ചരിത്രത്തില്‍ ഒരു 'സ്പുട്‌നിക്ക് ' കൂടി

കൊറോണ - 19 എന്ന മഹാമാരിയെ ചെറുക്കാന്‍ ഒരു വാക്സിന്‍ നിര്‍മ്മിക്കുകയും അതിന് റഷ്യന്‍ ഗവണ്‍മെന്റിന്റെ രജിസ്ട്രേഷന്‍ നല്‍കിയതായും ആഗസ്റ്റ് 11-നു് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുച്ചിന്‍ പ്രഖ്യാപിച്ചു
ചരിത്രത്തില്‍ ഒരു 'സ്പുട്‌നിക്ക് ' കൂടി

ലോക സാഹിത്യത്തില്‍ റഷ്യയ്ക്ക് ഒരു സുവര്‍ണ്ണ കാലഘട്ടം അവകാശപ്പെടാന്‍ കഴിയും. അതുകൊണ്ടാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ ദസ്തയേവ്സ്‌കിയും ടോള്‍സ്റ്റോയിയും ചേഹവും മറ്റും ഇന്നും ലോകസാഹിത്യത്തിലെ നാഴികക്കല്ലുകളായി തുടരുന്നത്. അതുപോലെ തന്നെയാണ് ശാസ്ത്രരംഗത്തും റഷ്യന്‍ ശാസ്ത്രജ്ഞര്‍ സുവര്‍ണ്ണ ലിപികളില്‍ അടയാളപ്പെടുത്തിയ നിരവധി നേട്ടങ്ങള്‍ വിരാജിക്കുന്നതു്. രസതന്ത്രത്തിലെ പീരിയോഡിക് ടേബിളിന്റെ ഉപജ്ഞാതാവായ ദിമിത്രി മെന്തല്യേവ്, വിവിധ മേഖലകളില്‍ കണ്ടുപിടുത്തങ്ങള്‍ നടത്തിയ മിഹയീല്‍ ലമനോസവ്, ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളുടെ പ്രായോഗിക ഉപയോഗം കണ്ടുപിടിച്ച അലക്സാന്തര്‍ പപ്പോവ് അങ്ങനെ നീണ്ടുപോകുന്ന പട്ടികയാണ് അത്. പക്ഷേ, ഏതു രംഗത്തും റഷ്യന്‍ നേട്ടങ്ങളെ തമസ്‌ക്കരിക്കാനും പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളെ പിന്തുണയ്ക്കാനുമുള്ള ഒരു പ്രവണത നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ ചരിത്രത്തില്‍ ദൃശ്യമാണ്.

യൂറോപ്പില്‍ ജര്‍മനും ഫ്രെഞ്ചും സ്പാനിഷും ഭാഷകള്‍ക്കായിരുന്നു ഏറെ പ്രാധാന്യം. പതിനെട്ടാം നൂറ്റാണ്ടിലെ കാതറിന്‍ ചക്രവര്‍ത്തിനിയുടെ കാലം മുതല്‍ ജര്‍മന്‍, ഫ്രെഞ്ചു ഭാഷകള്‍ അറിയാത്ത ഉന്നതകുല ജാതര്‍ റഷ്യയില്‍ ഉണ്ടായിരുന്നില്ല. ടോള്‍സ്റ്റോയ് ജര്‍മന്‍ ഭാഷയില്‍ പുസ്തകരചന നടത്തിയിട്ടുണ്ട്. 'മാസ് സംരക്ഷണ നിയമം' പഠിക്കാത്ത കെമിസ്ട്രി ബിരുദധാരികളില്ല. ഫ്രെഞ്ചുകാരന്‍ ലാവോസി എന്ന ശാസ്ത്രജ്ഞനു മുന്‍പ് അത് കണ്ടെത്തിയത് മോസ്‌കൊ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്ഥാപിച്ച ലമനോസവായിരുന്നു! റേഡിയൊ കണ്ടുപിടിച്ചത് മാര്‍ക്കോണിയാണെന്ന് ഉറക്കത്തില്‍ ചോദിച്ചാലും നമ്മള്‍ പറയും. പക്ഷേ, ഒരു റഷ്യക്കാരനോടു ചോദിച്ചാല്‍ അലക്സാന്തര്‍ പപ്പോവ് ആണെന്നു പറയും.  ലോകം അറിയാത്ത ചില പാരമ്പര്യങ്ങളും അറിവുകളും റഷ്യ എന്ന മഹാരാജ്യത്ത് കുഴിച്ചുമൂടപ്പെട്ടിട്ടുണ്ട്. കമ്യൂണിസത്തെ പൂര്‍ണ്ണമായും തകര്‍ത്തെറിഞ്ഞുകഴിഞ്ഞിട്ടും 'ശീതയുദ്ധം' അപ്പോളൊ-സോയൂസ് സംയുക്ത സംരംഭത്തിനു വഴിമാറിക്കൊടുത്തിട്ടും പഴയ ഇരുമ്പുമറയുടെ നിഴലില്‍ത്തന്നെയാണ് ഏതൊരു റഷ്യന്‍ കണ്ടുപിടുത്തത്തേയും അമേരിക്കയും ലോകരാജ്യങ്ങളും നോക്കിക്കാണുന്നത്.

