വിവരാവകാശ നിയമം ഒന്നരപ്പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍

പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്‌നസന്നിഭമായ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ മുളപ്പിച്ച് വിവരാവകാശ നിയമം സാക്ഷാല്‍ക്കരിക്കപ്പെട്ടിട്ട് ഒക്ടോബര്‍ 12-ന് 15 വര്‍ഷം തികയുകയാണ്
വിവരാവകാശ നിയമ ഭേദ​ഗതിക്കെതിരേ രാഷ്ട്രപതി ഭവന് മുന്നിൽ നടന്ന പ്രതിഷേധം
വിവരാവകാശ നിയമ ഭേദ​ഗതിക്കെതിരേ രാഷ്ട്രപതി ഭവന് മുന്നിൽ നടന്ന പ്രതിഷേധം

2005-ല്‍ പാര്‍ലമെന്റില്‍ വിവരാവകാശ ബില്ല് അവതരിപ്പിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഇപ്രകാരം പറയുകയുണ്ടായി:

''ഈ ബില്ല് പാസ്സാകുന്നത് നമ്മുടെ ഭരണസംവിധാനത്തില്‍ ഒരു യുഗത്തിനു നാന്ദികുറിക്കും. കാര്യക്ഷമമായ ഭരണനിര്‍വ്വഹണത്തിന്റെ പുതുയുഗം പിറവികൊള്ളും. വളര്‍ച്ചയുടെ നേട്ടങ്ങള്‍ എല്ലാ വിഭാഗം ആളുകളിലേക്കും എത്തുന്ന കാലം വരും. അഴിമതിയെന്ന മഹാവിപത്ത് തുടച്ചു നീക്കാന്‍ സഹായകമായ അന്തരീക്ഷം ഉണ്ടാകും. ഭരണസംവിധാനത്തിന്റെ എല്ലാ തലങ്ങളിലും സാധാരണ മനുഷ്യന്റെ ആകുലതകള്‍ ഇടംപിടിക്കുന്ന കാലം വരും. നമ്മുടെ രാഷ്ട്രശില്പികളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും പൂവണിയുന്ന കാലം.''

വിവരാവകാശ നിയമം രാജ്യത്ത് നടപ്പാക്കാനുള്ള ശ്രമങ്ങളില്‍ ജനങ്ങളും രാജ്യവും അര്‍പ്പിച്ച പ്രതീക്ഷയാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പ്രകടമായത്. പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്‌നസന്നിഭമായ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ മുളപ്പിച്ച് വിവരാവകാശ നിയമം സാക്ഷാല്‍ക്കരിക്കപ്പെട്ടിട്ട് ഒക്ടോബര്‍ 12-ന് 15 വര്‍ഷം തികയുകയാണ്. നമ്മുടെ ജനാധിപത്യ ഭരണസംവിധാനത്തിലെ നടപടികളും തീരുമാനങ്ങളും സാധാരണ പൗരന്മാര്‍ക്ക് അറിയാനും അതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനുമുള്ള അവകാശം ജനങ്ങള്‍ക്കു നല്‍കിക്കൊണ്ടാണ് 2005 ല്‍ നിയമം പ്രാബല്യത്തില്‍ വന്നത്. ഇതുവഴി ഭരണസംവിധാനം സുതാര്യവും അഴിമതിരഹിതവുമാകുന്ന അവസ്ഥ സൃഷ്ടിക്കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. വിവരാവകാശ നിയമത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയ രാജ്യങ്ങളിലൊക്കെ ജനാധിപത്യ സാമൂഹ്യക്രമത്തില്‍ ആശാവഹമായ പുരോഗതി ഉണ്ട ായിട്ടുള്ളതായി ചരിത്രവസ്തുതകള്‍ പറയുന്നു. വിവരാവകാശ നിയമം പാസ്സാക്കപ്പെട്ട രാജ്യങ്ങളില്‍ 55-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഈ നിയമം പാസ്സാക്കിയ ആദ്യ രാജ്യങ്ങളുടെ ഗണത്തില്‍പ്പെടുന്നത് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന വടക്കന്‍ യൂറോപ്പിലെ സ്വീഡന്‍, നോര്‍വെ, ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ് തുടങ്ങിയവയാണ്. 'ഫ്രീഡം ഓഫ് ദ പ്രസ്സ് ആക്ട്' എന്ന പേരില്‍ 1866ല്‍ത്തന്നെ നിയമം നടപ്പാക്കിയ സ്വീഡനാണ് ഇക്കാര്യത്തില്‍ മുന്‍പേ പറന്ന പക്ഷി. ഔദ്യോഗിക വിവരങ്ങളും രേഖകളും പൊതുജനങ്ങള്‍ക്കു ലഭിക്കാനുള്ള അവകാശം ഭരണഘടനയില്‍ത്തന്നെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് അവര്‍ വിവരാവകാശ നിയമത്തിന് അര്‍ത്ഥവും ആഴവും നല്‍കാന്‍ ശ്രമിച്ചത്. അതിന്റെ ഗുണഫലങ്ങള്‍ ആ രാജ്യത്തിന്റെ ജനാധിപത്യ ജീവിതപരിസരങ്ങളില്‍ പ്രകടമാകുകയും ചെയ്യുന്നുണ്ട്. മാധ്യമ സ്വാതന്ത്ര്യ സൂചികയിലും സന്തോഷ സൂചികയിലും മുന്‍നിരയിലുള്ള സ്വീഡന്‍ ഭരണസുതാര്യതയുടെ (അഴിമതിരാഹിത്യം) കാര്യത്തിലും ലോകരാഷ്ട്രങ്ങളുടെ മുന്‍പന്തിയിലാണ്. ഭൗതിക ജീവിത സാഹചര്യങ്ങളുടേയും സമ്പദ്ഘടനയുടേയും കാര്യത്തില്‍ സമ്പന്നമാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. മികച്ച വിദ്യാഭ്യാസം, കുറ്റമറ്റ അടിസ്ഥാന സൗകര്യങ്ങള്‍, ഉയരങ്ങളിലെത്തിയ വ്യവസായവല്‍ക്കരണം, അഴിമതിയുടെ അളവിലെ താഴ്ച തുടങ്ങിയ ഘടകങ്ങളാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തോത് ഉയര്‍ത്തുന്നത്. ഉയര്‍ന്ന വരുമാനം, പഴുതടച്ച ആരോഗ്യപരിപാലന സംവിധാനം, പ്രായേണ വളരെ കുറവായ സാമ്പത്തിക അസമത്വവും ലിംഗപരമായ അസമത്വവും എന്നിവയും ഈ രാഷ്ട്രങ്ങളുടെ സാമൂഹ്യജീവിതം ഭാസുരമാക്കുന്ന സൂചകങ്ങളാണ്. വിവരങ്ങള്‍ അറിയാനുള്ള അവകാശവും അതുവഴി മാധ്യമ സ്വാതന്ത്ര്യവും ആദ്യമായി സ്ഥാപിക്കപ്പെട്ടതും ഈ രാജ്യങ്ങളുടെ തലയെടുപ്പിനു കാരണമായിട്ടുണ്ട്.

ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ബിമൽ ജുൽക്ക
ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ബിമൽ ജുൽക്ക

ഐക്യരാഷ്ട്രസഭയുടെ Sustainable Development Solutions Network വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന World Happiness Report യിലും സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങള്‍ക്കു മുന്‍നിരയിലാണ് സ്ഥാനം. 2020 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സന്തോഷസൂചികയില്‍ സ്വീഡന്റെ സ്ഥാനം ഏഴാണ്. ഇതില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ വരുന്നത് യഥാക്രമം ഫിന്‍ലാന്‍ഡും ഡെന്മാര്‍ക്കുമാണ്. മറ്റു സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ ഐസ് ലാന്‍ഡ് നാലാം സ്ഥാനത്തും നോര്‍വെ അഞ്ചാം സ്ഥാനത്തുമാണ്.

മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത് യഥാക്രമം നോര്‍വെ, ഫിന്‍ലാന്‍ഡ്, ഡെന്മാര്‍ക്ക് എന്നിവയാണ്. ഈ രണ്ടു സൂചികയുടെ കാര്യത്തിലും ഇന്ത്യ വളരെ പിന്നിലാണ്. മാധ്യമ സ്വാതന്ത്ര്യ സൂചികയിലെ 180 രാഷ്ട്രങ്ങളില്‍ ഇന്ത്യ 142-ാം സ്ഥാനത്താണ്. Happinessസൂചികയുടെ കാര്യത്തിലാകട്ടെ, 156 രാജ്യങ്ങളുടെ കണക്കില്‍ ഇന്ത്യയുടെ സ്ഥാനം 144 ആണ്.

