പെട്ടിമുടി പഠിപ്പിക്കുന്ന പാഠങ്ങള്‍

മനുഷ്യന്‍ പ്രകൃതിയുടെമേല്‍ നടത്തിയ കടന്നുകയറ്റങ്ങള്‍ പ്രകൃതിദുരന്തങ്ങള്‍ക്കു കാരണമായിത്തീരുന്നു എന്ന വസ്തുതയെ അംഗീകരിച്ചുവേണം പരിഹാരമാര്‍ഗ്ഗങ്ങള്‍ ആരായേണ്ടത്
പെട്ടിമുടി ആകാശദൃശ്യം- ഫോട്ടോ/ സെബിന്‍സ്റ്റര്‍ ഫ്രാന്‍സിസ്
പെട്ടിമുടി ആകാശദൃശ്യം- ഫോട്ടോ/ സെബിന്‍സ്റ്റര്‍ ഫ്രാന്‍സിസ്

ദുരന്തം നടന്നതിന്റെ മുപ്പതാം നാള്‍ ഞങ്ങള്‍ പെട്ടിമുടിയിലെത്തുമ്പോള്‍ അവിടെ നാലുപേരുടെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചില്‍ നടക്കുകയായിരുന്നു. ഔദ്യോഗികമായി തെരച്ചില്‍ അവസാനിച്ചിരുന്നെങ്കിലും ദുരന്തത്തില്‍ തന്റെ രണ്ട്  മക്കളെ നഷ്ടപ്പെട്ടവരില്‍ ഒരാളുടെ ശരീരം കൂടി കിട്ടാനുള്ള ഷണ്‍മുഖനാഥന്‍ എന്ന അച്ഛനെപ്പോലെയുള്ളവരുടെ അഭ്യര്‍ത്ഥന മാനിച്ച് കമ്പനിയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയായിരുന്നു. മൂന്നാറില്‍ താമസിക്കുന്ന ഷണ്‍മുഖനാഥന്റെ മക്കള്‍ ബന്ധുഗൃഹത്തിലെ പിറന്നാള്‍ ആഘോഷിക്കാനായണ് പെട്ടിമുടിയിലെത്തിയത്. അയാളുടെ  23 ബന്ധുക്കളെയാണ് ദുരന്തം ഒന്നിച്ചുകൊണ്ടുപോയത്. ദുരന്താവശിഷ്ടത്തിന്റെ കൂനകള്‍ക്കു മുന്നില്‍ നിന്നപ്പോള്‍ ഒരു രാജ്യം ദുരന്തമുഖത്തേയ്ക്കു പോകുന്ന ജനതയെ സജ്ജരാക്കിനിര്‍ത്തിയതിന്റേയും അതിനവര്‍ക്കു ലഭിച്ച പ്രതിഫലത്തിന്റേയും അനുഭവം അപ്പോള്‍ ഓര്‍മ്മവന്നു.

2010 ആഗസ്റ്റ് 5-ന് ചിലിയിലെ സാന്‍ജോസ് ഖനിയില്‍ കുടുങ്ങിയ 33 ഖനിത്തൊഴിലാളികളെ രക്ഷിക്കാനായി ചിലിയന്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിക്കുന്നതാണ് The 33 എന്ന പുസ്തകം. 2,257 അടി ഭൂമിക്കു താഴെ പെട്ടുപോയവരെ 69 ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറംലോകത്തെത്തിച്ച സംഭവത്തിന്റെ നേര്‍വിവരണമാണ് ഈ പുസ്തകം. ഗാര്‍ഡിയന്‍ ലേഖകനായിരുന്ന ജൊനാഥന്‍ ഫ്രാങ്ക്ളിനാണ് ഗ്രന്ഥകര്‍ത്താവ്. ഒരു  പ്രവേശനകവാടം മാത്രമാണ് 111 വര്‍ഷം പഴക്കമുള്ള സാന്‍ജോസ് ഖനിക്കുണ്ടായിരുന്നത്. ആറ് കിലോമീറ്റര്‍ നീളമുള്ള ഖനി അടച്ചുകൊണ്ട് '900 മീറ്റര്‍ നീളവും 120 മീറ്റര്‍ ഉയരവും 30 മീറ്റര്‍ ഘനവുമുള്ള ഒരു പാറ ഖനിക്കുള്ളില്‍ അടര്‍ന്നുവീഴുകയായിരുന്നു.''  പ്രതീക്ഷയുടെ നാമ്പിനു പോലും സാധ്യതയില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത് അന്നത്തെ ചിലിയന്‍ പ്രസിഡന്റായിരുന്ന സെബാസ്റ്റ്യന്‍ പിനേറെയായിരുന്നു. ''സാന്‍ജോസ് ഖനി തകര്‍ന്ന് നാലു ദിവസം കഴിഞ്ഞപ്പോള്‍ യുദ്ധവെറിപൂണ്ട ഒരു പട്ടാളജനറല്‍ യുദ്ധക്കോപ്പുകള്‍ അടുപ്പിക്കുന്നതുപോലെ പിനേറെ യന്ത്രങ്ങളുടെ വലിയൊരു വ്യൂഹം തന്നെ അവിടെ എത്തിച്ചു'' എന്ന് ഫ്രാങ്ക്ളിന്‍ എഴുതുന്നു.

