'എല്ലാ ഉടയാടകളും അഴിച്ച് അയാള്‍ക്ക് നഗ്‌നനാകേണ്ടി വരുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത'- ഉണ്ണി ആര്‍ എഴുതിയ കുറിപ്പ്

ഛായാഗ്രാഹകന്‍ വേണുവിന്റെ 'നഗ്‌നരും നരഭോജികളും' എന്ന യാത്രാപുസ്തകത്തെക്കുറിച്ച്
'എല്ലാ ഉടയാടകളും അഴിച്ച് അയാള്‍ക്ക് നഗ്‌നനാകേണ്ടി വരുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത'- ഉണ്ണി ആര്‍ എഴുതിയ കുറിപ്പ്

രിക്കല്‍ ഒഡോണ്‍ വോണ്‍ ഹോവാര്‍ത്, ബവേറിയന്‍ ആല്‍പ്സിലൂടെ നടക്കുമ്പോള്‍, വഴിക്കരികില്‍നിന്ന് അല്പം അകലെയായി ഒരു മനുഷ്യന്റെ അസ്ഥികൂടം അദ്ദേഹം കണ്ടെത്തി. ആ മനുഷ്യന്‍ ഒരു മലകയറ്റക്കാരനാണെന്ന് ഉറപ്പാണ്, അപ്പോഴുമയാളില്‍ സഞ്ചാര സഞ്ചി ഉണ്ടായിരുന്നു. വോണ്‍ ഹോവാര്‍ത് അത് തുറന്നു, കാഴ്ചയില്‍  അതിന് പുതുമ നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. അതില്‍, ഒരു സ്വെറ്ററും കുറച്ചു വസ്ത്രങ്ങളും അദ്ദേഹം കണ്ടെത്തി. ഒരു ചെറിയ സഞ്ചിയില്‍ കഴിക്കുവാനുണ്ടായിരുന്ന ഭക്ഷണം; ഒരു ഡയറി; അയയ്ക്കാന്‍ തയ്യാറായിരുന്ന ബവേറിയന്‍ ആല്‍പ്സിന്റെ ചിത്രമുള്ള ഒരു പോസ്റ്റ് കാര്‍ഡ്, അതിലിങ്ങനെ, ''ഇതെത്ര മനോഹരമായ സമയം.''  ലിഡിയ ഡേവിസ് എഴുതിയ 'ഒഡോണ്‍ വോണ്‍ ഹോവാര്‍ത് നടക്കുമ്പോള്‍' എന്ന കഥയാണിത്. ഒരേ സമയം ദുഃഖവും ആനന്ദവുമൊരുമിക്കുന്ന ഈ കഥയില്‍നിന്ന് പലതരം ചോദ്യങ്ങളുയരുക സ്വാഭാവികം. അപ്പോഴും ഇതെത്ര മനോഹരമായ സമയമെന്ന വരികള്‍ മുഴങ്ങിക്കൊണ്ടേയിരിക്കും. ഒരുപക്ഷേ, ഏകനായ ഒരു സഞ്ചാരിയുടെ ഉള്ളെഴുതുമ്പോലെ സുവ്യക്തമാണ് ആ പോസ്റ്റ്കാര്‍ഡിലെ എഴുത്ത്. തിരുവനന്തപുരത്തുനിന്ന് ബസ്തറിലേയ്ക്കും അവിടെനിന്ന് ഒറീസയിലേയ്ക്കും കാറില്‍ ഒറ്റയ്ക്ക് സഞ്ചരിച്ച ഒരാള്‍ തീര്‍ച്ചയായും ഏതെങ്കിലുമൊരു നിമിഷം പറഞ്ഞിട്ടുണ്ടാവും ഇതെത്ര മനോഹരമായ സമയം എന്ന്. ഇത് മതാത്മകമല്ലാത്ത ഒരാത്മീയതയുടെ ഉച്ചരിക്കലാണ്. ഒറ്റയ്ക്കുള്ള സഞ്ചാരങ്ങളെ നാം എങ്ങനെ കാണുന്നു? എന്തുകൊണ്ട് അത്തരം യാത്രകളില്‍നിന്നും പലരും പിന്മാറുന്നു? യാത്രാസ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍പ്പോലും രണ്ടാമതൊരു ആലോചനയുണ്ടോ?

