'മാസ്‌ക്'- സാര്‍വ്വജനീനമായ ശ്വാസംമുട്ടലിന്റെ നാനാര്‍ത്ഥങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു കവിത

കെ.ജി.എസിന്റെ കവിതയായ മാസ്‌ക് കൊറോണയുടെ സാമൂഹിക-രാഷ്ട്രീയ പ്രതിഫലനങ്ങളോട് ചേര്‍ത്തുവായിക്കുന്നു
'മാസ്‌ക്'- സാര്‍വ്വജനീനമായ ശ്വാസംമുട്ടലിന്റെ നാനാര്‍ത്ഥങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു കവിത

നിക്ക് ശ്വാസംമുട്ടുന്നു'' എന്ന ഞരക്കം/നിലവിളി ആവും, ബെന്‍ ഒക്രി സൂചിപ്പിച്ചപോലെ, ഇന്നത്തെ ഏറ്റവും സത്യസന്ധമായ മൊഴി, രാഷ്ട്രീയ പ്രസ്താവം, കവിത. അമേരിക്കയില്‍ വെള്ളപ്പൊലീസിന്റെ കാല്‍മുട്ടുകള്‍ക്കുള്ളില്‍ ശ്വാസംമുട്ടി പിടഞ്ഞ ജോര്‍ജ് ഫ്‌ലോയിഡിന്റെ ഞരക്കങ്ങള്‍ പൂര്‍വ്വകാല പ്രാബല്യത്തോടെ, ഇന്ന് നിന്ദിതരുടെ ചരിത്രത്തേയും ഓര്‍മ്മകളേയും പുനര്‍നിര്‍വ്വചിക്കുന്നു. ആശുപത്രികളില്‍നിന്ന്, തെരുവോരങ്ങളില്‍നിന്ന്, നഗര കേന്ദ്രങ്ങളില്‍നിന്ന്, ചേരികളില്‍നിന്ന്, ഗ്രാമങ്ങളില്‍നിന്ന്, ദേശ, ദേശാന്തര പാതകളില്‍നിന്ന്, വീട്ടകങ്ങളില്‍നിന്ന്, തടവറകളില്‍നിന്ന്, കോടതിമുറികളില്‍നിന്ന്, ദരിദ്ര-നിന്ദിത-ദീന-ദളിത- പൗരാപൗര-കണ്ഠങ്ങളില്‍നിന്ന്, പല ഭാഷകളില്‍, പല ശബ്ദങ്ങളില്‍ പലസ്ഥായിയില്‍ മുഴങ്ങുന്നു ഈ സൂത്രവാക്യം. ആര്‍ത്തനാദമായും സമരഭേരിയായും സത്യവാങ്മൂലമായും.

കൊവിഡ് 19 എന്ന വൈറസ്സിന്റെ ആക്രമണം മാത്രമല്ല, നമ്മുടെ ശ്വാസപുടങ്ങളെ ഇന്ന് ഞെരിക്കുന്നതെന്ന് ഈ നിലവിളി നമ്മെ ഉണര്‍ത്തുന്നു. അധികാരത്തിന്റെ, സര്‍വ്വാധിപത്യത്തിന്റെ, വംശീയതയുടെ, ജാതീയതയുടെ, വര്‍ഗ്ഗീയതയുടെ, പുരുഷാഹന്തയുടെ, വികസനദുരയുടെ, പരിസ്ഥിതിഹത്യയുടെ, 'ദുരന്ത'മുതലാളിത്തത്തിന്റെ, 'ദുരന്ത'കമ്യൂണിസത്തിന്റെ, വെറുപ്പിന്റെ, ഭീതിയുടെ, ഭീകരതയുടെ, വിഭ്രാന്തിയുടെ എല്ലാം സൂക്ഷ്മരോഗാണുക്കള്‍ ഒറ്റയ്‌ക്കോ ഒന്നിച്ചോ വന്ന് നമ്മെ ആക്രമിക്കുന്നു, ശ്വാസംമുട്ടിക്കുന്നു. ഹൈപ്പോക്‌സിയ, ക്ലൗസ്റ്റ്രോഫോബിയ: വെറും ക്ലിനിക്കല്‍ സംജ്ഞകളല്ല, നമ്മുടെ കാലത്തെ, ലോകത്തെ, സത്യത്തെ, നിര്‍വ്വചിക്കുന്ന സൂത്ര- നാമങ്ങളാണ് ഇന്നിവ.

സാര്‍വ്വജനീനമായ ഈ ശ്വാസംമുട്ടലിന്റെ നാനാര്‍ത്ഥങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു കവിതയെയാണ് ഈ ലേഖനം പിന്തുടരുന്നത്: മാസ്‌ക് (കെ.ജി.എസ്.) കൊവിഡ് മഹാമാരിയുടെ ക്ലിനിക്കല്‍ വിവക്ഷകള്‍ക്കപ്പുറം അതുയര്‍ത്തുന്ന നൈതികവും രാഷ്ട്രീയപരവും കര്‍ത്തൃപരവുമായ സമസ്യകളിലേക്ക് ചുഴിഞ്ഞിറങ്ങുന്നു ഈ കവിത.

വിച്ഛേദനവും രൂപാന്തരീകരണവും

2020 ജനുവരി അവസാനത്തോടെ, ലോകചരിത്രത്തില്‍, മനുഷ്യ ജീവിതത്തില്‍, ഇന്നേവരെ അറിയാത്ത ഒരു മഹാവിച്ഛേദനം സംഭവിക്കുകയാണ്. ഇന്നലെകളില്‍നിന്ന്, നാളെകളില്‍നിന്ന്, ഇന്നിന്റെ വിച്ഛേദനം. ചരിത്രപരവും സാമൂഹികവും നാഗരികവും രാഷ്ട്രീയപരവുമായ എല്ലാ തുടര്‍ച്ചകളുടേയും ബന്ധങ്ങളുടേയും ഭഞ്ജനം. അകപുറങ്ങളുടെ, ആത്മാപരങ്ങളുടെ, പൊട്ടിപ്പിളരല്‍.

എന്നാല്‍, ഈ വിച്ഛേദനത്തെ ശ്രദ്ധേയവും വിരോധാഭാസകരവുമാക്കുന്നത് ഒപ്പം സംഭവിക്കുന്ന മറ്റൊരു പ്രക്രിയയാണ്: രൂപാന്തരീകരണം. ഇന്നലെയുടെ പൂര്‍ണ്ണമായ തിരോധാനമല്ല. ഇന്നലെ വരെയുള്ള, ഇന്നേവരെയുള്ള, എല്ലാത്തിന്റേയും രൂപാന്തരീകരണം. ചരിത്രത്തിന്റെ, സമൂഹത്തിന്റെ, ജീവിതത്തിന്റെ, രാഷ്ട്രീയത്തിന്റെ, ഭരണകൂടങ്ങളുടെ, ഉടലിന്റെ, ഉയിരിന്റെ, ഇച്ഛയുടെ, ഭാഷയുടെ, കലയുടെ, ചലനങ്ങളുടെ, ബന്ധങ്ങളുടെ.

കഴിഞ്ഞ ആറുമാസക്കാലം ചരിത്രത്തിനുള്ളിലാവുമ്പോഴും ചരിത്രത്തിനു വെളിയിലാണ്. ലോകം പൂര്‍ണ്ണമായോ ഭാഗികമായോ അടച്ച് പൂട്ടപ്പെട്ടു. പരസ്പര സ്പര്‍ശം, നിശ്വാസം, ചലനം സഞ്ചാരം, ഗതാഗതം, സഹവാസം എല്ലാം തടയപ്പെട്ടു. കൂടിച്ചേരലുകള്‍, ഇടപഴകലുകള്‍ ഹസ്തദാനങ്ങള്‍, ആശ്ലേഷങ്ങള്‍, സന്ദര്‍ശനങ്ങള്‍, യോഗങ്ങള്‍, സമ്മേളനങ്ങള്‍, സല്‍ക്കാരങ്ങള്‍, ജാഥകള്‍, സമരങ്ങള്‍, ആള്‍ക്കൂട്ടങ്ങള്‍, ആരാധനകള്‍, തീര്‍ത്ഥാടനങ്ങള്‍, പര്യടനങ്ങള്‍, ഉത്സവങ്ങള്‍, ടൂര്‍ണ്ണമെന്റുകള്‍, വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ നിര്‍ത്തലാക്കപ്പെട്ടു.

കഴിഞ്ഞ ആറുമാസത്തെ ലോകചരിത്രത്തെ അടയാളപ്പെടുത്തുന്നത് മാസങ്ങളോ തീയതികളോ ഋതുപരിവര്‍ത്തനങ്ങളോ അല്ല ക്വാറന്റൈന്‍, ഐസൊലേഷന്‍, ലോക്ഡൗണ്‍, ഡിസ്റ്റന്‍സിയേഷന്‍, നിയന്ത്രിത ലോക്ഡൗണ്‍, ട്രിപ്പിള്‍ ലോക്ഡൗണ്‍, കണ്ടെ യ്ന്‍മെന്റ്, ദേശീയ കര്‍ഫ്യൂ, അടിയന്തരാവസ്ഥ എന്നിങ്ങനെ നിര്‍ബ്ബന്ധിതമോ സ്വേച്ഛാപരമോ ആയി മനുഷ്യര്‍ വരിച്ച ബന്തവസ്സോ യുദ്ധാവസ്ഥയോ ആണ്. മാസ്‌ക്, ഫെയ്സ് ഷീല്‍ഡ്, കയ്യുറ, ശരീരാവരണം എന്നിവ മനുഷ്യന്റെ അവയവങ്ങളായി മാറി.

