എസ്.പി.ബി; അതിശയ ജീവിതം അപൂര്‍വ്വ രാഗം

പാടുന്നത് ഏതു ഭാഷയിലായാലും ഭാവപ്രകാശനത്തില്‍ അദ്ദേഹം പാട്ടിനോടു നീതിപുലര്‍ത്തി
എസ് പി ബി- ഫോട്ടോ: ഡി സമ്പത്ത് കുമാർ/എക്സ്പ്രസ്
എസ് പി ബി- ഫോട്ടോ: ഡി സമ്പത്ത് കുമാർ/എക്സ്പ്രസ്

തിനാറ് ഭാഷകളില്‍ നാല്‍പ്പതിനായിരം ഗാനങ്ങള്‍. പക്ഷേ, പാടിയതൊക്കെയും ഒരൊറ്റ 'ഭാഷ'യില്‍. ഹൃദയത്തിന്റെ ആഴങ്ങളില്‍ ഉരുവംകൊണ്ട ഭാവപ്രകാശനത്തിന്റെ അപൂര്‍വ്വമായ ചന്തത്തോടെ. ആത്മാവു തൊട്ട് അദ്ദേഹം പാടിയതത്രയും അനുവാചക മനസ്സുകളേയും സ്പര്‍ശിച്ചു.

എസ്.പി.ബി, മൂന്നക്ഷരങ്ങളില്‍ ഇന്ത്യയിലെ ചലച്ചിത്രഗാന പ്രേമികള്‍ കേട്ടത് അവരുടെ ഹൃദയം അവരോടു സംസാരിച്ച ഭാഷയായിരുന്നു. ആ പാട്ടുകള്‍ക്ക് അദ്ദേഹം പകര്‍ന്ന സ്വരഭംഗിയില്‍ കൗമാര-യൗവ്വനങ്ങളുടെ വൈകാരിക ഭാവങ്ങളും ഉല്‍ക്കടാഭിലാഷങ്ങളുടെ തീവ്രതയുമുണ്ടായിരുന്നു. പ്രണയവും വിരഹവും സുഖവും ദു:ഖവും മോഹങ്ങളും മോഹഭംഗങ്ങളും അവരുടെ മനസ്സില്‍ സൃഷ്ടിച്ചതത്രയും ആ ശബ്ദത്തില്‍ പ്രതിഫലിച്ചു. ചിലപ്പോഴൊക്കെ ഇരുത്തം വന്ന ജീവിതങ്ങളുടെ ഉള്‍ക്കാഴ്ചകളുടെ തത്ത്വചിന്താപരമായ സൗന്ദര്യവും അവ നല്‍കി. ഒരു മഞ്ഞുതുള്ളിയില്‍ സൂര്യനെന്നപോലെ ആ പാട്ടില്‍ ജീവിതഭാവങ്ങളത്രയും മനുഷ്യന്റെ വൈകാരിക പ്രപഞ്ചമത്രയും സുന്ദരമായി പ്രതിഫലിച്ചു.

സാധാരണഗതിയില്‍ ശാസ്ത്രീയസംഗീതമെന്നു വിളിക്കപ്പെടുന്ന സംഗീതശാഖയില്‍ ഏറെക്കുറെ പ്രാവീണ്യം നേടിയതിനുശേഷമാണ് പാട്ടുകാര്‍ സിനിമകളില്‍ പിന്നണി പാടാന്‍ ആരംഭിക്കാറുള്ളത്. എന്നാല്‍, ശാസ്ത്രീയമായി സംഗീതം അഭ്യസിച്ച ആളായിരുന്നില്ല എസ്.പി. ബാലസുബ്രഹ്മണ്യം. ഒരു ഹരികഥാ കലാകാരന്റെ മകനായി ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ 1946-ല്‍ ജനിച്ച അദ്ദേഹം ഒരു എന്‍ജിനീയറാകാനാണ് താല്പര്യപ്പെട്ടത്. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കെ നിരവധി സംഗീതമത്സരങ്ങളില്‍ നേടിയ വിജയം അദ്ദേഹത്തെ സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചു. ഒടുവില്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനും കഴിഞ്ഞില്ല. സംഗീതമായി പിന്നീട് അദ്ദേഹത്തിന്റെ ജീവിതം തന്നെയും.

