ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 100 വയസ്; 'ഇരുളിലെ പ്രകാശ രശ്മികള്‍'

1920 ഒക്ടോബര്‍ 17-ന് താഷ്‌ക്കന്റീല്‍ എം.എന്‍. റോയിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിന്റെ ആരംഭബിന്ദു
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 100 വയസ്; 'ഇരുളിലെ പ്രകാശ രശ്മികള്‍'

1920 ഒക്ടോബര്‍ 17-ന് താഷ്‌ക്കന്റീല്‍ എം.എന്‍. റോയിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിന്റെ ആരംഭബിന്ദു. മുഹമ്മദ് ഷഫീക്കിനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത രൂപീകരണയോഗത്തില്‍ എം.എന്‍. റോയി, ഏവ്ലിന്‍ റോയിട്രെന്റ്, അബനി മുഖര്‍ജി, റോസ ഫിറ്റിംഗോ, മുഹമ്മദ് അലി, ആചാര്യ എന്നിവരും പങ്കെടുത്തു. ഇന്ത്യന്‍ സാഹചര്യത്തില്‍ അനുയോജ്യമായ പരിപാടിക്കു രൂപം നല്‍കാനും കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനും പ്രസ്തുത യോഗം തീരുമാനിച്ചു.

അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം 1925 ഡിസംബര്‍ മാസത്തില്‍ കാണ്‍പൂരില്‍ ചേര്‍ന്ന സമ്മേളനം ഇന്ത്യക്കുള്ളില്‍ നടന്ന പ്രാതിനിധ്യ സ്വഭാവുമുള്ള ആദ്യത്തെ ഒത്തുകൂടല്‍ എന്ന ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നു. എന്നാല്‍, അന്നു മുതലാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം തുടങ്ങുന്നത് എന്നു വാദിക്കുന്നത് ഒട്ടും ശരിയല്ല. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ സമ്മേളനങ്ങളില്‍ 1925-ന് മുന്‍പ് ഇന്ത്യന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സഖാക്കള്‍ സംബന്ധിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 1921-ല്‍ അഹമ്മദാബാദിലും 1922-ല്‍ ഗയയിലും ചേര്‍ന്ന കോണ്‍ഗ്രസ് അഖിലേന്ത്യാ സമ്മേളനങ്ങളില്‍ സി.പി.ഐയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ 'പൂര്‍ണ്ണ സ്വാതന്ത്ര്യ' പ്രമേയം അവതരിപ്പിക്കുകയും അടിസ്ഥാനപരമായ സാമ്പത്തിക-സാമൂഹ്യ മാറ്റങ്ങള്‍ കേവലമായ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനപ്പുറം ലക്ഷ്യമായി മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ്സാകട്ടെ, ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴില്‍ സ്വയംഭരണമാണ് അന്ന് ആവശ്യമായി ഉന്നയിച്ചിരുന്നത്.

എംഎ ബേബി
എംഎ ബേബി

1922 മുതല്‍ ബോംബെ, കല്‍ക്കത്ത, ബനാറസ്, ലാഹോര്‍, പഞ്ചാബ്, മദിരാശി തുടങ്ങിയ സ്ഥലങ്ങളില്‍ കമ്യൂണിസ്റ്റ് കൂട്ടായ്മകള്‍ സജീവമായിരുന്നു. 1920-ലെ താഷ്‌ക്കന്റ് സമ്മേളനം കഴിഞ്ഞു മടങ്ങിയ ഷൗക്കത്ത് ഉസ്മാനിയെപ്പോലുള്ളവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പങ്കുവഹിച്ചു. എസ്.എ. ഡാങ്കേ, മുസഫര്‍ അഹമ്മദ്, ശിങ്കാരവേലു ചെട്ടിയാര്‍, ഗുലാം ഹുസൈന്‍, എസ്.വി. ഘാട്ടെ, നളിനി ഗുപ്ത, എസ്.എസ്. മിറാജ്ക്കര്‍, റഫീക്ക് അഹമ്മദ് തുടങ്ങിയവര്‍ അക്കാലത്ത് വിവിധ പ്രദേശങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും തൊഴിലാളി കര്‍ഷക പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കാന്‍ ആദ്യ പഥികരായി നേതൃത്വം നല്‍കി. 'സോഷ്യലിസ്റ്റ്', 'ഗണവാണി', 'ഇങ്ക്വിലാബ്', 'ലേബര്‍-കിസാന്‍ ഗസറ്റ്', 'വാന്‍ഗാര്‍ഡ് ഓഫ് ഇന്ത്യ', 'മാസ്സസ് ഓഫ് ഇന്ത്യ' തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ (അവസാനം പറഞ്ഞ രണ്ടും വിദേശത്തുനിന്ന്) പാര്‍ട്ടിയുടെ ആദ്യകാല വളര്‍ച്ചയില്‍ പങ്കുവഹിച്ചു.

