ആശാന്‍ കാവ്യത്തിനു നൂറ്റാണ്ടൊത്തൊരു ആംഗലേയ വഴക്കം

കുമാരനാശാന്റെ സീതാകാവ്യത്തിന്, അതെഴുതിയതിന്റെ നൂറാമാണ്ടില്‍ ഒരു ഇംഗ്ലീഷ് പരിഭാഷയുണ്ടായിരിക്കുന്നു
ആശാന്‍ കാവ്യത്തിനു നൂറ്റാണ്ടൊത്തൊരു ആംഗലേയ വഴക്കം

ധാരശ്രുതിയില്‍ അപാകതയുണ്ടെന്ന് തോന്നിപ്പിക്കുമ്പോഴും ആലാപനത്തിന്റെ വൈഭവം കൊണ്ട് അത്ഭുതസംവേദം പകരുന്ന കൃതിയാണ് ആശാന്റെ 'ചിന്താവിഷ്ടയായ സീത'. പുരാണപ്രോക്തമായ മിത്തിക്കല്‍ കഥാപാത്രങ്ങളെ മാനുഷ്യംകൊണ്ട് അളന്നുതൂക്കിയതായിരുന്നു അടിസ്ഥാന പ്രമേയത്തിലെ അസ്വാരസ്യം. വാത്മീകി തന്റെ ഇതിഹാസ കാവ്യത്തില്‍ പലയിടത്തും രാമന്‍ മഹാവിഷ്ണുവിന്റെ അവതാരമാണെന്നു പറഞ്ഞിട്ടുണ്ടല്ലോ. യുദ്ധകാണ്ഡത്തില്‍ രാവണനിഗ്രഹത്തിനു ശേഷമുള്ള സീതയുടെ അഗ്‌നിപരീക്ഷയില്‍, അവര്‍ അഗ്‌നിദേവന്റെ കൈകളിലിരുന്നുകൊണ്ട്, ആ ജ്വാലകളില്‍ അസ്പൃശ്യയായി ആവിര്‍ഭവിക്കുന്നു. ആ സമയം ദേവകള്‍ ഭൂമിയിലേയ്ക്കിറങ്ങിവന്നു. എന്നിട്ട് ബ്രഹ്മാവ് രാമനോട് പറയുന്നു: ''അങ്ങയെപ്പറ്റിയുള്ള സത്യം ഞാന്‍ പറയാം. അങ്ങ് സാക്ഷാല്‍ ഭഗവാന്‍ ശ്രീനാരായണനാണ്. അങ്ങയുടെ പത്‌നി ലക്ഷ്മീദേവിയുമാണ്. അങ്ങയുടെ ആയുധങ്ങളായ ശംഖചക്രങ്ങളാണ് ഭരതശത്രുഘ്നന്മാര്‍. അങ്ങയുടെ മെത്തയായ സാക്ഷാല്‍ അനന്തനാണ് ലക്ഷ്മണന്‍. അങ്ങ് എല്ലാറ്റിലും വ്യാപിച്ചിരിക്കുന്നു. പണ്ട് വരാഹരൂപം സ്വീകരിച്ച പരമസത്യമാണ് അങ്ങ്. ആദ്യന്തങ്ങളില്ലാത്ത ബ്രഹ്മമാണ് അങ്ങ്. ശാരംഗബാണം അങ്ങ് കയ്യില്‍ ധരിച്ചിരിക്കുന്നു. അങ്ങ് ഇന്ദ്രിയങ്ങളെ അടക്കിയവനാണ്. വേദങ്ങള്‍ അങ്ങയെ പുരുഷോത്തമനെന്ന് ഘോഷിക്കുന്നു. അങ്ങ് പ്രപഞ്ചം സൃഷ്ടിക്കുകയും സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നു. പിന്നെയും അത് ആവര്‍ത്തിക്കുന്നു. എല്ലാ സ്വര്‍ഗ്ഗവാസികളുടേയും അഭയകേന്ദ്രം അങ്ങാണ്. അങ്ങ് വേദങ്ങളുടെ പ്രതീകമാണ്... അങ്ങ് സര്‍വ്വവ്യാപിയും സര്‍വ്വസാക്ഷിയുമാണ്... ഈ പ്രപഞ്ചം മുഴുവനും നിലനിര്‍ത്തുന്നത് അങ്ങാണ്. പ്രളയകാലത്ത്, സമുദ്രത്താല്‍ ചുറ്റപ്പെട്ട്, അപരിമേയനായ ആദിശേഷനെന്ന സര്‍പ്പത്തിന്മേല്‍ ചാഞ്ഞുകിടക്കുന്ന നാരായണനാണ് അങ്ങ്. രാമാ! ഞാന്‍ അങ്ങയുടെ ഹൃദയമാണ്. സരസ്വതി അങ്ങയുടെ നാവുമാണ്... ബലി യജ്ഞം നടത്തിയപ്പോള്‍ അങ്ങായിരുന്നു മൂന്നടി മണ്ണ് യാചിച്ചുവാങ്ങിയത്. രാവണനെ കൊല്ലാനുള്ള ഒറ്റ ഉദ്ദേശ്യത്തിന്മേല്‍. ഈ ഭൂമിയില്‍ മനുഷ്യനായി പിറന്നതാണ്.''

