'മോഹന്‍ലാലിനു മദ്യത്തിന്റെ പരസ്യം ഒരു ഡയലോഗിലൂടെ ആവിഷ്‌കരിക്കാം; മമ്മൂട്ടിയുടെ സ്വാതന്ത്ര്യ സങ്കല്പത്തെ അദൃശ്യമായ സദാചാര ഭയം നയിക്കുന്നു'

പരിപാടികളെല്ലാം റദ്ദാക്കപ്പെട്ട, കാലം അനുഭൂതികള്‍ക്ക് വിസമ്മതപത്രം നല്‍കിയ ഒരു ചരിത്രഘട്ടത്തില്‍, മലയാളികളുടെ 'ചലച്ചിത്രചരിത്ര'ത്തിലെ ഒരേയൊരു ഡയലോഗ് ഓര്‍ക്കുകയാണിവിടെ
'മോഹന്‍ലാലിനു മദ്യത്തിന്റെ പരസ്യം ഒരു ഡയലോഗിലൂടെ ആവിഷ്‌കരിക്കാം; മമ്മൂട്ടിയുടെ സ്വാതന്ത്ര്യ സങ്കല്പത്തെ അദൃശ്യമായ സദാചാര ഭയം നയിക്കുന്നു'

രിപാടികളെല്ലാം റദ്ദാക്കപ്പെട്ട, കാലം അനുഭൂതികള്‍ക്ക് വിസമ്മതപത്രം നല്‍കിയ ഒരു ചരിത്രഘട്ടത്തില്‍, മലയാളികളുടെ 'ചലച്ചിത്രചരിത്ര'ത്തിലെ ഒരേയൊരു ഡയലോഗ് ഓര്‍ക്കുകയാണിവിടെ:

'വൈകീട്ടെന്താ പരിപാടി?'

അതാണ് ആ ഡയലോഗ്. മോഹന്‍ലാല്‍ ഒരു പരസ്യചിത്രത്തില്‍ അങ്ങനെ ചോദിച്ചപ്പോള്‍, മലയാളീ സായാഹ്നങ്ങള്‍ മതേതരമായ ആ ലഹരിയെ സ്പര്‍ശിച്ചു. കേരളീയ സമൂഹത്തിലെ സവര്‍ണ്ണ/അവര്‍ണ്ണ/കമ്യൂണിസ്റ്റ്/മുസ്ലിം - ഇതെല്ലാം ഉള്‍ച്ചേരുന്ന ഒരു ജനതയുടെ സായാഹ്ന വാസന ആ ഡയലോഗില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് 'ഉന്മാദത്തില്‍ നിറച്ച സ്വാതന്ത്ര്യം' സായാഹ്നങ്ങളില്‍ പകര്‍ന്നത് ഈ ലഹരിയാണ്.

ഒരു മദ്യ ബ്രാന്‍ഡ് പരസ്യവുമായി മോഹന്‍ലാല്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത് അന്ന് വലിയ വിവാദമായിരുന്നു. ഒരു വലിയ നടന്‍ മദ്യപാനത്തെ പരസ്യമായി പിന്തുണയ്ക്കുന്നു എന്നതായിരുന്നു, ആ വിവാദത്തിലെ കേന്ദ്രബിന്ദു.

ആർട്ടിസ്റ്റ് നമ്പൂതിരിക്കൊപ്പം
ആർട്ടിസ്റ്റ് നമ്പൂതിരിക്കൊപ്പം

ഇത്, ചരിത്രപരമായി ഏറെ മുഴക്കമുള്ള ഡയലോഗായിരുന്നു. ജീവിതത്തിന്റെ പലതരം സമ്മര്‍ദ്ദങ്ങളില്‍നിന്നു ലഹരിയിലൂടെ ഇത്തിരി സ്വാതന്ത്ര്യം കൊതിച്ച മനുഷ്യരുടെ ഭാവന ആ ചോദ്യത്തില്‍ നിറഞ്ഞുനിന്നിരുന്നു. പ്രേംനസീറിനോ മമ്മൂട്ടിക്കോ ആ ഡയലോഗ് പറയാന്‍ സാധിക്കുമായിരുന്നില്ല. കാരണം, താര സ്വാതന്ത്ര്യം സിനിമയ്ക്ക് പുറത്ത് ഏറെ പരിമിതമായ രീതിയില്‍ മാത്രമാണ് മമ്മൂട്ടിക്ക് ആവിഷ്‌കരിക്കാനാവുക. മോഹന്‍ലാലിനു മദ്യത്തിന്റെ പരസ്യം ഒരു പ്രമേയമായി ഒരു ഡയലോഗിലൂടെ ആവിഷ്‌കരിക്കാം. മമ്മൂട്ടിക്ക് ഈ 'വിപണി സ്വാതന്ത്ര്യം' സാധ്യമല്ല. മമ്മൂട്ടിയുടെ സ്വാതന്ത്ര്യ സങ്കല്പത്തെ അദൃശ്യമായ സദാചാര ഭയം നയിക്കുന്നുണ്ട്. മതാത്മകമായ അദൃശ്യമായ ഈ ചരട് മോഹന്‍ലാലിനില്ല. പല വിഷയങ്ങളിലും മോഹന്‍ലാല്‍ വ്യാപകമായി അപലപിക്കപ്പെടാറുണ്ടെങ്കിലും, 'വൈകീട്ടെന്താ പരിപാടി' എന്ന ഒറ്റ ചോദ്യം, ആത്മംകൊണ്ടു തുളുമ്പാന്‍ സായാഹ്നങ്ങള്‍ക്കായി കാത്തിരുന്ന മനുഷ്യരുടെ ഉള്ളില്‍ ചെന്നു തൊട്ടു.

പരിപാടികള്‍ മുഴുവന്‍ റദ്ദാക്കപ്പെട്ട സായാഹ്നങ്ങളില്‍ ആ ചോദ്യം, ഈ അടഞ്ഞ കാലവുമായി ഒരു സംഭാഷണത്തിലേര്‍പ്പെടാന്‍ നമ്മെ സഹായിക്കുന്നു. ലഹരി നല്‍കിയ സ്വാതന്ത്ര്യം ഈ നാളുകളില്‍ ഏറെ പരിമിതമാക്കപ്പെട്ടു. നിര്‍ഭയമായ മനസ്സോടെ ബാറിലിരുന്ന മദ്യപാനം ഒരു വിദൂര സ്വപ്നംപോലെ ആയിത്തീര്‍ന്നു. ബാറുകള്‍, മതേതര ഭാവനയുടെ ധ്യാനകേന്ദ്രങ്ങളാണ്. അവയുടെ വാതിലുകള്‍ അടച്ചത്, ആ ചോദ്യത്തെ 'വിഷാദമധുരമായ' ഓര്‍മ്മയിലേക്ക് ചിലരെയെങ്കിലും കൊണ്ടുപോകുന്നു.

