ചാക്രിക ലേഖനം വലംവയ്ക്കുന്ന രാഷ്ട്രീയ സമസ്യകള്‍

പ്രപഞ്ചത്തിന്റെ വസ്തുവകകള്‍ക്ക് സാര്‍വ്വത്രികവും സാമൂഹ്യവുമായ ലക്ഷ്യമുണ്ട്. എല്ലാക്കാലത്തേക്കും സകല മനുഷ്യര്‍ക്കും വേണ്ടിയാണ് ഈ വസ്തുവകകള്‍; അതാണ് പ്രപഞ്ചത്തിന്റെ കേവലമായ സാമൂഹികമൂല്യം
ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ഫ്രാന്‍സിസ് മാര്‍പ്പാപ്പ

മ്പോളത്തിന്റെ നിയോ-ലിബറല്‍ വിശ്വാസം 'തെറ്റാവര'മുള്ളതല്ലെന്നും എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരമല്ലെന്നും അത് കൊറോണ വസന്തയുടെ പ്രതിസന്ധി തെളിയിച്ചിരിക്കുന്നു എന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചാക്രിക ലേഖനത്തില്‍ പറയുന്നു. 'എല്ലാം സഹോദരന്മാര്‍' എന്ന അദ്ദേഹത്തിന്റെ മൂന്നാമത്തെ ചാക്രിക ലേഖനം 2020 ഒക്ടോബര്‍ ആദ്യവാരത്തില്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ കബറിടത്തില്‍ വെച്ച് ഒപ്പുവച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രകാശനം ചെയ്തു. ഈ ചാക്രിക ലേഖനം എല്ലാ നല്ല മനസ്സുള്ളവര്‍ക്കും അഭിസംബോധന ചെയ്താണ് എഴുതിയിരിക്കുന്നത്. സൂര്യനേയും ചന്ദ്രനേയും വെള്ളത്തേയും അഗ്‌നിയേയും സഹോദരങ്ങളായി അഭിസംബോധന ചെയ്യുന്ന ഫ്രാന്‍സിസ് അസ്സീസി ആവസിച്ച വ്യക്തിയാണ് മാര്‍പ്പാപ്പ.

സെമിറ്റ് മതങ്ങളായ യഹൂദ, ക്രൈസ്തവ, ഇസ്ലാം മതങ്ങള്‍ മനുഷ്യവംശം ഒരേ മാതാപിതാക്കളില്‍നിന്നു ജനിക്കുന്നു എന്നു വിശ്വസിക്കുന്നു. വസുധൈവ കുടുംബകം എന്നതു ഇന്ത്യയുടേയും പാരമ്പര്യവിശ്വാസമാണ്. വിശ്വസാഹോദര്യത്തിന്റെ ഈ ചാക്രിക ലേഖനം മതങ്ങളും സമൂഹങ്ങളും മൗലികവാദ ചിന്തയില്‍ പ്രലോഭിതമാകുന്ന ഒരു കാലഘട്ടത്തെയാണ് അഭിസംബോധന ചെയ്യുന്നത്. രണ്ടാം കുരിശുയുദ്ധം പ്രസംഗിച്ച കെയര്‍വോയിലെ വി. ബര്‍നാര്‍ഡിന്റെ പാതയല്ല, ആ കുരിശുയുദ്ധ പശ്ചാത്തലത്തില്‍ നിയന്ത്രണരേഖ ലംഘിച്ച സുല്‍ത്താന്‍ മാലിക് അല്‍ കമാലിനെ ര ുവട്ടം സന്ദര്‍ശിച്ച് സൗഹൃദത്തിന്റെ അന്തരീക്ഷമു ാക്കിയ ഫ്രാന്‍സിസ് അസ്സീസിയുടെ മാര്‍ഗ്ഗമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഫ്രാന്‍സിസ് എന്ന പേര് ഒരു മാര്‍പ്പാപ്പ സ്വീകരിക്കുന്നത്. 