ഭരണസംവിധാനത്തിലെ അഴിമതി പരമാവധി കുറയ്ക്കുന്നതിനും ഔദ്യോഗിക നടപടികള്‍ അങ്ങേയറ്റം സുതാര്യമാക്കുന്നതിനും അതുവഴി സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ കഴിയുന്നത്ര സംശുദ്ധി ഉറപ്പാക്കുന്നതിനും വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ എത്രത്തോളം പ്രയോജനകരമാണെന്നതാണ് സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങളുടെ അനുഭവസാക്ഷ്യം നമ്മെ ബോധ്യപ്പെടുത്തുന്നത്. അതുകൊണ്ട ്, വിവരാവകാശ നിയമം കേവലം വിവരങ്ങള്‍ അറിയുന്നതിനോ അറിയിക്കുന്നതിനോ മാത്രമുള്ളതല്ലെന്നും അതിനേക്കാല്‍ വിപുലവും ഗൗരവതരവുമായ കടമകള്‍ നിര്‍വ്വഹിക്കാനുള്ളതുമാണെന്നാണ് നാം കാണേണ്ട ത്. വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ ജനങ്ങള്‍ എത്രയേറെ പ്രയോജനപ്പെടുത്തുന്നുവോ, അല്ലെങ്കില്‍ ഭരണാധികാരികളും ഔദ്യോഗിക സംവിധാനങ്ങളും എത്രത്തോളം സഹായകരമായ നിലപാട് സ്വീകരിക്കുന്നുവോ, അത്രത്തോളം അത് നമ്മുടെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്താന്‍ സഹായകരമാകും. ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുക എന്നു പറഞ്ഞാല്‍, ജനങ്ങളും രാജ്യവും തന്നെ ശക്തിപ്പെടുക എന്നുമാണര്‍ത്ഥം. അത്രത്തോളം പ്രസക്തവും പ്രാധാന്യമേറിയതുമാണ് വിവരാവകാശ നിയമം.

ബ്രിട്ടീഷ് ഭരണകാലത്ത് ആവിഷ്‌കരിച്ച ഔദ്യോഗിക രഹസ്യനിയമം (1923) സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍നിന്ന് സാധാരണകാര്‍ക്ക് വിവരങ്ങള്‍ അറിയുന്നതിന് വിലങ്ങുതടിയായിരുന്നു കാലങ്ങളോളം. ബ്രിട്ടീഷ് ഭരണാധികാരികളുടെ ചെയ്തി(ദുഷ്ചെയ്തി)കളുടെ നിജസ്ഥിതി ജനങ്ങള്‍ അറിയാതിരിക്കുന്നതിനും ഈ നിയമം കാര്യമായി ഉപയോഗിക്കപ്പെട്ടുകൊണ്ട ിരുന്നു. എന്നാല്‍, ജനാധിപത്യ ഭരണസംവിധാനം വന്നതോടെ ഇതില്‍ മൗലികമായ മാറ്റം വേണമെന്ന അവസ്ഥ സംജാതമായി. ജനങ്ങള്‍ക്കുവേണ്ടി ഭരിക്കുന്ന സംവിധാനത്തിലെ ഭരണകര്‍ത്താക്കള്‍ കൈക്കൊള്ളുന്ന നടപടികള്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണല്ലോ. അങ്ങനെയെങ്കില്‍, അത്തരം കാര്യങ്ങള്‍ ജനങ്ങള്‍ അറിയുന്നതില്‍ എന്താണ് കുഴപ്പം എന്ന ചിന്തയ്ക്ക് പ്രസക്തിയുണ്ട ല്ലോ. ജനങ്ങളുടെ പണവും രാജ്യത്തിന്റെ വിഭവങ്ങളും എങ്ങനെയൊക്കെയാണ് ഉപയോഗിക്കപ്പെടുന്നത്, അതിന്റെ പ്രയോജനം എങ്ങനെയാണ് ജനങ്ങള്‍ക്കു ലഭിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട ാകണമല്ലോ. അതുപോലെ, ജനങ്ങളെ കേള്‍ക്കാനുള്ള മനസ്സ് അധികാരികള്‍ക്കും ഉണ്ടാകണം. അത്തരം സംവാദങ്ങളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ അധികാരികള്‍ക്കു ജനങ്ങളെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നയരൂപീകരണത്തിലും വരെ പ്രയോജനപ്പെടുകയും ചെയ്യും. വിവരാവകാശ നിയമത്തിന്റെ കാതല്‍ അടങ്ങിയിരിക്കുന്നത് ഇവിടെയാണ്.

