വിമര്‍ശനം കുറ്റമോ? നീതിയുടെ ഒറ്റനാണയം

വിമര്‍ശനത്തിന്റെ പേരില്‍ പ്രശാന്ത് ഭൂഷണ്‍ എങ്ങനെ കുറ്റക്കാരനായി?
പ്രശാന്ത് ഭൂഷണ്‍
പ്രശാന്ത് ഭൂഷണ്‍

രിപൂര്‍ണ്ണമല്ലെങ്കിലും വിശ്വാസവും ആദരവും ആര്‍ജ്ജിച്ചാണ് ജനാധിപത്യ വ്യവസ്ഥയിലെ ഭരണഘടനാസ്ഥാപനങ്ങള്‍ നിലനില്‍ക്കേണ്ടത്. ഇതാണ് ജനാധിപത്യത്തിലെ പ്രാഥമിക തത്ത്വം. വിമര്‍ശനവും വിലയിരുത്തലും സ്വാതന്ത്ര്യബോധവുമൊക്കെ  ആ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയേയുള്ളൂ. എന്നാല്‍, വിമര്‍ശനങ്ങളെ  കുറ്റകൃത്യമായി കാണുന്ന ഒരു വ്യവസ്ഥയില്‍, അവശേഷിക്കുന്ന ജനാധിപത്യ സവിശേഷതകളെക്കൂടി അത് ദുര്‍ബ്ബലമാക്കും. അതാണ് പ്രശാന്ത് ഭൂഷണിനെതിരേയുള്ള സുപ്രീംകോടതി നടപടി ആത്യന്തികമായി നല്‍കുന്ന മുന്നറിയിപ്പ്. ഭരണകൂടത്തിന്റേയും ഭരണകൂടസ്ഥാപനങ്ങളുടേയും  നയങ്ങളും നിലപാടുകളും വിമര്‍ശിക്കാനുള്ള അവകാശം ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്നുണ്ട്. നീതിന്യായവ്യവസ്ഥ അതില്‍നിന്നു മാറിനില്‍ക്കുന്നുമില്ല. എന്നിട്ടും വിമര്‍ശനത്തിന്റെ പേരില്‍ പ്രശാന്ത് ഭൂഷണ്‍ എങ്ങനെ കുറ്റക്കാരനായി?

മാസ്‌ക് ധരിക്കാതെ, ആഡംബര മോട്ടോര്‍സൈക്കിളില്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഇരിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെ പരിഹസിച്ച് ജൂണ്‍ 29-ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തതാണ് തുടക്കം. ''സുപ്രീംകോടതിയെ ലോക്ക്ഡൗണിലാക്കി ജനങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള അവരുടെ അടിസ്ഥാന മനുഷ്യാവകാശത്തെ നിഷേധിച്ചിട്ട് നാഗ്പൂരിലെ രാജ്ഭവനു സമീപം ചീഫ് ജസ്റ്റിസ് ബി.ജെ.പി നേതാവിന്റെ അമ്പതുലക്ഷം രൂപ വിലയുള്ള മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നു'' എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ഒരു ട്വീറ്റ്. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ത്തതില്‍ സുപ്രീംകോടതിയുടെ പങ്കും കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്കും ഭാവിയില്‍ വിലയിരുത്തപ്പെടുമെന്നായിരുന്നു മറ്റൊരു ട്വീറ്റ്. തുടര്‍ന്ന്, ജൂലൈ 22-ന് പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യം ആരോപിച്ച് സുപ്രീംകോടതി നോട്ടീസ് അയച്ചു. നിയമപരമായി നിലനിന്നിരുന്ന എല്ലാ വ്യവസ്ഥകളും മറികടന്നാണ് പിന്നീട് കോടതി നടപടികളുണ്ടായത്. ട്വീറ്റ് വഴി കോടതിയെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു  നോട്ടീസിന്റെ ഉള്ളടക്കം.

