ചിത്രങ്ങളില്‍ ജീവിതത്തിന്റെ നാനാരസങ്ങള്‍ ചേര്‍ത്തുവച്ച ഒരാള്‍

1925 സെപ്റ്റംബര്‍ 13-ന് വാസുദേവന്‍ നമ്പൂതിരി ജനിക്കുമ്പോള്‍ അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി ഉയര്‍ത്തിക്കെട്ടിയ സ്വത്തിന്റേയും സമ്പത്തിന്റേയും തകര്‍ച്ച തുടങ്ങിയിരുന്നു
ചിത്രങ്ങളില്‍ ജീവിതത്തിന്റെ നാനാരസങ്ങള്‍ ചേര്‍ത്തുവച്ച ഒരാള്‍

രുവാട്ടുമനയില്‍ പരമേശ്വരന്‍ നമ്പൂതിരിയുടേയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റേയും മകനായി 1925 സെപ്റ്റംബര്‍ 13-ന് വാസുദേവന്‍ നമ്പൂതിരി ജനിക്കുമ്പോള്‍ അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി ഉയര്‍ത്തിക്കെട്ടിയ സ്വത്തിന്റേയും സമ്പത്തിന്റേയും തകര്‍ച്ച തുടങ്ങിയിരുന്നു. പൊന്നാനിയിലെ കനോലി കനാലിന്റെ കിഴക്കുഭാഗത്ത് കണ്ണന്‍തൃക്കാവിനടുത്തെ തറവാട് തകര്‍ന്ന്, ചാലപ്പുറം ബാങ്ക് ഏറ്റെടുത്തു കഴിഞ്ഞിട്ടാണ് പരമേശ്വരന്‍ നമ്പൂതിരി തൃക്കാവ് അമ്പലത്തിനടുത്തുതന്നെ കരുവാട്ടുമന പുനഃസൃഷ്ടിച്ചത്. തൃക്കാവ് അമ്പലത്തിലെ ശാന്തിക്കാരന്‍ കൂടിയായിരുന്നു പരമേശ്വരന്‍. 1869-ലാണ് പരമേശ്വരന്‍ നമ്പൂതിരി ജനിച്ചത്. അദ്ദേഹത്തിനും മുന്‍പുള്ള തലമുറ അജ്ഞാതമായ അറിവിലേക്ക് മറഞ്ഞുപോയി. പരമേശ്വരന്‍ നമ്പൂതിരി ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ല. 12 വയസ്സിനും 14 വയസ്സിനുമിടയില്‍ സംസ്‌കൃതത്തിലും ഇംഗ്ലീഷിലും അനൗപചാരിക വിദ്യാഭ്യാസം നേടി.

അന്നത്തെ പൊന്നാനി പുറംനാടുകളുമായി കച്ചവടബന്ധത്തിന്റെ ഉത്തുംഗതയില്‍ നില്‍ക്കുന്ന കാലം. തീരത്തെത്തുന്ന കപ്പലുകളില്‍നിന്നും വിദേശികള്‍ പൊന്നാനിയില്‍ തങ്ങി വ്യാപാരശാലകള്‍ തുറന്നു. നാട്ടുകാരുമായി ബന്ധം സ്ഥാപിച്ചു. ആ ബന്ധത്തിലൂടെയാവണം പരമേശ്വരന്‍ നമ്പൂതിരിയും ഇംഗ്ലീഷ് ഭാഷയുടെ മര്‍മ്മമറിഞ്ഞത്. ഇംഗ്ലീഷില്‍ നന്നായി സംസാരിക്കും. ബിലാത്തിയില്‍നിന്നും പ്രത്യേകമായി വരുത്തിയിരുന്ന ഇംഗ്ലീഷ് പുസ്തകങ്ങളും മാസികകളും വായിക്കും. അതേസമയം സംസ്‌കൃതത്തിലും പാണ്ഡിത്യം നേടി. പൊന്നാനിയിലെ കരുവാട്ടുമന ഇംഗ്ലീഷ് ഭാഷയുടേയും സംസ്‌കൃതഭാഷയുടേയും വൈജ്ഞാനിക കലവറയായിട്ടായിരുന്നു അന്ന് അറിയപ്പെട്ടിരുന്നത്. സംസ്‌കൃത പണ്ഡിതന്മാര്‍ അവിടെ ഉണ്ടുറങ്ങി, അറിവിന്റെ പുതിയ തലങ്ങളില്‍ യാത്രചെയ്തു. മാന്തിട്ട മനയ്ക്കല്‍ നമ്പൂതിരിയും കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും തുടങ്ങി പ്രാത:സ്മരണീയരായ പണ്ഡിതന്മാര്‍ മനയുടെ ഉള്‍ത്തളങ്ങളില്‍ അറിവായുധങ്ങള്‍കൊണ്ട് പരസ്പരം ഏറ്റുമുട്ടി. വാള്‍ത്തലകള്‍ കൂട്ടിമുട്ടിയപ്പോള്‍ പുതിയ അറിവുകളുടെ തീപ്പൊരി പാറി. ഇന്ത്യയിലെ പ്രമുഖ സംസ്‌കൃത വൈജ്ഞാനിക നഗരങ്ങളില്‍നിന്ന് സംസ്‌കൃതഭാഷയിലെ അത്യപൂര്‍വ്വങ്ങളായ പുസ്തകങ്ങള്‍ പരമേശ്വരന്‍ നമ്പൂതിരി അക്കാലത്ത് വരുത്തിച്ചു. ഇംഗ്ലണ്ടില്‍നിന്നും എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ അന്നത്തെ പതിപ്പുകള്‍, മാക്സ് മുള്ളറുടെ മഹാഭാരത വിവര്‍ത്തനം തുടങ്ങി എത്രയോ ഗ്രന്ഥങ്ങള്‍. 'കസ്റ്റംസ് ഓഫ് ദ വേള്‍ഡ്' എന്ന മാസിക മുറതെറ്റാതെ വരുത്തി പുറംചട്ടയിട്ടു സൂക്ഷിച്ചു. എണ്ണമറ്റ അപൂര്‍വ്വ ഗ്രന്ഥങ്ങള്‍കൊണ്ട് പരമേശ്വരന്‍ നമ്പൂതിരി തന്റെ വീട്ടില്‍ 'ദ ഓറിയന്റല്‍ റിസര്‍ച്ച് ലൈബ്രറി' ആരംഭിച്ചു. അറിവുതേടി വന്നവര്‍ക്ക് ലൈബ്രറി അറിവിന്റെ ഖനിയായി.

പരമേശ്വരന്‍ നമ്പൂതിരിയുടെ ജീവിതചര്യയില്‍ ഇംഗ്ലീഷ് സ്വാധീനം പ്രകടമായിരുന്നു. മുഴുകയ്യന്‍ ഷര്‍ട്ടും സിഗരറ്റും ചായയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അടയാളങ്ങളായി. നമ്പൂതിരിമാര്‍ക്കിടയില്‍ അക്കാലത്ത് ചായകുടി പതിവില്ലായിരുന്നു. പരിഷ്‌കാരികള്‍ മാത്രം ചായകുടിച്ചിരുന്ന അക്കാലത്ത് കല്‍ക്കട്ടയില്‍നിന്നും പിയേഴ്സ് കമ്പനിയുടെ ചായപ്പെട്ടി വീട്ടില്‍ എത്തിച്ച് ദിവസവും ചായകുടിച്ചിരുന്ന പരമേശ്വരന്‍ നമ്പൂതിരി അക്കാലത്ത് നമ്പൂതിരി സമുദായത്തില്‍ത്തന്നെ ഒരദ്ഭുതമായിരുന്നു. കരയില്ലാത്ത മല്ല്മുണ്ടും മുഴുക്കയ്യന്‍ ഷര്‍ട്ടുമിട്ടുള്ള പരമേശ്വരന്‍ നമ്പൂതിരിയുടെ സായാഹ്ന നടത്തങ്ങള്‍ പൊന്നാനിയില്‍ കൗതുകമുണര്‍ത്തിയ കാഴ്ചയായിരുന്നു.

നമ്പൂതിരിയുടെ വര
നമ്പൂതിരിയുടെ വര

ബ്രിട്ടീഷ് നിയമങ്ങളിലും പീനല്‍കോഡിലും അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹത്തിന് ബ്രിട്ടീഷ് കോര്‍ട്ടില്‍ ജൂറിയായി ചെല്ലാനുള്ള അധികാരവും അവകാശവുമുണ്ടായിരുന്നു. ബ്രിട്ടീഷ് അധികാരികളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. പ്ലാന്റേഷനില്‍ അദ്ദേഹം അതിയായ താല്പര്യം കാണിച്ചു. നിലമ്പൂരില്‍ ഈസ്റ്റിന്ത്യാക്കമ്പനി തുടങ്ങി വെച്ച തേക്ക് തോട്ടങ്ങളായിരുന്നു പ്രചോദനം. പൊന്നാനിയുടെ ഉയര്‍ന്ന പ്രദേശങ്ങളിലായി ഭൂമി വാങ്ങിച്ചു. ബ്രിട്ടനില്‍നിന്നും തോട്ടക്കൃഷിയെ സംബന്ധിക്കുന്ന നിരവധി പുസ്തകങ്ങള്‍ വരുത്തി പഠിച്ചു. കുറിപ്പുകള്‍ തയ്യാറാക്കി. പ്ലാന്റേഷനൊപ്പം മണ്ണുസംരക്ഷണത്തെപ്പറ്റിയും ആഴത്തില്‍ പഠിച്ചു.