സെബാസ്റ്റ്യന്‍ പിനേറേയും മന്ത്രിയായ ലോറന്‍സ് ഗോള്‍ബോണും ആന്ദ്രെസുഗാരെറ്റിനേയും കൂട്ടി തങ്ങള്‍ക്കാവുന്നതു ചെയ്യാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഖനനക്കമ്പനിയായ 'കോഡെല്‍കോ'യിലെ എന്‍ജിനീയറായിരുന്നു ആന്ദ്രെ. ദുരന്തം നേരിടാന്‍ പരിശീലനം ലഭിച്ച സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (ജി.ഒ.പി.ഇ), പൊലീസ്, ആര്‍മി, ഭൗമശാസ്ത്രജ്ഞര്‍, സൈക്കോളജിസ്റ്റുകള്‍ എന്നിവര്‍ രക്ഷാദൗത്യത്തിനിറങ്ങി. ഓരോ ഘട്ടത്തിലും ഏതൊക്കെ വിഭാഗങ്ങളുടെയാണോ സേവനം ആവശ്യമായിവരിക അതൊക്കെ അപ്പോഴപ്പോള്‍ സജ്ജീകരിച്ചു. അയല്‍രാജ്യങ്ങളുടെ സാങ്കേതിക സഹായം വരെ നേടിയെടുക്കാന്‍ അവര്‍ക്കു സാധിച്ചു. 17 ദിവസത്തെ നിരന്തരമായ പ്രവര്‍ത്തനത്തിന്റെ അവസാനമാണ് തൊഴിലാളികള്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നു മനസ്സിലാക്കിയത്. 69ാം ദിവസം മുപ്പത്തിമൂന്നാമത്തെ ആളെ മരണത്തിനു വിട്ടുകൊടുക്കാതെ ചിലിയന്‍ സര്‍ക്കാര്‍ ഖനിക്കു പുറത്തെത്തിച്ചു.

പെട്ടിമുടിപോലെ മിനിട്ടുകള്‍ക്കുള്ളില്‍ സംഭവിച്ച ഒരു ദുരന്തവും ചിലിയിലെ ഖനിദുരന്തത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനവും എങ്ങനെ തുലനം ചെയ്യാം എന്നൊരു ചോദ്യം ഇവിടെ  പ്രസക്തമാണ്. നമ്മുടെ നാട്ടിലെ ദുരന്തനിവാരണ സംവിധാനങ്ങളേയും ചിലിയന്‍ സര്‍ക്കാരിന്റെ/ജനതയുടെ ദുരന്തസമീപനത്തേയും താരതമ്യപ്പെടുത്തി നോക്കിയാല്‍ അതിനുള്ള ഉത്തരം ലഭിക്കും. ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന ഒരു തൊഴില്‍മേഖലയാണ് ഖനിയിലേതെന്ന് തൊഴിലാളികള്‍ക്കും അതുപോലെതന്നെ ചിലിയന്‍ സര്‍ക്കാരിനും അറിവുള്ളതാണ്. രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് ഖനിവ്യവസായമാണെന്നിരിക്കെ ഗവണ്‍മെന്റിനത് ഒഴിവാക്കാനും സാധിക്കില്ല. ആകര്‍ഷകമായ ശമ്പളം എന്ന നിലയിലാണ് തൊഴിലാളികള്‍ ഈ തൊഴിലിനെ സമീപിക്കുന്നതെങ്കിലും അപകടസാദ്ധ്യതയുള്ള തൊഴില്‍ എന്ന നിലയില്‍ അതിനു തുനിയുന്നവരെ സര്‍ക്കാര്‍/സ്വകാര്യ കമ്പനികള്‍  ഏതപകടവും നേരിടാന്‍ പ്രാപ്തിയുള്ളവരായി സജ്ജീകരിക്കുന്നു. പതിനഞ്ചു ദിവസത്തിന് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ അറുപത്തിയൊന്‍പതു ദിവസം ഉപയോഗിക്കാന്‍ കഴിഞ്ഞത് കൃത്യമായ പരിശീലനത്തിന്റെ ഫലമായിരുന്നു. അതുപോലെ മാനസികമായി തളര്‍ന്നുപോകുന്ന വേളയിലൊക്കെ മനസ്സാന്നിദ്ധ്യം നഷ്ടപ്പെടുത്താതിരിക്കാനും തൊഴിലാളികള്‍ക്കായി.

പെട്ടിമുടി ദുരന്തത്തിലേയ്ക്കു വരികയാണെങ്കില്‍ മണ്ണിടിഞ്ഞ് വാസസ്ഥലവും ജീവനും നഷ്ടപ്പെടുന്ന കേരളത്തിലെ ആദ്യത്തെ സംഭവമല്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്പൂരിയില്‍ സംഭവിച്ചതും സമാനമായ ദുരന്തമാണ്. കുറാഞ്ചേരി, കവളപ്പാറ, പുത്തുമല തുടങ്ങി എല്ലാ ദുരന്തങ്ങളും സൂചന നല്‍കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിലെ മലയോര പ്രദേശങ്ങളില്‍ സമാനമായ പ്രകൃതിദുരന്ത സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്നാണ്. പല സ്ഥലങ്ങളിലേയും രക്ഷാപ്രവര്‍ത്തനത്തിന്റെ സൗകര്യങ്ങളും രീതിയും മരണനിരക്കും അടിസ്ഥാനമാക്കി നോക്കിയാല്‍ വലിയ ദുരന്തങ്ങളെ നേരിടാനുള്ള സന്നദ്ധത നാം ഇനിയും കണ്ടെത്തിയിട്ടില്ല.