പരാതികള്‍ ഉണ്ടെങ്കില്‍പ്പോലും അതിന്റെ സാധുത അറ്റോണി ജനറല്‍ പരിശോധിച്ചാണ് സാധാരണ നിയമനടപടികള്‍ സ്വീകരിക്കാറ്. പ്രശാന്ത് ഭൂഷണിന്റെ പേരിലും പരാതികളുണ്ടായിരുന്നു. രാഷ്ട്രീയഹത്യ ലക്ഷ്യമിട്ട ഈ പരാതികള്‍ മുഖവിലയ്‌ക്കെടുത്ത്, സാധുത പരിശോധിക്കാതെയാണ് കോടതി നിയമനടപടികളിലേയ്ക്ക് കടന്നത്. പ്രതികാരമെന്നവണ്ണം 2009-ലെ കേസ് ജസ്റ്റിസ് അരുണ്‍മിശ്ര ചികഞ്ഞെടുത്തു. തെഹല്‍ക്ക കേസില്‍ അന്നത്തെ അമിക്കസ് ക്യൂറി ഹരീഷ് സാല്‍വേ നല്‍കിയ ഹര്‍ജിയില്‍ പ്രശാന്ത് ഭൂഷണും എഡിറ്ററായ തരുണ്‍ തേജ്പാലും പ്രതിപ്പട്ടികയിലായിരുന്നു. തെഹല്‍ക്ക നല്‍കിയ ഒരു അഭിമുഖത്തിലാണ് വിവാദപരാമര്‍ശമുണ്ടായത്. കഴിഞ്ഞ 16 ചീഫ് ജസ്റ്റിസുമാരില്‍ എട്ട് പേര്‍ അഴിമതിക്കാരാണെന്നും രണ്ട് പേര്‍ മാത്രമാണ് സത്യസന്ധരെന്നുമായിരുന്നു പരാമര്‍ശം. അഭിമുഖത്തിലെ ചില വസ്തുതാപരമായ പിശകുകള്‍ തിരുത്തിയിട്ടും പരാതി അറ്റോര്‍ണി ജനറല്‍ പിന്‍വലിച്ചിട്ടും ജസ്റ്റിസ് അരുണ്‍ മിശ്ര അത് അംഗീകരിച്ചില്ല.

ഇതിനൊപ്പമാണ് ചീഫ് ജസ്റ്റിസിനെ പരിഹസിച്ചതിന്റെ പേരില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര നയിക്കുന്ന ബെഞ്ചിന്റെ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങിയത്. ഭൂഷണ്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ജസ്റ്റിസ് അരുണ്‍ മിശ്ര നീതിവ്യവസ്ഥയുടെ ചരിത്രത്തിലെ തന്നെ മറ്റൊരു അപഹാസ്യമായ വിധിയെഴുത്താണ് പിന്നെ നടത്തിയത്. ജനാധിപത്യം മാറുന്ന കാലത്ത് വിമര്‍ശനവും കുറ്റകൃത്യമാകുമെന്ന സന്ദേശമാണ് സുപ്രീംകോടതി ഇതുവഴി നല്‍കിയതും. കൊളോണിയല്‍ ഭരണത്തിന്റെ ശേഷിപ്പുകള്‍ സൂക്ഷിക്കുന്ന കോടതിമുറികളിലെ ജനാധിപത്യ വിരുദ്ധത കൂടി ചര്‍ച്ച ചെയ്യപ്പെടാനുള്ള അവസരം കൂടിയാണ് ഈ കേസ് നല്‍കിയത്. സമഗ്രാധിപത്യ സ്വഭാവം പ്രകടിപ്പിക്കുന്ന ഭരണകൂടത്തെ പിന്‍പറ്റി നില്‍ക്കുന്ന കോടതികള്‍ നീതിയില്‍നിന്നും പൗരാവകാശങ്ങളില്‍നിന്നും ജനാധിപത്യ മതേതര ഭരണഘടന എന്ന ആശയത്തില്‍നിന്നും അതിവേഗം അകലുന്നതാണ് കാണാനാകുക.

ഇതിനു മറുപടിയെന്നവണ്ണം മഹാത്മാഗാന്ധി 1922 മാര്‍ച്ച് 18-ന് അഹമ്മദാബാദ് ജില്ലാ സെഷന്‍സ് കോടതിയില്‍ നടത്തിയ പ്രസ്താവനയിലെ വാക്യങ്ങള്‍ വായിച്ചാണ് പ്രശാന്ത് ഭൂഷണ്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. യങ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച മൂന്ന് ലേഖനങ്ങളുടെ പേരിലായിരുന്നു അന്ന് ഗാന്ധിജിക്കും പ്രസാധകന്‍ ശങ്കര്‍ലാല്‍ ബാങ്കര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇതിനുള്ള മറുപടി വായിച്ചാണ് ഭൂഷണ്‍ തന്റെ വാദം വിശദീകരിച്ചത്.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ
ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ

''കുറ്റക്കാരനെന്ന വിധിയില്‍ വേദനയുണ്ട്. തീര്‍ത്തും തെറ്റിദ്ധരിക്കപ്പെട്ടു എന്നതിലാണ് വേദന. തെളിവു നല്‍കാന്‍ അവസരം നല്‍കാതെയാണ് കോടതി തീരുമാനത്തിലെത്തിയതെന്നതു ഞെട്ടലുണ്ടാക്കുന്നു. ഏതു ജനാധിപത്യത്തിലും ഭരണഘടനാവ്യവസ്ഥ സംരക്ഷിക്കപ്പെടണമെങ്കില്‍ തുറന്ന വിമര്‍ശനം ആവശ്യമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഭരണഘടനാ വ്യവസ്ഥയുടെ സംരക്ഷണമെന്നത് വ്യക്തിപരവും തൊഴില്‍പരവുമായ താല്പര്യങ്ങള്‍ക്കൊപ്പമാകണം. എന്റെ പരമമായ കടമയെന്നു ഞാന്‍ കരുതുന്ന കാര്യം ചെയ്യാനുള്ള ചെറിയ ശ്രമമായിരുന്നു എന്റെ ട്വീറ്റുകള്‍. എനിക്ക് ഉത്തമ ബോധ്യമായ കാര്യങ്ങള്‍ വ്യക്തമാക്കിയ ട്വീറ്റുകള്‍ക്കു മാപ്പു പറയുന്നത് കപടവും നിന്ദ്യവുമാകും. അതിനാല്‍, തന്റെ വിചാരണവേളയില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പറഞ്ഞത് എളിമയോടെ പരാവര്‍ത്തനം ചെയ്യാന്‍ മാത്രമാണ് എനിക്കു സാധിക്കുക: ഞാന്‍ കരുണ ചോദിക്കുന്നില്ല. നിയമപരമായി എനിക്കു നല്‍കാവുന്ന എന്തു ശിക്ഷയും സന്തോഷപൂര്‍വ്വം സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്.''

പിന്നീട് കോടതിയില്‍ നടന്ന വാദം ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള യുദ്ധം തന്നെയായിരുന്നു. നിരുപാധിക മാപ്പ് മാത്രമേ അംഗീകരിക്കൂ എന്ന ഉത്തരവ് ബലപ്രയോഗമാണെന്നാണ്  പ്രശാന്ത് ഭൂഷണിന്റെ അഭിഭാഷകനായ രാജീവ് ധവാന്‍ പറഞ്ഞത്. കടുത്ത വിമര്‍ശനങ്ങള്‍ നേരിടാന്‍ തയ്യാറായില്ലെങ്കില്‍ സുപ്രീംകോടതി തകരും. എന്ത് ശിക്ഷ നല്‍കിയാലും ഒരു കൂട്ടര്‍ അദ്ദേഹത്തെ രക്തസാക്ഷിയെന്നും മറ്റൊരു കൂട്ടര്‍ യഥാര്‍ത്ഥ ശിക്ഷ ലഭിച്ചുവെന്നും പറയും. വിവാദങ്ങളിലേക്കാവും അത് നയിക്കുക. ശിക്ഷയുടെ ഫലം പ്രശാന്ത് ഭൂഷണ്‍ രക്തസാക്ഷിയാകും എന്നതായിരിക്കും. ഒരിക്കലും അങ്ങനെ ചെയ്യരുത്. അദ്ദേഹത്തിന് രക്തസാക്ഷിയാകാന്‍ താല്പര്യമില്ല എന്നായിരുന്നു രാജീവ് ധവാന്റെ വാദം. ''ഞങ്ങള്‍ കോടതിയുടെ ദയയല്ല ആവശ്യപ്പെടുന്നത്. നീതിയാണ് വേണ്ടത്. നിങ്ങള്‍ അദ്ദേഹത്തോട് ഇത് ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞാല്‍ അദ്ദേഹം തിരിച്ചു ചോദിക്കും എന്ത് ആവര്‍ത്തിക്കരുതെന്ന്. കോടതിയെ വിമര്‍ശിക്കരുതെന്ന് കോടതിക്ക് പറയാനാകുമോ? കോടതിക്ക് അദ്ദേഹത്തെ നിശ്ശബ്ദനാക്കാനാകുമോ'' രാജീവ് ധവാന്‍ വാദിച്ചത് ഇങ്ങനെയാണ്.