പരമേശ്വരന്‍ നമ്പൂതിരിക്ക് മൂന്ന് ഭാര്യമാര്‍. ആദ്യ ഭാര്യ മരിച്ചതിനുശേഷമാണ് രണ്ടാമത് വേളി കഴിച്ചത്. ആദ്യ ഭാര്യയിലെ മകളെ വെച്ചുമാറി നടത്തിയ വേളിയായിരുന്നു അത്. നമ്പൂതിരി സമുദായത്തില്‍ അത് അനുവദനീയവുമായിരുന്നു. രണ്ടാമത്തെ ഭാര്യയും മരിച്ച് ഒരുപാട് വര്‍ഷം കഴിഞ്ഞിട്ടാണ് ശ്രീദേവിയെ വിവാഹം കഴിച്ചത്. അവരില്‍ രണ്ടു മക്കള്‍- വാസുദേവന്‍ നമ്പൂതിരിയും ഉമാദേവിയും. ആദ്യ ഭാര്യയുടെ മകനായിരുന്നു നാരായണന്‍ നമ്പൂതിരി. അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി പഠനത്തിലേക്കും സാഹിത്യത്തിലേക്കും മുഴുവന്‍സമയം തിരിഞ്ഞതു മുതല്‍ നാരായണനാണ് കാര്യങ്ങള്‍ നോക്കിനടത്തിയത്. നാരായണന്റെ കെടുകാര്യസ്ഥത കരുവാട്ടുമനയെ തകര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ ഒരു കാരണമായി. ധൂര്‍ത്തും അതിരുകടന്ന ചെലവുകളും കടത്തില്‍നിന്നും കടത്തിലേക്ക് മനയെ എത്തിച്ചു. അച്ഛന്‍ നമ്പൂതിരി കെട്ടിപ്പടുത്തതൊക്കെ മകന്‍ നമ്പൂതിരി തുലയ്ക്കുന്നത് കണ്ടുനില്‍ക്കാന്‍ മാത്രമേ കാലത്തിനായുള്ളൂ. പരമേശ്വരന്‍ നമ്പൂതിരിയുടെ അവസാനകാലം കൂടിയായിരുന്നു അത്. അദ്ദേഹം സമ്പാദിച്ച തോട്ടങ്ങളും ഭൂമിയും ഒന്നൊന്നായി കടക്കാര്‍ കൊണ്ടുപോകുമ്പോള്‍ എന്തെന്നുപോലും ചോദിക്കാതെ നിശ്ശബ്ദം രേഖകളില്‍ കയ്യൊപ്പ് ചാര്‍ത്തി നല്‍കാന്‍ മാത്രമേ അദ്ദേഹത്തിനായുള്ളൂ. മുന്‍പില്‍ നീട്ടിവയ്ക്കപ്പെടുന്ന രേഖകളില്‍ നിര്‍വ്വികാരനായി അദ്ദേഹം ഒപ്പുകളിട്ടു. വരാന്‍പോകുന്ന ഒരു ദുരന്തത്തിന്റെ തുടക്കമായിരുന്നു.

അച്ഛന്റെ മരണം

രണ്ടാം ലോകമഹായുദ്ധക്കാലം, ഭക്ഷ്യദൗര്‍ലഭ്യം കുടുംബങ്ങളെ പിടിച്ചുലയ്ക്കുന്ന കാലം. സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ടു. പാട്ടവും വാരവും എല്ലാം അവസാനിച്ച ഒരു കുടുംബത്തില്‍ അതിന്റെ പ്രത്യാഘാതം ശക്തമായിരുന്നു. ഒരുപാട് അംഗങ്ങളുള്ള വീടിന്റെ അടുക്കളയില്‍ തീപുകഞ്ഞത് വല്ലപ്പോഴും. തറവാട് കടുത്ത ദാരിദ്ര്യത്തിലമര്‍ന്നു. ഇതിനിടയിലാണ് നാരായണന്‍ നമ്പൂതിരി ടൈഫോയിഡ് ബാധിതനായത്. കുടുംബഡോക്ടറായിരുന്ന അച്യുതമേനോന്റെ ചികിത്സകള്‍ നാരായണന്‍ നമ്പൂതിരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍ ജീവിച്ചിരിക്കെ മകന്‍ യാത്ര പറഞ്ഞു.

പരമേശ്വരന്‍ നമ്പൂതിരിയുടെ രണ്ടാമത്തെ മകന്‍ പരമേശ്വരനു പ്രിയം കാറുകളോടും മറ്റു വാഹനങ്ങളോടും. ഫോര്‍ഡ് കാറും ഷെവര്‍ലേയുമൊക്കെ മാറിമാറി വാങ്ങിച്ച പരമേശ്വരന്‍ സ്വന്തമായി ബസ് സര്‍വ്വീസും തുടങ്ങി. ഒടുവില്‍ എല്ലാം തകര്‍ന്നു കടത്തില്‍ മുങ്ങിയ പരമേശ്വരനും മനയുടെ തകര്‍ച്ചയില്‍ തന്റേതായ പങ്കുവഹിച്ചു. അക്കാലത്തെ സമ്പന്നമായ വരിക്കാശ്ശേരിമനയിലെ കാര്‍ ഡ്രൈവറായിട്ടാണ് പിന്നീടുള്ള അദ്ദഹത്തിന്റെ ജീവിതം. സംസ്‌കൃതത്തിലും ഇംഗ്ലീഷിലും അപാരമായ പ്രാവീണ്യമുണ്ടായിരുന്നു പരമേശ്വരന്‍ നമ്പൂതിരിക്ക്. മൂന്നാമത്തെ ആണ്‍തരിയായിരുന്നു വാസുദേവന്‍ നമ്പൂതിരി.

ദാരിദ്ര്യത്തിന്റെ കയ്പുനീര്‍ വീടിന്റെ ഉള്‍ത്തളങ്ങളില്‍ അറിഞ്ഞുതുടങ്ങിയ നാളുകളില്‍ അച്ഛന്‍ നമ്പൂതിരി പാരമ്പര്യമായി കിട്ടിയ ശാന്തിയില്‍ ശ്രദ്ധിച്ചു. അവിടെനിന്നും കിട്ടുന്ന പടച്ചോറിലും ചെറിയ വരുമാനത്തിലും ആ മന കാലം തള്ളി. തന്റെ പ്രതാപകാലത്തിന്റെ ഓര്‍മ്മകളുമായി അച്ഛന്‍ നമ്പൂതിരി മാളികയുടെ രണ്ടാം നിലയിലേയ്‌ക്കൊതുങ്ങി. അദ്ദേഹത്തിന് ഏകാന്തതയുടെ ദീനക്കിടക്കയില്‍ ഓര്‍ക്കാന്‍ സുവര്‍ണ്ണകാലമായിരുന്നു പിന്നില്‍. സംസ്‌കൃത വ്യാകരണ പഠനത്തിന്റേയും സാഹിത്യചര്‍ച്ചകളുടേയും കാലം. ഇംഗ്ലീഷ് ഭാഷയുടെ മാസ്മരികതയില്‍ അഭിരമിച്ച കാലം. പണ്ഡിതന്മാര്‍ക്ക് വിരുന്നൂട്ടിന്റെ സുവര്‍ണ്ണകാലം. അന്ന് പൊന്നാനിയും തിളങ്ങിനില്‍ക്കുകയായിരുന്നു.