ഒരര്‍ത്ഥത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വവും 1920-കളുടെ തുടക്കത്തില്‍ത്തന്നെ രാജ്യത്ത് കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയമായ കടന്നുവരവും പ്രവര്‍ത്തനവും അംഗീകരിക്കുകയുണ്ടായി. 1922-ല്‍ പെഷവാര്‍ കമ്യൂണിസ്റ്റ് ഗൂഢാലോചനക്കേസും 1924-ല്‍ കാണ്‍പൂര്‍ ഗൂഢാലോചനക്കേസും കെട്ടിച്ചമച്ച്, ശൈശവാവസ്ഥയില്‍ത്തന്നെ കമ്യൂണിസ്റ്റ് പ്രവര്‍ത്തനം അസാദ്ധ്യമാക്കാനാണ് ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടം ഗൂഢാലോചന നടത്തിയത്. ഇപ്പറഞ്ഞതില്‍നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം 1920-ല്‍ നിന്നുതന്നെ തുടങ്ങുന്നു എന്നും 1925-ലെ കാണ്‍പൂര്‍ സമ്മേളനം ഒരു പ്രധാന നാഴികക്കല്ലാണ് എന്നും നമുക്ക് തിരിച്ചറിയാനാവും. യഥാര്‍ത്ഥത്തില്‍ റഷ്യന്‍ വിപ്ലവത്തിനും മുന്‍പ്, 1913-ല്‍ സാന്‍ഫ്രാന്‍സിസ്‌ക്കോ (യു.എസ്.എ)യില്‍ രൂപവല്‍ക്കരിക്കപ്പെട്ട ഗദ്ദര്‍ പാര്‍ട്ടിയെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍ഗാമിയായി കാണാവുന്നതാണ്.

1925-ല്‍ കാണ്‍പൂരില്‍ ശിങ്കാര വേലു ചെട്ടിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഒരു കേന്ദ്രക്കമ്മിറ്റിയേയും എസ്.വി. ഘാട്ടേ, ജെ.പി. ബഹര്‍ഹട്ട എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. എന്നാല്‍, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിച്ചമര്‍ത്തല്‍ നയം നിമിത്തം കേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവന്നു. 1929 മുതല്‍ 1933 വരെ നീണ്ടുനിന്ന മീററ്റ് ഗൂഢാലോചനക്കേസ് സാമ്രാജ്യത്വ വേട്ടയാടലിന്റെ ഭാഗമായിരുന്നു. എന്നാല്‍, കോടതിയില്‍ കമ്യൂണിസ്റ്റ് നേതാക്കളുടെ മറുവാദം ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് വലിയ മതിപ്പ് നേടിക്കൊടുത്തു. ഈ വസ്തുത കണക്കിലെടുത്തുകൊണ്ടുകൂടിയാണ് 1934 ജൂലൈ മാസം ബ്രിട്ടീഷ് ഭരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചത്. ഫലത്തില്‍ നേരത്തെതന്നെ സ്ഥിതി അങ്ങനെതന്നെയായിരുന്നു എന്നതു മറ്റൊരു കാര്യം!

1935-ല്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ 7-ാം കോണ്‍ഗ്രസ് മുഖ്യമായി ഇറ്റലിയിലും ജര്‍മനിയിലും ഫാസിസ്റ്റ് ശക്തികള്‍ ആധിപത്യം സ്ഥാപിച്ച സാഹചര്യം ചര്‍ച്ച ചെയ്ത് ചില പ്രധാന നിഗമനങ്ങളിലെത്തി. കോമിന്റേണിന്റെ സെക്രട്ടറി ജനറലും ബള്‍ഗേറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന ഗിയോര്‍ഗി ദിമിത്രോവാണ് 'ഫാസിസത്തിനെതിരായ ഐക്യമുന്നണി' എന്ന സമരതന്ത്രം സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചതും ചര്‍ച്ച ക്രോഡീകരിച്ച് മറുപടി നല്‍കിയതും.

സർ സിപിയുടെ കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം
സർ സിപിയുടെ കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം

ഇന്ത്യന്‍ സാഹചര്യത്തില്‍ കമ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസ്സിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് ഈ സന്ദര്‍ഭത്തിലായിരുന്നു. ഉശിരന്‍ സാമ്രാജ്യത്വവിരുദ്ധ സമരോപകരണമായി കോണ്‍ഗ്രസ്സിനെ രൂപപ്പെടുത്തുക എന്നതിനു പുറമേ, നിരോധനത്തെ മറികടന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബഹുജനങ്ങളുമായുള്ള ഉറ്റബന്ധം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ഇത്.

തൊഴിലാളികളെ അവരുടെ ജീവിതാവശ്യങ്ങള്‍ക്കുവേണ്ടി സംഘടിപ്പിച്ച് എ.ഐ.ടി.യു.സിയില്‍ അണിനിരത്തുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ ഈ കാലഘട്ടത്തില്‍ വളരെ താല്പര്യമെടുത്തു. അതോടൊപ്പം അവരെ രാഷ്ട്രീയവല്‍ക്കരിക്കുകയും സാമ്രാജ്യത്വവിരുദ്ധ സ്വാതന്ത്ര്യസമരത്തില്‍ അണിനിരത്തുകയും ചെയ്തു. ഇതേ ലക്ഷ്യങ്ങളോടെ കൃഷിക്കാര്‍, മഹിളകള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരുടെ സംഘടനകള്‍ 1930-കളില്‍ രൂപീകരിക്കപ്പെട്ടു. അവയിലെല്ലാം കമ്യൂണിസ്റ്റുകാര്‍ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ചു. സാമ്രാജ്യത്വവിരുദ്ധ സ്വാതന്ത്ര്യസമരത്തില്‍ വിവിധ വിഭാഗം ബഹുജനങ്ങളെ വന്‍തോതില്‍ അണിനിരത്തുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ ഇപ്രകാരം ശ്രദ്ധിച്ചു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വ്യക്തിസത്യാഗ്രഹരീതിയുടെ സൗഹാര്‍ദ്ദപൂര്‍വ്വകമായ പ്രായോഗിക വിമര്‍ശനം കൂടിയായിരുന്നു, കമ്യൂണിസ്റ്റ് പാര്‍ട്ടിയും പരസ്യപ്രവര്‍ത്തനത്തിന് പാര്‍ട്ടി ആശ്രയിച്ച തൊഴിലാളി കര്‍ഷക പാര്‍ട്ടിയും പിന്തുടര്‍ന്ന ഈ  ബഹുജന സമരശൈലി.

