'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയാണ് കമ്യൂണിസം നേരിടുന്ന വെല്ലുവിളി'

ആദ്യകാലത്ത്, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശിഥിലവും ഏകശിലാരൂപത്തിലല്ലാത്തതുമായ സംഘടനാരൂപം ആന്തരികവും ബാഹ്യവുമായ വെല്ലുവിളികളെ മറികടന്ന് കരുത്താര്‍ജ്ജിക്കുന്നു എന്നതാണ് ചരിത്രം നല്‍കുന്ന ചിത്രം
'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയാണ് കമ്യൂണിസം നേരിടുന്ന വെല്ലുവിളി'

രുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് ഇന്ത്യയില്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം മുന്‍നിര്‍ത്തിയുള്ള വിപ്ലവചിന്തകള്‍ ഉടലെടുക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനോടും അതിന്റെ പ്രവര്‍ത്തനരീതിയോടുമുള്ള അതൃപ്തി പലമട്ടില്‍ സ്വാതന്ത്രേ്യച്ഛുക്കളുടെ, വിശേഷിച്ചും അവരില്‍ യുവാക്കളുടെ രാഷ്ട്രീയ ചിന്തയില്‍ പ്രതിഫലിച്ചു. രാജ്യത്തിനകത്തും പുറത്തും ചെറിയ ചെറിയ സംഘങ്ങള്‍ സായുധമാര്‍ഗ്ഗം അവലംബിച്ചും സ്വാതന്ത്ര്യത്തിലേക്കു മുന്നേറണം എന്ന ചിന്തയോടുകൂടി രൂപമെടുത്തു. ഈ സന്ദര്‍ഭത്തിലാണ് റഷ്യന്‍ വിപ്ലവം വിജയിക്കുന്നതും സോവിയറ്റ് യൂണിയന്‍ പതുക്കെ ഒരു ലോകശക്തിയാകുന്നതും.

ഇംഗ്ലണ്ട് ചെന്നുചാടുന്ന എല്ലാ വിഷമാവസ്ഥകളേയും മുതലെടുക്കുക എന്നതായിരുന്നു തുടക്കം മുതല്‍ക്കേ ഇന്ത്യന്‍ വിപ്ലവകാരികളുടെ തന്ത്രം. സ്വാഭാവികമായും ശത്രുവിന്റെ ശത്രു മിത്രം എന്ന നിലപാടിനെ അടിസ്ഥാനപ്പെടുത്തി അവര്‍ അന്താരാഷ്ട്രാതലത്തില്‍ പുതിയ സഖ്യകക്ഷികളേയും രക്ഷാകര്‍ത്താക്കളേയും കണ്ടെത്തി. ഒന്നാം ലോകമഹായുദ്ധ കാലത്ത് ജര്‍മനി ആയിരുന്നു അവരുടെ പ്രധാന ആശ്രയകേന്ദ്രം. ജര്‍മനിയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തി ഒരു കമ്മിറ്റി രൂപീകരിക്കപ്പെട്ടു. വിപ്ലവകാരികള്‍ക്കും ജര്‍മന്‍ ഗവണ്‍മെന്റിനുമിടയില്‍ സഹകരണം മെച്ചപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. ഇന്ത്യയില്‍ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവം സാദ്ധ്യമാക്കുന്നതിന് പത്തു ദശലക്ഷം മാര്‍ക്ക് അക്കാലത്ത് ചെലവിട്ടതായി ചരിത്രരേഖകളുണ്ട്. 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകം പിന്നിടുമ്പോഴേക്കും യൂറോപ്പ്, പ്രത്യേകിച്ചും ജര്‍മനി ഇന്ത്യന്‍ വിപ്ലവകാരികളുടെ സങ്കേതമായി മാറിക്കഴിഞ്ഞിരുന്നു. മാഡം കാമ, ശ്യാംജി കൃഷ്ണ വര്‍മ്മ, വി.ഡി. സവര്‍ക്കര്‍, വി.വി.എസ്. അയ്യര്‍, എം.പി.ടി. ആചാര്യ, മദന്‍ലാല്‍ ധ്രിങ്ഗ്ര തുടങ്ങിയവരൊക്കെ യൂറോപ്പില്‍ താമസിച്ചുകൊണ്ട് ഇന്ത്യയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ജര്‍മനിയാകട്ടെ, ഇന്ത്യന്‍ വിപ്ലവകാരികളുമായുള്ള ബന്ധം അനിവാര്യമാണെന്ന് കരുതി. ബ്രിട്ടന്റെ സാമ്പത്തികാടിത്തറയ്ക്കും സൈനികശേഷിക്കും പ്രഹരമേല്പിക്കാന്‍ ഇതാണ് ഒരു നല്ല വഴിയെന്ന് ആ രാജ്യം കരുതി. ജര്‍മന്‍ ഭരണാധികാരിയായ കൈസറുടെ അനുവാദവും ഇതിനുണ്ടായിരുന്നു. വീരേന്ദ്രനാഥ് ചതോപാധ്യായ, അബിനാഷ് ചന്ദ്ര ഭട്ടാചാര്യ, ചെമ്പകരാമന്‍ പിള്ള തുടങ്ങിയവര്‍ ബെര്‍ലിനുമായി ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചു.
 