കണ്ണന്‍ദേവന്‍ ചായയുടെ മൊത്തക്കച്ചവടക്കാരനായിരുന്ന അമ്പിപട്ടരും കൊപ്രക്കച്ചവടക്കാരനായ മേത്താ സേഠും സമ്പന്നതയുടെ കൊടിപാറിക്കുന്ന കാലം. ആ പ്രദേശത്തെ ഏക നമ്പൂതിരി ഇല്ലമായ കരുവാട്ടുമന നാടിന്റെ ശ്രദ്ധാകേന്ദ്രമായതില്‍ അദ്ഭുതപ്പെടാനില്ല. സ്വന്തം കുതിരവണ്ടിയില്‍ പരമേശ്വരന്‍ നമ്പൂതിരി പൊന്നാനിയുടെ ഹൃദയത്തിലൂടെ കടന്നുപോയിരുന്ന നാളുകള്‍ പ്രൗഢിയുടെ വിളംബരം കൂടിയായിരുന്നു. കമ്പനി കേസുകള്‍ വാദിക്കാന്‍ കോഴിക്കോട്ടേയ്ക്കുള്ള യാത്രകള്‍ നാട്ടുകാര്‍ക്ക് ഒരു കാഴ്ചയായിരുന്നു. സ്വന്തം ജഡ്കയില്‍ തിരൂര്‍വരെ പോകും. അവിടെനിന്ന് കരിവണ്ടിയില്‍ ഫറോക്ക് വരെ. കടത്തു കടന്ന് കോഴിക്കോട്ടേയ്ക്ക്. മഞ്ചേരി രാമയ്യന്‍ തുടങ്ങിയ പ്രശസ്തരായ അഭിഭാഷകര്‍ക്കൊപ്പമാണ് ജൂറിയായി പ്രവര്‍ത്തിച്ചത്. ആലപ്പുഴയിലെ ആസ്പിന്‍ വാള്‍ കമ്പനിക്കുവേണ്ടിയും കൊല്ലത്തെ പ്രമുഖ കശുവണ്ടി കമ്പനിക്കുവേണ്ടിയുമൊക്കെ ജൂറിയായി പോയിരുന്ന പരമേശ്വരന്‍ നമ്പൂതിരി തന്റെ അവസാനകാലം ചെലവഴിച്ചത് കരുവാട്ടുമനയുടെ മുകള്‍നിലയില്‍. കടുത്ത പ്രമേഹരോഗിയായിരുന്നു അദ്ദേഹം. പ്രമേഹം ആ ജീവിതത്തെ ഓരോ അണുവിലും കൊന്നു തുടങ്ങിയിരുന്നു. 1939-ലെ ഒരു കറുത്തവാവ് നാളില്‍ പരമേശ്വരന്‍ നമ്പൂതിരി ഈ ലോകത്തോട് വിടപറഞ്ഞു. പുലര്‍ച്ചയ്ക്കു മുന്‍പേ ശവദാഹം കഴിഞ്ഞു. പത്ത് ദിവസത്തെ പുല. ഉപ്പ് പാടില്ലാത്ത ഭക്ഷണം പത്താമത്തെ ദിവസം പരേതന്റെ ആത്മാവിനു പിണ്ഡം വെച്ചു. പരമേശ്വരന്‍ നമ്പൂതിരി അങ്ങനെ ചരിത്രമായി. അപ്പോള്‍ മകന്‍ വാസുദേവന്‍ നമ്പൂതിരിക്ക് പന്ത്രണ്ടോ പതിമൂന്നോ വയസ്സ് മാത്രം പ്രായം.

തിരുവേഗപ്പുറ കാലടിമനയില്‍ ശ്രീദേവി അന്തര്‍ജ്ജനം കരുവാട്ടുമനയില്‍ വേളിയായി എത്തുമ്പോള്‍ മനയുടെ ഭരണം പരമേശ്വരന്‍ നമ്പൂതിരിയുടെ മൂത്ത മകന്റെ കയ്യിലായിരുന്നു. പരമേശ്വരന്‍ നമ്പൂതിരിയുടെ മൂന്നാമത്തെ വേളിയായിരുന്നു ശ്രീദേവി. അന്ന് ശ്രീദേവിക്ക് പ്രായം ഇരുപത്തിമൂന്നും പരമേശ്വരന്‍ നമ്പൂതിരിക്ക് അന്‍പത്തിയാറും. സ്വന്തം ഇല്ലത്തെ സാമ്പത്തിക പരാധീനതകളായിരുന്നു ഒരര്‍ത്ഥത്തില്‍ ശ്രീദേവിയെ കരുവാട്ടുമനയില്‍ എത്തിച്ചതെന്നു പറയാം. വേളികഴിക്കാന്‍ പണമില്ലാതെ സ്വന്തം ഇല്ലത്തു നിന്നുപോകേണ്ടിവന്നിരുന്ന നമ്പൂതിരി സ്ത്രീകളിലൊരാളായിരുന്നു ശ്രീദേവിയും.

ജന്മനക്ഷത്രം ചതിച്ചതുകൊണ്ടോ ദാരിദ്ര്യം കൂടപ്പിറപ്പായി നില്‍ക്കുന്നതുകൊണ്ടോ നമ്പൂതിരി യുവാക്കളുടെ എണ്ണത്തിലുള്ള കുറവുകൊണ്ടോ നിരവധി നമ്പൂതിരി സ്ത്രീകള്‍ തങ്ങളുടെ ശിഷ്ടജീവിതം പിറന്ന ഇല്ലത്തുതന്നെ തള്ളിനീക്കുമായിരുന്നു. വെറുതെ ഒഴുകുകയായിരുന്നില്ല ആ ജീവിതങ്ങള്‍. സമൂഹത്തിന്റേയും സമുദായത്തിന്റേയും ഉള്ളില്‍നിന്നും പുറത്തുനിന്നും അവഹേളനങ്ങള്‍ ഏറ്റുവാങ്ങിയാണ് ആ സ്ത്രീകള്‍ ജീവിച്ചുപോന്നത്. അങ്ങനെ ജീവിച്ചു പോകുമായിരുന്ന ഒരു ജീവിതത്തെയാണ് പരമേശ്വരന്‍ നമ്പൂതിരി കരുവാട്ടുമനയിലേക്ക് തന്റെ മൂന്നാം വേളിയായി കൂട്ടിക്കൊണ്ടു വന്നത്.

കരുവാട്ടുമനയില്‍ ശ്രീദേവി അന്തര്‍ജ്ജനം നിറഞ്ഞ സന്തോഷത്തിന്റെ ഇലയിട്ടുണ്ടത് അത്യപൂര്‍വ്വമായി. ശ്രീദേവി കരുവാട്ടുമനയില്‍ എത്തിയ കാലത്ത് മനയുടെ ഭരണം ആദ്യ ഭാര്യയുടെ മക്കളിലായിരുന്നു. അവഗണനയുടെ നിഴലനക്കങ്ങള്‍ തുടക്കം മുതല്‍ക്കുതന്നെ കാണാനായി. തന്റെ ലോകം മനയിലെ അടുക്കളയാണെന്നു ശ്രീദേവി വൈകാതെ തിരിച്ചറിഞ്ഞു. അതുമാത്രമായി പിന്നീടവരുടെ ലോകം. കരിപുരണ്ട ജീവിതം. അടുക്കളയില്‍ നിന്നിറങ്ങാന്‍ സമയമെവിടെ. കുട്ടികളുടെ കാര്യങ്ങള്‍പോലും അന്വേഷിക്കാന്‍ കഴിയാത്തവിധം അടുക്കളയിലെ തിരക്കുകള്‍ക്കിടയില്‍ ശ്രീദേവിയുടെ ജീവിതം മുങ്ങിത്താണു. പൊന്നാനിയിലെ ഏക നമ്പൂതിരി ഇല്ലമായ കരുവാട്ടുമന ഒരു സത്രമായിരുന്നു. വഴിപോകുന്ന നമ്പൂതിരിമാര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനുമൊക്കെ തണലായി നിന്ന സത്രം.

പൊന്നാനിയിലെ കനോലി കനാലിലൂടെ വന്ന് തെക്കന്‍ ദിശകളിലേക്ക് ജലമാര്‍ഗ്ഗം പോകാന്‍ വരുന്ന നമ്പൂതിരിമാര്‍ വിശ്രമത്തിനായി ഓടിയെത്തുന്നത് മനയിലേക്കാണ്. മനയിലെ വലിയ സംഖ്യ അംഗങ്ങള്‍ക്കു പുറമെ ഇങ്ങനെ അവിചാരിതമായി വിരുന്നു വരുന്നവര്‍ക്കും ഇലയിടണം. അതിന്റെ ഭാരമാണ് ശ്രീദേവിക്ക്. മനയിലെ സ്ത്രീകള്‍ക്ക് പുറംലോകവുമായി ബന്ധമില്ല. ബന്ധുവീടുകളില്‍ സംഭവിക്കുന്ന മരണം അല്ലെങ്കില്‍ വേളി- ഇങ്ങനെ എല്ലാവരും ഒത്തുചേരുന്ന ഇടങ്ങളിലാണ് പുറംലോകവുമായി ഒത്തുചേരുന്ന നിമിഷങ്ങള്‍. കരുവാട്ടുമനയിലെ സ്ത്രീകള്‍ക്ക് പുറംലോകവുമായുള്ള ബന്ധം നാട്ടിലെത്തിയിരുന്ന ചെട്ടിച്ചികളിലൂടെയായിരുന്നു. മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം, മനയിലെ പിന്നാമ്പുറത്ത് മുറുക്കി ചുവപ്പിച്ച ചിരിയുമായി എത്തിയിരുന്ന അവരിലൂടെയാണ് ലോകം മനയിലെ സ്ത്രീകളുടെ അടുക്കളയിലേക്ക് എത്തിയിരുന്നത്. നാലുംകൂട്ടി മുറുക്കി, ഉണ്ടുറങ്ങി ഒന്നുരണ്ടു ദിവസം മനയില്‍ തങ്ങുന്ന ഈ സ്ത്രീകളിലൂടെയാണ് മനയിലെ സ്ത്രീകള്‍ തങ്ങളുടെ ബന്ധുക്കളുടേയും ചാര്‍ച്ചക്കാരുടേയും തത്സമയ സ്ഥിതിഗതികളും നാട്ടിലെ വാര്‍ത്തകളും അറിയുന്നത്. പൊടിപ്പും തൊങ്ങലുകളും വെച്ച് ചെട്ടിച്ചികള്‍ പറയുന്ന ഈ വാര്‍ത്തകളാണ് പുറംലോകത്തേക്കുള്ള കിളിവാതിലുകളായി മാറിയത്.
 
