സ്ത്രീ ജീവിതത്തിന്റെ ദൃശ്യാഖ്യാനം

സ്വന്തം ജീവിതത്തോടും കാലത്തോളം നടത്തുന്ന പ്രതികരണങ്ങളിൽ നിന്നും ആത്മാന്വേഷണങ്ങളിൽ നിന്നുമാണ് ജെ ​ഗീതയുടെ ഓരോ സൃഷ്ടിയും രൂപമെടുക്കുന്നത്
ജെ ​ഗീത: ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
ജെ ​ഗീത: ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

ജെ. ഗീത സംവിധാനം ചെയ്ത 'റണ്‍ കല്യാണി' നിരവധി ദേശീയ അന്തര്‍ദ്ദേശീയ ചലച്ചിത്ര മേളകളില്‍ പങ്കെടുത്തു. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഉദ്ഘാടന ചിത്രമായിരുന്നു.

ദൃശ്യഭാഷയില്‍ നവീന സാധ്യതകള്‍ സൃഷ്ടിക്കുന്ന ചലച്ചിത്രകാരിയാണ് ജെ. ഗീത. ഡോക്യുമെന്ററി എന്ന മാധ്യമത്തില്‍ അസാധാരണ പരീക്ഷണങ്ങളാണ് ഗീത നടത്തുന്നത്. ഓരോ ഡോക്യുമെന്ററിയും വ്യത്യസ്ത ആവിഷ്‌കാരങ്ങളാണ്, ഉള്ളടക്കത്തിലും രൂപഘടനയിലും. സ്വന്തം ജീവിതത്തോടും കാലത്തോളം നടത്തുന്ന പ്രതികരണങ്ങളില്‍നിന്നും ആത്മാന്വേഷണങ്ങളില്‍നിന്നുമാണ് ഓരോ സൃഷ്ടിയും രൂപമെടുക്കുന്നത്. ഗീതയുടെ ഡോക്യുമെന്ററികള്‍ കാലത്തില്‍ കൊത്തിയ അനുഭവങ്ങളുടെ ആത്മസാക്ഷാല്‍ക്കാരങ്ങളാണ്.

ഗവേഷണം, പത്രപ്രവര്‍ത്തനം എന്നീ മേഖലകളില്‍നിന്നാണ് ഗീത ദൃശ്യമാധ്യമത്തിലേക്ക് വരുന്നത്. അത് പിന്നീട് സ്വയം കണ്ടെത്തലിന്റെ മാധ്യമമായി മാറി. ജീവിതത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളും സാമൂഹ്യ വസ്ഥയുടെ ചരിത്രപരമായ പരിണതികളുമാണ് ഡോക്യൂമെന്ററികളായി മാറുന്നത്. തിരഞ്ഞെടുപ്പിന്റെ അസാധാരണത്തം ഓരോ സൃഷ്ടിയിലുമുണ്ട്. വ്യക്തമായ ഒരു സാമൂഹിക-രാഷ്ട്രീയ പരിപ്രേക്ഷ്യം സംവിധായിക എപ്പോഴും പുലര്‍ത്തുന്നുണ്ട്. സമകാലിക സാമൂഹ്യ സന്ദര്‍ഭങ്ങളില്‍ രൂപപ്പെട്ടുവരുന്ന പുതിയ ആശയസമീക്ഷകളുടെ സംവാദപരിസരം ഈ ഡോക്യുമെന്ററികളില്‍ കണ്ടെത്താം. ഡോക്യുമെന്ററികള്‍ വെറും റിപ്പോര്‍ട്ടിങ്ങ് ആകുന്ന കാലത്താണ് ആന്തരിക സംത്രാസങ്ങളുടെ അടരുകള്‍ ചേര്‍ത്തുവെച്ച് പുതിയ ദൃശ്യാനുഭവങ്ങള്‍ സൃഷ്ടിക്കുന്നത്.