പക്ഷേ, ഈ ശ്രമങ്ങളെല്ലാം നിഷ്ഫലമാണെന്നു വൈകാതെ ഇന്ത്യന്‍ വിപ്ലവകാരികള്‍ക്കു ബോധ്യമായി. യുദ്ധത്തില്‍ ജര്‍മനി തോറ്റതോടെ ബെര്‍ലിനില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്മിറ്റി ഔപചാരികമായി പിരിച്ചുവിടപ്പെട്ടു. ജര്‍മനിയില്‍ കൈസറുടെ ഭരണം അവസാനിച്ചു. റോസ ലക്‌സംബര്‍ഗ്, കാള്‍ ല്യെബ്‌നെഹ്റ്റ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന വിപ്ലവശ്രമം പരാജയപ്പെടുകയും അവര്‍ വധിക്കപ്പെടുകയും ചെയ്തു. യുദ്ധാനന്തരം ജര്‍മനിയിലെ പുതിയ അധികാരികള്‍ക്ക് ഇന്ത്യയിലെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ താല്പര്യവുമുണ്ടായിരുന്നില്ല.

ഒന്നാം ലോകമഹായുദ്ധത്തില്‍ റഷ്യന്‍ തൊഴിലാളിവര്‍ഗ്ഗവും ബോള്‍ഷെവിക്കുകളും കൈക്കൊണ്ട യുദ്ധവിരുദ്ധ നിലപാട് ഫലത്തില്‍ ത്സാര്‍ ചക്രവര്‍ത്തിക്കും റഷ്യന്‍ ഭരണകൂടത്തിനും എതിരായിരുന്നു. 1917-ലെ സോവിയറ്റ് വിപ്ലവത്തില്‍നിന്നും ആവേശം ഉള്‍ക്കൊണ്ട് ഇന്ത്യയിലും വിദേശത്തുമായി ചെറു ചെറു ഗ്രൂപ്പുകള്‍ രൂപം കൊണ്ടുവരുന്ന കാലമായിരുന്നു അത്. വിപ്ലവകാരികളെ ജര്‍മനി കയ്യൊഴിഞ്ഞ പശ്ചാത്തലത്തില്‍ അവര്‍ സഹായത്തിനായി പുതിയ കേന്ദ്രങ്ങളിലേക്ക് പ്രതീക്ഷയോടെ നോക്കിയിരുന്ന കാലവുമായിരുന്നു അത്. മാര്‍ച്ച് വിപ്ലവത്തിനുശേഷം കാബൂളിലെ പ്രൊവിഷണല്‍ ഗവണ്‍മെന്റിന്റെ തലവനായ മഹേന്ദ്ര പ്രതാപ് റഷ്യന്‍ ടര്‍ക്കിസ്ഥാനിലേക്ക് ഒരു സന്ദേശവാഹകനെ അയച്ചെങ്കിലും പടിഞ്ഞാറിനോടുള്ള ത്‌സാറിറ്റ് നയം തന്നെയാണ് കെരന്‍സ്‌കി ഗവണ്‍മെന്റ് തുടരുകയെന്ന് അദ്ദേഹം മനസ്സിലാക്കി. എന്നാല്‍, വൈകാതെ അധികാരം പിടിച്ചെടുത്ത ബോള്‍ഷെവിക്കുകള്‍ അദ്ദേഹത്തെ മോസ്‌കോയിലേക്കു ക്ഷണിച്ചു. ബര്‍ലിനിലേക്കു പോകുംവഴിയേ മോസ്‌കോയിലെത്തിയ അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നവരെ സഹായിക്കാനാകുന്ന അവസ്ഥയിലല്ല റഷ്യയിലെ ഗവണ്‍മെന്റ് എന്നാണ് ആദ്യം തോന്നിയത്.

