മഴയോര്‍മ്മ

ഇരമ്പിപ്പെയ്യുന്ന മഴയില്‍ നരി മുരണ്ടാല്‍പ്പോലും ആരു കേള്‍ക്കാന്‍! ചെവികൊണ്ടല്ല, അന്തരംഗം കൊണ്ടാണ് ഇത്തരം സന്ദര്‍ഭങ്ങളെ നേരിടേണ്ടത് എന്നവര്‍ക്കറിയാം
മഴയോര്‍മ്മ

ഴക്കാലം ഓര്‍മ്മിക്കാത്ത ആരുമുണ്ടാവില്ല. മനുഷ്യനും പ്രകൃതിക്കും ജീവദായിനിയാണ് മഴ. അതുകൊണ്ടുതന്നെ മഴക്കാലത്തിനു ഒരു രാഷ്ട്രീയമുണ്ട്. 'മാന്‍മാര്‍ക്ക് കുട' എന്ന് വി.ടി. ഭട്ടതിരിപ്പാട്, ആദ്യമായി മലയാളം കൂട്ടിവായിച്ച കഥ അദ്ദേഹം തന്റെ ആത്മകഥയില്‍ സ്മരിക്കുന്നുണ്ട്. തീര്‍ച്ചയായും അതൊരു മഴക്കാലത്തായിരിക്കുമെന്നു നമുക്ക് ഊഹിക്കാം. അക്കാലത്തെ പ്രധാനപ്പെട്ട കുടക്കമ്പനിയായിരുന്നു മാന്‍മാര്‍ക്ക്.

മഴയുടെ ലഭ്യതയെ ലാക്കാക്കിയായിരുന്നു കേരളീയന്റെ ഉപജീവന-കാര്‍ഷിക പ്രവര്‍ത്തങ്ങള്‍. അക്കാലത്ത്, ഓരോ മനുഷ്യനും ഋതുക്കളുടെ രാഷ്ട്രീയം അറിയാമായിരുന്നു. മാനം ഇരുളുന്നതും പ്രകാശിക്കുന്നതും അവര്‍ മുന്‍കൂട്ടി കണ്ടു. മഴ അവരുടെ സാമൂഹ്യജീവിതത്തേയും നീതി വ്യവസ്ഥയേയും വരെ രൂപപ്പെടുത്തി. പട്ടിണിയും പരിവട്ടങ്ങള്‍ക്കുമിടയ്ക്ക് ഒരു പരിധിവരെ സഹജ സ്‌നേഹവും അനുകമ്പയുംകൊണ്ട് ഒരുവിധം ലോകം പുലര്‍ന്നുപോന്ന കാലം. കുട്ടിക്കാലത്തെ, ഈ കൊടും മഴയത്തിരുന്നു ഓര്‍ത്തെടുക്കുമ്പോള്‍ കഥകളുടെ മഹാമാരിതന്നെ പെയ്യും. കൃഷിയും വിളവുല്പാദനവും നിലച്ചുപോയ, പരിപൂര്‍ണ്ണമായും ഉപഭോഗകാല സംസ്‌കൃതിക്ക് അടിപ്പെട്ട ഉത്തരകാല കേരളത്തിലിരുന്നു പഴയ മഴക്കാലാനുഭവങ്ങള്‍ പറയുമ്പോള്‍, ഒരു ഫ്യൂഡല്‍ പകര്‍ച്ച എന്നൊക്കെ പറഞ്ഞ് അവയെ വേണമെങ്കില്‍ തള്ളിക്കളയാം.