ഊന്നല്‍ ഉത്തരരാമത്തിലും

ഉത്തരകാണ്ഡത്തില്‍ത്തന്നെ പലയിടത്തും ഈ കാര്യം പിന്നെയും എടുത്തുപറയുന്നു. രാമനെ ലങ്കയിലെ രാക്ഷസചരിത്രം വിസ്തരിച്ച് കേള്‍പ്പിക്കുന്ന അഗസ്ത്യമുനി ഒരിടത്ത് പറയുന്നു:

''ഭവാന്‍ നാരായണോ ദേവശ്ചതുബാഹുഃ സനാതന
രാക്ഷസാന്‍ ഹന്തമുല്പന്നോ ഹ്യജയ്യഃ പ്രഭുരവ്യയഃ'' 
(ഭവാന്‍ ചതുര്‍ബാഹുവും സനാതനനുമായ നാരായണദേവനാണ്. രാക്ഷസന്മാരെ വധിക്കാന്‍ വേണ്ട ി അവതാരം പൂണ്ട  അജയ്യനും അവ്യയനുമായ പ്രഭുതന്നെയാണ്.)
മറ്റൊരു സ്ഥലത്ത് ആദികവി പറയുന്നു:

''ആദിദേവോ മഹാബാഹൂര്‍ ഹരിര്‍ നാരായണഃ പ്രഭുഃ
സാക്ഷാദ് രാമോ രഘുശ്രേഷ്ഠഃ ശേഷോ ലക്ഷ്മണ ഉചിത്യേ''
(മഹാബാഹുവായ, ആദിദേവനായ ഹരിനാരായണ പ്രഭുതന്നെയാണ് രഘുശ്രേഷ്ഠനായ രാമന്‍, ലക്ഷ്മണന്‍ ആദിശേഷനുമാണെന്ന് പറയപ്പെടുന്നു.)

രാമായണത്തിലുടനീളം രാമന്‍ ചെയ്ത ഏറെ കാര്യങ്ങള്‍ മനുഷ്യസാധ്യമല്ലാത്തവയാണ്. രാമന്‍ പതിനൊന്നായിരം സംവത്സരം രാജ്യം ഭരിച്ചു. 'ദശവഷസഹസ്രാണി ദശവഷശതാണി ച' എന്ന് കവി പറയുന്നു. സീതയാകട്ടെ, വിഷ്ണുപത്‌നിയാകുവാന്‍ കൊതിക്കുകയും രാവണനാല്‍ പീഡിപ്പിക്കപ്പെടുകയും ചെയ്ത മുനികുമാരി വേദവതിയുടെ പുനരവതാരമാണ്. ആ വേദവതി സ്വയം വിശേഷിപ്പിക്കുന്നത് തപസ്സുകൊണ്ട് മൂന്നുലോകങ്ങളിലുള്ളതെല്ലാം തനിക്കറിയാന്‍ കഴിയുന്നു എന്നാണ്. രാവണനിധനത്തിനുവേണ്ടിയാണ് വേദവതി ഉഴവുചാലില്‍ സീതയായി സംഭവിച്ചതും ആ കുഞ്ഞിനെ ജനകന് ലഭിച്ചതും. മനുഷ്യസ്ത്രീ അങ്ങനെ അയോനിജയാകില്ലല്ലോ. ത്രൈലോക്യ വിജയിയായ രാവണന് അശോകവനത്തില്‍ ബന്ധിനിയായ സീതയെ സമ്മതമില്ലാതെ സ്പര്‍ശിക്കുവാന്‍കൂടി സാധ്യമല്ല. അത്രയ്ക്കുണ്ട് സീതയുടെ അമാനുഷിക ശക്തി. 

