ജാതിവെറിയുടെ അടയാളങ്ങള്‍

ജാതിയില്‍ അടിസ്ഥാനമായ സാമൂഹികഘടനയും രാഷ്ട്രീയവും ദളിതരുടെ സാമൂഹിക പിന്നാക്കാവസ്ഥയും തുടങ്ങിയുള്ള പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് ഹത്രസില്‍ നടന്ന ദാരുണമായ സംഭവത്തിന് അടിസ്ഥാനം
ജാതിവെറിയുടെ അടയാളങ്ങള്‍

രു ദളിത് സ്ത്രീയെന്ന നിലയില്‍ അവളുടെ ജീവിതത്തിലെ യാഥാര്‍ത്ഥ്യം സ്വീകരിക്കുന്നതിലാണ് ഹത്രാസ് ഇരയുടെ നീതി. അതാണ് അവളുടെ മരണകാരണവും. ബലാത്സംഗം ചെയ്തവരെ തൂക്കിലേറ്റുന്നത് പരിഹാരമാകില്ല. ജാതിവ്യവസ്ഥയെ കുഴിച്ചുമൂടുക എന്നതാണ് നാം പറയേണ്ടതും ചെയ്യേണ്ടതും. 
        ഫാറ നഖ്വി

ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയുടെ മരണവും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും യു.പി രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഡല്‍ഹി മുതല്‍ കൊല്‍ക്കത്ത വരെ നീളുന്ന പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തിരിച്ചുവരവിനുള്ള ആവേശമാകുമെന്നും അവര്‍ പ്രത്യാശിക്കുന്നു. തീവ്ര ഹിന്ദുത്വം പിന്‍പറ്റുന്ന യോഗിയും ബി.ജെ.പി സര്‍ക്കാരുമാണ് പ്രതിക്കൂട്ടില്‍. എന്നാല്‍, ജാതിഘടനയും ജാതിമേധാവിത്വവും സാമൂഹിക പിന്നാക്കാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് ഇത്തരം അതിക്രമങ്ങളെന്ന വസ്തുത നിഴലായി നില്‍ക്കുന്നു. ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ ആറിത്തണുത്താലും ആ യഥാര്‍ത്ഥ്യം നിലനില്‍ക്കും. ദളിതരെ അല്ലെങ്കില്‍ താഴ്ന്ന ജാതിക്കാരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരെ മര്‍ദ്ദിക്കാനും കൊല്ലാനും വരെ അവകാശമുണ്ടെന്ന മിഥ്യാധാരണയിലാണ് സാമൂഹ്യാവസ്ഥ കേന്ദ്രീകരിക്കുന്നത്. ബ്രാഹ്മണ്യത്തെ സ്വാംശീകരിക്കുന്നതാണ് യു.പിയിലെ രാഷ്ട്രീയവും. അവിടെ ജാതിമേധാവിത്വവും രാഷ്ട്രീയവും ഇഴുകിച്ചേര്‍ന്നു കിടക്കുന്നു. 

മായാവതി
മായാവതി

ഹത്രാസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ജാതിരാഷ്ട്രീയം ഇപ്പോഴും എന്തുകൊണ്ട് നിലനില്‍ക്കുന്നുവെന്നതിന്റെ കാരണങ്ങളിലേക്കാണ് നാം പോകേണ്ടത് എന്നാണ് സാമൂഹിക പ്രവര്‍ത്തകയായ ഫാറ നഖ്വി പറയുന്നത്. 3000 വര്‍ഷങ്ങളുടെ പഴക്കമുള്ള ജാതിവ്യവസ്ഥ ഭരണഘടനാപരമായും നിയമപരമായും പുറന്തള്ളപ്പെട്ടിട്ട് ഏഴു ദശാബ്ദം പിന്നിടുന്നു. ഈ എഴുപതുവര്‍ഷം യു.പിയില്‍ വിവിധ രാഷ്ട്രീയകക്ഷികള്‍ മാറിമാറി ഭരിച്ചിട്ടും സവര്‍ണ്ണരുടെ ജാതീയമായ അഹന്തയ്ക്ക് കുറവുണ്ടായില്ല. ജാതിവ്യവസ്ഥയില്‍ മനംനൊന്ത് ബുദ്ധമതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തുമെന്ന് പ്രഖ്യാപിച്ച മായാവതിയുടെ ഭരണകാലയളവിലും വലിയ മാറ്റങ്ങളുണ്ടായില്ല. ജില്ലകളുടെ പേര് മാറ്റുന്നതിലും പ്രതിമകള്‍ സ്ഥാപിക്കുന്നതിലും ബി.എസ്.പിയുടെ ദളിത് ശാക്തീകരണം ഒതുങ്ങുകയായിരുന്നു. കഴിഞ്ഞ ദശാബ്ദങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ പതനവും സോഷ്യലിസ്റ്റുകളുടെ ഉയിര്‍പ്പും തീവ്ര ഹിന്ദുത്വത്തിന്റെ അധീശവും യു.പി കണ്ടു. എന്നാല്‍, ഏതു പാര്‍ട്ടി അധികാരത്തിലെത്തിയാലും വര്‍ണ്ണാശ്രമധര്‍മ്മത്തിന്റെ ക്രൂരതകള്‍ ന്യായീകരിക്കപ്പെടുകയാണുണ്ടായത്. ഫലമോ, ദുരഭിമാന കൊലകളും ജാതിസംഘര്‍ഷങ്ങളും മുന്‍പെങ്ങുമില്ലാത്തവിധം കൂടി.