കൊറോണ - 19 എന്ന മഹാമാരിയെ ചെറുക്കാന്‍ ഒരു വാക്സിന്‍ നിര്‍മ്മിക്കുകയും അതിന് റഷ്യന്‍ ഗവണ്‍മെന്റിന്റെ രജിസ്ട്രേഷന്‍ നല്‍കിയതായും ആഗസ്റ്റ് 11-നു് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുച്ചിന്‍ പ്രഖ്യാപിച്ചു. തന്റെ മകള്‍ സ്വമനസ്സാലെ വാക്സിന്‍ പരീക്ഷണത്തിന് വിധേയയായെന്നും പുച്ചിന്‍ പ്രഖ്യാപിച്ചു. ലോകരാജ്യങ്ങളില്‍ ഇതിനെതിരായി ഉണ്ടായ അഭിപ്രായങ്ങളും പ്രഖ്യാപനങ്ങളും നമ്മുടെ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

വാക്സിനായി നാലു സ്ഥാപനങ്ങള്‍

മറ്റൊരു രോഗനിവാരണത്തിനും കൈവരാത്ത ആവശ്യകതയും പ്രാധാന്യവുമാണ് കൊറോണ വാക്സിനു കൈവന്നിരിക്കുന്നത്. ഇപ്പോള്‍ 139 കൊറോണ വാക്സിനുകളുടെ പ്രീ ക്ലിനിക്കല്‍ പഠനങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട്. റഷ്യയില്‍ മാത്രം നാലു സ്ഥാപനങ്ങളാണ് കൊറോണ വാക്സിന്‍ വികസിപ്പിക്കുന്നതിനായി ശ്രമിക്കുന്നത്. മോസ്‌കോവിലെ ഗമലേയ ഇന്‍സ്റ്റിറ്റിയൂട്ട്, നോവസിബീര്‍സ്‌കിലെ ഗവ. വൈറോളജി റിസര്‍ച്ച് സെന്റര്‍, മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയാണ് ഈ രംഗത്ത് ഗവേഷണങ്ങള്‍ നടത്തുന്നത്. ഇവയില്‍ ഗമലേയ ഇന്‍സ്റ്റിറ്റിയൂട്ടാണ് വിജയകരമായി തങ്ങള്‍ വികസിപ്പിച്ച വാക്സിന്‍ പ്രീ ക്ലിനിക്കല്‍ പഠനങ്ങള്‍ പൂര്‍ത്തിയാക്കി റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ രജിസ്ട്രേഷന് അര്‍ഹത നേടിയത്.

ഗമലേയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എപ്പിഡെമിയോളജി ആന്റ് മൈക്രോബയോളജി എന്നാണ് വാക്സിന്‍ വികസിപ്പിച്ച സ്ഥാപനത്തിന്റെ പൂര്‍ണ്ണമായ പേരു്. സാര്‍ ചക്രവര്‍ത്തിയുടെ കാലത്ത് 1891-ലാണ് ഈ സ്ഥാപനം സ്ഥാപിക്കപ്പെട്ടത്. പില്‍ക്കാലത്ത് ദേശസാല്‍ക്കരിക്കപ്പെടുകയും 1949-ല്‍ പ്രശസ്ത റഷ്യന്‍ സാംക്രമിക രോഗവിദഗ്ദ്ധനായ ഡോ. നിക്കോളായ് ഗമലേയയുടെ പേരില്‍ ഈ സ്ഥാപനം നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1859 -ല്‍ ഒഡേസ എന്ന ഉക്രയിനിലെ പട്ടണത്തില്‍ ജനിച്ച നിക്കോളായ് ഫ്യോദ്റോവിച്ച് ഗമലേയ സാര്‍ ചക്രവര്‍ത്തിയുടെ കീഴിലുണ്ടായിരുന്ന സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ മെഡിക്കല്‍ - സര്‍ജറി അക്കാദമിയില്‍നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്തു. നിക്കോളായ് ഗമലേയയുടെ അപ്പൂപ്പന്‍ പേരുകേട്ട ഒരു ഡോക്ടറായിരുന്നു. ആന്ത്രാക്സ് രോഗത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഒരു പ്രബന്ധം ജര്‍മന്‍ ഭാഷയിലേക്കു് വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. സാര്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഒഡേസയിലെ ഒരു ഹോസ്പിറ്റലില്‍ ജോലി നോക്കിയിരുന്ന ഗമലേയ ബാക്ടീരിയോളജിയില്‍ പ്രശസ്ത ശാസ്ത്രജ്ഞനായി വളര്‍ന്നു. തുടര്‍ന്ന് അദ്ദേഹത്തെ ലോക പ്രശസ്തനായ ശാസ്ത്രജ്ഞന്‍ ലൂയി പാസ്റ്ററുടെ പാരീസിലെ പരീക്ഷണശാലയിലാണ് സാര്‍ ചക്രവര്‍ത്തി പരിശീലനത്തിന് അയച്ചത്. 1885-ലായിരുന്നു ഇത്. അക്കാലത്തെ റഷ്യന്‍ ചക്രവര്‍ത്തി 'സമാധാന പ്രിയന്‍' എന്നു പേരുകേട്ട അലക്സാന്തര്‍ മൂന്നാമനായിരുന്നു. ലൂയി പാസ്റ്ററുടെ പാരീസിലെ പരീക്ഷണശാലയില്‍ പേപ്പട്ടി വിഷത്തിനെതിരായ വാക്സിന്‍ നിര്‍മ്മിക്കുന്ന രീതി ഗമലേയ പഠിച്ചു. പിന്നീടു് ഒഡേസയില്‍ തിരിച്ചെത്തിയ അദ്ദേഹം മറ്റൊരു ഡോക്ടറുമായി ചേര്‍ന്ന് ഒരു പരീക്ഷണശാല സ്ഥാപിച്ചു. ലൂയി പാസ്റ്ററുടെ സഹായത്തോടെ 1886-ല്‍ റഷ്യയില്‍ ആദ്യത്തെ ബാക്ടീരിയോളജിക്കല്‍ പരീക്ഷണശാല സ്ഥാപിച്ചു. അക്കാലത്ത് ലൂയി പാസ്റ്ററുടെ കണ്ടുപിടുത്തങ്ങള്‍ പരിശോധിക്കുന്നതിന് ഇംഗ്ലണ്ടില്‍ നിയോഗിക്കപ്പെട്ട കമ്മിഷന്‍ മുന്‍പാകെ പാസ്റ്ററെ അനുകൂലിച്ച് ഗമലേയ പ്രസംഗിച്ചു.  അടുത്ത അഞ്ചു വര്‍ഷങ്ങള്‍ ഗമലേയ പാരീസിലും ഒഡേസയിലുമായി യാത്ര ചെയ്ത് പാസ്റ്ററെ ശാസ്ത്രീയ എതിരാളികളെ നേരിടുന്നതില്‍ വളരെ സഹായിച്ചു. 'കോളറയുടെ രോഗകാരണങ്ങള്‍' എന്ന വിഷയത്തില്‍ ഗമലേയ ഡോക്ടറേറ്റ് എടുത്തു. പ്രബന്ധത്തിന്റെ ഗൈഡ് ലൂയി പാസ്റ്ററായിരുന്നു. 1901-ല്‍ ഒഡേസയിലെ പ്ലേഗ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പിന്നീട് കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഗമലേയ നേതൃത്വം നല്‍കി. 1917-ലെ റഷ്യന്‍ വിപ്ലവത്തിനുശേഷം സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഗമലേയ മോസ്‌കോവിലേക്ക് താമസം മാറ്റി. സോവിയറ്റ് യൂണിയന്‍ അദ്ദേഹത്തെ 1930-ല്‍ മൈക്രോബയോളജി സ്ഥാപനത്തിന്റെ തലവനായി നിയോഗിച്ചു. സ്റ്റാലിന്‍ പുരസ്‌കാരം ലഭിച്ച ഗമലേയ 1938 വരെ ഈ സ്ഥാപനത്തിന്റെ തലവനായിരുന്നു. തന്റെ മരണം വരെ ഗമലേയ ഈ സ്ഥാപനവുമായി ബന്ധപ്പെട്ടു് പ്രവര്‍ത്തിച്ചു. ഗമലേയയുടെ മരണാനന്തരമാണ് ഈ സ്ഥാപനം അദ്ദേഹത്തിന്റെ പേരില്‍ നാമകരണം ചെയ്യപ്പെട്ടത്. അക്കാലത്തുതന്നെ മറ്റൊരു പേരുകേട്ട വൈറോളജി സ്ഥാപനം ഗമലേയ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലയിപ്പിക്കുകയും ചെയ്തു.

