'സ്റ്റാലിനിസ്റ്റ് മനോഭാവമാണ് ഇന്ത്യയില്‍ ഇടതുപക്ഷം ശോഷിച്ച് ഇല്ലാതാകുന്നതിന്റെ കാരണം'

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരിലൊരാളായ എം.എന്‍. റോയിയുടെ മുന്നറിയിപ്പുകളെ അവഗണിച്ചതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറകോട്ടടിക്കു പ്രധാന കാരണങ്ങളിലൊന്ന്
ലെനിൻ, മാക്സിം ​ഗോർക്കി എന്നിവർക്കൊപ്പം എംഎൻ റോയ്
ലെനിൻ, മാക്സിം ​ഗോർക്കി എന്നിവർക്കൊപ്പം എംഎൻ റോയ്

1920 ഒക്ടോബര്‍ 17-നാണ് എം.എന്‍. റോയിയുടെ നേതൃത്വത്തില്‍ താഷ്‌ക്കന്റില്‍വെച്ച് ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവല്‍ക്കരിച്ചത്. എം.എന്‍. റോയിക്കും ഭാര്യ ഏവ്ലിന്‍ റോയിക്കും പുറമേ മുഹമ്മദ് ഷഫീഖ്, അബനി മുഖര്‍ജി, റോസ് ഫിറ്റിന്‍ഗോ, ആചാര്യ എം.പി.ടി. മുഹമ്മദ് അലി എന്നിവരും ആ രൂപീകരണയോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയും ചരിത്രവും എം.എന്‍. റോയിയെ തമസ്‌കരിക്കുകയാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ കേരളത്തിലെ (ഇന്ത്യയില്‍ പോലും) കലാശാലാ ചരിത്രവിദ്യാര്‍ത്ഥികള്‍ക്കോ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കോപോലും എം.എന്‍. റോയ് എന്ന ധിഷണാശാലിയെ അറിയാതെ പോയി. ഈ അവസരത്തില്‍ പാര്‍ട്ടി സ്ഥാപകനായ റോയിയെക്കുറിച്ചും അദ്ദേഹം അവസാനം എത്തിപ്പെട്ട റാഡിക്കല്‍ ഹ്യൂമനിസത്തെക്കുറിച്ചും വിശദീകരിക്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു.

125-ല്‍പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബംഗാളിലെ ഒരു കുഗ്രാമത്തില്‍ ഒരു സാധാരണ കുടുംബത്തില്‍ പിറന്ന്, 14 വയസ്സു മുതല്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ മുഴുകി ഊരും പേരുമെല്ലാം മാറ്റി ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ച് 18 ഭാഷകള്‍ പഠിച്ച്, താന്‍ ജീവിച്ച കാലഘട്ടത്തിലെ പ്രമുഖ നേതാക്കളുടെ സമശീര്‍ഷനായും ചിലപ്പോള്‍ അവരേക്കാള്‍ ഉയര്‍ന്നു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് എം.എന്‍. റോയ്. മെക്സിക്കോവില്‍നിന്ന് മോസ്‌കോവിലേയ്ക്ക് യാത്രചെയ്യുന്നതിനിടയില്‍ 1920-ന്റെ തുടക്കത്തില്‍ ബര്‍ലിനിലെത്തിയ റോയ്, റോസാ ലക്സംബര്‍ഗിന്റെ രചനകളുമായും ജര്‍മന്‍ കമ്യൂണിസ്റ്റുകളുമായി പരിചയപ്പെടുകയും കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുകയും ചെയ്തു. സോവിയറ്റ് റഷ്യയ്ക്ക് പുറത്ത് രൂപീകരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി മെക്സിക്കോവിലായിരുന്നു. അതിന്റെ സ്ഥാപകനും എം.എന്‍. റോയ് തന്നെയായിരുന്നു.

കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ പ്രസീഡിയത്തിലും പരമോന്നത സമിതിയായ എക്സിക്യൂട്ടീവിലും എം.എന്‍. റോയ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലെനിന്‍ തയ്യാറാക്കിയ കൊളോണിയല്‍ തിസ്സീസിന് ചില ഭേദഗതികള്‍ എം.എന്‍. റോയ് മുന്നോട്ടുവെച്ചപ്പോള്‍ അത് ഭേദഗതിയായി അവതരിപ്പിച്ച് ചര്‍ച്ച ചെയ്യുന്നതിന് ലെനിന്‍ തന്നെ മുന്‍കൈയെടുക്കുകയുണ്ടായി.

1920-ന്റെ തുടക്കത്തില്‍ ബര്‍ലിനിലെത്തിയ റോയ്, അവിടെവെച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്കുവേണ്ടി ഒരു 'ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ' തയ്യാറാക്കുകയും അത് ഗ്ലാസ്ഗോ സോഷ്യലിസ്റ്റ് എന്ന പ്രസിദ്ധീകരണത്തില്‍ പ്രകാശിതമാവുകയും ചെയ്തു. ഇത് എം.എന്‍. റോയിയുടെ സംഘടനാപരവും സൈദ്ധാന്തികവുമായ കഴിവിനു ദൃഷ്ടാന്തമാണ്.

നവമാനവികവാദം ദേശീയ വിമോചനം

എം.എന്‍. റോയിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ ലെനിനും കോമിന്റേണും 1922-ല്‍ അദ്ദേഹത്തെ കോമിന്റേണ്‍ നിര്‍വ്വാഹസമിതിയുടെ കാന്റിഡേറ്റ് അംഗമാക്കുകയും 1924-ല്‍ എക്സിക്യൂട്ടീവിന്റെ പൂര്‍ണ്ണ അംഗമാക്കുകയും ചെയ്തു. പിന്നീട് 1925-ല്‍ റോയ് കോമിന്റേണ്‍ സെക്രട്ടറിയേറ്റിലും ഓര്‍ഗ്ബ്യൂറോ എന്ന സമുന്നത നേതൃത്വത്തിലും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടി ഘടകങ്ങളെക്കുറിച്ച് എം.എന്‍. റോയിക്കും എം.എന്‍. റോയിയുടെ നിലപാടുകളെ സംബന്ധിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും പല വിമര്‍ശനങ്ങളുമുണ്ടായി. ഇവ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ശ്രമിക്കാതെ ഒരു കൂട്ടം പാര്‍ട്ടിനേതൃത്വത്തിലേയ്ക്ക് കയറി റോയിയെ ഒഴിവാക്കുകയാണുണ്ടായത്! കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അധികാരത്തിന്റെ അനുശാസനകള്‍ക്ക് പ്രസക്തിയേറിവന്നപ്പോള്‍ ആ വീഴ്ചയെ അദ്ദേഹം വിമര്‍ശിച്ചു. അദ്ദേഹം ആരുടേയും ഭക്തനായില്ലെന്നു മാത്രമല്ല, ശക്തരായവരോട് അടിമപ്പെടുന്ന സ്വഭാവവും അദ്ദേഹത്തിനില്ലായിരുന്നു. മനുഷ്യപുരോഗതിയുടെ അടിസ്ഥാനം വര്‍ഗ്ഗസമരമാണെന്ന മാര്‍ക്സിയന്‍ ചൊല്ല് റോയ് തിരുത്തി. വിജ്ഞാനദാഹവും സ്വാതന്ത്ര്യാന്വേഷണവുമാണ് അതിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം സ്ഥാപിച്ചു. അങ്ങനെ അദ്ദേഹം ദേശീയത്വത്തില്‍നിന്ന് കമ്യൂണിസത്തിലേയ്ക്കും കമ്യൂണിസത്തില്‍നിന്നു പുതിയ ഹ്യൂമനിസത്തിലേയ്ക്കും മുന്നേറി. 1940-ല്‍ അദ്ദേഹം സ്ഥാപിച്ച റാഡിക്കല്‍ ഡമോക്രാറ്റിക് പാര്‍ട്ടി 1948-ല്‍ പിരിച്ചുവിട്ടു. സ്വാതന്ത്ര്യാനന്തര രാജ്യം അതിഭീകരമായ അഴിമതിയിലേയ്ക്കും ഏകാധിപത്യ പ്രവണതയിലേയ്ക്കും വഴിമാറിപ്പോകുന്നുവെന്നതിനാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ജനനന്മയ്ക്കുതകുന്നതല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഏകാധിപത്യപരമായ അധികാരത്തിനുവേണ്ടി ദാഹിക്കുന്ന സര്‍വ്വാധിപത്യ ശക്തികളായിട്ടാണ് രാഷ്ട്രീയ ലോകം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി. അത് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പൊതുവായ ക്ഷേമത്തിനും ഒരുപോലെ ഉപദ്രവകരമായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹിന്ദുമതത്തിലുള്‍ക്കൊണ്ട  സാമൂഹികാടിമത്തം പോകാതെ ദേശീയ സ്വാതന്ത്ര്യത്തിനു യാതൊരു അര്‍ത്ഥവുമില്ലെന്ന് റോയ് പ്രഖ്യാപിച്ചു. ദാര്‍ശനികവും സാംസ്‌കാരികവുമായ ഒരു വിപ്ലവത്തിന്റെ തുടര്‍ച്ചയല്ലാത്ത ദേശീയ സ്വാതന്ത്ര്യം ഇന്ത്യയിലെ മനുഷ്യരുടെ സ്വാതന്ത്ര്യമായിരിക്കില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഗാന്ധിയന്‍ പരിപാടികളും ആദര്‍ശങ്ങളും ഈ ലക്ഷ്യത്തിലെത്താന്‍ അപര്യാപ്തമാണെന്ന് റോയിക്ക് അഭിപ്രായമുണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹം റാഡിക്കല്‍ ഹ്യൂമനിസ്റ്റായി രൂപാന്തരപ്പെടുന്നത്.