കാലവര്‍ഷമെത്തുമ്പോഴേക്കും പല 'നിറത്തിലുള്ള' അലെര്‍ട്ടുകള്‍ ആയി മാത്രം പരിഭാഷപ്പെടുത്തപ്പെടുന്ന പുതിയ മണ്‍സൂണ്‍ കാലം ഇക്കാലത്തെ തലമുറയ്ക്ക്, മഴക്കാലം നല്‍കുന്ന ഓര്‍മ്മ വേറിട്ടതായിരിക്കും. ചുറ്റുപാടുകളെ ഭയക്കാനും പ്രകൃതിയില്‍നിന്നും മെല്ലെമെല്ലെ പിന്മാറാനും മനുഷ്യരെ തയ്യാറാക്കുന്ന കല്പനകളും മാധ്യമ സാങ്കേതിക സംവിധാനങ്ങളും ഇന്നു സുലഭം. സമൂഹമാധ്യമമെന്ന ചിത്രപേടകത്തിനകത്ത് എന്തും നയസ്ഥാനം നേടുന്ന ഒരുകാലത്ത്, സമൂഹത്തിന്റെ/കാലത്തിന്റെ ചലനനിയമങ്ങളെക്കുറിച്ചുള്ള സമവാക്യങ്ങള്‍ തന്നെ മാറി. കൊവിഡ് കാലം വന്നതോടെ സമൂഹം കുറേക്കൂടി അടഞ്ഞുപോകുകയും പുതിയ തിരിച്ചറിവുകളിലേയ്ക്ക് മനുഷ്യന്‍ ഉണര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഇങ്ങനെയുള്ള ഒരുകാലത്ത്, പഴയ മഴക്കാലത്തെക്കുറിച്ച്, അന്നത്തെ സാമൂഹ്യ മനുഷ്യന്റെ/മനുഷ്യരുടെ വൈകാരികലോകത്തെ ഒരു കഥാഖ്യാന രൂപത്തില്‍, പ്രത്യേകമായ ഒരു സംഭവത്തെ ലാക്കാക്കി പുനര്‍സൃഷ്ടിക്കുകയാണ്, ഈ കഥയും.

പേമാരി-പുഴ-ചംഗുരു- പെരുന്നാള്‍ ഇത്യാദി

പുഴയും പാടവും അണമുറിഞ്ഞാല്‍പ്പിന്നെ, ഭൂമിയില്‍ രാത്രികളില്ല. ഇരമ്പിപ്പായുന്ന പുഴ, നരപ്പുണ്ടികള്‍. കരിഞ്ചണ്ടി കുത്തിയൊലിച്ചുവരിക വെള്ളം കുതിച്ചുകയറുമ്പോഴാണ്. വയലിനും പുഴയ്ക്കുമിടയിലുള്ള വീടുകളിലെല്ലാം വെള്ളം വേട്ടക്കാരനെപ്പോലെ മത്സരിച്ചോടും. കുറ്റിക്കാടുകളില്‍നിന്നും മരങ്ങളില്‍നിന്നും പാമ്പുകളും വിഷജന്തുക്കളും പ്രാണികളും മറ്റു ഇഴജീവികളും വീടുകളിലേക്ക് കുടിയേറിത്തുടങ്ങും. ഓലമേഞ്ഞ ചെറ്റപ്പുരകളാണധികവും.

വയലുകളിലെ മരങ്ങളുടെ ശിരസ്സ് ഉറുമ്പുകളും എട്ടുകാലുകളും വന്നുപൊതിഞ്ഞു പച്ചനിറത്തെ മറയ്ക്കും. പുഴയും പാടവും നിറഞ്ഞു പരസ്പരം ആലിംഗനബദ്ധരായി ചുറ്റും ജീവിക്കുന്നവരുടെ വാഴ്വിന്റെ താളം വേദനാജനകവും ഭീതിദവുമായിത്തീരും. ജലം സൂര്യനസ്തമിക്കാത്തപോലെ അതിന്റെ പ്രകാശം വിതറും. പരസ്പരം കണ്ടുകൊണ്ടിരിക്കാന്‍ സൂര്യന്‍ അസ്തമിക്കല്ലേ എന്നു മനുഷ്യര്‍ പ്രാര്‍ത്ഥിക്കും.

സന്ധ്യയായാല്‍, പുഴയുടെ ഇരമ്പലിനു കനംവെയ്ക്കും. പാതിരാവോടടുക്കുമ്പോള്‍ നിരവധി പ്രേതങ്ങളെ കൂടുതുറന്നു വിട്ടപോലെയാകും പുഴയുടെയാരവം. കൂലംകുത്തുന്ന ഒഴുക്കിലേയ്ക്ക് കാറ്റില്‍ മുറിഞ്ഞുവീഴുന്ന കൂറ്റന്‍ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍. ഒഴുക്കില്‍, ചെറുമരങ്ങളും പൊന്തകളും ചുഴിയില്‍ മുങ്ങിനിവരുന്നതിന്റെ ഒച്ച അകന്നകന്നുപോകുന്ന കരച്ചിലിന്റെ സംഗീതംപോലെ. ഭൂകമ്പംപോലെ, എപ്പോഴാണ് ഒരു പെരുഞ്ചുഴി അണിയടിക്കുന്നപോലെ നദിയിലേക്ക് താണുപോകുകയെന്നറിയില്ല. ഇത്തരമൊരു പേമാരിത്തിന്നുള്ളിച്ചക്കും അണമുറിയുന്ന ദുരിതങ്ങള്‍ക്കും മീതെയാണ് അക്കൊല്ലത്തെ പെരുന്നാള്‍ എത്തിയത്.