ലിഡിയ ഡേവീസിന്റെ ഈ കഥയെ മുന്‍നിര്‍ത്തി ഒറ്റയ്ക്കുള്ള  സഞ്ചാരത്തെ വിലയിരുത്താന്‍ ശ്രമിച്ചാല്‍ അതിന്റെ ആകത്തുക ഇവ്വിധമാവാനാണ് സാധ്യത: ഒരാള്‍, അല്ലെങ്കില്‍ ഒന്നിലധികമാളുകള്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് നടത്തുന്ന യാത്രകള്‍ - മരണത്തിനാവാം കല്യാണത്തിനാവാം രാഷ്ട്രീയ സമരത്തിനാവാം വിനോദസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാവാം- നിരവധി ഉദ്ദേശ്യങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെട്ടതാണ്. എന്നാല്‍, ഒറ്റയ്ക്ക് ഒരാള്‍ ദൂരെയുള്ള ഒരു സ്ഥലത്തേയ്ക്ക് പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ പോകുന്നുവെങ്കില്‍ അയാളുടെ സമ്മതമില്ലാതെ ഒരാള്‍ക്ക് ആ യാത്രയെ പല രീതിയിലും നിലവിലുള്ള സാമൂഹ്യ മൂല്യ മാനദണ്ഡങ്ങള്‍വെച്ച് വിലയിരുത്താന്‍ കഴിയും. അതില്‍ പ്രധാനമായും അവര്‍ കണ്ടെത്തുന്നത് ആ യാത്രയുടെ ബുദ്ധിശൂന്യത, ഉണ്ടാകാന്‍ സാദ്ധ്യതയുള്ള അപകടങ്ങള്‍, അങ്ങനെ നിരവധി കാരണങ്ങളാണ്. പ്രത്യേകിച്ച് ഒറ്റയ്ക്ക് യാത്രചെയ്ത് എത്തുന്ന പ്രധാന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ ചുറ്റുപാടുകള്‍ കൂടി അറിഞ്ഞാല്‍  ഈ വിലയിരുത്തലിലേയ്ക്ക് കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാവും. അപരിചിതമായ ഒരിടത്തേയ്ക്ക്, വീടോ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത ഒരിടത്തേയ്ക്ക് പോകുമ്പോള്‍ അയാള്‍ക്കൊപ്പം അരക്ഷിതാവസ്ഥയും സഞ്ചരിക്കുന്നു എന്ന് നമ്മുടെ 'സുരക്ഷിത' സങ്കല്പങ്ങളുടെ അളവുകോല്‍വെച്ച് കണ്ടെത്താം. എന്നാല്‍ അയാളാവട്ടെ, തന്റെ ഏകാന്തത മറികടക്കുവാന്‍, അല്ലെങ്കില്‍ വര്‍ഷങ്ങളിത്രയുമായുള്ള ഒരാഗ്രഹത്തിന്റെ സഫലീകരണത്തിന്, അല്ലെങ്കില്‍ ഒന്നിനുമല്ലാതെ തെരഞ്ഞെടുത്ത ഒരു യാത്രയാവാം ഇതെന്ന് ആരോടും പറയുന്നുമില്ല. അത്തരം ബോധ്യപ്പെടുത്തലുകള്‍ ഇനി ആവശ്യമില്ല എന്ന തിരിച്ചറിവാകാം അയാളെ സുരക്ഷിതത്വമെന്ന കേവല സങ്കല്പത്തെ ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധിച്ചിട്ടുണ്ടാവുക. അപ്പോഴും അയാള്‍ നിരന്തരമായി അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് അയാള്‍ ആരാണ് എന്നതാണ്. ഞാന്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന, കാഴ്ചകള്‍ ഇഷ്ടപ്പെടുന്ന ഒരാളെന്ന് സ്വയം പറയാം. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഒരാള്‍ മറ്റൊരിടത്ത് വെറുമൊരു സഞ്ചാരി മാത്രമായല്ല, വിനോദസഞ്ചാരിയായും വിലയിരുത്തപ്പെടും. അയാള്‍ക്കതില്‍ പരാതിയുണ്ടാവില്ല. എന്റെ വിനോദമെന്നത് നിങ്ങളര്‍ത്ഥമാക്കുന്ന വിനോദമല്ല എന്ന ഉറപ്പാണ് അയാളിലെ സഞ്ചാരിയെ  അപകടകരമെന്ന് പൊതുവെ വിവക്ഷിക്കപ്പെടുന്ന ഒരു സ്ഥലത്തേയ്ക്ക് നടത്തുന്നത്; ബവേറിയന്‍ ആല്‍പ്സിലെ ഒറ്റയാള്‍ സഞ്ചാരികളെപ്പോലെ.

ആല്‍പ്സ് വിട്ട് ബസ്തറിലേക്ക് വരിക. ബസ്തര്‍ ഇന്ത്യന്‍ ഭൂപടത്തില്‍ കറുപ്പാല്‍ അടയാളപ്പെടുത്തിയ, ചോരയുടെ മണമുള്ള സ്ഥലമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഈ സ്ഥലമെന്നാല്‍ ഭയപ്പെടേണ്ട, ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സുരക്ഷിതമല്ലാത്ത, ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ്. ഇത്തരമൊരു സ്ഥലത്തേയ്ക്ക് ഒരാള്‍ യാത്രചെയ്യുന്നു എന്ന് കേള്‍ക്കുമ്പോള്‍ എന്തിന് എന്ന ചോദ്യമുണ്ടാവുന്നു എങ്കില്‍ അത് നാം കേട്ടതും മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതുമായ നിരവധി വാര്‍ത്തകളുടെ പ്രതിധ്വനിയാണ്. ഈ വാര്‍ത്തകളുടെ ആഖ്യാതാക്കള്‍ എന്നും ഭരണകൂടമായിരുന്നു. ഈ ആഖ്യാനങ്ങള്‍ക്കു സമാന്തരമായി എഴുതപ്പെട്ടതും പറയപ്പെട്ടതുമായ മറ്റ് ആഖ്യാനങ്ങളാവട്ടെ, ദേശവിരുദ്ധമായി വിലയിരുത്തപ്പെട്ടു. അപ്പോള്‍ അപകടകരവും സുരക്ഷിതത്വത്തിന് ഒട്ടുമേ സാധ്യതയില്ലാത്തതുമായ ഒരു പ്രദേശത്തിലേയ്ക്ക് ഒരാള്‍ ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ തീരുമാനമെടുക്കുന്നു എന്നു പറയുമ്പോള്‍ അയാള്‍ രാജ്യം നല്‍കുന്ന 'സുരക്ഷാ'നിര്‍ദ്ദേശത്തെ ലംഘിക്കുകയാണ്. ഒറ്റയ്ക്കുള്ള സഞ്ചാരമെന്ന തീരുമാനവും അപകടരമെന്ന് പരക്കെ വിശ്വസിപ്പിച്ചിരിക്കുന്നതുമായ സ്ഥലത്തിന്റെ തെരഞ്ഞെടുപ്പും കൂടിയാവുമ്പോള്‍ ഇയാള്‍ നടത്തുന്നത് രണ്ട് തരം ലംഘനങ്ങളാകുന്നു.