രാഷ്ട്രീയത്തേയും രാഷ്ട്രീയപ്രവര്‍ത്തനത്തേയും സംബന്ധിച്ചുള്ള പരമ്പരാഗതമായ ധാരണകളില്‍നിന്നും അതുപോലെതന്നെ, ഏതെങ്കിലും രാഷ്ട്രീയകക്ഷിക്ക് ഉപയോഗിക്കാനുള്ള ഉപകരണം മാത്രമാണ് സാധാരണ മനുഷ്യന്‍ എന്ന വിശ്വാസത്തില്‍നിന്നുള്ള മോചനവുമാണ് ന്യൂ ഹ്യൂമനിസത്തിന്റെ ലക്ഷ്യം. പ്രകൃത്യാതീത ശക്തികളെ തിരസ്‌കരിച്ചുകൊണ്ട് മാനുഷികമൂല്യങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുകയും മനുഷ്യമനസ്സിനെ സര്‍വ്വപ്രധാനമായി കരുതുകയും ചെയ്യുന്ന യുക്തിസഹമായ സാംസ്‌കാരികപദ്ധതിയുടെ മാനുഷിക മനോഭാവമാണ് ഹ്യൂമനിസം. മനുഷ്യനാണ് എല്ലാത്തിന്റേയും കേന്ദ്രബിന്ദു. ഹ്യൂമനിസത്തെ പല വിധത്തില്‍ വീക്ഷിക്കാം. മതപരമായും മതരഹിതമായും. മതപരമായ സമീപനത്തിന്റെ ഉപജ്ഞാതാക്കളാണ് ബുദ്ധനും തോമസ് മൂറും ഗാന്ധിജിയും ശ്രീനാരായണഗുരുവുമെങ്കില്‍ മതരഹിത വീക്ഷണത്തിന്റെ പ്രവാചകരായിരുന്നു ടെറന്‍സും എം.എന്‍. റോയിയും.