2019 മാര്‍ച്ച് മാസം അബുദാബിയില്‍ വച്ച് 150 കോടി സുന്നി മുസ്ലിങ്ങളുടെ നേതാവായ ഈജിപ്റ്റിലെ ഗ്രാന്റ് ഇമാം അഹമ്മദ് അല്‍ തയ്യിബുമായി മാനവ സമാധാനത്തിനുവേണ്ടി മനുഷ്യ സാഹോദര്യത്തിന്റെ പ്രഖ്യാപനം സംയുക്തമായി നടത്തി. മുസ്ലിങ്ങളെ വെറുക്കാന്‍ പഠിപ്പിക്കുന്നവരുണ്ട്. എല്ലാവരും ബന്ധപ്പെട്ടവരാണ് എന്നതാണ് ചാക്രിക ലേഖനത്തിന്റെ സാരം. ഈ പാരസ്പര്യത്തിലാണ് കാലം ചെയ്ത കര്‍ഡിനല്‍ വര്‍ക്കിയെ സ്വാമി ഗുരുചരാനന്ദ കുംഭമേളയില്‍ പ്രസംഗിക്കാന്‍ 2006-ല്‍ ക്ഷണിച്ചതും കാര്‍ഡിനല്‍ സ്‌നേഹപൂര്‍വ്വം അതു നിര്‍വ്വഹിച്ചതും. ഈ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കമ്പോള മുതലാളിത്തത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്. കമ്യൂണിസത്തിന്റെ പതനപശ്ചാത്തലത്തില്‍ ഇനി ലോകത്തിനുള്ള സാമ്പത്തിക സാമൂഹിക മാതൃക ലിബറല്‍ ജനാധിപത്യത്തിന്റെ കമ്പോള കാപ്പിറ്റലിസം മാത്രമാണോ എന്ന ചോദ്യം ഉന്നയിച്ചത് 1993 മേയ് മാസത്തില്‍ ജോണ്‍ പോള്‍ മാര്‍പ്പാപ്പ 'നൂറാം വര്‍ഷം' എന്ന ചാക്രിക ലേഖനത്തിലാണ്. രാജ്യത്തിന്റെ നിയമങ്ങളാല്‍ നിയന്ത്രിതമാണെങ്കില്‍ ലോകത്തിന്റെ വഴി കമ്പോളമാതൃകയാണ് എന്നാണ് മാര്‍പ്പാപ്പ സ്വീകരിച്ച നയം. എന്നാല്‍, ഇതല്ല ഫ്രാന്‍സിസ് മാര്‍പ്പാപ്പ കമ്പോള കാപ്പിറ്റലിസത്തെക്കുറിച്ചു പറയുന്നത്. ഉല്പാദനത്തിന്റെ സ്വതന്ത്ര സര്‍ഗ്ഗാത്മകമായ ഒരു സാമ്പത്തിക നയം മാത്രമല്ല, ഇപ്പോള്‍ പാശ്ചാത്യനാടുകളില്‍ നിലകൊള്ളുന്നത്. അതിനെ മാര്‍പ്പാപ്പ കമ്പോളത്തിന്റെ അന്ധമായ വിശ്വാസ പ്രത്യയശാസ്ത്രമെന്നും ഏകവര്‍ണ്ണാധിപത്യമെന്നും വിശേഷിപ്പിക്കുന്നു. കമ്പോള സാമ്പത്തിക വ്യവസ്ഥിതി രാജ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങളുടേയും പരിഹാരമായ അറിവാണ്. ഈ അറിവിന്റെ വിജ്ഞാനീയത്തിലാണ് പുതിയ ലോകക്രമം ഉണ്ടായിരിക്കുന്നത്. ഈ അറിവിന്റെ മണ്ഡലമാണ് എല്ലാറ്റിനേയും അപനിര്‍മ്മിക്കുന്നത് അഥവാ ഉടച്ചുവാര്‍ക്കുന്നത്. വ്യക്തിയുടെ സ്വകാര്യ താല്പര്യത്തിന്റെ കമ്പോളത്തിന്റെ ആന്തരിക യുക്തിയനുസരിച്ച് അതു മുന്നോട്ടുപോകുന്നു. അതിനെ പുറമേനിന്നു നിയന്ത്രിക്കാന്‍ പാടില്ല. അതാണ് മറ്റ് എല്ലാ മണ്ഡലങ്ങളേയും നിയന്ത്രിക്കേണ്ടതും നിര്‍വ്വചിക്കേണ്ടതും. ഇവിടെ ഏറെ പ്രധാനമാകുന്നതു പരിധിയില്ലാത്ത സ്വകാര്യ സ്വത്തിനുള്ള അവകാശമാണ്. ഇവിടെ ഏറെ ശ്രദ്ധേയമായത് ക്രൈസ്തവ പാരമ്പര്യം സ്വകാര്യ സ്വത്തവകാശം കേവലമോ നിഷേധിക്കാനാവാത്തതോ എന്നു പറഞ്ഞിട്ടില്ല.