വേണുവിന്റെ 'നഗ്‌നരും നരഭോജികളും' എന്ന യാത്രാപുസ്തകത്തിന്റെ ആദ്യ അദ്ധ്യായത്തിലെ രാത്രിതാമസത്തിന്റെ വിവരണത്തില്‍, അനശ്ചിതത്വത്തിന്റെ, നാം ശീലിച്ച സുരക്ഷയുടെ ചുറ്റുവട്ടങ്ങള്‍ ഇല്ലാത്ത അനുഭവം കാണാം. അതില്‍ അയാള്‍ക്ക് അസ്വസ്ഥതയില്ല. സ്വയം തെരഞ്ഞെടുത്ത ദീര്‍ഘയാത്രയില്‍ ഇതെല്ലാം സ്വാഭാവികവും സംഭവ്യവുമാണന്ന് ആദ്യ യാത്രയില്‍ (സോളോ സ്റ്റോറീസ്) നേടിയ അറിവിന്റെ ബലമൊന്നുകൊണ്ടുമാത്രമാണ് സ്ലീപ്പിംഗ് ബാഗിനുള്ളില്‍ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നത്. ആ രാത്രിയില്‍ അവിടെ പ്രധാനമായും രണ്ട് സഞ്ചാരികള്‍ ഉണ്ട്. വംശപരമ്പരകളിലൂടെ അതിരുകള്‍ ലംഘിക്കുന്ന ഫ്‌ലെമിംഗോ പക്ഷികളുടെ പുതിയൊരു തലമുറ. ദേശസഞ്ചാരത്തിന്റെ വിലക്കുകളെ സ്വയം മറികടക്കാന്‍ ശ്രമിക്കുന്ന കുടുംബസ്ഥനായ ഒരു മനുഷ്യന്‍. പക്ഷികളോളം വിമോചിപ്പിക്കപ്പെട്ടതല്ല താനെന്നുള്ളതുകൊണ്ടുതന്നെ ആ പറക്കലിനുള്ള ശ്രമമായി ഈ യാത്രയെ മുഴുവനായും വായിച്ചെടുക്കാം. അതിലേയ്ക്കായി വിടര്‍ത്തുന്ന ഓരോ ചലനവും ഒരു ദേശാടനപക്ഷിയുടെ സ്വഭാവത്തോട് ഉപമിക്കാം. അതുകൊണ്ടാവാം പുസ്തകത്തിലുടനീളം പ്രകൃതിയുടേയും നാം സംസ്‌കാരശൂന്യരെന്നു വിശേഷിപ്പിക്കുന്ന മനുഷ്യരുടേയും മുന്നില്‍ സ്വയം കീഴടങ്ങാന്‍ വിട്ടുകൊടുക്കുന്ന ഒരാളെ കാണാനാവുന്നത്. ഈ വിട്ടുകൊടുക്കലാണ്, ഈ കീഴടങ്ങലാണ് ആ തിരിച്ചറിവാണ് ഈ പുസ്തകത്തിന്റെ നെടുരേഖ.

ഛായ​ഗ്രാഹകൻ വേണു യാത്രയ്ക്കിടെ കണ്ടുമുട്ടിയവർക്കൊപ്പം
ഛായ​ഗ്രാഹകൻ വേണു യാത്രയ്ക്കിടെ കണ്ടുമുട്ടിയവർക്കൊപ്പം

അപരിചിതത്വമെന്നത്, പ്രകൃതിയോടായാലും മനുഷ്യനോടായാലും ഇതില്‍ കാണുക പ്രയാസമാണ്. യാത്രയുടെ തുടക്കം മുതല്‍ക്കേ കാണുന്ന ഓരോ മനുഷ്യനുമായും സ്നേഹം നിറഞ്ഞ ചിരിയിലൂടെയാണ് ആ പാരസ്പര്യം കൈമാറുന്നത്. ഭാഷ, ദേശം, ജാതി, വര്‍ഗ്ഗം, മതം എല്ലാം ഈ ചിരിയുടെ മുന്നില്‍ അപ്രത്യക്ഷമാകുന്നു. ഇതാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരുടെ കൈമുതല്‍. (ഒറ്റയാള്‍ യാത്രികര്‍ പലപ്പോഴും ഒറ്റയാത്രകളെ ആദര്‍ശവല്‍ക്കരിക്കുന്നതിനോട് വിമുഖരാണ്. ആദര്‍ശവല്‍ക്കരണമോ കാല്പനികതയോ ആവശ്യമില്ല എന്നതാണ് അഭിപ്രായം. അത്തരം സഞ്ചാരങ്ങളില്ലാത്തവരുടെ ആദരവ്‌പോലും അവര്‍ ചിരിയോടെ കാണുകയാണ് പതിവ്) അതില്‍ ഭയമല്ല, മാനുഷികതയുടെ നിറവാണുള്ളത്. നോട്ടത്തില്‍പ്പോലും സംശയത്തിന്റെ നിഴല്‍ പറ്റാതെ അവര്‍ സൂക്ഷിക്കും. സംശയാലുവാകുക എന്നതാണ് ഇന്നത്തെ നടപ്പ് സമൂഹത്തില്‍ വേരു പടര്‍ത്തിയിരിക്കുന്ന രാഷ്ട്രീയമെന്ന് സൂക്ഷ്മതയില്‍ നോക്കിയാല്‍ വ്യക്തമാകും. അതില്‍ പ്രത്യേക മതത്തില്‍പ്പെട്ടവര്‍, പ്രത്യേക രാഷ്ട്രീയം സംസാരിക്കുന്നവര്‍, പ്രത്യേക വേഷം ധരിക്കുന്നവര്‍, അങ്ങനെ 'പ്രത്യേക'മാക്കപ്പെട്ടവര്‍ അനവധിയാണ്. ഇവരാണ് ദേശീയതയ്ക്ക് ഭീഷണിയായിട്ടുള്ളതെന്നും ഇവരാണ് നമ്മുടെ സംസ്‌കാരത്തിന്റെ നാശകരെന്നും പ്രചരിപ്പിച്ചുകൊണ്ടാണ് ഈ സംശയാലുത്വം ഇന്ന് നമ്മുടെ കാഴ്ചയുടെ ദീനമായിത്തീര്‍ന്നത്. ഈ സംശയാലുവിനെ ഉപേക്ഷിക്കുക എന്നാല്‍ അയാള്‍ വീണ്ടും നിയമം ലംഘിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ശക്തിയിലും അതുനല്‍കുന്ന ജനാധിപത്യത്തിന്റെ വിടര്‍ന്ന ലോകത്തും സംശയമെന്നതോ അപരത്വമെന്നതോ ഇല്ല എന്ന ബോധ്യമുള്ള ഒരാള്‍ക്ക് തന്റെ യാത്ര എവിടേയ്ക്ക് വേണമെന്ന് തീരുമാനിക്കാനും ഏതു മനുഷ്യനുമൊപ്പം അന്തിയുറങ്ങാനും അവര്‍ക്കൊപ്പം കൂടാനും സ്വാതന്ത്ര്യമുണ്ടെന്ന ബോധ്യം അയാളുടെ  നിര്‍മ്മമായ ചിരിക്കു രാഷ്ട്രീയമായ വിശാലത നല്‍കുന്നുണ്ട്.