മണ്ണും മഴയും

പെട്ടിമുടിയിലേയ്ക്കുള്ള യാത്രാമധ്യേ പലയിടത്തും ക  ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍, മണ്ണിടിച്ചിലുകള്‍, മണ്ണിന്റെ ഭൗതികഘടന എന്നിവ കൂടുതല്‍ ദുരന്തത്തിനുള്ള സാദ്ധ്യത നിലനിര്‍ത്തുന്നുണ്ട്. മാത്രവുമല്ല, കാലാവസ്ഥയില്‍ വന്ന വ്യതിയാനം താങ്ങാവുന്ന തരത്തില്‍നിന്നും ഏറെ മാറിയ അവസ്ഥയിലാണ് കേരളത്തിലെ പശ്ചിമഘട്ട പ്രദേശത്തെ പ്ലാന്റേഷന്‍ മേഖല. മൂന്നാര്‍ മാത്രം ഉദാഹരണമായിട്ട് എടുത്താല്‍ 1900-ല്‍ ഫിന്‍ലെ കമ്പനിക്ക് ഭൂമിക്കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ 2,000 ഏക്കറില്‍ മാത്രമായിരുന്നു തേയിലക്കൃഷി ചെയ്തിരുന്നത്. 1908 ആകുമ്പോഴേക്കും അത് 11,000 ഏക്കര്‍ ആയി. ഇത് പിന്നീട് ആനുപാതികമായി വര്‍ദ്ധിച്ചു.

മൂന്നാറിന്റെ വൃഷ്ടിപ്രദേശത്തെ മഴയുടെ തോതിലും പലകാലത്തും വ്യതിയാനം കാണിക്കുന്നുണ്ട്.  മൂന്നാറിന്റെ കഥയെഴുതിയ സുലോചനാ നാലപ്പാട്ട് മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ മുറതെറ്റാതെ മഴ ലഭിക്കുന്ന മഴയുടെ തോത് 70-80 ഇഞ്ചാണെന്നു രേഖപ്പെടുത്തുന്നു. അവര്‍തന്നെ  മൂന്നാറിന്റെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കം സംഭവിച്ച 1924 ജൂലായില്‍ മാത്രം രാജമലയില്‍ 195 ഇഞ്ച് മഴപെയ്തെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തുന്നു. പെട്ടിമുടിയിലെ മണ്ണിടിച്ചിലിനു മുന്‍പും വലിയ തോതില്‍ മഴപെയ്യുകയുണ്ടായി.

ദീര്‍ഘകാലമായി നടത്തുന്ന കൃഷിയും മലയോര പ്രദേശങ്ങളുടെ ചരിവില്‍ ബാഹ്യവും ആന്തരികവുമായി സംഭവിക്കുന്ന വ്യതിയാനവും മഴയുടെ തോതിലും രീതിയിലും വരുന്ന വ്യത്യാസവും മണ്ണിടിച്ചിലിന്റെ തോത് വര്‍ദ്ധിക്കാനുള്ള സാഹചര്യമൊരുക്കും. ഇത്തരം പ്രദേശങ്ങളിലെ മേല്‍മണ്ണിന്റെ സുഷിരമര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയും അതു മൂലം ജലപൂരിതമാകുന്ന മേല്‍മണ്‍പാളി, അതിനുതൊട്ടു താഴെയുള്ള താരതമ്യേന ഘനീഭവിച്ച മണ്‍പാളികളുമായോ അല്ലെങ്കില്‍ അതിനു താഴെയുള്ള അടിസ്ഥാന പാറയുടെ പ്രതലവുമായുള്ള ബന്ധം വിച്ഛേദിപ്പിക്കുന്നതിനു പ്രേരകങ്ങളായി തീരുകയും അതിന്റെ ഫലമായി മണ്ണിടിച്ചിലുകള്‍ സംഭവിക്കുകയും ചെയ്യും. കൂടാതെ ചില പ്രദേശങ്ങളില്‍ അളവില്‍ കൂടുതലായി ക ുവരാറുള്ള കളിമണ്ണിന്റെ അംശം ജലത്തെ കൂടുതലായി വലിച്ചെടുക്കുകയും  കുഴമ്പുരൂപത്തിലായിത്തീരുന്ന മണ്ണും ചെളിയും കൂടി ഇഴുകിയ പദാര്‍ത്ഥമായി വര്‍ത്തിക്കുകയും അതിതീവ്രമഴയുള്ള സമയങ്ങളില്‍ മേല്‍മണ്‍പാളികള്‍ അടിസ്ഥാനപാറയുടെ മുകളില്‍ക്കൂടി തെന്നിനീങ്ങുവാന്‍ കാരണമായി- ത്തീരുകയും ചെരിവുകൂടിയ അസ്ഥിര പ്രദേശങ്ങളില്‍ ഇതുമൂലം മണ്ണിടിച്ചിലിന്റെ ആക്കം കൂട്ടുകയും ചെയ്യുന്നു.