കവലയിലെ ആ ചെറുപ്പക്കാരന്‍

ഈ ഡയലോഗ് പറഞ്ഞ മോഹന്‍ലാലിനെ തെരുവില്‍, ആള്‍ക്കൂട്ട വാസനയുടെ പ്രതീകമായി സിബി മലയില്‍ സംവിധാനം ചെയ്ത 'കിരീട'ത്തില്‍ കാണാം. കവലകള്‍ കോവിഡ് കാല സായാഹ്നങ്ങളില്‍ നിശ്ചലമാണ്. 'ചെറിയ ഏറ്റുമുട്ടലു'കളുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന കവലകളും സായാഹ്നങ്ങളില്‍ വിജനമായി. 'പൊലീസു'കാരനാവാന്‍ ആഗ്രഹിച്ച്, ഗുണ്ടയായി തീര്‍ന്ന ഒരു മലയാളിയാണ് സേതുമാധവന്‍. ഏറ്റുമുട്ടലുകള്‍ മൊബൈലില്‍ പകര്‍ത്താനും വൈറലാക്കാനും തുടങ്ങുന്ന 'പ്രീ-മൊബൈല്‍' കാലത്തെ ഒരു കവലയാണ് കിരീടത്തിലെ സേതുമാധവന്‍ തകര്‍ത്തു വാഴുന്ന ഇടം. വൈറല്‍ വിമുക്ത കേരളത്തിലാണ് ആ അടി നടക്കുന്നത്. കവലകളില്‍ ജീവിതത്തെ ഭിന്നതലങ്ങളില്‍ അവതരിപ്പിച്ച ഒരുപാട് മനുഷ്യരുണ്ട്. ഗ്രാമത്തിലെ കുടിയന്‍, ഗ്രാമവേശ്യ, ഗ്രാമ പിന്‍പ്, ഗ്രാമ വട്ടപ്പലിശക്കാരന്‍ - ഇങ്ങനെ ജീവിതം തുറന്നരശില്‍ അനുഭവിക്കുന്നവര്‍. ഗ്രാമത്തില്‍ ജീവിക്കുന്ന മലയാളി സമൂഹത്തിലാണ് സേതുമാധവനോട് അച്ഛനായ തിലകന്‍ 'കത്തി' താഴെയിടാന്‍ പറയുന്നത്. വാട്സാപ്പും ഫേസ് ബുക്കും വരുന്നതിനു മുന്‍പാണ് ആ ഗ്രാമകാലം.

ലാൽ, കമൽഹാസൻ, മമ്മൂട്ടി
ലാൽ, കമൽഹാസൻ, മമ്മൂട്ടി

ഇത്, എല്ലാ പ്രകാരത്തിലുമുള്ള സായാഹ്ന പരിപാടികള്‍ക്കും കര്‍ശനമായ തടസ്സങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന കാലം. കവലയിലെ സാഹചര്യങ്ങളുടെ കുറ്റവാളിയില്‍നിന്ന്, അല്ലെങ്കില്‍ 'കിരീട'ത്തിലെ സേതുമാധവനില്‍നിന്ന് 'വരവേല്‍പ്പ്' എന്ന സിനിമയിലേക്ക് വരുമ്പോള്‍, നിരത്തില്‍ അരികുകളിലായി നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍ കാണാം. ഗള്‍ഫില്‍നിന്നു തിരിച്ചു വന്ന് ബസ് മുതലാളിയായി മാറിയ മോഹന്‍ലാല്‍ കഥാപാത്രത്തിന് ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രാധാന്യമുണ്ട്. അനിശ്ചിതമായ ഒരു തൊഴിലവസ്ഥയിലൂടെയാണ് ബസ് മുതലാളിമാര്‍ കടന്നു പോകുന്നത്. 'മുതലാളി'യാണെങ്കിലും അധികാര ചിഹ്നങ്ങളൊന്നും ഇപ്പോഴില്ല. പഴയ റേഡിയോ കാലങ്ങളില്‍ നാം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വാര്‍ത്തകളില്‍, 'ബസ് പണിമുടക്ക്' വാര്‍ത്തകളുമുണ്ട്. ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്കു വര്‍ഷംതോറും നടത്തിയ പഴയ സമരകാലങ്ങള്‍, അതു നടത്തിയ മുതലാളിമാരില്‍ മാത്രമാണ് ഒരു രോമാഞ്ചമായി അവശേഷിക്കുന്നുണ്ടാവുക. ഒറ്റവാക്കില്‍ നിശ്ചലമാകുന്ന ആ സമരകാലം ഇനി നടക്കുമോ എന്നുപോലും ഉറപ്പില്ല. സംഘടന സമരം പ്രഖ്യാപിച്ചാലും നിലനില്‍പ്പിന്റെ ഭാഗമായി ചില ബസുകളെങ്കിലും റോഡുകളിലുണ്ട്. 'വരവേല്‍പ്പി'ല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആ ബസ് മുതലാളിയുടെ ധര്‍മ്മസങ്കടങ്ങള്‍ ഇപ്പോഴാണ് പ്രേക്ഷകര്‍ക്ക് ബോധ്യമാവുക. അയാള്‍ സ്വയം നഷ്ടപ്പെട്ട ഒരു മുതലാളിയാണ്. ജീവിതംകൊണ്ടുണ്ടാക്കിയതെല്ലാം 'ഓടിത്തീരാനാവാതെ' നിര്‍ത്തിയിട്ടിരിക്കുന്ന ഒരു രൂപകമായി ബസ് ആ സിനിമയിലുണ്ട്. തന്മയത്വം നിറഞ്ഞ ഒരു ചടുലതയുണ്ട് ആ കഥാപാത്രത്തിന്. ഇടക്കിടെ ഓട്ടം നില്‍ക്കുന്ന ബസ് പോലെയാണ് ആ കഥാപാത്രത്തിന്റെ ചലനങ്ങള്‍. ഇപ്പോഴെന്നപോലെ അയാള്‍ അതിജീവനത്തിനു കണ്ടക്ടറായി ജോലി ചെയ്യുന്നു. 'മുതലാളി' എന്ന 'അഭാവ'ത്തിലാണ് ആ കഥാപാത്രത്തിന്റെ ഭാവം. ലളിതമായ വ്യവഹാരങ്ങള്‍ പോലും ആ 'ഒറ്റ ബസ്' മുതലാളിക്കു സങ്കീര്‍ണ്ണമായ പ്രശ്‌നമായാണ് തീരുന്നത്. കൊവിഡ് കാലത്ത് ഈ സിനിമ ഒന്നുകൂടി കാണുമ്പോള്‍ മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ സൂക്ഷ്മതലം ബോധ്യമാവാതിരിക്കില്ല. മലയാളിയുടെ സഞ്ചാരപഥങ്ങളില്‍ ഈ ബസ് മുതലാളി നേരിട്ട ദുരനുഭവങ്ങള്‍ അന്നു നര്‍മ്മത്തോടെയും ഇന്നു വ്യസനത്തോടെയുമാണ് കാണാനാവുക. മോഹന്‍ലാല്‍ മലയാളികളിലേക്കു പകര്‍ന്ന സ്വാഭാവികമായ 'ചിരി', ഇപ്പോള്‍, വീട്ടിലിരിക്കുമ്പോള്‍ പഴയ ഓര്‍മ്മകളുടെ ചിത്രസമാഹാരംപോലെയുണ്ട്. അയാളില്‍, 'ചിരിക്കുന്ന' പിന്നീട് ഏറെ ചിന്താധീനനാവുന്ന മലയാളിയുണ്ട്.