1928-ല്‍ കല്‍ക്കത്തയില്‍വച്ചു നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രപ്രധാനമായ സമ്മേളനവേളയില്‍ രാഷ്ട്രീയമായി അസാധാരണമായ ഒരിടപെടല്‍ ഉണ്ടായത് ചരിത്രപരമായി വളരെ പ്രസക്തമാണ്. അന്‍പതിനായിരത്തില്‍പ്പരം തൊഴിലാളികള്‍ സംഘടിതരായി സമ്മേളനഹാളിനു മുന്നിലേയ്ക്ക് പ്രകടനമായി എത്തി ഒരു രാഷ്ട്രീയ ആവശ്യം മുന്നോട്ടുവച്ചു; ''കോണ്‍ഗ്രസ് അതിന്റെ ലക്ഷ്യം പൂര്‍ണ്ണ സ്വാതന്ത്ര്യമായി പ്രഖ്യാപിക്കണം.'' 1921, '22 വര്‍ഷങ്ങള്‍ മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എ.ഐ.സി.സി സെഷനുകളില്‍ ആവര്‍ത്തിച്ച് ഉന്നയിച്ചുപോന്നതും അപ്രായോഗികം, അനവസരത്തിലുള്ളത് എന്നൊക്കെ പറഞ്ഞ് മഹാത്മാഗാന്ധിയും അനുയായികളും നിരസിച്ചുപോന്നതുമായ ആവശ്യം! തൊഴിലാളികളുടെ അതിശക്തമായ ഈ സമ്മര്‍ദ്ദഫലമായിക്കൂടിയാണ്  ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനാല്‍ അത് അംഗീകരിക്കപ്പെട്ടത്.

സ്വാതന്ത്ര്യസമര നാളുകളില്‍ കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതിയത് കടുത്ത അടിച്ചമര്‍ത്തലുകള്‍ നേരിട്ടുകൊണ്ടാണ്.  ലോകത്തെ വിഴുങ്ങാന്‍ വാപിളര്‍ന്നടുത്ത ഫാസിസ്റ്റ് വിപത്തിനെതിരായ സമരത്തിലും രാഷ്ട്രീയ വ്യക്തതയോടെയുള്ള നിലപാട് സ്വീകരിച്ചത് കമ്യൂണിസ്റ്റുകാരാണ്. എന്നാല്‍, 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരക്കാലത്തെ സമീപനം ആശയക്കുഴപ്പമുണ്ട ാക്കാനും കമ്യൂണിസ്റ്റുകാരെ അധിക്ഷേപിക്കാനും ദുരുപയോഗപ്പെടുത്താറുണ്ട ്. ഫാസിസ്റ്റ് ഇറ്റലിയുടേയും നാസി ജര്‍മനിയുടേയും ഏഷ്യയിലെ സഖ്യശക്തിയായിരുന്ന ജാപ്പനീസ് സേന ചൈനയുടെ ഒട്ടേറെ പ്രദേശങ്ങള്‍ കീഴടക്കുകയും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ ചിറ്റഗോംഗുവരെ എത്തുകയും ചെയ്ത കാര്യം ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് അറിവുള്ളതാണ്.

പിസി ജോഷി ജനറൽ സെക്രട്ടറിയായിരിക്കെ കേരളം സന്ദർശിച്ചപ്പോൾ. ഇരിക്കുന്നത് ഇഎംഎസ്
പിസി ജോഷി ജനറൽ സെക്രട്ടറിയായിരിക്കെ കേരളം സന്ദർശിച്ചപ്പോൾ. ഇരിക്കുന്നത് ഇഎംഎസ്

1945-ല്‍ രണ്ടാം ലോകയുദ്ധം അവസാനിച്ചപ്പോള്‍ ഐ.എന്‍.എ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ശക്തമായ പ്രചാരണ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ''ചാലിസ് ക്രോറോം കീ ആവാസ്; ധില്ലന്‍, സൈഗാള്‍, ഷാനവാസ്'' എന്ന മുദ്രാവാക്യം ദിഗന്തങ്ങളില്‍ മുഴങ്ങി. (അന്ന് ഇന്ത്യയിലെ ജനസംഖ്യ നാല്പതു കോടിയായിരുന്നു.)

തെലങ്കാന-തേഭാഗാ-പുന്നപ്ര-വയലാര്‍-വാര്‍ളി-സുര്‍മാവാലി സമരങ്ങളും റോയല്‍ ഇന്ത്യന്‍ നേവി (ആര്‍.ഐ.എന്‍) കലാപവും എണ്ണമറ്റ തൊഴിലാളി സമരങ്ങളും അത്യന്തം പ്രക്ഷുബ്ധമായ ഒരു രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചു. ഈ സമരങ്ങളിലെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ കറാച്ചി തുറമുഖം മുതല്‍ കല്‍ക്കത്ത തുറമുഖം വരെ നങ്കുരമിട്ടിരുന്ന 78 കപ്പലുകളിലും നൗകകളിലുമായി കാല്‍ലക്ഷം നാവികര്‍ പങ്കാളികളായ സമരമായിരുന്നു അത്. ഒരാഴ്ച നീണ്ടുനിന്ന ആ സമരത്തില്‍ ബ്രിട്ടീഷ് പതാക വലിച്ചുതാഴ്ത്തിയിട്ട് കോണ്‍ഗ്രസ്സിന്റേയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും മുസ്ലിം ലീഗിന്റേയും പതാകകളാണ് നാവിക സമരഭടന്മാര്‍ ഉയര്‍ത്തിയത്.

