ജ്ഞാനപീഠ ജേതാവിന്റെ വഴിയിലെ ചൂണ്ടിപ്പലകകള്‍

ജ്ഞാനപീഠ ജേതാവിന്റെ വഴിയിലെ ചൂണ്ടിപ്പലകകള്‍

അക്കിത്തത്തിന്റെ അഹംബോധത്തിനു തിരികൊളുത്തിയത് ഇടശ്ശേരിയാണെന്നു പറയാറുണ്ട ്. പക്ഷേ, രാഷ്ട്രീയത്തിലേക്കു പോകരുത്, അവിടെ നീ തോറ്റമ്പും എന്ന് ഉപദേശിച്ചത് സ്വന്തം പിതാവായിരുന്നു.

രെ നീ പണിപ്പെട്ടു പോറ്റിയതക്കുഞ്ഞിതാ
കേരള സാഹിത്യത്തിന്‍ ഭാഗ്യതാരമായ്‌പ്പൊങ്ങീ
ഭാരതപ്പുഴേ പാടൂ നിത്യമംഗളഗാനം നിന്റെ
മാനസപുത്രന്‍ വിശ്വകവിയായുയര്‍ന്നല്ലോ''

പി. കുഞ്ഞിരാമന്‍ നായര്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചപ്പോള്‍ കവിയുടെ കാല്‍പ്പാടുകളില്‍ എന്റെ സഹപാഠിയും കവിയുമായിരുന്ന സുധാകരന്‍ തേലക്കാടു സമര്‍പ്പിച്ച ഈ വരികള്‍ നൂറ്റാണ്ടിന്റെ കവി അക്കിത്തം ജ്ഞാനപീഠ പുരസ്‌കാരത്തിലൂടെ ദേശീയ കവിയായി സമ്മാനിതനാകുമ്പോഴും അര്‍ത്ഥവത്താവുന്നു.

പി.യെപ്പോലെ സാത്വികതയുടെ ശുഭ്രതയില്‍ മലയാളത്തെ കുളുര്‍പ്പിച്ച കവിയാണ് അക്കിത്തവും. മലയാളിത്തത്തിന്റെ ഗൃഹാതുരതയുടെ മധുരം അക്കിത്തം കവിതകളിലും നമുക്ക് നുണയാം.

''അമ്പലപ്രാവിന്‍ കുറുകലാട്ടെ
തുമ്പക്കുടത്തിന്‍ തിളക്കമാട്ടെ
വിസ്മരിക്കാന്‍ വയ്യ കോവിലിന്‍ മുറ്റത്തെ
കൃഷ്ണത്തുളസി തന്‍ ഗന്ധംപോലും.''
    (മറുനാടന്‍ മലയാളിയുടെ പാട്ട്)

ഈ കാവ്യസൗരഭ്യത്തിന് മലയാളക്കര കടപ്പെട്ടിരിക്കുന്നു.
'സമുദ്ര വസനയും പര്‍വ്വതസ്തനമണ്ഡല'യുമായ ഭൂമാതാവിന്റേയും മക്കളായ ചരാചരങ്ങളുടേയും നിലനില്‍പ്പിനെച്ചൊല്ലി അക്കിത്തവും അസ്വസ്ഥനാണ്. വഴിവക്കില്‍ ചിരിച്ചുനില്‍ക്കുന്ന പൂവിലും കവി കാണുന്നത് കണ്ണീര്‍ത്തുള്ളിയാണ്. ''നിന്നെക്കൊന്നവര്‍ കൊന്നൂ പൂവേ-തന്നുടെ തന്നുടെ മോക്ഷത്തെ'' എന്ന പരിഭവംപോലും നമ്മുടെ നൈതികതയിലാണ് ചെന്നുകൊള്ളുന്നത്.

കണ്ണാന്തളിപ്പൂക്കളും കശുമാവിന്‍ പഴങ്ങളും തുടുത്തു കുഴഞ്ഞുനില്‍ക്കുന്ന ചരല്‍ക്കുന്നുകള്‍ നിറഞ്ഞ ഒരു നിളാതീര ഗ്രാമത്തിന്റെ മാനസപുത്രരാണ് അക്കിത്തവും എം.ടി. വാസുദേവന്‍ നായരും. ഒരേ വിദ്യാലയത്തില്‍ സീനിയറും ജൂനിയറുമായി പഠിച്ചുപോന്ന ഇവര്‍ പിന്നീടു സാഹിത്യജീവിതത്തിലും സ്‌കൂള്‍മേറ്റുകളായി. പരിചിതമായ ഭൂഖണ്ഡത്തില്‍നിന്നു പുറത്തു കടക്കാനിഷ്ടപ്പെടാത്ത എഴുത്തുകാരായി. ജ്ഞാനപീഠ ജേതാക്കള്‍ എന്ന പ്രശസ്തിയിലും ഇപ്പോള്‍ ഒരുപോലെ പങ്കുചേര്‍ന്നു. ആ ഔന്നത്യത്തിന്റെ അഭിമാനം ഈ കുന്നുകള്‍ക്കുമുണ്ട്.