ഡോക്യൂമെന്ററികളില്‍ വിഭിന്നമായ രൂപഘടനകളാണ് സൃഷ്ടിക്കുന്നത്. എപ്പോഴും അത് നവീകരിക്കാനും ശ്രമിക്കുന്നു; മീഡിയത്തിന്റെ കലാപരമായും സാങ്കേതികവുമായ സാധ്യതകളെ സവിശേഷമായി ഉപയോഗപ്പെടുത്തുന്നു. ഉള്ളടക്കത്തിന്റെ ഗൗരവം പ്രകാശിപ്പിക്കുന്ന രൂപഘടനകളാണ് ഓരോന്നും. ആവര്‍ത്തനമോ തുടര്‍ച്ചയോ ആകുന്നുമില്ല. ഗീതയുടെ ചലച്ചിത്ര സവിശേഷതകളിലൊന്ന് ഈ വിഭിന്ന ആവിഷ്‌കാര രീതികള്‍ തന്നെയാണ്.

Woman with a Video camera (2005) എന്ന ഡോക്യുമെന്ററി യാഥാര്‍ത്ഥ്യത്തിന്റേയും ഭ്രമാത്മകതയുടേയും പരസ്പരം ആണ്. കേരളത്തിലെ സ്ത്രീ ജീവിതത്തിന്റെ വിഭിന്ന അനുഭവതലങ്ങളാണ് ഡോക്യുമെന്റ് ചെയ്യുന്നത്. പ്രഭാതം മുതല്‍ വ്യത്യസ്ത മേഖലകളില്‍ ജീവിതം പുലര്‍ത്തുന്നവരുടെ നേര്‍ചിത്രങ്ങള്‍. അതിനോടൊപ്പം സമൂഹത്തില്‍ ജീവിക്കുന്ന ഒരു സ്ത്രീയുടെ വിഭ്രമാവിഷ്‌കാരങ്ങളും ചേര്‍ത്തുവെയ്ക്കുന്നു. ജീവിതത്തിന്റെ സാധാരണ പ്രവാഹവും അസാധാരണ വിച്ഛേദങ്ങളും സംവിധായികയിലൂടെ സമന്വയിക്കുന്നു. കേരളീയ സ്ത്രീ ജീവിതത്തിന്റെ ബാഹ്യവും ആന്തരികവുമായ ചലനവേഗങ്ങളാണ് ഈ ഡോക്യുമെന്ററി പ്രകാശിപ്പിക്കുന്നത്. ഒരു സ്ത്രീ തികഞ്ഞ ജാഗ്രതയോടെ സമകാല സ്ത്രീ ജീവിതത്തിലൂടെ നടത്തുന്ന ദൃശ്യ അന്വേഷണമാണിത്.

'അകം' (2007) എന്ന ലഘുചിത്രം മൂന്ന് സ്ത്രീ ജീവിതങ്ങള്‍ മൂന്നു കാലങ്ങളിലൂടെ അതിജീവിക്കുന്നതിന്റെ ആവിഷ്‌കാരമാണ്. സമൂഹത്തിലെ മൂന്ന് പ്രമുഖ സ്ത്രീകള്‍ തന്നെ ആ കാലങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഭൂതകാലം ഭാഗ്യലക്ഷ്മിയും വര്‍ത്തമാനം സംവിധായികയും ഭാവി ജ്യോതിര്‍മയിയും അവതരിപ്പിക്കുന്നു. മൂന്നു കവിതാഭാഗങ്ങളിലൂടെയാണ് ആഖ്യാനം നിര്‍വ്വഹിക്കുന്നത്. സിനി പൊയെം (cini poem) എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു ദൃശ്യരചന സൃഷ്ടിച്ചിരിക്കുന്നത്. ദൃശ്യതലങ്ങളിലെ അപനിര്‍മ്മാണവും പരിചിതമല്ലാത്ത അനുഭവമാണ്. 'നൊസ്റ്റാള്‍ജിയ' എന്ന ചെറുചിത്രം സംഗീതവും ജീവിതവും തമ്മിലുള്ള ആഭിമുഖ്യത്തിന്റേയും ആത്മസംവാദത്തിന്റേയും ദൃശ്യഭാഷാന്തരീകരണമാണ്. ഈ സവിശേഷ ചലച്ചിത്രാവിഷ്‌കാരങ്ങളുടെ തുടര്‍ച്ചയാണ് 'റണ്‍ കല്യാണി' എന്ന സിനിമ.

