ജീവിതത്തെ ബലികൊടുത്ത കവി

അവധൂത കവി എ. അയ്യപ്പന്‍ വിടപറഞ്ഞിട്ട് പത്തുവര്‍ഷം 
ജീവിതത്തെ ബലികൊടുത്ത കവി

ജീവിതത്തെ കവിതയാക്കിയ അഥവാ കവിതയെ ജീവിതമാക്കിയ എ. അയ്യപ്പന്‍ ഓര്‍മ്മയായിട്ട് 10 വര്‍ഷം തികയുന്നു. ശിരസ്സില്‍ ഉന്മാദവും രക്തത്തില്‍ ലഹരിയുമായി അവസാന ശ്വാസംവരെ അലഞ്ഞുനടന്ന കവി ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്, തന്റെ കവിതകളെല്ലാം ഒന്നിച്ചുവെച്ചാല്‍ ഒരാത്മകഥ വായിച്ചെടുക്കാമെന്ന്. വൃത്തിഹീനമായ ജീവിതത്തെ കവിതയുടെ വിശുദ്ധിയിലൂടെ അതിശയിച്ച കവിയാണ് അയ്യപ്പന്‍. കവിതയില്‍നിന്ന് വേറിട്ടൊരു ജീവിതം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതിനുവേണ്ടിയാണ് അനുദിനം സ്വയം പീഡിതനായത്. അയ്യപ്പന് ഇരട്ടജീവിതമുണ്ടായിരുന്നില്ല. ജീവിതമെന്ന പൊലിമയ്ക്കുവേണ്ടി കെട്ടിയാടപ്പെടുന്ന നിരവധി വേഷങ്ങള്‍, സംഘര്‍ഷങ്ങള്‍. അതൊന്നും അയ്യപ്പനെ പ്രലോഭിപ്പിച്ചില്ല. സമൂഹത്തിനുവേണ്ടി ബലിയാടാകുന്നവന്‍ മറ്റെല്ലാ സ്വാര്‍ത്ഥതകളില്‍നിന്നും മോചിതനാകുന്നു.
 
ആധുനികതയുടെ മുഖമുദ്രയായ നിഷേധം അയ്യപ്പന്റെ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. എന്നാല്‍, ആധുനികരുടെ രചനകളില്‍ കാണപ്പെടുന്ന അസ്തിത്വദുഃഖം അയ്യപ്പനില്‍ ഒരിക്കലും അലങ്കാരമായിരുന്നില്ല. അയ്യപ്പന്റെ ആത്മപീഡ സമാനതകളില്ലാത്ത ഒന്നാണ്. തുറന്ന ഒരു പുസ്തകമാണത്. 

നിശ്ചിതമായ നിരൂപക മാനദണ്ഡങ്ങളാല്‍ വിലയിരുത്താനാവാത്ത ഭാവതലമാണ് അയ്യപ്പന്‍ കവിതകളിലുള്ളത്. ചങ്ങമ്പുഴ-ഇടപ്പള്ളി കാലഘട്ടത്തിനുശേഷം കവിതയെ ആത്മപീഡയാക്കിയ, അയ്യപ്പനെപ്പോലെ മറ്റൊരു കവി മലയാളത്തിലില്ല. കവിതയില്‍ ആധുനികതയുടെ ക്ഷോഭവും പൊട്ടിത്തെറികളുമായി കടന്നുവന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലുള്ളവര്‍ ജീവിതത്തിലേക്കുതന്നെ നീന്തിക്കയറി. എന്നാല്‍, ജീവിതത്തിന്റെ തീരംവിട്ട് അയ്യപ്പന്‍ ഏകനായി കവിതയുടെ ഉഷ്ണപ്രവാഹത്തിലൂടെ ഒഴുകുകയായിരുന്നു. ചങ്ങമ്പുഴക്കാലത്തെ ത്യാഗം പ്രണയത്തിനുവേണ്ടിയുള്ളതായിരുന്നു. എന്നാല്‍, അയ്യപ്പന് പ്രണയവും ദൈവവും കവിത മാത്രമായിരുന്നു.