കൂരിരുട്ടിനെ ഒളിപ്പിക്കുന്ന സര്‍പ്പക്കാവുള്ള മാടത്തു തെക്കേപ്പാട്ടു തറവാടാണ് എം.ടിയുടേത്. തണുത്ത കാവുകള്‍ പതിയിരിക്കുന്ന മനവളപ്പിലാണ് അക്കിത്തത്തിന്റെ ജനനം. കുന്തിപ്പുഴ ജ്യേഷ്ഠത്തിപ്പുഴയോടു ചേരുന്ന തീരത്ത് നിളയിലെ ഓളങ്ങള്‍ പാവാടത്തുമ്പുപോലെ ഇളക്കിമറിയുന്നതാണ് എം.ടി. ബാല്യം മുതല്‍ കാണുന്നത്. അക്കരെയുള്ള മാതൃഗൃഹത്തിലേക്കു വാലിയക്കാരന്റെ തോളിലിരുന്ന് പുഴ മുറിച്ചുകടന്ന കുട്ടിക്കാലത്തെ ഓര്‍മ്മകളാണ് അക്കിത്തത്തിന്റേത്.

''തിരുവാതിര ഞാറ്റുവേലയാണത്രേ കാലിന്‍
ഞെരിയാണികള്‍പോലും നനയാതെ ഞാന്‍ നില്പൂ
ഭാരതപ്പുഴയുടെ മദ്ധ്യാഹ്നച്ചുടുവെയില്‍-
ത്താരയില്‍, കാലിന്‍ ചോട്ടിലെന്‍ നിഴലൊളിക്കുന്നു''

എന്ന ഇന്നത്തെ ദുരവസ്ഥയില്‍ ദുഃഖിതരാണ് ഇരുവരും ഒരുപോലെ.
മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ കുമരനല്ലൂരില്‍ ഒരു ഹൈസ്‌കൂള്‍ ഉണ്ടായത്. അക്കിത്തത്തിനും എം.ടിക്കും അനുഗ്രഹമായി. തെക്കെ മലബാറില്‍ ഇത്ര വളരെ ജനപഥങ്ങളെ അനുഗ്രഹിച്ച മറ്റൊരു ആള്‍മാമേറ്റര്‍ (Alma Mater) ഇല്ല എന്നാണ് ഇപ്പോള്‍ അശീതിപ്രായമായ ആ വിദ്യാലയത്തെപ്പറ്റി അക്കിത്തം പറയുക. കുന്ന് കേറിമറിഞ്ഞ് എട്ടു കിലോമീറ്ററോളം വഴി നടന്നുവേണം കൂടല്ലൂരില്‍നിന്ന് അന്ന് കുമരനല്ലൂരിലെത്താന്‍. അതിനാല്‍ എം.ടിയും സഹോദരന്മാരും കുമരനല്ലൂരില്‍ത്തന്നെ വീടെടുത്ത് താമസമാക്കി. സ്‌കൂള്‍ ലൈബ്രറിയില്‍ അന്ന് പുസ്തകങ്ങള്‍ ചുരുക്കം. വായിക്കാനാഗ്രഹിച്ച പുസ്തകങ്ങളും ആനുകാലികങ്ങളും കവിയുടെ വസതിയില്‍നിന്നാണ് സ്വാതന്ത്ര്യത്തോടെ എടുത്തുകൊണ്ടുവന്നത്. അങ്ങനെയാണ് ആ ഗുരുകുല ബന്ധത്തിനു തുടക്കം. രണ്ടു ജ്ഞാനപീഠ ജേതാക്കളെ സംഭാവന ചെയ്ത ഈ പൂര്‍വ്വവിദ്യാലയം ഗ്രാമപഞ്ചായത്തിനോടു ചേര്‍ന്ന് 'അക്കിത്തം അച്യുതം' എന്ന പേരില്‍ സാംസ്‌കാരികോത്സവം ഒരുക്കിയപ്പോള്‍ ജ്യേഷ്ഠതുല്യനായ കവിക്കൊപ്പം ഓര്‍മ്മകള്‍ പങ്കിടാന്‍ സ്വന്തം ശാരീരിക അവശതകള്‍ക്കിടയിലും 'വാസു' എത്തിയിരുന്നു.