ആര്‍ട്ട് ഹൗസ് സിനിമകള്‍ക്ക് പുതിയ ദിശാബോധം രൂപപ്പെടുന്ന ഒരു കാലമാണിത്. സൂക്ഷ്മ രാഷ്ട്രീയ സാദ്ധ്യതകള്‍ നവശില്പഘടനകളിലൂടെ പ്രകാശിപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്ത്രീ സമീക്ഷകള്‍, പാരിസ്ഥിതിക അതിജീവനങ്ങള്‍, ദളിത്/ആദിവാസി ജീവിതപരിസരങ്ങള്‍ എന്നിവ അവര്‍ സ്വീകരിക്കുന്നു. സ്ത്രീ ജീവിതത്തിന്റെ വിഭിന്ന അവസ്ഥകള്‍ സൂക്ഷ്മായിത്തന്നെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ബന്ധങ്ങളിലെ സന്ദിഗ്ദ്ധതകള്‍, ഏകാന്തതകളിലെ തീക്ഷ്ണത, അതിജീവനത്തിന്റെ ആത്മത്വരകള്‍ എന്നിവയൊക്കെ അടയാളപ്പെടുത്തുന്നുണ്ട്. പക്ഷേ, മലയാളത്തില്‍ ഇപ്പോഴും സ്ത്രീ കേന്ദ്രീകൃത ചലച്ചിത്രങ്ങള്‍ പരിമിതമായി മാത്രമേ ഉണ്ടാകുന്നുള്ളൂ. സൃഷ്ടിക്കപ്പെടുന്ന സിനിമകള്‍ പലപ്പോഴും അതിഭാവുകതയിലേക്കോ പ്രകടനപരതയിലേക്കോ മാറുകയാണ് ചെയ്യുന്നത്. സ്ത്രീ പകര്‍ത്തുന്ന സ്ത്രീ ജീവിതം അപൂര്‍വ്വമായേ സംഭവിക്കുന്നുള്ളൂ. അത്തരമൊരു സന്ദര്‍ഭത്തിലാണ് ജെ. ഗീതയുടെ 'റണ്‍ കല്യാണി' പ്രസക്തമാവുന്നത്.

തിരുവനന്തപുരത്തെ ഒരു അഗ്രഹാരത്തില്‍ കഴിയുന്ന കല്യാണി എന്ന യുവതിയെ കേന്ദ്രീകരിച്ചാണ് ചലച്ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ദുരിതങ്ങളുടെ അകത്തളത്തിലാണ്, ചെറിയ ചെറിയ സ്വപ്നങ്ങളുമായി കല്യാണി ജീവിക്കുന്നത്. തളര്‍ന്നുകിടക്കുന്ന പാട്ടിയമ്മയും സിനിമ സ്വപ്നം കാണുന്ന സഹോദരനുമാണ് കൂടെയുള്ളത്. വ്യത്യസ്ത വീടുകളില്‍ പാചകജോലികള്‍ ചെയ്തു ജീവിക്കുന്ന കല്യാണിയുടെ ഓരോ ദിവസവും പുറമെ ആവര്‍ത്തനമായി തോന്നാം. എന്നാല്‍, ഓരോ പ്രഭാതവും ബാധ്യതകളുടെ ഓര്‍മ്മപ്പെടുത്തലുകളിലൂടെയാണ് കടന്നുപോകുന്നത്. ദുഃഖങ്ങള്‍ അടക്കിപ്പിടിച്ചു പ്രസന്നതയോടെയാണ് ഈ സന്ദര്‍ഭങ്ങളെ കല്യാണി നേരിടുന്നത്. കല്യാണിയുടെ അകവും പുറവും നിശ്ശബ്ദതകൊണ്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത്. നിശ്ശബ്ദതയുടെ തീക്ഷ്ണതയാണ് കല്യാണി പ്രസരിപ്പിക്കുന്നത്. തുറന്ന വികാരപ്രകടനങ്ങള്‍ക്കോ തുറന്നു പറച്ചിലുകള്‍ക്കോ തയ്യാറാവുന്നില്ല. ചിത്രത്തിന്റെ അവസാനത്തില്‍ പ്രകൃതിയുടെ പ്രശാന്തതയിലേക്ക് നീങ്ങുമ്പോഴും ആ നിശ്ശബ്ദത ഉപേക്ഷിക്കുന്നില്ല.