ഏകാന്തതയുടെ ലോകം

കുഞ്ഞുനാളില്‍ ഏകാന്തതയുടെ ചുറ്റുമതിലിനുള്ളിലായിരുന്നു വാസുദേവന്‍ നമ്പൂതിരി. ശരീരമാസകലം പടര്‍ന്നുപിടിച്ച കരപ്പന്‍ ദീനം ആ ഏകാന്തതയെ ക്രൂരമാക്കി. കടുത്തദീനം മാസങ്ങള്‍ നീണ്ടു. ചില ഘട്ടങ്ങളില്‍ ഗുരുതരമായി. ദീനം ശമിപ്പിക്കാന്‍ നടത്തിയ മരുന്നു ചികിത്സ ഒറ്റപ്പെടലിന്റെ വേദന കൂടുതലാക്കി. ആ നാളുകളിലാണ് മുറ്റത്തെ മണല്‍ത്തരികളില്‍ ഈര്‍ക്കില്‍കൊണ്ട് ചിത്രങ്ങള്‍ വരച്ചു തുടങ്ങിയത്. ഏകാന്തതയെ തോല്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങളായിരുന്നു വാസുദേവന് ആ മണല്‍വരകള്‍. ദൈനംദിന തിരക്കുകള്‍ക്കിടയില്‍ അച്ഛനു മകനെ ശ്രദ്ധിക്കാന്‍ സമയമെവിടെ? കൂട്ടുകാര്‍ക്ക് ചൊറിപിടിച്ച കൂട്ടുകാരനെ വേണ്ട. ഇതിനിടയില്‍ വാസുവിനു കൂട്ടായിവന്നത് അമ്മ മാത്രം. അമ്മയാകട്ടെ, അടുക്കളയുടെ പുറംലോകം സ്വയം നിഷേധിച്ചിരുന്നു. എങ്കിലും വാസുദേവന് ആശ്വാസമായത് അമ്മയായിരുന്നു.

കരുവാട്ടുമനയില്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മൂന്നാംവേളി അനുഭവിച്ച അവഗണന അവരുടെ മക്കള്‍ക്കും ഏല്‍ക്കേണ്ടിവരുന്നത് സ്വാഭാവികം. വാസുദേവനു ചെറുപ്പത്തില്‍ ലഭിക്കേണ്ടിയിരുന്ന സ്‌കൂള്‍ വിദ്യാഭ്യാസംപോലും അങ്ങനെയാണ് നഷ്ടപ്പെട്ടത്. ശ്രീദേവിയമ്മ അതില്‍ അതീവ ദു:ഖിതയായിരുന്നു. വല്ലപ്പോഴും സ്വന്തം ഇല്ലത്തേക്കുള്ള യാത്രകളാണ് ശ്രീദേവി അന്തര്‍ജ്ജനത്തിനു സന്തോഷം നല്‍കിയത്. അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ക്ഷേത്രത്തിലേക്കുള്ള യാത്ര. അതില്‍ ഏറെയും കാടാമ്പുഴ ക്ഷേത്രത്തിലേക്കുള്ള യാത്ര. ആ യാത്രകള്‍ക്കൊക്കെ അമ്മയ്‌ക്കൊപ്പം മകനും കൂട്ടായി കൂടി. തുണക്കാരികള്‍ക്കൊപ്പമായിരുന്നു യാത്രകള്‍.

പൊന്നാനിയില്‍നിന്നും കോട്ടയ്ക്കല്‍ എത്തി കച്ചേരിപ്പറമ്പ് വഴി കാടാമ്പുഴയിലേക്ക് നടത്തുന്ന കാല്‍നടയാത്രകള്‍ തീര്‍ത്ഥയാത്രകളായിരുന്നു അമ്മയ്ക്കും മകനും. ഇത്തരം യാത്രകളില്‍ വാസുദേവനു രസകരമായി തോന്നിയത് തിരുവേഗപ്പുറത്തെ ശ്രീദേവിയമ്മയുടെ കാലടിമനയിലേക്കുള്ള യാത്രകളായിരുന്നു. ആണ്‍തരിയായി വാസുദേവന്‍ മാത്രം. സ്ത്രീകള്‍ ഓലക്കുടയും ചൂടി മുണ്ട് പുതച്ചിട്ടാകും വരിക. കൈകളിലേയും കാതുകളിലേയും ആഭരണങ്ങള്‍ പരമാവധി ഒഴിവാക്കും. പുലര്‍ച്ചെ നടന്നു തുടങ്ങിയാല്‍ സന്ധ്യയോടടുപ്പിച്ച് മനയിലെത്തും. പൊന്നാനിയില്‍നിന്നും കിഴക്കോട്ട് നടന്ന് ഭാരതപ്പുഴയുടെ തീരത്തുകൂടിയാണ് യാത്ര. ഉച്ചയോടടുക്കുമ്പോള്‍ തിരുനാവായയില്‍ എത്തും. അവിടെ ഭാരതപ്പുഴയുടെ മണല്‍ത്തിട്ടയില്‍ ഇരുന്ന് ഉച്ചഭക്ഷണം കഴിക്കും. വാട്ടിയ ഇലയില്‍ പൊതിഞ്ഞ അവിലും പഴവുമാണ് ഉച്ചഭക്ഷണം. ഭക്ഷണം കഴിച്ച് പുഴയിലിറങ്ങി കാലും മുഖവും കഴുകി വീണ്ടും നടത്തം തുടരും. നടന്നുവരുന്നത് നമ്പൂതിരിക്കുടുംബമാണെന്നറിയുമ്പോള്‍ത്തന്നെ ജാതിയില്‍ താണവര്‍ വഴിമാറി നടക്കും. ഈ യാത്രയിലുടനീളം വഴികാട്ടിയായി ചില അടയാളങ്ങളുണ്ട്. തിരുനാവായയിലെ ബാസല്‍ മിഷന്‍കാരുടെ ഓട്ടുകമ്പനിയുടെ പുകക്കുഴലാണ് അതിലൊന്ന്. വെട്ടിച്ചിറയിലെ വലിയ ആല്‍മരം മറ്റൊരടയാളം.

വേനല്‍ക്കാലത്താണ് യാത്ര ഏറെ രസകരമാവുന്നത്. ഭാരതപ്പുഴയിലെ മണല്‍ത്തിട്ട പരന്നുകിടക്കും. കാറ്റ് കൊണ്ടുവരുന്ന പഴുത്ത മാമ്പഴത്തിന്റേയും കശുമാങ്ങകളുടേയും മണം ഏറ്റുനടക്കാന്‍ രസമാണ്. പക്ഷേ, ഇതൊന്നും കഴിക്കാന്‍ പാടില്ല. ശുദ്ധാശുദ്ധ നിയമങ്ങള്‍ അതെല്ലാം വിലക്കിയിരിക്കുന്നു. കാഴ്ചകളുടെ ഉത്സവങ്ങളാണ് യാത്ര. വാസുദേവന് അത് മധുരം നിറഞ്ഞ ഓര്‍മ്മകളും. ഒരാഴ്ച മനയില്‍ തങ്ങിയിട്ടാകും മടക്കയാത്ര. പുലര്‍ച്ചെ നടന്നാല്‍ സന്ധ്യയോടെ കരുവാട്ടേക്ക് തിരികെ എത്തും.