ഹത്രാസിലെ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബം ചോദിക്കുന്ന ചോദ്യം പ്രസക്തമാകുന്നത് ഈ യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തിലാണ്. ദളിതര്‍ക്കു പകരം ബ്രാഹ്മണരോ ഠാക്കൂറോ മറ്റേതെങ്കിലും മേല്‍ജാതിക്കാരോ ആയിരിക്കുന്നെങ്കില്‍ ഞങ്ങളുടെ കുട്ടി കൊല്ലപ്പെടുമായിരുന്നോ എന്നായിരുന്നു ആ കുടുംബത്തിന്റെ ചോദ്യം.  ഭരണ-സാമൂഹ്യ വ്യവസ്ഥയുടെ എല്ലാ സംവിധാനങ്ങളിലും ആഴത്തില്‍ വേരൂന്നിയ ജാതിവ്യവസ്ഥയുടെ നേര്‍ചിത്രമാണ് ആ വാക്കുകള്‍. ഗ്രാമങ്ങളിലെ പൊതു ഇടങ്ങളിലും എത്രമാത്രം സാമൂഹിക വിവേചനമുണ്ടെന്നറിയാന്‍ ഈ കണക്കുകള്‍ നോക്കിയാല്‍ മതി. രാജ്യത്ത് ഒരു ദിവസം എട്ട് ദളിത് സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുന്നു. 12 ദളിതരെങ്കിലും ആക്രമിക്കപ്പെടുന്നു. 2018-ല്‍ 2,957 ദളിത് സ്ത്രീകളാണ് ബലാത്സംഗത്തിനിരയായത്. ഇതില്‍ 871 പേരും പതിനെട്ട് വയസ്സില്‍ താഴെയുള്ളവരാണ്. ഇതില്‍ നാലില്‍ മൂന്നും നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2018-ല്‍ 239 ദളിതരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യ വനിതാമുഖ്യമന്ത്രി യു.പിയില്‍ നിന്നുള്ള സുചേതാ കൃപലാനിയായിരുന്നുവെന്നോര്‍ക്കണം. 

ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയില്‍ ഇന്നും നിലനില്‍ക്കുന്ന ജാതി-ലിംഗം അടിസ്ഥാനത്തിലുള്ള വിവേചനങ്ങളാണ് ഈ കണക്കുകളില്‍ നിഴലിക്കുന്നത്. ദളിത് സ്ത്രീകളുടെ അവസ്ഥ കണക്കിലെടുക്കുമ്പോള്‍ സ്ത്രീയെന്ന നിലയിലും ദളിത് എന്ന നിലയിലും അവര്‍ക്ക് വിവേചനം നേരിടേണ്ടിവരും. അധീശത്വവും അധികാരവും ഉറപ്പിക്കുന്നതിനായി ബലാത്സംഗമെന്ന ആയുധം പ്രയോഗിക്കപ്പെടുന്നത് അങ്ങനെയാണ്. മിക്കപ്പോഴും ദളിത് വിഭാഗക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ രജിസ്റ്റര്‍ ചെയ്യാറില്ല. അന്വേഷണവും വേണ്ടവിധം നടക്കാറില്ല. അതുകൊണ്ടുതന്നെ ശിക്ഷിക്കപ്പെടുന്നതും കുറവ്. ദളിത് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ 25 ശതമാനം പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. ജാതിപരമായ അടിച്ചമര്‍ത്തലിനൊപ്പം ലിംഗപരമായ കീഴടക്കലും ദളിത് സ്ത്രീകള്‍ക്ക് നേരിടേണ്ടിവരും. വര്‍ഗ്ഗപരമായ ചൂഷണവും കൂടിയാകുമ്പോള്‍ പരസ്പരബന്ധിതമായ ഈ സാമൂഹ്യ സംവിധാനങ്ങളില്‍ അടിച്ചമര്‍ത്തലിന്റെ വ്യത്യസ്ത മുഖങ്ങള്‍ കാണാം. 'ദളിതരിലെ ദളിതരാണ് ദളിത് സ്ത്രീകള്‍' എന്ന പരാമര്‍ശം ഈ അര്‍ത്ഥത്തിലുള്ളതായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം അന്‍പതു വര്‍ഷം പിന്നിട്ടിട്ടാണ് തൊഴിലിടത്തെ ലൈംഗിക പീഡനത്തെ നേരിടാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍പോലും സുപ്രീംകോടതി പുറപ്പെടുവിച്ചത്. പരിമിതികളുണ്ടെങ്കിലും 1997-ല്‍ 'വിശാഖാ നിര്‍ദ്ദേശങ്ങള്‍' എന്നറിയപ്പെട്ട ഈ നിര്‍ദ്ദേശങ്ങള്‍ 2013-ല്‍ നിയമമാക്കപ്പെട്ടു. ഈ നിര്‍ദ്ദേശങ്ങള്‍ക്കു പിന്നില്‍ ഒരു പോരാട്ടത്തിന്റെ കഥ കൂടിയുണ്ട്. 

ഭൻവാരി ദേവി
ഭൻവാരി ദേവി

രാജസ്ഥാനിലെ ഭട്ടേരി ഗ്രാമത്തില്‍ ഒരു ദളിത് കുടുംബത്തിലാണ് ഭന്‍വാരി ദേവി ജീവിച്ചിരുന്നത്. വനിതാ മുന്നേറ്റ പദ്ധതിയുടെ സേവികയായിരുന്നു അവര്‍. ഗ്രാമത്തിലെ മിക്ക വിഷയങ്ങളിലും സജീവവും സമര്‍ത്ഥവുമായി അവര്‍ ഇടപെട്ടിരുന്നു. കുടിവെള്ളം മുതല്‍ റേഷന്റെ ലഭ്യത വരെ അവര്‍ ഉറപ്പാക്കിയിരുന്നു. 1992-ല്‍ ഗ്രാമത്തിലെ ഉന്നതര്‍ നടത്തിയ ബാലവിവാഹത്തെക്കുറിച്ച് അധികാരികള്‍ക്ക് വിവരം നല്‍കിയതിന്റെ പേരില്‍ ഭന്‍വാരി ദേവിയെ ഗ്രാമവാസികള്‍ ഒറ്റപ്പെടുത്തി. കുടുംബാംഗങ്ങളെ വടിയും കല്ലുകളുമായി അക്രമിച്ചു. അഞ്ചു പുരുഷന്‍മാര്‍ ചേര്‍ന്ന് ഭന്‍വാരിയെ കൂട്ടബലാത്സംഗം ചെയ്തു. കുറ്റവാളികളെല്ലാം സവര്‍ണ്ണരായിരുന്നു. പരാതി നല്‍കിയെങ്കിലും പൊലീസിനു കേസെടുക്കാന്‍ താല്പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ ആരോപണവിധേയര്‍ കുറ്റക്കാരല്ലെന്നായിരുന്നു ജില്ലാ കോടതിയുടെ വിധി. അതിന് ജഡ്ജി കണ്ടെ  ത്തിയ കാരണമായിരുന്നു അത്ഭുതം. കുറ്റം ആരോപിക്കപ്പെട്ടവര്‍ മേല്‍ജാതിക്കാരായതുകൊണ്ട് കീഴ്ജാതിക്കാരിയായ സ്ത്രീയെ സ്പര്‍ശിക്കാനിടയില്ലത്രെ. ഈ വിധി വന്നത് 1995-ലാണ്. രാജസ്ഥാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഈ സംഭവം വാര്‍ത്തയായതോടെ ദേശവ്യാപകമായ പ്രചരണം സ്ത്രീപക്ഷ സംഘടനകള്‍ തുടങ്ങി. കേസ് നീണ്ടുപോയി. കുറ്റാരോപിതരില്‍ രണ്ടുപേര്‍ മരിച്ചു. എന്നിട്ടും അവര്‍ നടത്തിയ ധീരമായ പോരാട്ടമാണ് ഇന്നത്തെ വിശാഖാ നിര്‍ദ്ദേശങ്ങളുടെ പിന്നിലുള്ളത്.