ഹ്യൂമനിസം നമ്മെ പഠിപ്പിക്കുന്നത് ഓരോ മനുഷ്യനും അവന്റേതായ വ്യക്തിത്വവും മൂല്യവുമുണ്ട് എന്നതാണ്. അതിനാല്‍ എല്ലാ വ്യക്തികളേയും ബഹുമാനിക്കുക. ഹ്യൂമനിസത്തിന്റെ വേര് പ്രാചീന ഗ്രീക്ക്-റോമന്‍ സംസ്‌കാരങ്ങളുടെ ജീവിതരീതിയിലും ചിന്താധാരയിലും അധിഷ്ഠിതമാണെങ്കിലും അതൊരു ചരിത്ര പ്രതിഭാസമായി മാറുന്നത് 1300-1500 കാലഘട്ടത്തില്‍ യൂറോപ്പിലാണ്. മനുഷ്യനെപ്പറ്റി പഠിക്കാനുള്ള ഹ്യൂമനിസത്തിന്റെ ത്വരയുടേയും സമീപനത്തിന്റേയും ഫലമായി ഉണ്ടായ സാംസ്‌കാരിക ഉണര്‍വിന്റെ പരിണതഫലമാണ് യൂറോപ്പിലെ നവോത്ഥാനപ്രസ്ഥാനം. സത്യം, ധര്‍മ്മം, നീതി, ദയ, സാഹോദര്യം എന്നീ മൂല്യങ്ങളാണ് മനുഷ്യത്വത്തിന്റെ അടിസ്ഥാനം. അവിടെ അദൃശ്യശക്തികള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. ഈ മൂല്യങ്ങളെ സ്വായത്തമാക്കിയവര്‍ക്കേ ആദര്‍ശവാദിയോ പ്രാപഞ്ചിക മനുഷ്യനോ ആവാന്‍ കഴിയൂ. ഈ ആശയമാണ് റോയ് മരണം വരെ വെച്ചുപുലര്‍ത്തിയത്.

എം.എന്‍. റോയ് എന്ന ബൗദ്ധികപ്രതിഭാസത്തെ അറിഞ്ഞുകൊണ്ട് അവഗണിക്കുന്ന ഒരു പ്രക്രിയ പാര്‍ട്ടി ചരിത്രകാരന്മാര്‍ എന്നോ തുടങ്ങിയതാണ്. ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ, ഗാന്ധിയന്‍ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തെ വിമര്‍ശനബുദ്ധിയോടെ വിലയിരുത്തിയ റോയിയുടെ സപ്ലിമെന്ററി തിസ്സീസിനെ അഭിപ്രായവ്യത്യാസമുണ്ടായിട്ടുകൂടി പാര്‍ട്ടിയുടെ രണ്ടാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ സ്വീകരിച്ച ലെനിന്റെ മനോഭാവം ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ കാണിക്കാതിരുന്നത് ചരിത്രപരമായ ഒരു വിരോധാഭാസമാണ്. ലെനിനുശേഷം ലെനിന്റെ പൊളിറ്റ്ബ്യൂറോയിലുണ്ടായിരുന്നവരെ മുഴുവന്‍ സ്റ്റാലിന്റെ പാര്‍ട്ടി കൊന്നുകളഞ്ഞു. ട്രോട്‌സ്‌കിയും ക്രൗട്‌സ്‌കിയും ബുറാറിനും സിനോവീവുമൊക്കെ ഇങ്ങനെ ഇല്ലാതാക്കപ്പെട്ടവരാണ്. പാര്‍ട്ടികള്‍ വളരുമ്പോള്‍ യഥാര്‍ത്ഥ വിപ്ലവം ഇല്ലാതാവുന്നു. പിറവിയുടെ ശതാബ്ദിവേളയില്‍ ഇന്ത്യയില്‍ ഇടതുപക്ഷം ശോഷിച്ചില്ലാതായിക്കൊണ്ടിരിക്കുന്നതിന്റെ കാരണം ഈ സ്റ്റാലിനിസ്റ്റ് മനോഭാവമാണ്. അടിയന്തരാവസ്ഥയേയും ഫാസിസത്തേയും എതിര്‍ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എങ്ങനെ സ്റ്റാലിനിസ്റ്റ് മനോഭാവത്തെ സ്വാഗതം ചെയ്യാനാവുന്നു എന്നതാണ് ചിന്തിക്കേണ്ട വസ്തുത. പാര്‍ട്ടിയോ പാര്‍ട്ടി ആശയങ്ങളോ അല്ല, നേതൃത്വമാണ് മുഖ്യഘടകമെന്ന ആശയം വെച്ചുപുലര്‍ത്തുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍, അണികളും അനുയായികളും നേതൃത്വത്തെ ആരാധിക്കുന്നു. അവരുടെ വാക്കുകള്‍ അതേപടി അനുസരിക്കുന്നു. ഒരുതരം ഏകാധിപത്യ സ്വഭാവം പാര്‍ട്ടിയുടെ തുടക്കം മുതല്‍ (സ്റ്റാലിന്റെ കാലം മുതല്‍) ആരംഭിച്ചു. എതിര്‍ക്കുന്നവരേയും ചോദ്യം ചെയ്യുന്നവരേയും പുറത്താക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന രീതി പാര്‍ട്ടി സ്റ്റാലിന്റെ കാലം മുതല്‍ തുടര്‍ന്നുവരുന്നു. സ്റ്റാലിനുമായുള്ള ആശയപരമായ വിയോജിപ്പാണ്, ആദ്യം അബനി മുഖര്‍ജിയേയും തുടര്‍ന്ന് റോയിയേയും പുറത്താക്കാനുള്ള കാരണം. ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രത്തിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് കാണാനാവുന്ന ഒരു ദുഃഖസത്യമാണ് നേതൃവാഞ്ഛ, ഉപജാപം, ആദര്‍ശഭിന്നത എന്നിവ. ഇത് പലപ്പോഴും അവശ്യം വേണ്ടിയിരുന്ന യോജിപ്പിനു വിഘാതം സൃഷ്ടിച്ചിട്ടുമുണ്ട്. തുടര്‍ന്ന് സി.പി. ജോഷിയും അജോയ്‌ഘോഷും പാര്‍ട്ടിയുടെ തലപ്പത്തെത്തി.
നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിപക്ഷകക്ഷിയായിരുന്നു. നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള ചായ്വും റഷ്യയുമായുള്ള ഉടമ്പടികളും പ്രതിപക്ഷത്തുള്ള പാര്‍ട്ടിയും പിന്തുടര്‍ന്നതിനാല്‍ പ്രതിപക്ഷത്തിന്റെ ശക്തി പ്രകടിപ്പിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. പാര്‍ട്ടിയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമായി എന്ന് പറയാതെ വയ്യ.