''ജര വന്നാലെന്തുള്ളു, നര വന്നാലെന്തുള്ളു-ഒരു യുവാവെന്നും യുവാവു തന്നെ'' എന്ന് കേസരി ബാലകൃഷ്ണപിള്ളയ്ക്ക് 80 വയസ്സായപ്പോള്‍ ആശംസിച്ച അക്കിത്തത്തിന് ഇപ്പോള്‍ 95 വയസ്സിന്റെ നിറയൗവ്വനം. യാത്രയ്ക്കുപോലും പറ്റാതായി. അപ്പോഴാണ് ഈ പുരസ്‌കാരലബ്ധി. ഭാരതീയ ജ്ഞാനപീഠം സമിതി ഭാരവാഹികളും കേരള സാംസ്‌കാരിക വകുപ്പും ജ്ഞാനപീഠം അവാര്‍ഡ് സമിതി ചെയര്‍പേഴ്‌സണും ജ്ഞാനപീഠ ജേതാവുമായ പ്രതിഭാ റായ് തുടങ്ങിയവര്‍ മല മുഹമ്മദിനെ എന്നപോലെ കേരള മുഖ്യമന്ത്രിയുടേയും സാംസ്‌കാരിക മന്ത്രിയുടേയും നേതൃത്വത്തില്‍ അമേറ്റിക്കരയിലെ 'ദേവായന'ത്തിലേക്ക് അക്കിത്തത്തെ തേടിവരുകയായിരുന്നു. വളരെ പ്രിയപ്പെട്ട സുഹൃത്തുകളുടെ സദസ്സിനെ സാക്ഷിയാക്കി പുരസ്‌കാരവും അഭിവാദനങ്ങളും നേരിട്ടും 'ഓണ്‍ലൈന്‍' ആയും അര്‍പ്പിക്കുകയായിരുന്നു. ''ഇതു ഞാനാണ്, വാസു. യാത്രയ്ക്കു പറ്റാത്തതിനാല്‍ ഓണ്‍ലൈനിലാണ് നില്‍പ്പ്. എന്റെ ആഹ്ലാദവും അറിയിക്കുന്നു'' എന്ന് എം.ടി. ക്ഷമാപണം ചെയ്തു. ''ഇല്ലെനിക്കു പരാതിയിന്നാരൊടും ഉള്ളതെല്ലാവരോടും കൃതജ്ഞത'' എന്ന് ഹൃദയം തുളുമ്പിയ മറുപടി പ്രസംഗം മകനും ചിത്രകാരനുമായ അക്കിത്തം വാസുദേവനും വായിച്ചു സമര്‍പ്പിച്ചു.

ജന്മദേശമായ അമേറ്റിക്കരയുടെ പേര് 'അമേരിക്ക' എന്ന് കവറിലെഴുതിയ കത്തുകള്‍ വരാറുണ്ടെന്ന് അക്കിത്തം ഒരിക്കല്‍ പറഞ്ഞിരുന്നു. പ്രിയപ്പെട്ട മുറുക്കാന്‍ ചെല്ലവും ഉപേക്ഷിക്കുന്നതിനുമുന്‍പ് കവിതയുടെ ദീര്‍ഘയാനത്തിനിടയില്‍ ഉള്ളുതുറന്ന ചില വാങ്മയചിത്രങ്ങള്‍ പുറത്തെടുക്കുകയുണ്ടായി. കവിയുടെ അമേരിക്കന്‍ യാത്രയ്ക്കുശേഷം മടങ്ങിവന്ന സന്ദര്‍ഭം. അമേരിക്കയിലെ മിനിയാപ്പിള്‍സും ഗ്രാമമാണ്. പക്ഷേ, അവിടെ ആളുകള്‍ കുറവാണ്. ഇവിടെ കൂടുതലും. സൗന്ദര്യബോധം, സമ്പല്‍സമൃദ്ധി എന്നിവകളിലും അമേറ്റിക്കര വളരെ പിന്നിലാണ്. എങ്കിലും വിദ്യാഭ്യാസമുള്ളവരാണ് അമേറ്റിക്കര നിവാസികള്‍. തന്മൂലം പൗരാണിക ശുകപുരം ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ആളുകള്‍ ഇപ്പോള്‍ ചോദിക്കുന്നത് 'അമേറ്റിക്കര ആകപ്പാടെ അമേരിക്കയായി മാറുന്നുണ്ടോ?'' എന്നാണ്.