ഈ സംഭവമുണ്ടായിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു. വാല്‍മീകി വിഭാഗത്തില്‍പ്പെട്ടതാണ് ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി. ഇപ്പോള്‍ അതിക്രമം നടന്ന ഹത്രാസില്‍ മുന്‍പും ദളിതര്‍ക്കു നേരേ അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. 24 ശതമാനം ദളിത് വോട്ടര്‍മാരുള്ള ലോക്സഭാ മണ്ഡലത്തിലാണ് ഇതെന്ന് ഓര്‍ക്കണം. എന്നിട്ടും മേധാവിത്വം ഠാക്കൂര്‍ - ബ്രാഹ്മണ വിഭാഗങ്ങള്‍ക്കാണ്. വോട്ടുബാങ്കിന്റെ വിലപേശല്‍ ശക്തിയെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. വാല്‍മീകി സമുദായത്തെ മനുഷ്യരായി കാണുമെന്ന് ജാട്ടുകളുടെ ഗ്രാമപ്രധാന്‍ പറയുന്നതുപോലും 2017-ലാണ്. ലാല്‍ഗഢില്‍ മിതാലി ലാല്‍ എന്ന 19-കാരിയായ ദളിത് പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നിട്ടുണ്ട്. ഉന്നാവില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗത്തിനുശേഷം ജീവനോടെ കത്തിച്ചിട്ടുണ്ട്. ഹത്രാസില്‍ ഖണ്ഡാരി ഘട്ട് എന്ന സ്ഥത്ത് അമിത് കുമാര്‍ ഗൗതം എന്ന ദളിതനെ ഇഷ്ടികകൊണ്ട് അടിച്ചുകൊന്നിട്ടുണ്ട്. ഓരോ ദിവസവും ക്രൂരതയുടെ വാര്‍ത്തകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നു മാത്രം.

ഹത്രസിലേക്കുള്ള യാത്രാമധ്യേ ഡൽഹി- യുപി അതിർത്തിയിൽ രാഹുൽ ​ഗാന്ധിയെ പൊലീസ് തടഞ്ഞപ്പോൾ. പ്രവർത്തകർ തള്ളിമാറ്റിയ ബാരിക്കേഡിന് മുകളിലൂടെ രാഹുൽ ​നീങ്ങുന്ന ദൃശ്യം
ഹത്രസിലേക്കുള്ള യാത്രാമധ്യേ ഡൽഹി- യുപി അതിർത്തിയിൽ രാഹുൽ ​ഗാന്ധിയെ പൊലീസ് തടഞ്ഞപ്പോൾ. പ്രവർത്തകർ തള്ളിമാറ്റിയ ബാരിക്കേഡിന് മുകളിലൂടെ രാഹുൽ ​നീങ്ങുന്ന ദൃശ്യം