1964-ലാണ് പാര്‍ട്ടിയില്‍ പ്രധാന വിഭജനം നടക്കുന്നത്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടി ഓഫ് ഇന്ത്യ എന്നിങ്ങനെ പാര്‍ട്ടി വിഭജിക്കപ്പെട്ടു. കോണ്‍ഗ്രസ്സുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന അഭിപ്രായത്തെ എതിര്‍ത്തവരാണ് സി.പി.ഐ. (എം) ആയി മാറിയത്. ആ പാര്‍ട്ടിയെ നയിച്ചത് എ.കെ. ഗോപാലന്‍, പി. സുന്ദരയ്യ, എം. ബാസവ പുന്നയ്യ, ജ്യോതിബസു, ഇ.എം.എസ്, ബി.ടി. രണദിവെ എന്നിവരായിരുന്നെങ്കില്‍ സി.പി.ഐയെ നയിച്ചത് എസ്.എ. ഡാങ്കേ, കെ. ദാമോദരന്‍, അച്ചുതമേനോന്‍, എം.എന്‍. ഗോവിന്ദന്‍ നായര്‍, പി. രാജശേഖര റെഡ്ഢി എന്നിവരായിരുന്നു. ആശയപരമായ ഈ വിഭജനം പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കാന്‍ വലിയ തോതില്‍ കാരണമായി. സി.പി.എം ചൈനയോടും സി.പി.ഐ സോവിയറ്റ് റഷ്യയോടും അനുഭാവം പുലര്‍ത്തി.