വിധിവിഹിതമായ വിപ്രലംഭം

സീതാപരിത്യാഗത്തിനു പിന്നില്‍ ഒരു ശാപത്തിന്റെ കഥയുള്ളത്, സീതയെ ഉടജത്തില്‍ വിട്ട് പരമദുഃഖിതനായി മടങ്ങുന്ന സൗമിത്രിയോട് സുമന്ത്രന്‍ പറയുന്നുണ്ട്. ദശരഥന്‍ ദുര്‍വ്വാസാവ് മഹര്‍ഷിയോട് സ്വപുത്രന്മാരുടേയും പരമ്പരകളുടേയും ഭാവിയെക്കുറിച്ച് ആരായുന്നു. അപ്പോഴാണ് സുമന്ത്രരുടെ മുന്നില്‍വെച്ച് ആ മഹര്‍ഷി ഒരു ശാപകഥ പറയുന്നത്. ദേവാസുരയുദ്ധത്തില്‍ പരാജിതരായ അസുരന്മാര്‍ക്ക് ഭൃഗുമഹര്‍ഷിയുടെ പത്‌നി അഭയം കൊടുക്കുന്നു. അതില്‍ കുപിതനായ മഹാവിഷ്ണു സുദര്‍ശനമയച്ച് അവരുടെ ശിരസ്സ് ഛേദിക്കുന്നു. ഇതില്‍ രോഷംപൂണ്ട  ഭൃഗുമഹര്‍ഷി വിഷ്ണുവിനെ ശപിക്കുന്നു. വിഷ്ണുവിന് മനുഷ്യവംശത്തില്‍ പിറക്കേണ്ടിവരുമെന്നും ഭൂമിയില്‍ അനേക വര്‍ഷങ്ങളോളം പത്‌നീവിരഹം അനുഭവിക്കേണ്ടിവരുമെന്നുമായിരുന്നു ശാപം. വിധിനിയോഗമായിരുന്നു സീതാപരിത്യാഗം എന്ന് ഇതില്‍നിന്നും വ്യക്തമാണല്ലോ. സീതയുടെ അന്തര്‍ധാനത്തിനും അമാനുഷിക പരിവേഷമുണ്ട്.

ഒരു ദിവ്യസിംഹാസനം ഭൂഹൃദയം പിളര്‍ന്നു പൊങ്ങിവരുന്നു. തേജസ്വികളായ നാഗങ്ങളാണ് അത് വഹിക്കുന്നത്. ഒപ്പം ഭൂമീദേവി ആവിര്‍ഭവിക്കുന്നുമുണ്ട്. എന്നിട്ട് ഇരുകൈകളുംകൊണ്ട് മൈഥിലിയെ എടുത്ത് സിംഹാസനത്തിലിരുത്തുന്നു. രസാതലത്തിലേയ്ക്ക് കൊണ്ടുപോകുന്നു. ആ സമയം ആകാശത്തില്‍നിന്നും ദേവന്മാര്‍ ആ രംഗത്തിനു പുഷ്പവൃഷ്ടി നടത്തുന്നു. മറ്റൊന്നുകൂടിയുണ്ട്. രാമന്‍ കോപിച്ച് ഭൂമിയെത്തന്നെ നശിപ്പിക്കുവാന്‍ ഒരുങ്ങുന്നു. അപ്പോള്‍ ബ്രഹ്മാവ് പ്രത്യക്ഷനായി രാമനോട് ഇതെല്ലാം അനിവാര്യമാണെന്നും വാത്മീകി സീതാചരിതം ഈ അന്ത്യംവരെ നേരത്തെ എഴുതിവെച്ചിട്ടുണ്ടെന്നും പറയുന്നു. രാമന്റെ ക്രോധമടക്കുന്നു. സീത ആത്യന്തികമായി എത്തിച്ചേരുന്നത് വൈകുണ്ഠത്തില്‍ വിഷ്ണുപത്‌നി എന്ന നിലയ്ക്കാണുതാനും.

അനിവാര്യമായ അന്ത്യകഥ

അവതാരലക്ഷ്യം സാധിച്ചതിനുശേഷം സ്വധാമമായ വൈകുണ്ഠത്തില്‍ തിരിച്ചെത്തിയവരാണ് സീതാരാമന്മാര്‍. സീതാ/ലക്ഷ്മണ പരിത്യാഗങ്ങളും സരയുവില്‍ എണ്ണമറ്റ അനുയായികളോടൊപ്പമുള്ള ജലസമാധിയുമെല്ലാം സ്വധാമഗമനത്തിനുള്ള ഉപായങ്ങളായേ വാത്മീകികൃതിയുടെ അടിസ്ഥാനച്ഛായയ്ക്കുള്ളില്‍ കാണാനൊക്കൂ. വാത്മീകി രാമനും സീതയ്ക്കുമെല്ലാം സാമാന്യമായ മനുഷ്യസ്വഭാവം കല്പിച്ചിട്ടുള്ളത് രസസന്നിവേശത്തിനും കാവ്യകര്‍മ്മത്തിനും വേണ്ടിയാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഉല്‍ക്കൃഷ്ട കാവ്യം മനുഷ്യകഥാനുഗായിയായിരിക്കണമല്ലോ. സീതാപരിത്യാഗത്തെ തികച്ചും മാനുഷികമായ മാനദണ്ഡംകൊണ്ട് അളക്കുന്നത് യുക്തിക്കു നിരക്കുന്നതല്ല. അത് അയഥാര്‍ത്ഥമായ വായനയും ഇതിഹാസേതരമായ അഴിച്ചുപണിയുമാണ്. തന്റെ കൃതിക്ക് ആശാന്‍ അങ്ങനെ ഒരു അപനിര്‍മ്മാണം നടത്തിയെന്നു പറയാം. ഇക്കാര്യത്തില്‍ കവി ഉന്നതമായ കൂട്ടായ്മയിലാണെന്നതും സ്മര്‍ത്തവ്യമാണ്. കാളിദാസന്‍പോലും സീതാപരിത്യാഗത്തെക്കുറിച്ച് അകാരണമെന്ന പദം പ്രയോഗിച്ചിട്ടുണ്ടല്ലോ. ബാലിവധവും ശംബുകവധവും. (ഇത് പ്രക്ഷിപ്തമാണെന്ന് ഡോ. ലീലാവതിയടക്കം ഇന്ത്യയിലെ പല പണ്ഡിതന്മാരും നിദര്‍ശിച്ചിട്ടുണ്ട്) സീതാവര്‍ജ്ജനവുമൊക്കെയുണ്ടായിട്ടും രാമന്‍ ആസേതുഹിമാചലം മര്യാദപുരുഷോത്തമനായതും ദൈവമായി ആരാധിക്കപ്പെട്ടതും അദ്ദേഹം സാമാന്യബോധത്തിലുറച്ച വിമര്‍ശനത്തില്‍നിന്നും അതീതനായ അവതാരപുരുഷനായതുകൊണ്ടത്രെ.