കൊറോണ ഒരു മഹാമാരിയായി മാറുന്നതുതന്നെ ഭരണകൂടവുമായുള്ള അതിന്റെ നിഷിദ്ധ വേഴ്ചകളിലൂടെയാണെന്ന് ഈ രോഗത്തിന്റെ ആവിര്‍ഭാവ-വികാസചരിത്രം തെളിയിക്കുന്നുണ്ട്. വംശീയതയുടേയും വര്‍ഗ്ഗീയതയുടേയും ജാതീയതയുടേയും മുതലാളിത്തത്തിന്റേയും സര്‍വ്വാധിപത്യത്തിന്റേയും വ്യാധികള്‍ കൊറോണാ വ്യാധിയുമായി സംരചനയിലേര്‍പ്പെട്ടു കൊണ്ട ് മഹാമാരീവ്യൂഹങ്ങളായി ഇന്ന് ലോകത്തെ വളയുന്നു.

ജോര്‍ജിയോ അഗമ്പന്‍ പറയും പ്രകാരം പഴയ ഭീകരതകളെ പിന്തള്ളിക്കൊണ്ട് പുതിയ ഭീകരതയായി അവതരിക്കുകയല്ല ബയോഭീകരത. മറിച്ച്, അതിന്റെ സാന്നിദ്ധ്യത്തില്‍ സര്‍വ്വ ഭീകരതകളും പുതിയ അനുപാതത്തില്‍ സംഗ്രഹിക്കപ്പെടുകയാണ്. നിരവധി രോഗാണുക്കള്‍ ചേര്‍ന്ന് രോഗാണു സഞ്ചയമായി, സര്‍വ്വവിധ വ്യാധികളും ഒന്നുചേര്‍ന്നു മഹാമാരീ- സമുച്ചയങ്ങളായി രൂപാന്തരണം ചെയ്യുകയാണ്. ആരോഗ്യഭീകരതയും ഭരണകൂട ഭീകരതയും വംശീയ, ജാതീയ, വര്‍ഗ്ഗീയ, ദേശീയ, രാഷ്ട്രീയ ഭീകരതകളും പരസ്പരം സംരചനയിലേര്‍പ്പെട്ടു കൊണ്ട് ഭീകരതയുടെ മഹാവ്യൂഹങ്ങള്‍ ഉല്പന്നമാവുകയാണ്. ഈ മഹാമാരീസമുച്ചയങ്ങള്‍ ലോകമെങ്ങും കൊടുംഭീകരതയുടെ പുതിയ പരികല്പനകള്‍ സൃഷ്ടിക്കുകയാണ്.

'വെറും' ജീവിതവും 'നിറ'ജീവിതവും

ഇത്തരമൊരു ചരിത്രസന്ദര്‍ഭത്തെയാണ് 'മാസ്‌ക്' സംബോധന ചെയ്യുന്നത്. ചരിത്രത്തില്‍, ജീവിതത്തില്‍, കര്‍ത്തൃത്വത്തില്‍ സംഭവിക്കുന്ന ഈ കൊടുംവിച്ഛേദനങ്ങളെ, രൂപാന്തരണങ്ങളെ, ഭീകരതയുടെ ഈ നവ പരികല്പനകളെ കവിത സൂക്ഷ്മാപഗ്രഥനം ചെയ്യുന്നു. ജീവരക്ഷയ്ക്ക് പരമപ്രാധാന്യം കൊടുത്തുകൊണ്ട ് സ്വന്തം വീടുകളുടെ സുരക്ഷിതത്വത്തിലേക്ക് പലായനം ചെയ്യുന്ന മദ്ധ്യവര്‍ഗ്ഗ കര്‍ത്തൃത്വങ്ങളെ കവിതയുടെ ഒളിക്യാമറകള്‍, സൂക്ഷ്മദര്‍ശിനികള്‍ അനുധാവനം ചെയ്യുകയാണ്.

ജീവശാസ്ത്രപരവും ജന്തുസഹജവുമായ 'വെറും' ജീവിതമെന്നും ('zoe') സ്വതന്ത്രവും സമൃദ്ധവുമായ രാഷ്ട്രീയ/പൗരജീവിതമെന്നും ('bios') മനുഷ്യജീവിതത്തെ രണ്ടായി വിഭജിക്കുന്നുണ്ട് അരിസ്റ്റോട്ടില്‍. എന്നാല്‍, മഹാമാരിയുടെ സാന്നിദ്ധ്യത്തില്‍ ബയോരാഷ്ട്രീയ ഭീകരത വാഴ്വിന്റെ സമസ്ത തലങ്ങളേയും സാമൂഹിക-രാഷ്ട്രീയ-പൗര-ജീവിതത്തേയും (bios), 'വെറും ജീവിതം' (bare life) അഥവാ 'നഗ്‌നജീവിതം' (naked life) ആക്കി മാറ്റുന്നു എന്നാണ് അഗംബന്റെ സിദ്ധാന്തം. കര്‍ത്തൃത്വത്തിന്റെ ഈ പൊട്ടിപ്പിളരലിനെ കൂടുതല്‍ സൂക്ഷ്മവും സങ്കീര്‍ണ്ണവും ആയ മറ്റൊരു വിതാനത്തില്‍നിന്നുകൊണ്ട ് പ്രശ്‌നപ്പെടുത്തുന്നു എന്നതാണ് ഈ കവിതയുടെ പ്രാധാന്യം. മദ്ധ്യവര്‍ഗ്ഗ ജീവിതങ്ങള്‍ 'വെറും' ജീവിതമായി പരിണമിക്കുന്നത് ഇവിടെ മറനീക്കിക്കാട്ടുന്നുണ്ട ്. എന്നാല്‍, അഗംബന്റെ തീസിസ്സില്‍നിന്നു വ്യത്യസ്തമായി, വെറും അതിജീവനത്തിന്, ജന്തുമാത്ര ജീവിതത്തിന് ('zoe'), പരമപ്രാധാന്യം കൊടുക്കുന്ന മദ്ധ്യവര്‍ഗ്ഗ കര്‍ത്തൃത്വത്തിന്റെ ബോധാന്തരാളങ്ങളില്‍, അബോധത്തില്‍, ചൈതന്യവത്തായ 'നിറ' ജീവിതം (യശീ)െ ഞരങ്ങുകയും പിടയുകയും തുടിക്കുകയും ചെയ്യുന്നത് കവിതയുടെ സൂക്ഷ്മശ്രവണികള്‍ പിടിച്ചെടുക്കുന്നു എന്നതാണ് ശ്രദ്ധേയം. മാത്രമല്ല, കവിതയുടെ ദൃശ്യ ശ്രവണ ബോധകേന്ദ്രമായി വര്‍ത്തിക്കുന്നത് മദ്ധ്യവര്‍ഗ്ഗ കര്‍ത്തൃത്വം സ്വയം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മനുഷ്യാന്തസ്ഥിതമായ ഈ ജീവിതവീര്യമാണ്. ഇവിടെയാണ് കവിത നൈതികവും വിപ്ലവകരവുമായ ഒരു ബദല്‍ ബയോ-രാഷ്ട്രീയത്തിന്റെ പരിപ്രേക്ഷ്യവും ശ്രവണികയും മാപിനിയുമാകുന്നത്.    

കൊവിഡ് ബാധിതനായ ഭർത്താവിന്റെ സംസ്കാരച്ചടങ്ങിൽ പിപിഇ കിറ്റ് ധരിച്ച് പങ്കെടുക്കുകയാണ് ഭാര്യയടക്കമുള്ള ബന്ധുക്കൾ. ​ഗുവാഹത്തിയിൽ നിന്നുള്ള ദൃശ്യം
കൊവിഡ് ബാധിതനായ ഭർത്താവിന്റെ സംസ്കാരച്ചടങ്ങിൽ പിപിഇ കിറ്റ് ധരിച്ച് പങ്കെടുക്കുകയാണ് ഭാര്യയടക്കമുള്ള ബന്ധുക്കൾ. ​ഗുവാഹത്തിയിൽ നിന്നുള്ള ദൃശ്യം

ലോകത്തെ പുറത്തിട്ടടയ്ക്കല്‍

പ്രാണരക്ഷാര്‍ത്ഥം (ലോകരക്ഷാര്‍ത്ഥമെന്ന വ്യാജേന) സ്വന്തം വീടുകളിലേക്ക് നിര്‍ഗ്ഗമനം ചെയ്യുന്ന, വീടിനെ ഒളിസങ്കേതമാക്കി, 'വീടെത്തി ലോകത്തെ പുറത്തിട്ടടയ്ക്കുന്ന' മദ്ധ്യവര്‍ഗ്ഗ കര്‍ത്തൃത്വത്തിന്റെ ആത്മപ്രതിസന്ധിയിലേക്കാണ് കവിതയുടെ ഒളിനോട്ടം.