കവിത അക്ഷരങ്ങളോ വാക്കുകളോ അല്ല. വൈകാരികതയാല്‍ അക്ഷരങ്ങളെ അപ്രസക്തമാക്കുന്ന ഭാവാത്മകതയാണ്. വാക്കുകളെ നീട്ടിപ്പരത്തുന്നവര്‍ കവിതയുടെ സൂക്ഷ്മപ്രഭാവത്തെ ഇല്ലായ്മ ചെയ്യുന്നു. അനുഭവമുള്ളവന്റെ ആഖ്യാനഭാഷ ഹ്രസ്വമായിരിക്കും. അതില്ലാത്തവരാണ് ഭാഷയെ സ്ഥൂലീകരിക്കുന്നത്. കെട്ടഴിഞ്ഞ പട്ടംപോലെ ജീവിതത്തെ വീക്ഷിക്കുന്ന അയ്യപ്പന്‍ കവിതയെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ടായിരുന്നു.

''വാക്കും അര്‍ത്ഥവും കഴിഞ്ഞുള്ള
കവിയുടെ വിരലടയാളമാണ്
കവിത'' (കരിനാക്കുള്ളവന്റെ പാട്ട്) എന്ന കവിയുടെ ആത്മഗതം ഈ യാഥാര്‍ത്ഥ്യത്തിലേക്കുള്ള ചൂണ്ടുപലകയാണ്. 'വൃത്തശാസ്ത്രം പഠിച്ചവനേ നല്ല ഗദ്യം കൈവരൂ' എന്ന അയ്യപ്പന്റെ നിഗമനം ഗദ്യത്തില്‍ കവിതയെഴുതുന്ന നവകവികള്‍ പാലിക്കേണ്ട സൂക്ഷ്മതയെ ഓര്‍മ്മിപ്പിക്കുന്നു. 

''ഒരു ദിവസം എന്റെ സ്വപ്നത്തില്‍
ആനയ്ക്ക് മദമിളകി    
അവനെ അമ്പത്തൊന്നക്ഷരങ്ങളിലൊന്നായ് തളച്ചു'' (പ്ലേഗ്) എന്ന പ്രസ്താവത്തിലും ഈ ആത്മാര്‍ത്ഥത പ്രതിഫലിക്കുന്നു. 

''സ്വയം പീഡയാല്‍ സുഖംകൊള്ളും കരിന്തിരി 
സുഷുപ്തിയാണെനിക്കക്ഷരകാലം
വീട്ടിലെ തണലുകൊള്ളാതെ 
നാടുതോറും നീ നാരകം നടുന്നു'' (അസുരഗീതം) എന്ന് കവി തന്റെ ദൗത്യം വെളിപ്പെടുത്തുന്നു.
 
ബിംബസമൃദ്ധിയുള്ള കവിതയാണ് അയ്യപ്പന്റേത്. അവ സ്വയം സംസാരിക്കുന്നവയും അത്രമേല്‍ തീക്ഷ്ണതയുള്ളവയുമാണ്. അയ്യപ്പന്റെ കാവ്യബിംബങ്ങള്‍ സ്വാഭാവികമായ ഒരു പദനിര്‍മ്മിതിയാണ്. അതില്‍ അനുഭവസമ്പന്നതയുടെ പ്രതിഫലനമുണ്ട്. അതിനായി ചരിത്രമോ പുരാണമോ പരജീവിതമോ തേടിപ്പിടിക്കേണ്ട ആവശ്യം അയ്യപ്പനില്ല. വിസ്തരിക്കാന്‍ മനസ്സില്ലാത്ത നിഗൂഢ ക്ഷോഭമാണ് ബിംബങ്ങളില്‍ കവി ധ്വനിപ്പിക്കുന്നത്. ഓരോ വാക്കിലും വരിയിലും അവയുണ്ട്. അതിനാല്‍ അയ്യപ്പന്റെ പദനിര്‍മ്മിതി അനന്യമായ ഒരു കാവ്യാനുഭവമാണ്. ഉളികൊണ്ട മാനം, വിശപ്പുകൊണ്ട് വയര്‍ നിറയ്ക്കുന്നു, സമുദ്രത്തിന് തീപിടിച്ചല്ലോ, ഭയത്തിന്റെ പക്ഷിക്കൂട്ടം, കണ്ണുകളുടെ മഹാവൃക്ഷം, ഭാഷയുടെ സൂക്ഷ്മശോകം, ഇരുട്ടുമരങ്ങള്‍, കറുത്ത പക്ഷികള്‍, നടന്നുവരുന്ന മരണം, മുറിവുകളുടെ വസന്തം, നരഭോജികളുടെ കലണ്ടര്‍, തലച്ചോറിന്റെ ചാട്ടവാര്‍, ഭീരുവിന്റെ വാതില്‍പ്പഴുത്, തീയുള്ള കണ്ണീരിന്റെ മദ്യം, പനിയുടെ വേനല്‍, കല്ലിന്റെ ഹൃദയഭാരമുള്ള ദയ, കണ്ണുകളുടെ വസന്തം, കുറ്റംചെയ്ത കോടതി എന്നിങ്ങനെ സഹൃദയരെ പിടിച്ചുനിര്‍ത്താനുള്ള ശക്തി ഈ പദനിര്‍മ്മിതിക്കുണ്ട്. 'സര്‍പ്പങ്ങളെന്റെ ചവിട്ടേറ്റു ചാകുന്നു'വെന്ന് (ബലിക്കുറിപ്പുകള്‍) എഴുതുന്ന കവി അത്രമേല്‍ ആത്മരോഷത്തിന്റെ വിഷവീര്യം പേറുന്നുണ്ട്. ''കണ്ണേ മടങ്ങുകയെന്ന കാരുണ്യമില്ലാത്ത കാലത്തോടാണ്'' കവിയുടെ കലഹം.