രണ്ടു വ്യത്യസ്ത കുടുംബങ്ങളിലാണ് കല്യാണി ജോലി ചെയ്യുന്നത്. അവിവാഹിതനായ ഒരു മധ്യവയസ്‌കന്റെ വീട്ടിലാണ് ആദ്യം പോകുന്നത്. അയാള്‍ ജീവിതത്തെ തികച്ചും ഉദാസീനമായാണ് അഭിമുഖീകരിക്കുന്നത്. അടുത്ത വീട്ടിലെ അസ്വസ്ഥയായ സ്ത്രീയില്‍ പ്രണയം കണ്ടെത്തുന്നു. ആശയവിനിമയത്തിന്റെ മാധ്യമം കവിതയാണ്. അത് എത്തിക്കുന്നത് കല്യാണിയും. കല്യാണിയുടെ ജീവിതത്തോടും അയാള്‍ പരോക്ഷമായ ആഭിമുഖ്യം പുലര്‍ത്തുന്നുണ്ട്. കല്യാണി ജോലിചെയ്യുന്ന രണ്ടാമത്തെ വീടും പുറത്തു പ്രശാന്തമാണെങ്കിലും അകത്ത് അസ്വസ്ഥത നീറിപ്പടരുന്നതാണ്. പുതിയ അവസരങ്ങളും തൊഴില്‍ സാധ്യതകളും സ്വപ്നം കാണുന്നവരും ദാമ്പത്യജീവിതത്തില്‍ ആകുലതകള്‍ നേരിടുന്നവരും ആ കുടുംബത്തിന്റെ അകത്തളത്തില്‍ ഉണ്ട്. ഇതിന്റേയും നിശ്ശബ്ദ സാക്ഷിയാണ് കല്യാണി. അവിടെ മാനസിക ശാരീരിക പീഡനം നേരിടുന്ന നിര്‍മ്മലയോട് അനുതാപം പ്രകടിപ്പിക്കുന്നു. അവിടുത്തെ വിഭിന്ന ജീവിതാവസ്ഥകള്‍ കല്യാണിയുടെ കാഴ്ചപ്പാടിലൂടെയാണ് അനുഭവിക്കുന്നത്.

കല്യാണി കടന്നുപോകുന്ന തെരുവുകള്‍ക്കും ഒരേ മുഖമാണുള്ളത്. ചരിത്രത്തിലെ അസംബന്ധങ്ങള്‍ വിളിച്ചുപറയുന്ന യുവാവും സംഗീതവാദകനും നിത്യകാഴ്ചയാണ്. നഗര ജീവിതത്തിന്റെ നൈരന്തര്യം കല്യാണിയിലൂടെ അനുഭവിക്കുന്നു. തെരുവിലെ ആള്‍ക്കൂട്ടങ്ങള്‍ക്കും ചുവര്‍ച്ചിത്രങ്ങള്‍ക്കും മാറ്റങ്ങളുണ്ടാവുന്നില്ല. വിജയന്റേയും നിര്‍മ്മലയുടേയും അപ്രത്യക്ഷമാകാന്‍ തിരിച്ചറിയുന്നത് കല്യാണി മാത്രമാണ്. അവരുടെ പാരസ്പര്യത്തിന്റെ കണ്ണി കല്യാണി ആണല്ലോ? മുത്തശ്ശിയുടെ മരണവും കല്യാണിയെ ഏകാകിയാക്കി മാറ്റി. എല്ലാവരില്‍നിന്നും ഒറ്റയാകുന്ന കല്യാണി ഏകാന്തതയിലേക്ക് യാത്രയാവുന്നു.

'റണ്‍ കല്യാണി' സമകാല ജീവിതത്തോടുള്ള സൂക്ഷ്മ പ്രതികരണമാണ്. ജീവിതത്തിന്റെ ആന്തരിക സംത്രാസങ്ങള്‍ ആരവങ്ങളില്ലാതെ മുദ്രിതമാക്കുന്നു. അതിഭാവുകതയിലേക്ക് വഴി തുറക്കാവുന്ന ജീവിതസന്ദര്‍ഭങ്ങളെ നിശ്ശബ്ദ സംവേദനത്തിലേക്ക് നയിക്കുന്നു. അരവിന്ദനെ-പ്പോലുള്ള സംവിധായകര്‍ ചിത്രങ്ങളില്‍ സൃഷ്ടിച്ച മൗനത്തിന്റെ ആഴങ്ങള്‍ക്കു മറ്റൊരു രൂപാന്തരം സൃഷ്ടിക്കുകയാണ് ഇവിടെ. ജീവിതത്തിന്റെ തീക്ഷ്ണതയില്‍നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് ചലച്ചിത്രത്തിനുള്ളിലുള്ളത്. ഒരു സ്ത്രീ ജീവിതത്തിന്റെ ഉള്ളിലും പരിസരങ്ങളിലും അഭിമുഖീകരിക്കുന്ന സാമൂഹ്യ/വൈകാരിക പ്രതിസന്ധികളുടെ ആഴത്തിലേക്ക് ചലച്ചിത്രം കടന്നുപോകുന്നുണ്ട്.