നാല്‍പ്പതു കൊല്ലത്തോളം കോഴിക്കോട്ടും തൃശൂരിലും മറ്റുമായി ജോലിചെയ്യുമ്പോള്‍ അമേറ്റിക്കരയില്‍ വന്നുപോയ്ക്കൊണ്ടിരുന്ന യാത്രികന്‍ മാത്രമായിരുന്നു താന്‍. കൊച്ചുവീടു നിര്‍മ്മിച്ച് ഇവിടെ സ്ഥിരതാമസമുറപ്പിച്ചപ്പോള്‍ നോക്കുന്നിടത്തെല്ലാം കള്ളിമുണ്ടും കുറ്റിത്താടിയുമുള്ള യൗവ്വനശാലികള്‍-അക്കിത്തം പറഞ്ഞു.

ഇരുപതുകളിലെ (1920) കവിയുടെ ബാല്യ ഓര്‍മ്മകള്‍ക്ക് ഒരു തേയ്മാനവും സംഭവിച്ചിട്ടില്ല. താന്‍ ജനിച്ച ശുകപുരം ഗ്രാമം വൈദിക മന്ത്രോച്ചാരണങ്ങളോടെ പ്രദക്ഷിണം വെച്ച് ഏകീകരിച്ചതാണെന്നു കേട്ടുകൊണ്ടാണ് വളര്‍ന്നത്. രണ്ടായിരത്തോളം വീടുള്ള അമേറ്റിക്കര ഗ്രാമത്തിന്റെ കുറച്ചുഭാഗം മാത്രമേ ഇന്നത്തെ പാലക്കാടു ജില്ലയിലുള്ളൂ. മുക്കാലേ അരയ്ക്കാല്‍ ഭാഗവും പടിഞ്ഞാറ് മലപ്പുറം ജില്ലയിലാണ്. കുതിരപ്പുറത്തു യാത്രചെയ്തിരുന്ന തെക്കിനിയേടത്തു നാരായണന്‍ നമ്പൂതിരിയുടെ കാലത്ത് ആ ഇല്ലത്ത് രണ്ട് ആനയുണ്ടായിരുന്നു. കുട്ടിയാന അകത്തൊക്കെ ഓടിനടന്നിരുന്നു. നടുമുറ്റത്തു വെയിത്തുവെച്ച ഉപ്പിലിട്ടതിന്റെ ഭരണി നക്കിത്തുടച്ച് തുള്ളിക്കളിച്ച ആനക്കുട്ടി പ്രസിദ്ധനായിരുന്നു.

മറ്റെല്ലാവരും രോഗമുണ്ടെങ്കില്‍ മഞ്ചലിലും ഡോലിയിലും കയറിയാണ് യാത്ര ചെയ്തിരുന്നത്. മഴക്കാലത്ത് പാടങ്ങളിലെ തോടുകളില്‍ വെള്ളം പൊന്തി പാടം പുഴപോലെ ഇരുകരയും മൂടിനില്‍ക്കുക പതിവായിരുന്നു. എണ്ണാഴി വാസുദേവന്‍ സോമയാജിപ്പാട് മാത്രമാണ് തൊണ്ണൂറ്റിയെട്ടിലെ വെള്ളപ്പൊക്കത്തില്‍ കുറ്റിപ്പാലയില്‍നിന്ന് അമേറ്റിക്കരയ്ക്കു നീന്തിക്കടന്നത്.

അക്കിത്തിരിമാരും ചോമാതിരിമാരും നാലുകെട്ടുകളുമുള്ള ആ ഗ്രാമത്തിലെ നമ്പൂതിരിമാര്‍ സാധാരണ ദിവസങ്ങളില്‍ മൂന്നു മണിക്ക് എഴുന്നേറ്റ് കുളിച്ച് സന്ധ്യാവന്ദനവും സൂര്യനമസ്‌കാരവും തേവാരവുമായി ഉച്ചവരെ ഉപവസിക്കുന്നവരായിരുന്നു. ഇല്ലത്തു കാപ്പി നടപ്പാക്കിയത് കവിയുടെ അച്ഛന്‍ ആയിരുന്നു. അച്ഛന്റെ മുന്‍ഗാമികളില്‍ വല്ലപ്പോഴുമൊക്കെ ഉച്ചതിരിഞ്ഞ സമയത്ത് കൊത്തമ്പാലക്കാപ്പി കുടിക്കല്‍ ഉല്പതിഷ്ണത്വമായി കുറേശ്ശെ കൊണ്ടുനടന്നു.