സ്വാതന്ത്ര്യ സമ്പാദനം വരെയുള്ള നാളുകളില്‍ ഏറ്റവും ത്യാഗസന്നദ്ധരായ സമരഭടന്മാരായിരുന്നു കമ്യൂണിസ്റ്റുകാര്‍ എന്നു വ്യക്തമാണ്. ബഹുജന സംഘടനകള്‍ ക്ഷമാപൂര്‍വ്വം പടുത്തുയര്‍ത്തി സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ കമ്യൂണിസ്റ്റുകാര്‍ യത്‌നിച്ചുപോന്നു.

അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ

സാധാരണക്കാരായ തൊഴിലാളികളുടേയും കൃഷിക്കാരുടേയും ജാതീയ അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കുന്നവരുടേയും പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനപരമായ പരിഹാരം കാണാന്‍ ശ്രമിക്കുന്ന വികസന സമരപാതയിലൂടെ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നയിക്കണമെന്നായിരുന്നു കമ്യൂണിസ്റ്റുകാരുടെ കാഴ്ചപ്പാട്. ഇതിനായി സാമ്പത്തിക സാമൂഹിക മേഖലകളില്‍ സമൂലമാറ്റത്തിന്റെ കര്‍മ്മപരിപാടിയാണ് കമ്യൂണിസ്റ്റുകാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍, 1948-ല്‍ തെറ്റായ ചില വിലയിരുത്തലുകള്‍, യാഥാര്‍ത്ഥ്യബോധത്തോടെയല്ലാത്ത ചില നയസമീപനങ്ങളിലേയ്ക്കും സമരരീതികളിലേയ്ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടി വ്യതിചലിക്കാന്‍ ഇടയാക്കി. രണ്ടു വര്‍ഷമാണ് പാര്‍ട്ടിയില്‍ ഇടതുപക്ഷ പാളിച്ചയ്ക്ക് ഇത്തരത്തില്‍ മേധാവിത്വം ലഭിച്ചത്. അത് അതിവേഗം തിരുത്തുവാനും പാര്‍ട്ടിക്കു സാധിച്ചു.

സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ഇന്ത്യയില്‍ 1920 മുതല്‍ 47 വരെയുള്ള 27 വര്‍ഷക്കാലത്ത് ഔപചാരികമോ അനൗപചാരികമോ ആയ നിരോധനത്തിനും അടിച്ചമര്‍ത്തലിനും കീഴിലാണ് മുഖ്യമായും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിച്ചത്. 1942 മുതല്‍ 1945 വരെയുള്ള കാലയളവിലാണ് ഭാഗികമായ പ്രവര്‍ത്തന സാഹചര്യം ലഭ്യമായിരുന്നത്. അപ്പോഴാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യ കോണ്‍ഗ്രസ് ബോംബെയില്‍ സംഘടിപ്പിച്ചത്. ജനങ്ങള്‍ക്കൊപ്പം നിന്ന് അവകാശപ്പോരാട്ടം നടത്താനും ബംഗാള്‍ ക്ഷാമം പോലുള്ള കെടുതിയുടെ നാളുകളില്‍ ദുരിതാശ്വാസപ്രവര്‍ത്തനം സംഘടിപ്പിക്കുവാനും കമ്യൂണിസ്റ്റുകാര്‍ സര്‍വ്വരുടേയും മുന്നിലുണ്ടായിരുന്നു. വര്‍ഗ്ഗീയതയ്‌ക്കെതിരെ സമുദായ മൈത്രിക്കുവേണ്ടിയുള്ള പ്രയത്‌നങ്ങളിലും അവര്‍ മുന്നണിയില്‍ത്തന്നെയായിരുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ 73 വര്‍ഷക്കാലം പ്രവര്‍ത്തിക്കുന്നതിനിടയില്‍ പലതരം അടിച്ചമര്‍ത്തലുകള്‍ അവിഭക്ത പാര്‍ട്ടിക്കും സി.പി.എമ്മിനും അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. അടിയന്തരാവസ്ഥ, പശ്ചിമബംഗാളിലെ 1970-കളിലെ അര്‍ദ്ധ ഫാസിസ്റ്റ് ഭീകരവാഴ്ച തുടങ്ങിയവ ഉദാഹരണങ്ങള്‍. 1965-ല്‍ ജയിലില്‍ കിടന്നുകൊണ്ടായിരുന്നു സി.പി.എമ്മിന്റെ ഒട്ടേറെ സ്ഥാനാര്‍ത്ഥികള്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത് എന്ന കാര്യവും വിസ്മരിക്കാനാവില്ല.

എന്താണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റുകാര്‍ നല്‍കിയ/നല്‍കുന്ന സംഭാവന? നിലനില്‍ക്കുന്ന സാമ്പത്തിക സാമൂഹിക വ്യവസ്ഥയില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തിയാല്‍ മാത്രമേ ബഹുഭൂരിപക്ഷം ജനതയുടെ ജീവിതം ദുരിതത്തില്‍നിന്നു മോചിപ്പിക്കാന്‍ കഴിയുകയുള്ളു എന്ന സത്യം നിരന്തരം ചൂണ്ടിക്കാട്ടുന്നത് കമ്യൂണിസ്റ്റുകാരാണ്. അവരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനായി നിരന്തര പോരാട്ടങ്ങള്‍ ത്യാഗപൂര്‍വ്വം സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നതും കമ്യൂണിസ്റ്റുകാരാണ്. കത്തോലിക്കാസഭയുടെ പരമാരാധ്യനായ നേതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ, സ്വന്തം ഭാഷയിലും ശൈലിയിലും കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു പറഞ്ഞത് കമ്പോളാധിപത്യ വ്യവസ്ഥ മനുഷ്യജീവിതം ദുരിതപൂരിതമാക്കുന്നതിനെക്കുറിച്ചുതന്നെയായിരുന്നു.