ജര്‍മനി എന്ന രാജ്യത്തെ ഭരണകൂടവുമായുള്ള സഖ്യം സഹായകമാകുമെന്ന കാഴ്ചപ്പാടു സംബന്ധിച്ച് ഒന്നാം ലോകമഹായുദ്ധം തീരുമ്പോഴേക്കും വിപ്ലവകാരികള്‍ക്കു മോഹമുക്തി വന്നു. അതുകണക്കേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിന്റെ ഒത്തുതീര്‍പ്പു പ്രകൃതവും വിപ്ലവകാരികളെ മടുപ്പിച്ചു. ഈയൊരു സന്ദര്‍ഭത്തിലാണ് റഷ്യന്‍ വിപ്ലവം വിജയിക്കുന്നത്. ഒക്ടോബര്‍ വിപ്ലവത്തെ സംബന്ധിച്ച് അവര്‍ക്കു ലഭിച്ച അറിവുകള്‍ അവരെ ആവേശം കൊള്ളിച്ചു. കാബൂളിലെ പ്രൊവിഷണല്‍ ഗവണ്‍മെന്റിന്റെ നേതാവ് മഹേന്ദ്ര പ്രതാപിനു പുറമേ ഒട്ടനവധി വിപ്ലവകാരികള്‍ സോവിയറ്റ് യൂണിയനിലേക്കു പോയി.

സ്വാതന്ത്ര്യസമരവും സോവിയറ്റ് യൂണിയനും

1920-ല്‍ താഷ്‌കെന്റില്‍ വെച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടകം രൂപീകരിക്കുമ്പോള്‍ പരിപാടിയും ഭരണഘടനയുമൊക്കെ ചര്‍ച്ച ചെയ്ത് സമഗ്രമായി ആവിഷ്‌കരിച്ച പാര്‍ട്ടി ആയിരുന്നില്ല. തൊഴിലാളിവര്‍ഗ്ഗ സംഘടനകളുടേയോ കര്‍ഷകസംഘടനകളുടേയോ വിമോചന പോരാട്ടങ്ങളില്‍നിന്നും സ്വാഭാവികമായും ഉരുവംകൊണ്ട ഒരു വിപ്ലവ പ്രസ്ഥാനമായിരുന്നില്ല അത്.

റഷ്യയില്‍ തൊഴിലാളിവര്‍ഗ്ഗം അധികാരം പിടിച്ചെടുത്ത സംഭവവും അതില്‍ ലെനിന്റെ നേതൃപരമായ പങ്കും വലിയ ചലനങ്ങളാണ് ഇന്ത്യന്‍ മനസ്സുകളില്‍ സൃഷ്ടിച്ചത്. ബിപന്‍ ചന്ദ്രപാലിനേയും തിലകിനേയും പോലുള്ള തീവ്രവാദി നേതൃത്വത്തെ വരെ അതു സ്വാധീനിച്ചു. പ്രധാനമായും മൂന്നു കൂട്ടരാണ് സോവിയറ്റ് യൂണിയനിലേക്ക് പ്രതീക്ഷാപൂര്‍വ്വം മുഖം തിരിച്ചത്. വിദേശരാജ്യങ്ങളില്‍ ജീവിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ബീരേന്ദ്രനാഥ് ചതോപാധ്യയേയും മഹേന്ദ്ര പ്രതാപിനേയും പോലുള്ളവരും ഗദ്ദര്‍ പാര്‍ട്ടി1 പോലുള്ള പ്രസ്ഥാനങ്ങളുമാണ് അവയിലൊരു കൂട്ടര്‍. ബ്രിട്ടീഷ് അധികാരികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന, ബങ്കിംചന്ദ്ര ചാറ്റര്‍ജി പ്രതിനിധാനം ചെയ്ത ഹിന്ദുത്വ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരുന്ന അനുശീലന്‍ സമിതിപോലുള്ള സംഘടനകളുടെ പ്രവര്‍ത്തകരാണ് രണ്ടാമത്തെ കൂട്ടര്‍. നരേന്ദ്രനാഥ് ഭട്ടാചാര്യ എന്ന മാനബേന്ദ്ര നാഥ് റോയ് (എം.എന്‍. റോയ്) അടക്കമുള്ളവര്‍ ഈ ശ്രേണിയില്‍ പെടും. തുര്‍ക്കി ആസ്ഥാനമായുള്ള ഇസ്‌ലാമിക ഭരണത്തിന്റെ, ഖിലാഫത്തിന്റെ പുന:സ്ഥാപനം കാംക്ഷിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയിരുന്ന, ഇന്ത്യയിലുള്ളവരും മൊഹാജിറുകളില്‍ പെടുന്നവരുമായ മറ്റൊരു വിഭാഗമാണ് മൂന്നാമത്തെ കൂട്ടര്‍. ഈ മൂന്നു കൂട്ടര്‍ക്കും പൊതുവായുള്ള പ്രത്യേകത ഏതു വിധേനയും സ്വാതന്ത്ര്യം നേടുക എന്ന ആശയത്തെ താലോലിച്ചവരായിരുന്നു ഇവര്‍ എന്നതാണ്.