മാറ്റത്തിന്റെ കാര്‍മേഘങ്ങള്‍ തലയ്ക്കു മുകളില്‍ ഉരുണ്ടുകൂടുന്ന കാലവും. യോഗക്ഷേമ സഭയുടേയും യുവജനസംഘത്തിന്റേയും നേതൃത്വത്തില്‍ യാഥാസ്ഥിതികത്വത്തിനോടും ജന്മിത്തത്തിനോടും കലഹങ്ങള്‍ തുടങ്ങി. ''പൗരുഷത്തിന്‍ തുടിപ്പുകളാണെന്‍ ചോരക്കുഴലില്‍ പ്രതിദ്ധ്വനിപ്പൂ സദാ'' എന്ന് പഞ്ചവര്‍ണ്ണക്കിളികളെക്കൊണ്ടു കൂടി പടപ്പാട്ടു പാടിച്ച പ്രായം അക്കിത്തത്തിനും. കവിതയുടെ തിരുവുടലില്‍ വാള്‍പിടിപ്പിച്ച സമരകവിതകള്‍ അക്കിത്തവും എഴുതി. 'മനോരഥം' അത്തരത്തിലുള്ള കവിതകളുടെ സമാഹാരമാണ്.

വയലിലേക്കിറങ്ങാന്‍ ആഹ്വാനം

മറ്റുള്ളവരുടെ പ്രത്‌നഫലത്തെ കാത്തുനില്‍ക്കാതെ കൃഷി തുടങ്ങിയ ജോലികളിലേര്‍പ്പെട്ടു സ്വാശ്രയജീവിതം നയിക്കാന്‍ തയ്യാറാകണമെന്നായിരുന്നു അന്നത്തെ സാമുദായിക നേതാക്കളുടെ ആഹ്വാനം. അതുകേട്ട് നാലുകെട്ടുകളില്‍നിന്നു പുറത്തിറങ്ങിയവര്‍ക്ക് ആവേശം വിതറാന്‍ അക്കിത്തവും എഴുതിക്കൂട്ടി. സാളഗ്രാമക്കല്ലിനെ പൂജിച്ചു സമയം കളയാതെ വയലിലിറങ്ങാന്‍ വരൂ എന്ന് സ്വന്തം പത്‌നിയെ ക്ഷണിക്കുന്ന ഒരു കവിത പലരും പാടിനടന്നിരുന്നു. അത്തരമൊരു രചന അക്കിത്തംപോലും ഇപ്പോള്‍ ഓര്‍മ്മിക്കുന്നുണ്ടാവില്ല. ജ്ഞാനപീഠ ജേതാവ് നടന്ന വഴികളിലെ ചില ചൂണ്ടിപ്പലകകള്‍ കാണിക്കാനായി ആ കവിത ഇവിടെ പകര്‍ത്തുന്നു:

''വരികെന്റെ കൂടെ നീ കരിയും നുകവുമായ്
പൊരിവെയിലാംമുന്‍പെച്ചാലെടുക്കാന്‍
തെളിവെള്ളിനക്ഷത്രം വിതറും വെളിച്ചത്തു
കുളിര്‍മഞ്ഞില്‍പ്പാടത്തു കന്നുപൂട്ടാന്‍, സഖി,
പെരുംതൃക്കോവിലപ്പനെക്കഴുകി നീ സമയം കഴിക്കരു-
തിനിയുമേവം സഖി, സാളഗ്രാമത്തെ-
ക്കല്ലിനെ പൂജിച്ചു സമയം കളയരുതിനിയുമേവം
വയറെരിഞ്ഞീടവേ, തല പുകഞ്ഞീടവേ
വയലല്ലാതെന്തൊരു ശരണമുള്ളൂ?
പതിവില്ല പണ്ടൊന്നുമന്തര്‍ജ്ജനങ്ങളീ-
പ്പണി ചെയ്യാന്‍ പാടത്തിറങ്ങലെന്നോ?
വരിക നീ, ഞാനിതാ കന്നിന്റെ കയറഴി-
ച്ചൊരു ഞൊടികൊണ്ടു നിന്‍ പുറകെയുണ്ടേ 
പതിവില്ല പണ്ടൊന്നുമന്തര്‍ജ്ജനങ്ങളീ-
പ്പണി ചെയ്യാന്‍ പാടത്തിറങ്ങലെന്നോ?
എഴുന്നേല്‍ക്കൂ കന്നിനിക്കാടി കൊടുത്തു നിന്‍
വഴിയെത്തെളിച്ചിതാ ഞാനുമുണ്ടേ 
പഴമക്കാരെതിരിട്ടാലതിലെന്തു പേടിക്കാന്‍
പറയുവാനുണ്ടല്ലോ കാരിയങ്ങള്‍.
വടിയെടുത്തോതിക്കന്‍ തടയുമെന്നോ ഭയം
തടയില്ല പറയും ഞാന്‍ കാരണങ്ങള്‍.
അവരൊന്നുമല്ലല്ലോ നമ്മളെപ്പോറ്റുന്ന-
തതിനൊക്കെ നാം തന്നെ വേണമല്ലോ?''