വാസുദേവന്‍ നമ്പൂതിരിക്ക് ഏതാണ്ട് പത്തുപന്ത്രണ്ട് വയസ്സായപ്പോഴേക്കും മനയുടെ പ്രതാപം അസ്തമിച്ചു കഴിഞ്ഞിരുന്നു. അച്ഛന്റെ മിടുക്കന്‍ കുതിര ചാവാലിയായി, വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കൗതുകം നല്‍കുന്ന കാഴ്ചയായി. മുറ്റത്തെ വലിയ അശോകമരത്തിന്റെ ചുവട്ടില്‍ കുതിരക്കാരന്‍ കുട്ട കുതിരയെ നിര്‍ത്തും കുട്ടികള്‍ക്ക് കളിക്കാനായി. ഐശ്വര്യത്തിന്റെ അസ്തമയമായിരുന്നു അത്. അച്ഛന്റെ മരണത്തിനു രണ്ടുവര്‍ഷം മുന്‍പായിരുന്നു വാസുദേവന്‍ സമാവര്‍ത്തനം നടത്തിയത്. ഷോഡശക്രയകളുടെ ഒരു ഭാഗം. ഷോഡശക്രയകളിലൂടെയാണ് ഒരു നമ്പൂതിരിയുടെ ജന്മം പൂര്‍ണ്ണമാവുക എന്നു വിശ്വാസം. 16 സംസ്‌കാര ക്രയകളിലൂടെയാണ് ഷോഡശക്രയകള്‍ കടന്നുപോകുന്നത്. നമ്പൂതിരി സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ത്തന്നെ അതു തുടങ്ങും. സേകം എന്നാണതിന്റെ പേര്‍. പുംസവനം, സീമന്തം, വിഷ്ണുബലി, ജാതകന്ധം, നാമകരണം, നിഷ്‌ക്രമണം, അന്നപ്രാശനം, ചൂഢാകരണം, കര്‍ണവേധം, ഉപനയനം, വേദാരംഭം, ഗോദാനം, സാമവര്‍ത്തനം, വിവാഹം, ആരാധനം ഇതാണ് ആ കര്‍മ്മങ്ങള്‍. ശ്രീദേവി അന്തര്‍ജ്ജനം വാസുദേവനെ ഗര്‍ഭം ധരിച്ചതു മുതല്‍ക്കുതന്നെ ഷോഡശ കര്‍മ്മങ്ങള്‍ ആരംഭിച്ചിരുന്നു.

12 വയസ്സാകുമ്പോള്‍ വേദം മുഴുവന്‍ പഠിച്ചു എന്നു സങ്കല്പിച്ചുകൊണ്ട് മൊതലോറ എന്ന ചടങ്ങ് നടത്തും. പിന്നെ രണ്ട് മൂന്നു വര്‍ഷം ബ്രഹ്മചര്യമാണ്. അതിനുശേഷം 14 വയസ്സാകുമ്പോഴാണ് സമാവര്‍ത്തനം. നൂറ്റിയെട്ട് ഗായത്രി രാവിലേയും വൈകിട്ടും ചൊല്ലണം. സന്ധ്യാവന്ദനം നിര്‍ബ്ബന്ധം. ചമത രാവിലേയും വൈകിട്ടും നിര്‍ബ്ബന്ധം. ഒരു കൊല്ലം നീണ്ടുനില്‍ക്കുന്ന ആണ്ടുവ്രതം നിര്‍ബ്ബന്ധം. ഭക്ഷണങ്ങളിലെല്ലാം കടുത്ത നിഷ്ഠ. ഇതിനെല്ലാം ശേഷമാണ് സമാവര്‍ത്തനം. ആസ്ലായന സമൂഹത്തില്‍പ്പെട്ട വാസുദേവന്റെ കുലത്തിനു ആസ്ലായ ആചാര രീതികളാണ്. മന്ത്രത്തിന്റെ കാഠിന്യം കുറവ്. അതുകൊണ്ടുതന്നെ ഷോഡശകര്‍മ്മങ്ങളില്‍ ചെറുപ്പത്തില്‍ ചെയ്തുതീര്‍ക്കേണ്ട പല കര്‍മ്മങ്ങളില്‍നിന്നും വാസുദവന്‍ രക്ഷപ്പെട്ടു. ബ്രഹ്മചര്യത്തിന്റെ നാളുകളില്‍ കൃഷ്ണാഞ്ചലം ഉടുത്ത് മന്ത്രങ്ങളുടെ ലോകത്തിരിക്കും. ചെറിയവട്ടം ഹോമത്തിന്റെ മുന്നില്‍ രണ്ടുനേരമിരുന്നു മന്ത്രം ജപിക്കും. ഉപനയനം കഴിഞ്ഞ് കുറച്ചു നാള്‍ കഴിഞ്ഞപ്പോഴാണ് അച്ഛന്‍ മരിച്ചത്. അച്ഛന്റെ മരണശേഷം ഒരു വര്‍ഷം ദീക്ഷ. മരണത്തിന്റെ കര്‍മ്മങ്ങളാണ് ബലിയിടുന്നതുവരെ. അതിനുശേഷം മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ. ഇതാണ് സമുദായ നിയമം. ആ ഒരു വര്‍ഷം പെട്ടെന്നാണ് കടന്നുപോയത്.

അച്ഛന്റെ മരണശേഷം പിന്നെയും ഒരു വര്‍ഷം. തുടര്‍കര്‍മ്മങ്ങളുടെ നാളുകള്‍. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദീക്ഷ. എല്ലാം കഴിഞ്ഞപ്പോള്‍ തന്നോടുതന്നെ ചോദിച്ചു: ഇനി എന്ത്? അച്ഛന്റെ മരണശേഷം ഭാവി ഒരു ചോദ്യമായി. സ്‌കൂള്‍ പഠനം സാധിച്ചില്ല. വീട്ടിലെ സ്ഥിതി അതായിരുന്നു. കൂട്ടുകുടുംബത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എല്ലാവരും അതു മറന്നു. അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു മകനെ സ്‌കൂളിലയക്കാന്‍. പക്ഷേ, എന്തു പ്രയോജനം. ഇല്ലത്തിന്റെ ഭരണം അച്ഛന്റെ കൈകളിലായിരുന്നില്ലല്ലോ?

ഒറ്റപ്പാലത്തിനടുത്ത് മനിശ്ശീരിയിലാണ് വരിക്കാശ്ശേരി മന. ജ്യേഷ്ഠന്‍ പരമേശ്വരന്‍ നമ്പൂതിരി അന്നവിടെയുണ്ട്. മനയിലെ കാര്‍ ഡ്രൈവര്‍. വെറും ഡ്രൈവര്‍ മാത്രമായിരുന്നില്ല പരമേശ്വരന്‍ വരിക്കാശ്ശേരിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍. വാസുദേവന്‍ മുന്‍പും അവിടെ പോയിട്ടുണ്ട്, ജ്യേഷ്ഠനെ കാണാന്‍. അന്നൊക്കെ ഇല്ലം വിജനവും നിശ്ശബ്ദവും ആയിരുന്നു. ഇല്ലക്കാര്‍ അന്ന് സാമൂതിരി രാജാവ് കരമൊഴിവായി നല്‍കിയ അനങ്ങന്‍മലയുടെ താഴ്വാരത്തായിരുന്നു താമസം. ഓത്തുചൊല്ല് പഠിക്കാന്‍ തൃശൂര്‍ ബ്രഹ്മസ്വംമഠത്തില്‍ താമസിച്ചിരുന്ന വരിക്കാശ്ശേരി മനയിലെ ഒരു ബാല്യക്കാരന്‍, സാമൂതിരിയെ ആക്രമിക്കാനുള്ള കൊച്ചി രാജാവിന്റെ ഗൂഢാലോചന രഹസ്യമായി അറിയുകയും സാമൂതിരിയെ വിവരമറിയിക്കുകയും ചെയ്തു. അതിനുള്ള പ്രതിഫലമായിരുന്നു അനങ്ങന്‍ മലയിലെ വീടും വിശാലമായ പ്രദേശവും.