അതേസമയം, നിലവിലുള്ള അസമത്വം കാത്തുസൂക്ഷിക്കുന്ന ചൂഷണ വ്യവസ്ഥയ്ക്കുള്ളില്‍ നില്‍ക്കുമ്പോള്‍ത്തന്നെ, ഏറ്റവും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും സംരക്ഷണവുമാകുന്ന ചില പദ്ധതികള്‍ നടപ്പാക്കാന്‍ കമ്യൂണിസ്റ്റുകാരും ഇടതുപക്ഷ ജനാധിപത്യ നിലപാടുകള്‍ പിന്തുടരുന്നവരും തമ്മിലുള്ള സഹകരണത്തോടെ ഒരു പരിധിവരെ സാധിക്കുമെന്ന്, അത്തരം കൂട്ടുകെട്ടിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ തെളിയിച്ചു കാട്ടിയിട്ടുണ്ട ്. ഭൂപരിഷ്‌കരണം, അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, സ്ത്രീശാക്തീകരണം (കുടുംബശ്രീ ഉള്‍പ്പെടെയുള്ള മാതൃകകള്‍) വിദ്യാഭ്യാസ-ആരോഗ്യ മേഖലകളുടെ ജനാധിപത്യവല്‍ക്കരണവും മികവിന്റെ മാതൃകയും പാര്‍പ്പിട ലഭ്യത, പൊതുവിതരണ ശൃംഖല, ക്ഷേമപെന്‍ഷന്‍ പദ്ധതികള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. (കഴിഞ്ഞലക്കം സമകാലിക മലയാളം വാരിക ഈ രംഗത്ത് കേരള സംസ്ഥാനത്തെ ഉദാഹരണങ്ങള്‍ വിവരിച്ചിട്ടുണ്ട്.)

ഭീകരവാദം, മതതീവ്രവാദം, വര്‍ഗ്ഗീയത, ജാതീയത, അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ എന്നിവയ്‌ക്കെല്ലാം എതിരായി അടിയുറച്ച നിലപാട് കമ്യൂണിസ്റ്റുകാരും ഇടതുപക്ഷവുമാണ് മുറുകെപ്പിടിക്കുന്നത്. സങ്കുചിത ദേശീയ ഭ്രാന്തിനും സാംസ്‌കാരിക ദേശീയതയുടെ പേരിലുള്ള സവര്‍ണ്ണ ഫാസിസ്റ്റ് അജന്‍ഡയ്ക്കും വിപരീതമായി പുരോഗമനപരമായ ദേശാഭിമാനവും സര്‍വ്വമാനവ സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുന്നതും കമ്യൂണിസ്റ്റുകാരും ഇടതുപക്ഷവും തന്നെ. ഇത് ഇന്നത്തെ ലോകസാഹചര്യത്തിലും ഇന്ത്യന്‍ അവസ്ഥയിലും എത്രമാത്രം സുപ്രധാനമാണെന്ന് എടുത്തുപറയേണ്ടതില്ല.

പാരിസ്ഥിതിക സന്തുലനം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള വികസനവും പുരോഗതിയുമാണ് ലക്ഷ്യംവയ്‌ക്കേണ്ട ത് എന്ന ശാസ്ത്രീയ വീക്ഷണം കമ്യൂണിസ്റ്റുകാര്‍ ഏറ്റവും വിലമതിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനമേഖല പണാധിപത്യവും അഴിമതിയുംകൊണ്ട് ദുര്‍ഗന്ധമലീമസമാകുമ്പോള്‍ അതില്‍നിന്ന് വലിയതോതില്‍ വ്യത്യസ്തത പുലര്‍ത്താനാവുന്നതും കമ്യൂണിസ്റ്റ്-ഇടതുപക്ഷ ധാരകള്‍ക്കാണ്. പണവും അധികാരാസക്തിയും അഴിമതിയും ആധിപത്യം വഹിക്കുന്ന ഒരു ജീര്‍ണ്ണസമൂഹത്തിനുള്ളില്‍നിന്നു പ്രവര്‍ത്തിക്കുമ്പോള്‍ കമ്യൂണിസ്റ്റ്-ഇടതുപക്ഷ വിഭാഗങ്ങള്‍ എത്ര വ്യത്യസ്തരായിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയാലും ചില സാഹചര്യങ്ങളില്‍ ചില പിശകുകള്‍ പറ്റാനുള്ള സാധ്യതയുണ്ട്. അത് തടയുക എന്ന കൃത്യമായ കാഴ്ചപ്പാടോടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി തുടര്‍ച്ചയായി തെറ്റുതിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ എല്ലാ തലങ്ങളിലും ശ്രദ്ധവയ്ക്കുന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പറ്റി ചില വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവര്‍പോലും പറഞ്ഞുകേള്‍ക്കാറുള്ള ഒരു നിരീക്ഷണമുണ്ട ്. വര്‍ഗ്ഗീയതയുടേയും നഗ്‌നമായ അഴിമതിയുടേയും സമ്പന്നസേവയുടേയും രാഷ്ട്രീയം തഴച്ചുവളരുന്ന സാഹചര്യത്തില്‍ പ്രതീക്ഷയുടെ ചില ഇടതുപക്ഷ തുരുത്തുകള്‍ എങ്കിലും സൃഷ്ടിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കേ കഴിയൂ എന്നാണവര്‍ സമ്മതിക്കുന്നത്. ആ ദൗത്യം ഏറ്റെടുക്കാന്‍ ശതാബ്ദിയുടെ നിറവില്‍ കമ്യൂണിസ്റ്റുകാര്‍ കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തന-പോരാട്ടങ്ങളില്‍ അണിനിരക്കേണ്ടിയിരിക്കുന്നു.

