ഒരു പത്രപ്രവര്‍ത്തക സുഹൃത്തിന്റെ സ്മരണയ്ക്ക്

ഫലപ്രദവും മാതൃകാപരവുമായ ഒരു മാധ്യമ ഇടപെടല്‍ നിമിത്തം നീതി ഉറപ്പാക്കാന്‍ കഴിഞ്ഞ ഒരു സന്ദര്‍ഭം
എ ഹേമചന്ദ്രൻ
എ ഹേമചന്ദ്രൻ

''കടുത്ത അനീതിയായതുകൊണ്ടാണ് ഞാന്‍ നേരിട്ട് എസ്.പിയെ തന്നെ കാണാമെന്നുവച്ചത്. സാറെടപെട്ടാല്‍ ശരിയാകുമെന്നറുപ്പാണ്.'' ഭരണസ്വാധീനമുള്ള കക്ഷിയുടെ പ്രമുഖനായ ജില്ലാ നേതാവ് ഇങ്ങനെയാണ് തുടങ്ങിയത്. ആദ്യഭാഗം കേട്ടപ്പോള്‍ എന്റെ ജിജ്ഞാസ ഉണര്‍ന്നു. പിന്നീട് വന്ന അസ്ഥാനത്തെ പ്രശംസ, ചെറിയൊരു കരുതലിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ചു. ''എന്താ പ്രശ്‌നം?'' എന്ന എന്റെ ചോദ്യത്തിന്  അദ്ദേഹം ഒരു കുടുംബത്തിന്റെ ദുഃഖകരമായ അവസ്ഥ വിവരിച്ചു. കോട്ടയം സ്വദേശിയായ ശങ്കരന്‍കുട്ടി, റവന്യൂവുമായി ബന്ധപ്പെട്ട വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. ഒരു മാസത്തിലധികമായി ശങ്കരന്‍കുട്ടിയെ കാണാനില്ല. പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. അങ്ങനെ ഇരിക്കെ അടുത്തിടെ അദ്ദേഹം മരണപ്പെട്ടതായി വീട്ടുകാര്‍ക്ക് വിവരം കിട്ടി. കുട്ടനാട്ടില്‍ എവിടെയോ വെള്ളത്തില്‍ വീണ് മരിച്ചതായും, മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാതെ ഏതാനും ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷം നടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് തന്നെ അജ്ഞാത മൃതദേഹമെന്ന നിലയില്‍ ആലപ്പുഴയില്‍ മറവുചെയ്തതായും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പാവം വീട്ടുകാരുടെ ഏക ആവശ്യം ശങ്കരന്‍കുട്ടിയുടെ മൃതദേഹം വീെണ്ടടുത്ത് കോട്ടയത്ത് വീട്ടിലെത്തിച്ച് മതാചാരമനുസരിച്ച് അന്ത്യകര്‍മ്മങ്ങള്‍ നടത്തി സംസ്‌കരിക്കണമെന്നാണ്.

''അതിനെന്താ തടസ്സം?'' ഞാന്‍ ചോദിച്ചു.  
 
''അല്ല സാര്‍, ആ എസ്.ഐ അയ്യപ്പന്‍ അനാവശ്യമായി തടസ്സം സൃഷ്ടിക്കുകയാണ്. വീട്ടുകാര്‍ വലിയ സങ്കടത്തിലാണ്. ഭാര്യയുടേയും 2 മക്കളുടേയും ആഗ്രഹമാണ് മരിച്ച ശങ്കരന്‍കുട്ടിയുടെ മരണാനന്തര കര്‍മ്മം നടത്തണമെന്ന്. ഇതില്‍ എസ്.പി ശക്തമായി എസ്.ഐയോട് പറയണം. എങ്കിലേ കാര്യം നടക്കൂ.''

''എസ്.ഐ അല്ലല്ലോ ഇക്കാര്യം തീരുമാനിക്കേണ്ടത്. എക്സിക്യൂട്ടിവ് മജിസ്ട്രേട്ടാണല്ലോ. മറവുചെയ്ത മൃതദേഹം പുറത്തെടുക്കണമെങ്കില്‍ മജിസ്ട്രേട്ടിന്റെ ഓര്‍ഡറാണല്ലോ വേണ്ടത്. അല്ലാതെ എസ്.ഐയുടേതല്ലല്ലോ.''

''അത് ശരിയാണ് സാര്‍, എസ്.ഐ ശരിയായി റിപ്പോര്‍ട്ട് കൊടുത്താല്‍ മജിസ്ട്രേട്ട് ഓര്‍ഡറിടും. പക്ഷേ, എസ്.ഐ തീരെ സഹകരിക്കുന്നില്ല.'' ഉടന്‍ തന്നെ അതിലിടപെടാമെന്ന് ഞാനുറപ്പുനല്‍കി. ദുഃഖാര്‍ത്തരായി കാത്തിരിക്കുന്ന ഭാര്യയുടേയും മക്കളുടേയും കാര്യം ഒന്നുകൂടി ഓര്‍മ്മിപ്പിച്ച് നേതാവ് തല്‍ക്കാലം വിടവാങ്ങി.