മലയാളികളുടെ ദൃശ്യ വായന

'വരവേല്‍പ്പ്', ഒറ്റ ബസ് മാത്രമുള്ള മുതലാളിയുടെ ദൈനംദിന കഷ്ടപ്പാടുകളാണ് പകര്‍ത്തിയതെങ്കില്‍, 'സന്മനസുള്ളവര്‍ക്ക് സമാധാനം' സ്വന്തം അവകാശത്തില്‍പ്പെട്ട വാടക വീട്ടില്‍നിന്ന് 'വാടക'ക്കാരെ ഒഴിപ്പിക്കാന്‍ വാടകവീട് മുതലാളിയായ മോഹന്‍ലാല്‍ നടത്തുന്ന ശ്രമങ്ങളാണ്. ഇന്ന് ഏറെ പ്രസക്തമായ ഒരു ചലച്ചിത്ര രേഖയാണിത്. കേരളത്തില്‍ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ വരുന്നതിനു മുന്നേയാണ് ഇതിലെ കാലം. മോഹന്‍ലാല്‍ ഒരു ബസില്‍നിന്നു തെറിച്ചുവീഴുന്നതുപോലെയുള്ള ഒരു തുടക്കമാണിതിന് എന്നത് യാദൃച്ഛികം മാത്രമാണ്. അയാളുടെ ഒരവയവംപോലെയാണ് കുടയും കക്ഷത്തിലെ ബാഗും. നിരാധാരനായ ഒരാളുടെ കൈത്താങ്ങ് പോലെയാണ് ആ കുട. അത് കുത്തി നില്‍ക്കുന്നു, അതില്‍ മറഞ്ഞു നില്‍ക്കുന്നു, അതുകൊണ്ട് തനിക്കു നേരെയുള്ള പ്രഹരങ്ങള്‍ തടുത്തുനിര്‍ത്തുന്നു. നിസ്സഹായനായ ആ 'ആണിനെ' പല സന്ദര്‍ഭങ്ങളിലായി ആ കുട നിര്‍വ്വചിക്കുന്നു. ഓര്‍മ്മ ശരിയാണെങ്കില്‍, ഒരു മഴപോലും ആ കുട നനയുന്നില്ല. വെയില്‍ മാത്രമേല്‍ക്കുന്ന ഒരു കുട. ഈ കുടയുമായി വാടകവീട്ടിലെ 'ചെറുപ്പക്കാരി'യുമായി തുടര്‍ച്ചയായ പോരാട്ടത്തിലാണ് 'മുതലാളി'യായ മോഹന്‍ലാല്‍. സ്വന്തം വീടിന് ഉടമസ്ഥാവകാശം തിരിച്ചുകിട്ടാന്‍ വേണ്ടി അയാള്‍ നടത്തുന്ന നീക്കങ്ങള്‍, മോഹന്‍ലാല്‍ എന്ന നടനിലെ അഭിനയ മികവിനാല്‍ ഇന്നും കാലഹരണപ്പെടാതെ നില്‍ക്കുന്നു. 'വരവേല്‍പ്പി'ലെ ബസ് പോലെ 'ഈ വീടും ഒരു പ്രശ്‌നകേന്ദ്രമാണ്. തൊഴില്‍പരമായി പരാജയപ്പെട്ട, ജീവിതംകൊണ്ട് ഒട്ടും സമ്പാദിക്കാത്ത ഒരു 'അനിശ്ചിത ഭാവി'യുമായി ജീവിക്കുന്ന മധ്യവര്‍ഗ്ഗ പുരുഷനാണ് ആ മോഹന്‍ലാല്‍ കഥാപാത്രം. സത്യത്തില്‍, ഈ സിനിമയില്‍ അനുരാഗംപോലുമില്ല. അത്രയും തപിക്കുന്ന ഒരാള്‍.

ഐവി ശശിയോടൊപ്പം
ഐവി ശശിയോടൊപ്പം

കൊവിഡ് കാലത്ത്, മോഹന്‍ലാല്‍ 'മുതലാളി'മാരായി പ്രത്യക്ഷപ്പെട്ട ഈ രണ്ടു സിനിമകള്‍ പുതിയൊരു ദൃശ്യവായനയ്ക്കിടം നല്‍കുന്നു. ഇതിലെ 'ഉടമസ്ഥാവകാശം' രേഖയിലുണ്ടെങ്കിലും പ്രായോഗികമായി അധികാര രൂപം കൈക്കൊള്ളുന്നില്ല. പിന്നീട്, റിയല്‍ എസ്റ്റേറ്റ് /അപ്പാര്‍ട്ട്മെന്റ് സംസ്‌കാരം വേര് പിടിക്കുന്നതോടെ 'ഉടമസ്ഥാവകാശം' ഒരു തര്‍ക്ക പ്രശ്‌നമാവാതെ ആദ്യമേ ധാരണയിലെത്താന്‍ ഉടമകളും വിലയ്ക്കു വാങ്ങുന്നവരും ശ്രദ്ധിക്കുന്നു' അരക്ഷിതനായി അലയുന്ന, അലെങ്കില്‍ 'തെണ്ടിത്തിരി'യുന്ന ഈ മധ്യവര്‍ഗ്ഗ 'മലയാളി മുതലാളി'യുടെ ഭാവങ്ങള്‍ ഏറെ സൂക്ഷ്മമായി അവതരിപ്പിക്കാന്‍ മോഹന്‍ലാലിനു സാധിച്ചു. മനസ്സില്‍ പലതായി അലയുന്ന ഒരു നടനു മാത്രമേ ഈ വിധം ഉള്ളടക്കത്തിലെ കഥാപാത്രത്തെ മുഴുവന്‍ മനസ്സോടെ അവതരിപ്പിക്കാനാവൂ എന്നതും എടുത്തു പറയേണ്ടതാണ്.