സുന്ദരയ്യയും ഇഎംഎസും. ആദ്യകാല ചിത്രം (1943)
സുന്ദരയ്യയും ഇഎംഎസും. ആദ്യകാല ചിത്രം (1943)

സാമൂഹിക മേഖലയിലെ പോരാട്ടങ്ങള്‍

കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പറ്റി പല തെറ്റായ പ്രചാരണങ്ങളും നടന്നുവരുന്നുണ്ട്. ചിലത് ബോധപൂര്‍വ്വമാണെങ്കില്‍ പലതും തെറ്റിദ്ധാരണ നിമിത്തമാണ്. മത-ദൈവ വിശ്വാസങ്ങള്‍ സംബന്ധിച്ചാണ് ഒരാക്ഷേപം.  കമ്യൂണിസ്റ്റുകാര്‍ മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും എതിരാണെന്നതാണ് ഒരു പ്രചാരണം. മത-ദൈവ വിശ്വാസങ്ങള്‍ക്ക് ചരിത്രപരമായിത്തന്നെ ചില സാമൂഹ്യ പശ്ചാത്തലമുണ്ട് എന്ന് കമ്യൂണിസ്റ്റുകാര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വ്വതും അനിശ്ചിതമായ ഇന്നത്തെ ലോകസാഹചര്യമാണ് പ്രകൃത്യാതീത ശക്തിയുടെ രക്ഷതേടാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. മനുഷ്യന്‍ (ചുറ്റുപാടുമുള്ള സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്തുകൊണ്ട്) സ്വന്തം ഭാഗധേയം രൂപപ്പെടുത്താന്‍ കഴിയുന്ന, വിജയിക്കുന്ന നീതിപൂര്‍വ്വകമായ നവയുഗത്തിന്റെ സൃഷ്ടിയോടെ വിജയം വരിക്കുമ്പോള്‍ സ്വാഭാവികമായിത്തന്നെ ശാസ്ത്രീയ അടിത്തറയില്ലാത്ത എല്ലാ വിശ്വാസങ്ങളും ആചാരങ്ങളും വലിയതോതില്‍ അപ്രത്യക്ഷമാകുമെന്നാണ് കമ്യൂണിസ്റ്റുകാരുടെ കാഴ്ചപ്പാട്. അത്തരം വിശ്വാസങ്ങളുടെ സാമ്പത്തിക-സാമൂഹ്യ-മനഃശാസ്ത്ര അടിത്തറ സമത്വപൂര്‍ണ്ണമായ സമൂഹത്തില്‍ ഘട്ടംഘട്ടമായി ഉടച്ചുവാര്‍ക്കപ്പെടുന്നതാണ് അതിനു കാരണം. അതുകൊണ്ട് മത-ദൈവ വിശ്വാസങ്ങള്‍ക്കെതിരായ നിരന്തര സമരമല്ല കമ്യൂണിസ്റ്റുകാരുടെ അടിയന്തര കടമ. ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ നിരന്തര പരിശ്രമം നടത്തുന്നതിനൊപ്പം ദുരിതജീവിതമനുഭവിക്കുകയും ചൂഷണം ചെയ്യപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന വിശ്വാസികളായ ബഹുഭൂരിപക്ഷം സാധാരണക്കാരെ അവരുടെ ജീവത്തായ അവകാശ സമരങ്ങളില്‍ അണിനിരത്തുകയാണ് പ്രധാനം. വര്‍ഗ്ഗീയതയ്‌ക്കെതിരായ ബഹുജന പ്രസ്ഥാനത്തെക്കൂടി സഹായിക്കുന്നതാണ് അത്തരത്തിലുള്ള ബഹുമുഖമായ വര്‍ഗ്ഗസമരം. മതവിശ്വാസികള്‍ക്കും അതില്‍ വലിയ പങ്കുവഹിക്കാനാവും. ഇക്കാരണങ്ങളാല്‍ മത-ദൈവവിശ്വാസികള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കുന്നതിന് യാതൊരു തടസ്സവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതൊക്കെ മറച്ചുപിടിച്ചുകൊണ്ടോ മനസ്സിലാക്കാതെയോ ആണ് മത-ദൈവ വിശ്വാസികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് അകന്നുനില്‍ക്കണമെന്ന് പ്രചരിപ്പിക്കുന്നത്.