വയലിലേക്കിറങ്ങൂ എന്ന വിളി ഓരോ ആണാളില്‍നിന്നും പെണ്ണാളില്‍നിന്നും  മുഴങ്ങേണ്ട  സമയമാണിപ്പോഴും. കാര്‍ഷിക സംസ്‌കൃതിയുടെ പുനരുജ്ജീവനം നാടിന്റെ ക്ഷേമത്തിനാവശ്യമായ പുതിയ നാളുകളിലും പഴയ ഈ കവിതയുടെ ആശയം അപ്രസക്തമാവുന്നില്ല.

കവിമനസ്സില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തേര് ഉരുളുകയായി പിന്നെ. കര്‍ഷകന്റെ നെടുവീര്‍പ്പാണ് നെല്ലോല. അവന്റെ കണ്ണീര്‍മുത്തുകള്‍ നെന്മണികളും. എന്നാല്‍, പ്രയത്‌നത്തിന്റെ ഫലം അനുഭവിക്കുന്നത് മറ്റൊരുത്തന്‍. ഉല്പന്നങ്ങള്‍ വിറ്റഴിക്കുമ്പോഴുള്ള കൂറ്റന്‍ ലാഭം നിര്‍മ്മാതാവിനല്ല എന്നറിയുമ്പോള്‍ കാളരാത്രികള്‍ കടന്നുവരുന്നതാണ് 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന കാവ്യത്തിന്റെ ഉള്ളടക്കം. തമസ്സാണ് സുഖപ്രദം എന്ന് കവിയെക്കൊണ്ട് എഴുതിച്ചതും ആ രാത്രികളാണ്.

''ആരോ പാടത്തു ചാലുകള്‍ കീറി
ആരോ വിത്തിട്ടു പൊന്‍പൊടി മണ്ണില്‍
ആരോ നീക്കിയ കളകളെ, കൊയ്യാ
നാരോ പുന്നെല്‍ക്കുലകളെ നാളെ''

എന്ന വൈരുദ്ധ്യം 'പുത്തന്‍ കലവും അരിവാളും' എഴുതിയ ഗുരു ഇടശ്ശേരിയുടെ ഈ ശിഷ്യനേയും ബാധിച്ചു. ഒരുമിച്ചു നടക്കുമ്പോഴും വേറിട്ട വഴി സ്വീകരിക്കാനാണ് ഇടശ്ശേരി ഉപദേശിച്ചത്. അപ്രകാരം എഴുതിയ 'കുതിര്‍ന്ന മണ്ണ്' എന്ന ഖണ്ഡകാവ്യത്തെ അക്കിത്തം കവിതകളുടെ പഠിതാക്കള്‍പോലും വേണ്ടത്ര ഗൗനിച്ചില്ല.

''തൊള്ളേലിത്തിരിക്കഞ്ഞീന്റെയിത്തിരി ഒഴിച്ചേ'' എന്നായിരുന്നു ഭാരതീയരുടെ അന്നത്തെ നിലവിളി. തമ്പുരാന്റെ മണ്ണില്‍ ചോരനീരാക്കിപ്പണിത കോരന്‍ എന്ന കര്‍ഷകത്തൊഴിലാളിയുടേയും കുടുംബത്തിന്റേയും കഥയാണ് അക്കിത്തം പാടിയത്:

''ഞാനിപ്പാടത്തു ചാലുകള്‍ കീറും
താനേ വിത്തിടും പൊന്‍ പൊടി മണ്ണില്‍
താനേ നീക്കും കളകളെ കൊയ്യും
താനേ പുന്നെല്‍ക്കുലകളെ നാളെ'' 