മേല്‍പറയപ്പെട്ട കാരണങ്ങള്‍കൊണ്ടാണെങ്കില്‍ ഭൂരിഭാഗവും ചരിവുപ്രതലങ്ങളായ മലമ്പ്രദേശങ്ങളിലൊക്കെ മണ്ണിടിച്ചിലിനു സാദ്ധ്യതയില്ലേ എന്നൊരു ചോദ്യം പ്രസക്തമാണ്. ചരിവുകൊേണ്ടാ സാധാരണയായി പെയ്യുന്ന മഴകൊണ്ടോ മാത്രമല്ല മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. കാലാകാലങ്ങളില്‍ ഒരു പ്രദേശത്തിന് കൃഷിയോ മറ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൂലമോ ഉണ്ടാകുന്ന മാറ്റം ആ സ്ഥലത്തിന്റെ സ്വാഭാവികതയ്ക്ക്  വ്യതിയാനം വരുത്തും. പെട്ടിമുടിയുടെ കാര്യമെടുക്കുകയാണെങ്കില്‍ ലയങ്ങള്‍ക്കു താഴെ താഴ്വാരത്ത് വലിയ ഒരു നീരൊഴുക്കുണ്ട്.  മണ്ണിടിച്ചിലിന്റെ പ്രഭവകേന്ദ്രത്തില്‍നിന്നും പൊട്ടിഒലിച്ചുവന്ന ജലവും മണ്ണും ചെളിയും ലയം തകര്‍ത്ത് ഈ ചാലിലേയ്ക്കാണ് ഒഴുകി ഇറങ്ങിയത്. ചില ശരീരങ്ങളെങ്കിലും ഒഴുകിപ്പോയതും ഈ നീര്‍ച്ചാലിലൂടെയാണ്. മണ്ണിടിച്ചിലിന്റെ ഫലമായിട്ടാണ് മലയുടെ മുകളില്‍നിന്നും ദുരന്തത്തിനിടയായ ചാലുണ്ടായതെന്നു തോന്നാമെങ്കിലും അങ്ങനെയാവണമെന്നില്ല. വാസ്തവത്തില്‍ കാലങ്ങള്‍ക്കു മുന്‍പ് ഇവിടെ നിലനിന്നിരുന്ന ഒരു നീര്‍ച്ചാലിനു കുറുകെയാണ് ലയം പണിതിട്ടുള്ളതെന്നും താഴെക്കൂടി ഇപ്പോള്‍ നിലവിലുള്ള നീരൊഴുക്കിലേയ്ക്ക് മലയുടെ മുകളില്‍നിന്നൊരു നീര്‍ച്ചാല് നിലനിന്നിരുന്നുവെന്നും സൂക്ഷ്മമായി പരിശോധിച്ചാല്‍ കെ ത്താം. ഏതാണ്ട്   ഒന്നര കിലോമീറ്റര്‍ നീളമുള്ളതും ഏകദേശം 50000 സ്‌ക്വയര്‍ മീറ്റര്‍ വ്യാപ്തിയുമുള്ള ആ ചാല് നേരത്തെ പ്രതിപാദിച്ചതുപോലെ കാലാവസാഥാ വ്യതിയാനങ്ങള്‍ മൂലമോ തോട്ടം മേഖലയ്ക്കായുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൂലമോ നിര്‍ജ്ജീവാവസ്ഥയിലായി പോയതുമാവാം. കാരണം, എന്തുതന്നെ ആയാലും ദുരന്തപ്രദേശത്ത് അമിതമായി പെയ്ത മഴയുടെ ഭാഗമായി മണ്ണിലേയ്ക്കിറങ്ങിയ ജലത്തിന്റെ സമ്മര്‍ദ്ദം നിര്‍ജ്ജീവാവസ്ഥയിലായിരുന്ന നീര്‍ച്ചാലിനെ പ്രവര്‍ത്തനക്ഷമമാക്കിയതിന്റെ ഫലമായും മണ്ണിടിച്ചിലിനു സാധ്യതയുണ്ട്.
   
ദുരന്തപ്രദേശത്തെ മലനിരകളുടെ 30 മുതല്‍ 40 ഡിഗ്രിയോളമുള്ള ചെരിവും  പഠനത്തിനായി ഉപയോഗിക്കാന്‍ കഴിഞ്ഞ ഭാഗത്ത് കാണാന്‍ കഴിഞ്ഞ 1.5 മുതല്‍ മൂന്നുമീറ്ററോളം മാത്രം കനമുള്ള മേല്‍മണ്ണിന്റെ പാളിയും മണ്ണിടിച്ചിലിന്റെ ആക്കം കൂട്ടാന്‍ പോന്നതാണ്. മുകളിലേയ്ക്ക് പോകുംതോറും മണ്ണിന്റെ കനം കുറയുന്നു. ഈ മണ്ണിനും ഒരു പ്രത്യേകതയുണ്ട്. ഭൗമശാസ്ത്രപരമായി നോക്കുമ്പോള്‍ മൂന്നാര്‍ മേഖലകളില്‍ കാണുന്ന പാറ അഥവാ അടിസ്ഥാനശില ഏതാണ്ട് 740 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ഗ്രാനൈറ്റ്  രൂപഭേദം സംഭവിച്ച് കായന്തിരിത ശിലയായ ഗ്രാനൈറ്റിക്ക് ഗ്‌നൈസ്സ്  ആണ്. നൂറ്റാണ്ടുകളോളം കൊള്ളുന്ന  മഴയും വെയിലും മൂലം ഭൗമോപരിതലത്തില്‍ സംഭവിക്കുന്ന രാസ, ഭൗതിക പരിണാമങ്ങള്‍ മൂലം പാറയുടെ പ്രതലങ്ങളെ മാറ്റം വരുത്തി താരതമ്യേന കട്ടികുറഞ്ഞ മണ്ണുപാളികളാക്കും. ഇങ്ങനെ രൂപാന്തരം പ്രാപിക്കുന്ന മണ്ണുപാളികളില്‍ കളിമണ്ണിന്റെ അംശം കൂടുതലായും കണ്ടുവരാറുണ്ട്. കൂടുതലായി വര്‍ഷിക്കപ്പെടുന്ന ജലം പുറംപാളിയിലെ മണ്ണിനേയും ചെളിയേയും ഒരു  മിശ്രിതമാക്കിത്തീര്‍ക്കുകയും പാറയോടു ചേര്‍ന്നുനില്‍ക്കുന്ന മണ്ണിനെ വിച്ഛേദിപ്പിക്കുന്ന സ്നിഗ്ദ്ധാവസ്ഥയിലുള്ള ഒരു മിശ്രിതമായി  പ്രവര്‍ത്തിക്കുകയും ചെയ്യും. ഇതും മണ്ണിടിച്ചിലിനു കാരണമാകും.