തീണ്ടലിനും അയിത്തത്തിനുമെതിരെ ആശാന്‍ തന്റെ കവിതകളിലൂടെയും കര്‍മ്മകാണ്ഡത്തിലൂടെയും തീവ്രമായി പ്രതികരിച്ചിട്ടുണ്ടെന്ന് സുലഭവിദിതമാണല്ലോ. ''നരന് നരനശുദ്ധവസ്തുവാണുപോലും. ധരയില്‍ നടപ്പത് തീണ്ടലാണുപോലും. നരകമിവിടമാണ് ഹന്തകഷ്ടം? ഹര! ഹര! ഇങ്ങനെ വല്ല നാടുമുണ്ടോ?'' എന്നും ''എന്തിന് ഭാരതധരേ! കരയുന്നു, പാരതന്ത്ര്യം നിനക്ക് വിധികല്പിതമാണ് തായേ!, ചിന്തിക്ക, ജാതിമദിരാന്ധരടിച്ച് പാരിലന്തപ്പെടും സമയമെന്തിനയേ സ്വരാജ്യം?'' എന്നും ഹൃദയവ്യഥയോടെ പറയുമ്പോഴും, ''നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും വെറും പുല്ലല്ല സാധുപ്പുലയന്‍'' എന്ന് വെല്ലുവിളിക്കുമ്പോഴും, ദളിതന്‍ അന്തര്‍ജ്ജനത്തിനെ വധുവാക്കിയ കാവ്യമെഴുതുമ്പോഴും കവിയുടെ മനസ്സില്‍ വ്യക്തമായ ലക്ഷ്യോദ്ദേശ്യങ്ങളുണ്ടെന്നു നമുക്കറിയാം. കേരളമെന്ന ഭ്രാന്താലയത്തില്‍ സാമൂഹ്യസമത്വത്തിലധിഷ്ഠിതമായ നന്മ വരണമെന്ന് കവിതയിലൂടെ, അതിന്റെ ഉദാത്തമായ സംവേദക്ഷമതയ്ക്ക് ഭംഗം വരാതെത്തന്നെ ആശാന്‍ സ്വപ്നം കാണുകയും ആഹ്വാനം ചെയ്യുകയും ചെയ്തു. ജാതീയമായ അസമത്വങ്ങള്‍ മാത്രമല്ല, ലിംഗപരമായ ഉച്ചനീചത്വങ്ങളും അദ്ദേഹത്തിനെ അലട്ടിയിരുന്നു. നൂറ്റാണ്ടുകളായി സ്ത്രീകള്‍ അനുഭവിക്കുന്ന പാരതന്ത്ര്യം ക്ഷോഭിപ്പിക്കുകയും ചെയ്തിരുന്നു. സ്ത്രീയുടെ സ്വതന്ത്ര വ്യക്തിത്വത്തെ ആനുഷംഗികമായി അംഗീകരിക്കുന്ന ഒരു കാവ്യം അങ്ങനെ അദ്ദേഹത്തിന്റെ ഭാവുകത്വത്തില്‍ ഉരുവംകൊണ്ടു. ബുദ്ധദര്‍ശനങ്ങളെക്കുറിച്ച് സമൂഹത്തിലുണ്ടായ ഔത്സുക്യം 'ചണ്ഡാലഭിക്ഷുകി'ക്ക് ആനുകാലിക പ്രസക്തി നല്‍കി. 1921-ലെ മാപ്പിളലഹള (അക്കാലത്ത് അങ്ങനെയായിരുന്നല്ലോ അത് അറിയപ്പെട്ടിരുന്നത്.) 'ദുരവസ്ഥ'യ്ക്കും തന്‍കാലപ്പൊരുള്‍ സൃഷ്ടിച്ചു. തന്റെ കൃതിക്ക് സാമൂഹ്യപരിഷ്‌കരണത്തിന്റെ മാനംകൂടി ലഭിക്കണമെങ്കില്‍ അതിനു പ്രശസ്തമായ കഥതന്നെ വേണമെന്ന് ആശാനറിയാമായിരുന്നു. ഒറ്റനോട്ടത്തില്‍ അവമതിക്കപ്പെട്ടുവെന്ന് തോന്നിപ്പിക്കുന്ന സീതയെത്തന്നെ കേന്ദ്രകഥാപാത്രമാക്കിയത് കവികര്‍മ്മത്തിലെ മുന്‍പറഞ്ഞ സാന്ദര്‍ഭികതയാണെന്നു പറയാം. അതിനിടയില്‍ രാമനെ അല്പം വിമര്‍ശിക്കുകതന്നെ വേണമല്ലോ. ഇതിഹാസേതരമായ സമീപനത്തിന്റെ അനന്തരഫലമായേ അത്തരം വിരല്‍ചൂണ്ടല്‍ സാധ്യമാകൂ.