എന്ന് സ്വപ്നം കണ്ട  കര്‍ഷകര്‍. അതിനിടയ്ക്ക് കൊടുംക്ഷാമം വന്നു. വന്‍കിടക്കാരുടെ പൂഴ്ത്തിവെയ്പും ഈ ദൗര്‍ബ്ബല്യത്തിനു കാരണമാണ്. പത്ത് ഔണ്‍സ് റേഷന്‍ ആറ് ഔണ്‍സാക്കി ചുരുക്കി. കമ്പം തിന്നാല്‍ തടിക്കും എന്നായിരുന്നു മന്ത്രി കൊമ്പന്‍ മീശ തലോടിക്കൊണ്ട് അരുളിച്ചെയ്തത്. അരിക്കു പകരം കമ്പം വിതരണം ചെയ്തു. നാട്ടില്‍ മുഴുവന്‍ അരിശസ്സ് (ചോരപോക്ക്) എന്ന തലേത്തട്ടിയും ക്ഷാമത്തോടൊപ്പം പടര്‍ന്നു. കമ്പം തിന്ന് വയറുന്തി വിങ്ങി കട്ടച്ചോര പോയ്ക്കൂന്ന കോരന്മാരുടെ ഭൂരിപക്ഷ കര്‍ശകവംശം തമ്പുരാന്റെ മാളികയിലെത്തി.

കോരന്‍ തമ്പുരാനോട് ആവശ്യപ്പെട്ടു: ''ചത്തുപോകു മടിയന്റെ നീലി. ധാന്യപ്പുരയുടെ താക്കോല്‍ എവിടെ?'' ''ചത്താല്‍ കോരന്നതാശ്വാസമല്ലേ?'' എന്നായിരുന്നു തമ്പുരാന്റെ മറുപടി.

കോരനും കൂട്ടരും തമ്പുരാന്റെ വര്‍ഗ്ഗത്തിനോടു നേരിട്ടു പൊരുതാന്‍ ഉറച്ചു. പത്തായം വെട്ടിപ്പൊളിച്ച് പൂത്ത ധാന്യം പുറത്തേക്കെടുത്ത് അവര്‍ പങ്കിട്ടു കൊണ്ടുപോയി. പക്ഷേ, ആ വിജയം നിലനിന്നില്ല. പാഞ്ഞുവന്ന കാക്കിക്കുപ്പായക്കാര്‍ കര്‍ഷകകച്ചേരിയിലെ കുടിലുകള്‍ക്കു തീയിട്ടു. എതിര്‍ത്തവരെ വെടിയുണ്ട കള്‍കൊണ്ടു നേരിട്ടു. കര്‍ഷകര്‍ പിറന്ന മണ്ണില്‍ മരിച്ചുവീണു. കവിയുടെ സഹാനുഭൂതി തമ്പുരാന്‍ വര്‍ഗ്ഗത്തോടായിരുന്നില്ല, കര്‍ഷകത്തൊഴിലാളികളോടായിരുന്നു. ഈ പരിണാമം മുന്‍കൂട്ടി കണ്ടാണ് ഇടശ്ശേരി പറഞ്ഞത്: ''അധികാരം കൊയ്യണമാദ്യം നാം'' എന്ന്. അക്കാലത്തെ പുരോഗമന സാഹിത്യകാരന്മാര്‍ പോലും ഇടശ്ശേരിയുടേയും അക്കിത്തത്തിന്റേയും ഈ കൃതികളെ അവഗണിച്ചു.

അക്കിത്തത്തിന്റെ അഹംബോധത്തിനു തിരികൊളുത്തിയത് ഇടശ്ശേരിയാണെന്നു പറയാറുണ്ട്. പക്ഷേ, രാഷ്ട്രീയത്തിലേക്കു പോകരുത്, അവിടെ നീ തോറ്റമ്പും എന്ന് ഉപദേശിച്ചത് സ്വന്തം പിതാവായിരുന്നു. ''ഓരോ മാതിരി ചായം മുക്കിയ കീറക്കൊടിയുടെ വേദാന്തം'' എന്ന് ഇന്ന് ഏതു കവിക്കു പറയാന്‍ കഴിയും? നീതി, ധര്‍മ്മം-ഈ തത്ത്വാവബോധം നാലാപ്പാടില്‍നിന്നും ലഭിച്ചു. മനുഷ്യത്വത്തെ ഉയര്‍ത്തലാണ് സാഹിത്യകാരന്റെ കടമ എന്ന് വി.ടി. ഭട്ടതിരിപ്പാടും ഓര്‍മ്മിപ്പിച്ചു. അക്കിത്തത്തിന്റെ കാവ്യജീവിതവൃത്തിയില്‍ വഴിവിളക്കുകളായിത്തീര്‍ന്ന പലരുമുണ്ട്. ഒടുവില്‍ വൈദികയജ്ഞ സംസ്‌കാരത്തിലേക്കു തിരിയാന്‍ ഏര്‍ക്കര രാമന്‍ നമ്പൂതിരി തുടങ്ങിയവരും ഗുരുക്കന്മാരായി. പക്ഷേ, കണ്ണീര്‍ വാര്‍ത്തുകൊണ്ടേ അക്കിത്തം ഏവരോടും സംസാരിച്ചിട്ടുള്ളൂ.