അദ്ദേഹം പോയ ഉടനെ ഞാന്‍ എസ്.ഐയെ ഫോണില്‍ ബന്ധപ്പെട്ട് വിവരമന്വേഷിച്ചു. ഒരാഴ്ച മുന്‍പ് ഒരു അജ്ഞാതന്റെ മൃതദേഹം കുട്ടനാട്ടില്‍ പൊങ്ങിയെന്നും കുറെ അന്വേഷിക്കുകയും പബ്ലിസിറ്റി നല്‍കുകയും ഒക്കെ ചെയ്‌തെങ്കിലും ആളെ തിരിച്ചറിഞ്ഞില്ല. ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും കഴിഞ്ഞ് 3-4 ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. പലരും വന്നു നോക്കിയെങ്കിലും ആളെ തിരിച്ചറിഞ്ഞില്ല. അവസാനം പൊലീസും മുനിസിപ്പാലിറ്റിയും ചേര്‍ന്ന് മറവ്‌ചെയ്തു. ഇപ്പോള്‍ ചില രാഷ്ട്രീയനേതാക്കള്‍ മരിച്ചത് കോട്ടയംകാരന്‍ ശങ്കരന്‍കുട്ടിയാണെന്നും പറഞ്ഞ് വരുന്നുണ്ട്. പക്ഷേ, ഉറപ്പൊന്നുമില്ല. ഇതാണവസ്ഥയെന്ന് എസ്.ഐ പറഞ്ഞുനിര്‍ത്തി. അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ രാഷ്ട്രീയനേതാവ് പരാതിപ്പെട്ടതു പോലെ എസ്.ഐ പിടിവാശിയിലാണോ എന്നെനിക്കും നേരിയ സംശയമുണ്ടായി, സംശയം മാത്രം. സ്ഥാനത്തും അസ്ഥാനത്തും അനാവശ്യ തടസ്സവാദങ്ങള്‍ ഉന്നയിച്ച് മനുഷ്യനെ പരമാവധി ബുദ്ധിമുട്ടിക്കുന്ന ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ട്. എസ്.ഐ അയ്യപ്പന്‍ ആ ഗണത്തില്‍ വരുന്ന ആളാണോ എന്നെനിക്ക് അറിയില്ലായിരുന്നു. എസ്.ഐയുടെ വാക്കുകള്‍ തള്ളാതെതന്നെ അല്പം ദീര്‍ഘമായി കാര്യങ്ങള്‍ ഞാന്‍ അയാളോട് വിശദീകരിച്ചു: ''നിങ്ങളാ കുടുംബത്തിന്റെ ഭാഗത്തുനിന്നും കൂടി ചിന്തിക്കണം. ഈ സംഭവം ആദ്യം മുതല്‍ കൈകാര്യം ചെയ്ത പൊലീസുദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഇതില്‍ തീരുമാനമെടുക്കാന്‍ അര്‍ഹന്‍ നിങ്ങളാണ്. മുന്‍വിധിയൊന്നും കൂടാതെ തുറന്ന മനസ്സോടെ കാണണം. തീരുമാനമെടുക്കേണ്ടത് വസ്തുതകളുടേയും തെളിവുകളുടേയും വെളിച്ചത്തിലായിരിക്കണം.'' ഇങ്ങനെ പോയി എന്റെ 'ഉദ്ബോധനം.' ''അങ്ങനെ ചെയ്യാം സാര്‍'' എന്നയാള്‍ മറുപടിയും പറഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞ് നേരത്തെ എന്നെ ബന്ധപ്പെട്ടിരുന്ന നേതാവിന്റെ റഫറന്‍സ് പറഞ്ഞ് മറ്റൊരു പൊതുപ്രവര്‍ത്തകന്‍ എന്നെ കണ്ടു. ''സാറിന്റെ വാക്കിന് എസ്.ഐ ഒരു വിലയും കല്പിക്കുന്നില്ല. അയാള്‍ പഴയ നിലപാടില്‍ത്തന്നെ നില്‍ക്കുകയാണ്.'' എന്നെ ചെറുതായി പ്രകോപിപ്പിച്ച് എസ്.ഐയ്ക്കെതിരെ തിരിക്കുന്ന രീതിയിലാണ് അദ്ദേഹം കൂടുതലും സംസാരിച്ചത്. ഇക്കാര്യത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശങ്കരന്‍കുട്ടിയുടെ കുടുംബത്തിന്റെ മാനസികാവസ്ഥകൂടി കണക്കിലെടുത്ത് വേഗം തീരുമാനിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് ഞാന്‍ വിശദീകരിച്ചു. ഏതായാലും, വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് നേരിട്ട് വസ്തുതകള്‍ വിശദമായി പരിശോധിക്കാമെന്ന് ഉറപ്പു നല്‍കി. നന്ദി പറഞ്ഞാണ് ഇറങ്ങിയതെങ്കിലും അദ്ദേഹം അത്ര തൃപ്തനല്ലായിരുന്നു എന്ന് എനിക്കു തോന്നി. ഉടനെ എസ്.ഐ അയ്യപ്പനെ ഫോണ്‍ ചെയ്ത് ഫയലുമായി ഓഫീസില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു.

കോണ്‍സ്റ്റബിളായി പൊലീസില്‍ ചേര്‍ന്ന് പ്രമോഷനിലൂടെ സര്‍വ്വീസിന്റെ അവസാനകാലം എസ്.ഐ ആയ നീണ്ടുമെലിഞ്ഞ ഒരു മനുഷ്യനായിരുന്നു ആ എസ്.ഐ. ''എന്തായാലും അജ്ഞാത മൃതദേഹത്തിന് ഒരുടമയെ കിട്ടിയതല്ലേ? നമ്മളെന്തിനാ തടസ്സം നില്‍ക്കുന്നത്?'' ഈ രീതിയിലാണ് എസ്.ഐയോട് വിഷയം ഉന്നയിച്ചത്. ''സാര്‍ അവര്‍ക്ക് ഞാനെങ്ങനെ എങ്കിലും ബോഡി വിട്ടുകൊടുക്കണം. എന്നാലത് അവര്‍ പറയുന്ന ശങ്കരന്‍കുട്ടിയാണോ എന്നൊന്നും അന്വേഷിക്കുന്നതില്‍ താല്പര്യം കാണുന്നില്ല.'' എസ്.ഐ പറഞ്ഞുതുടങ്ങി. ആദ്യം അവര്‍ ശങ്കരന്‍കുട്ടിയുടെ ഫോട്ടോ പോലും ഹാജരാക്കിയില്ല. ഞാന്‍ നിര്‍ബന്ധിച്ചപ്പോഴാണ് ഫോട്ടോ ഹാജരാക്കിയത്. എനിക്കാ ഫോട്ടോ കണ്ടിട്ട്  മരിച്ച ആളാണെന്ന് ഉറപ്പില്ല. ബോഡി കുറച്ചേറെ വീര്‍ത്തിരുന്നുവെന്നത് ശരിയാണ്. ഇങ്ങനെ പോയി എസ്.ഐയുടെ വാക്കുകള്‍. അയാള്‍ക്ക് വലിയ വാക്ചാതുരിയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, പറയുന്നത് സത്യസന്ധമായാണെന്ന് എനിക്കു തോന്നി. ഫയല്‍ വാങ്ങി നോക്കിയപ്പോള്‍ അജ്ഞാത മൃതദേഹത്തിന്റെ കുറെ ഫോട്ടോകള്‍ ഒരു കവറില്‍ മുഴച്ചുനിന്നിരുന്നു. ശങ്കരന്‍കുട്ടിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി താരതമ്യം ചെയ്തിട്ട് എനിക്ക് ഒരു നിഗമനത്തിലെത്താനായില്ല.

പെട്ടെന്നാണ് ഒരു ചോദ്യം മനസ്സിലുണര്‍ന്നത്. സാധാരണയായി ശങ്കരന്‍കുട്ടിയുടെ കുടുംബക്കാര്‍ക്ക്  അജ്ഞാത മൃതദേഹത്തിന്റെ ഫോട്ടോ കാണുമ്പോള്‍ അത് അയാളുടേതല്ലെങ്കില്‍ അഥവാ അക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്? താരതമ്യം ചെയ്യുമ്പോള്‍ സാമ്യമില്ലെങ്കില്‍ അവരെന്തിനു വാശിപിടിക്കണം? ശങ്കരന്‍കുട്ടി ജീവിച്ചിരിക്കാനാണ് സാദ്ധ്യത എന്ന അറിവല്ലേ ഭാര്യയും മക്കളും കാംക്ഷിക്കുക? ഫോട്ടോയിലെ വ്യത്യാസം മാത്രമല്ല, തന്റെ അന്വേഷണത്തില്‍ ശങ്കരന്‍കുട്ടി ശരാശരിയിലും അല്പമെങ്കിലും ഉയരം കുറഞ്ഞ ആളാണെന്നും എന്നാല്‍ അജ്ഞാത മൃതദേഹത്തിനു ശരാശരിയിലധികം നീളമുണ്ടെന്നും എസ്.ഐ പറഞ്ഞു. സാമാന്യം നല്ല നിലയില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയതായിരുന്നു ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. പലപ്പോഴും 'ചോദിക്കാനും പറയാനും' ആരുമില്ലാത്ത അനാഥപ്രേതങ്ങളുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വെറും ഒരു ചടങ്ങായി മാത്രമേ ചെയ്യാറുള്ളു. എസ്.ഐയുടെ നിലപാട് എന്തെങ്കിലും മുന്‍വിധിയുടെ അടിസ്ഥാനത്തിലോ മനപ്പൂര്‍വ്വം തടസ്സം സൃഷ്ടിക്കുന്നതിനോ ആയിരുന്നില്ലന്നെനിക്കു ബോധ്യപ്പെട്ടു. എങ്കിലും ഞാന്‍ ചോദിച്ചു: ''ഇക്കാര്യത്തില്‍ സ്വന്തം വീട്ടുകാരുടെ വികാരം നമ്മള്‍ മാനിക്കേേണ്ട?'' ''നമുക്കങ്ങ് വിട്ടുകൊടുത്താലോ?'' ''വിട്ടുകൊടുക്കാമായിരുന്നു സാര്‍, പക്ഷേ ഈ ശങ്കരന്‍കുട്ടി മരിച്ചുവെന്നതിന് എന്താണുറപ്പ്? അയാളെങ്ങാനും തിരിച്ചുവന്നാല്‍ ഞാന്‍ പുലിവാല് പിടിക്കില്ലേ സാര്‍!'' വലിയ വിദ്യാസമ്പന്നനൊന്നുമായിരുന്നില്ലെങ്കിലും ആ ഉദ്യോഗസ്ഥന്റെ ജാഗ്രത മികച്ചതായിരുന്നു. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം പ്രസക്തമായ മറ്റു തെളിവുകള്‍ പെട്ടെന്ന് ശേഖരിച്ച് മരണപ്പെട്ട വ്യക്തി ശങ്കരന്‍കുട്ടി ആണോ അല്ലയോ എന്ന് ഖണ്ഡിതമായി പറയാം എന്നു തീരുമാനിച്ചു. അയാളെക്കുറിച്ച് കോട്ടയത്തും മറ്റും കൂടുതല്‍ അന്വേഷിക്കാനും പ്രത്യേകിച്ച് അയാളെ കാണാതായതിന് എടുത്തിട്ടുള്ള 'man missing' കേസ് അന്വേഷണം എന്തായി എന്ന് കണ്ടുപിടിക്കാനും എസ്.ഐ അയ്യപ്പനെ ചുമതലപ്പെടുത്തി.