''കാറപകടത്തില്‍പ്പെട്ടു മരിച്ച വഴിയാത്രക്കാരന്റെ 
ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്''
(അത്താഴം) എന്നെഴുതുമ്പോള്‍ ജീവിതത്തിന്റെ അടിത്തട്ടിലുള്ള മനുഷ്യരുടെ നിസ്സഹായതയാണ് ചിത്രീകരിക്കപ്പെടുന്നത്. 'കുഷ്ഠരോഗി വെച്ചുനീട്ടുന്ന അപ്പത്തിന്റെ പങ്കിലേക്ക് വിശപ്പുള്ളവന്റെ കണ്ണ്' (വാന്‍ഗോഗിന് ഒരു ബലിപ്പാട്ട്) എന്ന് ചിത്രീകരിക്കുമ്പോഴും ഇതേ അനുഭവമാണ് ഇതള്‍ വിടര്‍ത്തുന്നത്.

''കത്തുന്ന വിശപ്പിന് 
ചോറില്‍നിന്നു മാറ്റിയ
ഒരു കല്ലും
ഒരു നെല്ലും'' (വരദാനം) എന്നെഴുതുമ്പോള്‍ വിരോധാഭാസത്തിനപ്പുറം സഹനത്തിന്റേയും നെറികേടുകളുടേയും അപരലോകത്തേക്കാണ് കവിയുടെ ദൃഷ്ടി കടന്നുചെല്ലുന്നത്.

''എനിക്ക് വീടില്ല, രക്തബന്ധങ്ങള്‍ മുറിഞ്ഞു. പല വീടുകളില്‍ തങ്ങുന്നു'' എന്നു സ്വന്തം കവിതയുടെ ആമുഖത്തില്‍ തുറന്നുപറയുന്ന കവി സ്വയം പ്രവാസിയായി മാറുന്നു. ഇത്തരത്തില്‍ സഹനങ്ങള്‍ അനുഭവിക്കുമ്പോഴും കൈമോശംവന്ന ഗൃഹാതുരതയിലേക്ക് കവിമനസ്സ് അറിയാതെ കടന്നുചെല്ലുന്നു:

''ഇന്നും എനിക്കുള്ള അത്താഴം മൂടിവെച്ച്
കാലൊച്ച കാത്ത്
എന്റെ വീട് ഉണര്‍ന്നിരിക്കുന്നുണ്ടാവുമോ?'' (പ്രവാസിയുടെ ഗീതം)

അയ്യപ്പന്റെ കാവ്യലോകത്തെ വൈയക്തികതയുടെ ആവിഷ്‌കാരമെന്നും ദുരന്താനുഭവങ്ങളെന്നും വിലയിരുത്തിയവരാണ് അധിക പങ്കും. എന്നാല്‍, അയ്യപ്പന്‍ കവിതകളിലെ ആന്തരികക്ഷോഭം വിചാരണ ചെയ്യുന്നത് വ്യവസ്ഥിതിയുടെ നെറികേടുകളെയാണ്. ജീവിതത്തിന്റെ പൊള്ളയായ പൊലിമകളെയെല്ലാം അത് നിഷ്പ്രഭമാക്കുന്നു. അധികാര-സാമൂഹ്യ വ്യവസ്ഥയ്‌ക്കെതിരായ നിശ്ശബ്ദമായ പൊട്ടിത്തെറിയാണത്. 