1966-ല്‍ തെലുങ്ക് ചിത്രമായ 'ശ്രീ ശ്രീ ശ്രീ മരിയാദ രാമണ്ണ' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, തെക്കന്‍ ചലച്ചിത്രമേഖലയിലെ ഏറ്റവും ആവശ്യക്കാരുള്ള കലാകാരനായി എസ്.പി.ബി. മാറി. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ആലപിക്കുകയും പലപ്പോഴും ഒരേ ദിവസം ഒന്നിലധികം ഗാനങ്ങള്‍ റെക്കോര്‍ഡു ചെയ്യുകയും ചെയ്തു. 1970 ആയപ്പോഴേക്കും അക്കാലത്തെ പ്രമുഖ ചലച്ചിത്രതാരങ്ങളായ എം.ജി.ആര്‍., ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍ എന്നിവര്‍ക്കായി അദ്ദേഹം പാടിയിരുന്നു. രജനികാന്ത്, കമല്‍ ഹാസന്‍ എന്നിവരുടെ പല ചിത്രങ്ങളിലും എസ്.പി.ബിയെ അവരുടെ ആലാപന ശബ്ദമായി കണക്കാക്കുന്നു. രജനികാന്തിന്റെ സിനിമകളുടെ ടൈറ്റില്‍ ട്രാക്ക് പാടുന്നത് എസ്.പി.ബിക്ക് പതിവായിരുന്നു. ബില്ലയിലെ മൈ നെയിം ഈസ് ബില്ല മുതല്‍ ശിവാജിയിലെ ബല്ലിലാക്ക വരെ. തന്റെ ചിത്രങ്ങളുടെ തെലുങ്ക് പതിപ്പില്‍ കമല്‍ ഹാസനുവേണ്ടി എസ്.പി.ബി. ഡബ്ബ് ചെയ്തു.

എസ് ജാനകി, ഇളയരാജ, എസ്പി ബാലസുബ്രഹ്മണ്യം എന്നിവർ റിക്കോർഡിങ് സ്റ്റുഡിയോയിൽ (ഫയൽ ചിത്രം)
എസ് ജാനകി, ഇളയരാജ, എസ്പി ബാലസുബ്രഹ്മണ്യം എന്നിവർ റിക്കോർഡിങ് സ്റ്റുഡിയോയിൽ (ഫയൽ ചിത്രം)

1969-ല്‍ കടല്‍പ്പാലം എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി ജി. ദേവരാജന്‍ സംഗീതം പകര്‍ന്ന ഈ കടലും മറുകടലും ഭൂമിയും മാനവും എന്ന പാട്ടോടുകൂടിയാണ് മലയാളത്തില്‍ എസ്.പി.ബിയുടെ തുടക്കം. എസ്. ജാനകിയുമായി ചേര്‍ന്നുപാടിയ ഓര്‍മ്മകളില്‍ സന്ധ്യതന്‍ ദീപം കൊളുത്തിയാരോ (ശുദ്ധികലശം), ഏഴുമിനിറ്റു നീളുന്ന മലയാളത്തിലെ പ്രശസ്തമായ ഖവാലി, സിനിമാ ഗാനമായ സ്വര്‍ണ്ണമീനിന്റെ ചേലൊത്ത കണ്ണാളെ, തുഷാരം എന്ന സിനിമയിലെ മഞ്ഞേ വാ മധുവിധുവേളയിലെ ഹിന്ദിവരികള്‍, എം.ജി. ശ്രീകുമാറിന്റെ കാക്കാലാ കണ്ണമ്മ എന്നിങ്ങനെ ചില പാട്ടുകള്‍ അദ്ദേഹം പാടിയ നിരവധി മധുരഗാനങ്ങളില്‍ ശ്രദ്ധേയമാണ്. തമിഴ്, മലയാളം, കന്നഡ, അസമീസ്, ഒഡിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാഠി, പഞ്ചാബി തുടങ്ങി ഇന്ത്യയിലെ പ്രമുഖ ഭാഷകളിലെല്ലാം അദ്ദേഹം പാടി. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ പിന്നണിഗായകനെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡിലും അദ്ദേഹത്തിന്റെ പേര് ഇടംപിടിച്ചു. തെന്നിന്ത്യയിലും ബോളിവുഡിലും തരംഗമായി മാറുകയും ചെയ്തു. മികച്ച ഗായകനുള്ള അവാര്‍ഡുകള്‍ അദ്ദേഹത്തെ ആറുതവണ തേടിയെത്തി. ബഹുമുഖ പ്രതിഭയായിരുന്നു എസ്.പി. ബാലസുബ്രഹ്മണ്യം. നടന്‍, സംഗീതസംവിധായകന്‍, ടി.വി അവതാരകന്‍ അങ്ങനെ നിരവധി രംഗങ്ങളില്‍ അദ്ദേഹം തിളങ്ങിനിന്നു. ഓരോ രംഗത്തു തന്റേതായ കയ്യൊപ്പു ചാര്‍ത്തുകയും ചെയ്തു. പല താരങ്ങള്‍ക്കും അവരുടെ ചിത്രങ്ങള്‍ തെലുങ്കിലേക്കു മൊഴിമാറ്റം നടത്തുമ്പോള്‍ ഡബ്ബ് ചെയ്യുന്നത് അദ്ദേഹമായിരുന്നുവത്രേ. കമലഹാസനുവേണ്ടി മന്‍മഥലീല എന്ന ചിത്രത്തിനുവേണ്ടി കമലഹാസനു ശബ്ദം നല്‍കിയാണ് എസ്.പി.ബി. ഡബ്ബിംഗ് രംഗത്തേക്കു പ്രവേശിക്കുന്നത്. കമല്‍ പത്തു വേഷങ്ങളിലെത്തിയ ദശാവതാരം എന്ന ചിത്രത്തിന്റെ തെലുങ്കു പതിപ്പിനായി ഒരു സ്ത്രീകഥാപാത്രമടക്കം ഏഴു കഥാപാത്രങ്ങള്‍ക്കാണ് എസ്.പി. ബാലസുബ്രഹ്മണ്യം ശബ്ദം നല്‍കിയത്. ഭാഗ്യരാജ്, മോഹന്‍, അനില്‍ കപൂര്‍, ഗിരീഷ് കര്‍ണാട്, ജെമിനി ഗണേശന്‍, കാര്‍ത്തിക്, രഘുവരന്‍ എന്നീ നടന്മാര്‍ക്ക് അദ്ദേഹം വിവിധ ഭാഷകളിലായി ശബ്ദം നല്‍കിയ അദ്ദേഹത്തിനു മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചു. സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലാണ് അനില്‍ കപൂറിനുവേണ്ടി ശബ്ദം നല്‍കുന്നത്.