ശങ്കരന്‍കുട്ടിയെ കാണാതായിട്ട് മാസം ഒന്ന് കഴിഞ്ഞിരുന്നുവെങ്കിലും കോട്ടയം ജില്ലയില്‍ അക്കാര്യത്തിന് 'man missing' കേസ് പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. രജിസ്റ്റര്‍ ചെയ്യാതിരുന്നത് പൊലീസിന്റെ കുറ്റമൊന്നുമല്ല. കാരണം, ഇങ്ങനെ ഒരു സംഭവം അയാളുടെ വീട്ടുകാരോ നാട്ടുകാരോ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല എന്നതാണ് വസ്തുത. ഇതെന്നെ അത്ഭുതപ്പെടുത്തി. പക്ഷേ, നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരത്ഭുതവുമില്ലായിരുന്നു. കാരണം അവര്‍ക്ക് ശങ്കരന്‍കുട്ടിയെ അറിയാം, അയാളുടെ സ്വഭാവം അറിയാം. മദ്യത്തിനടിമയായി നിരുത്തരവാദപരമായ ജീവിതമായിരുന്നു അയാളുടേത്. മിക്കപ്പോഴും ഓഫീസില്‍ പോകാറില്ല, വീട്ടില്‍ വന്നാലായി, വന്നില്ലെങ്കിലായി. വീട്ടില്‍ വരുമ്പോഴൊക്കെ മദ്യപിച്ച് ലക്കുകെട്ട് ഭാര്യയേയും കുട്ടികളേയും അസഭ്യം പറയുകയും എന്തെങ്കിലും കുറ്റം പറഞ്ഞ് ഉപദ്രവിക്കുകയുമൊക്കെ പതിവായിരുന്നു. കിട്ടുന്ന ശമ്പളം മുഴുവന്‍ മദ്യത്തിനായി ചെലവഴിച്ചതുകൊണ്ട് അയാളുടെ ജോലികൊണ്ട് വീട്ടുകാര്‍ക്ക് പ്രയോജനമൊന്നുമില്ലായിരുന്നു. എന്നുമാത്രമല്ല, സത്യത്തില്‍ വീട്ടുകാര്‍ അയാളെക്കൊണ്ട് പൊറുതിമുട്ടിയിരുന്നു. ചിലപ്പോഴൊക്കെ ആഴ്ചകളോളം വീട്ടില്‍ വരാതെയിരുന്നിട്ടുമുണ്ട്. ഇതായിരുന്നു ആ മനുഷ്യന്‍.