കന്മ​ദം
കന്മ​ദം

ചിരിയുടെ തുടര്‍ പ്രവാഹം

ആ കാലത്തെ സിനിമകളില്‍ മോഹന്‍ലാല്‍ എന്ന വിസ്മയത്തിലേക്ക് ചിരി അനായാസം കടന്നുവരുമായിരുന്നു. ചിത്രം, താളവട്ടം തുടങ്ങി ചിരി ഒരു തുടര്‍പ്രവാഹമായി എത്രയോ ചിത്രങ്ങളില്‍ നിറഞ്ഞുനിന്നു. നൈസര്‍ഗ്ഗികമായ ഒരൊഴുക്ക് അതിനുണ്ടായിരുന്നു. മോഹന്‍ലാല്‍ സിനിമയില്‍ സ്വാഭാവികമായ ഒരു ശൈലിയിലൂടെ പ്രേക്ഷക ഹൃദയം കവരുന്ന കാലത്ത്, നഗര/ ഗ്രാമ ഉള്‍വഴികളില്‍പ്പോലും മറ്റൊരു തരംഗം നിലനില്‍ക്കുന്നുണ്ടായിരുന്നു. 'കോട്ടയം സാഹിത്യം' എന്നറിയപ്പെട്ട പൈങ്കിളി പ്രസിദ്ധീകരണങ്ങളുടെ വായനയായിരുന്നു അത്. വേറൊരു തരത്തില്‍, പ്രചാരണവേഗതയുടെ അടിസ്ഥാനത്തില്‍ വൈറലായ വായനയായിരുന്നു അത്. അതിവൈകാരിക പ്രണയകേളികള്‍ ലോലമായ ഭാഷയുടെ ഉടുപ്പഴിച്ചു നിന്ന ആ വായനാ സംസ്‌കാരത്തിന്റെ തുടര്‍ച്ചയോ അനുരണനമോ അക്കാലത്തെ ലാല്‍ പടങ്ങളില്‍ കാണാനാവില്ല. സത്യന്‍ അന്തിക്കാടിന്റെ 'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്' എന്ന സിനിമയില്‍ ശങ്കരാടി എന്ന പൈങ്കിളിയെഴുത്തുകാരനിലൂടെ ആ കാലത്തെ കോട്ടയം സാഹിത്യത്തെ കണക്കറ്റ് പരിഹസിക്കുന്നുമുണ്ട്. മോഹന്‍ലാലിന്റെ പ്രമേയങ്ങള്‍, അന്ന് ഏറെ പ്രസക്തവും അവതരണ മികവില്‍ സമാന്തരമായി അടയാളപ്പെടുത്തുമ്പോഴും അതിനു പ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ടായ ജനപ്രിയത വമ്പിച്ചതായിരുന്നു. ആ 'ഭൂതകാലക്കുളിരാ'ണ് പലര്‍ക്കും ഇപ്പോഴും നിലനില്‍ക്കുന്ന ലാല്‍ ആരാധന.

മോഹന്‍ലാല്‍ എന്ന നടന്‍ ഇപ്പോള്‍ 'സംസാരിക്കുമ്പോള്‍ 'ഫിലോസഫി' പറയുന്നതു കാണാം. വളരെ ആഴത്തില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹന്‍ലാല്‍, ഓഷോയില്‍നിന്നുള്ള ചില പ്രചോദനങ്ങളില്‍നിന്നാണ് സംസാരിക്കുന്നത്. സിനിമയിലെ കഥാപാത്രമായി നിറഞ്ഞാടിയ ''തൊഴില്‍രഹിതനും അരക്ഷിതനും പരാജിതനുമായ മധ്യവര്‍ഗ്ഗ മലയാളി പുരുഷനല്ല'' അഭിമുഖ സംഭാഷണങ്ങളിലെ ലാല്‍. ആന്തരികമായ മറ്റൊരു ആത്മത്തിലാണ് ആ ലാല്‍ ജീവിക്കുന്നത്. 'ആഗോള പൗര'നായി മാറിയ ഓഷോയാണ്  'കഥാപാത്രല്ലാത്ത' സന്ദര്‍ഭങ്ങളില്‍ മോഹന്‍ലാലിനെ പ്രചോദിപ്പിക്കുന്നത്. ഇത് വേറൊരു തരത്തില്‍ പഠനാര്‍ഹമാണ്. സിനിമയിലെ 'ചിരി'പ്പിക്കുന്ന ആ മോഹന്‍ലാല്‍ ഒട്ടും ചിരിപ്പിക്കാത്ത 'സ്റ്റൈലിഷ്' ആയ പാത്രരൂപത്തിലേക്ക് അഭിനയം മാറുമ്പോഴാണ്, നര്‍മ്മം വാക്കിന്റെ അടിത്തട്ടില്‍ സൂക്ഷിച്ച ഓഷോയിലേക്ക് മോഹന്‍ലാലിന്റെ വായനയും കാഴ്ചപ്പാടുകളും മാറുന്നത്. ആന്തരികമായി പരിവര്‍ത്തനം സംഭവിച്ച ഒരു ലാലാണിത്. 'ചിരി'യുടെ സൗമ്യ രസങ്ങള്‍ ഇല്ലാത്ത 'രൗദ്ര' ലാലിലേക്കുള്ള അഭിനയപ്പകര്‍ച്ചയിലേക്ക് എത്തുമ്പോഴാണ്, ചിരിയിലൂടെ അഗാധമായ സത്യങ്ങള്‍ വരച്ചുകാട്ടിയ ഓഷോയില്‍ മോഹന്‍ലാല്‍ അഭയം കണ്ടെത്തുന്നത്. 'ചിരിക്കാത്ത ലാല്‍' ചിരിക്കുന്ന ഓഷോയില്‍, തന്നിലെ തന്മയെ കണ്ടെത്താന്‍ ശ്രമിച്ചു. പില്‍ക്കാല സിനിമകളില്‍ ചിരി ഒളിച്ചുവെയ്ക്കാന്‍ ശ്രമിച്ച ലാല്‍, ഓഷോയില്‍ സ്വയം ചിരിച്ചു.

