'പക്ഷേ, ഇപ്പോഴും അപ്രമാദിത്വം കിട്ടുന്നത് ഇടവേള ബാബുവിന്റെ ശബ്ദത്തിനും ആണധികാര സമൂഹത്തിനുമാണ്'

ചലച്ചിത്രമേഖലയില്‍ ഒരു ബദല്‍ സാധ്യതയുണ്ടായിട്ടും അതിനെ വളര്‍ത്തുന്നതില്‍ സാംസ്‌കാരിക കേരളം പരാജയപ്പെട്ടുവെന്നതാണ് ഡബ്ല്യു.സി.സിയുടെ രൂപീകരണത്തിന് മൂന്നു വര്‍ഷത്തിനുശേഷവും പ്രകടമാകുന്ന യാഥാര്‍ത്ഥ്യം
'പക്ഷേ, ഇപ്പോഴും അപ്രമാദിത്വം കിട്ടുന്നത് ഇടവേള ബാബുവിന്റെ ശബ്ദത്തിനും ആണധികാര സമൂഹത്തിനുമാണ്'

ലയാള സിനിമയിലേയും സമൂഹത്തിലേയും പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്ത് ഡബ്ല്യു.സി.സി വലിയ മുന്നേറ്റമുണ്ടാക്കിയിട്ട് മൂന്നു കൊല്ലം പൂര്‍ത്തിയാക്കുന്നു. എന്നാല്‍, ഇപ്പോഴും അപ്രമാദിത്യം കിട്ടുന്നത് ഇടവേള ബാബുവിന്റെ ശബ്ദത്തിനും ആ ശബ്ദം പ്രതിനിധീകരിക്കുന്ന ആണധികാര സമൂഹത്തിനുമാണ്. അതിനുള്ള ഉത്തരവാദികള്‍ അതേ മനോഭാവം വച്ചുപുലര്‍ത്തുന്ന പൊതുസമൂഹം കൂടിയാണ്.  

സമീപകാല ചരിത്രത്തില്‍, കുടുംബവും തൊഴിലിടവും മതസ്ഥാപനങ്ങളും തുടങ്ങി ആണ്‍കോയ്മയുടെ എല്ലാ മേഖലകളിലും നവോത്ഥാനത്തിന്റെ രാഷ്ട്രീയ സ്വഭാവമുള്ള സ്ത്രീമുന്നേറ്റം ദൃശ്യമായിരുന്നു. ആണ്‍കോയ്മയ്ക്കും അനീതിക്കുമെതിരായ അടിച്ചമര്‍ത്തപ്പെട്ടവരുടേയും മുറിവേറ്റവരുടേയും പോരാട്ടമുണ്ടായി. എന്നാല്‍, സാഹചര്യങ്ങളില്‍ രൂപപ്പെട്ട മാനവിക വിരുദ്ധതകളെ തിരുത്തിയും നവീകരിച്ചും മുന്നേറാനുള്ള മനുഷ്യസമൂഹത്തിന്റെ സാധാരണ ത്വര ഇവിടെ ദൃശ്യമായില്ല. മറിച്ച്, അടിച്ചമര്‍ത്തപ്പെട്ടവര്‍ നടത്തിയ ചെറുത്തുനില്‍പ്പുകളെ ഹീനമായ രീതിയില്‍ അക്രമിക്കാനാണ് പുരുഷ കേന്ദ്രീകൃത അധികാര വ്യവസ്ഥകള്‍ ശ്രമിച്ചത്.