പരിഹാരമാര്‍ഗ്ഗങ്ങള്‍

പ്രകൃതിക്കു സംഭവിച്ചിട്ടുള്ള മാറ്റം, മനുഷ്യന്‍ പ്രകൃതിയുടെമേല്‍ നടത്തിയ കടന്നുകയറ്റങ്ങള്‍ എന്നിവയൊക്കെ പ്രകൃതിദുരന്തങ്ങള്‍ക്കു കാരണമായിത്തീരുന്നു എന്ന വസ്തുതകളെ അംഗീകരിച്ചുകൊണ്ടുവേണം പരിഹാര മാര്‍ഗ്ഗങ്ങള്‍ ആരായേണ്ടത്. കേരളത്തിലെ മലയോരമേഖലയുടെ പാരിസ്ഥിതികസ്വഭാവം അനുസരിച്ച് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഈ വസ്തുതയെ മുന്‍നിര്‍ത്തിയുള്ള പരിഹാരമാര്‍ഗ്ഗങ്ങളായിരിക്കും വരാന്‍പോകുന്ന പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാനുള്ള പോംവഴി. അതിനായി ഈ പഠനത്തിന്റെ ആദ്യഭാഗത്ത് സ്ഥിരമായി പ്രകൃതിദുരന്തങ്ങളെ നേരിടുന്ന ചിലിപോലെയുള്ള രാജ്യങ്ങളെ നമുക്ക് മാതൃകയാക്കാം. അതിനുള്ള അടിസ്ഥാന സൗകര്യങ്ങളും കേരളത്തിനുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.