ജാതീയമായ അടിച്ചമര്‍ത്തല്‍ ഇന്ത്യന്‍ സമൂഹത്തില്‍ എത്രമാത്രം ഗുരുതരമായ പ്രശ്‌നമാണെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടില്ലെന്ന വിമര്‍ശനവും ഉയര്‍ത്തുന്നവരുണ്ട്. വര്‍ഗ്ഗസമരത്തില്‍ ഊന്നുന്നതിനാല്‍, സമത്വപൂര്‍ണ്ണമായ സമൂഹം സൃഷ്ടിക്കപ്പെടുന്നതോടെ ജാതീയ അടിച്ചമര്‍ത്തലും പരിഹരിക്കപ്പെടുമെന്ന കമ്യൂണിസ്റ്റുകാരുടെ തഥാകഥിത സമീപനമാണ് കുറ്റവിചാരണ ചെയ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചില സ്വയം വിമര്‍ശനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന വീക്ഷണം ശക്തമാണ്. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്തുവച്ച് നടന്ന സവിശേഷ അഖിലേന്ത്യാ സമ്മേളനത്തില്‍ സി.പി.എം അതിന്റെ അടിസ്ഥാനരേഖയായ പാര്‍ട്ടി പരിപാടി കാലോചിതമാക്കിയപ്പോള്‍ ഈ പ്രശ്‌നം കണക്കിലെടുക്കുകയും ഉചിതമായ വിധത്തില്‍ ബന്ധപ്പെട്ട കാഴ്ചപ്പാട് പ്രസ്തുത രേഖയില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരുന്നു. വര്‍ഗ്ഗസമരവും സാമൂഹിക അനീതികള്‍ക്കും അടിച്ചമര്‍ത്തലിനുമെതിരായ പോരാട്ടവും പരസ്പര പൂരകങ്ങളായി ഇന്ത്യന്‍ അവസ്ഥയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാകണമെന്നതില്‍ സംശയമില്ല. ഇത് രേഖകളില്‍ ഉള്‍പ്പെടുത്തിയത് പ്രധാനമാണ്. എന്നാല്‍, സഖാക്കളുടെ ബോധത്തിന്റെ ഭാഗമാവുകയും പ്രവര്‍ത്തനങ്ങളിലും പോരാട്ടങ്ങളിലും പ്രതിഫലിക്കുകയും ചെയ്യാത്തിടത്തോളം ഇത് നിരര്‍ത്ഥകമാണ് എന്നും മറന്നുകൂടാ.

വിദേശത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വങ്ങളുടെ ഉപദേശനിര്‍ദ്ദേശങ്ങള്‍ കണ്ണുമടച്ചു സ്വീകരിക്കുന്നതാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്നോട്ടടിക്കുള്ള മുഖ്യകാരണം എന്നൊരു വിമര്‍ശനവും ഉന്നയിക്കപ്പെടുന്നുണ്ട്. സാര്‍വ്വദേശീയ വീക്ഷണം മുറുകെപ്പിടിക്കുന്നവര്‍ എന്ന നിലയില്‍ പരസ്പരം ബന്ധപ്പെടുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിന്തുടരാറുണ്ട്. എന്നാല്‍ അതൊരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മറ്റേതെങ്കിലും കേന്ദ്രത്തില്‍നിന്ന് തീരുമാനങ്ങളോ നിര്‍ദ്ദേശങ്ങളോ ആജ്ഞകളോ സ്വീകരിക്കുന്ന സമ്പ്രദായമായിട്ടല്ല. യു.എസ്.എസ്.ആറിന്റെ കാലത്ത് സോവിയറ്റ് പാര്‍ട്ടിയെപ്പറ്റിയും ചൈനീസ് പാര്‍ട്ടിയെപ്പറ്റിയും (1960കളില്‍) ഇത്തരം ചില ചിത്രീകരണങ്ങള്‍ പ്രചരിച്ചിരുന്നു. യൂറോപ്പിലോ ഏഷ്യയിലോ ആഫ്രിക്കയിലോ ലാറ്റിനമേരിക്കയിലോ പ്രവര്‍ത്തിച്ചിരുന്ന കമ്യൂണിസ്റ്റ്/ഇടതുപക്ഷ പാര്‍ട്ടികളില്‍ ഭരണത്തിന്റെ പിന്‍ബലത്തോടെ സോവിയറ്റ്-ചൈനീസ് പാര്‍ട്ടികള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കുന്നത് അക്കാദമിക താല്പര്യമുണര്‍ത്തുന്ന വിഷയം കൂടിയാണ്. അതെന്തായാലും സി.പി.എം  പ്രവര്‍ത്തകര്‍ക്ക് ഒരു കാര്യം അഭിമാനത്തോടെ വ്യക്തമാക്കാന്‍ കഴിയും. ലെനിന്‍ നയിച്ച പാര്‍ട്ടി എന്ന നിലയില്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും മൗസേതൂങ് നയിച്ച പാര്‍ട്ടി എന്ന നിലയില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും അവിടങ്ങളില്‍ നടന്ന മഹത്തായ വിപ്ലവങ്ങളോടും പരിപൂര്‍ണ്ണ ആദരവ് പുലര്‍ത്തുമ്പോള്‍ത്തന്നെ ആ പാര്‍ട്ടികള്‍ കൈക്കൊള്ളുന്ന നിലപാടുകളില്‍ തെറ്റുകള്‍ ഉണ്ടെന്നു കണ്ടാല്‍ അതു ചൂണ്ടിക്കാട്ടാന്‍ സി.പി.എം ഒരിക്കലും ഭയന്നിട്ടില്ല; മടിച്ചുനിന്നിട്ടില്ല. ഇന്ദിരാഗാന്ധി നടപ്പാക്കിയ സ്വേച്ഛാധിപത്യ ഭീകരവാഴ്ചയായ 'അടിയന്തരാവസ്ഥ'യെ 1975-ല്‍ സോവിയറ്റ് പാര്‍ട്ടിയും യു.എസ്.എസ്.ആര്‍ ഗവണ്‍മെന്റും പിന്താങ്ങിയെങ്കിലും അതിനെ എതിര്‍ത്ത് ത്യാഗപൂര്‍വ്വം പോരാടുകയാണ് സി.പി.എം ചെയ്തത്. അതുപോലെതന്നെ ചൈനീസ് പാര്‍ട്ടി 'മൂന്നുലോക'സിദ്ധാന്തം അവതരിപ്പിക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വം പോലെ തന്നെയാണ് 'സോവിയറ്റ് സോഷ്യല്‍ ഇംപീരിയലിസം' എന്നു വാദിക്കുകയും ചെയ്തപ്പോള്‍ അത് തള്ളിക്കളയാനാണ് സി.പി.എം സന്നദ്ധമായത്. ഇത്തരം 'സ്വാതന്ത്ര്യം' സൈദ്ധാന്തിക കാര്യങ്ങളില്‍ പിന്തുടരാതിരുന്നവരും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നതു മറക്കുന്നില്ല.