ഒരു വര്‍ഷത്തെ ദീക്ഷകഴിഞ്ഞ് വരിക്കാശ്ശേരിയിലേക്ക് പോകാന്‍ വാസുദേവന്‍ തീരുമാനിച്ചു. വരിക്കാശ്ശേരി മന അക്കാലത്ത് ഒരു ഉല്‍സവപ്പറമ്പ് പോലെയായിരുന്നു. ബഹളമയം. അനങ്ങന്‍മലയുടെ താഴ്വാരത്തുനിന്നു കുടുംബം തിരികെ വന്നിരിക്കുന്നു. വീണ്ടും വരിക്കാശ്ശേരി ഉണര്‍ന്നു തുടങ്ങിയ കാലമായിരുന്നു അത്. അന്നത്തെക്കാലത്ത് നമ്പൂതിരി ഇല്ലങ്ങളില്‍ അപ്ഫന്‍ നമ്പൂതിരിക്കായിരുന്നു വിവാഹം കഴിക്കാനും കുടുംബം പുലര്‍ത്താനും അവകാശം. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ സാമ്പത്തികാധികാരവും അവര്‍ക്കുതന്നെ. ഇത്തരമൊരവസ്ഥയില്‍ മൂത്ത അപ്ഫന്‍ നമ്പൂതിരിക്ക് താഴെ നില്‍ക്കുന്നവര്‍ക്ക് ജീവിതം അലയാന്‍ വിധിക്കപ്പെട്ടതായിരിക്കും. എവിടെ നിന്നെങ്കിലും ഒരു സംബന്ധം. ഇടയ്ക്കിടയ്ക്ക് സംബന്ധ വീട്ടിലേയ്‌ക്കൊരു യാത്ര. കഥകളി രാവുകള്‍, ഉത്സവപ്പറമ്പുകള്‍. ജീവിതം ഇങ്ങനെ ഒഴുകും. ഇതിനിടയിലെ മറ്റൊരു ഇടത്താവളമാണ് സമ്പന്നത കേളിയാടുന്ന നമ്പൂതിരി മനകള്‍. വരിക്കാശ്ശരി, ദേശമംഗലം ഒളപ്പമണ്ണ, പൂമുള്ളി, ആഴ്വാഞ്ചേരി തുടങ്ങിയ മനകളായിരുന്നു അതില്‍ പ്രധാനം. രാത്രിയും പകലും മാറിനിന്നിരുന്ന ഈ മനകളില്‍ കഥകളിയും സദ്യയും നാലുംകൂട്ടി മുറുക്കും വെടിവട്ടവും നിറഞ്ഞുനിന്നു. പറയാനും കേള്‍ക്കാനും ഒരുപാടു പേര്‍. വാസുദേവന്‍ പോകാന്‍ തീരുമാനിച്ച വരിക്കാശ്ശേരിയും അങ്ങനെതന്നെ.

വെട്ടുകല്ലില്‍ തീര്‍ത്ത അത്ഭുതമാണ് വരിക്കാശ്ശേരി. കരിങ്കല്ലുവിരിച്ച നടുമുറ്റം. തെക്കിനിയും പടിഞ്ഞാറ്റിനിയും. തെക്കിനിയിലാണ് സദ്യ നടക്കുന്നത്. തെക്കിനിയില്‍ സദ്യയില്ലാത്ത ദിവസം ചുരുക്കം. ദേഹണ്ഡക്കാരെ മുട്ടി വഴിനടക്കാന്‍ കഴിയില്ല എന്നുപറഞ്ഞാല്‍ അതാവും ശരി. ഉണ്ണിനമ്പൂതിരിയായിരുന്നു അന്ന് വരിക്കാശ്ശേരി മനയുടെ കാരണവര്‍. ആനകളും പൂരങ്ങളും ഉണ്ണിനമ്പൂതിരിയുടെ ദൗര്‍ബ്ബല്യം. വരിക്കാശ്ശേരിയിലെ സൗഹൃദക്കൂട്ടായ്മയ്ക്ക് ഉണ്ണിനമ്പൂതിരിയുടെ പ്രോത്സാഹനം എന്നുമുണ്ടായിരുന്നു. വരിക്കാശ്ശേരിമനയിലെ ശ്രീകൃഷ്ണ ക്ഷേത്രവും അതിനോട് ചേര്‍ന്ന കുളപ്പുരയും മറ്റൊരു ശ്രദ്ധാകേന്ദ്രം. ക്ഷേത്രത്തില്‍ ഓത്തന്മാര്‍ എത്തിയാല്‍ വേദസദസ്സായി. പുരാണത്തെ അടിസ്ഥാനമാക്കി മത്സരങ്ങള്‍ ആരംഭിക്കും. കുളപ്പുരയും അതോടെ സജീവമാകും. ചതുരംഗമാണ് പ്രധാന വിനോദങ്ങളിലൊന്ന്. തടിയില്‍ തീര്‍ത്ത ഇരിപ്പിടങ്ങളിലെല്ലാം ചതുരംഗത്തിന്റെ കള്ളികൊത്തിയിട്ടുണ്ട്. ആര്‍ക്കും എപ്പോഴും എവിടെയിരുന്നും കളിക്കാം. മറ്റൊരു നേരമ്പോക്കാണ് വെടിവട്ടം. മിക്കവാറും ഇത്തരം കൂടിച്ചേരലുകളില്‍ പ്രധാനിയാകുന്നത് വൈദ്യമഠം ആയിരിക്കും. തമാശകളുടെ ചരടുകളില്ലാത്ത പ്രവാഹമായിരിക്കും പിന്നെ. കഥകളും കല്പിതകഥകളും പരസ്പരം ആ വെടിവട്ടങ്ങളില്‍ മത്സരിക്കും. ശാന്തിക്കാരനായ മടങ്ങര്‍ളി നമ്പൂതിരിയാണ് മറ്റൊരാള്‍. ഫലിതകഥകള്‍കൊണ്ട് സദസ്സിനെ രസിപ്പിച്ചിരുന്ന മടങ്ങര്‍ളി ഒരു ശുദ്ധാത്മാവായിരുന്നു. ഒടുവില്‍ സന്ന്യാസിയായി. വാദ്യമേളത്തില്‍ വിസ്മയം തീര്‍ത്തിരുന്ന തൃത്താല കുഞ്ഞുകൃഷ്ണപ്പൊതുവാളും അദ്ദേഹത്തിന്റെ അച്ഛന്‍ മലമക്കാവ് കേശവപ്പൊതുവാളും പട്ടരാത്ത് ശങ്കരമാരാരും തുടങ്ങി മേളക്കാരുടെ ഒരു വലിയ നിര വരിക്കാശ്ശേരിയിലെ നിത്യസന്ദര്‍ശകരായിരുന്നു. മനയുടെ കാരണവര്‍ ഉണ്ണിനമ്പൂതിരി മേളം തലയ്ക്കുപിടിച്ചൊരാള്‍. മേളക്കാര്‍ക്ക് വലിയ പ്രോത്സാഹനമായിരുന്നു ഉണ്ണിനമ്പൂതിരി. വരിക്കാശ്ശേരിയുടെ വിശാലമായ മുറ്റത്ത് നിലാവുനിറഞ്ഞ രാത്രികളില്‍ സാധകം ചെയ്യാന്‍ തൃത്താല കൃഷ്ണപ്പൊതുവാളിന് ഉണ്ണിനമ്പൂതിരി സൗകര്യം ചെയ്തു നല്‍കിയത് അതിനു മികച്ച ഉദാഹരണം.

വരിക്കാശ്ശേരിയിലെ അന്തേവാസികളില്‍ ഒരാളായിരുന്നു അട്ടു നമ്പൂതിരി. 50 വയസ്സ് പ്രായം. തൃശൂര്‍ ജില്ലയിലെ തലോര്‍ എന്ന സ്ഥലത്തെ ചിറ്റിശ്ശേരി മൂത്തേടത്ത് മനയിലെ അംഗം. ജോതിഷത്തിലും സംസ്‌കൃതത്തിലും നന്നായി അറിവുണ്ടായിരുന്ന അദ്ദേഹം വരിക്കാശ്ശേരിയിലെ ഒരംഗത്തെപ്പോലെയായിരുന്നു. മനയിലെ എല്ലാ ചടങ്ങുകള്‍ക്കും ആചാരങ്ങള്‍ക്കും അട്ടു മൂത്തേടത്ത് മുന്‍പിലുണ്ടാകും. ചാത്തം, തേവാരം, നമസ്‌കാരം തുടങ്ങി എല്ലാത്തിനും മുന്‍പില്‍. അസാധാരണ ബുദ്ധിശക്തിയുള്ള ആളായിരുന്നു മൂത്തേടം. തര്‍ക്കിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. വരിക്കാശ്ശേരിയിലേക്ക് ഒരു വൈകുന്നേരമാണ് വാസുദേവന്‍ കയറിച്ചെല്ലുന്നത്. ചെല്ലുമ്പാള്‍ത്തന്നെ അട്ടു മുന്നില്‍ 'നമ്മക്ക് പൂവ്വല്ലെ' എന്നു പറഞ്ഞുകൊണ്ട്. എങ്ങോട്ട് എന്ന മറുചോദ്യത്തിന് 'അദൊക്കീണ്ട്. പൂവ്വാന്‍ പുറപ്പെടാ' എന്നു മറുപടി പറഞ്ഞുകൊണ്ട് തിരക്കുകൂട്ടുകയായിരുന്നു അട്ടു മൂത്തേടത്ത്. ജ്യേഷ്ഠന്‍ പരമേശ്വരന്‍ നമ്പൂതിരിയും അട്ടു മൂത്തേടത്തും ചേര്‍ന്നു നടത്തിയ ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്. നാളും കാലവും നോക്കാതെ ആരേയും സഹായിക്കാനുള്ള അട്ടു മൂത്തേടത്തിന്റെ മനസ്സ് വാസുദേവനുവേണ്ടി ഉണര്‍ന്നു. വാസുദേവനെ സംസ്‌കൃതം പഠിപ്പിക്കുകയാണ് ലക്ഷ്യം. അട്ടു നമ്പൂതിരിയുടെയൊപ്പം വാസുദേവന്‍ യാത്ര തുടങ്ങുകയാണ്. സംസ്‌കൃതം അഭ്യസിക്കാനുള്ള യാത്ര. അപ്പോഴും വാസുദേവന്റെ മനസ്സു നിറയെ വരകളായിരുന്നു. മണ്ണിലും പിന്നെ മനസ്സിലും വരച്ച ചിത്രങ്ങള്‍.