ദുരന്തനിവാരണ വകുപ്പിന്റേയും പ്രകൃതി, ഭൗമ, കാലാവസ്ഥ, പരിസ്ഥിതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പുകളുടേയും സംയോജിതമായ പ്രവര്‍ത്തനമാണ് പ്രാഥമികമായി വേണ്ടത്. ഇവരോടൊപ്പം ഡിഗ്രി മുതല്‍ ഗവേഷണതലം വരെയുള്ള ജോഗ്രഫി, ജിയോളജി, ജിയോഫിസിക്സ്, പരിസ്ഥിതി, ഡിസാസ്റ്റര്‍ മാനേജ്മെന്റ് - തുടങ്ങിയ മേഖലകളിലെ  പഠിതാക്കള്‍, ഗവേഷകര്‍ എന്നിവരെ ഉപയോഗിക്കാം. ജില്ല മുതല്‍ താഴേയ്ക്കുള്ള ത്രിതല ഭരണവകുപ്പുകളുടെ നേതൃത്വത്തില്‍ ഓരോ പ്രദേശത്തും ലഭ്യമാകുന്ന വിവിധ വകുപ്പുകളിലെ പഠിതാക്കളേയും ഗവേഷകരേയും ഉപയോഗിച്ച് ഓരോ പ്രദേശത്തേയും ദുരന്തസാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളെ കെ ത്താം. കാലാകാലങ്ങളില്‍ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ഈ വിഷയത്തില്‍ നടത്തിയിട്ടുള്ള പഠനത്തിന്റെ ഭാഗമായി  ശേഖരിക്കപ്പെട്ടിട്ടുള്ള ശാസ്ത്രീയ വിവരങ്ങളും ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ തീമാറ്റിക്ക് മാപ്പുകള്‍,  സര്‍വ്വേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുള്ള ഭൂപടങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സോഫ്റ്റ്വെയറിന്റെ സഹായത്തോടുകൂടി വിശകലനം ചെയ്ത് നിലവിലുള്ള മണ്ണിടിച്ചില്‍ ദുരന്തസാധ്യതാ പ്രദേശങ്ങള്‍ രേഖപ്പെടുത്തുന്ന മാപ്പുകള്‍ നവീകരിച്ചു പ്രസിദ്ധീകരിക്കാവുന്നതാണ്. ഇതിനൊപ്പം തന്നെ പല സ്ഥാപനങ്ങളും സൂക്ഷിക്കുന്ന സ്ഥലങ്ങളുടെ പഴയ മാപ്പുകളുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ ഒരു പ്രദേശത്തുനിന്നും എത്രമാത്രം നീര്‍ച്ചാലുകള്‍ ഇല്ലാതായിട്ടുണ്ട്, അവയുടെ പാതകള്‍ ഏതായിരുന്നു എന്നെല്ലാം കണക്കുകൂട്ടാനും കഴിയും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും ഏറ്റവും  സാദ്ധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്താവുന്നതാണ്. ഇത് ഏറ്റവും ഉയര്‍ന്ന പ്രദേശം മുതല്‍ ഒറ്റനോട്ടത്തില്‍ ദുരന്തസാധ്യത കുറവുണ്ടെന്നു കരുതുന്ന പ്രദേശത്തുവരെ നടപ്പിലാക്കണം. കൂടാതെ, കംപ്യൂട്ടര്‍ അധിഷ്ഠിത സിമുലേഷന്‍ സാങ്കേതികത ഉപയോഗിച്ച്  പ്രളയം, മണ്ണിടിച്ചില്‍ പോലുള്ള പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് സ്ഥലവാസികള്‍ക്ക് കൃത്യമായ മുന്നറിയിപ്പു നല്‍കുകയും അവരെ സുരക്ഷിത മേഖലകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ഉതകുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ സജ്ജമാക്കുകയും വേണം. അന്താരാഷ്ട്ര ശാസ്ത്ര ജേര്‍ണ്ണലായ ലാന്‍ഡ്സ്ലൈഡില്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം കവളപ്പാറയിലെ മണ്ണിടിച്ചിലിനു കാരണമായി ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുത അശാസ്ത്രീയമായി നിര്‍മ്മിച്ച മഴക്കുഴികളായിരുന്നു എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. (''വേനല്‍ക്കാലത്ത് കുന്നിന്‍മുകളില്‍ എവിടെയെങ്കിലും പച്ചപ്പുല്ല് കൂടുതലായി വളര്‍ന്നുനില്‍ക്കുന്നുണ്ടെങ്കില്‍ താഴെ വെള്ളമുണ്ടാകും. അവിടം കുഴിച്ച് വെള്ളം കണ്ടശേഷം കഴിയുന്നത്ര മേലെ അരുവിയുടെ ഉത്ഭവസ്ഥാനം കണ്ടുപിടിക്കും. അവിടം താഴ്ത്തി ബണ്ടുകെട്ടി വെള്ളം അരിക്കാനുള്ള ചരലും മറ്റും ഇട്ടതിനുശേഷം സ്ലാബിട്ട് പൂര്‍ണ്ണമായും മൂടും. കെട്ടിനിര്‍ത്തിയ വെള്ളത്തിലേയ്ക്ക്   ബണ്ടിലൂടെ പൈപ്പിട്ട്   ഗ്രാവിറ്റിമൂലം ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സുകളിലെത്തിക്കും. ഇതിനെ ഞങ്ങള്‍ ഇന്‍ഡോ-സ്വിസ്സ് മെത്തേഡ് എന്നു വിളിച്ചു പോന്നു. അരുവി ഒരിടത്തും പുറത്തുവരാന്‍ അനുവദിക്കാതെ വെള്ളം നേരെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനാല്‍ ഈ വെള്ളത്തിനു ക്ലോറിനേഷന്‍ പോലും വേണ്ട''- സുലോചന നാലപ്പാട്, പേജ്-77,78. ഈ മെത്തേഡ് ഉപയോഗിച്ചാണോ എന്നറിയില്ല പെട്ടിമുടിയിലെ ദുരന്തപ്രദേശത്തും മുകളില്‍നിന്നു ജലം കൊണ്ടുവരാന്‍ സ്ഥാപിച്ച പൈപ്പുകള്‍ കാണാമായിരുന്നു.) കേരളത്തിലെ ഹൈലാന്റ് മേഖലയിലുള്ള കൃഷി- ഏറ്റവും മുകളില്‍ തേയില, തൊട്ടുതാഴെ കാപ്പി, ഏലം, അതിനും താഴെ റബ്ബര്‍ എന്ന പാറ്റേണിലെ കൃഷിരീതികളും കാലക്രമത്തില്‍  പ്രദേശങ്ങളെ ദുര്‍ബ്ബലപ്പെടുത്താന്‍ സാധ്യതയുള്ളതാണ്.

പെട്ടിമുടിയില്‍ മഴ ശക്തിപ്രാപി ക്കുന്നതിനു മുന്‍പുതന്നെ മാറിത്താമസിക്കുന്നതിനുള്ള നിര്‍ദ്ദേശം ഉണ്ടായിരുന്നതായി തൊഴിലാളികളില്‍ ചിലര്‍ പറയുകയുണ്ടായി. ദുരന്തം സംഭവിക്കുന്ന രാത്രിക്കു തൊട്ടുമുന്‍പുള്ള വൈകുന്നേരം ലയങ്ങളുടെ ഷീറ്റ് പറന്നുപോകാന്‍ സാദ്ധ്യതയുള്ള കാറ്റ് വീശിയിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. ഒരുപക്ഷേ, അവിടുത്തെ ജനങ്ങള്‍ ഈ രണ്ട് മുന്നറിയിപ്പുകളും മനസ്സിലാക്കുകയോ അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ പെട്ടിമുടിയില്‍ ഇത്ര അധികം ജീവനുകള്‍ നഷ്ടമാകില്ലായിരുന്നു.