മലയാള സിനിമയിലും ഇതുതന്നെയാണ് സംഭവിച്ചത്. സിനിമാലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത സമരമുറകളായിരുന്നു  ഒരു കൂട്ടം സ്ത്രീകളുടെ ഭാഗത്തുനിന്നുമുണ്ടായത്. ഇടവേള ബാബുവിനോ ദിലീപിനോ എതിരായ പോരാട്ടം മാത്രമായിരുന്നില്ല പാര്‍വതിയും സഹയാത്രികരും ഇക്കാലമത്രയും നടത്തിയത്. തുല്യ ഇടവും അവസരങ്ങളും ലക്ഷ്യമാക്കി രൂപീകരിക്കപ്പെട്ട ബദലിനു  സാധ്യതകളുണ്ടായിട്ടും മലയാള സിനിമയിലെ മറ്റ് നടിമാരോ സാമൂഹ്യ മൂലധനം കൈവശമുള്ള സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരോ അവരെ പിന്തുണച്ച് മുന്നോട്ടു വന്നില്ല. ധൈര്യമില്ലാത്തതുകൊണ്ടോ കരിയറിസ്റ്റുകളോ ആയതുകൊണ്ടാകാം ഇത്. മൂന്നു വര്‍ഷത്തിനിടയില്‍ ഡബ്ല്യു.സി.സിയോടൊപ്പം നിന്ന ചിലരാകട്ടെ, അതിനെ തള്ളിപ്പറഞ്ഞ് എതിര്‍ ചേരിയിലെത്തി. മലയാള ചലച്ചിത്രമേഖലയില്‍ ഒരു ബദല്‍ സാധ്യതയുണ്ടായിട്ടും അതിനെ വളര്‍ത്തുന്നതില്‍ സാംസ്‌കാരിക കേരളം പരാജയപ്പെട്ടുവെന്നതാണ്  ഈ മൂന്നു വര്‍ഷത്തിനുശേഷവും പ്രകടമാകുന്ന യാഥാര്‍ത്ഥ്യം.

എറണാകുളം പ്രസ് ക്ലബില്‍ ഡബ്ല്യുസിസി വിളിച്ച ചേര്‍ത്ത പത്ര സമ്മേളനത്തില്‍ പത്മപ്രിയ, പാര്‍വതി, രേവതി എന്നിവര്‍
എറണാകുളം പ്രസ് ക്ലബില്‍ ഡബ്ല്യുസിസി വിളിച്ച ചേര്‍ത്ത പത്ര സമ്മേളനത്തില്‍ പത്മപ്രിയ, പാര്‍വതി, രേവതി എന്നിവര്‍

സംഭവബഹുലമായ മാറ്റങ്ങള്‍

മലയാള സിനിമയിലും കേരള രാഷ്ട്രീയത്തിലും സംഭവബഹുലമായിരുന്നു  ഡബ്ല്യു.സി.സി പിറവിയെടുത്ത 2017. കന്യാസ്ത്രീകളുടെ സമരം, ശബരിമല യുവതീപ്രവേശന വിധി എന്നിവയ്‌ക്കൊപ്പം ഡബ്ല്യു.സി.സിയും അന്ന് വാര്‍ത്തകളില്‍ നിറഞ്ഞു. ലിംഗനീതിക്ക് വേണ്ടിയുള്ള പോരാട്ടം  'മീടൂ'വിന്റെ പേരില്‍ ലോകമെമ്പാടും   ഉയര്‍ന്നപ്പോള്‍ മലയാള സിനിമയിലും അതിന്റെ അനുരണനങ്ങളുണ്ടായി. അതിനുമുന്‍പുതന്നെ മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ വന്നിരുന്നു. അതിക്രമങ്ങളുടെ വെളിപ്പെടുത്തലുകള്‍ അതിന്റെ മാനവികമായ അര്‍ത്ഥത്തില്‍ ആധിപത്യവും ചൂഷണവും ഹിംസയുമാണെന്നു മനസ്സിലാക്കാന്‍ പൊതുസമൂഹത്തിന് കഴിയുകയും ചെയ്തു. അതിനൊപ്പമാണ് മലയാള സിനിമയിലെ ആണധികാര ധാര്‍ഷ്ട്യങ്ങളെ ചോദ്യം ചെയ്തുകൊണ്ടും തുല്യനീതി ആവശ്യപ്പെട്ടുകൊണ്ടും വിമന്‍ ഇന്‍ സിനിമ കളക്ടീവ് വരുന്നത്. 
2017 ഫെബ്രുവരി 19-നാണ് പ്രമുഖ നടി കൊച്ചിയില്‍ അതിക്രൂരമായ ആക്രമണത്തിനിരയാവുന്നത്. സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. സംഭവമുണ്ടായി രണ്ട് ദിവസത്തിനകം തന്നെ താരസംഘടനയായ 'A.M.M.A' യോഗം ചേര്‍ന്ന് സഹപ്രവര്‍ത്തക നേരിട്ട അക്രമത്തില്‍ 'ഞെട്ടല്‍' രേഖപ്പെടുത്തി. എന്നാല്‍, പിന്നീടങ്ങോട്ട് സംഘടനയുടെ ഇരട്ടത്താപ്പ് വ്യക്തമാകുകയായിരുന്നു.   'A.M.M.A'-യിലെ ആണധികാര കേന്ദ്രങ്ങളില്‍നിന്ന് ഒരു പ്രഖ്യാപനമുണ്ട ായി: ''രാത്രി നടിമാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ട .'' പറയുന്നതും ചര്‍ച്ചചെയ്യുന്നതും തൊഴിലെടുക്കുന്ന സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായിരുന്നു. പക്ഷേ, തീരുമാനിച്ചത് രക്ഷാകര്‍ത്തൃത്വം ഏറ്റെടുത്ത ഒരുകൂട്ടം പുരുഷന്‍മാരും.  A.M.M.Aയില്‍ 50 ശതമാനം സ്ത്രീകളാണെന്ന് പ്രസംഗിക്കുന്നവര്‍ സ്ത്രീകളുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ചുരുങ്ങിയത് ആ മേഖലയിലെ ഒന്നോ രണ്ടോ സ്ത്രീകളോടെങ്കിലും ചര്‍ച്ച ചെയ്തതിനു ശേഷം വേണമെന്ന സാമാന്യ മര്യാദപോലും കാണിച്ചില്ല.
 