ഉല്‍കൃഷ്ടമായ ഉടച്ചുവാര്‍ക്കല്‍

എന്നിട്ടും, ഈ സംശയാസ്പദമായ അസ്തിവാരത്തില്‍നിന്നും ആശാന്‍ ചതുരംഗശോഭിയായ ഒരു കാവ്യം മെനഞ്ഞെടുത്തു. കവിത്രയങ്ങളില്‍, ആശാനെ വ്യത്യസ്തനാക്കുന്ന എല്ലാ അടരുകളും 'ചിന്താവിഷ്ടയായ സീത'യില്‍ കാണാം. വിചിത്രമായ പദസംയോജനംകൊണ്ട് ഭാവുകത്വത്തിന്റെ സൂക്ഷ്മതയിലെത്തുവാന്‍ കവിക്കുള്ള അപാരമായ കഴിവ് ഉജ്ജ്വലമായിത്തന്നെ ഈ സൃഷ്ടിയില്‍ ഉടനീളം കാണാം. ദുര്‍ന്നിരീക്ഷ്യമായ സംസ്‌കൃതവാക്കുകളെ ബന്ധിപ്പിക്കുമ്പോഴും, ആ പദസംഘാതങ്ങളിലൂടെ എങ്ങനെയോ ഒരുതരം ലാളിത്യം പടച്ച്, അനുവാചക ഹൃദയങ്ങളെ സമ്മോഹിപ്പിക്കുന്ന ലാവണ്യം സന്നിവേശിപ്പിക്കുവാന്‍ ആശാനു കഴിയും. ജീവിതസമസ്യകളില്‍നിന്ന് ദാര്‍ശനികവിഷാദം മുറ്റിനില്‍ക്കുന്ന വരികള്‍ വിളയിക്കുവാന്‍ ആശാനുണ്ടായിരുന്ന കഴിവ് ഈ പോസ്റ്റ് മോഡേണ്‍ യുഗത്തിലും നമ്മെ അതിശയിപ്പിക്കുന്നു. സീതാകാവ്യത്തില്‍ ആ സിദ്ധി അടിമുടി തുടിച്ചുനില്‍ക്കുന്നു.

ഈ കാവ്യത്തിലെ നാടകീയത നിറഞ്ഞ ആത്മഭാഷണം ആധുനികതയുടെ മുഖമുദ്രകളിലൊന്നായ ബോധധാരാരീതി ആവഹിക്കുന്നതു കാണാം. ''ഉഴലും മനതാരടക്കുവാന്‍ വഴികാണാതെ വിചാരഭാഷയില്‍, അഴലാര്‍ന്നരുള്‍ ചെയ്തിതന്തരാ മൊഴിയോരോന്നു മഹാമനസ്വിനി'' എന്നും ''സ്മൃതി ദര്‍പ്പണ''മെന്നും ''തരളാക്ഷി തുടര്‍ന്നു ചിന്തയെത്തരസാ ധാരമുറിഞ്ഞിടാതെ താന്‍'' എന്നും ''ജനകാത്മജ തന്റെ ചിന്തയാം വനകല്ലോലിനി പാഞ്ഞു വീണ്ടുമേ'' എന്നും കാവ്യത്തില്‍ പറയുന്നുണ്ട്. ഈ രീതിയില്‍ നിഷ്‌കരുണം ബഹിഷ്‌കൃതമാകുന്ന സ്ത്രീത്വത്തിന്റെ കുലീനവും വെറും പരിദേവനത്തിനപ്പുറം കരുത്തുനേടുന്നതുമായ ഒരു പ്രതികരണം കവി ആവിഷ്‌കരിക്കുന്നു. എക്കാലവും നടമാടിയിരുന്ന ആണ്‍കോയ്മയെ നൂറ് കൊല്ലം മുന്‍പ് കൊച്ചുകേരളത്തിലെ ഒരു കവി വശ്യമായ വരികളിലൂടെ വെല്ലുവിളിച്ചു എന്നത് ചില്ലറ കാര്യമല്ല.