നിയമനിര്‍മ്മാണം: പോരാട്ടവഴികള്‍

നമ്മുടെ രാജ്യത്ത് വിവരാവകാശ നിയമം നടപ്പാക്കപ്പെട്ടതിന്റെ ചരിത്രം ആരംഭിക്കുന്നത് അരുണാറോയിയുടേയും നികില്‍ഡേയുടേയും പോരാട്ടങ്ങളില്‍നിന്നാണ്. ഇതാകട്ടെ, രാജസ്ഥാനിലെ മസ്ദൂര്‍ കിസാന്‍ ശക്തി സംഘതന്‍ (MKSS) ഏഴുവര്‍ഷം നീണ്ട സിവില്‍ സര്‍വ്വീസ് ജീവിതം അവസാനിപ്പിച്ച് കര്‍ഷകരുടേയും തൊഴിലാളികളുടേയും അവകാശപ്പോരാട്ടങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച വനിതയാണ് അരുണാറോയി. നിഖില്‍ഡേയാകട്ടെ, അമേരിക്കയിലെ പഠനവും സമ്പന്നമായ ജീവിതവും വേണ്ടെ ന്നുവെച്ച് അരുണാറോയിക്കൊപ്പം സാധാരണക്കാരുടെ ജീവിതചുറ്റുപാടുകളിലേക്ക് സ്വയം കയറിവന്ന ചെറുപ്പക്കാരനായിരുന്നു. ശങ്കര്‍സിങ് എന്ന രാജസ്ഥാനിലെ ഒരു സാധാരണ മനുഷ്യനും ഇവര്‍ക്കൊപ്പം കൂടി. ദാരിദ്ര്യത്തിലും ചൂഷണത്തിലും അസമത്വത്തിലും ആഴ്ന്നുകിടന്ന രാജസ്ഥാനിലെ സാധാരണ മനുഷ്യരുടെ അവകാശ സംരക്ഷണത്തിനുവേണ്ടി ഇവര്‍ പോരാടാനുറച്ചു. 1990-കളുടെ മധ്യത്തില്‍, രാജസ്ഥാനിലെ സാധാരണക്കാരും പാവപ്പെട്ടവരുമായ കര്‍ഷകരുടേയും തൊഴിലാളികളുടേയും മിനിമം കൂലി സംരക്ഷണം അടക്കമുള്ള മുദ്രാവാക്യങ്ങളുയര്‍ത്തി നടത്തിയ പ്രക്ഷോഭങ്ങളെത്തുടര്‍ന്നാണ് MKSS എന്ന സംഘടന രൂപപ്പെട്ടതും പില്‍ക്കാലത്ത് ഇത് വിവരാവകാശ നിയമം സാക്ഷാല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളിലേക്ക് വളര്‍ന്നു വികസിച്ചതും. MKSSന്റെ രൂപീകരണം സാധാരണ ഗ്രാമീണരിലാകെ പുതിയ ഒരാവേശം സൃഷ്ടിച്ചു. സാധാരണക്കാരുടെ അവകാശ സംരക്ഷണത്തിന്റെ ആവശ്യകതയും നിയമപരവും ഭരണഘടനാപരവുമായ സാംഗത്യവും ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ MKSS വൈവിധ്യമാര്‍ന്ന പ്രചാരണ-ബോധവല്‍ക്കരണ ശ്രമങ്ങള്‍ ആരംഭിച്ചു. നിരവധി പദയാത്രകള്‍ നടത്തി. ഇതിനനുബന്ധമായി തെരുവുനാടകങ്ങളും സംഘടിപ്പിച്ചു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിശ്രുത നാടകകാരന്മാരുടെ പലരുടേയും സഹായത്തോടെയാണ് തെരുവുനാടകങ്ങള്‍ അരങ്ങേറിയത്. 'സമത്വവും നീതിയും കളിയാടുന്ന ഒരു ലോകം ഞങ്ങള്‍ സൃഷ്ടിക്കും' എന്നതായിരുന്നു MKSS-ന്റെ മുദ്രാവാക്യം.

പിന്നീട് 1997-ല്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ബില്ലിനു രൂപം നല്‍കിയതും ആ വര്‍ഷം തന്നെ നിയമത്തിന്റെ കരട് നിര്‍മ്മാണത്തിന് വര്‍ക്കിംഗ് ഗ്രൂപ്പിനു രൂപം നല്‍കിയതും 2002-ല്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ബില്‍ അവതരിപ്പിച്ചതും ഇതിനെത്തുടര്‍ന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് നിലവില്‍ വന്നതും ഇതിന്റെ ഭാഗമായാണ്. എന്നാല്‍, ഇക്കാര്യത്തില്‍ മൂര്‍ത്തമായ നടപടി ഉണ്ട ാകുന്നത് 2004-ല്‍ ഒന്നാം യു.പി.എ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോഴാണ്. യു.പി.എയുടെ പൊതുമിനിമം പരിപാടിയില്‍ പ്രഖ്യാപിച്ചിരുന്ന വാഗ്ദാനം അനുസരിച്ച് ആ ഗവണ്‍മെന്റ് 2005 മെയ് മാസത്തില്‍ നിയമം പാസ്സാക്കുകയും ഒക്ടോബര്‍ 12-ന് അതു പ്രാബല്യത്തില്‍ വരികയുമായിരുന്നു.