സാര്‍വത്രികമാകേ സാമൂഹ്യലക്ഷ്യം

പ്രപഞ്ചത്തിന്റെ വസ്തുവകകള്‍ക്ക് സാര്‍വ്വത്രികവും സാമൂഹ്യവുമായ ലക്ഷ്യമുണ്ട്. എല്ലാക്കാലത്തേക്കും സകല മനുഷ്യര്‍ക്കും വേണ്ടിയാണ് ഈ വസ്തുവകകള്‍; അതാണ് പ്രപഞ്ചത്തിന്റെ കേവലമായ സാമൂഹികമൂല്യം. സ്വകാര്യ സ്വത്തവകാശം രണ്ടാംതരം സ്വാഭാവിക അവകാശമാണ്. ഇതു സാര്‍വ്വത്രികമായ സാമൂഹ്യ ലക്ഷ്യത്തില്‍നിന്നു ഉരുത്തിരിയുന്നതാണ്. അതുകൊണ്ട് മാര്‍പ്പാപ്പ ''വൈവിധ്യങ്ങളെ ഉണ്ടാക്കുന്ന വ്യാപാര സര്‍ഗ്ഗാത്മകത''യെ അനുകൂലിക്കുന്നു.

കമ്പോള വ്യവസ്ഥിതി സമ്പത്ത് ഉല്പാദനത്തിന്റെ ഒരു രൂപം മാത്രമല്ല. മറിച്ച് അതു മാത്രമാണ് രാഷ്ട്രീയ അറിവിന്റെ ഏകമാര്‍ഗ്ഗം. പുരോഗതിയുടെ ഏക ശാസ്ത്രീയ മാര്‍ഗ്ഗമായി കമ്പോള കാപ്പിറ്റലിസം മാറ്റപ്പെട്ടിരിക്കുന്നു. അതുണ്ടാക്കുന്ന മൂന്നു ലോകങ്ങളില്‍ യൂറോപ്പാണ് പ്രഥമം. അതാണ് മറ്റു രാജ്യങ്ങള്‍ക്കു പുരോഗതിയുടേയും വികസനത്തിന്റേയും മാതൃക. അതാണ് ഭരണത്തിന്റെ വ്യാകരണം. ഉന്നതമായ ഈ അറിവിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ബന്ധങ്ങളും പുനര്‍നിര്‍വ്വചിക്കേണ്ടതും എല്ലാ പ്രശ്‌നങ്ങളും പരിഗണിക്കേണ്ടതും. രാഷ്ട്രത്തിന്റെ നിയന്ത്രണങ്ങളും രാഷ്ട്രീയവും നിശ്ചയിക്കുന്നതും ഈ കമ്പോളത്തിന്റെ അടിസ്ഥാനത്തിലാണ്. രാഷ്ട്രീയ കേളിയുടെ നിയമങ്ങള്‍ കമ്പോളം നിശ്ചയിക്കുന്നു. ജനക്ഷേമം എന്ന രാഷ്ട്രീയ ലക്ഷ്യം നിറവേറ്റേ  ഉത്തരവാദിത്വം കമ്പോളത്തിന്റെ വ്യക്തികളിലേക്കും സംഘങ്ങളിലേക്കും സമൂഹത്തിലേക്കും മാറുന്നു. രാഷ്ട്രീയമല്ല കമ്പോളം നിര്‍ണ്ണയിക്കുന്നത്, കമ്പോളമാണ് രാഷ്ട്രീയം ഉണ്ടാക്കുന്നത്. ഈ നിയോ ലിബറലിസമാണ് നമ്മുടെ ചിന്തയേയും വികാരങ്ങളേയും പ്രവൃത്തികളേയും രൂപീകരിക്കുന്നത്. ഇതനുസരിച്ച് ഭരിക്കുന്ന സര്‍ക്കാര്‍ പല ഉത്തരവാദിത്വങ്ങളില്‍നിന്നും ഒഴിവാക്കപ്പെടുന്നു. കാരണം എല്ലാ കമ്പോളത്തിന്റെ നിയന്ത്രണത്തിലാകണം. കമ്പോളത്തെ നിയന്ത്രിക്കേണ്ടതു സര്‍ക്കാരല്ല, ആഗോള കമ്പോള സ്ഥാപനങ്ങളും ലോകബാങ്കും ലോക കമ്പോള ചിന്തകരും ഒന്നാം ലോകത്തിന്റെ കമ്പോള ജീവിത ശൈലിയുടെ പ്രായോഗിക മാതൃകയുമായിരിക്കും.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ഈ വിധത്തില്‍ ഒന്നാം ലോകം മാതൃകയാകുന്നതു ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും കഴിവുറ്റതും ജനാധിപത്യപരവും സ്വതന്ത്രവുമായ പ്രായോഗികതയുടെ അടിസ്ഥാനത്തിലാണ്. ഈ ആഗോളക്രമം ഒരു മതത്തിന്റേയും പ്രത്യയശാസ്ത്രത്തിന്റേയും വരുതിയിലല്ല. ഇതുണ്ടാക്കുന്നത് ഒരു സാമ്പത്തിക മോണിസമാണ്. ഈ ഏകമാതൃക എന്നതു പുതിയ കോളനിവല്‍ക്കരണമാകും. മാത്രമല്ല, വ്യത്യസ്തമായ മതസംസ്‌കാരങ്ങളുടെ ദേശീയവും ഭിന്നവുമായ രൂപങ്ങള്‍ തൂത്തുമാറ്റപ്പെടും. ഈ തൂത്തുമാറ്റലില്‍ രാജ്യങ്ങളില്‍നിന്നും സമൂഹങ്ങളില്‍നിന്നും ഇല്ലാതാക്കുന്നത് രാഷ്ട്രീയമാണ്.
സാമ്പത്തികശാസ്ത്രം രാഷ്ട്രീയത്തെ രാജ്യത്തിനു പുറത്താക്കുന്നു. ''രാഷ്ട്രീയം വൃത്തികെട്ട വാക്കാകുന്നു.'' കാരണം തെറ്റുകള്‍, അഴിമതി, കഴിവില്ലായ്മ തുടങ്ങിയവയുടെ അരങ്ങായി രാഷ്ട്രീയം മാറുന്നു. രാഷ്ട്രീയത്തെ നാറ്റിച്ച് എല്ലാം സാമ്പത്തിക വിദഗ്ദ്ധര്‍ ഏറ്റെടുക്കുന്നു. ഇവിടെ മാര്‍പ്പാപ്പ ഉന്നയിക്കുന്ന സാമ്പത്തിക സമാധാനം, സാഹോദര്യം സാമൂഹിക വികസനം, പുരോഗതി എന്നിവയ്ക്കു രാഷ്ട്രീയം വേണോ എന്നതാണ്.