തെലങ്കാന സമരം
തെലങ്കാന സമരം

പത്തുപതിറ്റാണ്ടുകളുടെ ജീവിതസമരാനുഭവങ്ങളുള്ള ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ പ്രോജ്ജ്വലമായ ഭൂതകാലത്തിന്റെ തിളക്കത്തില്‍ നിര്‍വൃതി അടയുന്നതില്‍ അര്‍ത്ഥമില്ല. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പും തകര്‍ന്നടിഞ്ഞപ്പോഴും പിടിച്ചുനിന്ന സി.പി.എം ഇപ്പോള്‍ ചില പിന്നോട്ടടികളിലൂടെയാണ് കടന്നുപോകുന്നത് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടിയിരിക്കുന്നു. പശ്ചിമബംഗാളിലേയും ത്രിപുരയിലേയും തെരഞ്ഞെടുപ്പു പരാജയം മാത്രമല്ല, വര്‍ഗ്ഗീയ-ജാതീയ-വിഭാഗീയ ശക്തികള്‍ വലിയ ബഹുജനസ്വാധീനമാര്‍ജ്ജിക്കുമ്പോള്‍ എന്തുകൊണ്ട് സി.പി.എമ്മിനും ഇടതുപക്ഷത്തിനും ശ്രദ്ധേയമായ വളര്‍ച്ച ബഹുജന സ്വാധീനത്തിലും ജനകീയ സമരങ്ങളിലും കൈവരിക്കാനാവുന്നില്ല എന്ന ചോദ്യം ഗൗരവമുള്ളതാണ്. അതിന് ഉത്തരം കണ്ടെത്താനുള്ള ആത്മാര്‍ത്ഥമായ അന്വേഷണ പഠനങ്ങളാണ് അര്‍ത്ഥവത്തായ ശതാബ്ദി ആചരണം. സത്യസന്ധവും നിശിതവുമായ പരിശോധനയിലൂടെ ബലഹീനതകള്‍ കണ്ടെത്തി തിരുത്തി, നിലക്കാത്ത സമരസംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ ശക്തിസ്വാധീനങ്ങള്‍ പലമടങ്ങ് വര്‍ദ്ധിക്കുന്ന കമ്യൂണിസ്റ്റ് മുന്നേറ്റമാണ് കാലം ആവശ്യപ്പെടുന്നത്. ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഭരണസംവിധാനം ഉയര്‍ത്തുന്ന വെല്ലുവിളി അസാധാരണമാണ്. അതിനെതിരായ വിപുലമായ ബഹുജന സമരപ്രസ്ഥാനം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. കൊവിഡിന്റെ വിലക്കുകള്‍ക്കിടയിലും അതിന്റെ സൂചനകള്‍ ഉത്തരേന്ത്യയിലെ കര്‍ഷക സമരങ്ങളിലും തൊഴിലാളി-ദളിത്-ആദിവാസി-യുവജന വിദ്യാര്‍ത്ഥി സ്ത്രീ മുന്നേറ്റങ്ങളിലും മറ്റും കാണാനാവും. കമ്യൂണിസ്റ്റുകാരും ഇടതുപക്ഷവും അവയില്‍ നിര്‍ണ്ണായകമായി ഇടപെട്ടുകൊണ്ട് രാഷ്ട്രീയ ബലാബലത്തില്‍ തീവ്ര വലതുപക്ഷത്തിനെതിരായ മാറ്റം സൃഷ്ടിക്കുകയാണ് ഏറ്റവും പ്രധാനം.

ഇച്ഛാശക്തിയുടെ ശുഭാപ്തിവിശ്വാസത്തിലൂടെയാണ് ദുരധികാരത്തിന്റെ ഈ വേതാള നൃത്തകാലത്ത് പുരോഗമനശക്തികള്‍ക്കു പിടിച്ചുനില്‍ക്കാനും മുന്നേറാനും സാധിക്കുക. ചങ്കുറപ്പുള്ള കമ്യൂണിസ്റ്റുകാര്‍ പോരാട്ടം തുടരുന്നു എന്നതാണ് ശതാബ്ദിനാളുകളിലെ യാഥാര്‍ത്ഥ്യം. അതുമാത്രമാണ്, അന്യഥാ ഇരുളടഞ്ഞ ഇന്നത്തെ ലോകത്ത് ശുഭപ്രതീക്ഷയുടെ പ്രകാശവീചികള്‍ പ്രസരിപ്പിക്കുന്നത്.

(ലേഖകന്‍ സി.പി.എം പോളിറ്റ്ബ്യൂറോ അംഗമാണ്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com