ലാലും ആമിർഖാനും
ലാലും ആമിർഖാനും

നര്‍മ്മത്തിലൂടെ ഉന്മേഷം നിറഞ്ഞ ഒരു ദൃശ്യാനുഭവത്തിലൂടെ പ്രേക്ഷകരെ ഒപ്പം കൊണ്ടുപോയ ലാല്‍ ഹിന്ദുത്വത്തോട് മാനസികമായി ഒട്ടിനില്‍ക്കുന്ന നടനാണ്  എന്ന വിമര്‍ശനമുണ്ട്. 'ദേശീയത'യോടെയുള്ള ഉറച്ച പിന്തുണയായി മോഹന്‍ലാലിന്റെ നിലപാടുകള്‍ ചര്‍ച്ചയായിട്ടുണ്ട്. അപ്പോള്‍ത്തന്നെ 'മോഹന്‍ലാല്‍ വിശ്വനാഥന്‍ നായരി'ലെ 'നായര്‍' വാല്‍ മോഹന്‍ലാല്‍ ഒരു അഭിമാന ചിഹ്നമായി ചേര്‍ത്തെഴുതാറുമില്ല. വാസ്തവത്തില്‍, 'മലയാളി ഹിന്ദു' അഭിമുഖീകരിക്കുന്ന സ്വത്വ സ്വയം വിചാരണകളിലൂടെ മോഹന്‍ലാല്‍ എന്ന നടനും കടന്നുപോകുന്നു. താരം/ മനുഷ്യന്‍/ഹിന്ദുത്വം/ദേശീയത-ഈ കവാടങ്ങളിലൂടെ കടന്നുപോകുന്ന ലാല്‍, ഇതിനെയെല്ലാം കീഴ്മേല്‍ മറിച്ചിട്ട ഓഷോയുടെ കടുത്ത ആരാധകനോ ഭക്തനോ ആയി മാറുമ്പോള്‍, എങ്ങനെ ചിരിക്കാതിരിക്കും? ഒരു വ്യക്തിയുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്ന പാരമ്പര്യങ്ങളും സാംസ്‌കാരിക ചുറ്റുപാടുകളും മോഹന്‍ലാലിനേയും സ്വാധീനിച്ചിട്ടുണ്ട്. ഇസ്ലാം, മമ്മൂട്ടി എന്ന നടനു വരക്കുന്ന അതിര്‍വരമ്പുകള്‍പോലെ, ലാലിന് ഹൈന്ദവീയത മനോഭാവ രൂപീകരണത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ജനിച്ചുവളര്‍ന്ന മോഹന്‍ലാലിനു വ്യക്തിഗതമായിട്ടുതന്നെ ആ സമൂഹ മനോഭാവം പകര്‍ന്നു കിട്ടാതിരിക്കില്ല.

ആക്രാമക സ്വഭാവം (aggressive) കാണിക്കുന്ന 'നായക'നിലേക്ക് മാറിയ മോഹന്‍ലാലിനേക്കാള്‍, മലയാള ചലച്ചിത്ര പ്രേക്ഷക സമൂഹം എന്നും കടപ്പെട്ടിരിക്കുക, 'ചിരി'ക്കുന്ന ആ ലാല്‍പാത്രസൃഷ്ടികളോടു തന്നെയായിരിക്കും. ഒരു മനുഷ്യനും 'അതി മാനുഷ'നാവാന്‍ സാധിക്കില്ല എന്ന് കൊവിഡ് കാലം മനുഷ്യരെ ആഴത്തില്‍ പഠിപ്പിക്കുന്നുണ്ട്. 'സാഹചര്യങ്ങളാല്‍ ഒരാള്‍ എന്താണോ അതായി'ത്തീരുന്ന പച്ചമനുഷ്യരാണ് പഴയ ലാല്‍ പടങ്ങള്‍. ആ കഥാപാത്രങ്ങള്‍ അതിമാനുഷരേ അല്ല. പൊലീസാവാന്‍ ആഗ്രഹിച്ച അയാള്‍ കുറ്റവാളിയായി മാറുന്നു, കിരീടത്തിലെ സേതുമാധവനെപ്പോലെ. മുതലാളിയാവാന്‍ ആഗ്രഹിച്ച അയാള്‍ ബസ് വാങ്ങി പിച്ചതെണ്ടുന്നു, ഉടമയായ അയാള്‍ സ്വന്തം വീട്ടില്‍ അഭയാര്‍ത്ഥിയെപ്പോലെ ജീവിക്കുന്നു. അനിശ്ചിതമായിരിക്കുമ്പോഴും ശുഭാപ്തി വിശ്വാസിയാണയാള്‍. അയാള്‍ അതിമാനുഷനേയല്ല. നാടോടിക്കാറ്റിലും മിഥുനത്തിലും വെള്ളാനകളുടെ നാട്ടിലും ശുഭാപ്തിവിശ്വാസിയായ അരക്ഷിതനായ ഈ മലയാളിയുണ്ട്. മുണ്ട് മാടിക്കുത്തി, കുട വീശി വരുന്ന ചിന്താധീനനാവുമ്പോഴും ചിരിക്കുന്ന മലയാളി.

അപ്പോള്‍, ആ ചോദ്യം വീണ്ടും ഉയര്‍ന്നുവരുന്നു:
വൈകിട്ടെന്താ പരിപാടി?
ജീവരഹിതമായ കവലകളില്‍, അരണ്ടവെളിച്ചത്തില്‍ ജീവിതം മിന്നിത്തെളിയുന്ന ബാറുകളില്‍, കാണികള്‍ നഷ്ടപ്പെട്ട ഇരിപ്പിടങ്ങള്‍ ഉള്ള ഇരുട്ടു മാത്രമുള്ള തിയേറ്ററുകളില്‍, ആളുകള്‍ കയറാത്ത ബസുകളില്‍, ഒഴിഞ്ഞ ഹോട്ടലുകളില്‍, വായനക്കാരില്ലാത്ത ലൈബ്രറികളില്‍ - അവിടെയെല്ലാം തട്ടി ആ പന്ത് തിരിച്ചുവരുന്നു.
'വൈകീട്ടെന്താ പരിപാടി?'
സിനിമയിലല്ലാതെ ഉള്ള ആ ചോദ്യമാണ്, പ്രിയപ്പെട്ട മോഹന്‍ലാല്‍, താങ്കളെ ഏറ്റവും പ്രിയപ്പെട്ടവനാക്കുന്നത്. വൈകീട്ട് ഒരു പരിപാടിയുമില്ല.