''രാഷ്ട്രീയം സാമ്പത്തികശാസ്ത്രത്തിനു വിധേയമാകരുത്'' - ഫ്രാന്‍സിസ് മാര്‍പ്പാപ്പ എഴുതി. മാത്രമല്ല, സാമ്പത്തിക കാര്യങ്ങള്‍ കാര്യശേഷിയില്‍ നടക്കുന്നു എന്നതു ''സാങ്കേതികവിദ്യയുടെ കല്പനകള്‍ക്കും വിധേയമാകരുത്.'' ആരോഗ്യപരമായ രാഷ്ട്രീയം സ്ഥാപനങ്ങളെ നവീകരിക്കാനും പരസ്പരം സഹകരിപ്പിക്കാനും അധിക സമ്മര്‍ദ്ദത്തിന്റെ ഉദ്യോഗസ്ഥ അനാസ്ഥ തുടങ്ങിയവ അതിജീവിക്കാനും ഇടയാക്കുന്നു. ഏറ്റവും നല്ല ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാനും കഴിവുറ്റതാണ് രാഷ്ട്രീയം എന്ന് മാര്‍പ്പാപ്പ എഴുതി.

വ്യാജവിഗ്രഹങ്ങളില്‍ നിന്നും വിമോചനം

പരസ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ സരണിയാണ് രാഷ്ട്രീയത്തിന്റേത്. സാമൂഹികമായി പരസ്‌നേഹം പൊതുനന്മയെ സ്‌നേഹിക്കുന്നു. നല്ല മനസ്സുള്ളവരെ അന്വേഷിക്കാനും വെറും സ്വകാര്യ വ്യക്തികള്‍ എന്നതിലുപരി സമൂഹത്തിന്റെ പാരസ്പര്യത്തില്‍ സന്ധിക്കുന്നവരുമാക്കാനും രാഷ്ട്രീയത്തിന് കഴിയും. മനുഷ്യന്റെ മഹത്വം സംരക്ഷിക്കപ്പെടുകയും വളര്‍ത്തുകയും ചെയ്യും. ടണ്‍ കണക്കിനു ആഹാരം വലിച്ചെറിയുന്ന ലോകത്തില്‍ വിശപ്പു കുറ്റകൃത്യമാക്കാനും ആഹാരം നിഷേധിക്കാനാവാത്ത അവകാശമാക്കാനും രാഷ്ട്രീയത്തിനു കഴിയും. സമൂഹത്തിനു പ്രസക്തിയും പ്രാധാന്യവുമുണ്ടാകാന്‍ തടസ്സമാകുന്ന പ്രതിസന്ധികളെ എങ്ങനെ മനസ്സിലാക്കണം എന്ന ചോദ്യത്തില്‍നിന്നാണ് രാഷ്ട്രീയം ഉണ്ടാകുന്നത്. സമൂഹത്തെ വ്യാജവിഗ്രഹങ്ങളില്‍നിന്നു വിമോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് രാഷ്ട്രീയമായി മാറുന്നത്. സമൂഹം എങ്ങനെ പണിയണം എന്ന ചോദ്യം പാഠ്യവിഷയമാക്കാനാവാത്ത ലോകം ഉണ്ടാക്കപ്പെടുന്നു.