ഇവരില്‍ കുറേപ്പേര്‍ മോസ്‌കോയിലെ കമ്യൂണിസ്റ്റ് യൂണിവേഴ്സിറ്റി ഒഫ് ടോയ്‌ലേഴ്‌സ് ഓഫ് ഈസ്റ്റില്‍ ചേര്‍ന്നു. റഷ്യയ്ക്കു പുറത്ത് ആദ്യമായി ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നത് എം.എന്‍. റോയിയുടെ നേതൃത്വത്തിലാണ്. അത് മെക്‌സിക്കോയിലായിരുന്നു. 1920-ലെ വേനല്‍ക്കാലത്ത് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ രണ്ടാമത്തെ കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത റോയി പിന്നീട് ഏഷ്യാറ്റിക് ബ്യൂറോയുടെ ചുമതല ഏറ്റെടുത്ത് താഷ്‌കെന്റിലെത്തി. ഇന്ത്യയിലെ ചിത്തരഞ്ജന്‍ ദാസിനെപ്പോലുള്ളവരുമായും അന്യരാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞിരുന്ന ഖിലാഫത്ത് പ്രവര്‍ത്തകരുമായുമൊക്കെ റോയ് നിരന്തരം ബന്ധപ്പെട്ടു.

ഒടുവില്‍ ഇന്നത്തെ ഉസ്‌ബെക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌കെന്റില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ഘടകം രൂപീകരിക്കപ്പെട്ടു. 1920 ഒക്ടോബര്‍ 17-നു ചേര്‍ന്ന ആദ്യ യോഗത്തില്‍ എം.എന്‍. റോയ്, ഈവ്‌ലിന്‍ റോയ്, അബനി മുഖര്‍ജി, മുഖര്‍ജിയുടെ ഭാര്യ റോസ ഫിറ്റ്ന്‍ഗാഫ്, അഹ്മദ് ഹസ്സന്‍ എന്ന മുഹമ്മദലി, മുഹമ്മദ് ഷഫീഖ് സിദ്ദിഖി, ഹസ്രത് അലി മൊഹാനി, റഫിഖ് അഹ്മദ്, സുല്‍ത്താന്‍ അഹ്മദ് ഖാന്‍ തരിന്‍, എം.പി.ടി. ആചാര്യ തുടങ്ങിയവരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ഘടകമെന്നു വിളിക്കാവുന്ന ഈ ഗ്രൂപ്പ് സ്ഥാപിക്കുന്നത്.