ഈ വിധം പാരമ്പര്യത്തിന്റെ ദീര്‍ഘമായ നാള്‍വഴികളിലൂടെ ബാക്ടീരിയ, വൈറസ് സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍  നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള റഷ്യന്‍ സ്ഥാപനമാണ് ഗമലേയ  റിസര്‍ച്ച് സെന്റര്‍. ഹെപ്പിറ്റൈറ്റിസ് ബി, സി എന്നീ രോഗങ്ങള്‍ക്കു ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്ന്, ശൈത്യകാലത്ത് റഷ്യയില്‍ പരക്കെ കണ്ടുവരുന്ന പകര്‍ച്ചപ്പനിക്ക് പ്രതിരോധ വാക്സിന്‍, ആറോളം മറ്റു മരുന്നുകളും ഗമലേയ ഇന്‍സ്റ്റിറ്റിയൂട്ട് കണ്ടുപിടിച്ചിട്ടുണ്ട്. കൊറോണ വാക്സിന്‍ ആദ്യം മുയലുകളിലും ആള്‍ക്കുരങ്ങിലും പ്രയോഗിച്ചു നോക്കിയാണ് സുരക്ഷ ഉറപ്പാക്കിയത്. പിന്നീട് പരീക്ഷണത്തിനു സ്വയം തയ്യാറായി വന്ന 38 പേരുള്ള രണ്ടു കൂട്ടം ജനങ്ങളില്‍ വാക്സിന്‍ പരീക്ഷിക്കപ്പെട്ടു. 76 പേര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായില്ല. എല്ലാവരും കൊറോണ പ്രതിരോധശേഷി കൈവരിക്കുകയും ചെയ്തു.

വ്‌ലാഡിമിര്‍ പുച്ചിന്‍
വ്‌ലാഡിമിര്‍ പുച്ചിന്‍

നിര്‍മ്മാതാക്കളുടെ അവകാശവാദങ്ങള്‍

ലോകത്ത് ആദ്യമായി മനുഷ്യരില്‍ വിജയകരമായി വാക്സിന്‍ പ്രയോഗിച്ചതിന്റെ അനുഭവജ്ഞാനവുമായാണ് ഗമലേയ സ്ഥാപനം റഷ്യന്‍ ആരോഗ്യമന്ത്രാലയത്തില്‍ രജിസ്ട്രേഷന് അപേക്ഷിച്ചതു്. അങ്ങനെയാണ് കഴിഞ്ഞ ആഗസ്റ്റ് 11-ന് ലോകത്ത് ആദ്യമായി കൊറോണ-19നു് ഫലപ്രദമെന്ന അവകാശവാദവുമായി റഷ്യന്‍ വാക്സിന്‍ അവരുടെ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിക്ക് അര്‍ഹമായത്. ഗമലേയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായ അലക്സാന്തര്‍ ഗിന്‍സ് ബര്‍ഗ് ഇപ്രകാരം പറഞ്ഞു: ''ഇനി നടക്കേണ്ടത് മൂന്നാമത്തെ ക്ലിനിക്കല്‍ പരീക്ഷണഘട്ടമാണ്. പൂര്‍ണ്ണമായ രോഗപ്രതിരോധ ശക്തി കൈവരിക്കുന്നതിന് 21 ദിവസത്തെ ഇടവേളയില്‍ രണ്ട് കുത്തിവെയ്പുകള്‍ എടുക്കേണ്ടിവരും. മറ്റൊരു ഗവണ്‍മെന്റ് സംഘടനയായ 'റഷ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ്' ഈ സംരംഭത്തിനു മുതല്‍മുടക്ക് നടത്തിയത്.''