രാഷ്ട്രീയ ജനാധിപത്യ പൗരാവകാശങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഭരണകൂടത്തിന്റെ സമഗ്ര സ്വഭാവത്തെ പിന്തുണയ്ക്കുകയോ സാധൂകരിക്കുകയോ ചെയ്യുന്ന വിധികളാണ് കഴിഞ്ഞ കാലങ്ങളില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായതെന്നാണ് യാഥാര്‍ത്ഥ്യം. കശ്മീരില്‍ സാധാരണ നില പുന:സ്ഥാപിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ട് ഒരു വര്‍ഷം തികയാറാകുന്നു. ഇന്റര്‍നെറ്റ് ഉപയോഗം പൗരന്റെ മൗലികാവകാശവും ആവിഷ്‌കാര സ്വാതന്ത്ര്യവുമാണെന്ന് ഉത്തരവിറക്കിയെങ്കിലും ഇപ്പോഴും താഴ്വരയില്‍ ഇത് ലഭ്യമായിട്ടില്ല. പ്രത്യേക പദവി ഇല്ലാതാക്കിയ കേന്ദ്രനടപടിയെ ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം അനുസരിച്ച് ഭരണഘടനാ വിശാല ബെഞ്ചിന് വിടാന്‍ കോടതി തയ്യാറായില്ല.  കശ്മീര്‍ താഴ്വരകളിലെ പ്രതിഷേധങ്ങളെ നേരിടാന്‍ പെല്ലറ്റ് ഗണ്ണിനു പകരം മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടാമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ഉപദേശിച്ചത്. അതായത് നീതിയുടെ ബോധത്തിലല്ല, ബാലന്‍സിങ്ങിലാണെന്ന അരുണ്‍ മിശ്രയുടെ വാദത്തിന്റെ ഉദാഹരണങ്ങളാണ് ഈ നടപടികളൊക്കെ.

വിശ്വാസങ്ങള്‍ക്ക് വസ്തുതകളെക്കാള്‍ പ്രാധാന്യം കിട്ടുന്ന കാലത്ത്  വിശ്വാസത്തിന്റെ ബലത്തില്‍ ഒരു ക്രിമിനല്‍ കുറ്റം ചെയ്താല്‍ അതും അനുവദിക്കപ്പെടും. ക്രിമിനല്‍ കുറ്റമാണെന്നു പറയുമെങ്കിലും തിരുത്താന്‍ നടപടിയുണ്ടാവില്ല. ബാബ്റി മസ്ജിദില്‍ വിഗ്രഹം കൊണ്ടുവെച്ചതും അതു പൊളിച്ചുകളഞ്ഞതും തെറ്റാണെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. പക്ഷേ, അതിനെക്കാള്‍ വലിയ ശരിയാണ് അവിടെയാണ് രാമന്‍ ജനിച്ചെന്ന വിശ്വാസം എന്ന മട്ടിലായിരുന്നു വിധിയെഴുത്ത്. ആകെ സ്ഥാപിക്കേണ്ടിയിരുന്നത് അത് നൂറ്റാണ്ടായുളള വിശ്വാസം ആയിരുന്നോ എന്ന് മാത്രമായിരുന്നു. വിശ്വാസത്തെക്കാള്‍ പരിഗണിക്കപ്പെടേണ്ടതായി ഒരു ചരിത്രവും നിയമവും ഇല്ലെന്ന് ബോധ്യപ്പെടുത്തിയതായിരുന്നു ആ വിധി.

ശബരിമല കേസില്‍ ''സ്ഥിതി വഷളാക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് ഇപ്പോള്‍ പ്രത്യേകം ഉത്തരവൊന്നും പുറപ്പെടുവിക്കുന്നില്ല. ശബരിമലയില്‍ യുവതീപ്രവേശത്തിന് സ്റ്റേ ഇല്ലെങ്കിലും നിങ്ങള്‍ കാത്തിരിക്കണം'' എന്നാണ് പരമോന്നത നീതിപീഠം, കോടതി ഇടപെടല്‍ ആവശ്യപ്പെട്ട യുവതികളോട് പറഞ്ഞത്. അതിക്രമത്തിലൂടെയും ഭീഷണിയിലൂടെയും നിയമം നടപ്പിലാക്കുന്നത് വൈകിപ്പിക്കാം, അതില്‍ കോടതി തെറ്റുകാണുന്നില്ല. നിയമം ഇപ്പോള്‍ നടപ്പിലാക്കേണ്ടെന്നാണ് എന്ന് പറയുന്നതിന് തുല്യമായിരുന്നു അന്ന് ആ വിധിയെഴുത്ത്. ഭൂരിപക്ഷാഭിപ്രായത്തില്‍ മാത്രം തീരുമാനിക്കപ്പെടുന്ന 'നീതി' എത്രമാത്രം അനീതി നിറഞ്ഞതാവുമെന്ന ബോധ്യം ഈ വിധികളൊക്കെ നല്‍കുന്നുണ്ട്.