നദിക്കരയില്‍ വീടുണ്ടെങ്കില്‍, വീടിനെ നദി അക്രമിക്കുകയില്ലെങ്കില്‍ ഇതുപോലൊരു സുഖവാസം വേറെയെവിടെ? അതുകൊണ്ടായിരിക്കാം, ആണുങ്ങള്‍ എല്ലാം ഉറക്കമായിരുന്നു. മൈലാഞ്ചിയിട്ട് നിലകൊണ്ടു കൈകള്‍ പൊതിഞ്ഞുകെട്ടി കുട്ടികള്‍ നേരത്തെ കിടന്നിരിക്കുന്നു. കൂട്ടുകുടുംബങ്ങളായതിനാല്‍, മൈലാഞ്ചിയിടാന്‍ ഊഴം കാത്തുനില്‍ക്കുന്ന പെണ്ണുങ്ങള്‍ പാതിമയക്കത്തിലേയ്ക്ക് വീണുതുടങ്ങിയിരിക്കും.
 
അപ്പോഴും വീട്ടില്‍ ഉറങ്ങാതിരിക്കുന്ന രണ്ടാളുണ്ട്-ബാപ്പിയും ഉമ്മയും. എപ്പോഴാണ് പുഴ പാടം മുറിച്ചുകടക്കുക എന്നറിയില്ലല്ലോ. അങ്ങനെ സംഭവിച്ചാല്‍ അക്കരെ, ഒരുപറ്റം മനുഷ്യര്‍ അവരവരുടെ വീടുകളില്‍നിന്നും പുറത്താകും. എപ്പോഴാണ് അക്കരെനിന്നു ഉല്‍ക്കണ്ഠയുടെ കൂവല്‍ എത്തുക എന്നറിയില്ല-തോണിക്കായുള്ള വിളിയാളം.

ഇരമ്പിപ്പെയ്യുന്ന മഴയില്‍ നരി മുരണ്ടാല്‍പ്പോലും ആരു കേള്‍ക്കാന്‍! ചെവികൊണ്ടല്ല, അന്തരംഗം കൊണ്ടാണ് ഇത്തരം സന്ദര്‍ഭങ്ങളെ നേരിടേണ്ടത് എന്നവര്‍ക്കറിയാം. ശീതത്തിന്റെ സുഖദസ്പര്‍ശങ്ങളില്‍ മനസ്സാക്ഷികൊണ്ട് കണ്ണടഞ്ഞുപോകുന്നത് പിടിച്ചുനിര്‍ത്തണം. കൂട്ടു ജീവിതത്തിന്റെ താളമേളങ്ങളില്‍നിന്നും അന്നത്തെ മനുഷ്യര്‍ സ്വായത്തമാക്കിയത്.

പെട്ടെന്നൊരു കൂവിവിളി കേട്ടതായി തോന്നിയ ബാപ്പി പുറത്തേക്കിറങ്ങി.
''ചംഗുരോ?''

മഴക്കാലം തിമിര്‍ത്താല്‍ ചംഗുരുവിനു ഭ്രാന്ത് വരും. ഇടവപ്പാതിയുടെ മഴയോടൊപ്പമാണ് ചംഗുരുവിന്റെ ഭ്രാന്തുമെത്തുക. കൊലായില്‍, ചെറ്റുപടിയില്‍ ഒറ്റമുണ്ടുടുത്തു ഉറങ്ങിക്കിടക്കുകയാണ് ചംഗുരു. പുതപ്പ് പുതയ്ക്കാതെ തലയ്ക്കു വെക്കുകയാണ് പതിവ്. പില്‍ക്കാലത്തു വൈക്കം മുഹമ്മദ് ബഷീറിന്റെ ശീലങ്ങളെ വായിച്ചപ്പോള്‍ ഒക്കെ ചംഗുരുവിനെ ഓര്‍ത്തിട്ടുണ്ട്. ബഷീര്‍, തലയിണ നെറ്റിയിലത്രേ വെച്ചിരുന്നത്. ഉന്മാദംനിറഞ്ഞ ജീവിതത്തെപ്പോലെ സുരഭിലമായ മറ്റെന്തുണ്ട് ഈ ഭൂമിയില്‍?

''തമ്പാരാ'' -ബാപ്പിയെ അയാള്‍ അങ്ങനെയാണ് വിളിച്ചിരുന്നത്.