''റൊട്ടിയും മുട്ടയും തേങ്ങയും
മാസ്‌കും വാങ്ങി.
മിച്ച വ്യക്തത ഫോണില്‍ സൂക്ഷിച്ചു.
വീടെത്തി ലോകത്തെ പുറത്തിട്ടടച്ചു.''
(മാസ്‌ക്)

'വീടെത്തി ലോകത്തെ പുറത്തിട്ടടയ്ക്കല്‍' എന്ന പ്രമേയം ഇതേ കവിയുടെ മറ്റൊരു കവിതയില്‍ വളരെക്കാലം മുന്‍പ്, മറ്റൊരു സന്ദര്‍ഭത്തില്‍, വായനക്കാരന്‍ പരിചയപ്പെട്ടിട്ടുണ്ടാവും ('കുടമറ', 1985).

'റൊട്ടിയും മുട്ടയും തേങ്ങയും വാങ്ങണം
വീടെത്തി ലോകത്തെ പുറത്തിട്ടടയ്ക്കണം''
(കുടമറ)

പ്രമേയത്തിന്റേയും വരികളുടേയും സാമ്യം വെറും ഒരു ആവര്‍ത്തനമാണിതെന്നു തോന്നിപ്പിക്കാം. എന്നാല്‍, അങ്ങനെയല്ലെന്ന് സൂക്ഷ്മവായനയില്‍ തെളിയും. ആവര്‍ത്തനമല്ല, രൂപാന്തരീകരണമാണിവിടെ സംഭവിക്കുന്നത്. 'കുടമറ'യില്‍ വെറുമൊരു മോഹമായി, നിര്‍ദ്ദേശമായി മാത്രമേ ഈ ലോകനിരാസം അകലവാഞ്ഛ പ്രത്യക്ഷപ്പെടുന്നുള്ളൂ. നിരവധി കാലങ്ങളെ, ലോകങ്ങളെ, അകലങ്ങളെ, ബന്ധിപ്പിക്കുന്ന, കാറ്റത്ത് കുലുങ്ങി 'കിടുങ്ങുന്ന', ഒരു തടിപ്പാലത്ത്‌നിന്നുകൊണ്ടാണ് അന്ന് ദമ്പതിമാരായ ഈ സഹയാത്രികര്‍ ആത്മവിചാരത്തില്‍, സൗന്ദര്യകലഹത്തില്‍ ഏര്‍പ്പെടുന്നത്. അതേ പാലത്തില്‍ നില്‍ക്കുമ്പോഴാണ്, അതേപോലൊരു സന്ധ്യയില്‍, തിമിര്‍ത്ത് വന്ന മഴയത്ത്, പെരുംകാറ്റത്ത്, തന്റെ മുത്തശ്ശിയുടെ മറക്കുട പറന്ന് പോയി മാനം അകലയായത്'' എന്ന് ഓര്‍ത്തെടുക്കുന്നുണ്ട ് 'ചെറുഗര്‍വ്വസുഖത്തോടെ' സഹയാത്രിക. അന്ന് പറന്നുപോയ മറക്കുട 'രണ്ട കലങ്ങളെ ഒന്നിപ്പിക്കുന്ന' മറ്റൊരു കുടയാല്‍ പകരംവയ്ക്കപ്പെടുന്നു എന്ന് ചരിതാര്‍ത്ഥനാകുന്നു സഹയാത്രികന്‍. 'മറക്കുട' കുടമറയായി, കുടുംബമറയായി തലതിരിഞ്ഞു വരുന്നതും പുതുമഴയത്ത്, പുതുകാറ്റത്ത്, ആ ചെറുകുട പറന്ന് 'പ്രളയത്തിലാണ്ട  വേദംപോലെ' ഒഴുക്കുത്തില്‍ ഒലിച്ചുമറയുന്നതും ആണ് 'കുടമറ'യുടെ പ്രമേയം. അന്ന് വീട് മധുര ദാമ്പത്യത്തിന്റെ, വേദവും ('മറ') മിഥോളജിയും ആയിരുന്നു; കുട'മറ'യും (അണു) കുടുംബ 'മറ'യും ആയിരുന്നു. ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ ആ കുട 'മറ', കുടുംബവേദം, ഒഴുകിപ്പോകുന്നത് നിര്‍മമമായി നോക്കിനിന്ന് 'മറ'യോ തണലോ മതിലോ ഇല്ലാതെ ലോകത്തെ സ്വാഗതം ചെയ്യുന്ന ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറുകയായിരുന്നു അന്ന് ആ കവിതയിലെ ദമ്പതിമാര്‍. വീടിന്റെ വാതിലുകള്‍ ആ കാലക്ഷോഭത്തില്‍ ലോകത്തിലേക്ക് തുറന്നുതന്നെ കിടന്നു.

അന്നത്തെ വീടും കുടുംബവും ലോകവും എല്ലാം തന്നെ ഇവിടെ രൂപമാറ്റത്തിനു വിധേയമായിരിക്കുന്നു. റൊട്ടി, മുട്ട, തേങ്ങ തുടങ്ങിയ അവശ്യവസ്തുക്കള്‍ക്കൊപ്പം ഇവിടെ മറ്റൊന്നു കൂടിയുണ്ട്: മാസ്‌ക്ക്. പഴയ കുടമറയ്ക്ക് പകരം ഇപ്പോള്‍ മുഖ 'മറ'. 'മറ' ഒരു അവയവമായിക്കഴിഞ്ഞു. മുഖംമൂടി പുതുവേദവും വേദാന്തവുമായിത്തീര്‍ന്നു. ലോകത്തെ പുറത്തിട്ടടയ്ക്കല്‍ അന്നൊരു വൃഥാഭിലാഷം മാത്രമായി ഒടുങ്ങി.

ഇന്നാവട്ടെ, ലോകനിരാസം ബാഹ്യവും ആന്തരികവുമായ ആജ്ഞയായി നിയമമായി, അനിവാര്യതയായി മാറി. വീടും ഉടലും ലോകവും സ്വത്വവും ഇന്ന് ഈ മഹാമാരിയുടെ രുഗ്ണസന്ദര്‍ഭത്തില്‍ പ്രതിലോമകരമായി രൂപാന്തരീകരിക്കപ്പെട്ടു. അന്ന് ലോകത്തിലേക്ക് തുറന്നിട്ട വാതിലുകളായിരുന്നു വീട്. ഇന്ന് 'ലോകത്തെ പുറത്താക്കിയടയ്ക്കുന്ന', 'എല്ലാം പഴതാക്കുന്ന', 'ലോകക്കേടില്‍' അകപുറങ്ങള്‍ ചീഞ്ഞുനാറുന്ന, തോറ്റവന്റെ 'ഒളിയറ' മാത്രം. ആത്മപ്രതിരോധത്തിന്റെ കോട്ട മാത്രം, ('പുറത്തേക്ക് വഴിതരാ ദുര്‍ഗ്ഗം' എന്ന് 'എന്റെ വയ്യായ്കയ്ക്കില്ല എന്റത്ര പ്രായം' എന്ന പുതിയ കവിതയില്‍.  പ്രച്ഛന്നമായ തടവറ മാത്രം.

കര്‍ത്തൃത്വത്തിന്റെ നവ-പരികല്പന

വീട്ടിലേക്കു ചുരുങ്ങുന്ന ഈ മടക്കയാത്രയുടെ ഓരോ ചുവടും ഓരോ നീക്കവും നിരീക്ഷണ വിധേയമാണ്. ഷോപ്പിങ് ബാഗ് മാത്രമാണ് ലോകത്തോടും നാളെയോടും ബന്ധിപ്പിക്കുന്ന ഏക കണ്ണി. പ്രത്യാശയുടെ ഏതു നിമിഷവും പൊട്ടാവുന്ന, അവശേഷിക്കുന്ന ഏക തന്തു. ഉള്‍വലിയലിന്റെ, ലോക നിരാസത്തിന്റെ, ആത്മപ്രതിരോധത്തിന്റെ, അനുഷ്ഠാനപരമായ ചേഷ്ടകളിലേക്ക് ക്യാമറ സൂം ചെയ്യുന്നു. വീട്ടിലെത്തി, കൈകഴുകി വേഷം മാറി, മുഖം മൂടി മാറ്റി, മദ്ധ്യവര്‍ഗ്ഗിയായ കര്‍ത്തൃപുരുഷന്‍ ആസനസ്ഥനാകുന്നു.

''കൂട്ടില്ലണുവിന്റെ പോലുമനീതിക്കെന്ന്
കൈകഴുകി, വേഷം മാറി, ഇരുന്നു,
പ്രതിരോധാസനത്തില്‍''

കൈകഴുകല്‍ അണു പ്രതിരോധത്തിനുള്ള ആരോഗ്യ അനുഷ്ഠാനവും ശുചീകരണപ്രക്രിയയും മാത്രമല്ല, ലോകാനീതികളില്‍ തനിക്ക് പങ്കില്ലെന്ന് സ്വയം ജാമ്യമെടുക്കുന്ന പ്രതീകാത്മകമായ ഒരു പ്രതിരോധ സംവിധാനം കൂടിയാണ്. നൈതികമായ ഒരു കയ്യൊഴിയല്‍. സുഖാസനത്തിലോ യോഗാസനത്തിലോ അല്ല പ്രതിരോധാസനത്തിലാണ് ഇരിപ്പ്. മെട്രോ നഗരത്തിലെ അവശ്യവിനിമയങ്ങള്‍ക്കു ശേഷം ഷോപ്പിങ്ങിനും അനുബന്ധമായ, ധന-ബോധ-ഊര്‍ജ്ജ ദുര്‍വ്വിനിയോഗങ്ങള്‍ക്കും ശേഷം മൂക്കും വായും മറച്ചും ചിന്തയേയും ഉടലിനേയും ശമിപ്പിച്ചും കൊണ്ടുള്ള പ്രതിരോധാടനത്തിനും ശേഷം ബാക്കിയാവുന്ന വെറും ഒരു ജീവശകലം മാത്രമാണ് ഈ വിചിത്ര കര്‍ത്തൃത്വം.