*************
മോഹന്‍ലാല്‍ അഭിനയിച്ച ചില സിനിമകളിലെ പ്രമേയം എങ്ങനെ കാലികമാകുന്നു എന്നൊരു അന്വേഷണം കൗതുകകരമായിരിക്കും. ലാല്‍ പകര്‍ന്ന വേഷങ്ങള്‍, 'പെര്‍ഫോമറി'ല്‍നിന്ന് 'ആക്റ്ററി'ലേക്കുള്ള മാറ്റങ്ങള്‍ ഇതെല്ലാം താര പഠനത്തില്‍ പ്രധാനമാണ്.

പ്രണയം പ്രമേയമായി വന്ന പ്രധാനപ്പെട്ട ഒരു സിനിമയാണ് ഹിസ് ഹൈനസ് അബ്ദുള്ള. ഒരു മുസ്ലിം, നമ്പൂതിരിയായി വേഷപ്രച്ഛന്നനായക വേഷത്താല്‍ ഒരു ബ്രാഹ്മണ രാജവംശത്തിന്റെ രക്ഷകനായി പ്രത്യക്ഷപ്പെടുന്നതാണ് ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയുടെ പ്രമേയം. അടക്കിപ്പിടിച്ച ഭാവാഭിനയമാണ് ഇതില്‍ മോഹന്‍ലാല്‍ പ്രകടിപ്പിക്കുന്നത്. ആള്‍മാറാട്ടം മുഖ്യവിഷയമായി വരുമ്പോഴും 'മുസ്ലി'മായ ആ 'നമ്പൂതിരി'യോട് പ്രേക്ഷകര്‍ക്ക് വിദ്വേഷമുണ്ടാവുന്നില്ല. കേരളത്തില്‍ എണ്‍പതുകള്‍ ഇന്നത്തെപ്പോലെ ആഴത്തില്‍ മത/വംശീയ വിദ്വേഷം പടര്‍ന്നിരുന്നില്ല. എന്നുതന്നെയല്ല, ആ സിനിമ 'ഹിന്ദു രാജവംശ'ത്തിലെ ഇടുങ്ങിയതും സ്വാര്‍ത്ഥം നിറഞ്ഞതുമായ 'സ്വത്തുമോഹി'കളെ തുറന്നുകാട്ടുന്നുണ്ട്. ചിത്രം എന്ന സിനിമയിലും വേറൊരു വിധത്തില്‍ സവര്‍ണ്ണ കുടുംബങ്ങളിലെ ഉള്ളടരുകളിലെ സ്വത്ത്/ധനാര്‍ത്തി മോഹങ്ങള്‍ പുറത്തുകൊണ്ടുവരുന്നുണ്ട്.

ഈ രണ്ടു സിനിമകളിലേയും മോഹന്‍ലാല്‍ വേഷങ്ങളെ താരതമ്യം ചെയ്യുമ്പോള്‍, അഭിനയം എങ്ങനെ സൂക്ഷ്മവും പക്വവുമാകുന്നത് എന്നു മനസ്സിലാക്കാം. അതിവൈകാരികമായി തന്നില്‍നിന്നു കുതറാന്‍ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉള്ള കഥാപാത്രങ്ങളാണവ. അബ്ദുള്ള 'അധോലോക' കുറ്റകൃത്യ ലോകം കണ്ടുവരുന്ന ആളാണ്. എന്നാല്‍, മോഹന്‍ലാല്‍ എന്ന നടന്‍ അതിലെ 'വില്ലനെ' സര്‍ഗ്ഗാത്മക തലത്തില്‍ വിദഗ്ദ്ധമായ രീതിയില്‍ അവതരിപ്പിക്കുന്നു. മുസ്ലിം വില്ലന്മാര്‍ക്ക് ചലച്ചിത്രലോകം പില്‍ക്കാലത്ത് ചാര്‍ത്തിക്കൊടുത്ത വിശേഷ അലങ്കാരങ്ങള്‍ ഈ വില്ലനില്‍ പ്രകടമല്ല. നടക്കുമ്പോള്‍, ഇരിക്കുമ്പോള്‍, ചിരിക്കുമ്പോള്‍ ലാല്‍ പ്രകടിപ്പിക്കുന്ന സ്വാഭാവികത ക്യാമറ മുന്നില്‍ വരുമ്പോഴും തന്മയത്വത്തോടെ തന്നെ നിലനിര്‍ത്തുന്നു. മോഹന്‍ലാല്‍ ചിരിക്കുമ്പോള്‍, കണ്ണിലും ആ ചിരിയുടെ ഒളിമിന്നല്‍ കാണാം. ഉള്ളില്‍നിന്നാണ് ചിരി വരുന്നത്. നടത്തത്തിനിടയില്‍ തിരിഞ്ഞുനോക്കുന്ന സീന്‍ ആണെങ്കില്‍, നടത്തവും തിരിഞ്ഞുനോട്ടവും അത്രയും സ്വാഭാവികമായ ഫീല്‍ തന്നെയായി നില്‍ക്കുന്നു. മോഹന്‍ലാല്‍ നടക്കുമ്പോള്‍, നടത്തം ഉല്ലാസമായി മാറുന്നതു കാണാം. ശരീരത്തെ ഭാരമായി കാണുന്ന ഒരു നടത്തമല്ല. കാലുകള്‍ സംസാരിക്കുന്നതുപോലെയുള്ള ഒരനുഭവമാണത്.

താളവട്ടം, ചിത്രം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത് ഈ സിനിമകളിലെ ആട്ടവും പാട്ടും ശ്രദ്ധിക്കുക. പ്രേക്ഷകരെ ഒപ്പം കൂടെ നടത്തുന്ന ഒരു ലയിച്ചുചേരല്‍ അതിലുണ്ട്. വില്ലനായ മോഹന്‍ലാല്‍ ഈ ഗ്രാമഭാവത്തെ പിന്നീട് ഉപേക്ഷിക്കുന്നുണ്ട്. നോട്ടത്തില്‍, കൈവിരലുകളുടെ വിന്യാസങ്ങളില്‍ സ്ത്രീയെ വശീകരിക്കുന്ന 'ശരീരത്തിന്റെ ആണ്‍വശ്യത' ലാലിനുണ്ട്. (ചങ്ങമ്പുഴയുടെ 'രമണ'നില്‍ കാണുന്ന മൃദുലമനസ്‌കനായ കാമുകന്‍) കരുത്തനായ 'ആണ്‍' അല്ല. മസില്‍ പവര്‍ ഒട്ടുമില്ല. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍പോലും 'വശ്യമായ' ഒരു വില്ലത്തരമാണ് കാണിക്കുന്നത്. 'വില്ലനാ'യിരിക്കുമ്പോഴും അയാള്‍ 'തന്നിലാ'ണിരിക്കുന്നത്. അതായത്, നാം കണ്ടുപരിചയിച്ച വില്ലന്‍ ഭാവങ്ങള്‍ക്കു പകരം, പുതുതായ ഒരു നോട്ടവും നടത്തവും ആ നടന്‍ അതില്‍ കൊണ്ടുവരുന്നു.