ആദിവാസി ജീവിതവും അവരുടെ ലോകവുമാണ് ഈ യാത്രയുടെയുള്ളില്‍ നിറയുന്നത്. പൊതുധാരാ സാമൂഹ്യ കല്പനകള്‍ക്കു പുറത്താണ് എന്നും ആദിവാസികള്‍. നാം മലയാളികള്‍ എന്ന് പറയുന്നതിനുള്ളില്‍പ്പോലും ആദിവാസികള്‍ ഇല്ല. ഏറ്റവും ദൂരെ മാറ്റിനിര്‍ത്തപ്പെട്ട ഒരു വിഭാഗം. ഇന്നും ചൂഷണം ചെയ്യപ്പെടുന്ന ജനത. ആദിവാസികളുടെ അന്യവല്‍ക്കരണവും പാര്‍ശ്വ വല്‍ക്കരണവും കൊളോണിയല്‍ കാലത്തിന്റെ സംഭാവനയാണ്. പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ അവര്‍ ഇന്ത്യയിലെ വിവിധ വിഭാഗക്കാരെ ഗോത്രസംജ്ഞകള്‍ ഉപയോഗിച്ച് വേര്‍തിരിച്ചു. സംസാരഭാഷ അനുസരിച്ചു വേര്‍തിരിക്കുന്ന റോമാക്കാരുടെ രീതിയില്‍നിന്നാണ് tribe എന്ന പദം ഉപയോഗിച്ചു തുടങ്ങിയത്. സാമൂഹ്യഘടനയില്‍ രാഷ്ട്രരൂപീകരണം നിര്‍വ്വഹിക്കാത്ത വിഭാഗങ്ങളെ കുറിക്കാന്‍ മാത്രമായി ബ്രിട്ടീഷുകാര്‍ ഈ പദത്തെ പരിഷ്‌കരിച്ചു. നഗരവല്‍ക്കരിക്കപ്പെട്ട ആവാസ ഇടങ്ങളോ  സാമ്പത്തിക മൂലധനമോ പ്രാപ്യമല്ലാത്ത മലമ്പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ എന്ന നിലയില്‍ മനസ്സിലാക്കാന്‍ തുടങ്ങി. 1870-ല്‍ ബ്രിട്ടീഷുകാര്‍, മാറ്റിനിര്‍ത്തപ്പെട്ട ഇന്ത്യന്‍ ഗോത്രങ്ങളുടെ കണക്കെടുത്ത് ഒരു ലിസ്റ്റ് ഉണ്ടാക്കി. കൊളോണിയല്‍ ഭരണാധികാരികള്‍ക്ക് ഇന്ത്യന്‍ ഗോത്രങ്ങളെക്കുറിച്ചുള്ള അപര്യാപ്തമായ അറിവുവെച്ച്, നാടോടികളായ വര്‍ഗ്ഗക്കാര്‍ മുഴുവന്‍ കുറ്റവാളികളെന്ന കണക്കില്‍ അവരെ നേരിടാന്‍ ക്രിമിനല്‍ ട്രൈബല്‍ ആക്ട് കൊണ്ടുവന്നു. കൊളോണിയല്‍ ഭരണാധികാരികള്‍ ഈ ആക്ടിനെ പരിവര്‍ത്തനാത്മകം എന്നു വിശേഷിപ്പിക്കുന്നെങ്കിലും, അതില്‍ ഉള്‍പ്പെട്ട ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് അത് അനീതിയും ദുരിതങ്ങളും സൃഷ്ടിച്ചു.[i] വേണു എഴുതുന്നു: ദര്‍ഭയുടെ ചുറ്റുപാടും വലിയ കാടുകളാണ്. ഈ കാടുകളിലെല്ലാം ആദിവാസി ഗ്രാമങ്ങളുണ്ട്. ഹൈവേയില്‍നിന്നും അകന്നു കിടക്കുന്ന ഈ ഗ്രാമങ്ങളില്‍ പലതും മാവോയിസ്റ്റ് സ്വാധീനത്തിലുള്ളതാണെങ്കിലും ഹൈവേയോട് ചേര്‍ന്ന സ്ഥലങ്ങള്‍ പലതും പൊലീസിന്റേയും സി.ആര്‍.പി.എഫിന്റേയും നിയന്ത്രണത്തിലാണ്. ഉള്‍ഗ്രാമങ്ങളില്‍ മാവോയിസ്റ്റ് സ്വാധീനം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കണ്ടുപിടിച്ച എളുപ്പവഴികളിലൊന്ന് കൂടുതല്‍ ഗ്രാമീണരെ അവരുടെ  ഗ്രാമങ്ങളില്‍നിന്ന് ഒഴിപ്പിച്ച് പൊലീസിനു കൂടുതല്‍ വിശ്വാസമുള്ള  ഹൈവേയുടെ വശങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുക എന്നതായിരുന്നു. ഗ്രാമങ്ങള്‍ വിട്ടുപോകാന്‍ മടികാണിച്ചവരെ മാവോയിസ്റ്റുകളെന്നു വിളിച്ച് പൊലീസ് നിരന്തരം ഉപദ്രവിച്ചു. ഗ്രാമങ്ങളില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ പോരാടാനായി സര്‍ക്കാര്‍ അവലംബിച്ച മറ്റൊരു മാര്‍ഗ്ഗം മീശ മുളയ്ക്കാത്ത ആദിവാസി യുവാക്കള്‍ക്ക് വയറുനിറയെ ചാരായവും കയ്യില്‍ AK 47 തോക്കുകളും സംശയം തോന്നിയാല്‍ ആരേയും വെടിവെയ്ക്കാനും ഗ്രാമങ്ങള്‍ ചുട്ടെരിക്കാനും കൊള്ളയടിക്കാനുമുള്ള അധികാരവും കൊടുത്ത് 'നാട്ടുകാരുടെ പ്രതിരോധ സേന' എന്ന  ആശയത്തില്‍ ഒരു സായുധസംഘം രൂപീകരിക്കുക എന്നതായിരുന്നു. ശമ്പളം മാസം 1500 രൂപ. ഗോണ്ടി ഭാഷയില്‍ ശുദ്ധീകരണവേട്ട എന്നര്‍ത്ഥം വരുന്ന സല്‍വാ ജുദം എന്ന് സേനയ്ക്ക് പേരിട്ടു. സേന നയിച്ചത്  ആദിവാസി നേതാവും ഭൂവുടമയും ഛത്തിസ്ഗഢ് പ്രതിപക്ഷനേതാവും  ആയ മഹേന്ദ്ര കര്‍മ ആയിരുന്നു. സല്‍വാ ജുദം നിരവധി ഗ്രാമങ്ങള്‍ ചുട്ടെരിച്ചു. പലരും കൊല്ലപ്പെട്ടു. ആദിവാസി പെണ്‍കുട്ടികള്‍ ബലാല്‍സംഗങ്ങള്‍ക്ക് ഇരയായി. നിവൃത്തിയില്ലാതെ കൂടുതല്‍ ആളുകള്‍ ഗ്രാമങ്ങള്‍ ഉപേക്ഷിച്ച് ക്യാമ്പുകള്‍ എന്ന് പേരിട്ടു വിളിച്ച ഹൈവേ ചേരികളിലേക്കു മാറി. ചിലര്‍  ആന്ധ്രാപ്രദേശിലേക്ക് രക്ഷപ്പെട്ടു. നിര്‍ബ്ബന്ധപൂര്‍വ്വമുള്ള ഈ പറിച്ചുമാറ്റം പതിനായിരക്കണക്കിന് ആദിവാസികളെ  കടുത്ത മാനസിക സംഘര്‍ഷത്തിലേയ്ക്കും കഷ്ടപ്പാടുകളിലേയ്ക്കും ക്രമേണ പട്ടിണിയിലേയ്ക്കും പറഞ്ഞുവിട്ടു. കൃഷിയും വേട്ടയും നൃത്തവും ദൈവങ്ങളും ഇല്ലാത്ത ക്യാമ്പുകള്‍ മാലിന്യം നിറഞ്ഞ് മനുഷ്യരെ രോഗികളാക്കി.