പാടി നീളാത്ത ഖരഹിമം,
തരംഗനിഗ്രഹയോഗി ഗൂഢ കാവേരി
ഈയിരിക്കുന്ന ഞാന്‍;
ഓണ്‍ലൈന്‍ ജീവി, അകലവ്രതന്‍.

എല്ലാ 'മറ'കളും ചമയങ്ങളും എടുത്ത് മാറ്റി, അതിസൂക്ഷ്മവും തീവ്രവുമായ ആത്മപരിശോധനയിലേക്കും സ്വത്വവിശകലനത്തിലേക്കും സ്വമേധയാ കടക്കുന്ന കര്‍ത്തൃത്വത്തിന്റെ ആത്മഗതങ്ങളെയാണ് ഇനി കവിത പിടിച്ചെടുക്കുന്നത്. അദൃശ്യയായ ഒരു മന:ശാസ്ത്ര വിശ്ലേഷകയെപ്പോലെ കാവ്യാഖ്യാതാവ് കര്‍ത്താവിന്റെ ആത്മഭാഷണങ്ങളെ ആന്തരികമായി സംവാദവല്‍ക്കരിക്കുകയാണെന്നും പറയാം. കര്‍തൃത്ത്വത്തിനകത്തും പുറത്തും ഒരേ സമയം നിലകൊണ്ട ്, ആത്മത്തേയും ലോകത്തേയും ഒരേപോലെ പ്രതിനിധീകരിച്ച്, പ്രതിപ്രവര്‍ത്തിപ്പിച്ച്, കര്‍ത്തൃപ്പകര്‍ച്ചയുടെ ആഭിചാരകയും (zorcerer) സാക്ഷിയുമായി വര്‍ത്തിക്കുന്ന രഹസ്യ സാന്നിദ്ധ്യമാണ് ഇവിടെ ആഖ്യാതാവ്.

ഇങ്ങനെ പ്രതിരോധ വി-യോഗാസനത്തിലിരിക്കുന്ന അതിജീവകനും, 'വെറും' ജീവകനും ജന്തുസമാനനും (zoe) ആയ ഈ നവകര്‍ത്തൃത്വത്തെ കവിതയിലെ 'ഞാന്‍' സ്വയം നാമകരണം ചെയ്യുന്നു: അകലവ്രതന്‍. പാടി നീളാതെ, ഒഴുകാതെ, ഉറഞ്ഞു കട്ടയായിപ്പോയ ഒരു ഹിമകണം ആണ് ഈ കര്‍ത്താവ്. ചിന്തയുടെ തിരയടികളെ നിഗ്രഹിക്കുന്ന, ചിത്തനിരോധനം ചെയ്യുന്ന, ആത്മത്തെ ഒഴുകാനനുവദിക്കാത്ത, വി-യോഗിയായ യോഗി. തുറന്ന് തെളിഞ്ഞൊഴുകാതെ, ഓളങ്ങളെ സംഹരിച്ച്, തളം കെട്ടി, ഉള്‍വലിഞ്ഞ് കിടക്കുന്ന ഗൂഢ നദി. യോഗിയുടേതിനേക്കാള്‍ യോഗഭ്രഷ്ടന്റെ ലക്ഷണങ്ങളാണ് അയാള്‍ പ്രകടിപ്പിക്കുന്നത്. ശാരീരിക അകലമെന്ന ആരോഗ്യ നിര്‍ദ്ദേശത്തിന്റെ ഭരണകൂട ഭാഷ്യമായ 'സാമൂഹ്യ' അകലം എന്ന ആജ്ഞാവാക്യത്തെ ആത്മസാല്‍ക്കരിക്കുകയും അകലവല്‍ക്കരണത്തിന്റെ വരേണ്യ പ്രത്യയശാസ്ത്രമായി ആഘോഷിക്കുകയും ചെയ്യുന്ന, ഓണ്‍ലൈന്‍ ജീവിയായി മാറിക്കഴിഞ്ഞ പുതിയ മദ്ധ്യവര്‍ഗ്ഗ കര്‍ത്താവ് തന്നെ ഈ അകലവ്രതന്‍. ബയോ-രാഷ്ട്രീയ-കര്‍ത്തൃത്വത്തിന്റെ നവപരികല്പന.

അകപുറങ്ങളുടെ പൊട്ടിപ്പിളരലാണ് ഈ നവ കര്‍ത്തൃത്വത്തെ നിര്‍വ്വചിക്കുന്നത്:

അകലവ്രതനെനിക്കിനി
അകം അകം മാത്രം.
പുറം പുറം മാത്രം.
ഇനി വരില്ല വരില്ല പുറത്തേക്കകം, അത്രയ്ക്കും
ഊമയായ് മാറ്റി ഞാനെന്നെ.
ഇനി വരില്ല വരില്ലകത്തേയ്ക്ക് പുറം, അത്രയ്ക്കും
ബധിരനായി മാറ്റി ഞാനെന്നെ.
ലോകമെനിക്കോ, ഞാന്‍
ലോകത്തിനോ, മുഖ മറ?

അകപുറങ്ങളുടെ ദാരുണമായ ഈ വിച്ഛേദനം മുമ്പെഴുതിയ മറ്റൊരു കവിതയിലും പ്രമേയമാവുന്നുണ്ട ്: അകത്തേക്കോ പുറത്തേക്കോ പോവാനാകായ്കയെ പ്രശ്‌നവല്‍ക്കരിക്കുന്ന 'അന്യാധീനം' എന്ന കവിതയില്‍ (കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകള്‍ 1969-1996). 'അകപുറങ്ങള്‍ തന്നേറ്റവുമാകുലമായ കലക്കമാകുന്നു ഞാന്‍'' എന്നാണ് ഈ കവിത സ്വത്വത്തെ നിര്‍വ്വചനം ചെയ്യുന്നത്. എന്നാല്‍, 'മാസ്‌കി'ലെത്തുമ്പോള്‍ പ്രമേയത്തിനു രൂപപ്പകര്‍ച്ച നേരിടുന്നു. അകവും പുറവും തമ്മിലുള്ള പൂര്‍ണ്ണവിച്ഛേദനം ആണ് ഇവിടെ സംഭവിക്കുന്നത്. ഇനി മേല്‍ 'അകം, അകം മാത്രം, പുറം, പുറം മാത്രം.' പുറത്തേക്കകത്തിനു വരാനാവാത്തവിധം സ്വയം ഊമയായി മാറുകയും പുറത്തിന് അകത്തേയ്ക്ക് കടക്കാനാവാത്തവിധം സ്വയം ബധിരനായി മാറുകയുമാണ് അയാള്‍. അകം പുറത്തിനും പുറം അകത്തിനും മുഖം മൂടിയായ് ചമയുന്നു എന്ന വിചിത്ര സത്യത്തെ മറനീക്കി നോക്കുന്നു അയാള്‍.

'സാമൂഹ്യ അകലം' കേവലം ഒരു ആരോഗ്യവിജ്ഞാപനമോ മാസ്‌ക് ധരിക്കല്‍ നിര്‍ദ്ദോഷമായ ഒരു ആവരണപ്രക്രിയയോ ആയി ഒതുങ്ങുന്നില്ല. അകലവല്‍ക്കരണത്തിന്റേയും മുഖംമൂടിവല്‍ക്കരണത്തിന്റേയും സൂക്ഷ്മരാഷ്ട്രീയ പ്രക്രിയകളായി അവ വളരുന്നു: സ്വയം ഊമയാകല്‍, ബധിരനാകല്‍ എന്നിങ്ങനെ. വ്യക്തിജീവിതത്തിന്റെ ആഴങ്ങളില്‍ പ്രയുക്തമാകുന്ന ആത്മത്തിന്റെ സാങ്കേതികവിദ്യയായി, ആത്മത്തിനുമേല്‍ നിര്‍വ്വഹിക്കപ്പെടുന്ന അധികാര പ്രക്രിയയായി, കര്‍ത്തൃവല്‍ക്കരണത്തിന്റെ പ്രവര്‍ത്തനതന്ത്രങ്ങളായി അവ മാറുന്നതെങ്ങനെ എന്നാണ് കവിത പരിശോധിക്കുന്നത്.   