ഇരുട്ടില്‍നിന്നു ബലകായസ്ഥമായ ഒരു കൂരിരുള്‍ എഴുന്നേറ്റുനിന്നപോലെ, ചംഗുരു. തന്റെ ദൗത്യം ആയി എന്നറിഞ്ഞു അയാള്‍ ഉണര്‍ന്നു. പെരുമഴയിലൂടെ ചംഗുരു പുഴയിലേക്കോടി. വീടിന്നരികിലെ തോണ്ടാല്‍ എന്നു വിളിക്കുന്ന വന്‍ കിടങ്ങിലേയ്ക്ക് പുഴ ഇരച്ചുകയറിയിട്ടുണ്ട്. കല്ലുകൊണ്ട് പടവുകള്‍ പവിയുണ്ടാക്കിയിരിക്കുന്ന കടവിന്റെ ഒരറ്റത്ത് പുളിമാവിന്റെ പെരുമ്പാമ്പ് വണ്ണമുള്ള വേരില്‍ കെട്ടിയിട്ട തോണി കൂറ്റന്‍ തിരകള്‍ക്കു മീതെ കൊമ്പന്‍സ്രാവിനെപ്പോലെ ഓടിക്കളിക്കുന്നു. മഹാവരിഷമായാല്‍ കയറുപോരാഞ്ഞ് ഒരു ഇരുമ്പുചങ്ങല കൂടി തോണിയുടെ കഴുത്തിലിടും.
 
ഇരുട്ടില്‍, ചംഗുരു പുളിമാവിന്റെ വേരിനെ തപ്പി നീന്തി. തോണിച്ചങ്ങല കയ്യില്‍ കിട്ടി. അതിനെയഴിച്ചു. തന്റെ ഭ്രാന്തിനെ ശമിപ്പിക്കാന്‍ ഭ്രാന്തെടുത്ത പുഴയ്ക്കല്ലാതെ മറ്റാര്‍ക്കു കഴിയും? ഒരു യോദ്ധാവിന്റെ മട്ടില്‍, പങ്കായമെടുത്ത് തോണിയെ വന്‍ചുഴികള്‍ക്കു മീതെ വലിച്ചുവിട്ടു.

തോണ്ടാലില്‍ ഇടതൂര്‍ന്നു വളര്‍ന്നുനില്‍ക്കുന്ന ധാരാളം പനകളുണ്ട്. പനങ്കുലകള്‍പോലെയുള്ള കട്ടച്ച മുടി ഞാനാദ്യം കാണുന്നത് ചംഗുരുവിന്റെയാണ്. അയാളുടെ കുടുംബത്തെക്കുറിച്ചു ബാലനായ എനിക്കൊന്നും അറിയില്ലായിരുന്നു. എനിക്ക് ഓര്‍മ്മയുറച്ച കാലത്തേ അദ്ദേഹത്തെ, ഞാന്‍ വരാന്തയിലും മുറ്റത്തും കാണുന്നുണ്ട്. മൗനിയാണ്. ചോദിച്ചതിന് എന്തെങ്കിലും പറഞ്ഞാലായി. ചിലപ്പോള്‍ അയാള്‍ കുറച്ചുകാലം അപ്രത്യക്ഷമാവും. പിന്നെയും വരും. എവിടെയായിരുന്നു എന്നു ചോദിച്ചാല്‍ ഒന്നു മൂളും, അത്രതന്നെ. അതുകൊണ്ടുതന്നെ, വംശാവലിയില്ലാത്ത കരുത്തുറ്റ ഒറ്റവംശംപോലെ ചംഗുരു എന്റെ മനസ്സില്‍ പൂത്തുനിന്നു.

തോണി പോയ വിവരമറിഞ്ഞു, ഉറക്കച്ചടവില്‍നിന്നെഴുന്നേറ്റു ആണുങ്ങള്‍ പലരും വരാന്തയില്‍ വന്നുതുടങ്ങി. മഴയിലൂടെ അക്കരെയെന്ന അദൃശ്യലോകത്തെ നോക്കിനിന്നു. അരമണിക്കൂറായില്ല, കാറ്റിന്റെ വേഗതയില്‍ ചംഗുരു തോണിയുമായെത്തി. ബാപ്പി പിടിച്ച പാനൂസ് വിളക്കിന്റെ വെട്ടത്തില്‍, മനുഷ്യര്‍ മാത്രമല്ല, കുറെ കോഴികളും ആടുകളും ചട്ടിയും കലങ്ങളുമടങ്ങുന്ന പത്തുപന്ത്രണ്ടു പേരുടെ ഒരു വംശം തന്നെ കരയിലിറങ്ങി. പലതരം വികാരങ്ങളുടെ സംഗീതക്കച്ചേരി. ഞങ്ങളുടെ ജീവിതം അപ്പാടെ പോയല്ലോ എന്നായിരുന്നു അതിന്റെ ആധാരശ്രുതി.