പഴയ ചിത്രം
പഴയ ചിത്രം

ജീവിതത്തെ മാറ്റിയെഴുതിയ യാത്ര

കരുവാട്ടെ വാസുദേവന്‍ നമ്പൂതിരിയുടെ ജീവിതത്തിന്റെ വഴിത്തിരിവായി മാറാന്‍ പോകുന്ന ആ യാത്ര അന്നു രാത്രി ആരംഭിച്ചു. അട്ടു മൂത്തേടത്ത് മുന്‍പില്‍ പിന്നാലെ വാസുദേവന്‍. ഷൊര്‍ണ്ണൂരെത്തി പാസ്സഞ്ചര്‍ വണ്ടിയില്‍ യാത്ര തുടങ്ങി. കരിതുപ്പിയും കിതച്ചും വണ്ടി തൃശ്ശിവപേരൂരും കടന്ന് ഒല്ലൂര്‍ എത്തിയപ്പോള്‍ രണ്ടുപേരും അവിടെ ഇറങ്ങി. എങ്ങോട്ടാണ് പോകുന്നതെന്ന് മൂത്തേടത്തിനോട് ചോദിക്കാനുള്ള ധൈര്യം വാസുദേവനില്ല. മൂത്തേടത്തിന്റെ ഇല്ലമായ ചിറ്റിശ്ശേരിയിലേക്കാണ് ആദ്യം ചെല്ലുന്നത്. ഇല്ലത്തിനടുത്തെത്തിയപ്പോള്‍ ഭയന്നുപോയി. രാത്രി ഒരുപാട് വൈകിയിരുന്നു. പത്തായപ്പുരയിലേക്കാണാദ്യം കയറിച്ചെന്നത്. വന്‍മരങ്ങള്‍ പത്തായപ്പുരയുടെ മുകളിലേക്ക് വീണുകിടക്കുന്നു. ഒരു കൊടുങ്കാറ്റു കഴിഞ്ഞ കാഴ്ചപോലെ. കുളി കഴിഞ്ഞേ ഊണുള്ളൂ. ആഴമെത്രയെന്നറിയില്ലാത്ത, നല്ലതണുപ്പുണ്ടായിരുന്ന കുളത്തില്‍ വിറച്ചുകൊണ്ട് മുങ്ങിത്താണു. കുളികഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ അരണ്ട വിളക്കുവെട്ടത്തില്‍ വീട്ടുകാരുടെ മുഖങ്ങള്‍ കണ്ടു. ഊണുകഴിച്ചു വീണ്ടും യാത്ര തുടങ്ങി. എങ്ങോട്ടാണ് ഈ രാത്രിയില്‍ പോകുന്നതെന്നു ചോദിക്കാന്‍ മനസ്സിനു ധൈര്യം പോര. പതിവുപോലെ അട്ടു മൂത്തേടം മുന്നില്‍ പിന്നില്‍ വാസുദേവന്‍. അപ്പുറം കാണാന്‍ കഴിയാത്ത ഇരുട്ടില്‍ ചിലയിടത്തൊക്കെ തട്ടിവീഴാന്‍ പോയി. ഇരുട്ടും നിഴലും മാറിയും മറിഞ്ഞും മുന്നില്‍. ചിലയിടത്ത് ആള്‍ക്കാരെ കണ്ടു. കുറെ ദൂരം നടന്ന് ഒരു തീവണ്ടിപ്പാളത്തില്‍ കയറി. നടത്തം പിന്നെ പാളത്തിലൂടെയായി. കുറെ ദൂരം നടന്നു റെയിലിറങ്ങി നേരെ ചെന്നെത്തിയത് ഒരാള്‍ക്കൂട്ടത്തിനിടയിലേക്ക്. ദിക്കുകളിലെല്ലാം പ്രസിദ്ധമായ ആറാട്ടുപുഴ പൂരം. പൂരപ്പറമ്പിലെ ക്രാങ്ങാട്ട് നമ്പൂതിരിയുടെ കോപ്പുപുരയിലാണ് ചെന്നുകയറിയത്. വരിക്കാശ്ശേരിക്കാരുടെ ഒരു ബന്ധുവാണ് ക്രാങ്ങാട്ട് കുഞ്ഞനിയന്‍ നമ്പൂതിരി. രണ്ടുപേരും തമ്മിലുള്ള സംഭാഷണം നീണ്ടു. പ്രസിദ്ധമായ പൂരം അടുത്തു പോകാതെ അടുത്തു കാണാതെ വാസുദേവന്‍ ആദ്യമായി കണ്ടു. കിഴക്ക് വെള്ളകീറാന്‍ തുടങ്ങുന്ന സമയം അട്ടു മൂത്തേടത്ത് വാസുദേവനുമായി തന്റെ യാത്ര വീണ്ടും ആരംഭിച്ചു. അടുത്തനാടായ കടലായി ലാക്കാക്കിയാണ് നടത്തം. സംസ്‌കൃത പണ്ഡിതനായ കടലായി നമ്പൂതിരിയെ കാണണം. തലോര്‍ വീമ്പൂര് കുഞ്ചുനമ്പൂതിരി. കാഴ്ചയില്‍ കേസരി ബാലകൃഷ്ണപ്പിള്ളയെപ്പോലെ ഒരാള്‍. സ്വന്തം ഇല്ലത്തുനിന്നും മാറി താമസിക്കുന്ന അദ്ദേഹത്തിനു സംസ്‌കൃതത്തിലും ഇംഗ്ലീഷിലും അസാധാരണമായ അറിവ്. വേഷം പ്രാകൃതം. കണ്ണില്‍ പൊട്ടിയ ഒരു കട്ടിക്കണ്ണട. പൊട്ടിയ ഭാഗം റബ്ബര്‍മരത്തിന്റെ കറകൊണ്ട് ഒട്ടിച്ചു ചേര്‍ത്തിരിക്കുന്നു. തലോറിലെ വാര്യത്തുനിന്നാണ് അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്. വാര്യത്തോട് ചേര്‍ന്നാണ് താമസവും. ഭക്ഷണവും പാചകവുമൊക്കെ ഒറ്റയ്ക്ക്. വിവാഹം ചെയ്തിരിക്കുന്നത് ജാതിയില്‍ താണവരെയായതുകൊണ്ട് ആചാരം അതാണ്. പഠനം വേഗത്തിലായിരുന്നു. ദിവസവും ഒന്നുരണ്ട് മണിക്കൂര്‍ അദ്ദേഹത്തിനു മുന്നില്‍ ചെലവഴിക്കും. ശ്ലോകങ്ങളിലായിരുന്നു തുടക്കം. സിദ്ധരൂപം രണ്ടാം ഘട്ടത്തില്‍ മുഴുവന്‍ പഠിച്ചു. രഘുവംശവും നൈഷധവും പിന്നാലെ. ഇത്രൂട്ടന്‍ എന്നൊരാള്‍ കൂടെ പഠിക്കാന്‍ കൂടി. ഒരു കാലിനു സ്വാധീനക്കുറവുള്ള ഇത്രൂട്ടന്‍ അധികനാള്‍ പഠനം തുടര്‍ന്നില്ല. പക്ഷേ, തലോറില്‍ നീണ്ടുനിന്ന സൗഹൃദത്തിന് അതു തുടക്കമായി. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. ഇത്രൂട്ടന്‍ നന്നായി വരയ്ക്കുമായിരുന്നു. ചിത്രകലയെ മനസ്സില്‍ കൊണ്ടുനടക്കുന്ന രണ്ടു പേര്‍, അങ്ങനെ ഒരുമിച്ച്. വാസുദേവന്‍ നമ്പൂതിരിയും ജീവിതത്തെ വഴിതിരിച്ചുവിട്ട സംഭവങ്ങളുടെ തുടക്കമായിരുന്നു ആ യാത്രയും ഇത്രൂട്ടനും.