നിയമം സൃഷ്ടിച്ച മാറ്റങ്ങള്‍

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളില്‍ ഈ നിയമം പല അഴിമതികളും പുറത്തുകൊണ്ടുവരാന്‍ ഇടയാക്കി. അഴിമതി നിറഞ്ഞ ചില തീരുമാനങ്ങളും നടപടികളും സര്‍ക്കാരുകള്‍ക്കും അധികാരികള്‍ക്കും വേണ്ടെ ന്നു വെയ്ക്കുകയും വേണ്ടിവന്നു. ഡല്‍ഹി ജലബോര്‍ഡ് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടിവന്നത് നിയമം പാസ്സായ ആദ്യഘട്ടത്തിലെ നടപടിയായിരുന്നു. പ്ലാച്ചിമടയിലെ ജലചൂഷണത്തിനെതിരെയുള്ള പോരാട്ടത്തിനും കരുത്ത് പകര്‍ന്നത് വിവരാവകാശ നിയമത്തിന്റെ ബലത്തില്‍ ലഭിച്ച വസ്തുതകളുടെ അടിസ്ഥാനത്തിലായിരുന്നു. മധ്യപ്രദേശില്‍ ബാലവേലക്കെതിരായ ബോധവല്‍ക്കരണത്തിനും തൊഴിലധിഷ്ഠിത പരിശീലനത്തിനും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ സഹായത്തോടെ നടത്തുന്ന പദ്ധതിയിലെ ക്രമക്കേടുകള്‍ വിവരാവകാശ നിയമം ഉപയോഗിച്ച് ഹിന്ദി ഭാഷാപത്രമായ 'ദൈനിക് ജാഗരണ്‍' പുറത്തുകൊണ്ടു വന്നത് വലിയ വാര്‍ത്തയായിരുന്നു.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്നതും ഇതു സംബന്ധിച്ച അന്വേഷണം സി.ബി.ഐയ്ക്കു വിടാന്‍ തീരുമാനിച്ചതും വിവരാവകാശ നിയമം മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തിയതിന്റെ ഉദാഹരണമാണ്. സുനാമി ഫണ്ട ് തിരിമറി, മതികെട്ടാന്‍ വനഭൂമി കയ്യേറ്റം, മൂന്നാറിലെ ഭൂമികയ്യേറ്റം, കെ.എസ്.ടി.പി അഴിമതി തുടങ്ങിയവയും ഇത്തരത്തില്‍ പുറത്തുവന്ന അഴിമതിയുടെ കഥകളാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച ടൂ ജി സ്പെക്ട്രം അഴിമതിയുടെ കഥകള്‍ പുറത്തായതും വിവരാവകാശ നിയമത്തിന്റെ ബലത്തിലാണ്. ഉദ്യോഗസ്ഥ-ഭരണ-രാഷ്ട്രീയ രംഗങ്ങളിലുള്ളവരെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനും നിയമം സഹായകമായിട്ടുണ്ട്.
 
വിവരാവകാശ നിയമം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതിലും നിയമത്തിന്റെ സാധ്യതകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രയോജനപ്പെടുന്നതില്‍ വിവരാവകാശ പ്രവര്‍ത്തകരും അവരുള്‍ക്കൊള്ളുന്ന സന്നദ്ധസംഘടനകളും നടത്തുന്ന പ്രവര്‍ത്തനങ്ങളും പോരാട്ടങ്ങളും ഏറെ പ്രസക്തമാണ്. അങ്ങനെയുള്ള ആക്ടിവിസ്റ്റുകളുടെ ശക്തമായ ഇടപെടലുകളുടെ ഫലമായി രാജ്യം ഞെട്ടിയ പല അഴിമതികളും പുറത്തുവന്നിട്ടുണ്ട്. അധികാര സ്ഥാനങ്ങളില്‍ വിരാജിച്ചിരുന്ന പ്രമുഖര്‍ പലരും അഴികള്‍ക്കുള്ളില്‍ താല്‍ക്കാലികമായെങ്കിലും അടയ്ക്കപ്പെടുന്ന സ്ഥിതിയുമുണ്ടായിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍. മുന്‍ അധ്യായത്തില്‍ വിശദമാക്കിയിട്ടുള്ളതാണ്. ഇങ്ങനെ അഴിമതിയുടേയും ജനവിരുദ്ധ നിലപാടുകളുടേയും പേരില്‍ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെടുന്നവര്‍, ഇത്തരം കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്ന ആക്ടിവിസ്റ്റുകളെ ശത്രുക്കളായി കാണുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ആര്‍.ടി.ഐ ആക്ടിവിസ്റ്റുകള്‍ പല സ്ഥലങ്ങളിലും വ്യാപകമായി ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഹ്യൂമന്റൈറ്റ് ഇനിഷ്യേറ്റിവി(CHRI)ന്റെ കണക്കനുസരിച്ച് വിവരാവകാശനിയമം നിലവില്‍ വന്നതിനുശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 84 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏഴുപേര്‍ ആത്മഹത്യയുടെ വഴിയാണ് തെരഞ്ഞെടുത്തതെന്നു മാത്രം.