ദുരന്തം മുന്‍കൂട്ടിക്കണ്ട് ജനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ബോധവല്‍ക്കരണത്തിന്റെ അഭാവമാണ് ഇവിടെ വെളിപ്പെടുന്നത്. ഇത്തരം പരിസ്ഥിതി ദുര്‍ബ്ബലമേഖലകളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കായി പ്രകൃതിദുരന്തങ്ങളെക്കുറിച്ചും ദുരന്തങ്ങള്‍ നേരിടേണ്ടിവന്നാല്‍ അടിയന്തരമായി എങ്ങനെ പ്രവര്‍ത്തിക്കണമെന്നുമുള്ള ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കണം, കുട്ടികള്‍ക്ക് ഈ മേഖലയിലെ അവബോധത്തിനായി പാഠ്യപദ്ധതിയിലും ഈ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തണം. മാത്രവുമല്ല, ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറി/ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള യാതൊരു സൗകര്യവും പെട്ടിമുടിപോലെയുള്ള പ്രദേശങ്ങളിലില്ല. അതിദുര്‍ബ്ബല പ്രദേശങ്ങള്‍ക്കു സമീപം വിവരങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് മാറുന്നതിനുള്ള, എല്ലാ സൗകര്യങ്ങളോടും കൂടിയ റിഹാബിലിറ്റേഷന്‍ സെന്ററുകളും സജ്ജീകരിക്കണമെന്നും അതിനനുസരിച്ച്  പ്രവര്‍ത്തിക്കാന്‍ ജനങ്ങളും ഭരണകൂടവും സജ്ജരും സന്നദ്ധരും ആകണമെന്ന്  അടുത്തകാലത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന എല്ലാ പ്രകൃതിക്ഷോഭങ്ങളും പ്രത്യേകിച്ച് ഏറ്റവും ഒടുവില്‍ സംഭവിച്ച പെട്ടിമുടി ദുരന്തവും മുന്നറിയിപ്പു നല്‍കുന്നു. ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടത്, നഷ്ടപ്പെടുന്ന ഓരോ ജീവനും വിലപ്പെട്ടതാണെന്നു മനസ്സിലാക്കുന്ന ഒരു സമൂഹത്തിന്റെ ഉത്തരവാദിത്വം കൂടിയാണ്.

ദുരന്തത്തിന്റെ വിങ്ങല്‍ മാറാതെ

അറുപത്തിയാറ് പേര്‍ കൊല്ലപ്പെടുകയും നാലുപേരെ കാണാതാകുകയും ചെയ്ത പെട്ടിമുടിയിലെ നേമക്കാട് എസ്റ്റേറ്റില്‍നിന്നും തൊഴിലാളികളെ മുഴുവനും കമ്പനി രാജമല ഡിവിഷനിലെ ലയങ്ങളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. മഴയ്ക്കും മഞ്ഞിനും ഒരു കുറവുമില്ലാത്ത പെട്ടിമുടിയിലെ ലയത്തില്‍ ഇപ്പോള്‍ ആരും താമസിക്കുന്നില്ല എന്നാണ് ദുരന്തത്തിന്റെ മുപ്പതാമത്തെ ദിവസം ഞങ്ങളെത്തുമ്പോഴുള്ള ഔദ്യോഗിക കണക്ക്. പക്ഷേ, ആ തണുപ്പിലും അടച്ചുറപ്പില്ലാത്ത, ചെളിയും മണ്ണും വന്നു തങ്ങിനിന്നിട്ടും ദുരന്തം വഴിമാറിപ്പോയ മൂന്നു ലയങ്ങളില്‍ ഒന്നില്‍ ഒരു പുരുഷനും സ്ത്രീയും  തണുത്തിരിക്കുന്നുണ്ടായിരുന്നു. മാടസ്വാമിയും സുബ്ബലക്ഷ്മിയും.

മാടസ്വാമിയുടെ അപ്പനും അമ്മയും എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു. മുതിര്‍ന്ന മക്കള്‍ എസ്റ്റേറ്റിലെ തൊഴിലാളിയാകുന്ന രീതിയനുസരിച്ച്  മാടസ്വാമിയും തോട്ടം തൊഴിലാളിയായി. പിന്നീട് തമിഴ്നാട്ടില്‍നിന്നും വിവാഹവും കഴിച്ചു. അപ്പനും അമ്മയും തോട്ടത്തിലെ പണിയില്‍നിന്നും പിരിഞ്ഞപ്പോള്‍ കൂടപ്പിറപ്പുകളേയും കൂട്ടി തമിഴ്നാട്ടിലേയ്ക്കു പോയപ്പോള്‍ തൊഴിലാളികള്‍ക്കിടയിലെ ഫുട്‌ബോള്‍ കളിയില്‍ താല്പര്യമുള്ള  മാടസ്വാമി ഇവിടെ തങ്ങി. തോട്ടത്തിലെ ഫുട്‌ബോള്‍  ടീമില്‍ സ്ഥാനം കിട്ടാത്തതും കാലില്‍ വന്ന ഒരു രോഗവും മാടസ്വാമിയെ തളര്‍ത്തി. ദീര്‍ഘകാലം തോട്ടത്തില്‍ പണിക്കു പോകാന്‍ വയ്യാതെ വന്നപ്പോള്‍ പട്ടിണി സഹിക്കവയ്യാതെ ഭാര്യ മാടസ്വാമിയെ വിട്ട് തമിഴ്നാട്ടിലേയ്ക്ക് പോയി.
 