ജസ്റ്റിസ് രഞ്ജൻ ​ഗോ​ഗോയ്, ജസ്റ്റിസ് ദീപക് മിശ്ര
ജസ്റ്റിസ് രഞ്ജൻ ​ഗോ​ഗോയ്, ജസ്റ്റിസ് ദീപക് മിശ്ര

ജനാധിപത്യവും ജുഡീഷ്യറിയും

ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്ന മുന്നറിയിപ്പോടെ സുപ്രീം കോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ കലാപക്കൊടി ഉയര്‍ത്തി പരസ്യമായി രംഗത്തു വന്നത് രണ്ടുകൊല്ലം മുന്‍പാണ്. ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് ചീഫ് ജസ്റ്റിസായ ദീപക് മിശ്രയ്‌ക്കെതിരേ അന്ന് പത്രസമ്മേളനം നടത്തിയത്. ജസ്റ്റിസ് ലോയയുടെ മരണവും അതു സംബന്ധിച്ച് ജുഡീഷ്യല്‍ ബെഞ്ചുകളിലേക്ക് കേസുകള്‍ വിട്ടുനല്‍കുന്നതും സംബന്ധിച്ചായിരുന്നു പ്രതിഷേധം. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായി ന്യായാധിപന്മാര്‍ നേരിട്ട് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത് നിയമ, രാഷ്ട്രീയരംഗത്തെ പിടിച്ചുകുലുക്കി. പിന്നീട്, ആ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഗൊഗോയ് തന്നെ ജനാധിപത്യവിരുദ്ധതയുടെ വക്താവായി മാറുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഭരണഘടനയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള വിദൂര സ്തംഭമായി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് മാറുമെന്നു പ്രതീക്ഷ വച്ചവര്‍ ഇളഭ്യരായി. ലെജിസ്ലേറ്റീവിനും എക്സിക്യൂട്ടീവിനും പുറമേ ജുഡീഷ്യറിയും ഹിന്ദുത്വ രാഷ്ട്രീയത്തിന് പൂര്‍ണ്ണമായും കീഴടങ്ങുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ എത്തിയത്. റഫേല്‍, അയോധ്യ, ശബരിമല കേസുകളിലെ വിധി  അതിന് ഉദാഹരണങ്ങളായി.

പതിമൂന്ന് മാസത്തോളം ചീഫ് ജസ്റ്റിസായി ഇരുന്ന ശേഷം അദ്ദേഹം വിരമിക്കുമ്പോള്‍ നീതി നിര്‍വ്വഹണവുമായി ഇതുവരെ ഉണ്ടാകാതിരുന്ന സംഭവങ്ങളാലും വിവാദങ്ങള്‍കൊണ്ടും പ്രക്ഷുബ്ധവും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന തീരുമാനങ്ങളുമെല്ലാം സവിശേഷമായിരുന്നു. തന്റെ മുന്‍ഗാമിയില്‍ ആരോപിച്ച തെറ്റായ പ്രവണതകള്‍ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നില്ല, പകരം ഒരു തിരുത്തുണ്ടാകാനാവാത്തവിധം നീതിന്യായ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റപ്പെട്ടു. സുപ്രീംകോടതിയിലെ ഒരു ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണം നേരിട്ട വിധം മാത്രമല്ല ചര്‍ച്ചയായത്. കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ രഹസ്യാത്മകത വര്‍ദ്ധിച്ചു. വിവിധ കേസുകള്‍ കേട്ട രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോടും ബന്ധപ്പെട്ട ഏജന്‍സികളോടും സീല്‍ ചെയ്ത കവറില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പറഞ്ഞത് സുതാര്യതയെ ഇല്ലാതാക്കി. റഫേല്‍ കേസ് പരിഗണിച്ച ഘട്ടത്തില്‍ വിമാനങ്ങളുടെ വില സംബന്ധിച്ച വിവരങ്ങളും അസം പൗരത്വ റജിസ്ട്രി സംബന്ധിച്ച കേസിലും സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയ്ക്കെതിരായ സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ കാര്യത്തിലുമൊക്കെ സീല്‍ ചെയ്ത കവറിലാണ് കോടതി വിവരങ്ങള്‍ തേടിയത്. ഇത് പൊതുതാല്പര്യമുള്ള വിഷയങ്ങളെ സംബന്ധിച്ച് കോടതിയുടെ തീരുമാനത്തില്‍  അനാവശ്യമായ ദുരൂഹതയാണ് ഉണ്ടാക്കിയത്.