ട്രാന്‍സ്പേരന്‍സി ഇന്റര്‍നാഷണല്‍ തയ്യാറാക്കുന്ന കറപ്ഷന്‍ പേഴ്സപ്പ്ഷന്‍ ഇന്‍ഡക്‌സി(CPI)ല്‍ 2020-ല്‍ 180 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 80 ആണ്. പൊതുരംഗത്ത് നിലനില്‍ക്കുന്ന അഴിമതിയുടെ തോത് അടിസ്ഥാനപ്പെടുത്തിയാണ് മുഖ്യമായും CPI തയ്യാറാക്കുന്നത്. 80-ാം സ്ഥാനം ആണെന്നു പറഞ്ഞാല്‍ അഴിമതിയുടെ അളവ് തീരെ മോശമല്ല എന്നാണര്‍ത്ഥം. എന്നാലും 2005-ല്‍ നിയമം പാസ്സാക്കിയതിനുശേഷം ചെറിയ ഒരു പരിധിവരെ അഴിമതി കുറഞ്ഞിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. 2005-ല്‍ സി.പി.ഐ ഇന്‍ഡക്‌സില്‍ 88-ാമതായിരുന്ന ഇന്ത്യ ഒന്നര പതിറ്റാണ്ടു കഴിയുമ്പോള്‍ 80-ാമത് എത്തി എന്നത് ചെറിയ പുരോഗതി തന്നെയാണ്. ഇക്കാര്യത്തിലും അഴിമതി തീരെ കുറവുള്ള രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ ആദ്യ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത് നോര്‍വെ, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ് എന്നീ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളാണ്.

വിവരാവകാശ നിയമത്തിന്റെ സാംഗത്യത്തേയും അതു ജനാധിപത്യ ഭരണസംവിധാനത്തിലും സാമൂഹ്യജീവിതത്തിലും ചെലുത്തുന്ന സ്വാധീനത്തേയും പറ്റി ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍, ഇതിന്റെ വിനിയോഗം ജനങ്ങള്‍ക്ക് അനുഭവവേദ്യമാകണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്. പൗരന്മാര്‍ക്ക് അവരുടെ അവകാശങ്ങളെപ്പറ്റി നല്ല അവബോധം ഉണ്ടാകണം. അതോടൊപ്പം ജനങ്ങളുടെ അവകാശം അവര്‍ക്ക് വേണ്ടവണ്ണം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ജനങ്ങളെ സഹായിക്കുകയും വേണം. ഏതു നിയമത്തിന്റേയും പ്രയോഗം അര്‍ത്ഥവത്താകണമെങ്കില്‍, ഈ രണ്ടു വശങ്ങളും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിലെ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമായും നിയമത്തിന്റെ പ്രയോഗ സാധ്യതയിലും വിള്ളലുകള്‍ സൃഷ്ടിക്കും. വിവരാവകാശ നിയമം നടപ്പാക്കിയ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിലെ അനുഭവം നമ്മെ കൃത്യമായി ബോധ്യപ്പെടുത്തുന്നുണ്ട്. വിവരാവകാശ അപേക്ഷ നല്‍കുന്ന പൗരന്മാരും അപേക്ഷകള്‍ക്കു മറുപടി നല്‍കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഇതു ഫലപ്രദമായി നിര്‍വ്വഹിക്കപ്പെടുന്നുണ്ടെന്ന് പറയാന്‍ കഴിയൂ. എന്നു പറഞ്ഞാല്‍ വിവരാവകാശ നിയമം ഉപയോഗപ്പെടുത്തുന്നതില്‍ പൗരജനങ്ങളും അതിനോട് ഉത്തരവാദിത്വത്തോട പ്രതികരിക്കുന്നതില്‍ ഉദ്യോഗസ്ഥരും ഗൗരവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കേണ്ടതാണ്. വിവരങ്ങള്‍ സത്യസന്ധമായി അറിയാനും അത് ജീവിതാവശ്യങ്ങള്‍ക്കായി ഏതെങ്കിലും വിധത്തില്‍ ഉപയോഗപ്പെടുത്താനും വേണ്ട ിയാകണം പൗരന്മാര്‍ വിവരാവകാശ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. വിവരാവകാശ നിയമത്തിന്റെ 6 (2) വകുപ്പനുസരിച്ച്, അപേക്ഷ നല്‍കുന്നയാള്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് ബന്ധപ്പെട്ട പൊതു വിവരാവകാശ ഓഫീസര്‍ക്കു ചോദിക്കാന്‍ അവകാശമില്ല. അതുകൊണ്ട് അപേക്ഷകന് എന്തിനുവേണ്ടിയും ചോദ്യങ്ങള്‍ ചോദിക്കാനും വിവരങ്ങള്‍ തേടാനും കഴിയും. പക്ഷേ, ഈ സാധ്യത പ്രയോജനപ്പെടുത്തുമ്പോഴും സാരവത്തായ ചോദ്യങ്ങള്‍ മിതവും ന്യായവുമായ ഭാഷയില്‍ ചോദിക്കാന്‍ അപേക്ഷകന്‍ ശ്രദ്ധിക്കേണ്ടതാണ്. നിയമമനുസരിച്ച് ഒരു വ്യക്തിക്ക് ഏതെല്ലാം വിവരങ്ങളാണ് തേടാന്‍ കഴിയുക എന്ന് അപേക്ഷകനു മുന്‍ധാരണ ഉണ്ടാകണം. ഇത് വിവരാവകാശ നിയമത്തിന്റെ 2(f) വകുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിവരാവകാശ അപേക്ഷകള്‍ക്കു കൃത്യമായ മറുപടി സമയബന്ധിതമായി നല്‍കുന്നതില്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത കാണിക്കാത്തതും നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് തടസ്സമുണ്ടാക്കാറുണ്ട്. ചുരുക്കം ചിലരെങ്കിലും അപേക്ഷകരെ നിരുത്സാഹപ്പെടുത്തുകയോ ലാഘവ ബുദ്ധിയോടെ സമീപിക്കുകയോ ചെയ്യാറുണ്ട്. ചിലര്‍ തീര്‍ത്തും നിഷേധാത്മക സമീപനം കാണിക്കുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