ഇത്രയുമായപ്പോള്‍ ഞങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ഏതാണ്ട് വ്യക്തമായി. ജീവിച്ചിരുന്ന ശങ്കരന്‍കുട്ടിയെക്കൊണ്ട് വീട്ടുകാര്‍ക്ക് ഒരു പ്രയോജനവുമില്ലായിരുന്നു; വലിയ ഉപദ്രവമുണ്ടായിരുന്നുതാനും. എന്നാല്‍, മരണപ്പെട്ട ശങ്കരന്‍കുട്ടി അങ്ങനെയല്ല. ഉപദ്രവമില്ലാതായി എന്നതിനപ്പുറം കുടുംബ പെന്‍ഷന്‍, ആശ്രിത നിയമനം ഇങ്ങനെ ചില ഗുണങ്ങളുമുണ്ട്. അതാണ്, മരിച്ചുവെന്ന് പറയുന്ന ശങ്കരന്‍കുട്ടിക്കു വലിയ ഡിമാന്റ്. പക്ഷേ, അവിടെ ഒരു തടസ്സം. മരിച്ചുവെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് കൂടി ചെറുതായൊന്ന് സഹായിക്കണം. ഞങ്ങളതിനു തയ്യാറല്ലായിരുന്നു. എങ്ങാനും അയാള്‍ ജീവനോടെ പിന്നീട് എപ്പോഴെങ്കിലും പ്രത്യക്ഷപ്പെട്ടാലോ? പൊലീസിനെ സംബന്ധിച്ചിടത്തോളം അത് വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയായിരുന്നു. പൊലീസ് മറവുചെയ്ത മൃതദേഹം ആരുടേതാണെന്ന് വ്യക്തമായി തെളിയിക്കാന്‍ കഴിയാത്തിടത്തോളം കാലം കുടുംബത്തിന്റെ ആവശ്യത്തിന്മേലുള്ള സമ്മര്‍ദ്ദം ചെറുക്കുക ദുഷ്‌കരമായിരുന്നു.

ഈ അവസ്ഥയില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്ന ഒരു പുതിയ സംഭവമുണ്ടായി. അജ്ഞാത മൃതദേഹം തന്റെ ഭര്‍ത്താവിന്റേതാണെന്നും അത് എത്രയും പെട്ടെന്ന് പുറത്തെടുത്ത് തങ്ങളുടെ വീട്ടില്‍ കൊണ്ടുവന്ന് അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്നതിനും മറ്റും അവസരമുണ്ടാക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ഒരു പരാതി ശങ്കരന്‍കുട്ടിയുടെ ഭാര്യ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. എക്സിക്യൂട്ട് മജിസ്ട്രേറ്റും പൊലീസുമായിരുന്നു എതിര്‍കക്ഷികള്‍. കോടതിയില്‍ പൊലീസിന്റെ നിലപാട് ബോദ്ധ്യപ്പെടുത്താന്‍ നല്ല ശ്രമം നടത്തി. ഇന്‍ക്വസ്റ്റ് നടത്തിയ എസ്.ഐ ഒരു ശരിയായ കാര്യം ചെയ്തിരുന്നു. മൃതദേഹത്തിന്റെ രണ്ടു കൈപ്പത്തികളില്‍നിന്നും വിരലടയാളം (Finger Print) എടുത്തിരുന്നു. ഏറ്റവും ശാസ്ത്രീയമായ രീതിയൊന്നും അവലംബിച്ചായിരുന്നില്ല എസ്.ഐ അത് ചെയ്തത്. എന്നിരിക്കിലും ആ വിരലടയാളം മറ്റുള്ളവയുമായി താരതമ്യം ചെയ്യാന്‍ പര്യാപ്തമാണെന്നു വിദഗ്ദ്ധാഭിപ്രായം കിട്ടിയിരുന്നു. ശങ്കരന്‍കുട്ടിയുടേതെന്നു ബോദ്ധ്യമുള്ള വിരലടയാളം ഏതെങ്കിലും രേഖകളില്‍നിന്നും കിട്ടിയാല്‍ പ്രശ്നം പരിഹരിക്കാമായിരുന്നു. വിരലടയാളം കെണ്ടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് കേസ് ഹൈക്കോടതിയിലായത്. ശങ്കരന്‍കുട്ടിയുടെ വിരലടയാളം അയാള്‍ ജോലിചെയ്തിരുന്ന വകുപ്പിന്റെ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള സര്‍വ്വീസ് ബുക്കിലുണ്ടാകുമെന്ന് മനസ്സിലാക്കി എത്രയും പെട്ടെന്ന് അത് എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു പുതിയ സംഭവവികാസം. പരാതിക്കാരിയോട് വളരെയേറെ അനുകമ്പ പുലര്‍ത്തുന്ന സമീപനമായിരുന്നു കോടതിയുടേത്. ഗവണ്‍മെന്റ് പ്ലീഡര്‍ വളരെ നന്നായി വസ്തുതകള്‍ അവതരിപ്പിച്ച്, ഐഡന്റിറ്റി ബോദ്ധ്യപ്പെടാതെ മൃതദേഹം വിട്ടുകൊടുക്കുന്നത് ശരിയല്ലെന്ന് വാദിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. ഇക്കാര്യത്തില്‍ മരിച്ചയാളുടേതെന്ന് പറയുന്ന കുടുംബത്തെ എന്തിന് അവിശ്വസിക്കണം എന്ന കാഴ്ചപ്പാടാണ് കോടതിയെ മുഖ്യമായും സ്വാധീനിച്ചതെന്നു തോന്നുന്നു. പരാതിക്കാരിയുടെ അപേക്ഷ കോടതി അനുവദിച്ചു. മൃതദേഹം പുറത്തെടുത്ത് നിയമനടപടികള്‍ക്കുശേഷം പരാതിക്കാരിക്കു വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവായി. ഉത്തരവ് നടപ്പാക്കുന്നതിനു വളരെ അടുത്ത ഒരു തീയതിയും നിര്‍ദ്ദേശിച്ച് വ്യക്തമായ നിര്‍ദ്ദേശം എക്സിക്യൂട്ട് മജിസ്ട്രേറ്റിനു നല്‍കി.