മുഖംമൂടി അണിയാത്ത കവി

അയ്യപ്പന്‍ അനാവരണം ചെയ്ത കറുത്തലോകത്ത് അരുതായ്മകള്‍ നിരവധിയാണ്. നെറികേടുകള്‍, നീതിനിരാസങ്ങള്‍, പ്രാന്തജീവിതങ്ങളുടെ തീരാദുരിതങ്ങള്‍, കാപട്യങ്ങളുടെ ലജ്ജയില്ലാത്ത നഗ്‌നത. അടിത്തട്ടില്‍നിന്ന് അരങ്ങിലേക്ക് വരുന്ന ഭയാനകമായ തിരനോട്ടമാണത്. നേരിന്റെ കാളിമയുള്ള നരകദര്‍ശനം. കറുത്തലോകം കണ്ടവര്‍ പലരും നെറ്റിചുളിച്ചു. ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലല്ലോ എന്ന് ആശ്വസിച്ചു. എങ്കിലും കാഴ്ചമറയാതെ ആ നേരുകള്‍ നമ്മെ വേട്ടയാടുന്നു. സമൂഹത്തിന്റെ അന്ധതയെ പൊള്ളിക്കുന്നു. ''പാലുകൊടുക്കാന്‍ കയ്യുകള്‍ നീളുമ്പോള്‍ പാമ്പുകൊത്തുന്നുവോ''യെന്ന് സമകാലത്തിന്റെ നന്ദികേടിനെ കവി വിചാരണ ചെയ്യുന്നു. അയ്യപ്പന്‍ വിരല്‍ചൂണ്ടിയതെല്ലാം ഇപ്പോഴും നമുക്കിടയില്‍ത്തന്നെയുണ്ട്. ''വാക്ക് നഗ്‌നനായി എരിയുന്ന നരനാണ്'' എന്ന രേഖപ്പെടുത്തലില്‍ എല്ലാം അടങ്ങുന്നു. 

അനുദിനം എരിഞ്ഞുതീരുന്ന ജീവിതമല്ലാതെ അയ്യപ്പന് കടംവാങ്ങാന്‍ പ്രത്യയശാസ്ത്രങ്ങളില്ല. മതമോ ദൈവമോ ഇല്ല. അതിനാല്‍ കവി തുറന്നെഴുതുന്നു:

''ദൈവമേ എന്ന് നിലവിളിക്കരുത്
ദൈവത്തിന് കേള്‍വിയില്ല
കോടാനുകോടികളെ കാണാന്‍
കണ്ണുകളില്ല'' (രീതി)
''രുചിയറിയാത്ത രസനയാണ് ദൈവം'' എന്നും വിശേഷിപ്പിക്കപ്പെടുന്നുണ്ട്. 

അധികാരത്തോടും കക്ഷിരാഷ്ട്രീയത്തോടും ഇതേ നിലപാടുതന്നെയാണ് കവിക്കുള്ളത്. രാഷ്ടീയ സ്വാതന്ത്ര്യത്തെ കള്ളനാണയമായി ചിത്രീകരിക്കുന്ന കവിതയാണ് 1947. 'ചോറില്ലാത്തവര്‍ക്ക് ഒരുപിടി ഉപ്പും കൂറില്ലാത്തവര്‍ക്ക് കിരീടങ്ങളും കൊടുത്ത ചരിത്രത്തിന്റെ വരദാനമായിട്ടാണ് സ്വാതന്ത്ര്യലബ്ധിയെ കവി വീക്ഷിക്കുന്നത്. പീടികയുടെ തിണ്ണയില്‍ വേണ്ടാത്ത ഈ നാണയവും മുറുകെ പിടിച്ച് അന്തിയുറങ്ങുന്ന കവി ജനാധിപത്യ സമൂഹത്തിലെ അനാഥരുടെ പ്രതീകമായി തന്നെത്തന്നെ അവതരിപ്പിക്കുന്നു. ''മധുര പ്രതീക്ഷയുടെ, മനോജ്ഞ ചൈനയുടെ രഥം മറിഞ്ഞിന്നുടഞ്ഞുപോയ്'' എന്ന നൈരാശ്യവും മറ്റൊരു കവിതയില്‍ പങ്കുവെക്കുന്നു.