കൃത്യമായ ഒരു പരിപാടിയും മറ്റുമില്ലാതെ വിദേശത്ത് ആദ്യ ഘടകം രൂപീകരിക്കപ്പെടുന്ന അതേ കാലത്ത് ഇന്ത്യയില്‍ വ്യവസായവല്‍ക്കരണം ശക്തിപ്പെട്ടു വരുന്നുണ്ടായിരുന്നു. പ്രബലമായ ഒരു തൊഴിലാളി വര്‍ഗ്ഗത്തിന്റെ സാന്നിദ്ധ്യവും പ്രകടമാകാന്‍ തുടങ്ങിയിരുന്നു. കാര്‍ഷിക മേഖലയിലെ ഫ്യൂഡല്‍ ബന്ധങ്ങളില്‍ വലിയ ഉലച്ചില്‍ സംഭവിച്ചിരുന്നു. ഭൂരഹിത കര്‍ഷകരുടേയും കാര്‍ഷികമേഖലയെ ആശ്രയിച്ചു ജീവിച്ചിരുന്ന മറ്റു വിഭാഗങ്ങളുടേയും അസംതൃപ്തി പലമട്ടില്‍ പ്രതിഫലിച്ചിരുന്നു.

ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍നിന്നു പൂര്‍ണ്ണ സ്വാതന്ത്ര്യം നേടാനും അധ്വാനിക്കുന്ന ജനതയ്ക്ക് സ്വന്തം വിധിയുടെ യജമാനന്മാരാകാന്‍ കഴിയുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനുമായിരുന്നു കമ്യൂണിസ്റ്റുകാരുടെ പോരാട്ടം. ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നാല്‍, കൊളോണിയല്‍ നുകത്തില്‍നിന്നുള്ള മോചനം മാത്രമല്ല, എല്ലാ ഇല്ലായ്മകളില്‍നിന്നുമുള്ള ഇന്ത്യയിലെ ദരിദ്ര ജനകോടികളുടെ മോചനമാണെന്ന് കമ്യൂണിസ്റ്റുകാര്‍ വിശ്വസിച്ചു. അത്തരമൊരു വ്യവസ്ഥ സാദ്ധ്യമാണെന്നുള്ളതിന് സോവിയറ്റ് യൂണിയന്‍ എന്ന തെളിവ് അവര്‍ ഉയര്‍ത്തിക്കാട്ടി. സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടു. 1920-കളുടെ അവസാനത്തോടെ നഗര കേന്ദ്രങ്ങളില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ പ്രബലമായി. 1928-ലും 1929-ലും രാജ്യത്ത് തൊഴിലാളിവര്‍ഗ്ഗം പണിമുടക്കി. ബോംബെയിലെ ടെക്സ്‌റ്റൈല്‍ മില്‍ തൊഴിലാളികളും ബംഗാളിലെ റെയില്‍വേ തൊഴിലാളികളും നടത്തിയ നീണ്ട പോരാട്ടങ്ങള്‍ ഉള്‍പ്പെടെ നിരവധി സമരങ്ങള്‍ ചരിത്രത്തിലിടം നേടി.

സോവിയറ്റ് യൂണിയനും സഖ്യകക്ഷികളും രണ്ടാം ലോകമഹായുദ്ധത്തില്‍ നേടിയ നിര്‍ണ്ണായക വിജയമാണ് ഇന്ത്യയുള്‍പ്പെടെയുള്ള കൊളോണിയല്‍ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത് എന്നതുപോലെ, കൊളോണിയല്‍ വിരുദ്ധ സമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്കാളിത്തവും സാന്നിധ്യവും കൂടുതല്‍ പ്രകടമായതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതരാക്കിയത്. സ്വരാജ് അഥവാ പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് അംഗീകരിക്കുന്നതും അതിനെ ത്തുടര്‍ന്നു തന്നെ. 1921-ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അഹമ്മദാബാദ് സെഷനില്‍ താഷ്‌കെന്റ് ഗ്രൂപ്പ് രൂപീകരിച്ചവരില്‍ പ്രമുഖനായ മൗലാന ഹസ്രത്ത് മൊഹാനി, സ്വാമി കുമാരാനന്ദ് എന്നീ രണ്ട് കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷ് ഭരണത്തില്‍നിന്നു പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. പ്രമേയം കോണ്‍ഗ്രസ് നേതൃത്വം നിരസിച്ചപ്പോള്‍, അത് യോഗത്തില്‍ വീണ്ടും ഉന്നയിക്കപ്പെട്ടു.