വലിയ നിര്‍മ്മാണപദ്ധതികളിലൂടെ രാഷ്ട്രനിര്‍മ്മിതിയെന്ന ആശയം എത്ര ജനവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണെന്നു പറയുന്നത് വീണ്ടുമുള്ള നിയമലംഘനമാണ്. നിങ്ങള്‍ രാഷ്ട്ര നിര്‍മ്മാണത്തെ ചോദ്യം ചെയ്യുന്നു എന്നതാണ് കുറ്റം. ആ കുറ്റം ഇങ്ങനെയാണ് ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്നത്: ഇരുന്നും കിടന്നും പദ്ധതി ഇഴഞ്ഞു. സ്ഥലമെടുപ്പ് മാത്രം തുടര്‍ന്നു. രണ്ട് ലക്ഷം ഏക്കര്‍ സ്ഥലമാണ് ഒഴിപ്പിക്കുന്നത്. അമ്പതിനായിരം കുടുംബങ്ങള്‍. പകുതിയിലധികം ആദിവാസികള്‍. മുങ്ങിപ്പോകുന്ന സ്ഥലങ്ങളില്‍ ജനവാസ കേന്ദ്രങ്ങളോടൊപ്പം വന്‍കാടുകളും പുരാതന സംസ്‌കാര കേന്ദ്രങ്ങളും. ഇതിനിടെ ഇതൊരു കേന്ദ്രപദ്ധതിയായി മാറുകയും പണി കുറച്ചൊന്ന് ഉഷാറാകുകയും ചെയ്തു. കഴിഞ്ഞ കൊല്ലം സര്‍ക്കാര്‍ പഴയ കോണ്‍ട്രാക്ടറെ മാറ്റി പുതിയ കമ്പനിക്ക് കോണ്‍ട്രാക്റ്റ് കൊടുത്തു. പുതിയ കമ്പനി  ഇരുപത്തിനാല് മണിക്കൂര്‍കൊണ്ട് 32000 ക്യൂ.മീ. കോണ്‍ക്രീറ്റ് പമ്പ് ചെയ്ത് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ കമ്പനിയുടെ പേരു എഴുതിവെച്ചു. എല്ലാവരും എഴുന്നേറ്റുനിന്ന് കയ്യടിച്ചു. ഇന്ന് ഞാനിതെഴുമ്പോള്‍ പോളാവരം പദ്ധതി വീണ്ടും പത്രവാര്‍ത്ത ആയിരിക്കുന്നു. ആന്ധ്രയുടെ പുതിയ സര്‍ക്കാര്‍ ഗിന്നസ് കമ്പനിയെ പുറത്താക്കി പുതിയ ടെണ്ടര്‍ വിളിച്ചിരിക്കുന്നു. അതിനു സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. പണി വേഗം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന സര്‍ക്കാര്‍. അഴിമതി മാത്രമാണ് ഉദ്ദേശ്യമെന്ന് പ്രതിപക്ഷം. പദ്ധതി തങ്ങളെ ദോഷമായി ബാധിക്കുന്നു എന്ന് ഒറീസ്സ, ഛത്തീസ്ഗഢ് സര്‍ക്കാരുകള്‍. അങ്ങനെ പെട്ടെന്നൊന്നും വഴങ്ങിക്കൊടുക്കാന്‍ പോളാവരം ഉദ്ദേശിക്കുന്നില്ല.

