈ വിഷയത്തില്‍ എം.എല്‍.എ പൊലീസിനെതിരെ പരസ്യമായും ഒരു ആരോപണവും ഉന്നയിച്ചില്ല. രാഷ്ട്രീയ മുതലെടുപ്പിനുള്ള സാധ്യത അതിലുണ്ടായിട്ടും. എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നി. സ്വകാര്യമായി പൊലീസ് ചെയ്തത് ശരിവെയ്ക്കുകയും പരസ്യമായി അതിനു വിരുദ്ധമായി പ്രസ്താവന ഇറക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെയാണ് പില്‍ക്കാലത്ത് കൂടുതലും കണ്ടിട്ടുള്ളത്, കക്ഷിഭേദമെന്യേ. 

ഇക്കാര്യത്തില്‍ പൊലീസുകാരനായിരുന്ന മണിയുടെ പങ്ക് വലുതാണ്. ഏറ്റവും താഴ്ന്ന റാങ്കിലായിരുന്ന അയാള്‍ ഐ.പി.എസുകാരനോട് നേരിട്ട് അപ്രിയകരമായി കാണാമായിരുന്ന ഒരു വസ്തുത ശ്രദ്ധയില്‍പ്പെടുത്തി എന്നത് നിസ്സാരമായി കാണാവുന്നതല്ല. പൊലീസ് സംവിധാനത്തില്‍, അതിന്റെ അധികാരഘടനയില്‍ ഇത്തരം ആശയവിനിമയം വളരെ കുറവാണ്. ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ തമ്മില്‍പ്പോലും professional ആയ കാര്യങ്ങളില്‍ പലപ്പോഴും സംസാരിക്കുന്നത് മേലുദ്യോഗസ്ഥന്റെ നിലപാടുകളും രാഷ്ട്രീയ താല്പര്യങ്ങളും എല്ലാം കണക്കിലെടുത്താണ് എന്ന വസ്തുത നിലനില്‍ക്കുന്നു. സ്വതന്ത്രമായ അഭിപ്രായ പ്രകടനം നന്നേ കുറവാണ് എന്ന സത്യം നിഷേധിക്കുക വയ്യ. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ തന്നെ എത്രയോ തീരുമാനങ്ങളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ തന്നെ ഒന്നുകില്‍ നിശ്ശബ്ദത പാലിക്കുകയോ അല്ലെങ്കില്‍ യോജിക്കുകയോ ചെയ്ത ശേഷം പുറത്തിറങ്ങി നേരെ വിപരീതമായി വാചാലമാകുന്നത് കണ്ടിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ അനുഭവങ്ങളും സമാനം തന്നെ.  കേരളത്തിന്റെ അവസ്ഥ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെക്കാളും ഇപ്പോഴും മെച്ചപ്പെട്ടതാണ്. എന്നാല്‍, നമ്മളും വേഗത്തില്‍ 'ദേശീയ നിലവാര'ത്തിലേക്കുയരുന്നുണ്ട്. വ്യക്തിപരമായി ഈ അനുഭവം എനിക്കൊരു വലിയ പാഠമായിരുന്നു. ഇത്തരം അനുഭവങ്ങള്‍കൊണ്ടുകൂടി ആയിരിക്കാം പൊലീസ് സംവിധാനത്തില്‍ നിലനില്‍ക്കുന്ന ശ്രേണീബന്ധത്തിന്റെ അനാവശ്യ ഭാരം കൂടാതെ വിവിധ റാങ്കുകളിലുള്ളവരോട് ഇടപഴകാനും ആശയവിനിമയം നടത്താനും ഉള്ള ശീലം എന്നില്‍ വളര്‍ന്നത്. 

അന്നത്തെ ആ ചെറുപ്പക്കാര്‍ക്ക് ഇപ്പോള്‍ പത്തറുപത് വയസ്സായിട്ടുണ്ടാകും. ജീവിതയാത്രയുടെ ഒരു ഘട്ടത്തില്‍ വലിയൊരു ദുരന്തത്തിന്റെ വക്കിലൂടെ നടന്ന് കഷ്ടിച്ചു രക്ഷപ്പെട്ടവരാണവര്‍. അന്നവര്‍ മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ പോയിരുന്നുവെങ്കില്‍ അതവരുടെ ജീവിതത്തിലുണ്ടാക്കുമായിരുന്ന ആഘാതം എത്ര വലുതായിരുന്നിരിക്കും. എന്തെങ്കിലും ഭാഗ്യം കൊണ്ട് അവസാനം അവര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍പ്പോലും അതുണ്ടാക്കുന്ന ദുഷ്പ്പേര്, അപമാനം, സാമൂഹ്യമായ ഒറ്റപ്പെടല്‍ എല്ലാം സൃഷ്ടിക്കുന്ന ഹൃദയവേദനയില്‍നിന്നവര്‍ക്ക് മോചനമുണ്ടോ? കുറ്റാന്വേഷണത്തിനുള്ള അധികാരം നിയമദത്തമാണ്, അത് പാവനമാണ്. അതിന്റെ ശരിയായ പ്രയോഗം നീതിബോധമുള്ള പൊലീസുദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം നിതാന്തമായ വെല്ലുവിളിയുമാണ്. ആ അധികാരത്തിന്റെ ദുരുപയോഗം ഏറ്റവും വലിയ മാനുഷികദുരന്തം തന്നെയാണ്. പല കാര്യങ്ങളിലും മേനിപറയുന്ന കേരളത്തില്‍പ്പോലും ചില ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തന്നെ ഈ പാതകത്തിനു കൂട്ടുനില്‍ക്കുന്നു എന്നതും ഇവിടെ എഴുതാതെ പോകാന്‍ മനസ്സനുവദിക്കുന്നില്ല.  

അപൂര്‍വ്വമായിട്ടെങ്കിലും ഇപ്പോഴും പ്രതി കുറ്റം സമ്മതിച്ചുവെന്ന നിലയിലുള്ള ചില പ്രകടനങ്ങള്‍ കാണുമ്പോള്‍ ''ഞാന്‍ മിഷ'', ''ഞാന്‍ മിഷ'' എന്നു പറയുന്ന ആ പഴയ വെളുത്ത പൂച്ചയെ ഓര്‍മ്മവരാറുണ്ട്.?

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com