ഹൈക്കോടതി ഉത്തരവ് പുറത്തുവന്ന അതേദിവസം തന്നെ ശങ്കരന്‍കുട്ടിയുടെ സര്‍വ്വീസ് ബുക്കും കിട്ടി. അതില്‍ അയാളുടെ വിരലടയാളം ഉണ്ടായിരുന്നു. ഉടന്‍ തന്നെ ഇന്‍ക്വസ്റ്റില്‍ എടുത്ത പ്രിന്റുമായി താരതമ്യം ചെയ്യാന്‍ ജില്ലാ ആസ്ഥാനത്തുണ്ടായിരുന്ന ഫിംഗര്‍ പ്രിന്റ് എക്സ്പെര്‍ട്ടിനെ ഏല്പിച്ചു. പ്രിന്റ് രണ്ടും ഒരാളുടേതായാല്‍ മതിയായിരുന്നു എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ഉടന്‍ തന്നെ ഫലം കിട്ടി. പക്ഷേ,  അത് മറിച്ചായിരുന്നു. സര്‍വ്വീസ് ബുക്കിലേയും ഇന്‍ക്വസ്റ്റിലെയും പ്രിന്റുകള്‍ പൊരുത്തപ്പെടുന്നില്ല. വിദഗ്ദ്ധാഭിപ്രായം സംശയാതീതവും സുവ്യക്തവുമായിരുന്നു.

ആ അജ്ഞാതന്‍ ശങ്കരന്‍കുട്ടിയല്ല എന്നതില്‍ നേരത്തെ ഞങ്ങള്‍ക്കുണ്ടായിരുന്നത് സംശയം മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് പൂര്‍ണ്ണ ബോദ്ധ്യമായി. പക്ഷേ, ഹൈക്കോടതിയില്‍നിന്നും അനുകൂല ഉത്തരവ് ലഭിച്ചതോടെ ഇക്കാര്യങ്ങളൊന്നും കേള്‍ക്കാന്‍ ശങ്കരന്‍കുട്ടിയുടെ കുടുംബമോ അവര്‍ക്കുവേണ്ടി ഇടപെട്ടുകൊണ്ടിരുന്ന രാഷ്ട്രീയനേതാക്കളോ തയ്യാറായിരുന്നില്ല. ഹൈക്കോടതി വിധിയുടെ വെളിച്ചത്തില്‍ തൊട്ടടുത്ത ദിവസം തന്നെ മൃതദേഹം പുറത്തെടുക്കാന്‍ തീരുമാനിച്ച് എക്സിക്യൂട്ട് മജിസ്ട്രേട്ട് ഉത്തരവിട്ട് കഴിഞ്ഞിരുന്നു. വീട്ടുകാരും അതിനുള്ള പൂര്‍ണ്ണ തയ്യാറെടുപ്പിലായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കി മറിച്ചൊരു ഉത്തരവിന്റെ സാദ്ധ്യത തേടാനും സാവകാശമുണ്ടായിരുന്നില്ല.