രാജ്യം നല്‍കുന്ന സുരക്ഷ. വീട് നല്‍കുന്ന സുരക്ഷ. മൗഢ്യം നിറഞ്ഞ ഈ സങ്കല്പത്തിനുള്ളില്‍ വളരുന്ന ഏതൊരാളും തൊട്ടപ്പുറത്തെ ശത്രുവില്‍നിന്നുള്ള അക്രമത്തെ ഭയക്കുന്നുണ്ട്. ഈ ഭയമാണ് സുരക്ഷിതത്വത്തിന്റെ പേരില്‍ ചെലവിടുന്ന കോടികളുടെ വൈകാരിക അടിത്തറ. ഒറ്റയ്ക്ക് വെളിച്ചമില്ലാത്ത വീട്ടില്‍ താമസിക്കുമ്പോള്‍ അടച്ചുറപ്പില്ലാത്ത ആ വീടിന്റെ വാതിലില്‍ ഒരു ബക്കറ്റ് വെള്ളം വെയ്ക്കുന്നതിനെക്കുറിച്ച് ഇങ്ങനെ കാണാം: ഈ പരിസരങ്ങള്‍ എനിക്ക് തികച്ചും അപരിചിതമാണെന്നും വീടിനുള്ളിലെ സുരക്ഷ തേടുന്നതായിരിക്കും ബുദ്ധി എന്നും ഞാന്‍ തിരിച്ചറിഞ്ഞു. ഇനിയെല്ലാം നേരം വെളുത്തിട്ട് മതിയെന്നു  തീരുമാനിച്ച് ഞാന്‍ അകത്തു കയറി വാതിലടച്ചു. എന്നാല്‍, വാതിലിനു കുറ്റിയില്ലായിരുന്നു. എത്ര ചേര്‍ത്തടച്ചിട്ടും അത് താനെ തുറന്നു വന്നു. വാതില്‍ തുറന്നിട്ട് ഉറങ്ങാന്‍ പറ്റുന്ന സ്ഥലമല്ലിത്. വാതിലിനു പേരിനെങ്കിലും ഒരു തട വെയ്ക്കാന്‍ പറ്റിയ ഒന്നും അവിടെ കണ്ടില്ല. ഒരു മൂലയില്‍ എന്റെ ആവശ്യത്തിനായി വലിയൊരു ബക്കറ്റ് വെള്ളം വെച്ചിരുന്നു. ഞാന്‍ അതു മെല്ലെ താങ്ങിയെടുത്ത് വാതിലിനു മുന്നില്‍ ഒരു  തടയായിവെച്ചു. എന്നിട്ട് ഇനിയൊന്നും പേടിക്കാനില്ല എന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിച്ച് വെളിച്ചം കെടുത്തി ഉറങ്ങാന്‍ കിടന്നു.

രാത്രിയില്‍ പുളി തിന്നുവാന്‍ വരുന്ന ഒരു കരടിയില്‍നിന്നുള്ള രക്ഷയ്ക്കുവേണ്ടിയാണ് ഈ ഒരു ബക്കറ്റ് വെള്ളം തടയായി വെയ്ക്കുന്നത്. ഇതില്‍ താന്‍ സുരക്ഷിതനാവും എന്ന വിശ്വാസമാണ് ആ രാത്രി കടന്ന്, പുലര്‍ച്ചയാകും വരെ കൂട്ടുള്ളത്. ഇത് തന്നെത്തന്നെ വിശ്വസിപ്പിക്കുന്ന ഒരു താല്‍ക്കാലിക തന്ത്രമാണന്ന് അയാള്‍ക്കു തന്നെ അറിയാം. ഇതേ രക്ഷാസൂത്രങ്ങള്‍ തോക്കുപിടിച്ച്, വലിയ മതില്‍കെട്ടി സ്റ്റേഷന്‍ മറച്ചിരിക്കുന്നത് ഈ യാത്രാവിവരണത്തിലുണ്ട്.  പുളി തിന്നാന്‍ വരുന്ന ആ കരടിയാണ് തോക്കു നീട്ടിയവരുടെ ലക്ഷ്യം. കരടിയുടെ രൂപത്തെ സുരക്ഷാഭടന്മാര്‍ കാണുന്നത് മറ്റ് ചിലരായിട്ടാണ് എന്നതാണ് അതിലെ ദുരന്തവും അനീതിയും. കരടിക്ക് ആ പുളിമരം അതിന്റെ സ്വാഭാവിക ജീവിതവൃത്തത്തിനുള്ളിലെ അവകാശപ്പെട്ട ഫലവൃക്ഷമാണ്. അതുപോലെയാണ് ആദിവാസിക്ക് അവരുടെ ജനിച്ച ഇടത്തിലെ അവകാശങ്ങളും. എന്തുകൊണ്ട് ആ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല?

ആദിവാസികള്‍ക്ക് സംസ്ഥാനങ്ങളുടേയും ഭാഷകളുടേയും അതിര്‍ത്തികള്‍ ഭേദിച്ച് അവരില്‍ ആദരവ് ഉണര്‍ത്താന്‍ അംബേദ്ക്കറിനെപ്പോലൊരു നേതാവ് ഉണ്ടാവാതെ പോയതിന്റെ കുറവിനെക്കുറിച്ച് രാമചന്ദ്രഗുഹ എഴുതിയിട്ടുണ്ട്[ii]. ബിര്‍സാമുണ്ട ഝാര്‍ഖണ്ഡിന്റെ ചില ഭാഗങ്ങളില്‍ ആരാധിക്കപ്പെടുന്നുണ്ടെങ്കിലും മഹാരാഷ്ട്രയിലേയും ആന്ധ്രാപ്രദേശിലേയും ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ ആദരിക്കപ്പെടുന്നില്ല. സാമൂഹിക പ്രവര്‍ത്തകന്‍, ആധുനിക സ്ഥാപനങ്ങളുടെ നിര്‍മ്മാതാവ്, ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മാണത്തില്‍ മേല്‍നോട്ടം വഹിച്ച വ്യക്തി എന്ന നിലകളില്‍ അംബേദ്ക്കര്‍ സൃഷ്ടിച്ച ഉയര്‍ന്ന ജീവിതക്കരുത്ത് ഇന്ത്യയിലെ ദളിതര്‍ക്കു നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ഇങ്ങനെയൊരു നേതാവിന്റെ അഭാവം ഇന്നും ആദിവാസി ജനത നേരിടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് ഇന്ത്യയിലെ എല്ലാ ആദിവാസി ജീവിതങ്ങളും നിരന്തരമായ പുറംതള്ളലുകളില്‍പ്പെട്ട് നേര്‍ത്തുനേര്‍ത്ത് അപ്രത്യക്ഷമാകുന്നത്. ബസ്തറിലേയും മറ്റും സൈനിക/പൊലീസ് ഇടപെടലുകള്‍ രക്ഷയല്ല ശിക്ഷയാണ് വിധിക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ചവര്‍ പലരും പഠനങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും വെളിപ്പെടുത്തിയിട്ടുണ്ട്. 2017-ല്‍ അരുന്ധതി റോയി ഉള്‍പ്പെടുന്ന ഒരു കൂട്ടം ആളുകള്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ശ്രദ്ധയ്ക്കായി പ്രസിദ്ധീകരിച്ച കത്ത് ഇതിനുള്ള തെളിവാണ്[iii]: 

1. ബസ്തറില്‍ നിയമവാഴ്ച ഉറപ്പാക്കുക. സുരക്ഷാസൈനികരും മറ്റു ഭരണസംവിധാനങ്ങളും ഭരണഘടനയ്ക്കകത്തുനിന്ന് നീതിനിര്‍വ്വഹണം നടപ്പാക്കുക. 