അകപുറങ്ങളുടെ, ആത്മ-ലോകങ്ങളുടെ, ഈ പൊട്ടിപ്പിളരല്‍ ഒരു വ്രതാനുഷ്ഠാനമായി, നവീനമായ ഒരു അയിത്താചാരമായി, ആത്മദമനവിദ്യയായി, അകലവ്രതന്‍ ആഘോഷിക്കുമ്പോഴും ആ പിളര്‍പ്പില്‍നിന്ന് ഒരു വിലാപം, പൊള്ളുന്ന ഒരു ചോദ്യകലാപം, മോചനത്തിന്റെ ഒരു നുറുങ്ങ് ഓര്‍മ്മ, സ്വപ്‌നം, പിടഞ്ഞുയരുന്നുണ്ട ്. അത് അടിച്ചമര്‍ത്തപ്പെട്ട 'നിറ'ജീവിതത്തിന്റെ, അന്തസ്ഥിതമായ ജീവിതവീര്യത്തിന്റെ മോചനക്കുതിപ്പുകളാണ്. വെറും ജീവിതത്തിനെതിരെ നിറജീവിതത്തിന്റെ പിടയ്ക്കല്‍, കിതയ്ക്കല്‍, കുതറല്‍, കുതിക്കല്‍. അഗംബന്റെ 'വെറും ജീവിത സിദ്ധാന്തം' കാണാതെ വിടുന്ന ആത്മസംഘര്‍ഷം ഇവിടെ സംവേദ്യമാകുന്നു.
 
അയ്യോ വരില്ലേ വരില്ലേയിനി, പുറത്തേക്കകത്തിന്റെ
നമ്മളൊന്നെന്ന മോചനക്കുതിപ്പുകള്‍?
ഭിന്നിച്ചതേതയിത്തത്തി, ലാപത്തിലിന്നവ?
വാഴുമെങ്ങനെ പുറമില്ലാതകം?
അകമില്ലാതെ പുറം? ഇറ്റു നാള്‍
സംഘമില്ലെങ്കിലും?

കവിതയുടെ ദിശയില്‍ സൂക്ഷ്മവും നിര്‍ണ്ണായകവുമായ ഒരു വ്യതിയാനം സംഭവിക്കുകയാണ്. കര്‍ത്താവിന്റെ സഞ്ചാരം വിരുദ്ധ ഗതിയിലേക്ക് തിരിയുന്നു. ഇതേവരെ നിശ്ശബ്ദമായിരുന്ന മറ്റൊരു സ്വരം, മാനം, പരിപ്രേക്ഷ്യം തേങ്ങുന്ന ഒരു ചോദ്യരൂപത്തില്‍ ഇവിടെ പൊന്തിവരുന്നു. ബോധാബോധങ്ങളുടെ ആഴങ്ങളില്‍നിന്നു വരുന്ന ജീവിതകാമനയുടെ, വംശകാമനയുടെ, ലോകകാമനയുടെ വിലാപനിസ്വനം.
 
'അയ്യോ' എന്ന പ്രരോദനം ഒരു അഭാവത്തെ മാത്രമല്ല, ആസന്നമായ ഒരു ആവിര്‍ഭാവത്തേയും സന്ദേശം ചെയ്യുന്നുണ്ട്. ജീവിതത്തെ ജീവിതവ്യമാക്കുന്ന, വെറും ജീവിതത്തെ 'നിറ' ജീവിതമാക്കുന്ന, അകപുറങ്ങളൊന്നിക്കുന്ന അദൈ്വത നേരത്തെയാണ്, സംഘനേരത്തെയാണ് ഈ തേങ്ങല്‍, ചോദ്യരൂപത്തില്‍ അനുധ്യാനം ചെയ്യുന്നത്. ആത്മ-ലോക ലയങ്ങള്‍, അകത്തിന്റെ മോചനക്കുതിപ്പുകള്‍ എല്ലാം തന്നെ, ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നു തോന്നിക്കുന്ന ഈ മഹാമാരി സന്ധിയില്‍, ''ഇനി വരില്ലേ വരില്ലേ'' എന്ന വിളി, ഒരു വിലാപം മാത്രമല്ല, ഒരു ആവാഹനം, തോറ്റം കൂടിയാണ്.

മനുഷ്യരാശിയെ ഇന്ന് നടുക്കം കൊള്ളിക്കുന്ന ചില പ്രധാന ചോദ്യങ്ങള്‍ ഇവിടെ ഉയര്‍ന്നു വരികയാണ്. ലോകത്തോട് നമ്മളൊന്ന് എന്നു പ്രഖ്യാപനം ചെയ്യുന്ന ആത്മത്തിന്റെ മോചനക്കുതിപ്പുകള്‍, വിമോചനത്തിന്റെ സമരനേരങ്ങള്‍, അകപുറങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് അതീതകാലം മുതല്‍ വന്നും പോയും കൊണ്ടിരിക്കുന്ന സംഘകാലങ്ങള്‍, ആത്മ-ലോക-സംയോഗത്തിന്റെ വിപ്ലവകരമായ വ്യതിര്‍നേരങ്ങള്‍ ഇവയെല്ലാം ഈ മഹാമാരിയുടെ നിപാതത്തോടുകൂടി ഇനി വരാത്തവണ്ണം അവസാനിക്കുകയാണോ? കൊറോണയുടെ ബയോരാഷ്ട്രീയം നിര്‍ദ്ദേശിക്കുന്ന സാമൂഹ്യ അകലം എന്ന ആജ്ഞ ഒരു പുതിയതരം അയിത്തത്തെ ഉല്പാദിപ്പിക്കുകയാണോ? നവീനമായ ഒരു ജാതീയതയുടെ, വരേണ്യതയുടെ, ആന്തരികാജ്ഞകളാണോ ഇന്ന് അകപുറങ്ങളുടെ ദാരുണമായ പൊട്ടിപ്പിളരലിനു നിദാനമാവുന്നത്? അകവും പുറവും ആത്മവും ലോകവും പരസ്പരാശ്രിതങ്ങളല്ലേ? അകപുറങ്ങളുടെ 'സംഘം' അല്പനാള്‍ ഇല്ലെന്നു വന്നാലും പുറമില്ലാതെ അകത്തിനും അകമില്ലാതെ പുറത്തിനും നിലനില്‍ക്കുവാനാകുമോ? അകവും പുറവും അദൈ്വതപ്പെടുന്ന പ്രാചീന സംഘസംസ്‌കൃതിയെ ആമന്ത്രണം ചെയ്യുന്ന ഈ വരികള്‍ സംഘകാമനയെ സൂക്ഷ്മമായി പുനരാവാഹിക്കുകയാണ്. (അഗംബന്റെ) 'വെറും' ജീവിതം എന്ന സങ്കല്പനത്തിന്റെ ശുഷ്‌ക്കതയെ, ഏകമാനതയെ ആത്യന്തികമായും ഈ ആകാംക്ഷകള്‍ അതിവര്‍ത്തനം ചെയ്യുന്നു. അകപുറങ്ങളുടെ വിഭജനം, വിപരീതവല്‍ക്കരണം ഒരു താല്‍ക്കാലിക പ്രതിഭാസമാണെന്നും അത്തരമൊരു വിഭജനത്തിനു ദീര്‍ഘകാലം നിലനില്‍ക്കുവാനാകില്ലെന്നും അഥവാ അങ്ങനെ വന്നാല്‍ മനുഷ്യരാശിക്കു തന്നെ നിലനില്‍പ്പില്ലെന്നും ഉള്ള വംശവിവേകത്തെയാണ് ഈ ചോദ്യങ്ങള്‍ ഉദ്ദീപ്തമാക്കുന്നത്. 'വെറും' ജീവനത്തിന്റെ, അകലവല്‍ക്കരണത്തിന്റെ സര്‍വ്വ യുക്തികളേയും തീര്‍പ്പുകളേയും അട്ടിമറിക്കുന്നു കാമനയുടെ ഈ പിടയലുകള്‍, ഞരക്കങ്ങള്‍, നൈതികമായ ഈ ചോദ്യക്കുതിപ്പുകള്‍.

അതിജീവനത്തിന്റെ നാറ്റം

ഉള്ള് തുരന്നുവരുന്ന ഈ ചോദ്യാവലികള്‍ അതിജീവനത്തിന്റെ നാറ്റത്തിലേക്ക് സര്‍വ്വേന്ദ്രിയങ്ങളേയും ഉണര്‍ത്തുകയാണ്. നവീനമായ ഒരു ബോധോദയത്തിന്റെ, സത്യോദയത്തിന്റെ തീക്ഷ്ണ രസാനുഭവമാണ് നാറ്റം ഈ സന്ദര്‍ഭത്തില്‍. കെ.ജി.എസ്സിനെ സംബന്ധിച്ചിടത്തോളം മൂക്കാണ് കണ്ണിനെക്കാള്‍, ചെവിയെക്കാള്‍, സ്പര്‍ശത്തെക്കാള്‍ സത്യ ഗ്രാഹിയായ വിമര്‍ശനപടുവായ ഇന്ദ്രിയം.

''കണ്ണോളം ചതിക്കപ്പെട്ടിട്ടില്ല നുണ പഠിച്ചിട്ടില്ല മൂക്ക്'' (പ്രസിദ്ധര്‍). നാറ്റ പരിശോധനയാവുന്നു ഇവിടെ സത്യാന്വേഷണം.