പ്രീണനം പലവിധം

കാലങ്ങളായി ദളിതര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാനോ ചെറുക്കാനോ രാഷ്ട്രീയപ്പാര്‍ട്ടികളില്‍നിന്ന് നീക്കമുണ്ട  ായിട്ടില്ലെന്നതാണ് വാസ്തവം. പലപ്പോഴും പ്രതിമ സ്ഥാപിക്കുന്നതിലും പേര് മാറ്റത്തിലും മാത്രം ദളിത് പ്രാതിനിധ്യം നിറഞ്ഞുനിന്നു. ശാക്തീകരണത്തില്‍നിന്നും അവര്‍ അരികുവല്‍ക്കരിക്കപ്പെട്ടു. ഠാക്കൂറുകളും ജാട്ടുകളും ശക്തരായ ഇടങ്ങളില്‍ സാമൂഹ്യാവസ്ഥയില്‍ മാറ്റമുണ്ടാക്കാന്‍ ശ്രമവുമുണ്ടായില്ല. എസ്.പിയുടെ ഭരണകാലയളവില്‍ യാദവരും ഒ.ബി.സിക്കാരുമായിരിക്കും മേല്‍ക്കൈ. ബി.എസ്.പി അധികാരത്തില്‍ വരുമ്പോഴാണ് പിന്നെ പ്രതീക്ഷ. എന്നാല്‍, ഉദ്യോഗസ്ഥരിലും പൊലീസുകാരിലും മിക്കവരും മേല്‍ജാതിക്കാരായിക്കും. സ്വാഭാവികമായും ദളിതര്‍ക്കു നീതി നിഷേധിക്കപ്പെടും. ബി.ജെ.പിയും ഇക്കാര്യത്തില്‍ ഒട്ടും വ്യത്യസ്തമല്ല. ജാതി പരിഗണിക്കുന്ന, കീഴാളരെ അടിമകളായി കണക്കാക്കുന്ന മനോഭാവമാണ് നീതിനിര്‍വ്വഹണ സംവിധാനങ്ങള്‍ക്കും. പൊലീസും ജുഡീഷ്യറിയും ഉദ്യോഗസ്ഥരുമൊന്നും അതില്‍നിന്നു വ്യത്യസ്തരല്ല. ഹത്രസില്‍ കുറ്റവാളികള്‍ക്കും സമുദായത്തിനുമൊപ്പമായിരിക്കുന്നു ജില്ലാ മജിസ്ട്രേറ്റും കളക്ടറുമായ പ്രവീണ്‍ കുമാര്‍ ലക്സ്‌കര്‍. പെണ്‍കുട്ടിയുടെ കുടുംബവും പ്രതിപക്ഷവും നിരന്തരം ആവശ്യപ്പെട്ടിട്ടും എസ്.പി ഉള്‍പ്പെടെ അഞ്ചു പൊലീസുകാരെ സ്ഥലം മാറ്റിയതല്ലാതെ ലക്സ്‌കറിനെതിരെ നടപടിയെടുക്കാന്‍ യോഗി സര്‍ക്കാര്‍ തയ്യാറായില്ല. അതേസമയം പ്രതികളെ പിന്തുണച്ച് ഇന്നലെ ബി.ജെ.പി നേതാവടക്കമുള്ള ഠാക്കൂര്‍ സമുദായക്കാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. യു.പി സര്‍ക്കാരോ ജില്ലാ ഭരണകൂടമോ ഇവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. 

​ഗൊരഖ്പുരിൽ ദുർ​ഗാപൂജ ഉത്സവത്തോടനുബന്ധിച്ച്  കന്യാപൂജൻ ചടങ്ങിൽ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പെൺകുട്ടികളുടെ കാലുകഴുകുന്നു. യോ​ഗിയുടെ ഭരണകാലയളവിലാണ് യുപിയിൽ സ്ത്രീകൾക്കെതിരേ വ്യാപകമായ അതിക്രമങ്ങൾ വർധിച്ചത്
​ഗൊരഖ്പുരിൽ ദുർ​ഗാപൂജ ഉത്സവത്തോടനുബന്ധിച്ച്  കന്യാപൂജൻ ചടങ്ങിൽ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പെൺകുട്ടികളുടെ കാലുകഴുകുന്നു. യോ​ഗിയുടെ ഭരണകാലയളവിലാണ് യുപിയിൽ സ്ത്രീകൾക്കെതിരേ വ്യാപകമായ അതിക്രമങ്ങൾ വർധിച്ചത്