സര്‍ക്കാരിന്റേയും ഭരണവൃത്തങ്ങളുടേയും അധികാരങ്ങള്‍ക്കു ബദലായി പൗരന്റെ അവകാശങ്ങള്‍ക്ക് കൂടെ നില്‍ക്കുകയെന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്ന കാര്യത്തിലും ഗൊഗോയ് പിന്നാക്കം പോയി. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് കോടതി കൈക്കൊണ്ട തീരുമാനമായിരുന്നു ഒന്ന്. മറ്റൊന്ന് അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടക്കം സംശയങ്ങള്‍ പ്രകടിപ്പിച്ചതാണ്. സ്വാഭാവികമായും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പു തന്നെ ജനാധിപത്യത്തിന്റെ അന്തസ്സത്തയെ ബാധിക്കുന്ന വിഷയം എന്ന നിലയില്‍ സുപ്രീം കോടതി തീരുമാനമെടുക്കുമെന്നാണ് കരുതിയത്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയാണുണ്ടായത്. എല്ലാവിധമുള്ള മാനുഷിക പരിഗണനകളും കാറ്റില്‍പ്പറത്തിയാണ് പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ സുപ്രീംകോടതി ശക്തമായി നിലകൊണ്ടത്. 19 ലക്ഷം മനുഷ്യരാണ് ഡീറ്റെന്‍ഷന്‍ സെന്ററില്‍ അടയ്ക്കപ്പെട്ടത്. വ്യാപകമായ വിമര്‍ശനമാണ് സുപ്രീംകോടതിയുടെ നടപടിക്കെതിരെ അന്നുണ്ടായത്.

ജുഡീഷ്യറിയുടെ ഭാഗമായിരുന്നവര്‍ നിയമ നിര്‍മ്മാണസഭകളിലെത്തിയ ചരിത്രമുണ്ടെങ്കിലും ഒരു ചീഫ് ജസ്റ്റിസും വിരമിച്ച ശേഷം ഇത്രയും പൊടുന്നനെ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടില്ല. വിരമിച്ച് നാലു മാസത്തിനുള്ളിലാണ് ഗോഗോയ് രാജ്യസഭയിലെത്തിയത്. കേന്ദ്രസര്‍ക്കാരിന് അനുകൂലമായ വിധികള്‍ പുറപ്പെടുവിക്കുമ്പോള്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെ ഗോഗോയ് കോടതി മുറിയില്‍ നേരിട്ടത് കോടതിക്കെതിരെയുള്ള ആക്രമണങ്ങളെന്ന മട്ടിലായിരുന്നു. 'ഒരു സംഘം' കോടതിയെ കയ്യടക്കാനും ന്യായാധിപരെ ഭീഷണിപ്പെടുത്താനുമാണ് ശ്രമിക്കുന്നത് എന്നായിരുന്നു അദ്ദേഹം ആവര്‍ത്തിച്ചിരുന്നത്. ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടിയും പൊതുതാല്പര്യ ഹര്‍ജികളിലൂടെയും സാമൂഹ്യനീതിക്കുവേണ്ടി നിയമത്തെ ഉപയോഗിക്കാന്‍ തയ്യാറായിരുന്ന വിഭാഗത്തെയാണ് ഗോഗോയ് ഇതുകൊണ്ട് ഉന്നംവെച്ചത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരായ ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ​ഗോ​ഗോയ്, മദൻ ബി ലോകുർ എന്നിവർ വാർത്താ സമ്മേളനത്തിൽ. അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്ക്കെതിരേയാണ് ഇവർ രം​ഗത്ത് വന്നത്. ഇന്ത്യൻ ‍ജുഡീഷ്യറിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ന്യായാധിപൻമാർ നേരിട്ട് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരായ ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ​ഗോ​ഗോയ്, മദൻ ബി ലോകുർ എന്നിവർ വാർത്താ സമ്മേളനത്തിൽ. അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്ക്കെതിരേയാണ് ഇവർ രം​ഗത്ത് വന്നത്. ഇന്ത്യൻ ‍ജുഡീഷ്യറിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ന്യായാധിപൻമാർ നേരിട്ട് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