കാറ്റില്‍ നാറ്റത്തിര; ചീഞ്ഞ മുട്ടയോ
പൂത്ത റൊട്ടിയോ കെട്ട തേങ്ങയോ
കനച്ച പ്രത്യാശയോ ബാഗില്‍? നാറുന്നതെന്ത്?
എല്ലാമെനിക്കെന്നെരെയ്ക്കും മനസ്സോ? വേഗം
എല്ലാം പഴതാക്കും വീടോ? ഏത്
വീട്ടിലുമൊളിക്കും തടവോ?
ടെക്സ്റ്റിലെല്ലാം തോറ്റ്
വെന്റിലേറ്ററിലും തോറ്റ തോല്‍വികളേത്
വഴിയിലുമഴുകിയൊഴിയ്ക്കലോ? താഴുമോ
വാഴ്വിന്‍ കൊടിപ്പടമതിലെന്ന പേടിയോ?
കൃമികീട ജയങ്ങളോ? ലോകക്കേ-
ടേത് നാറുന്നു കാറ്റില്‍?
അകം ചീഞ്ഞു പുറത്തേക്കോ
പുറം ചീഞ്ഞകത്തേക്കോ നാറുന്നു മാരണം?

അകവും പുറവും അടഞ്ഞ ആ ആവാസവ്യവസ്ഥയെ ദുസ്സഹമാക്കി ഉയര്‍ന്നുവരുന്ന ചീഞ്ഞ് നാറ്റത്തിന്റെ ഉത്ഭവസ്ഥാനമെവിടെ എന്ന അന്വേഷണം നൈതികവും രാഷ്ട്രീയപരവും മന:ശാസ്ത്രപരവും ആയ തലങ്ങളിലേക്ക് നീങ്ങുന്നു. ചീഞ്ഞ മുട്ടയിലോ പൂത്ത റൊട്ടിയിലോ കെട്ട തേങ്ങയിലോ ഒതുങ്ങുന്നില്ല ഈ നാറ്റം. ഷോപ്പിങ്ങ് ബാഗിലെ കനച്ച പ്രത്യാശയാവാം അതിന്റെ ഉറവിടം. എല്ലാത്തിനേയും തന്റേതാക്കാന്‍ വെമ്പുന്ന ഉപഭോഗഭുഭുക്ഷുവായ മനസ്സിന്റെ നാറ്റമാവാം. സര്‍വ്വവും അതിവേഗം പഴതാക്കുന്ന അടച്ചുകെട്ടിയ വീടിന്റേതാവാം. എല്ലാ വീട്ടിലും ഒളിഞ്ഞു കിടക്കുന്ന തടവിന്റേതാവാം. രോഗപരിശോധനയില്‍ പോസിറ്റീവെന്ന് തോറ്റ്, ചികിത്സയിലും തോറ്റ്, വൈറസ്സിനോട് കീഴ്പെട്ട സഹജീവികളുടെ തോറ്റ ജഡം, എല്ലാ വഴിയിലും അഴുകിയൊലിക്കുന്നതിന്റെ നാറ്റമാവാം അത്. ജീവിതത്തിന്റെ കൊടിപ്പടം ഈ മഹാവ്യാധിക്കു മുന്‍പില്‍ താഴ്ത്തപ്പെടുമോ എന്ന പ്രാചീനമായ മരണഭീതിയാവാം. എല്ലാ തോല്‍വികള്‍ക്കുമിടയില്‍ കൃമികീടംപോലെ നുരയുന്ന മദ്ധ്യവര്‍ഗ്ഗീയമായ ക്ഷുദ്ര ജയങ്ങളാവാം. ഇനിയും തിരിച്ചറിയപ്പെടാത്ത ലോകക്കേടേതെങ്കിലും ആവാം. അകപുറങ്ങളുടെ ചീയലാവാം. എന്തായാലും അകത്തും പുറത്തും പതിയിരിക്കുന്ന മഹാമാരണത്തിന്റെ വിളംബരമാണ് ഈ ചീഞ്ഞുനാറല്‍.

മനുഷ്യനീതി എവിടെയൊക്കെയോ തോറ്റൊടുങ്ങി, ചീഞ്ഞഴുകുന്നതിന്റെ നാറ്റം രേഖപ്പെടുത്തുന്ന വിമര്‍ശനാത്മകവും സത്യവേദ്യവുമായ ഒരു മൂക്കായി മാറുന്നു കവിത ഇവിടെ. കൊറോണയുടെ രോഗസത്യം വിളിച്ചറിയിച്ച ചൈനീസ് ഡോക്ടറായ ലീ വെന്‍ ലിയാങ്ങിനെപ്പോലെ, രാഷ്ട്രീയ സത്യം വിളിച്ചറിയിച്ച ഇറ്റാലിയന്‍ ചിന്തകനായ അഗംബനെപ്പോലെ മറ്റൊരു വിസില്‍ ബ്ലോവര്‍ ആകുന്നു മഹാമാരിയുടെ നൈതിക സത്യത്തെ വിളിച്ചറിയിക്കുന്ന ഈ കവി. മഹാമാരി വെറുമൊരു ആരോഗ്യ പ്രതിസന്ധി മാത്രമല്ല, ഒരു രാഷ്ട്രീയ, നൈതിക പ്രതിസന്ധികൂടിയാണെന്നും ബയോ നൈതിക രാഷ്ട്രീയത്തിന്റെ ബഹുതല സമരമുഖങ്ങളിലൂടെ മാത്രമേ അതിനെ നേരിടാനാവൂ എന്നുമത്രേ ഈ വിസില്‍ വിളിക്കാര്‍ നമ്മെ മുന്നറിയിക്കുന്നത്.

അടിമപ്പുറപ്പാടുകള്‍

അകപുറങ്ങള്‍ ഒരേപോലെ ചീഞ്ഞുനാറുന്നു. അകവും പുറവും വളയപ്പെട്ടിരിക്കുന്നു. സമകാലീന മനുഷ്യന്റെ ഉപരോധിതനിലയാണിത്. വിഹ്വലമായ ഈ രാത്രിയില്‍ വാതിലില്‍ മുട്ട് കേള്‍ക്കുന്നു. അടച്ച് കുറ്റിയിട്ട വാതില്‍പ്പാളികളില്‍ പുറംലോകം അക്ഷമമായി മുട്ടുന്നു. പുറത്താക്കപ്പെട്ട ലോകം അനേകം കൈകളും കാലുകളുമായി കതകില്‍, നെഞ്ചില്‍, മുട്ടുന്നു, തൊഴിക്കുന്നു. നിരവധി മുട്ടുകളുടെ പരമ്പര പെരുമ്പറയായ് വീടെന്ന അന്തിമമായ ഒളിസങ്കേതത്തെ പ്രതിരോധദുര്‍ഗ്ഗത്തെ കിടിലം കൊള്ളിക്കുന്നു.

മുട്ട്, മുട്ട്, മുട്ട്. ക്ഷമകെട്ട്
മുട്ടുന്നു വാതിലില്‍ പലകൈ.
തൊഴിക്കുന്നു നെഞ്ചില്‍ പല കാല്‍.

സമകാലീന ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ട്രൗമകളെ തട്ടിയുണര്‍ത്തുന്നു ഈ വാതില്‍ മുട്ടുകള്‍: 2020 മാര്‍ച്ച് 24 അര്‍ദ്ധരാത്രി മുതല്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്ന ലോകത്തിലെ ഏറ്റവും നീണ്ടതും യുദ്ധസമാനവുമായ ലോക്ഡൗണ്‍ പരമ്പരകളും അതിന്റെ ദുരന്തപ്രത്യാഘാതമായ കുടിയേറ്റത്തൊഴിലാളികളുടെ മഹാപ്രയാണവും. നഗരങ്ങളിലെ പണിയിടങ്ങളില്‍നിന്ന്, വാടകവീടുകളില്‍നിന്ന്, ക്യാമ്പുകളില്‍നിന്ന്, ആട്ടിയോടിക്കപ്പെട്ട പ്രവാസിത്തൊഴിലാളികളുടെ മടക്കപ്പുറപ്പാട്. ലോകം കണ്ട  ഏറ്റവും ദാരുണമായ ലോങ്ങ് മാര്‍ച്ച്.