ഉത്തര്‍പ്രദേശില്‍ ഇതൊന്നും പതിവിനു വിപരീതമല്ല. പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന ബില്ലിന്റെ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ബന്ദ് നടന്നിരുന്നു. മഥുര, വൃന്ദാവന്‍, വാരണാസി, ലഖ്‌നൗ മേഖലകളില്‍ വന്‍ പ്രതിഷേധങ്ങളുണ്ടായി. ദേശീയപാതകള്‍ കയ്യടക്കിയ പ്രതിഷേധക്കാര്‍ക്ക് ഒരൊറ്റ ആവശ്യമേയുണ്ടായിരുന്നുള്ളൂ. ദളിതര്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങളോടൊന്നും അവര്‍ക്ക് യോജിപ്പില്ല. ഈ പ്രതിഷേധത്തെ മുഖ്യമന്ത്രി യോഗി പിന്തുണയ്ക്കുകയാണുണ്ടായത്. പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നാണ്. ക്ഷത്രിയ മഹാസഭ, രാഷ്ട്രീയ ബ്രാഹ്മിണ്‍ മഹാസഭ, കര്‍ണി രജപുത് മഹാസമാജ് എന്നിങ്ങനെയുള്ള മേല്‍ജാതി സംഘടനകള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. കുശീനഗറിലെ ദളിത് മേഖലകളില്‍ പോളിയോ വാക്സിന്‍ നല്‍കുന്ന പരിപാടിക്ക് യോഗിയായിരുന്നു ഉദ്ഘാടകന്‍. പരിപാടിയുടെ തലേന്ന് സോപ്പും ഷാംപുവുമാണ് ജില്ലാ ഭരണകൂടം നല്‍കിയത്. നിത്യജീവിതത്തിന്റെ ഭാഗമാണ് ഇവിടുത്ത ദളിതര്‍ക്ക് വിവേചനവും. മേല്‍ജാതിക്കാരെ പിണക്കി അവര്‍ക്ക് ജീവിക്കാനാകില്ല. അതുകൊണ്ടുതന്നെ ദളിത് വിഭാഗത്തില്‍പ്പെട്ട നേതാക്കള്‍ പോലും ഈ അതിക്രമങ്ങള്‍ ചോദ്യം ചെയ്യില്ല. 
ബി.എസ്.പി അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇപ്പോള്‍ ബ്രാഹ്മണരുടെ വിശ്വാസം നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. ബ്രാഹ്മിണ്‍ ചേതന മഞ്ച് എന്ന സംഘടനയുമായാണ് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ രംഗത്തെത്തിയത്. ബ്രാഹ്മണരുടെ ഉന്നമനമാണ് ലക്ഷ്യം. ജനസംഖ്യയില്‍ ഒന്‍പത് ശതമാനം മാത്രമാണ് ഉത്തര്‍പ്രദേശില്‍ ബ്രാഹ്മണര്‍. എന്നാല്‍ ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയത്തിലും അവരുടെ സ്വാധീനം ജനസംഖ്യ അനുപാതത്തെക്കാള്‍ എത്രയോ കൂടുതലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയില്‍ രാമക്ഷേത്രത്തിനു തറക്കല്ലിട്ടതിനുശേഷം മറ്റൊരു സംഭവം കൂടി ഉണ്ടായി. ബ്രാഹ്മണരെ പ്രലോഭിപ്പിക്കാന്‍ പരശുരാമന്റെ 108 അടി വലിപ്പമുള്ള പ്രതിമ സ്ഥാപിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി പ്രഖ്യാപിച്ചു. ബി.ജെ.പി ബ്രാഹ്മണരെ അവഗണിച്ചാല്‍ അവര്‍ കോണ്‍ഗ്രസ്സിനടുത്തേക്കല്ല, മറിച്ച് സമാജ്വാദി പാര്‍ട്ടിയിലേയ്ക്കാണ് വരികയെന്നാണ് എസ്.പി നേതാവ് അഭിഷേക് മിശ്ര പറഞ്ഞത്. 

ഹത്രസിൽ നാലം​ഗ സംഘത്തിന്റെ ക്രൂര പീഡനത്തിന് ഇരയായി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പ്രവർത്തകരോട് സംസാരിക്കുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച ആസാദിനും അനുയായികൾക്കുമെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു
ഹത്രസിൽ നാലം​ഗ സംഘത്തിന്റെ ക്രൂര പീഡനത്തിന് ഇരയായി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പ്രവർത്തകരോട് സംസാരിക്കുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച ആസാദിനും അനുയായികൾക്കുമെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു

അധികാരത്തില്‍ വന്നാല്‍ അതിനെക്കാള്‍ വലിയ പരശുരാമ പ്രതിമയായിരിക്കും സ്ഥാപിക്കുകയെന്ന അവകാശവാദവുമായാണ് മായാവതി രംഗത്തെത്തിയത്. കോണ്‍ഗ്രസ്സിലെ ജിതിന്‍ പ്രസാദയാകട്ടെ, പരശുരാമ ജയന്തി പൊതു അവധിയാക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക, മുസ്ലിം - ദളിത് വിഭാഗങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ഹിന്ദുത്വത്തിന്റെ ഈ കാലത്ത് ഒരു രാഷ്ട്രീയം അസാധ്യമാണെന്ന നിലപാടിലേയ്ക്ക് പിന്നാക്ക ദളിത് രാഷ്ട്രീയപ്പാര്‍ട്ടികളും നീങ്ങുന്നതിന്റെ സൂചനയായും ഇതിനെ വിലയിരുത്തുന്നവരുണ്ട്. 

ജാതിയുടെ ഉത്തരദേശം

മൊത്തം ജനസംഖ്യയുടെ പതിനഞ്ച് ശതമാനവും ഭരണകക്ഷിയുടെ ആകെ എം.പിമാരുടെ അഞ്ചിലൊന്നും ഉത്തര്‍പ്രദേശില്‍നിന്നാണ്. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം. ഇന്ത്യ ഭരിച്ച 14 പ്രധാനമന്ത്രിമാരില്‍ ഒന്‍പതുപേര്‍ വിജയിച്ചത് ഇവിടെനിന്നാണ്. ആ സംസ്ഥാനത്താണ് നിയമസംവിധാനവും ഭരണഘടനയും കോടതിയും ഉദ്യോഗസ്ഥ സംവിധാനങ്ങളുമൊക്കെ ഇങ്ങനെ അപ്രസക്തമാക്കപ്പെടുന്നത്. ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ഏറ്റവും ശക്തമായ സംസ്ഥാനവും ഏറ്റവും മോശമായി ഭരിക്കപ്പെടുന്ന സംസ്ഥാനവും യു.പിയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ശേഖര്‍ ഗുപ്ത പറയുന്നു. ദേശീയ വരുമാനത്തിന്റെ പകുതി സംഭാവന ചെയ്യുന്ന യു.പിയില്‍ കുറ്റകൃത്യങ്ങളുടെ നിരക്കും മാഫിയ സ്വാധീനവും രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണവുമൊക്കെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ കൂടുതലാണ്. യാദവവിഭാഗമുള്‍പ്പെട്ട പിന്നാക്ക കീഴ് - ജാതി വിഭാഗങ്ങളിലേയ്ക്ക് അധികാരം മാറിയപ്പോള്‍ സവര്‍ണ്ണവിഭാഗക്കാര്‍ സംഘടിത ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേയ്ക്ക് മാറി. ബ്രാഹ്മണ്‍ ഠാക്കൂര്‍ സംഘങ്ങള്‍ ഉണ്ടായി. പശ്ചിമ യു.പി നിയമരാഹിത്യത്തിന്റെ മേഖലയായി. ഖാപ്പ് പഞ്ചായത്തുകള്‍ക്കാണ് നിയമം നടപ്പാക്കാനുള്ള അധികാരം. അധികാരം നിയന്ത്രിക്കാന്‍ കാണ്‍പൂരില്‍ ബ്രാഹ്മണരുടെ മാഫിയ സംഘമുണ്ട്. 1989 നാരായണ്‍ ദത്ത് തിവാരിയായിരുന്നു സംസ്ഥാനത്തെ അവസാനത്തെ ബ്രാഹ്മിണ്‍ മുഖ്യമന്ത്രി, ഗോവിന്ദ് വല്ലഭ് പന്ത് മുതല്‍ കമലാപതി ത്രിപാഠി വരെയുള്ള ശക്തര്‍ക്കു ശേഷം. 31 കൊല്ലമായി ആ സമുദായത്തിന് അധികാരമില്ല. അങ്ങനെയാണ് വികാസ് ദുബെയെപ്പോലെയുള്ളവര്‍ രംഗത്ത് വരുന്നത്. ദുബെയുടെ ഏറ്റുമുട്ടല്‍ കൊലപാതകം ബ്രാഹ്മണസമുദായത്തിനു നേരെയുള്ള സര്‍ക്കാര്‍ നടപടിയായി യു.പിയില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

ഡൽഹിയിൽ നടന്ന പ്രതിഷേധം
ഡൽഹിയിൽ നടന്ന പ്രതിഷേധം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com