ആശാന്‍ കവിതയുടെ പ്രത്യേകതകളായ ബിംബങ്ങളും രൂപകല്പനകളും മാനങ്ങളും ഈ കൃതിയില്‍ സുലഭമാണ്. ചിലതെങ്കിലും എടുത്തുപറയട്ടെ. പുളകങ്ങള്‍ കയത്തിലാമ്പലാല്‍ തെളിയിക്കുന്ന തമസാസമീരന്‍, വനമുല്ലയില്‍നിന്ന് വായുവിന്‍ ഗതിയില്‍ പാറിവരുന്ന പൂക്കളെപ്പോലെ കൂന്തലില്‍ വഹിക്കുന്ന തൈജസകീടപംക്തി, തരുവാടിയിലൂടെ കാണുന്ന താരാപഥഭാഗംപോലെ പരിശോഭിക്കുന്ന പരിവാര്‍കുന്തളരാജി, വിടപങ്ങളോടൊത്ത കൈകള്‍, നിയമം വിട്ട തെന്നല്‍പോലുള്ള ശ്വാസം, നിഴലിന്‍വഴി പൈതല്‍പോലെ ഭോഗമിരന്നുള്ള പോക്ക്, പ്രാക്കള്‍ വെടിഞ്ഞ് കൂടുപോലുള്ള മനസ്സ്, വനവായുവില്‍ വിണ്ട  വേണു, സ്മൃതിവായു ഹൃത്തില്‍ വളര്‍ത്തുന്ന ദഹനജ്വാല, പുടഭേദകമായ തെന്നലേറ്റ് ഇടറുന്ന ഗുല്മദളങ്ങള്‍, പൊന്മണല്‍ പുളിനം നെന്മുള പൂണ്ട മാതിരി കവിള്‍ത്തടത്തിലെ രോമാഞ്ചം, അന്തിയിലും വെളുപ്പിലും നിയതം ചിത്രവിരിപ്പ് നെയ്ത് വിയദാലയവാതില്‍ മൂടുന്ന സന്ധ്യ, തടനീജലബിംബിതാംഗിയായി ക്ഷമയെ കുമ്പിടുന്ന താരകം, പുടവയ്ക്ക് പിടിച്ച തീ ചുഴന്ന് ഉടല്‍ കത്തുന്നതുപോലെ ചിന്തകള്‍ തുടിക്കുന്ന ബാലിക- ഇനിയുമെത്രയോ ഉണ്ട്.

ആശാന്‍ ഈ കൃതിയില്‍ മെനഞ്ഞിട്ട ലോകോക്തികള്‍, മലയാളത്തിന്റെ പ്രാണവായുവില്‍ എന്നോ സ്ഥാനംപിടിച്ചു കഴിഞ്ഞിരിക്കുന്നു. ''ഒരു നിശ്ചയവുമില്ലയൊന്നിനും വരുമോരോ ദിശവന്നപോലെ പോം, വിരയുന്നു മനുഷ്യനേതിനോ തിരിയാ ലോകരഹസ്യാര്‍ക്കുമേ'' എന്നും ''ഇടര്‍തീര്‍പ്പതിനേക ഹേതു വന്നിടയാമേതു മഹാവിപത്തിലും'' എന്നും ''ഒരു കൈ പ്രഹരിക്കവേ പിടിച്ചൊരു കൈകൊണ്ടു തലോടുമേയവള്‍'' എന്നും ''അനിയന്ത്രിതമായ് ചിലപ്പൊഴീ മനമോടാത്ത കുമാര്‍ഗ്ഗമില്ലെടോ'' എന്നും ''പരപുച്ഛവുമഭ്യസൂയയും ദുരയും ദുര്‍വ്യതിയാനസക്തിയും കരളില്‍ കുടിവെച്ചു ഹാ! പരമ്പരയായ് പൗരികള്‍ കെട്ടുപോയിതേ'' എന്നുമെല്ലാമുള്ള വരികള്‍ ഓര്‍ക്കുക.

വാര്യത്ത് മാധവൻകുട്ടി
വാര്യത്ത് മാധവൻകുട്ടി

പ്രകരണശുദ്ധി നേടാനുള്ള പ്രയാസം

ആശാന്‍കവിതകളുടെ ആംഗലപരിഭാഷ എളുപ്പമല്ലെന്ന് ഏവര്‍ക്കുമറിയാം. തത്സമങ്ങളായ പദങ്ങള്‍ കണ്ടെത്താന്‍ ഏറെ ക്ലേശിക്കേണ്ടിവരും. പലപ്പോഴും അത്തരം പദങ്ങള്‍ ആംഗലേയത്തില്‍ കാണുകയുമില്ല. അസാധാരണമായ കെട്ടും മട്ടും മാത്രമല്ല, അത്യപൂര്‍വ്വമായ പദനിഷ്പത്തിയും അലങ്കാരബിംബങ്ങളും ചേര്‍ന്ന ആ കവിത മറ്റൊരു ഭാഷയിലേക്ക്, പ്രത്യേകിച്ച് പര്യായങ്ങള്‍ കുറവായ പാശ്ചാത്യഭാഷകളിലേയ്ക്ക് പരാവര്‍ത്തനംപോലും ചെയ്യുന്നത് തുലോം ശ്രമകരമായ കാര്യം തന്നെയത്രെ. ഉദാഹരണത്തിന് ഭൂമി എന്ന വാക്കിന് ഇംഗ്ലീഷില്‍ 'earth' എന്നൊരു വാക്കുമാത്രം. എന്നാല്‍ മലയാളത്തില്‍ ഊഴി, പാര് തുടങ്ങിയ വാക്കുകള്‍ക്ക് പുറമെ സംസ്‌കൃതജന്യങ്ങളായ ധര, ധരിത്രി, ധരണി, ക്ഷോണി, ക്ഷിതി, പൃഥിവി തുടങ്ങി നിരവധി വാക്കുകള്‍ ഉപയോഗത്തിലുണ്ട്. പര്യായപദങ്ങളുടെ കുറവുകൊണ്ടായിരിക്കാം പാശ്ചാത്യഭാഷകളില്‍ 'അമരകോശം' പോലുള്ള കൃതികള്‍ ഉണ്ടാകാതെ വന്നത്.