പൊയറ്റിക് റിയലിസത്തിന്റെ (poetic realism) കലാസമീപനമാണ് ചിത്രത്തിലുള്ളത്. ഉള്ളിലെ സംഘര്‍ഷങ്ങളുടെ തീക്ഷ്ണത സാന്ദ്രമായാണ് അവതരിപ്പിക്കുന്നത്. ചടുല ആഖ്യാനമല്ല സ്വീകരിച്ചത്, ദൃശ്യങ്ങളുടെ പാരസ്പര്യത്തിനു പ്രത്യേക റിഥമുണ്ട്. ഛായാഗ്രഹണത്തിന്റെ സവിശേഷ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഈ ദൃശ്യസംവേദന ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. മൂന്നു ദിവസങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ ഭൂത, ഭാവി കാലങ്ങളിലേക്ക് വിന്യസിക്കുന്നത് ദൃശ്യങ്ങളുടെ പ്രത്യേക സംയോഗത്തിലൂടെയാണ്.

കവിതയിലൂടെയുള്ള ആത്മസംവേദനം ചിത്രത്തിന്റെ അസാധാരണ സവിശേഷതയാണ്. മയക്കോവ്സ്‌കി, ലോര്‍ക്ക, ഷുഹിമോ എന്നിവരുടെ കവിതകളാണ് വിജയന്‍ പ്രണയ സംവാദത്തിനു തിരഞ്ഞെടുത്തത്. മീരാഭായി, ആണ്ടാള്‍ എന്നിവരുടെ കവിതകള്‍ നിര്‍മ്മലയും. ആ കവിതകളുടെ ആന്തരികസൗന്ദര്യം പ്രണയത്തിന്റെ തീക്ഷ്ണത ജ്വലിപ്പിക്കുന്നു. ഗാര്‍ഗി എന്ന തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് ആണ് കല്യാണിയെ അവതരിപ്പിച്ചത്. നവാഗതസാന്നിധ്യം എന്നു തോന്നിപ്പിക്കാത്ത അഭിനയചാരുതയാണ് ഗാര്‍ഗി പ്രദര്‍ശിപ്പിച്ചത്. കല്യാണി എന്ന കഥാപാത്രത്തിന്റെ ലാളിത്യവും പ്രസാദവും കരുത്തും ഒരുപോലെ അവതരിപ്പിച്ചു. രമേശ് വര്‍മ്മയുടെ വിജയനും മീരാ നായരുടെ നിര്‍മ്മലയും മായാത്ത കാഴ്ചസാന്നിധ്യമാണ്. റണ്‍ കല്യാണിയുടെ കാഴ്ചാപഥങ്ങള്‍ നിരവധി ആലോചനകള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴി തുറന്നിടുന്നു.

*****************************************

സ്ത്രീപക്ഷ സിനിമികള്‍ എളുപ്പമല്ല

ജെ ഗീത/പ്രദീപ് പനങ്ങാട്

താങ്കള്‍ ഗവേഷകയും പത്രപ്രവര്‍ത്തകയുമായിരുന്നല്ലോ? സിനിമാ മേഖലയിലേക്ക് വന്നത് എങ്ങനെയാണ്?