അരക്ഷിതമായ സാഹചര്യങ്ങളില്‍ രാവും പകലുമെന്നില്ലാതെ ജോലിചെയ്യുന്ന സ്ത്രീകളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ ആ തീരുമാനത്തിനു മുന്‍പോ പിന്‍പോ അവര്‍ക്കിടയില്‍ ചോദ്യമായിരുന്നില്ല. താരസംഘടനയുടെ ആ 'രക്ഷാകര്‍ത്തൃ' നിലപാടില്‍നിന്നാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍ തൊഴിലിടത്തില്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ചോദ്യമായി ഉയര്‍ത്തിക്കൊണ്ടു വരാനും അതിനു പരിഹാരം കാണാനുമായി ഒരു കൂട്ടം സ്ത്രീകള്‍ ഒന്നിച്ച് നില്‍ക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് ഇന്ത്യയില്‍ത്തന്നെ ആദ്യമായി വനിതാ സിനിമാപ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മ എന്ന ആശയം രൂപപ്പെടുന്നതും. വിപ്ലവകരമെന്നു വിശേഷിപ്പിക്കാവുന്ന 'വിമന്‍ ഇന്‍ സിനിമാ കളക്ടീവ്' ഉണ്ടായതങ്ങനെയായിരുന്നു.
 