2. ബുദ്ധിജീവികള്‍, ആക്ടിവിസ്റ്റുകള്‍, ഗവേഷകര്‍, പത്രലേഖകര്‍, നിയമജ്ഞര്‍ തുടങ്ങി മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായി കടന്നുചെല്ലാന്‍ സാധിക്കുക. 

3. മനുഷ്യാവകാശങ്ങളേയും നിയമത്തേയും അനുസരിക്കാത്ത നിയമവിരുദ്ധ സംരക്ഷകര്‍ക്ക്  സര്‍ക്കാര്‍ പിന്തുണ നല്‍കരുത്. 

4. സമീപകാലങ്ങളിലെ മനുഷ്യാവകാശ ലംഘകര്‍ക്കും പീഡകര്‍ക്കും വേഗത്തില്‍ കര്‍ശന ശിക്ഷ ഉറപ്പാക്കുക. 
സര്‍ക്കാര്‍ സംവിധാനങ്ങളായാലും അവരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംരക്ഷകരോ മാവോയിസ്റ്റുകളായാലും സമാധാനകാംക്ഷികളായ തദ്ദേശവാസികളേയും സന്ദര്‍ശകരേയും ആക്രമിക്കുന്നത് നിര്‍ത്തലാക്കുകയും പ്രദേശത്തു സായുധ അക്രമം അവസാനിപ്പിക്കുന്നതിന് ചര്‍ച്ചകള്‍ എത്രയും വേഗം ആരംഭിക്കുകയും വേണം. 

ഇതൊന്നും അവിടെ നടപ്പായിട്ടില്ലെന്നും ഇത്തരം ഓര്‍മ്മപ്പെടുത്തലുകളെ, അല്ലെങ്കില്‍ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിക്കുകയുമാണ് ചെയ്തതെന്ന് ഇന്നും ബസ്തറില്‍നിന്നു വരുന്ന വാര്‍ത്തകളില്‍ മനസ്സിലാക്കാം. സൈനികവല്‍ക്കരണം മാത്രമല്ല, സാംസ്‌കാരികമായ കടന്നുകയറ്റവും മറ്റൊരുതരം സൈനിക ഇടപെടലായി ആദിവാസി മേഖലകളില്‍ നടക്കുന്നു എന്നത് ഭയപ്പെടുത്തുന്ന മറ്റൊരു യാഥാര്‍ത്ഥ്യമാണ്. വേണു ആ ഇടപെടലിനെക്കുറിച്ച് വിശദമാക്കുന്നുണ്ട്: ബസ്തറിലെ ആദിവാസികളുടെ ദൈവങ്ങള്‍ മിക്കവാറും എല്ലാവരും തന്നെ സ്വന്തം പൂര്‍വ്വികരാണ്. ഹിന്ദുദൈവങ്ങള്‍ കടന്നുവരാന്‍ തുടങ്ങിയിട്ട് അധികകാലമായില്ല. മരിച്ചവരെ മണ്ണിനടിയില്‍ സംസ്‌കരിക്കുന്നതാണ് ആദിവാസികളുടെ പരമ്പരാഗത രീതി. എന്നാല്‍, ചില പരിഷ്‌ക്കാരികള്‍ ഈയിടെയായി ഹിന്ദു രീതിയില്‍ ചിതയൊരുക്കി ദഹിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. (അദ്ധ്യായം 5) ഒരു ദേശത്തിന്റെ സംസ്‌കാരം പലപ്പോഴും ദൃശ്യരായ ഭൂരിപക്ഷത്തിന്റെ ആചാരങ്ങളെ അടിസ്ഥാനപ്പെടുത്തി നിര്‍വ്വചിക്കപ്പെടാറുണ്ടെന്ന ദിലീപ് മേനോന്റെ[iv] കാഴ്ചപ്പാടിനെ സാധൂകരിക്കുന്നതാണ് അദൃശ്യരായ ഒരു ജനതയ്ക്കുമേലുള്ള കടന്നുകയറ്റത്തിലൂടെ ഹൈന്ദവതം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഈ ആചാരങ്ങള്‍. ദൃശ്യരായവരുടെ കടന്നുവരവിലൂടെ ഇല്ലാതാക്കപ്പെടുന്ന ആദിവാസി സംസ്‌കാരത്തെക്കുറിച്ച് അത്രയൊന്നും ഉച്ചത്തിലല്ലാതെ ചെറിയ ചില ചൂണ്ടിക്കാട്ടലുകളിലൂടെ എഴുതപ്പെടുമ്പോള്‍ ഇതൊരു യാത്രാവിവരണത്തിന്റെ പതിവ് ശീലങ്ങളില്‍നിന്നുള്ള വഴി മാറി രാഷ്ട്രീയ ജാഗ്രതയാകുന്നു. 