ഇക്കാലത്ത് ഇന്ത്യയില്‍ പലയിടത്തും കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഉദയം കൊണ്ടു. 1921-ല്‍, ഗാന്ധി Vs. ലെനിന്‍ എഴുതിയ ശ്രീപദ് അമൃത് ഡാങ്കെയുടെ നേതൃത്വത്തിലുള്ള ബോംബെ ഗ്രൂപ്പ് ആയിരുന്നു പ്രമുഖം. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയ്ക്ക് കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് ലഭിച്ചുവന്ന സ്വീകാര്യതയുടെ വലിയ സൂചനയായിട്ടുവേണം ഡാങ്കേയുടെ രംഗപ്രവേശത്തെ കണക്കാക്കേണ്ടത്. ആശയപ്രചാരണ രംഗത്ത് ഡാങ്കേ മുന്‍കയ്യെടുത്തു. മാര്‍ക്‌സിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായ ഒരു ഗുജറാത്തി വ്യവസായിയായ ലോട്ട്‌വാലയുടെ സഹായത്തോടെ അദ്ദേഹം സോഷ്യലിസ്റ്റ് എന്ന ഒരു പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. ഇനിയും രണ്ടു വര്‍ഷം പിന്നിട്ടാണ് എം.എന്‍. റോയി വാന്‍ഗാര്‍ഡ് ഒഫ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന പ്രസിദ്ധീകരണം ആരംഭിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ ഔദ്യോഗിക പ്രസിദ്ധീകരണമായി കണക്കാക്കുന്നത് ഇതിനെയാണ്.

1920-ന്റെ അവസാന മാസങ്ങളില്‍ കൊല്‍ക്കൊത്തയില്‍ നവയുഗ് എന്നു പേരായ, ദേശീയവാദി-വിപ്ലവ പ്രസിദ്ധീകരണം നടത്തിയിരുന്ന മുസഫര്‍ അഹ്മദിന്റെ നേതൃത്വത്തിലുള്ള ഒരു ഗ്രൂപ്പായിരുന്നു മറ്റൊന്ന്. ബംഗാളി കവി നസ്രുല്‍ ഇസ്‌ലാമുമായി ചേര്‍ന്ന് അദ്ദേഹം നടത്തിയ ഈ പ്രസിദ്ധീകരണവും ആശയപ്രചരണ രംഗത്ത് ശ്രദ്ധിച്ചിരുന്നു. ലെനിന്‍, മാര്‍ക്‌സ് തുടങ്ങിയവരുടെ താത്ത്വിക ഗ്രന്ഥങ്ങള്‍ രഹസ്യമായി സംഘടിപ്പിക്കുകയും വായിക്കുകയും ചെയ്ത മുസഫര്‍ അഹ്മദ് കൊല്‍ക്കത്തയിലും പരിസരത്തുമുള്ള വ്യവസായത്തൊഴിലാളികളെ സംഘടിപ്പിക്കാനും ആരംഭിച്ചു.

തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ സജീവമായിരുന്ന, മധ്യവയസ്‌കനായ കോണ്‍ഗ്രസ്സുകാരനായ ശിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തിലുള്ള മദ്രാസ് ഗ്രൂപ്പായിരുന്നു മൂന്നാമത്തേത്. 1922 ഡിസംബര്‍ അവസാനം നടന്ന കോണ്‍ഗ്രസ്സിന്റെ ഗയാ സെഷനില്‍ പങ്ക് വഹിച്ച ചെട്ടിയാര്‍ 1923-ല്‍ ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്‍ സ്ഥാപിച്ചു.

പെഷവാര്‍ കോളേജിലെ ഗുലാം ഹുസൈന്‍ എന്ന ധനതത്ത്വശാസ്ത്ര അദ്ധ്യാപകന്റെ നേതൃത്വത്തിലുള്ള ലാഹോര്‍ ഗ്രൂപ്പായിരുന്നു നാലാമത്തേത്. താഷ്‌കെന്റില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച മുഹമ്മദലിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം മാര്‍ക്‌സിസ്റ്റ് പാത സ്വീകരിക്കുന്നത്. 1922-ല്‍ ജോലി രാജിവെച്ച് അദ്ദേഹം റയില്‍വേ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങുകയും ഇന്‍ക്വിലാബ് എന്നൊരു വിപ്ലവ പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു.

കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം സംഘടനാപ്രവര്‍ത്തനം അങ്ങേയറ്റം ദുഷ്‌കരമായ ഒരു കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ നല്ല രീതിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംഘടിപ്പിക്കുന്നതിന് ദശകങ്ങള്‍ തന്നെ വേണ്ടിവന്നു. കമ്യൂണിസ്റ്റുകാരെ ഏതു വിധേനയും അടിച്ചമര്‍ത്തുന്നതായിരുന്നു കൊളോണിയല്‍ അധികാരികളുടെ രീതി. രാജ്യത്തിന്റെ നാലു ദിക്കുകളിലും കൃത്യമായി ഇങ്ങനെ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഉണ്ടായതിനു പിറകില്‍ ഒരുതരത്തിലുമുള്ള ആസൂത്രണവും ഉണ്ടായിരുന്നില്ല. പരസ്പരമുള്ള ആശയവിനിമയം എളുപ്പമല്ലാത്ത ഒരുകാലത്ത് എങ്ങനെയാണ് ഇത്തരത്തിലുള്ള ആസൂത്രണം സുസാദ്ധ്യമാകുക? ഇതില്‍ ലാഹോര്‍ ഗ്രൂപ്പിന് നടുനായകത്വം വഹിച്ച ഗുലാം ഹുസൈനുമാത്രമാണ് എം.എന്‍. റോയിയേയും അദ്ദേഹത്തിന്റെ ഉദ്യമങ്ങളേയും കുറിച്ച് പരിചയമുണ്ടായിരുന്നത്.

ആഭ്യന്തരമായ ഉണ്ടായ രണ്ടു ഘടകങ്ങളും ഒരു ബാഹ്യപ്രേരണയും ഉള്‍ക്കൊള്ളുന്ന ചരിത്രപരമായ സാഹചര്യങ്ങളുടെ ഒരു പ്രത്യേക സംയോജനമാണ് ഇത്തരം ഗ്രൂപ്പുകളുടെ ജനനത്തിനു കാരണമായത്. ഒന്നാമതായി, ഒരു വശത്ത് ഇന്ത്യയിലെ സമൂര്‍ത്ത സാഹചര്യങ്ങളെ നേരിടാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു നേതൃത്വം നല്‍കുന്ന ഗാന്ധിയന്‍ ആശയഗതികള്‍ പോരെന്നു വരികയും വര്‍ഗ്ഗസമരം വിപ്ലവകരമായ മാനങ്ങള്‍ ആര്‍ജ്ജിക്കുകയും ചെയ്തു. രണ്ടാമതായി അളവിലും ഗുണത്തിലും ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനം പുതിയ വളര്‍ച്ചയെ പ്രാപിച്ചുവന്നു. എ.ഐ.ടി.യു.സിയുടെ രൂപീകരണവും മറ്റും ഇക്കാലത്താണ് നടക്കുന്നത്. ഇതിനെല്ലാം പശ്ചാത്തലമായി ലോകമെമ്പാടും ജനശ്രദ്ധ ആകര്‍ഷിച്ച ഒക്ടോബര്‍ വിപ്ലവമെന്നതാണ് ബാഹ്യപ്രേരണയായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന കാര്യം.

ഈ നാലു സംഘങ്ങള്‍ക്കും പുറമേ വ്യവസായങ്ങള്‍ ശക്തിപ്പെട്ടുവന്ന കാണ്‍പൂര്‍ കേന്ദ്രമാക്കി ഷൗക്കത്ത് ഉസ്മാനിയുടെ നേതൃത്വത്തിലും മറ്റൊരു സംഘം പ്രവര്‍ത്തിച്ചുവന്നിരുന്നു. ഇങ്ങനെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സംഘങ്ങള്‍ ഷൗക്കത്ത് ഉസ്മാനിയും എം.എന്‍. റോയിയും ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ 1925-ല്‍ കാണ്‍പൂരില്‍ രൂപീകരിക്കപ്പെട്ട ഏകീകൃത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി.