സാമ്പത്തിക പുരോഗതിക്ക് ഒരു മാതൃക മാത്രമായിരിക്കരുത്. പല മാതൃകകള്‍ ഏതു നാട്ടിലുമുണ്ടാകും. അതിനു കഴിയുന്ന 'സാമൂഹ്യ കവി'കള്‍ (Social poets) എന്നു മാര്‍പ്പാപ്പ വിളിക്കുന്ന സംരംഭകര്‍ ദശലക്ഷക്കണക്കിനു പരസ്പര ബന്ധുക്കളുടെ ചെറുതും വലുതുമായ കാവ്യലോകങ്ങള്‍ കവനം ചെയ്യുന്ന പുതിയ നയരൂപീകരണ വികസന മാതൃകകള്‍ ഉണ്ടാക്കാന്‍ കഴിയുന്നവരാണ്. ജനാധിപത്യം വരണ്ട് ഉണങ്ങിപ്പോകാതെ മനുഷ്യന്റെ അഭിമാനത്തിനും അവകാശത്തിനും വേണ്ടിയുള്ള സമരപരിപാടികള്‍ ഇല്ലാതാക്കുന്ന സാമ്പത്തിക വളര്‍ച്ചയല്ല ഇവിടെ ലക്ഷ്യമാക്കേണ്ടത്. സാമ്പത്തിക വ്യവസ്ഥിതി അതിന്റെതന്നെ അതിജീവനത്തിനു സാമ്പത്തിക സന്തുലിതാവസ്ഥ ലോകത്തില്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. മനുഷ്യകുടുംബത്തിന്റെ വികാസം, പുരോഗതി എന്ന കാഴ്ചപ്പാട് ഭ്രാന്തമായി തോന്നാം. പക്ഷേ, നാം ചരിത്രത്തിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ പരിഹരിക്കുന്നതു ഭീകരമായ ആക്രമണത്തിലാണ്. സമൂഹങ്ങള്‍ കൂടുതല്‍ കൂടുതല്‍ ആഗോളവല്‍ക്കരിക്കപ്പെടുന്നു, ഈ സമൂഹങ്ങള്‍ അയല്‍ക്കാരായി മാറുന്നു. പക്ഷേ, സഹോദരങ്ങളാകുന്നില്ല. നാം നിരന്തരം അഴിച്ചുപണിയുകയാണ്; നിരന്തരം മനുഷ്യന്റെ വേരുകള്‍ പറിക്കുന്നു. പക്ഷേ, പഴമയുടെ പാഠങ്ങളോ സംസ്‌കാരത്തിന്റെ മൂല്യങ്ങളോ പരിഗണിച്ചല്ല അഴിച്ചുപണികള്‍. അതു പാശ്ചാത്യ സംസ്‌കാരത്തിന്റെ അധിനിവേശമായി മാറുന്നു. അഴിച്ചുപണി എല്ലാ വ്യത്യാസങ്ങളും ഇല്ലാതാക്കി സമൂഹങ്ങളെ ഷണ്ഡീകരിക്കുന്നതായി മാറുന്നു. എല്ലാം ഏകീകരിച്ചു നാം പരസ്പരം അകറ്റുകയാണ്. എല്ലാവരേയും നിരന്തരം പറിച്ചുമാറ്റി നാം ഗണിത ശാസ്ത്ര ഏകീകരണത്തിന്റെ ആഗോളീകരണത്തില്‍ ഏകാന്തമായി മാറ്റുന്നു. ഇതു കമ്പോളത്തിന്റെ മനുഷ്യത്വം മരവിച്ച ഭൗതികവാദത്തിന്റെ കോളനികളാക്കുകയാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചോദിക്കുന്നു, ''പ്രകാശവര്‍ഷങ്ങളുടെ അകലത്തിലുള്ള ഗൃഹങ്ങള്‍ കണ്ടെത്തുന്നതു നമുക്കു ചുറ്റും വലംവയ്ക്കുന്ന സഹോദരീസഹോദരന്മാരെ കണ്ടെത്തുന്നതിനെക്കാള്‍ എത്രമാത്രം അത്ഭുതാവഹമാണ്!'' ഈ സഹോദരങ്ങളുടെ പ്രശ്‌നങ്ങളുടെ രാഷ്ട്രീയം നാം ഈ നാടിനു പുറത്താക്കിയോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com