''ഒരു കൊടി
കാറ്റില്‍ പറക്കുന്നതു കണ്ടു
ഒരു കൊടിമരം
നിലംപതിക്കുന്നതു കേട്ടു (അടയാളമില്ലാത്ത കൊടി)
ചെങ്കൊടി, പച്ചക്കൊടി, ത്രിവര്‍ണ്ണക്കൊടി, വെറ്റിലക്കൊടി
ഒരാളുടെ ചിഹ്നം കരിങ്കൊടിയായിരുന്നു.
അയാള്‍ക്കു കിട്ടിയ ഒരേ ഒരു വോട്ട് എന്റെതായിരുന്നു'' (പ്ലേഗ്) എന്ന കവിയുടെ പ്രതിഷേധം വേറിട്ടുനില്‍ക്കുന്നു.

തന്റെ പ്രത്യയശാസ്ത്രം സ്വതന്ത്രമാണെന്നും തനിക്ക് മുഖംമൂടിയില്ലെന്നും അയ്യപ്പന്റെ  കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം സമൂഹത്തിന്റെ കാപട്യത്തെ പലരീതിയിലും വിചാരണ ചെയ്യുന്നു:
 
''ഒരു മുഖംമൂടി തരാം
നന്നായിണങ്ങും
ആരും കാണില്ല കാപട്യം'' (മുഖംമൂടി തരാം)
''തരിക കാലമേ ഒരു മുഖംമൂടി''യെന്ന് (ഉയരുന്ന യവനിക) കവി ചോദിക്കുന്നുമുണ്ട്.

''പാളത്തിന്റെ ഉരുക്കു തലയിണകളും കല്‍ച്ചീളുകളുടെ കിടക്കറയും'' പലപ്പോഴും കവിയെ മാടിവിളിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ''കവിതയുടെ മകുടിയൂത്തു കേട്ട് സുഷുമ്‌നയില്‍ കൊത്തിയ സര്‍പ്പം'' തിരിച്ചുപോവുകയായിരുന്നു. ഏതു നിരാശയിലും ആത്മഹത്യയെ കീഴ്പെടുത്താനുള്ള ഊര്‍ജ്ജമായിരുന്നു അയ്യപ്പന്‍ കവിത. ''ശിരോലിഖിതത്തിന്റെ കാര്‍ബണ്‍ പതിപ്പുകളില്‍'' കവി ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. ഒടുവില്‍ അയ്യപ്പന്‍പോലുമറിയാതെയാണ് തെരുവില്‍നിന്ന് കവിയെ മരണം കൂട്ടിക്കൊണ്ടുപോയത്. 

''വീട്ടിലെ അള്‍സേഷന്‍
ഒരു കടലാസ് കടിച്ചുകൊണ്ട് ഓടിവന്നു
ആ കടലാസാണ് ഒസ്യത്ത്.
ഒസ്യത്തിലെഴുതിയിരിക്കുന്നത്
ഈ വീട് ഒരു സത്രമാകണം'' (ഒസ്യത്ത്).

മരണാനന്തരമുള്ള കവിയുടെ ആഗ്രഹം ഇതുമാത്രമാണ്. ആര്‍ക്കും എപ്പോഴും കയറിയിറങ്ങാവുന്ന ഒരു സത്രമായിത്തീരണം തന്റെ വാസസ്ഥലമെന്ന് വീടില്ലാത്ത കവി ആഗ്രഹിക്കുന്നു. പ്രവാസിയായി അലഞ്ഞ് ജീവിതത്തെ ബലികൊടുത്ത അയ്യപ്പന് അതില്‍ കുറ്റബോധമില്ല. 'ഒസ്യത്തി'ലൂടെ തന്റെ സന്ദേശം പുതുതലമുറ മനസ്സിലാക്കണമെന്ന് കവി ആഗ്രഹിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com