വാക്സിന്റെ രജിസ്ട്രേഷനെത്തുടര്‍ന്നുള്ള പത്രസമ്മേളനത്തില്‍ റഷ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഡയറക്ടറായ ദിമിത്രിയേവു് ഇപ്രകാരം പ്രസ്താവിച്ചു: ''ബയോടെക്നോളജിയില്‍ റഷ്യയ്ക്ക് അഭിമാനിക്കാന്‍ വകയുണ്ട്. വിവിധ വാക്സിനുകള്‍ വികസിപ്പിക്കുന്നതില്‍ റഷ്യയ്ക്ക് പ്രായോഗിക പരിജ്ഞാനമുണ്ട്. ഇന്നത്തെ പരീക്ഷണങ്ങളുടെ അടിത്തറ 'എബോള' വൈറസിനെതിരെ റഷ്യ വിജയകരമായി വികസിപ്പിച്ചെടുത്ത വാക്സിന്റെ അനുഭവപാഠങ്ങളായിരുന്നു. അതുകൊണ്ടാണ് കൊറോണ വൈറസിനെതിരായ വാക്സിന്‍ ഇത്ര വേഗം വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞത്. ഇനിയിതിനെ ലോകം എങ്ങനെ സ്വാഗതം ചെയ്യുന്നു എന്നാണ് നോക്കേണ്ടത്. 'അപ്പോളൊ-സോയൂസ്' ബഹിരാകാശ പദ്ധതിപോലെ അമേരിക്കയുമായി ചേര്‍ന്ന് വിജയകരമായി ചെയ്യാന്‍ കഴിയുന്ന ഒരു പദ്ധതിയായിട്ടാണ് ഞങ്ങളിതിനെ കാണുന്നതു്. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കുന്ന പദ്ധതിയായതിനാല്‍ നിരവധി രാജ്യങ്ങള്‍ താല്പര്യപൂര്‍വ്വമാണ് ഞങ്ങളുടെ പരീക്ഷണത്തെ കാണുന്നതു്. റഷ്യന്‍ വാക്സിന് എതിരായി ലോകത്ത് സംഘടിതമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഞങ്ങള്‍ ഈ പരീക്ഷണത്തിന്റെ വിജയത്തിലേക്കു് നയിച്ച വിവരങ്ങള്‍ മുഴുവനും പങ്കുവെയ്ക്കാന്‍ തയ്യാറായെങ്കിലും ഒരു വിദേശ പത്രപ്രവര്‍ത്തകന്‍ പോലും അതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ല.''

ശീതസമരത്തിന്റെ കാലങ്ങള്‍ അവസാനിച്ചുവെങ്കിലും റഷ്യയെ മുഖവിലയ്‌ക്കെടുക്കാന്‍ പല ലോകരാഷ്ട്രങ്ങളും തയ്യാറല്ല. എന്നാല്‍ ബ്രസീല്‍, സൗദി അറേബ്യ, യു.എസ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങള്‍ റഷ്യയോട് സഹകരിക്കാനും ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഭാഗഭാക്കാകാനും താല്പര്യം കാണിച്ചു. ബ്രസീലില്‍ വാക്സിന്റെ ഉല്പാദനം നവംബര്‍ മാസത്തില്‍ ആരംഭിക്കാനുള്ള പദ്ധതിയുമായാണ് കാര്യങ്ങള്‍ മുന്നേറുന്നത്. ബ്രസീലില്‍ ഉല്പാദിപ്പിക്കുന്ന വാക്സിനുകളായിരിക്കും മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കയിലും വിതരണം ചെയ്യപ്പെടുകയെന്നും എല്ലാവര്‍ക്കും വാക്സിന്‍ കൊടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും വാക്സിന്റെ ഗുണനിലവാരത്തെക്കുറിച്ചൊ സുരക്ഷിതത്വത്തെക്കുറിച്ചൊ തങ്ങള്‍ക്ക് യാതൊരു സംശയവുമില്ല എന്നും റഷ്യ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ആഗസ്റ്റ് അവസാനവാരം നാല്‍പ്പതിനായിരം റഷ്യക്കാരാണ് ഈ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനു വിധേയരായതു്. കഴിയാവുന്നത്ര ലോകരാഷ്ട്രങ്ങളില്‍നിന്നുള്ള വിദഗ്ദ്ധരെ ഈ പരീക്ഷണഘട്ടത്തില്‍ പങ്കെടുപ്പിക്കാന്‍ റഷ്യ ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയും ഈ സംരംഭത്തില്‍ പങ്കെടുക്കുന്നതായാണ് പത്രവാര്‍ത്ത. ഇന്ത്യയുമായി ചേര്‍ന്ന് തങ്ങള്‍ക്ക് വാക്സിന്റെ ഉല്പാദനം ഇന്ത്യയില്‍ തുടങ്ങാന്‍ താല്പര്യമുണ്ടെന്ന് റഷ്യന്‍ ഗവണ്‍മെന്റ് ഇന്ത്യയെ അറിയിച്ചതായി റഷ്യന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങള്‍