'മരപ്പുകയും ഇലക്കോപ്പകളും: ആത്മകഥാപരമായ അടിക്കുറിപ്പുകള്‍'[v] എന്ന പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം മധു രാംനാഥ് തുടങ്ങുന്നതേ തലേരാത്രിയില്‍ കഴിച്ച ലാണ്ട എന്ന അരിയില്‍നിന്നു വാറ്റിയ മദ്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. മൂന്നു തരം മദ്യങ്ങളാണ് അവിടെയുള്ളത് എന്ന് വേണു ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. മദ്യം ബസ്തറിലെ ആദിവാസികള്‍ക്കിടയില്‍ സ്വാഭാവികമായ ഒരു പാനീയവസ്തു മാത്രമാണ്. മധു രാംനാഥ് വര്‍ഷങ്ങളായി ബസ്തറിലെ ആദിവാസികള്‍ക്കൊപ്പം വളരെക്കാലം ജീവിച്ച ethono botanist ആണ്. ഒരു പൊലീസുദ്യോഗസ്ഥനുമായുള്ള സംഭാഷണം ഇങ്ങനെയാണ്: അയാള്‍ ചോദിക്കുന്നു, എന്തൊരു വിരസമായ സ്ഥലമാണിത്. ഒരു ക്രൈം പോലുമില്ല. സംസാരിക്കാന്‍ ഒരാളില്ല. സംസ്‌കാരമില്ലാത്തവര്‍. നിങ്ങളെങ്ങനെയാണ്, എന്താണ് ഇവരോട് സംസാരിക്കുന്നത്? ചെടികളെക്കുറിച്ച്, കാടിനെക്കുറിച്ച് എന്നാണ്  മധു രാംനാഥിന്റെ മറുപടി. മധു രാംനാഥ് അക്കാദമിക് ആയ തന്റെ സ്വത്വത്തെ നിരസിച്ച് അവരിലൊരാളായിത്തീര്‍ന്ന വ്യക്തിയാണ്. അഹത്തിന്റെ നിരാസത്തിലൂടെ മാത്രമേ ആ പ്രകൃതിയില്‍ തനിക്കൊരിടമുണ്ടാവൂ എന്ന് മനസ്സിലാക്കിയ വ്യക്തി. വേണു എന്ന വ്യക്തിക്കുമേല്‍ ഭാരിച്ചുനില്‍ക്കുന്ന - കാരൂരിന്റെ ചെറുമകന്‍, ക്യാമറമാന്‍, ദേശീയ അവാര്‍ഡ് ജേതാവ് തുടങ്ങി- എല്ലാ ഉടയാടകളും അഴിച്ച് അയാള്‍ക്ക് നഗ്‌നനാകേണ്ടിവരുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത. ഇവിടെ നിങ്ങളില്ല. നിങ്ങള്‍ തീര്‍ത്തും അപ്രസക്തനാണ്. ഈ ആയിത്തീരലിനെ അംഗീകരിക്കുക എന്നതാണ് ഒന്നും പ്രത്യേകിച്ച് നേടാനില്ലാതെ പോയ ഒരാള്‍ക്ക് ലഭിക്കുന്ന ഏറ്റവും വിലയേറിയ ഉപദേശം. അത് ഒരാളും വന്ന് ചെവിയില്‍ പറയില്ല. അത് തിരിച്ചറിവാണ്. അതിന്റെ സാര്‍ത്ഥകതയാണ് ഈ നഗ്‌നമാകല്‍. പോഷയെ ചേര്‍ത്തുപിടിക്കുമ്പോള്‍ കരച്ചില്‍ വന്നു എന്ന് പറയുമ്പോള്‍, ആണിപ്പലകയില്‍ ഇരുന്ന് മറ്റൊരാളെ മടിയിലിരുത്തുമ്പോള്‍, മൗവ്വാ പൂവിനെ ആദരവോടെ എടുത്തിടത്ത് തിരികെവെയ്ക്കുന്നത് കാണുമ്പോള്‍ തന്റെ മേലുള്ള ഭാരങ്ങളെല്ലാം സഹിക്കുന്നതിലുമധികമാണെന്ന വിവേകത്തില്‍ മാത്രമേ ഇതുപോലൊരു പുസ്തകവും എഴുതാനാവൂ. 

 യാത്രയ്ക്കിടയിൽ
 യാത്രയ്ക്കിടയിൽ

മുഹമ്മദലിയുടെ നിഷ്‌ക്കളങ്കമായ വിശ്വാസത്തിലും വേണുവിന്റെ ആമുഖക്കുറിപ്പിലുമെല്ലാം വീട് കടന്നുവരുന്നുണ്ട്. വീട് അത്രയേറെ സ്‌നേഹത്തോടെ, കരുതലോടെ അതിന്റെ ചുവരുകളും മേല്‍ക്കൂരയുംകൊണ്ട് നമ്മെ ചേര്‍ത്തുപിടിക്കും എന്നുള്ള വിശ്വാസമോ സങ്കല്പമോ ആവാം അത്. ഒരു വീട് അതെത്ര ചെറുതാവട്ടെ വലുതാവട്ടെ, നമ്മുടെ ഭാവനയില്‍ തെളിയുന്ന ആ ഇമേജുകളില്‍ ഒരിക്കലും ഒരു ആദിവാസി വീട് ഉണ്ടാവില്ല. ആ വീടുകള്‍ക്കുപോലും നമ്മുടെ ഭാവനയുടെ അതിരിനുള്ളില്‍ നമ്മള്‍ ഇടം കൊടുത്തിട്ടില്ല.  

(ഛായാഗ്രാഹകന്‍ വേണുവിന്റെ 'നഗ്‌നരും നരഭോജികളും' എന്ന യാത്രാപുസ്തകത്തിന് എഴുതിയ ആമുഖം)
                                                                                                      
i] Devy, G. N. (2017). The Return of the Silenced Oral: Culture and study in our time. In R. Nayar(Ed.). Cultural Studies in India (pp. 19-31).  London: Routledge. https://doi.org/10.4324/9781315095196 
[ii] Kpl, BÀ. (2019). Pm[n]XyhmZnIfpw hnaXcpw. sI.kn. hnÂk¬, ]cn`mj, pp. 144 - 173. DC Books.
[iii] Roy, A., Shah, A.P., Roy, A. Vinaik, A., Reddy, C.R., Manecksha, F. Jaising, I., Dreze, J. Sharma, K., Guha, R., Gokhale, S., Kak, S. Choudhary, S., Jain, S., Ramani, S., Aiyar, S.A., Sengupta, U., Dcosta, W., Chaudhury, Y.M., and Others. (2017). Restore the Rule of Law in Bastar (Letter), Economic and Political Weekly, Vol 52(4).
[iv] Menon, D.M. (2017). Itnroduction. In. D.M. Menon (Ed.). Cultural History of Modern India (pp. ix-xxiv). Orient BlackSwan
[v] Ramnath,M. (2015). Woodsmoke and Leafcups: Autobiographical Footnotes to the Anthropology of Durwa People. Harper Litmus.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com