അഞ്ഞൂറും ആയിരവും കിലോമീറ്ററുകള്‍ അകലെയുള്ള സ്വന്തം നാടുകളിലേക്ക് കുട്ടികളും വൃദ്ധരും യുവതീയുവാക്കളും അച്ഛനമ്മമാരും സഹോദരങ്ങളും ബന്ധുമിത്രാദികളും അടങ്ങുന്ന ആയിരക്കണക്കിനു പ്രവാസിത്തൊഴിലാളികള്‍, പൗരാവകാശമില്ലാത്ത പൗരന്മാര്‍, ദേശീയപാതകളും റെയില്‍പ്പാതകളും മഞ്ഞും മഴയും വെയിലും താണ്ടി ലോകചരിത്രത്തിലെ ഏറ്റവും സാഹസികവും ദുരന്തപൂര്‍ണ്ണവുമായ മടക്കയാത്രയ്ക്കിറങ്ങി. ചിലര്‍ റെയില്‍പ്പാളങ്ങളില്‍ തീവണ്ടിച്ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് ചിലര്‍ ട്രക്കുകള്‍ക്കടിയില്‍പ്പെട്ട് മരണം വരിച്ചു. വിശന്നും ദാഹിച്ചും ദീനം ബാധിച്ചും തളര്‍ന്നും ചിലര്‍ അസ്തമിച്ചു. പൊലീസുകാരുടെ ലാത്തിയടിയേറ്റും ചികിത്സ കിട്ടാതേയും ചിലര്‍ മരിച്ചുവീണു. ഓരോ നഗരാതിര്‍ത്തികളിലും ഓരോ റെയില്‍വേ സ്റ്റേഷനുകളിലും അവര്‍ തടയപ്പെട്ടു. ചിലപ്പോള്‍ അവര്‍ വന്ന നഗരങ്ങളിലേക്ക് തന്നെ മടക്കിയയയ്ക്കപ്പെട്ടു. വിദേശ രാജ്യങ്ങളില്‍നിന്നു പ്രവാസികളെ വിമാനങ്ങളില്‍ തിരിച്ചെത്തിച്ച ഭരണകൂടം ഇവര്‍ക്കായി വാഹനങ്ങളോ ഭക്ഷണമോ വിശ്രമസ്ഥലങ്ങളോ ഒരുക്കാന്‍ തയ്യാറായില്ല. പകരം ലാത്തികളും കണ്ണീര്‍വാതകങ്ങളും കൊണ്ട് അവരെ എതിരേറ്റു. ചിലപ്പോള്‍ അണുനാശിനികളാല്‍ കുളിപ്പിച്ചു. ചിലയിടങ്ങളില്‍ അവര്‍ പൊലീസുമായി ഏറ്റുമുട്ടി. രോഷാകുലരായപ്പോള്‍ ഹൈവേകള്‍ പിക്കറ്റ് ചെയ്തു. പ്രയാണത്തിന്റെ ഓരോ സന്ധിയിലും അവര്‍ പ്രക്ഷോഭകാരികളായി. ഇന്ത്യയുടെ സര്‍വ്വ നിര്‍മ്മാണ വികസന സംരംഭങ്ങള്‍ക്കും വിയര്‍പ്പും വേലയും രുധിരവും അര്‍പ്പിച്ച് രണ്ട ാംകിട പൗരന്മാരായി നഗരമാളങ്ങളില്‍ മറഞ്ഞിരുന്ന പ്രവാസിത്തൊഴിലാളികള്‍ അന്നാദ്യമായി പൊതുമണ്ഡലത്തില്‍ ദൃശ്യവല്‍ക്കരിക്കപ്പെട്ടു: ഭരണകൂടത്താല്‍, നഗരവാസികളാല്‍, പരിത്യക്തരായി, സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളാക്കപ്പെട്ടവരായി, പൗരാവകാശങ്ങളില്ലാത്ത പൗരന്മാരായി, ഇന്ത്യന്‍ ദേശീയതയുടെ ബീഭല്‍സ വൈരുദ്ധ്യങ്ങളുടെ ദൈന്യ സൂചികകളായി. വൈറസ്സിന്റെ വലക്കണ്ണികളെ ഭേദിക്കുവാന്‍ ബദ്ധപ്രതിജ്ഞരായി, സാമൂഹ്യ അകലത്തെ ബൗദ്ധികോല്പാദനത്തിന്റെ ഊര്‍ജ്ജനിക്ഷേപകമാക്കി, വീടിന്റെ ഒളിയറകളിലേക്ക് ഓണ്‍ലൈന്‍ ജീവികളായി പിന്‍വലിഞ്ഞ മദ്ധ്യവര്‍ഗ്ഗികളുടെ യോഗസമാധിയെ ദുഃസ്വപ്‌നങ്ങളായി അട്ടിമറിച്ചു ഈ മഹാപ്രയാണം.

തിരിച്ചെത്തിയോ കനല്‍പ്പാത കാലില്‍ ചുറ്റി
ഇല്ലാത്ത സ്വരാജിലേ-
ക്കിരമ്പിപ്പുറപ്പെട്ടോരടിമത്തൊഴില്‍പ്പട?
ദീനക്രുദ്ധം ഏഴച്ചുഴലി?
മാന്ത്രിക ദണ്ഡുമായ്
മോശമുന്നിലില്ലാതെ
ഗാന്ധി മുന്നിലില്ലാതെ
മാര്‍ക്സ് മുന്നിലില്ലാതെ.

 
നഗരത്തില്‍നിന്ന് ബഹിഷ്‌കൃതരായി, നാട്ടിലേക്ക് പുറപ്പെട്ട 'അടിമത്തൊഴില്‍പ്പട' വീണ്ടും തിരിച്ചെത്തുകയാണോ എന്ന് നഗരപൗരനായ മദ്ധ്യവര്‍ഗ്ഗ കര്‍ത്താവ് വ്യാകുലനാവുന്നു. 'ദീനക്രുദ്ധമായ' 'ഏഴച്ചുഴലി' പ്രതികാരദാഹിയായി നഗരത്തെ വളയുകയാണോ?

മദ്ധ്യവര്‍ഗ്ഗ സഹജമായ വിഭ്രാന്തിയോടൊപ്പം തന്നെ തൊഴിലാളി വര്‍ഗ്ഗപരവും വര്‍ഗ്ഗാതീതവുമായ സഹാനുഭാവവും കരുണയും പുരണ്ട  അരേഖീയവും ബഹു-മാനകവും സൂക്ഷ്മരാഷ്ട്രീയപരവുമായ കാഴ്ചപ്പാടുകളില്‍നിന്നുകൊണ്ടാണ് ഈ മഹാപ്രയാണത്തെ കവിത വ്യാഖ്യാനം ചെയ്യുന്നത്. കവിതയിലെ 'ഞാന്‍' ബഹുനാവുകളുള്ള വംശീയ ഞാനുകളായി പെരുകുന്ന സന്ദര്‍ഭങ്ങളിലൊന്നാണിത്. കനല്‍പ്പാതകളിലൂടെ നഗ്‌നപാദരായി നീങ്ങിയ കുടിയേറ്റത്തൊഴിലാളികളുടെ മടക്ക പ്രയാണത്തെ ലോകചരിത്രത്തിലെ ഐതിഹാസികമായ അടിമപ്പടപ്പുറപ്പാടുകളുമായി കവിത ബന്ധിപ്പിക്കുകയാണ്. ''കനല്‍പ്പാത കാലില്‍ ചുറ്റി ഇല്ലാത്ത സ്വരാജിലേക്കിരമ്പിപ്പുറപ്പെട്ട അടിമത്തൊഴില്‍പ്പട'', 'ഏഴച്ചുഴലി' എന്നീ രൂപകങ്ങള്‍ നാനാവിധങ്ങളായ അര്‍ത്ഥതലങ്ങളിലേക്കും സാധ്യാസാധ്യങ്ങളിലേക്കും ഭാവാഭാവങ്ങളിലേക്കും പടര്‍ന്നുപിടിച്ചുകൊണ്ട്, നാനാകാലങ്ങളിലേക്കും നിലപാടുകളിലേക്കും, ബഹു-സ്വര-ദൃശ്യ-ശ്രുതി സ്മൃതി-ചിന്താ വൈവിധ്യങ്ങളിലേക്കും ഗതാഗതം ചെയ്തുകൊണ്ട്, കവിത എന്ന ഴോണറിന്റെ വ്യഞ്ജന സാധ്യതയെ പരകോടിയിലേക്കെത്തിക്കുന്നു. ചരിത്രത്തിലെ മഹാപ്രയാണങ്ങളെ ഓര്‍മ്മിപ്പിക്കുന്നുവെങ്കിലും അവയില്‍നിന്നെല്ലാം വ്യത്യസ്തവും സമാനതകളില്ലാത്തവിധം ദാരുണവും ദുരന്തമയവുമാണ് അടിമത്തൊഴില്‍പ്പടയുടെ മടക്കപ്പുറപ്പാടെന്ന് സൂചിപ്പിക്കുന്നു ഈ സങ്കീര്‍ണ്ണ സംശ്ലേഷണങ്ങള്‍.
 