1967-ല്‍ നക്സല്‍ മൂവ്‌മെന്റ് പാര്‍ട്ടിയെ വീണ്ടും തളര്‍ത്തി. ഇവരുടെ നേതാക്കള്‍ ചാരുമജുംദാറും കനുസന്യാലുമായിരുന്നു. 1968-ല്‍ ഇവര്‍ വീണ്ടും പിളര്‍ന്നു. 1972-ല്‍ ചാരുമജുംദാറുടെ മരണത്തോടെ സി.പി.ഐ. (എം.എല്‍) എന്ന നക്സല്‍ സംഘടനയും ഛിന്നഭിന്നമായി. സി.പി.ഐയില്‍ ആശയത്തിന്റെ പേരില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ 1981-ല്‍ ഡാങ്കേയെ പുറത്താക്കുന്നതില്‍ കലാശിച്ചു. ഡാങ്കേ, കോണ്‍ഗ്രസ് അനുഭാവം വെച്ചുപുലര്‍ത്തുന്നുവെന്നായിരുന്നു, ഇടതുപക്ഷത്തോട് ചായ്വുണ്ടായിരുന്ന രാജേശ്വര്‍ റാവുവിന്റെ അഭിപ്രായം.

ഭാര്യ ഏവ് ലിനൊപ്പം റോയ്
ഭാര്യ ഏവ് ലിനൊപ്പം റോയ്

മുതലാളിത്തത്തിനു മുന്നില്‍ മുട്ടുമടക്കുമ്പോള്‍

ചരിത്രത്തിലെ ഏറ്റവും സംഘടിത സമ്പ്രദായമായിട്ടാണ് മുതലാളിത്തം പിറവിയെടുത്തത്. അതുകൊണ്ടുതന്നെ ഇന്നതിനെ തകര്‍ത്തെറിയാന്‍ ഒരു വിപ്ലവസംഘടനകള്‍ക്കും സാദ്ധ്യമല്ല. മാത്രമല്ല, എല്ലാ വിപ്ലവവാദികളും കുറേശ്ശയായി മുതലാളിത്തത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കേന്ദ്രഭരണകൂടത്തിനു ധനസഹായം നല്‍കുന്നത് മുതലാളിത്ത രാജ്യങ്ങളാണ്. ഇവരുടെ നിബന്ധനകള്‍ കേന്ദ്രഭരണകൂടത്തിന് അനുസരിക്കേണ്ടിവരികയും മറ്റ് സംസ്ഥാന ഭരണകൂടങ്ങളെ അനുസരിക്കാന്‍ പ്രേരിപ്പിക്കുകയും നിര്‍ബ്ബന്ധിക്കുകയും ജനങ്ങളില്‍ ഇവ നിഷ്‌കരുണം അടിച്ചേല്പിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്‍ അധികാരത്തിലും ഭരണമേധാവിത്വത്തിലും ഭ്രമിക്കുന്ന ആര്‍ക്കും മുതലാളിത്ത വ്യവസ്ഥിതിയുമായി സഹകരിക്കാനേ കഴിയൂ. ഈ കാര്യം വ്യക്തമായും മനസ്സിലാക്കിയതുകൊണ്ടാണ് 1957-ല്‍ കേരളത്തില്‍ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി ഇ.എം.എസ്, ''ഞാന്‍ രൂപീകരിക്കാന്‍ പോകുന്ന സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള അടിയന്തര പരിപാടി നടപ്പില്‍വരുത്തുന്ന ഗവണ്‍മെന്റായിരിക്കും. അല്ലാതെ ഒരു കമ്യൂണിസ്റ്റ് സമുദായം കെട്ടിപ്പടുക്കുന്നതിനുള്ള ഗവണ്‍മെന്റായിരിക്കില്ല...'' എന്ന് പറഞ്ഞത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങള്‍, തങ്ങള്‍ അധികാരത്തിലുള്ള അവസരങ്ങളില്‍, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സ്വഭാവത്തിനനുസരിച്ച് ഓരോ പാര്‍ട്ടി കോണ്‍ഗ്രസ്സിലും മാറ്റം വരുത്തിയതായി വര്‍ഷങ്ങള്‍ക്കു മുന്‍പേ, അന്നത്തെ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട സാമ്പത്തിക, വ്യാവസായിക നയങ്ങള്‍ തീരുമാനിച്ചുറപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ബാദ്ധ്യസ്ഥരാണെന്ന തിരിച്ചറിവ് ഉണ്ടായതിനെത്തുടര്‍ന്ന്, ജനങ്ങളുടെ താല്പര്യസംരക്ഷണം മുന്നിലേക്കിട്ട് വികസനപദ്ധതികള്‍ക്കായി വിദേശമൂലധനം സ്വീകരിക്കാമെന്നും സി.പി.എം. അതിന്റെ 18-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നയരൂപീകരണം നടത്തി.