ആശാന്‍കാവ്യത്തിന്റെ ശീര്‍ഷകം തൊട്ട് തുടങ്ങുന്നു ഈ ക്ലിഷ്ടത. 'ചിന്താവിഷ്ടയായ സീത' എന്നതിന് പരിഭാഷകനായ വാരിയത്ത് മാധവന്‍കുട്ടി കൊടുത്തിട്ടുള്ളത് 'Pensive sita' എന്നാണ്. ആവിഷ്ടം എന്ന പദത്തിന് ശ്രീകണ്‌ഠേശ്വരം പറയുന്ന അര്‍ത്ഥങ്ങള്‍ പ്രവേശിച്ച, ബാധിക്കപ്പെട്ട, ലയിച്ച, മുഴുകിയ, കീഴടക്കപ്പെട്ട, നിര്‍ഭരമായ എന്നൊക്കെയാണ്. ഇതിലേത് സ്വീകരിച്ചാലും ഇംഗ്ലീഷില്‍ നാല് വാക്കുകള്‍ വേണ്ടിവരും. Sita/Possessed by thoughts/full of thoughts/merged in thoughts, subdued by thoughts/Immersed in thoughts എന്നൊക്കെ വിവര്‍ത്തനം ചെയ്യേണ്ടിവരും. പക്ഷേ, അപ്പോഴും ആശാന്‍ശീര്‍ഷകത്തിന്റെ ഫലം ലഭിക്കുന്നില്ല. വീണ്ടുവിചാരത്തില്‍ 'Pensive sita' എന്നതു തന്നെയാണ് ഭേദമെന്നു തോന്നുന്നു. അല്പാക്ഷരമെന്ന ഗുണമെങ്കിലുമുണ്ടല്ലോ പരിഭാഷയില്‍ ഈ വിധം ദുസ്തരതയുണ്ടായിട്ടും മാധവന്‍കുട്ടി ആ കര്‍മ്മത്തിനോട് നീതി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു പറയാതെവയ്യ. ഇരുഭാഷകളിലും കൃതഹസ്തനായതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയെങ്കിലും സാധിച്ചത്.

'കാവ്യകളി' എന്നു പേരുള്ള ഒരു കൂട്ടായ്മയുടെ പ്രേരണമൂലമാണ് മാധവന്‍കുട്ടി ഈ പരിഭാഷയ്ക്ക് തുനിഞ്ഞത്. രണ്ടായിരത്തോളം വരുന്ന ആ കൂട്ടായ്മ പ്രതിദിനം മാധവന്‍കുട്ടി അയക്കുന്ന ഓരോ ശ്ലോകപരിഭാഷയും ചര്‍ച്ച ചെയ്തു അഭിപ്രായങ്ങള്‍ കൈമാറി. അങ്ങനെ വീണ്ടും വീണ്ടും ഉണക്കിച്ചേറി വെടിപ്പുവരുത്തിയാണ് വിവര്‍ത്തനം പൂര്‍ത്തീകരിച്ചിട്ടുള്ളതും സൈബര്‍ മേഖലയ്ക്കപ്പുറം അച്ചടി പുസ്തകമാക്കിയതും. മുക്തഛന്ദസ്സ് എന്നോ മുക്തപദ്യമെന്നോ വിളിക്കാവുന്ന ഫ്രീ വേര്‍സിലാണ് പരിഭാഷ. അത്രയേ സാധിക്കൂ. പതിനേഴ് വയസ്സില്‍ കപ്പല്‍ കയറി ഗള്‍ഫിലെത്തിയ ആളാണ് മാധവന്‍കുട്ടി. പിന്നീട് ദീര്‍ഘകാലം കുവൈറ്റിലും ഒമാനിലും ജോലിചെയ്തു സംഘര്‍ഷമേഖലയായ ഏതോ മധ്യധരണ്യാഴി പ്രദേശത്തുമുണ്ടായി. ഒടുവില്‍ കനഡയിലെ വാന്‍കൂവറിലെത്തി. സാമ്പത്തികരംഗത്തായിരുന്നു സേവനം. ഇപ്പോളും കനഡയില്‍ത്തന്നെ. നീണ്ട  അറുപതോളം വര്‍ഷങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും നാട്ടില്‍ വന്നു പോകുമെന്നല്ലാതെ, ഒരിക്കലും സ്ഥിരതാമസമുണ്ടായിട്ടില്ല. എന്നിട്ടും മലയാളസാഹിത്യത്തോടുള്ള അഭിനിവേശം തെല്ലും കുറഞ്ഞില്ല.