രോഗം ഭേദമാകാന്‍ ഒന്നുരണ്ടു വര്‍ഷമെടുത്തു. തുടര്‍ന്ന് പെട്ടിമുടിയിലെ സൊസൈറ്റിയില്‍നിന്നും ഇടമലക്കുടിയിലേയ്ക്ക് അരി ചുമക്കുന്ന ജോലിചെയ്തു ജീവിച്ചു വരികയാണ്. ഒരു വൈകുന്നേരം വീട്ടിലേയ്ക്കുള്ള മടക്കവഴിയിലാണ് ഇടമലക്കുടിയിലുള്ള സുബ്ബലക്ഷ്മി തേയിലത്തോട്ടത്തിലെ വഴി അരികില്‍ ഒറ്റക്കിരിക്കുന്നത് മാടസ്വാമി കണ്ടത്. അരിയുമായി ഇടമലക്കുടിയിലേയ്ക്ക് പോകുന്ന വഴി സുബ്ബലക്ഷ്മിയെ കണ്ടിട്ടുണ്ട്. മാനസികാസ്വാസ്ഥ്യം ഉള്ളതാണെന്നും അറിയാം. രാത്രിയില്‍ ഇടമലക്കുടിയിലേയ്ക്ക് തിരികെ പോകുന്നത് ബുദ്ധിമുട്ടാണ്. ആരുടെയെങ്കിലും വീട്ടില്‍ ആക്കാമെന്നു നോക്കിയിട്ട് അതും നടന്നുമില്ല. പിറ്റേ ദിവസം കുടിയില്‍ വിവരമറിയിച്ച് ആളുകള്‍ വന്ന് കൊണ്ടുപോയെങ്കിലും പിന്നീടുള്ള ദിവസങ്ങളിലും സുബ്ബലക്ഷ്മി തിരികെ വന്നു എന്ന് മാടസ്വാമി പറയുന്നു. ആരും തിരക്കി വന്നതുമില്ല. പിന്നീട് ആരോരുമില്ലാത്ത മാടസ്വാമി സുബ്ബലക്ഷ്മിയെ തിരികെ വിട്ടില്ല. പിന്നീട്  സുഖമില്ലാത്ത സുബ്ബലക്ഷമിയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് മാടസ്വാമിയാണ്.

കമ്പനിരേഖകളില്‍ പേരില്ലാത്തതിനാല്‍ തങ്ങള്‍ക്കിരുവര്‍ക്കും രാജമലയിലെ ക്യാമ്പില്‍ തങ്ങാനായില്ലെന്നും അതുകൊണ്ട് മടങ്ങിവന്ന് ഇവിടെ കഴിയുകയാണെന്നും പറഞ്ഞു. ദുരിതാശ്വാസമായി അയ്യായിരം രൂപ ലഭിച്ചതുകൊണ്ട്  അടിമാലിയില്‍ സുബ്ബലക്ഷ്മിയെ ചികിത്സിക്കാന്‍ കൊണ്ടുപോയ വകയിലുള്ള കടം മടക്കി നല്‍കി. ഞങ്ങള്‍ കാണുന്ന സമയത്ത് ഇരുനൂറ്റന്‍പതു രൂപയും സൗജന്യമായി കിട്ടിയ അരിയും മണ്ണെണ്ണയുമുണ്ട്. എല്ലാവരും മടങ്ങുമ്പോള്‍ വൈകുന്നേരം ആ താഴ്വാരത്ത് രണ്ടുപേരും തനിയെ ആകും. വലിയ ദുരന്തം വന്നു പോയതുകൊണ്ടാവും അവിടെ ആരും ഇവരുടെ കഥ അറിഞ്ഞിട്ടേയില്ലായിരുന്നു.

മാടസ്വാമിയുടെ കഥ കേട്ടിട്ട് ഒന്നും ചെയ്യാനാകാതെ മടങ്ങിയെങ്കിലും മൂന്നാറിലുള്ള പരിസ്ഥിതിപ്രവര്‍ത്തകനും ടൂറിസ്റ്റ് ഗൈഡുമായ മോനിച്ചന്‍ തോമസിനെ വിളിച്ച് വിവരം അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ മോനിച്ചന്‍ തിരികെ വിളിച്ചു. ഇരുവരുടേയും കാര്യം ദേവികുളം പഞ്ചായത്ത് പ്രസിഡന്റായ ദേവികുളം സുരേഷിനെ അറിയിച്ചെന്നും അദ്ദേഹത്തിന്റെ ശ്രമഫലമായി ദുരന്തഭൂമിയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച മൂന്നാര്‍ ജില്ലാ ഭരണകൂടം ഇരുവരേയും സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റിയെന്നും  സുബ്ബലക്ഷ്മിക്ക് ചികിത്സയ്ക്കുള്ള സൗകര്യം ചെയ്യുമെന്നും അറിയിച്ചു. അങ്ങനെ വലിയ ദുരന്തത്തിനിടയിലും ചെറിയ ജീവിതങ്ങളെ സംരക്ഷിക്കാന്‍ മൂന്നാറിനായി.

(ഡോ. പി.എസ്. സുനില്‍, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല ജിയോളജി, ജിയോഫിസിക്സ് വകുപ്പ് മേധാവിയും അസോസ്സിയേറ്റ് പ്രൊഫസറുമാണ്; എ.യു. അനീഷ് മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള കോട്ടയം ഗവണ്‍മെന്റ് കോളേജ് ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com