അതിഭീകരമായ മഹാമാരിയായി ലോകം മുഴുവന്‍ പടരുമ്പോഴും കൊറോണ വൈറസിനതിരെ ഒരു ഫലപ്രദമായ വാക്സിന്‍ വികസിപ്പിക്കുന്നതില്‍ ഒത്തിരി സ്ഥാപിത താല്പര്യങ്ങള്‍ നിക്ഷിപ്തമാണ്. വാക്സിന്റെ വിജയം നേടിത്തന്നേക്കാവുന്ന സാമ്പത്തിക നേട്ടമാണ് ഇതിനു നിദാനമാകുന്നത്. അതുകൊണ്ടുതന്നെ പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരെ അദൃശ്യമായ ഒരു കടിഞ്ഞാണ്‍ നിയന്ത്രിച്ചുകൊണ്ടിരിക്കും. അധികാരത്തിന്റേയും സമ്പത്തിന്റേയും ഈ കടിഞ്ഞാണ്‍ രോഗത്തിന്റെ ദൈന്യതയോട് ഒരു ദാക്ഷിണ്യവും കാണിക്കുമെന്ന് നാം പ്രതീക്ഷിക്കരുത്.

ആരോഗ്യപരിപാലനം പരിപൂര്‍ണ്ണമായും ഗവണ്‍മെന്റ് ഉടമസ്ഥതയിലായിരുന്ന ഒരു രാജ്യമായിരുന്നു സോവിയറ്റ് യൂണിയന്‍. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആശാദീപമായിരുന്ന റഷ്യയില്‍നിന്നും കൊറോണയ്ക്ക് ഒരു പ്രതിവിധി വരുന്നു എന്ന കാര്യം ഇന്ത്യയിലെ കമ്യൂണിസ്റ്റുകളെ കുളിരണിയിച്ചേക്കാം. പക്ഷേ, അങ്ങനെയൊരു ചിന്ത വളരെ അസ്ഥാനത്താണ്. 1992-നു മുന്‍പാണെകില്‍ ലോകം മുഴുവന്‍ ഈ വാക്സിന്‍ സൗജന്യമായി നല്‍കാന്‍ സോവിയറ്റ് യൂണിയന്‍ തയ്യാറാകുമായിരുന്നു. പക്ഷേ, കാലം മാറി കഥ മാറി. 'ഉപ്പുതൊട്ടു കര്‍പ്പൂരം വരെ' ഗവണ്‍മെന്റ് മേഖലയില്‍ ഉല്പാദിപ്പിക്കുകയും ബാര്‍ബര്‍ഷോപ്പ് വരെ ദേശസാല്‍ക്കരിക്കുകയും ചെയ്തിരുന്ന യു.എസ്.എസ്.ആര്‍ ഇന്ന് നിലവിലില്ല. സോവിയറ്റ് യൂണിയന്‍ പതിനഞ്ച് ചെറു രാജ്യങ്ങളായി പിരിഞ്ഞുപോയിരിക്കുന്നു. ഇന്നത്തെ റഷ്യയില്‍ ദൃശ്യമാകുന്നത് ഗവണ്‍മെന്റ് സ്പോണ്‍സേര്‍ഡ് മുതലാളിത്തമാണ്. അതായതു് ഇന്നത്തെ ഏതൊരു റഷ്യന്‍ മുതലാളിയുടേയും മുന്‍കാല ചരിത്രം എത്തിനില്‍ക്കുന്നതു് സോവിയറ്റ് കാലത്തെ ഒരു ഉദ്യോഗസ്ഥ മേധാവിയിലോ ഒരു പാര്‍ട്ടി മേധാവിയിലോ ആയിരിക്കും.