ശയ്യാഗുണത്തിലൂന്നിയ ശബ്ദവിന്യാസം

മാധവന്‍കുട്ടിയുടെ പരിഭാഷ തികച്ചും പ്രസാദാത്മകവും അയത്‌നലളിതവുമായിട്ടുണ്ട്.

സുസിതാംബരനായി വൃദ്ധനായ് 
ബിസിനീതന്തുമരീചികേശനായ്
ലസിതസ്മിതനായി ചന്ദ്രികാ
ഭസിതസ്നാത! മൃഗാങ്ക! കൈതൊഴാം 
എന്ന ശ്ലോകത്തിന്റെ പരിഭാഷ നോക്കുക:

''Wearing white, having grown full 
Hair, white as lotus strands, 
Smiling sweetly, bathed in ash 
Like moonlight, oh moon 
I salute thee with joined hands'

ഒരു ഉദാഹരണം കൂടി

ഗിരിനിഝരശാന്തിഗാനമ-
ദ്ദരിയില്‍കേട്ടുശയിയ്ക്കുമങ്ങു ഞാന്‍ 
അരികില്‍ തരുഗുല്മസഞ്ചയം
ചൊരിയും പൂനിരനിത്യമെന്റെ മേല്‍

പരിഭാഷ

''Listening to the Songs of 
Mountain brooks in my cave, 
I shall lie, nearbyt rees and bushes 
Shall shower me daily with flowers.'

വിസ്താരഭയത്താല്‍ ഇനിയുമുദ്ധരിക്കുന്നില്ല. അജിത്ത് പ്ലാക്കാടിന്റെ മനോഹരമായ രേഖാചിത്രങ്ങള്‍ പുസ്തകത്തിനു മാറ്റുകൂട്ടുന്നു. 

കവി സച്ചിദാനന്ദന്റെ ഹ്രസ്വമെങ്കിലും ഉള്‍ക്കാഴ്ചയുള്ള അവതാരിക ഈ പുസ്തകത്തിന് മാറ്റ് കൂട്ടുന്നു. തന്റെ കാവ്യം വായിക്കുവാന്‍ വേണ്ടി മാത്രം ഒരുകാലത്ത് വിദേശിയര്‍ മലയാളം പഠിക്കുമെന്ന് ആശാന്‍ വിശ്വസിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്- ഈ പുസ്തകത്തിന്റെ ആമുഖങ്ങളൊന്നില്‍ സരിതവര്‍മ്മ എന്നൊരു ലേഖിക പറയുന്നു.

കാളിദാസന്റെ അഭിജ്ഞാനശാകുന്തളം മുഗള്‍ രാജവംശത്തിലെ ദുരന്തപുരുഷനായ് ദാരാഷുക്കോ പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തു. പേര്‍ഷ്യനില്‍നിന്നും അതാരോ ഫ്രെഞ്ച് ഭാഷയിലേയ്ക്ക്, അതില്‍നിന്ന് ആരോ ജര്‍മന്‍ ഭാഷയിലേയ്ക്കും വിവര്‍ത്തനം ചെയ്തു. ''വൃത്തം മൂന്ന് പകര്‍ത്തീടില്‍ മുഹൂര്‍ത്തം മൂത്രമായ് വരും'' എന്നുണ്ടല്ലോ. മഹാകവി ഗോയ്‌ഥെയുടെ കയ്യില്‍ കിട്ടിയത് നാടകത്തിന്റെ ആത്മാംശം അല്പം വറ്റിയ ആ മൂന്നാം മൊഴിമാറ്റമാണ്. എന്നിട്ടും അത് ഗോയ്‌ഥെയെ ആകര്‍ഷിക്കുകയും വിസ്മയപ്പെടുത്തുകയും ചെയ്തു. തന്റെ ആ വായനാനുഭവം അദ്ദേഹം ഒരു ശ്ലോകത്തില്‍ കുറിച്ചു, ജര്‍മന്‍ ഭാഷയില്‍. അതിന്റെ ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെ:

Would you the young year's blossoms and the fruits of its decline
And all by which the soul is charmed, enraptured, feasted and fed
Would you the heaven and earth itself in one sole name combine 
I call thee, oh shakunthala and all at once is said.

ആരറിഞ്ഞു, എവിടെയോ ഏതോ അന്യഭാഷാ മഹാകവി 'Pensive sita'യെക്കുറിച്ചും ഇത്തരം സ്തുതിവാക്കുകള്‍ ചൊരിയില്ലെന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com