വനിതാ അഭിനേതാക്കളും സംവിധായകരും സാങ്കേതിക വിദഗ്ദ്ധരും ഗായകരുമുള്‍പ്പെടെ 18 പേര്‍ ചേര്‍ന്ന് തുടങ്ങിയ സംഘടന രൂപീകരിച്ചയുടന്‍, മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടു. നടന്‍മാരേക്കാള്‍ കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യേണ്ട അവസ്ഥ, വനിതകളോടുള്ള വേര്‍തിരിവ്, എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം ഉന്നയിക്കപ്പെട്ടു. കാസ്റ്റിങ് കൗച്ച് ഉള്‍പ്പെടെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സിനിമാ മേഖലയില്‍ തൊഴിലിടത്തിലെ ലൈംഗിക അതിക്രമങ്ങളെ വിശദീകരിക്കുന്ന വിശാഖ ഗൈഡ്ലൈന്‍ പലപ്പോഴും പര്യാപ്തമല്ലെന്നും അത്തരം പ്രശ്നങ്ങളെ നിയമപരമായി ചോദ്യം ചെയ്യാനുള്ള മാര്‍ഗരേഖകളൊന്നും തന്നെയില്ലെന്നും ഡബ്ല്യു.സി.സി പ്രശ്നമായി ഉന്നയിച്ചു. ഒരു മാസത്തിനുള്ളില്‍ സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇന്ത്യയില്‍, ഒരുപക്ഷേ, ലോകത്തില്‍ത്തന്നെ ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍, സിനിമാ മേഖലയിലെ സ്ത്രീകളുടെ സാഹചര്യങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിഷനെ നിയോഗിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഇതായിരുന്നു ഡബ്ല്യു.സി.സി എന്ന സംഘടനയുടെ ആദ്യ വിജയവും. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ 'അവള്‍ക്കൊപ്പം' എന്ന ഹാഷ്ടാഗില്‍ നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ ഡബ്ല്യു.സി.സിയാണ് ഒരു പരിധിവരെ കേസിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്കുവഹിച്ചത്. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ അമ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ മഞ്ജുവാര്യരാണ് ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിക്കുന്നത്. പിന്നീട് ഈ ഗൂഢാലോചന അന്വേഷിക്കണമെന്നും അതിലുള്‍പ്പെട്ടവര്‍ക്ക് തക്കശിക്ഷ നല്‍കണമെന്നും ഡബ്ല്യു.സി.സി നിരന്തരം ആവശ്യമുന്നയിച്ചു. ചലച്ചിത്ര അവാര്‍ഡ് നല്‍കുന്ന വേദികള്‍ പ്രതിഷേധത്തിനായി അവര്‍ ഉപയോഗിച്ചു. 

എറണാകുളം പ്രസ് ക്ലബില്‍ ഡബ്ല്യുസിസി വിളിച്ച ചേര്‍ത്ത പത്ര സമ്മേളനത്തില്‍ പത്മപ്രിയ, പാര്‍വതി, രേവതി എന്നിവര്‍
എറണാകുളം പ്രസ് ക്ലബില്‍ ഡബ്ല്യുസിസി വിളിച്ച ചേര്‍ത്ത പത്ര സമ്മേളനത്തില്‍ പത്മപ്രിയ, പാര്‍വതി, രേവതി എന്നിവര്‍

കേസിലുള്‍പ്പെട്ട താരസംഘടനയിലെ പ്രമുഖനെതിരെ ശബ്ദിക്കുന്നതിനു പകരം തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കാണ് ആക്രമണം നേരിട്ടത് എന്ന യാഥാര്‍ത്ഥ്യം പോലും മനപ്പൂര്‍വ്വം മറന്നുകൊണ്ട് അമ്മയുടെ ഭൂരിഭാഗം അംഗങ്ങളും പ്രതിയായ നടനെ പിന്തുണച്ചു. സഹപ്രവര്‍ത്തകയ്ക്കും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട ഡബ്ല്യു.സി.സി അംഗങ്ങളെ ഉള്‍പ്പെടെ കൂവിത്തോല്‍പ്പിക്കുന്ന താരസംഘടനാ പ്രതിനിധികളേയും കേരളം കണ്ടു. അത്തരം ആണ്‍കോയ്മ നിലനിര്‍ത്തുന്ന ഘടനകളോട് കലഹിച്ചുകൊണ്ടും സ്ത്രീസമൂഹത്തെ തുല്യമായി കാണാന്‍ സഹിഷ്ണുതയില്ലാത്തവരെ ചോദ്യം ചെയ്തുകൊണ്ടുമാണ് പുതിയ വനിതാകൂട്ടായ്മ നിന്നത്.