താഴ്വാരത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ഭരതനും ലാലും
താഴ്വാരത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ഭരതനും ലാലും

പല കാലങ്ങള്‍, പല ശരീരങ്ങള്‍

നടക്കുമ്പോള്‍ ഒരു നടന്‍ 'എങ്ങനെ നടക്കുന്നു' എന്നത് പ്രധാനമാണ്. 'ഷൂട്ടിങ്ങ്'' എന്ന ഏറെ സാങ്കേതികതകളുടേയും/ക്യാമറ/വെളിച്ചം/സംവിധായകന്‍ മുതല്‍ വലിയ 'ആള്‍ക്കൂട്ടങ്ങള്‍'ക്കിടയിലാണ് നടന്‍ നടക്കുന്നത്. ഇത് 'അഭിനയം' ആണ് എന്നു അറിഞ്ഞു കൊണ്ടുതന്നെ നടത്തുന്ന ഒരു ശ്രേണീ ക്രമത്തിന്റെ ഭാഗമാകുമ്പോഴും അയാള്‍, സ്വത:സിദ്ധമായ ഒരു സ്വാഭാവികതയിലേക്ക് മാറുന്നു.

അഭിനയം അത്രയും സ്വാഭാവികമാകേണ്ടതുണ്ടോ എന്ന വിമര്‍ശനം വരാം. അഭിനയത്തിനു ചില വ്യവസ്ഥകളുണ്ട്. 'സ്വാഭാവിക വിരുദ്ധ'തയാണ് പ്രശംസാര്‍ഹമായ ക്ലാസ്സിക്ക് നടന്മാരുടെ അഭിനയം. 'സ്വാഭാവികത' സൃഷ്ടിക്കപ്പെടുന്നതല്ല. സംഭവിക്കുന്നതാണ്. എന്നാല്‍, അഭിനയം സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നല്ല, 'നടി'ക്കേണ്ടതാണ്. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന അഭിനയമായിരുന്നു തൊണ്ണൂറുകള്‍ക്കുശേഷമുള്ള മോഹന്‍ലാല്‍ പടങ്ങള്‍. മിക്കവാറും അദ്ദേഹം 'അഭിനയ'ത്തില്‍ പൂര്‍ണ്ണ മനസ്സോടെ മുഴുകിയ വര്‍ഷങ്ങള്‍. സ്വാഭാവികതയുടെ സ്വാതന്ത്ര്യം പിന്നീടുള്ള ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ഉപേക്ഷിക്കുന്നതു കാണാം.

'വൈകീട്ടെന്താ പരിപാടി' എന്ന ആ ചോദ്യം ഇന്നു പ്രസക്തമാവുന്നതുപോലെ, ഹിസ് ഹൈനസ് അബ്ദുള്ളയും പരദേശിയും ഏറെ ശ്രദ്ധേയമായ ചില വായനക്കിടം നല്‍കുന്നു. ഒരു ഹിന്ദു രാജവംശത്തെ ബ്രാഹമണനായി പ്രത്യക്ഷപ്പെടുന്ന ആ മുസ്ലിം കഥാപാത്രം 'ഹിന്ദു  യുവതി'യുമായി അനുരാഗത്തിലാവുന്നുണ്ട്.

ഇത് ഒരു നടനെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. ഒരേ താരം പല കാലങ്ങള്‍, ശരീരങ്ങള്‍, ബോധങ്ങള്‍.

'പെര്‍ഫോമറി'ല്‍നിന്ന് 'അഭിനേതാവി'ലേക്കുള്ള മാറ്റം. അഭിനയത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ 'സ്വാഭാവി'കമായി പ്രതിഫലിപ്പിക്കുകയല്ല, 'ആക്റ്റ്' തന്നെ ചെയ്യുന്ന അവസ്ഥ. സ്വാഭാവികതയുടെ ഒഴുക്കും സ്വാതന്ത്ര്യവുമല്ല, സര്‍വ്വത്ര അഭിനയം നിറഞ്ഞ നടന്‍. ഈ അഭിനയം അതിന്റെ പൂര്‍ണ്ണതയില്‍ പി.ടി. കുഞ്ഞുമുഹമ്മദിന്റെ 'പരദേശി'യില്‍ കാണാം. വിങ്ങുന്ന, ആകുലതകള്‍ നിറഞ്ഞ ഒരു വയോധികന്‍.

ഒരു ഹിന്ദു രാജവംശത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വരുന്നത് 'അബ്ദുള്ള'യാണ്. 'ഉണ്ണീ' എന്നു വിളിക്കുമ്പോഴും വിളി കേള്‍ക്കുന്ന മുസ്ലിം. ജന്മനാട്ടില്‍ അഭയാര്‍ത്ഥിയായി ജീവിക്കേണ്ടി വന്ന ഹതഭാഗ്യനായ വേറൊരു മുസ്ലിമാണ് 'പരദേശി'യിലെ മൂസ. അങ്ങനെ ഈ കാലം ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍, മിശ്ര പ്രണയം/പൗരത്വം തുടങ്ങിയ വിഷയങ്ങള്‍ പ്രമേയമാക്കി പ്രത്യക്ഷപ്പെട്ട സിനിമകളില്‍ 'അഭിനേതാവാ'യി വരുന്നത് മോഹന്‍ലാലാണ്. ജനപ്രിയനായിരിക്കുമ്പോഴും ഇത്തരം വിങ്ങുന്ന, സ്വത്വബോധത്തിന്റെ വൈകാരിക ഭാരങ്ങള്‍ പേറുന്ന വിഷയങ്ങളില്‍ താരമായി സാന്നിദ്ധ്യമുറപ്പിക്കുന്നു, ലാല്‍. വ്യക്തിയും താരവും മുഖം തിരിച്ചു നില്‍ക്കുന്ന സന്ദര്‍ഭങ്ങളാണവ.

മോഹന്‍ലാലിന്റെ രാഷ്ട്രീയം വിവാദവിഷയമാക്കുമ്പോള്‍, ഈ സിനിമകള്‍ പറഞ്ഞ മറ്റൊരു രാഷ്ട്രീയമുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുകയാണ്.