ഭാരതത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് നാല്പതുകളുടെ തുടക്കമാണ് കാലം. ദേശീയവാദികളായ കോണ്‍ഗ്രസ്സുകാരും സോഷ്യലിസ്റ്റുകളും നാട്ടിന്‍ പുറങ്ങളില്‍ വരെ സജീവമായിരുന്നു. തലോറും കടലായിലുമൊക്കെ അതിന്റെ അനുരണനങ്ങള്‍ ഉണ്ടായി. അവിടെയൊരമ്പലവും അതിനോട് ചേര്‍ന്നൊരു ആല്‍മരവും. ആല്‍മരത്തിന്റെ ചുവട്ടില്‍ ഓരോ ദിവസത്തേയും രാഷ്ട്രീയ ചലനങ്ങള്‍ ചര്‍ച്ചകളായി പ്രതിഫലിക്കും. ദേശീയവാദികളായ കോണ്‍ഗ്രസ്സുകാരും സോഷ്യലിസ്റ്റുകളുമായി തിരിഞ്ഞുനടക്കുന്ന ആ ചര്‍ച്ചകള്‍ രൂക്ഷമായ വാദപ്രതിവാദങ്ങളിലാവും അവസാനിക്കുന്നത്. അമ്പലത്തിനടുത്തായി രണ്ടു പ്രശസ്തങ്ങളായ വാര്യങ്ങളുണ്ട്. ഒരു വാര്യത്തെ ചെറുപ്പക്കാര്‍ കമ്യൂണിസ്റ്റുകാരും മറുവശത്ത് കോണ്‍ഗ്രസ്സുകാരും. തര്‍ക്കങ്ങള്‍ പലതും അങ്ങനെയാണ് കേന്ദ്രീകരിക്കുന്നത്. സംസ്‌കൃതം പഠിക്കാനെത്തിയ വാസുദേവന്‍ ഇവരുടെ തര്‍ക്കങ്ങള്‍ കേള്‍ക്കാന്‍ പതിവായിക്കൂടും. അങ്ങനെ പുതിയ സൗഹൃദങ്ങളുടെ പച്ചമരത്തണലിലായിരുന്നു വാസുദേവന്റെ കടലായി ജീവിതം. ആ സൗഹൃദങ്ങളില്‍ ചിലര്‍ ഇതാ-കൊച്ചനുജപ്പിഷാരോടി, കോണ്‍ഗ്രസ്സ് നേതാവ്. ആല്‍ത്തറയിലെ വാദപ്രതിവാദങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇദ്ദേഹം ജ്യോതിഷത്തില്‍ നന്നായി അറിവുള്ള ആള്‍ കൂടിയായിരുന്നു. വാസുദേവന്‍ കൗതുകത്തോടെയാണ് കൊച്ചനുജന്റെ രാഷ്ട്രീയ വാദ-പ്രതിവാദങ്ങളെ കണ്ടിരുന്നത്. എളങ്ങല്ലൂര്‍ മനയിലെ വാസുദേവന്‍ നമ്പൂതിരിയാണ് മറ്റൊരു സുഹൃത്ത്. അന്നു വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സംസ്ഥാന നേതാക്കളിലൊരാളായിരുന്ന വാസുദേവന്‍ നമ്പൂതിരി നല്ലൊരു സംഘാടകനും പ്രസംഗകനുമായിരുന്നു. അദ്ദേഹത്തിലൂടെ വാസുദേവനു മറ്റു ചില സൗഹൃദങ്ങളുണ്ടായി. അതില്‍ പ്രധാനപ്പെട്ട ഒരാളാണ് വി.ടി. ഇന്ദുചൂഢന്‍. അക്കാലത്തെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു ഇന്ദുചൂഢന്‍. പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപ്പത്രമായ ദേശാഭിമാനിയുടെ എഡിറ്റര്‍. ഇന്ദുചൂഢനെ ആദ്യമായി വാസുദേവന്‍ കാണുന്നത് ആമ്പല്ലൂരിലെ അളഗപ്പ ചെട്ടിയാരുടെ ഓട്ടുകമ്പനിയില്‍വെച്ചാണ്. അന്നവിടെ തൊഴിലാളി യൂണിയനുണ്ടാക്കി സമരം നടത്തുകയായിരുന്നു ഇന്ദുചൂഢന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തനായ സംഘാടകനും സൈദ്ധാന്തികനുമായിരുന്ന ഇന്ദുചൂഢനെപ്പറ്റി നേരത്തേ തന്നെ കേട്ടറിവുണ്ടായിരുന്നു. ആ അറിവ് മനസ്സില്‍ വെച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥി നേതാവായ വാസുദേവനൊപ്പം അദ്ദേഹത്തെ കാണാന്‍ പോയത്. ആ പരിചയം വളര്‍ന്നു. ആല്‍ത്തറയില്‍നിന്നു രാഷ്ട്രീയം പഠിച്ചെങ്കില്‍ കമ്യൂണിസത്തെപ്പറ്റി പഠിക്കുന്നത് ഇന്ദുചൂഢനില്‍നിന്നാണ്. വര്‍ഷങ്ങള്‍ക്കുശേഷം ആ ഇന്ദുചൂഢന്‍ ഹിന്ദുത്വ വലതുപക്ഷത്തെത്തി എന്നത് മറ്റൊരു യാദൃച്ഛികത.

ഇന്ദചൂഢനെപ്പോലെ വാസുദേവനൊപ്പം പോയി പരിചയപ്പെട്ട നിരവധി രാഷ്ട്രീയ നേതാക്കന്മാരുണ്ടായിരുന്നു. അവരിലൊരാളായിരുന്നു സി. അച്ചുതമേനോന്‍. പില്‍ക്കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായ അച്ചുതമേനോന്റെ രാഷ്ട്രീയ ചെറുപ്പകാലം കൂടിയായിരുന്നു അന്ന്. മറ്റൊരാള്‍ കീരന്‍ എന്നറിയപ്പെട്ടിരുന്ന കെ.കെ. വാര്യര്‍. തൃശൂര്‍ ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകരിലൊരാളും സാഹസികമായി രാഷ്ട്രീയ ജീവിതം നയിച്ചിട്ടുള്ള ആളുമായ കീരനും വാസുദേവന്റെ പരിചയക്കാരായി. തലോറിലെ കമ്യൂണിസ്റ്റ് വാര്യത്തെ ശേഖരവാര്യരും അച്ച്യുതവാര്യരും വാസുദേവന്റെ തലോറിലെ മൂന്നു വര്‍ഷക്കാലത്തെ സംസ്‌കൃത പഠനകാലത്തെ അടുത്ത സുഹൃത്തുക്കളായിരുന്നു.

കവിയായിരുന്ന കൃഷ്ണകുമാര്‍ തലോര്‍ ജീവിതകാലത്ത് വാസുദേവന്‍ നമ്പൂതിരിയുടെ സുഹൃത്തുക്കളിലൊരാളായിരുന്നു. സംസ്‌കൃത പഠനത്തോടൊപ്പം ജീവിതത്തെ വലിയൊരു കാന്‍വാസില്‍ കാണാന്‍ കഴിഞ്ഞതാണ് തലോറിലെ ആ ജീവതത്തിലൂടെ. പട്ടിണി അന്നു മിക്കവാറും കൂട്ടായിരുന്നു. അട്ടുവിന്റെ ഇല്ലത്തുനിന്നു ചില നേരങ്ങളില്‍ ആഹാരം ലഭിക്കും. കാര്യങ്ങള്‍ ഒരുപാട് വഷളായാല്‍ അമ്പലങ്ങളില്‍ ശാന്തിപ്പണിക്കു പോകും. ഇതിനിടയില്‍ അട്ടു മൂത്തേടത്തിന്റെ ബന്ധുവായ ഒരപ്ഫന്‍ വാതം പിടിപെട്ട് പരസഹായത്തോടെ നാളുകള്‍ നീക്കിയിരുന്നു. അദ്ദേഹത്തെ കുളിപ്പിക്കുക, ആഹാരം നല്‍കുക തുടങ്ങി ശ്രദ്ധയോടെ പരിചരണം വേണ്ട ഒരാള്‍. അട്ടുവാണ് എല്ലാ സഹായങ്ങളും ചെയ്തിരുന്നത്. അട്ടുവിന്റെ ഒഴിവുദിനങ്ങളില്‍ വാസുദേവന്‍ ആ കൃത്യം ഏറ്റെടുക്കും. ഒടുവില്‍ പരിചരണത്തിന്റെ അവസാന നാളുകള്‍ വാസുദേവന്റെ കൈകളിലായി. മൂന്നു വര്‍ഷത്തെ തലോര്‍ ജീവിതകാലത്തെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായി അപ്ഫന്റെ ശുശ്രൂഷകനായി കൂടിയ ജീവിതം. മൂന്നു വര്‍ഷത്തെ സംസ്‌കൃത പഠനം കഴിയുമ്പോഴേക്കും ജീവിതത്തെപ്പറ്റി പുതിയ ഉള്‍ക്കാഴ്ചയും നേടിയാണ് വാസുദേവന്‍ തലോര്‍ വിടുന്നത്.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com