കാലിക്കറ്റ് സര്‍വ്വകലാശാലയിലാണ് ഞാന്‍ ഗവേഷണം നടത്തിയത്. Woman in Indian Narrative എന്നതായിരുന്നു വിഷയം. പിന്നീട് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ജോലി ചെയ്തു. കുറച്ചുകഴിഞ്ഞ് മുഴുവന്‍സമയ പത്രപ്രവര്‍ത്തനം അവസാനിപ്പിച്ചു. അതിനുശേഷം വ്യത്യസ്ത പ്രസിദ്ധീകരണങ്ങളില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതി. 'ഡീപ്പ് ഫോക്കസ്' പോലുള്ള മാസികകളില്‍ സിനിമയെക്കുറിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഏഷ്യാനെറ്റ് വന്നതോടെ ആ ചാനലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. 1996 മുതല്‍ ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചു തുടങ്ങി. ബാംഗ്ലൂരില്‍ നടന്ന മിസ് വേള്‍ഡ് മത്സരത്തെക്കുറിച്ചായിരുന്നു ആദ്യ ഡോക്യുമെന്ററി. ഏഷ്യാനെറ്റാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്. പിന്നീട് കൈരളി ടി.വിയില്‍ ജോലി ചെയ്തു. കറണ്ട് അഫേഴ്സ് വിഭാഗത്തിലായിരുന്നു അത്. അവിടെനിന്നും പുറത്തുവന്ന ശേഷം സ്വതന്ത്ര ഡോക്യുമെന്ററികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. 2003-ല്‍ ഒരു ക്യാമറ കിട്ടി; അതുകൊണ്ടാണ് 'വുമണ്‍ വിത്ത് എ വീഡിയോ ക്യാമറ' എന്ന ഡോക്യുമെന്ററി ഉണ്ടാക്കിയത്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെക്കുറിച്ചാണത്. സ്ത്രീ ജീവിതത്തിന്റെ അകത്തളങ്ങളിലൂടെ ഒരു യാത്ര. സണ്ണി ജോസഫാണ് ക്യാമറ ചെയ്തത്. അഭിനയിച്ചത് ജ്യോതിര്‍മയിയും. അതിനു ശേഷം നൊസ്റ്റാള്‍ജിയ എന്ന പടം നിര്‍മ്മിച്ചു, പിന്നീട് അകം. എന്നാല്‍, ഇതിനിടയില്‍ത്തന്നെ ഫീച്ചര്‍ ഫിലിമുകള്‍ക്കുവേണ്ടി നിരവധി തിരക്കഥകള്‍ എഴുതി. പക്ഷേ, അതൊന്നും ചലച്ചിത്രമാക്കാന്‍ കഴിഞ്ഞില്ല.

എങ്ങനെയാണ് റണ്‍ കല്യാണിയിലേക്ക് എത്തിയത്?

ഞാന്‍ എഴുതിവെച്ച തിരക്കഥകളില്‍ ചെലവ് കുറച്ചു ചെയ്യാന്‍ കഴിയുന്ന ഒന്നാണ് 'റണ്‍ കല്യാണി' എന്നു മനസ്സിലായി. സുഹൃത്തുക്കളുടെ പ്രേരണയും ഉണ്ടായി. ഒരു കുക്കിന്റെ ജീവിതമാണ് അവതരിപ്പിക്കുന്നത്. ഒരു കുക്കിനു വീടുകളില്‍ പോയി ജോലി ചെയ്യുമ്പോള്‍ ആ വീടിന്റെ സജീവ ഭാഗമാകാതെ തന്നെ അവിടുത്തെ ജീവിതം അനുഭവിച്ചറിയാന്‍ കഴിയും. അവരുടെ ജീവിതം എല്ലാ ദിവസവും ഒരുപോലെ ആണെങ്കിലും അതില്‍ വ്യത്യസ്തതയുണ്ടാവും. ഉണ്ടാവുന്ന വ്യത്യസ്തതകള്‍ തികച്ചും സൂക്ഷ്മമാണ്. നിരവധി ചെറിയ കാര്യങ്ങള്‍പോലും അവരിലൂടെ കടന്നുപോകും. അത്തരം ഒരു ജീവിതമാണ് അവതരിപ്പിക്കുന്നത്.

കല്യാണിയുടെ ജീവിതം രൂപപ്പെടുത്തിയത് എങ്ങനെയാണ്?