വിവരാവകാശ നിയമത്തിന്റെ 7(1) വകുപ്പില്‍ പറയുന്നത് '6-ാം വകുപ്പു പ്രകാരമുള്ള ഒരപേക്ഷ ലഭിക്കുന്നതിന്മേല്‍ കഴിയുന്നത്ര വേഗത്തിലും ഏതു സംഗതിയിലും അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിലും നിര്‍ണ്ണയിക്കപ്പെടാവുന്ന ഫീസ് നല്‍കുമ്പോള്‍ വിവരം നല്‍കേണ്ടതും അല്ലെങ്കില്‍ എട്ടും ഒന്‍പതും വകുപ്പുകളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും കാരണങ്ങളാല്‍ അപേക്ഷ നിരസിക്കേണ്ടതുമാണ്'' എന്നാണ്.

എന്നാല്‍, വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കുന്ന പൊതു വിവരാവകാശ ഓഫീസര്‍മാര്‍ ഏറെപ്പേരും 'കഴിയുന്നത്ര വേഗത്തില്‍' എന്ന പരാമര്‍ശം കാണാതെ പോവുകയോ നടപ്പാക്കാതിരിക്കുകയോ ആണ് ചെയ്യുന്നത്. പലരും മറുപടി നല്‍കുന്നത് 30-ാം ദിവസമായിരിക്കും. അതാകട്ടെ, 30-ാം ദിവസം മറുപടി തയ്യാറാക്കിയാല്‍ത്തന്നെ, പിന്നെയും ദിവസങ്ങള്‍ കഴിയുമ്പോഴായിരിക്കും അത് തപാല്‍പ്പെട്ടിയില്‍ നിക്ഷേപിക്കുന്നത്. അത് പിന്നീട് അപേക്ഷകനു ലഭിക്കുമ്പോള്‍ 30-ന്റെ സ്ഥാനത്ത് 40 ദിവസമൊക്കെ കഴിഞ്ഞെന്നു വരും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മറുപടി 10 ദിവസം വൈകിയെന്നു പറഞ്ഞ് ചില അപേക്ഷകര്‍, തെളിവിനായി തപാല്‍ മുദ്രയടക്കം കാണിച്ച് പരാതി നല്‍കാറുമുണ്ട്.

തിരുവനന്തപുരത്ത് വിവരാവകാശ പ്രവർത്തകർ നടത്തിയ മാർച്ച്. കമ്മീഷന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം
തിരുവനന്തപുരത്ത് വിവരാവകാശ പ്രവർത്തകർ നടത്തിയ മാർച്ച്. കമ്മീഷന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം

ഓണ്‍ലൈനിലേക്ക് മാറുന്ന മറുപടികള്‍

ചില വിവരാവകാശ ഓഫീസര്‍മാര്‍, വിവരാവകാശ കമ്മിഷനു റിപ്പോര്‍ട്ടു നല്‍കുമ്പോള്‍, മറുപടി സമയബന്ധിതമായി നല്‍കിയതാണെന്നു പറയും. എന്നാല്‍, അപേക്ഷകന്‍ പറയുന്നത് മറുപടി ലഭിച്ചിട്ടില്ല എന്നായിരിക്കും. ഇതു സംബന്ധിച്ച് ഉറപ്പു വരുത്താന്‍ കമ്മിഷന്‍, ഉദ്യോഗസ്ഥരോട് മറുപടി അയച്ചതിനു തെളിവായി ബന്ധപ്പെട്ട ഓഫീസിലെ സ്റ്റാമ്പ്-കം-ഡസ്പാച്ച് രജിസ്റ്ററിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ പറയും. ഡസ്പാച്ച് രജിസ്റ്ററിന്റെ പകര്‍പ്പ് ഹാജരാക്കുമ്പോള്‍, ബന്ധപ്പെട്ട പൊതുവിവരാവകാശ ഓഫീസര്‍ പറഞ്ഞത് കൃത്യമായ കാര്യം തന്നെയാണെന്നു ബോധ്യപ്പെടും. പക്ഷേ, എന്നാലും അപേക്ഷകന്റെ പരാതി തീര്‍ന്നുവെന്നു വരില്ല. ഉദ്യോഗസ്ഥന്‍ മറുപടി അയച്ചുവെന്ന് രേഖകളില്‍ കാണിക്കുന്നതല്ലാതെ, യഥാര്‍ത്ഥത്തില്‍ മറുപടി അയയ്ക്കുകയില്ലെന്നാണ് ഇത്തരം ചില അപൂര്‍വ്വ കേസുകളില്‍ അപേക്ഷകന്‍ പറയാറുള്ളത്. ഒറ്റപ്പെട്ടതെങ്കിലും അപേക്ഷകരുടെ ഇത്തരം ചില പരാതികളില്‍ കഴമ്പുണ്ടെ ന്ന് കമ്മിഷനും ബോധ്യപ്പെട്ടിട്ടുണ്ട്.

ഇന്നിപ്പോള്‍ രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 60 ലക്ഷം മുതല്‍ 70 ലക്ഷം വരെ വിവരാവകാശ അപേക്ഷകള്‍ ലഭിക്കുന്നതായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ വിവരാവകാശ അപേക്ഷകള്‍ക്കു മറുപടി നല്‍കാന്‍ നിയുക്തരായ ഉദ്യോഗസ്ഥര്‍ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു പുറമെയാണ് വിവരാവകാശ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് അപേക്ഷകള്‍ കുന്നുകൂടുന്നു. ഇതിന് സമയബന്ധിതമായി മറുപടി നല്‍കുന്നതിന് ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുന്നുണ്ട്. ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, റെക്കോര്‍ഡുകളും ഫയലുകളും സൂക്ഷിക്കുന്നതില്‍ വരുന്ന പ്രയാസങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സൗകര്യങ്ങളിലേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയും അപേക്ഷകള്‍ കെട്ടിക്കിടക്കാന്‍ ഇടയാകുന്നുണ്ട്. വിവരാവകാശ കമ്മിഷനു ലഭിക്കുന്ന അപ്പീല്‍ അപേക്ഷകളിലും സമാനമായ പ്രശ്‌നമുണ്ട ്. കമ്മിഷന്റെ പ്രവര്‍ത്തനം പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പാക്കുന്നതിനുള്ള പരിമിതികളും അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളും ഒക്കെ ഇവിടെയും പ്രശ്‌നമാകുന്നുണ്ട്.

ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും വിവരാവകാശ അപേക്ഷ കൈകാര്യം ചെയ്യുന്നത് പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് മാറിയിട്ടില്ല. കമ്മിഷനു ലഭിക്കുന്ന അപ്പീലുകള്‍ ഓണ്‍ലൈനായി സ്വീകരിക്കപ്പെടുന്നുണ്ടെ ങ്കിലും നമ്മുടെ എല്ലാ സര്‍ക്കാരാഫീസുകളിലും ഈ സംവിധാനം വന്നിട്ടില്ല. ഇതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇനി കൊവിഡാനന്തര കാലത്ത് അപേക്ഷകള്‍ സ്വീകരിക്കുന്നതും അതിന്മേല്‍ ഹിയറിങ്ങ് നടത്തുന്നതും മറുപടി നല്‍കുന്നതുമൊക്കെ ഓണ്‍ലൈന്‍ മുഖേന കൂടുതല്‍ സജീവമാക്കാന്‍ ഭൗതിക സാഹചര്യങ്ങള്‍ നിര്‍ബ്ബന്ധിതമാക്കുകയാണ്. അതുകൊണ്ട് തീര്‍ച്ചയായും ഭാവിയില്‍ ഈ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതോടെ വിവരാവകാശ നിയമത്തിന്റെ സാധ്യത കൂടുതല്‍ പ്രയോജനകരമായും ജനങ്ങള്‍ക്ക് അനുഭവപ്പെടും.

(ലേഖകന്‍ വിവരാവകാശ കമ്മിഷന്‍ അംഗമാണ്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com