ചരിത്രം നല്‍കുന്ന പാഠം

നൂറു വര്‍ഷം പിന്നിട്ട ഇന്ത്യന്‍ കമ്യൂണിസം അപൂര്‍ണ്ണമായ ഒരു പദ്ധതിയാണ്. പൂര്‍ണ്ണ സ്വരാജ് അഥവാ പൂര്‍ണ്ണ സ്വാതന്ത്ര്യം ദേശീയ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യമാകുന്നത് കമ്യൂണിസ്റ്റ് ഇടപെടലോടുകൂടിയാണ്. 1934-ല്‍ എം.എന്‍. റോയിയാണ് ഭരണഘടനയ്ക്ക് രൂപംനല്‍കാന്‍ ഭരണഘടനാ അസംബ്ലി രൂപീകരിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടു വയ്ക്കുന്നത്. കാണ്‍പുര്‍ ഗൂഢാലോചനക്കേസില്‍ ജയിലിലടയ്ക്കപ്പെട്ട സന്ദര്‍ഭത്തിലാണ് ഭരണഘടനാ അസംബ്ലി എന്ന കാഴ്ചപ്പാട് റോയ് വികസിപ്പിക്കുന്നത്. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ ആശയം അംഗീകരിക്കുന്നത്.
ആഗോളതലത്തില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ ഫാസിസ്റ്റ് അച്ചുതണ്ടിനുമേല്‍ നടിയ വിജയവും യു.എസും ബ്രിട്ടനുമടക്കമുള്ള സാമ്രാജ്യത്വ ശക്തികള്‍ ദുര്‍ബ്ബലപ്പെട്ടതും ഇന്ത്യയിലെ കര്‍ഷക-തൊഴിലാളി വിഭാഗങ്ങള്‍ക്കിടയില്‍ സമരങ്ങള്‍ ശക്തിപ്പെട്ടതും ബോംബെ നാവിക കലാപം പോലുള്ള പ്രക്ഷോഭങ്ങളും മറ്റുമാണ് ഇന്ത്യയ്ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം നല്‍കുന്നതിന് ബ്രിട്ടനെ നിര്‍ബ്ബന്ധമാക്കിയത്. അതായത് രാഷ്ട്രീയ സ്വാതന്ത്ര്യം എന്ന ആശയം പ്രാവര്‍ത്തികമാകുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലുകള്‍ പ്രധാനമാണ്.

എന്നാല്‍, നവലിബറല്‍ ആശയങ്ങള്‍ക്ക് മേല്‍ക്കയ്യുള്ള ഇക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവാദിത്വം മുന്‍പത്തേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിലെ വന്‍ മുതലാളിമാരുടെ വര്‍ദ്ധിച്ചു വരുന്ന ശക്തിയും നവലിബറല്‍ പാതയിലേക്കുള്ള രാജ്യത്തിന്റെ നീക്കവും ഏറെ മുന്‍പുതന്നെ പ്രകടമായിരുന്നു എന്നാല്‍, പോലും 1991-ലാണ് ഇന്ത്യ നവലിബറല്‍ യുഗത്തിലേക്ക് പ്രവേശിക്കുന്നത്. പൊതുമേഖലാ വ്യവസായങ്ങളെ സ്വകാര്യവല്‍ക്കരിക്കാനും പൊതു ആസ്തികള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനും തൊഴില്‍ അവകാശങ്ങള്‍ ദുര്‍ബ്ബലപ്പെടുത്താനും ഗവണ്‍മെന്റുകള്‍ ശ്രമിച്ചുവരികയാണെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ആരോപിക്കുന്നു. അവയ്‌ക്കെതിരെ സമരങ്ങള്‍ നടത്തുകയും ചെയ്യുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന വര്‍ഗ്ഗസമരത്തിന്റെ രാഷ്ട്രീയത്തിനു ബദലായി, സവര്‍ക്കരുള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിക്കാട്ടുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയാണ് കമ്യൂണിസം നേരിടുന്ന മറ്റൊരു വെല്ലുവിളി. സംഘടനാപരവും രാഷ്ട്രീയവുമായ ശൈഥില്യങ്ങളെ മറികടക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എങ്ങനെ സാധ്യമാകും എന്നതിനെ ആശ്രയിച്ചിരിക്കും രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍നിന്ന് സാമ്പത്തികവും സാമൂഹികവുമായ സ്വാതന്ത്ര്യത്തിലേക്കു രാജ്യവും സമൂഹവും വളരുന്നത്. അത് എങ്ങനെ സാദ്ധ്യമാകും എന്നതാണ് ഈ ശതാബ്ദിവര്‍ഷം ഉയര്‍ത്തുന്ന ഏറ്റവും വലിയ ചോദ്യവും.

റഫറന്‍സ്
1. M.V.S. Koteswara Rao. Communist Parties and United Front - Experience in Kerala and West Bengal. Hyderabad: Prajasakti Book House, 2003. p. 82, 103

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com