അധികാരഘടനയുടെ ഇളക്കം തട്ടലുകള്‍

ഇങ്ങനെയൊക്കെ ഒരു ബദല്‍ സാധ്യതകള്‍ ഉയര്‍ന്നിട്ടും A.M.M.Aയില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും രൂക്ഷവും സംഘടിതവുമായ എതിര്‍പ്പാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. താരസംഘടന വനിതാകൂട്ടായ്മയുടെ ചെറുത്തുനില്‍പ്പിനെ ഒറ്റപ്പെട്ടവരുടെ ശബ്ദമായി അവഗണിച്ചപ്പോള്‍ സൈബര്‍ ആക്രമണങ്ങളിലൂടെയായിരുന്നു പൊതുസമൂഹം പ്രതികരിച്ചത്. താരസംഘടനയിലെ ഭൂരിഭാഗം പേരും ഡബ്ല്യു.സി.സിയുടെ വാദങ്ങളെ തള്ളിക്കളയുകയോ പ്രതികരിക്കാതിരിക്കുയോ ചെയ്തു. പാര്‍വതിയും കൂട്ടരും കാണിച്ച ആത്മാഭിമാനം താരസംഘടനയിലെ അംഗങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഇല്ലാതെ പോയതെന്തുകൊണ്ട ാകും. അതിനുള്ള ഉത്തരം പൊതുസമൂഹം നല്‍കുന്നു. ആണധികാരം നിലനില്‍ക്കുന്ന പൊതുസമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് ആ സംഘടനയും. ഡബ്ല്യു.സി.സി  പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ദിലീപ് ഉള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ടായിരുന്നു. ഈ സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളേയും എ.എം.എം.എയ്‌ക്കെതിരായ നടപടിയാണെന്നു വ്യാഖ്യാനിച്ചതും ആണധികാര സംവിധാനങ്ങളുടെ നിര്‍മ്മിതിയായിരുന്നു. സംഘടനയുടെ മറ്റു ലക്ഷ്യങ്ങളെ റദ്ദ് ചെയ്യാനുള്ള ഈ നീക്കങ്ങളെ  പ്രതിരോധിച്ചു മുന്നോട്ടുപോകാന്‍  കഴിഞ്ഞാല്‍ അത് സാംസ്‌കാരിക കേരളത്തില്‍ വലിയ നേട്ടമുണ്ടാകുമായിരുന്നു എന്ന് ഏവരും കരുതിയിരുന്നു. 

നടിയെ അക്രമിച്ച കേസിലെ പ്രതിയായ ദിലീപ് കോടതിയില്‍ ഹാജരാകാനെത്തുന്നു
നടിയെ അക്രമിച്ച കേസിലെ പ്രതിയായ ദിലീപ് കോടതിയില്‍ ഹാജരാകാനെത്തുന്നു

ജനപ്രീതിയുടെ അളവുകോലുകള്‍ കണക്കിലെടുത്താല്‍ സമൂഹിക-രാഷ്ട്രീയ ജീവിതത്തെ അടയാളപ്പെടുത്തുന്ന പുരോഗമനപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ അല്ലെങ്കില്‍ അതിനെ സ്വാധീനിക്കാന്‍ വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കു കഴിയുമായിരുന്നു. എന്നാല്‍, മൂന്നു വര്‍ഷം കഴിഞ്ഞിട്ടും നിലവിലെ സാമൂഹ്യാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടായില്ല. പൊതുസമൂഹത്തിന്റെ അധികാര ഘടനയുടെ ഇളക്കംതട്ടലുകള്‍ അതത്ര എളുപ്പവുമല്ല. 
 
പുരോഗമന പരിവര്‍ത്തനത്തിനു ഉതകുന്ന സംഭാവനകള്‍ ഇതുവരെ നല്‍കാത്ത, പുരുഷന്‍ മാത്രം കയ്യാളുന്ന, മലയാള ചലച്ചിത്ര മേഖലയിലെ വനിതാ ഉണര്‍വ് മലയാളിയുടെ ബോധത്തിലുള്ള ചില ചിട്ടവട്ടങ്ങളെങ്കിലും മാറ്റിയെഴുതിയിരുന്നു. അത് ഗുണപരമായ വഴിയൊരുക്കലായി കാണാവുന്നതാണെന്നു മാത്രം. ഈ പശ്ചാത്തലത്തില്‍ ഒരു തുടര്‍ച്ചയുടെ പടിയിറക്കമായി വേണം താരസംഘടനയില്‍നിന്ന് പാര്‍വതി രാജിവയ്ക്കാനിടയായ സാഹചര്യത്തെ കാണാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com