മോശ, ഗാന്ധി, മാര്‍ക്സ് എന്നീ സംജ്ഞാ നാമങ്ങള്‍ അടിമ വിമോചനത്തിന്റെ മൂന്ന് വ്യത്യസ്ത സംഭവങ്ങളുമായി സമകാലികമായ ഈ തൊഴിലാളി പ്രയാണത്തെ അന്വയനം ചെയ്യുകയാണ്. നവീനമായ ഈ അടിമപ്രയാണത്തെ യാതനാമയമാക്കുന്ന ചരിത്രപരമായ അഭാവങ്ങളെയാണ് അവ അങ്കനം ചെയ്യുന്നത്. വിശ്വാസത്തിന്റേയോ വര്‍ഗ്ഗബോധത്തിന്റേയോ നൈതികമായ ആത്മീയതയുടേയോ ആനുകൂല്യങ്ങളില്ലാത്ത, നാടല്ലാതായി മാറിയ നാട്ടിലേക്കുള്ള, സ്വന്തം നാടെന്ന ഫാന്റസിയിലേക്കുള്ള ഈ മടക്കയാത്ര, ഇല്ലാത്ത സ്വരാജിലേക്കുള്ള ദുരന്തപ്പുറപ്പാടായി ഒടുങ്ങുന്നുവെന്ന് കവിത കിടിലം കൊള്ളുന്നു. അപാരമായ സ്വാതന്ത്ര്യബോധവും ഇച്ഛാശക്തിയും തിതിക്ഷയും പ്രകടിപ്പിച്ച ഈ പ്രവാസിത്തൊഴിലാളികളുടെ മഹാപ്രയാണം ദാരുണമായ അന്ത്യത്തിലേക്ക് നീങ്ങുന്നതെന്ത്? വിശ്വാസത്തിന്റെ മന്ത്രവടിയുമായി മോശ, സ്വരാജിന്റെ നൈതിക മന്ത്രങ്ങളുമായി ഗാന്ധി, തൊഴിലാളിവിമോചനത്തിന്റെ രക്തപതാകയുമായി മാര്‍ക്സ് അടിമ വിമോചനപ്പുറപ്പാടിന്റെ സാര്‍വ്വലൗകികമായ ഈ മൂന്ന് വിതാനങ്ങളുടെ അഭാവം, ആശയത്തിന്റെ, വിശ്വാസത്തിന്റെ, വര്‍ഗ്ഗ, രാഷ്ട്രീയബോധത്തിന്റെ, ആത്മീയതയുടെ, നൈതികതയുടെ, ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന നേതൃരാശിയുടെ  അസാന്നിദ്ധ്യം പുതുപുറപ്പാടുകളെ നിരുന്മുഖവും നിര്‍വ്വീര്യവുമാക്കുന്നു. ഗുരുതരമായ ഈ ഇല്ലായ്മകളാണ് ഒരുപക്ഷേ, ലോകചരിത്രത്തിലെത്തന്നെ ഏറ്റവും ത്യാഗപൂര്‍ണ്ണമായ ഈ തൊഴിലാളി പ്രയാണത്തെ തമോഗര്‍ത്തങ്ങളിലേക്ക് നയിക്കുന്നതെന്ന് കവിത വെളിപ്പെടുന്നു. അഭാവബോധം കെ.ജി.എസ്സിന്റെ കവിതകളില്‍ ഗൃഹാതുരത്വമായൊടുങ്ങുകയല്ല. മറിച്ച്, 'ലോകാതുരത്വ'മായി നീറിപ്പടരുകയും കാമനാപരമായ ആഭിമുഖ്യങ്ങളായി തളിര്‍ക്കുകയും ചെയ്യുന്ന സജീവ ഭാവശക്തിയായി വളരുകയാണ്.

തെരഞ്ഞെടുപ്പിന്റെ പരമ നിമിഷങ്ങള്‍

കതകുമുട്ടിന്റെ ചരിത്രാന്തരമായ ഒരു ജീനിയോളജിയിലേക്കാണ് നാം ആനയിക്കപ്പെടുന്നത്. ചോദ്യക്കലിയുമായി പതിരാവിലെത്തുന്ന ഭരണകൂടത്തിന്റെ മുട്ട്. ഫാസിസ്റ്റിന്റെ, സ്റ്റാലിനിസ്റ്റിന്റെ, രഹസ്യപൊലീസിന്റെ, ആരോഗ്യപ്രവര്‍ത്തകന്റെ, എന്‍.ഐ.എയുടെ കുപ്രസിദ്ധമായ കതകുമുട്ടുകള്‍, ചോദ്യപരമ്പരകള്‍.  അകത്താര് എന്ന പ്രാചീനവും അധുനാതനവുമായ ചോദ്യം വാതിലിനപ്പുറം മുഴങ്ങുന്നു:

വാതില്‍ക്കല്‍ ചോദ്യക്കലി:
അകത്താര്?
''വീട്ടുടമ, കാര്‍ഡുടമ, പൗരത്വം.
നാളെയെന്തെന്നറിയാതുഷ്ണിക്കും കവി,
ഭാഷ, റേഷന്‍ തീനി...
പുറത്താര്?''

''മഹാമാരി.''

അകത്താര് എന്ന ചോദ്യത്തിന് തന്റെ ഐഡന്റിറ്റിയും ബയോഡേറ്റയും വെളിപ്പെടുത്തുന്നു മദ്ധ്യവര്‍ഗ്ഗ കര്‍ത്താവ്: പൗരത്വസര്‍ട്ടിഫിക്കറ്റുള്ള, ഭാഷയും റേഷനും ഭക്ഷിക്കുന്ന, ജീവരക്ഷയെപ്പറ്റി ആശങ്കാകുലനായി അതിജീവകനായി മാറിയ മദ്ധ്യവര്‍ഗ്ഗി. വീട്ടുടമ. പ്രാണഭയത്താല്‍ വേവുന്ന വെറും കവി. അധികാരദാസന്‍. (ഐഡന്റിറ്റി കാര്‍ഡുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും മൂടുപടങ്ങള്‍ക്കും പൗരത്വമറകള്‍ക്കുമടിയില്‍ ആഴത്തില്‍ പിടയുകയും ഞരങ്ങുകയും കിതയ്ക്കുകയും ചോദ്യം ചെയ്യുകയും കുതറുകയും പുറത്തേക്ക് കുതിക്കുവാനായുകയും ചെയ്യുന്ന നിശ്ശബ്ദനാക്കപ്പെട്ട മറ്റൊരാള്‍ മറഞ്ഞുനിന്നു. അയാളുടെ അപരന്‍. അന്തരാത്മാവ്).

'പുറത്താര്' എന്ന ചോദ്യത്തിന് 'മഹാമാരി' എന്നുത്തരം. മഹാകാലസ്വരൂപിണിയും ലോകസ്വരൂപിണിയുമായ കാളി എന്നും ധ്വനി. രോഗവും ഭീകരതയും പ്രസാദവും പ്രതിവിധിയും സമരവും മോചനവും എല്ലാം അതിലടങ്ങുന്നു. കതകുമുട്ടുകളുടെ നാനാര്‍ത്ഥങ്ങളെല്ലാം തന്നെയും അതിലടങ്ങുന്നു. ഒരേ സമയം ശിക്ഷകയും രക്ഷകയുമായ മഹാമാരി, മൂലപ്രകൃതി. സ്പിനോസ നിര്‍ദ്ദേശിക്കുന്ന ിമൗേൃമ ിമൗേൃമി1െ. 'പ്രകൃതീകരിക്കപ്പെടുന്ന' പ്രകൃതിയല്ല 'പ്രകൃതീകരിക്കുന്ന' പ്രകൃതി. കതകിനു വെളിയില്‍ കാളീ നാടകം. പൗരത്വ സര്‍ട്ടിഫിക്കറ്റും ആധാറും റേഷന്‍ കാര്‍ഡും നീട്ടുന്ന മൂടുപടമണിഞ്ഞ ബയോരാഷ്ട്രീയ-മദ്ധ്യവര്‍ഗ്ഗ കര്‍ത്തൃത്വത്തിന്റെ അടിത്തട്ടില്‍ പിടയുകയും ഞരങ്ങുകയും കിതയ്ക്കുകയും കുതറുകയും ചോദ്യം ചെയ്യുകയും പുറത്തേക്കു കുതിക്കാന്‍ ആയം കൊള്ളുകയും ചെയ്യുന്ന ഗുപ്തവും നിശ്ശബ്ദവുമായ അപരകര്‍ത്തൃത്വം വെളിയുടെ വിളികേള്‍ക്കുന്നു. ഒന്നുകില്‍ വീട്ടുതടങ്കലിലെ ചീഞ്ഞുനാറല്‍. അല്ലെങ്കില്‍, കതക് തുറന്ന് ലോകത്തെ നേരിടല്‍, മഹാമാരി സ്വരൂപിണിയായ കാളിയെ, കാളുന്ന കാലസത്യത്തെ, നേര്‍ക്കു നേര്‍ വരിക്കല്‍, 'വെറും' ജീവിതത്തെ തള്ളി, 'നിറ' ജീവിതത്തിലേക്ക് കുതിക്കല്‍. ഒന്നുകില്‍ അഴുകല്‍, അല്ലെങ്കില്‍, തിരയടിക്കല്‍, പാടി നീളല്‍, തുറന്നൊഴുകല്‍, 'പുറത്തേക്കുള്ള അകത്തിന്റെ മോചനക്കുതിപ്പുകള്‍.' പരമമായ തെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക നിമിഷത്തിലാണ് നാമിപ്പോള്‍.

1. സ്പിനോസയുടെ നിര്‍വ്വചനപ്രകാരം, natura naturans, അല്ലെങ്കില്‍ naturing nature പ്രകൃതിയുടെ സ്വയം സ്ഥാപക പ്രവൃത്തിയെ, സ്വരൂപത്തെ സൂചിപ്പിക്കുന്നു. (the self-causing activtiy of nature) അത് അനന്തമായ കാരണ ശൃംഖലയുടെ നിര്‍വ്വീര്യ ഉല്പന്നമെന്ന് നിര്‍വ്വചിക്കപ്പെടുന്ന natura naturata, 'nature natured' (nature considered as a passive product of an infinite causal chain) എന്നതില്‍നിന്നു വ്യത്യസ്തമായി, സജീവമായ പ്രകൃതിയെയാണ് സൂചിപ്പിക്കുന്നത് ('Nature in the active sense').

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com