അഗ്രഹാര ജീവിതം ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. മുറുക്ക്, പപ്പടം ഒക്കെ വില്‍ക്കുന്നവരെ എനിക്കറിയാം. ബ്രാഹ്മണര്‍ ആണെങ്കിലും അവര്‍ കഷ്ടപ്പെട്ടാണ് കഴിയുന്നത്. ദാരിദ്ര്യം അനുഭവിക്കുന്നുമുണ്ട്. എനിക്കറിയാവുന്ന ജീവിത പശ്ചാത്തലത്തില്‍നിന്നു സിനിമ തുടങ്ങണം എന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് അഗ്രഹാര ജീവിതത്തില്‍ എത്തുന്നത്. അഗ്രഹാരത്തിലെ പണിയെടുക്കുന്ന ഈ സ്ത്രീകള്‍ വര്‍ക്കിംഗ് ക്ലാസ്സുകാര്‍ തന്നെയാണ്. വീടുകളിലെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത് സ്ത്രീകളാണ്. എല്ലാ വീട്ടിലേയും കാര്യങ്ങള്‍ അങ്ങനെയാണ്. അഗ്രഹാരത്തിലെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് കല്യാണിയാണ്. ഇത്തരം സ്ത്രീകള്‍ക്ക് പുറത്തോ അകത്തോ ഒരിക്കലും അംഗീകാരം ലഭിക്കില്ല. അവര്‍ ഏതുകാലത്തും വര്‍ക്കിംഗ് ക്ലാസ്സായിത്തന്നെ തുടരും. ഇത്തരമൊരു പശ്ചാത്തലത്തില്‍നിന്നാണ് കല്യാണിയെ രൂപപ്പെടുത്തിയത്

ഈ ചിത്രത്തില്‍ നിശ്ശബ്ദത ഏറെയുണ്ട്. ആദ്യം മുതല്‍ ആ അവസ്ഥ അനുഭവിക്കുന്നുണ്ട്. അത്തരം സമീപനം സ്വീകരിച്ചത് എന്തുകൊണ്ടാണ്?

ഞാന്‍ സംഗീതവും നൃത്തവും പഠിച്ചിട്ടുണ്ട്. നൃത്തത്തിലെ റിഥമാണ് ഇവിടെ ഉപയോഗിക്കാന്‍ ശ്രമിച്ചത്. നൃത്തത്തില്‍ എപ്പോഴും നോട്ടങ്ങള്‍ക്കും ചലനങ്ങള്‍ക്കുമാണ് പ്രാധാന്യം. ഒരു നോട്ടം കൊണ്ട് ആശയസംവേദനം നടത്താന്‍ കഴിയും. സിനിമ ഒരു വിഷ്വല്‍ മീഡിയമാണ്. അപ്പോള്‍ സംഭാഷണത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് ഇത്തരം ചലനങ്ങള്‍ക്കാണ്. ഈ ചിത്രത്തില്‍ സംഭാഷണങ്ങള്‍ അധികം ഉണ്ടാകാത്തത് അതുകൊണ്ടാണ്.

ചിത്രത്തിന്റെ അന്തരീക്ഷം തികച്ചും കാവ്യാത്മകമാണ് ഈ സമീപനം സ്വീകരിച്ചത് എന്തുകൊണ്ടാണ്?

പൊയറ്റിക് റിയലിസം എന്നൊരു കലാസങ്കേതം ഉണ്ട്. ഫ്രാന്‍സിലൊക്കെ ഇത്തരം സൃഷ്ടികള്‍ ഉണ്ടായിട്ടുണ്ട്. ആ സമീപനത്തിന്റെ സ്വാധീനം ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിലുണ്ട്. ഞാന്‍ നേരത്തെ നിര്‍മ്മിച്ച 'അകം' എന്ന ചിത്രം കവിതയുടെ സാന്നിധ്യം നിറഞ്ഞതാണ്. ഈ സിനിമയില്‍ കവിത ജീവിതത്തിന്റെ ഭാഗമാണ്. അത് വേറിട്ടുനില്‍ക്കുന്ന ഒന്നല്ല. സാധാരണപോലെ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ ഒന്നുമല്ല കവിത ഇവിടെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഉള്ളില്‍ ലയിച്ചു ചേര്‍ന്നതാണ് കവിതകള്‍. ഒരു പ്രത്യേക പാറ്റേണിലുള്ള താളത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഏതെങ്കിലും ഒരു പ്രശ്‌നത്തെ മുന്‍നിര്‍ത്തിയല്ല സിനിമ ചിത്രീകരിച്ചിരിക്കുന്നത്. നിരവധി അടരുകള്‍കൊണ്ടാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തില്‍ ഉപയോഗിക്കുന്ന കവിതകളുടെ തിരഞ്ഞെടുപ്പ് എന്ത് അടിസ്ഥാനത്തിലാണ്?