ഭ്രാന്തന്‍ നായ്ക്കളെപ്പോലെയാണ് എഴുത്തുകാര്‍ എന്ന് അക്കിത്തം പറയാറുണ്ട്. നായയ്ക്ക് അങ്ങനെ ഓടണമെന്നില്ല. പിന്നില്‍നിന്നൊരാള്‍ ചാട്ടവാറുമായി വരുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നു പറഞ്ഞുകൊടുത്തതും ഇടശ്ശേരി തന്നെയാവണം. ഓരോ സാമൂഹ്യമാറ്റവും മനുഷ്യന് അധികമധികം ഭാരമാവുകയാണ്. ജീവിതഗതിവിഗതികള്‍ അനുദിനം സങ്കീര്‍ണ്ണമാവുകയാണ്, സംഭ്രമിപ്പിക്കുംവിധം. ഈ ധര്‍മ്മസങ്കടമാണ് കവിക്കു തടുത്തുനിര്‍ത്താനാവാത്ത അസ്വസ്ഥതയായി മാറുന്നത്. സ്‌നേഹിക്കാന്‍ തുടങ്ങുമ്പോള്‍ ധര്‍മ്മസങ്കടവും ഉണ്ടാകുന്നു. അക്കിത്തത്തിന്റെ കാവ്യാന്വേഷണങ്ങള്‍ക്കു ബലം നല്‍കുന്നത് ഈ നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ ധാര്‍മ്മികതയാണ്.

അക്കിത്തത്തിന്റെ 'ദേവായന' പൂമുഖത്ത് ശാസ്ത്രവും സാഹിത്യവുമുള്‍പ്പെടെ സംസ്‌കൃതത്തിലും ഇംഗ്ലീഷിലുമായി കനത്ത ഗ്രന്ഥസമ്പത്തുണ്ട്. എല്ലാ ഗ്രന്ഥങ്ങളിലും അദ്ദേഹത്തിന്റെ വായനാവിരല്‍പ്പാട് പതിഞ്ഞിട്ടുണ്ട്. സ്വന്തം ദിനചര്യയില്‍പ്പോലും ശ്രദ്ധയില്ലാതെ വായനയും എഴുത്തുമായിരുന്നു വിശ്രമസമയങ്ങളില്‍ മുഴുക്കെ. എങ്കിലും അദ്ദേഹം പറയും: ''എനിക്ക് അറിയുന്നതിനേക്കാള്‍ അറിയാത്തതാണ് കൂടുതല്‍. ഓരോ അക്ഷരവും സൂക്ഷ്മമായി വായിച്ചു എന്നു പറയാവുന്ന ഒരേയൊരു പൗരാണിക കൃതി ഭാഗവതമാണ്.''

ശ്രീമദ്ഭാഗവതം മാത്രമല്ല, സി.ആര്‍. ദാസിന്റെ 'സാഗരസംഗീത'വും ശ്രീ അരബിന്ദോയുടെ പ്രസംഗങ്ങളുമെല്ലാം വിവര്‍ത്തനം ചെയ്തത് വാര്‍ദ്ധക്യ കാലത്താണ്. സാഹിത്യത്തില്‍ ഏറെ സഞ്ചരിച്ച ധിഷണാശാലിയായ കവികൂടിയാണ് അദ്ദേഹം. ഈ സഞ്ചാരിയെത്തേടി ജ്ഞാനപീഠ സമാരോഹത്തിന് അതിഥികളെത്തുമ്പോള്‍ സ്വീകരിക്കാന്‍ ഒരാള്‍ മാത്രമേ ഇല്ലാതുള്ളൂ-അടുത്ത് അന്തരിച്ച പ്രിയപത്‌നി ശ്രീദേവിയന്തര്‍ജ്ജനം.
''സുഖമുണ്ടിന്നു മുച്ചൂടൊ-ന്നുറങ്ങിയുണരാവു നീ'' എന്ന് നമുക്കും ആ സന്നിധിയില്‍ ആശംസിക്കാം.

(അക്കിത്തത്തിന് ജ്ഞാനപീഠം സമ്മാനിച്ച വേളയില്‍ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com