സ്റ്റാലിന്റെ കാലത്ത് ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. കമ്മ്യൂണല്‍ ക്വാര്‍ട്ടേഴ്സ് എന്നു് വിളിച്ചിരുന്ന അത്തരം വസതികള്‍ക്കു പൊതുവായി ഒരു അടുക്കളയാണ് ഉണ്ടായിരുന്നത്. അതിനാല്‍ അടുക്കളയില്‍ രാഷ്ട്രീയം പറയാന്‍ ആരും മുതിര്‍ന്നിരുന്നില്ല. ക്രൂഷ്ചേവിന്റെ കാലമായപ്പോള്‍ ഓരോ കുടുംബത്തിനും മാത്രമായി ഫ്‌ലാറ്റുകളും സ്വന്തം അടുക്കളയും ലഭിച്ചു. സ്വന്തം വീട്ടില്‍ സ്വകാര്യമായി എന്തും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ച റഷ്യക്കാര്‍ക്ക് 'ക്രൂഷ്ചേവിയന്‍ അടുക്കള സംസാരം' എന്നൊരു ശൈലി തന്നെ ഉരുത്തിരിഞ്ഞുവന്നിരുന്നു. ഇന്നു് എന്തും പറയാനുള്ള സ്വാതന്ത്ര്യം റഷ്യക്കാര്‍ക്ക് ഉണ്ടെങ്കിലും മിഹയീല്‍ ഷീഷ്‌കിനെപ്പോലുള്ള അപൂര്‍വ്വം എഴുത്തുകാര്‍ മാത്രമെ അത്തരം സ്വാതന്ത്ര്യം പ്രയോഗിക്കാറുള്ളു. കൊറോണ വാക്സിനെക്കുറിച്ചുള്ള ഇപ്പോഴത്തെ മോസ്‌കോവിലെ അടുക്കള സംസാരം താഴെ പറയുംവിധമാണ്:

റഷ്യന്‍ പ്രസിഡന്റ് പുച്ചിന്‍ വാക്സിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയ തിനാല്‍ അതിന്റെ വിജയം ഉറപ്പാണ്. തന്റെ മകള്‍ പരീക്ഷണ കുത്തിവെയ്പിന് തയ്യാറായി എന്ന പ്രസിഡന്റിന്റെ പ്രഖ്യാപനം സംഗതിയെ കൂടുതല്‍ വിശ്വാസയോഗ്യമാക്കുന്നു. വാക്സിന്റെ സുരക്ഷയെക്കുറിച്ച് എതെങ്കിലും സംശയമുണ്ടെങ്കില്‍ മറ്റേതെങ്കിലും റഷ്യന്‍ നേതാവിനെക്കൊണ്ടു മാത്രമേ പ്രസിഡന്റ് ഇത്തരമൊരു പ്രഖ്യാപനം നടത്തുമായിരുന്നുള്ളു. ഇതിന്റെ പ്രയോഗം വുഹാനില്‍ നടത്തിയിരുന്നൊ എന്നും സംശയമുണ്ട്.