രാഷ്ട്രീയത്തെ സമുദായവുമായി ബന്ധിപ്പിച്ച് അധികാരം സ്ഥാപിക്കാന്‍ വ്യഗ്രതകാട്ടിയതും മുന്നണി കൂട്ടുകെട്ട് തുടങ്ങിയതും 1960-കളിലാണ്. വിമോചനസമരവും പാര്‍ട്ടിയിലെ പിളര്‍പ്പും പാര്‍ട്ടിയെ ക്ഷയിപ്പിക്കുന്നുവെന്ന് മനസ്സിലാക്കിയ ഇ.എം.എസ്, വിജയത്തിനുവേണ്ടി സപ്തമുന്നണി ആവിഷ്‌കരിച്ചത് ഈ കാലത്താണ്. ആ കൂട്ടുകെട്ട് തെറ്റായിപ്പോയെന്ന് അദ്ദേഹം പിന്നീട് പരിതപിക്കുകയുമുണ്ടായി. പാര്‍ട്ടിയുടെ ആശയങ്ങളും പാര്‍ട്ടി നേതൃത്വത്തിന്റെ ആശയങ്ങളും പൊരുത്തപ്പെടാതിരിക്കുകയും നേതൃത്വത്തിന്റെ ആശയങ്ങള്‍ക്ക് പ്രാധാന്യമേറിയതും പാര്‍ട്ടിക്കു പറ്റിയ മറ്റൊരു അപചയമാണ്. യോജിക്കാന്‍ കഴിയാത്തവര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പുറത്താക്കപ്പെടുകയോ പുറത്തുപോവുകയോ ചെയ്തു. നേതൃത്വവുമായി ഉടക്കി പുറത്തുപോയവര്‍, അധികാരത്തിനുവേണ്ടി ആദര്‍ശരഹിതമായ മറ്റ് പാര്‍ട്ടികളുമായി കൂട്ടുകൂടി അധികാരം പങ്കിടാന്‍ ശ്രമിച്ചത് നമ്മുടെ രാഷ്ട്രീയക്രമത്തില്‍ സംഭവിച്ച വലിയ അപചയമാണ്. അത്തരക്കാരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്തുന്നതിലുണ്ടായ പരാജയവും അവരോടുള്ള പകപോക്കലും പാര്‍ട്ടിക്കു സംഭവിച്ച ക്ഷീണത്തിനു കരുത്തേകി.

ഇന്ത്യയുടെ സ്വാഭാവികവും സാര്‍വ്വജനീനവുമായ ഭാഗമായിരുന്നു ഇടതുപക്ഷം. 1960-കളില്‍ തൊഴിലാളിപ്രസ്ഥാനം, നീതി, വിപ്ലവം എന്നിവയ്ക്കായിരുന്നു ഊന്നല്‍ നല്‍കിയിരുന്നത്. 1990-കളായപ്പോള്‍ അക്രമം രാഷ്ട്രീയത്തിലേക്ക് അധഃപതിച്ചുവെന്ന് സഹയാത്രികര്‍പോലും പരാതിപ്പെടുന്നു. അതിന്റെ തിക്തഫലങ്ങള്‍ നോക്കൂ: 1951-'52ലെ ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 16 സീറ്റുകളുണ്ടായിരുന്നു. 1962-ല്‍ അത് 29 ആയി. 1967 ആയപ്പോഴേയ്ക്കും ഇടത് സാന്നിദ്ധ്യം 42 ആയി ഉയര്‍ന്നു. എന്നാല്‍, അപ്പോഴേക്കും പാര്‍ട്ടി മൂന്നായി പിളര്‍ന്നു. 2004-ല്‍ 10 സീറ്റും 2019-ല്‍ 6 സീറ്റുമായി അധഃപതിച്ചത് പാര്‍ട്ടി കൂലങ്കഷമായി ചിന്തിക്കേണ്ട  വസ്തുതയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com