വിജയനും നിര്‍മ്മലയും തമ്മിലുള്ള ആശയസംവേദനത്തിനാണ് കവിത ഉപയോഗിക്കുന്നത്. വിജയന്‍ മയക്കോവ്സ്‌ക്കി, ലോര്‍ക്ക; ഷുഹിമോ എന്നിവരുടെ കവിതകളാണ് തിരഞ്ഞെടുത്തത്. വ്യത്യസ്ത കാലങ്ങളില്‍ ജീവിച്ച ഈ മൂന്നു കവികള്‍ക്കും പൊതു രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലം ഉണ്ട്. അവര്‍ വിപ്ലവ കവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും പ്രണയത്തിന്റെ സവിശേഷ ആവിഷ്‌കാരങ്ങളും നടത്തിയിട്ടുണ്ട്. നിര്‍മ്മല ഉപയോഗിക്കുന്ന കവിതകള്‍ ആണ്ടാള്‍, മീരാഭായി എന്നിവരുടേതാണ്. അവരെ ഭക്തകവികളായാണ് പരിഗണിക്കുന്നതെങ്കിലും പ്രണയത്തിന്റെ വലിയ സാന്നിധ്യം ആ കവിതകളിലുണ്ട്.

റണ്‍ കല്യാണി ഒരു സ്ത്രീപക്ഷ സിനിമയായി പരിഗണിക്കാമോ?

I am a woman film maker, ഒരു ഫെമിനിസ്റ്റ് ഫിലിം ഡയറക്ടറായിത്തന്നെയാണ് എന്നെ സ്വയം വിലയിരുത്തുന്നത്. കലയില്‍ ഫെമിനിയന്‍ സെന്‍സിബിലിറ്റി സൃഷ്ടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കലയില്‍ ഫെമിനിയന്‍ സമീപനം ഉണ്ടാവണം. കഥാപാത്രങ്ങളുടെ മുഖത്തു നോക്കി സ്ത്രീപക്ഷ വാചകങ്ങള്‍ പറയുന്നതിലല്ല കാര്യം. സ്ത്രീ കേന്ദ്രീകൃതമായ ഭാവുകത്വം രൂപപ്പെടുത്തണം. അതാണ് എന്റെ പക്ഷം; ഈ അടിസ്ഥാനത്തില്‍ സിനിമയെ വിലയിരുത്തണം.

മലയാളത്തില്‍ ഒരു ഫെമിനിസ്റ്റ് ഡയറക്ടര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുകൂല സാഹചര്യം ഉണ്ടോ?

പ്രത്യേക തരത്തിലുള്ള ഹൈറാര്‍ക്കികളും ചിട്ടകളും രീതികളും ഉള്ള ഒന്നാണ് ഫിലിം ഇന്‍ഡസ്ട്രി. എന്നെപ്പോലുള്ള ഒരു സ്വതന്ത്ര സംവിധായകയ്ക്ക് അവിടേയ്ക്ക് കടന്നുവരാന്‍ പ്രയാസമുണ്ട്. നിരവധി പ്രശ്‌നങ്ങള്‍ സാമൂഹിക, സാമ്പത്തിക രംഗത്ത് അഭിമുഖീകരിക്കേണ്ടതുണ്ട്. സ്ത്രീപക്ഷ സിനിമകളുടെ നിര്‍മ്മാണം അത്ര എളുപ്പമുള്ള ഒന്നല്ല.

താങ്കളുടെ ചിത്രങ്ങള്‍ IFFK പോലുള്ള മേളകളില്‍ തിരസ്‌കരിക്കപ്പെടുന്നുണ്ടല്ലോ, എന്തുകൊണ്ടാണ്?

എന്റെ എഴുത്തുകള്‍ക്കോ സിനിമയ്‌ക്കോ ഇവിടെ അംഗീകാരം കിട്ടാറില്ല. അതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. എന്റെ സിനിമകളോട് നിഷേധാത്മക സമീപനമാണ് ചലച്ചിത്ര അക്കാദമി സ്വീകരിക്കാറുള്ളത്. അവന്‍ ഇനിയെങ്കിലും സ്വയം വിമര്‍ശനം നടത്തേണ്ടതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com