അടുക്കള സംസാരത്തിനും അപ്പുറത്തേയ്ക്ക് നീണ്ടുചെല്ലുന്നതാണ് വാക്സിന്റെ വരുമാന സാദ്ധ്യതയെക്കുറിച്ചുള്ള റഷ്യന്‍ കാഴ്ചപ്പാടു്. ലോകത്തിലെ കൊറോണ വാക്സിന്റെ 25 ശതമാനം മാത്രമാണ് റഷ്യയുടെ ലക്ഷ്യം. അത് 75 ബില്യണ്‍ ഡോളര്‍ വരും (അമ്പത്താറു ലക്ഷം കോടി രൂപ). അതിന് ഉല്പാദനം വര്‍ദ്ധിപ്പിക്കേണ്ടിവരും. പൊതുമേഖല സ്ഥാപനമായ ഗമലേയ ഇന്‍സ്റ്റിറ്റിയൂട്ട് വാക്സിന്‍ കണ്ടുപിടിച്ചത് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ചെലവിലാണ്. എന്നാല്‍ വാക്സിന്‍ നിര്‍മ്മിക്കുന്ന സ്ഥാപനമാകട്ടെ സ്വകാര്യമേഖലയിലുള്ള എ.എഫ്.കെ സിസ്സ്റ്റെമാ എന്ന സ്ഥാപനത്തിന്റെ ശൃംഖലയിലുള്ള, ബിന്നോഫാം എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ്. റഷ്യയിലെ ടെലികമ്യൂണിക്കേഷന്‍ (M.T.S), ബാങ്കിങ്ങ്, റിയല്‍ എസ്റ്റേറ്റ്, ടൂറിസം, ബയോടെക്നോളജി തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ സ്വകാര്യ സ്ഥാപനമാണ് ഇതു്. ഇതിന്റെ ചെയര്‍മാന്‍ വ്‌ലാഡിമിര്‍ എഫ്തുഷെന്‍കൊ റഷ്യയിലെ ഒരു സഹസ്രകോടീശ്വരനാണ്. കുറച്ചുകാലം പുറകോട്ടു നോക്കിയാല്‍ 1987-ല്‍ ഗോര്‍ബ്ബച്ചേവിന്റെ കാലത്ത് ആസ്തികളൊന്നുമില്ലാതെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ തലവനായി ജോലി ചെയ്തിരുന്ന യെവ്തുഷെന്‍കൊയെ നമുക്കു കാണാം. അതുകൊണ്ടാണ് ഒരുതരം ഗവണ്‍മെന്റ് സ്പോണ്‍സേര്‍ഡ് മുതലാളിത്തമാണ് ഇന്നത്തെ റഷ്യയുടെ മുഖമുദ്രയെന്ന് മുന്‍പ് പ്രസ്താവിച്ചത്. ഏതായാലും റഷ്യന്‍ വാക്സിന്റെ വിപണനത്തിലും ലാഭക്കൊതിയുള്ള സ്വകാര്യ കമ്പനിയുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കും എന്നത് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

റഷ്യയില്‍ ആദ്യം വാക്സിന്‍ ലഭിക്കുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും അദ്ധ്യാപകര്‍ക്കും വൃദ്ധജനങ്ങള്‍ക്കുമായിരിക്കും. ഒക്ടോബര്‍ മുതല്‍ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാര്‍ക്കും വാക്സിന്‍ നല്‍കും. ഡിസംബര്‍ മുതല്‍ ഒരു കോടി വാക്സിന്‍ ലോകവിപണിയില്‍ പ്രതിമാസം എത്തിക്കാന്‍ കഴിയുമെന്നും 2021-ല്‍ ആയിരം കോടി ഡോസുകള്‍ വിപണിയില്‍ എത്തിക്കാനുമാണ് റഷ്യ ശ്രമിക്കുന്നത് എന്നുമാണ് പ്രസ്താവനകളില്‍ കാണുന്നതു്. വാക്സിന്‍ എത്രയ്ക്ക് ഫലപ്രദമാണെങ്കിലും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം റഷ്യന്‍ വാക്സിന് ലഭിക്കാന്‍ കടമ്പകളേറെ കടക്കേണ്ടതായിവരും. വാക്സിന് സ്പുട്‌നിക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. ലോകത്ത് ഒന്നാമതായി റഷ്യ ബഹിരാകാശ യാത്ര നടത്തിയ വാഹനത്തിന്റെ പേരാണത്. അന്നും തങ്ങളുടെ അവകാശവാദത്തെ അമേരിക്ക തള്ളിക്കളഞ്ഞു എന്ന ഒരു ധ്വനിയും ഈ പേരിനു പിന്നിലുണ്ട്! പിന്നീട് യൂറി ഗഗാറിനെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായി ലോകം അംഗീകരിക്കുകയായിരുന്നു.  

(ലേഖകന്‍ നിരവധി നോവലുകള്‍ റഷ്യന്‍ ഭാഷയില്‍ നിന്നും നേരിട്ട് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com