ജെയ്ജി പീറ്റർ
ജെയ്ജി പീറ്റർ

കോടതി തീരുമാനമല്ലേ അന്തിമം? കോടതിക്കും എക്സിക്യൂട്ട് മജിസ്ട്രേട്ടിനുമെല്ലാം തൃപ്തിവന്നെങ്കില്‍ പിന്നെ പൊലീസുദ്യോഗസ്ഥനായ ഞാനെന്തിനു ഉല്‍ക്കണ്ഠപ്പെടണം? ഈ അവസ്ഥയില്‍ പൊലീസുദ്യോഗസ്ഥന്റെ മനസ്സിനു സ്വയം ന്യായീകരിക്കാനും സമാധാനിക്കാനും ആവശ്യത്തിനു വകയുണ്ടായിരുന്നു. പക്ഷേ, നിയമത്തിന്റെ വഴി ഒട്ടും മനസ്സമാധാനം തന്നില്ല. സമാധാനം ഇല്ലാത്ത മനസ്സില്‍ പെട്ടെന്നൊരു ആശയമുദിച്ചു. ഇക്കാര്യത്തില്‍ പൊലീസിനു മാത്രമറിയാവുന്ന വസ്തുതള്‍ പൊതുമണ്ഡലത്തില്‍ വന്നാല്‍ അത് നീതിയുറപ്പാക്കാന്‍ സഹായകരമാകുമെന്നു തോന്നി. തോന്നല്‍ മാത്രം. ഉറപ്പുണ്ടായിരുന്നില്ല. ഉടന്‍തന്നെ ഞാന്‍ അവിടുത്തെ മനോരമ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ജെയ്ജി പീറ്ററെ ഫോണില്‍ വിളിച്ചു. ചുരുങ്ങിയ കാലത്തെ പരിചയമേ ഉണ്ടായിരുന്നുള്ളുവെങ്കിലും പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ആരോഗ്യകരമായ ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. ഞാനദ്ദേഹത്തോട് കാര്യങ്ങളെല്ലാം പറഞ്ഞു. വസ്തുതകള്‍ നാട്ടുകാരറിയുന്നതല്ലേ നല്ലത് എന്ന് അഭിപ്രായം ചോദിച്ചു. നിശ്ചയമായും ഇക്കാര്യം പുറത്തു പറയുന്നതാണ് നീതി ഉറപ്പാക്കാന്‍ നല്ലത് എന്ന് ജെയ്ജി പീറ്റര്‍ ശക്തിയായി പറഞ്ഞു. വെറും കൗതുകമുണര്‍ത്തുന്ന വാര്‍ത്ത സൃഷ്ടിക്കുന്നതിനപ്പുറം മൂല്യബോധമുള്ള പത്രപ്രവര്‍ത്തകനായിരുന്നു ആ ചെറുപ്പക്കാരന്‍. അല്പം ധൈര്യം കിട്ടിയപ്പോള്‍ ഞാനും സമ്മതിച്ചു. അനന്തരഫലം, തൊട്ടടുത്ത ദിവസത്തെ പത്രത്തില്‍ ഒന്നാം പേജില്‍ വെണ്ടക്ക അക്ഷരത്തില്‍ തലക്കെട്ട്. 'മരിച്ചത് ശങ്കരന്‍കുട്ടിയല്ലെന്ന് പൊലീസ്.' ചുവടെ ലളിതവും വ്യക്തവുമായ വിവരണം. ഒറ്റനോട്ടത്തില്‍ പൊലീസിനെ കുറ്റപ്പെടുത്തുന്നതുപോലെ തോന്നുമെങ്കിലും അജ്ഞാത മൃതദേഹം സംബന്ധിച്ച പ്രസക്തമായ എല്ലാ കാര്യങ്ങളും അതിലുണ്ടായിരുന്നു. വാര്‍ത്ത ഫലം കണ്ടുവെന്ന് തോന്നുന്നു. മൃതദേഹം പുറത്തെടുക്കാന്‍ എക്സിക്യൂട്ട് മജിസ്ട്രേറ്റും പൊലീസും കാത്തിരുന്നുവെങ്കിലും ആവശ്യക്കാര്‍ മുന്നോട്ടു വന്നില്ല. അവരും ആവശ്യത്തില്‍നിന്നും പൂര്‍ണ്ണമായി പിന്മാറി. ഏതാനും ദിവസം കഴിഞ്ഞ് ഇക്കാര്യത്തില്‍ ഇടപെട്ടിരുന്ന രാഷ്ട്രീയ നേതാവ് എന്നെ കണ്ടപ്പോള്‍ ഞാനീ കേസിന്റെ കാര്യം അന്വേഷിച്ചു. വാര്‍ത്ത പുറത്തുവന്നതോടെ ശങ്കരന്‍കുട്ടിയുടെ നാട്ടില്‍ അത് സജീവ ചര്‍ച്ചയായെന്നും അജ്ഞാത മൃതദേഹം മറ്റാരുടേതോ ആണെന്ന് പൊതു അഭിപ്രായം വന്നപ്പോള്‍ വീട്ടുകാരും പിന്മാറി എന്നും അദ്ദേഹം പറഞ്ഞു. വീണ്ടും രണ്ട് മാസത്തിനു ശേഷം അദ്ദേഹം എന്നെ ഫോണ്‍ ചെയ്തു. ''സാറെ കക്ഷി കോയമ്പത്തൂരുണ്ട്. നമ്മുടെ ഒരാള്‍ കണ്ടു.'' പേരിടാനറിയാത്ത വികാരത്തോടെ ഞാനതും കേട്ടു.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ചില വസ്തുതകള്‍ കൂടി പറയേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടില്‍ ചില കുടുംബങ്ങളിലെങ്കിലും ജീവിതം നരകതുല്യമാണ്. മദ്യം തന്നെയാണ് വില്ലന്‍. പരമ്പരാഗത സങ്കല്പത്തില്‍ 'കുടുംബനാഥന്‍' സ്ഥാനത്തുള്ള വ്യക്തി മദ്യപാനത്തിനടിമപ്പെട്ട് കുത്തഴിഞ്ഞ ജീവിതത്തിലേക്ക് പോയാല്‍ മറ്റുള്ളവര്‍ നിസ്സഹായരാകുന്നു. അവിടെ വലിപ്പചെറുപ്പമില്ല. പലപ്പോഴും താരതമ്യേന മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുള്ള വീടുകളിലാണ് ഈ അവസ്ഥ കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. അവിടെ ബാദ്ധ്യതയായി മാറിയ പുരുഷനു പകരം, സാധ്യമായ തൊഴില്‍ ചെയ്തു മുന്നോട്ട് പോകാന്‍ സ്ത്രീകള്‍ക്കു കഴിയാറില്ല. മനുഷ്യബന്ധങ്ങളുടെ മഹത്വത്തെക്കുറിച്ച് എന്തൊക്കെ പറഞ്ഞാലും അതൊക്കെ മറന്ന് മദ്യപാനം പോലുള്ള ഏതെങ്കിലും ആസക്തിയില്‍പ്പെട്ട് ബാദ്ധ്യതയാകുന്ന മനുഷ്യന്‍ എങ്ങിനെയെങ്കിലുമൊന്ന് മരിച്ചാല്‍ മതിയെന്ന് ബന്ധുക്കള്‍ തന്നെ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോകാം. പ്രിയപ്പെട്ടവരുടെ മരണം തീവ്രദുഃഖമാണ് എന്നത് പൊതു യാഥാര്‍ത്ഥ്യം. എന്നാല്‍ മരണം ചിലപ്പോഴെങ്കിലും പ്രിയപ്പെട്ടവര്‍ക്ക് അനുഗ്രഹവുമാണ്.