അസാമാന്യമായിരുന്നു ഗാനാലാപനവേളയിലെ അദ്ദേഹത്തിന്റെ ശ്വാസനിയന്ത്രണം. ചുരുങ്ങിയ സമയത്തിനുള്ളില്‍ പാട്ടുകള്‍ പഠിച്ചെടുത്തു പാടുന്നതിലും അദ്ഭുതകരമായ പാടവം എസ്.പി.ബി. പുലര്‍ത്തി. പാടുന്നത് ഏതു ഭാഷയിലായാലും ഭാവപ്രകാശനത്തില്‍ അദ്ദേഹം പാട്ടിനോടു നീതിപുലര്‍ത്തി.

ഓരോ നിമിഷവും ജീവിതത്തെ കെട്ടിപ്പുണര്‍ന്ന അദ്ദേഹം ജീവിതത്തോടു പുലര്‍ത്തിയത് അതിശയകരമായ അനുരാഗമായിരുന്നു.

തീര്‍ച്ചയായും നമ്മുടെ സംസ്‌കാരത്തിന്റെ ചരിത്രത്തിലെ അപൂര്‍വ്വതകളിലൊന്നാണ് എസ്.പി.ബി. അദ്ദേഹം പാടിയ പാട്ടുകള്‍ ഏവര്‍ക്കും നല്‍കിയത് സ്വര്‍ഗ്ഗീയമായ അനുഭൂതിയാണ്. മനുഷ്യനോടു പുലര്‍ത്തിയിരുന്ന സമഭാവന അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നുവെന്ന് വിയോഗത്തിനുശേഷം എഴുതിയ അനുസ്മരണക്കുറിപ്പുകള്‍ വ്യക്തമാക്കുന്നു. ഏതു സന്ദര്‍ഭത്തിലും വിനയാന്വിതനായ വലിയ ഒരാള്‍; പക്ഷേ, വലിപ്പച്ചെറുപ്പങ്ങള്‍ പ്രകടിപ്പിച്ചില്ല. ഈ ചെറിയ ലോകമൊരുക്കുന്ന അരങ്ങില്‍നിന്നും കാലത്തിന്റെ തിരശ്ശീലയ്ക്കപ്പുറത്തേക്ക് ക്രമേണ മറഞ്ഞുപോകുന്ന വലിയ മനുഷ്യരിലൊരാള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com