''വേഗമിറങ്ങിന്‍ മാപ്ലരെ, പെണ്ണുങ്ങളേ, അക്കരെ ഇനിയുമില്ലേ മന്‍സന്മാര്‍. നേരം വെളുത്താല്‍ പെരുന്നാള്‍ ഉള്ളവരും ഇല്ലാത്തവരും.'' ചംഗുരു തീപിടിച്ച കാറ്റുപോലെ ഇളകിമറിയുന്ന ചുഴികള്‍ക്കുമീതെ വീണ്ടും തോണി തിരിച്ചു.

കരക്കിറങ്ങിയ ജനത പാനൂസ് വിളക്കിന്റെ വെട്ടത്തില്‍ ബാപ്പിയുടെ കൂടെ വീട്ടിലേക്കു കയറുകയാണ്. ഉറങ്ങിക്കിടന്ന ആണും പെണ്ണുമെല്ലാം ആ കാഴ്ച കാണാന്‍ പൂമുഖത്തെത്തിയിട്ടുണ്ട്. ബാപ്പിയുടെ മന്ദ്രമധുരമായ പെരുന്നാള്‍ തക്ബീറില്‍ എത്ര പെട്ടെന്നാണ് അവരൊക്കെ വേദന മറന്നു ഒറ്റ ജനതപോലെ ഒട്ടിച്ചേര്‍ന്നത്? എല്ലാര്‍ക്കും തണുപ്പത്ത് കുടിക്കാന്‍ ഉമ്മയുടെ വക ചുടു കട്ടങ്കാപ്പി.

ഉന്മാദത്തിന്റെ ചൊരുക്കില്‍ നേരം വെളുക്കുവോളം ചംഗുരു ആളുകളെ കരക്കടുപ്പിച്ചു. വീണ്ടും ഇരുട്ടിലേയ്ക്ക് കുതികൊള്ളുന്ന തോണിയുടേയും കാറ്റും കോളും കൊണ്ടു മൂടിയ പുഴയുടേയും ചുഴികള്‍ വട്ടംകറങ്ങി താണുപോകുന്ന ദൃശ്യ ശബ്ദവീചികളുടേയും ഓര്‍മ്മകളില്‍ ആ രാത്രി ഒടുങ്ങി.
 
നേരം വെളുത്തപ്പോള്‍ വീട്ടിലെ സ്ത്രീകളും കുട്ടികളും മൈലാഞ്ചിയുടെ ഈണവും താളവും പാടിപ്പറഞ്ഞു നടക്കുമ്പോള്‍ അക്കരെനിന്നെത്തിയ പെണ്ണുങ്ങളുടേയും കുട്ടികളുടേയും കൈവെള്ളയിലേയ്ക്ക് ഞാന്‍ ഒളികണ്ണിട്ടുനോക്കി-ആരും മൈലാഞ്ചിയിട്ടിട്ടില്ല.

പെരുന്നാള്‍ പള്ളിക്കു പോകാന്‍ പെരുന്നാള്‍കുളി കുളിക്കണം. ബാപ്പിയോടൊപ്പം ഞാന്‍ തെളിഞ്ഞൊഴുകുന്ന ചോലയിലേയ്ക്ക് പോയി. ചിലങ്കചുറ്റി നൃത്തം ചെയ്യുന്ന ചോലയുടെ സംഗീതത്തെ മറികടന്നു ബാപ്പിയോട് ഞാന്‍ ചോദിച്ചു: ''അക്കരെനിന്നു വന്നവര്‍ ആരും കയ്യില്‍ മൈലാഞ്ചി ഇട്ടിട്ടില്ല.''

ഒരു കുസൃതിയുത്തരം ഓടിയെത്തി, ''കുട്ടി ശൈത്താനെ, ഈ പൊഴ മുഴോന്‍ ചോന്ത മൈലാഞ്ചി ഇട്ടിരിക്കുന്നത് കണ്ടില്ലേ. ഇനി ഓലും കൂടി മൈലാഞ്ചിയിടണോ?''

അന്ന് അപ്പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് പിടികിട്ടിയില്ല. കുളികഴിഞ്ഞു മുറ്റത്തു മടങ്ങിയെത്തിയപ്പോള്‍ കണ്ടു-വരാന്തയിലെ തെക്കേ ചെറ്റുപടിയില്‍ ചംഗുരു കൂര്‍ക്കം വലിച്ചുറങ്ങുന്നു-ലോകത്തു ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com