ഈ കേസില്‍ ആരംഭഘട്ടത്തില്‍ ശരിയാംവണ്ണം വിരലടയാളമുള്‍പ്പെടെ തെളിവുകള്‍ ശേഖരിക്കുകയും പിന്നീട് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിട്ടും വഴങ്ങാതെ ശരിയായ നിലപാട് എടുക്കാനും കഴിഞ്ഞ എസ്.ഐയുടെ നിലപാട് നിര്‍ണ്ണായകമായിരുന്നു. നാടന്‍ശൈലിയില്‍ പറയുന്ന smartness ഒന്നുമില്ലാതിരുന്ന റിട്ടയര്‍മെന്റിന്റെ വക്കത്തായിരുന്ന അദ്ദേഹത്തെക്കുറിച്ച് എനിക്ക് വലിയ മതിപ്പാണുണ്ടായത്. സങ്കീര്‍ണ്ണത നിറഞ്ഞ പല കാര്യങ്ങളിലും ശരിയായ തീരുമാനം എടുക്കാന്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന പല ഘട്ടങ്ങളും പൊലീസുദ്യോഗസ്ഥര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരും. അത്തരം ഘട്ടങ്ങളില്‍ സ്വതന്ത്രമായി ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ശരിയായ തീരുമാനം എടുക്കാന്‍ ഉതകുന്ന തൊഴില്‍ സംസ്‌കാരം പൊലീസില്‍ അത്യന്താപേക്ഷിതമാണ്. പ്രശ്‌നമുണ്ടാകുമ്പോള്‍ തീരുമാനമെടുക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ ആരുമുണ്ടാകില്ല. തീരുമാനം പ്രശ്‌നമായി മാറുകയാണെങ്കില്‍ കുറ്റപ്പെടുത്താന്‍ ധാരാളം പേരുണ്ടാകുകയും ചെയ്യും. പലപ്പോഴും ഇതാണവസ്ഥ. ഈ ഉപസംസ്‌കാരം പൊലീസില്‍ പ്രബലമാണ് ഇന്നും എന്നും.

നിഷ്പക്ഷമായി നിയമാനുസരണം വസ്തുതകള്‍ വിലയിരുത്തി തീരുമാനമെടുക്കുന്ന ഇടമാണല്ലോ കോടതി. അതുകൊണ്ടുതന്നെ കോടതി തീരുമാനം-അതും ഭരണഘടനാക്കോടതിയുടേത്- ശരിയായിരിക്കുമെന്ന് പൊതുവേ കരുതാവുന്നതാണ്. പക്ഷേ, എല്ലായ്പോഴും അങ്ങനെ ആയികൊള്ളണമെന്നില്ല എന്നതാണ് ഈ കേസിലെ അനുഭവം. ആത്യന്തികമായി ഒരു മനുഷ്യനും അപ്രമാദിത്വമില്ല. കോടതികളുടെ ചുമതല വഹിക്കുന്ന ജഡ്ജിമാര്‍ക്കും അത് ബാധകമാണ്. അതുകൊണ്ടുതന്നെ മാനുഷികമായ എല്ലാ പരിമിതികളും അവിടെയും പ്രതിഫലിക്കും. ഈ കേസില്‍ ഫലപ്രദമായ മാധ്യമ ഇടപെടല്‍കൊണ്ട് മാത്രമാണ് അവസാനം നീതി ഉറപ്പായത് എന്നാണ് എന്റെ വിശ്വാസം. അതിനു കാരണക്കാരനായ മനോരമയുടെ ലേഖകന്‍ എന്റെ സുഹൃത്ത് ജെയ്ജി പീറ്റര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. നന്നേ ചെറുപ്പത്തില്‍ത്തന്നെ വാഹനാപകടത്തില്‍ ആ ജീവന്‍ പൊലിഞ്ഞുപോയി. ആ സുഹൃത്തിനെ ഓര്‍ക്കുമ്പോള്‍ മൂല്യബോധത്തോടെ നീതിക്കുവേണ്ടി നിലകൊള്ളുന്ന പത്രപ്രവര്‍ത്തനം എല്ലാ വെല്ലുവിളികള്‍ക്കിടയിലും നിലനില്‍ക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com