ഗോഗോയിയുടെ മുന്‍ഗാമി ദീപക് മിശ്ര ഇംപീച്ച്‌മെന്റ് ആവശ്യം വരെ നീണ്ട വിവാദങ്ങള്‍ക്കും ഒട്ടേറെ ചരിത്രവിധികള്‍ക്കും ശേഷമാണ്  വിരമിച്ചത്. ബി.ജെ.പി അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നു എന്ന ആക്ഷേപത്തില്‍ തുടങ്ങി സുപ്രീംകോടതിയുടെ നടത്തിപ്പില്‍ തികച്ചും ഏകപക്ഷീയമായ നിലപാടാണ് എടുക്കുന്നതെന്ന വിമര്‍ശനം വരെ ഉയര്‍ന്നു ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ. ഈ പ്രശ്‌നം ഉന്നയിച്ചുകൊണ്ടാണ് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തിയതും.

തുടര്‍ന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നത്. യാക്കൂബ് മേമനന്റെ വധശിക്ഷ മുതല്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വരെ ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്ക് കൈമാറിയതും വിവാദമായി. ബി.ജെ.പി നേതാക്കള്‍ പ്രതികളായ മെഡിക്കല്‍ കോളേജ് കോഴക്കേസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിനെ മറികടന്ന് ഒരു പ്രത്യേക ബെഞ്ച് രൂപീകരിച്ചു വിട്ടതും അദ്ദേഹത്തിന്റെ വിവാദ നടപടിയായിരുന്നു. ഉപാധികളോടുകൂടിയാണെങ്കിലും ആധാറിന്  സാധുത കല്പിച്ചതും വരവര റാവു ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ പൂനെ പൊലീസ് പ്രതികളാക്കിയ ഭീമ കൊറെഗാവ് സംഘര്‍ഷ കേസില്‍ അന്വേഷണം തുടരാന്‍ അനുമതി നല്‍കിയതും അദ്ദേഹത്തിന്റെ വിവാദ നടപടികളായിരുന്നു. ഈ നടപടികളെല്ലാം കോടതിയിലുള്ള പൗരവിശ്വാസത്തിന് ഇളക്കം തട്ടുന്നതായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ഭരണഘടനയുടെ ചട്ടക്കൂടില്‍ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന കോടതി ബാഹ്യ ഇടപെടലുകളില്‍നിന്ന് സ്വയം സംരക്ഷിക്കേണ്ടതാണ്. ദൃഢവും ഭരണനിര്‍വ്വഹണ വ്യവസ്ഥയില്‍നിന്ന് സ്വതന്ത്രവും അതിന്റെ ഭരണഘടനാ ചുമതലകള്‍ സത്യസന്ധവും ഭയരഹിതവും തുല്യവുമായി നിര്‍വ്വഹിക്കുമ്പോള്‍ മാത്രമാണ് ജനാധിപത്യത്തിനു വളരാനാകുക.

അതുകൊണ്ടാണ് നീതിന്യായവ്യവസ്ഥയിലെ ഉന്നത പദവി വഹിക്കുന്ന ന്യായാധിപന്‍മാര്‍ സംശയത്തിന് അതീതരായിരിക്കണമെന്നും സ്വഭാവ ദാര്‍ഢ്യത്തിന്റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ സൂക്ഷിക്കേണ്ടവരാണെന്നും കരുതപ്പെടുന്നത്. ആ മാനദണ്ഡങ്ങള്‍ പൊതുസമക്ഷം വിലയിരുത്തപ്പെടുകയും വേണം. അങ്ങനെയാണ് ബഹുമാനവും വിശ്വാസവും ഭരണഘടനാസ്ഥാപനങ്ങള്‍ ആര്‍ജ്ജിച്ചെടുക്കുന്നത്. എന്നാല്‍, കഴിഞ്ഞ കാലങ്ങളില്‍ അതല്ല കാണാന്‍ കഴിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com