പ്രണയവും ഭ്രമരവും തന്മാത്രയും
 
ബ്ലെസ്സിയുടെ ഈ മൂന്നു ചിത്രങ്ങളിലും മോഹന്‍ലാല്‍ നടന്‍ എന്ന നിലയില്‍ അഭിനയത്തിന്റെ അത്ഭുതപ്പെടുത്തുന്ന തലങ്ങളിലെത്തുന്നതു കാണാം. ഓര്‍മ്മകളുടെ നഷ്ടകാലങ്ങളാണ് ഈ സിനിമകള്‍ ഭിന്നരീതികളില്‍ ആവിഷ്‌കരിക്കുന്നത്.

ബോധം Active ആണ്. അത്രതന്നെ Live ആണ്. നടന്‍ ബോധത്തെയാണ് അഭിനയിക്കുമ്പോള്‍ നിയന്ത്രണവിധേയമാക്കുന്നത്. 'തന്മാത്ര'യില്‍ ഒരു വ്യക്തിയുടെ സ്മൃതി നാശമാണ്, അതിലെ സൂക്ഷ്മവിന്യാസങ്ങളാണ് പകര്‍ത്തുന്നത്. ഓര്‍മ്മയുള്ള നടന്‍ ഓര്‍മ്മ നഷ്ടപ്പെട്ട വ്യക്തിയെ അവതരിപ്പിക്കുകയാണ്. മറവിയുടെ ഓര്‍മ്മയാണ് മോഹന്‍ലാലിന്റെ അഭിനയം. ഇതില്‍ നടന്‍/കഥാപാത്രം/ഒരു വ്യക്തിഗത സംഘര്‍ഷമനുഭവിക്കുന്നുണ്ടാവണം. മറവിയെ ഓര്‍ക്കുക എന്നതാണ് ആ സംഘര്‍ഷം. 'പ്രണയ'ത്തില്‍ ആവിഷ്‌കരിക്കാന്‍ പ്രയാസപ്പെടുന്ന ഭൂതകാലത്തെ വര്‍ത്തമാനത്തിലേക്ക് ഇണക്കിച്ചേര്‍ത്ത്, ശരീരംകൊണ്ട് ചകിതനായ രോഗിയും ബോധംകൊണ്ട് പ്രസരിപ്പ് നിറഞ്ഞ ചെറുപ്പക്കാരനുമാവുന്നത് അഭിനയ മികവിന്റെ അടയാളമാണ്. അഭിനയത്തിന്റെ ഒരു സ്പിരിച്ച്വല്‍ അനുഭവമാണത്. 'ഭ്രമര'ത്തിലും ആ ടൈറ്റിലിനോട് നീതി പുലര്‍ത്തുംവിധം ഭ്രമിപ്പിക്കുന്ന ഒരു അഭിനയമാണ് ലാല്‍ പുറത്തെടുക്കുന്നത്. രാഗവും ക്രൗര്യവും സമര്‍ത്ഥമായി സംലയിപ്പിച്ച കഥാപാത്രം. ലാലിന്റെ അഭിനയ സഞ്ചാരങ്ങള്‍, ഇങ്ങനെ പല ക്ലാസ്സുകളായി വിഭജിച്ചു കിടക്കുന്നു. നായകന്‍/പ്രതി നായകന്‍/ഹാസ്യനടന്‍/സ്വഭാവനടന്‍ ഇങ്ങനെ പലതലങ്ങളില്‍ അത് ഉയര്‍ന്നും വേറിട്ടും നില്‍ക്കുന്നു.

അഭിനയം, ആത്മമാകുന്ന പല സന്ദര്‍ഭങ്ങളിലൂടെ മോഹന്‍ലാല്‍ കാണികളേയും കൊണ്ടു പോയി. 'നാടുവാഴി'കളുടെ മാത്രമല്ല, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ സന്ദേഹങ്ങളും ആ ശരീരം അഭിനയത്തിലൂടെ കാണിച്ചുതന്നു. കവികള്‍ വാക്കുകളുടെ സഹായത്തോടെ കാണിച്ചു കൊണ്ടിരുന്ന അനുഭൂതിയുടെ കരകള്‍ മോഹന്‍ലാല്‍ ശരീരംകൊണ്ട് കാണിച്ചുകൊണ്ടിരുന്നു. വിരലുകളിലും കണ്‍കോണുകളിലും പിടക്കുന്ന വാക്കുപോലെ ആ നടന്‍ അഭിനയം സൂക്ഷ്മമായ രീതിയില്‍ നിലനിര്‍ത്തി. ഇത് എല്ലാ നടന്മാര്‍ക്കും സാധിക്കുന്നതല്ല.

വനപ്രസ്ഥത്തിൽ
വനപ്രസ്ഥത്തിൽ

സൂക്ഷ്മ നോട്ടങ്ങളുടെ നടന വൈഭവം

എം.ടിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത 'സദയം' എന്ന സിനിമയില്‍, വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചപ്പോള്‍, ഭക്ഷണവുമായി വരുന്ന ശ്രീനിവാസന്‍, പുറത്ത് സെല്ലിനു കാവല്‍ നില്‍ക്കുന്ന പൊലീസുകാരനോട് 'ബീഡി വലിക്കുന്ന ആളാണെങ്കില്‍ ഒരു ബീഡി കൊടുക്കാം, എന്റെ കയ്യിലുണ്ട്' എന്നു പറഞ്ഞപ്പോള്‍, അഴികള്‍ക്കിടയിലൂടെ ശ്രീനിയെ നോക്കി, 'ഇല്ലെ'ന്ന് നിഷേധഭാവത്തില്‍ കണ്ണുകൊണ്ട് വിസമ്മതിക്കുന്ന ലാലിന്റെ ഒരു രംഗമുണ്ട്. അത്രയും സൂക്ഷ്മമാണ് ആ കണ്‍ചലനം. കണ്ണ് ആര്‍ദ്രവും രൗദ്രവുമാകുന്ന പല സീനുകള്‍ ഭരതന്റെ 'താഴ്വാരം' എന്ന ചിത്രത്തിലും ഷാജി എന്‍. കരുണിന്റെ വാനപ്രസ്ഥത്തിലും കാണാം.
 
നോട്ടത്തെ അഭിനയത്തിലേക്ക് പകര്‍ത്തുമ്പോള്‍ 'സംസാരിക്കുന്ന കണ്ണു'കളായി അവ മാറുന്നു. ഇങ്ങനെ പല ഭാവതലങ്ങളില്‍ ലാല്‍ തന്നോടൊപ്പവും കാണിയോടൊപ്പവും സഞ്ചരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com