കവിതയുടെ ശ്യാമവനാന്തര വെളിച്ചം

അയ്യപ്പപ്പണിക്കര്‍ എന്നൊരു ശത്രുഎനിക്കുണ്ടായിരുന്നു.അയാള്‍ ചിലപ്പോള്‍ എന്നെകണ്ണുമിഴിച്ചു ഭയപ്പെടുത്താന്‍ ശ്രമിച്ചിരുന്നു
കവിതയുടെ ശ്യാമവനാന്തര വെളിച്ചം

 

യ്യപ്പപ്പണിക്കര്‍ എന്നൊരു ശത്രു
എനിക്കുണ്ടായിരുന്നു.
അയാള്‍ ചിലപ്പോള്‍ എന്നെ
കണ്ണുമിഴിച്ചു ഭയപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
ഞാനും അതുപോലെ തിരിച്ചു
നോക്കിയതു കണ്ട്
അയാള്‍ ഭയപ്പെട്ടുപോയിരിക്കും.
ഇനി എന്നെങ്കിലും
അയാള്‍ വരാതിരിക്കില്ല.
അയാള്‍ പോയതോടെ
ഭയപ്പെടുത്താന്‍ ആളില്ലാതെ
ഞാന്‍ വിഷമിക്കുന്നു.
എന്നെ ഭയപ്പെടുത്താത്തവനെ
ഞാനെന്തിന് ഭയപ്പെടുത്തണം?''

ശത്രുഭയം എന്ന കവിതയില്‍ അയ്യപ്പപ്പണിക്കര്‍ ഇങ്ങനെ എഴുതി. ഇത് നര്‍മ്മ കവിതയോ സത്യകവിതയോ ആത്മകവിതയോ കവിത തന്നെയോ, അങ്ങനെയെങ്കില്‍ എന്താണ് കവിത എന്നൊക്കെ സംവാദബഹുലതകള്‍ സാദ്ധ്യമാണ്. തന്റെ ശത്രു തനിക്കുള്ളിലെന്ന തിരിച്ചറിവ്, ഉള്‍ക്കണ്ണ് മിഴിച്ച് ആ ശത്രുവിനെ തുരത്തുക, അങ്ങനെ ഭയരഹിതനായിത്തീരുക- അയ്യപ്പപ്പണിക്കര്‍ എന്ന കവിയിലേക്കും അദ്ദേഹത്തിന്റെ കവിതയിലേക്കും പിടിച്ചുകയറാവുന്ന ഒരു ബോധവള്ളി ഇതിലുണ്ടോ? ഭയരഹിതന് ദുഃഖത്തിലും സന്തോഷത്തിലും ഒരുപോലെ പുഞ്ചിരിക്കാന്‍ കഴിയില്ലേ? താനെന്ന ബാധയെ എഴുത്തിലും ജീവിതത്തിലും മുന്നോട്ടു നീങ്ങാനുള്ള ഉള്‍ബലം ഒരു കവിയില്‍ സംഭവിക്കുമ്പോഴാണ് ''മനക്കണ്ണാല്‍ കാലത്തിന്റെ കടല്‍ക്കര'' കാണാന്‍ കഴിയുന്നത്. കവിതയിലും ജീവിതത്തിലും മായിക പ്രലോഭനങ്ങളുടെ വഴി ഉപേക്ഷിച്ച അയ്യപ്പപ്പണിക്കര്‍, കര്‍മ്മനൈരന്തര്യത്തിന്റെ ജീവിതമായിരുന്നു ശീലിച്ചത്. നിരാസക്തനായിരിക്കുക, എന്നാല്‍ എന്നുമെന്നും ജീവിതത്തിന്റെ പച്ചയെ ചേര്‍ത്തുപിടിക്കുക. മണ്ണിന്റെ നനവില്‍ പാദങ്ങളമര്‍ത്തി നിലകൊള്ളുക. ''കാടെവിടെ മക്കളേ'' എന്ന് ധ്വനിയും സ്വാരസ്യവും നോക്കാതെ നേര്‍വാക്ക് പൊലിക്കുക.

''ദൃഷ്ടിയിലാകാശമാകെ-
യുള്ളിലാക്കി നടക്കുവിന്‍
മരണം കാത്തിടുമ്പോഴും
ജീവിതത്തെ സ്തുതിക്കുവിന്‍
ഇരുട്ടിന്‍ ഭംഗി കാണുമ്പോള്‍
വെളിച്ചത്തെ സ്മരിക്കുവിന്‍
നിദ്ര കൊണ്ടാടിടുമ്പോഴും
ജാഗ്രതയ്ക്കായ് ത്രസിക്കുവിന്‍''
    (ഗോത്രയാനം)

എന്നിങ്ങനെ ജീവിതഹരിത വഴികളില്‍ നിലകൊള്ളുക. 'മൃത്യുപൂജ'യുടെ കവിയെ ഗോത്രയാനകവി ഉള്‍ക്കണ്ണുരുട്ടി ഇല്ലാതെയാക്കുന്നുവോ? ''കല്പാന്ത നിദ്ര വരവായ്, കണ്‍കളെന്തിനിനി'' എന്ന വരികളെ പുതിയ വെളിച്ചത്തില്‍ ഇനി വായിക്കണം. യഥാര്‍ത്ഥത്തില്‍ അന്നേ അത് വായിക്കേണ്ടത് അതിന്റെ നേരര്‍ത്ഥങ്ങളിലായിരുന്നില്ല. കാരണം, ആ കവിത അവസാനിക്കുന്നത് സ്വര്‍ഗ്ഗത്തിലേക്കുയരുവാന്‍ നില്‍ക്കുന്ന രാമന്‍ ഭൂമിയോട് ''വൈകാതെ നിന്നുദരവീര്യം പകര്‍ന്നു മമ വൈദേഹിയെത്തരിക'' എന്നു കേണുകൊണ്ടാണ്. ദര്‍ശനങ്ങളുടെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ദശകങ്ങളില്‍ കവിതയെഴുതിയ ആളാണ് അയ്യപ്പപ്പണിക്കര്‍. ദര്‍ശനങ്ങളുടെ മഥനപ്രക്രിയ പണിക്കര്‍ കവിതയുടെ ആഴങ്ങളിലുണ്ട്. പലപ്പോഴും തെറ്റായി വായിക്കപ്പെടുകയും അവതരിപ്പിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു അയ്യപ്പപ്പണിക്കര്‍. അത്തരം വായനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും നേര്‍ക്ക്, ഒന്ന് കണ്ണിറുക്കി പുഞ്ചിരിച്ച് എങ്ങോട്ടോ നോക്കി നിന്നിട്ടുണ്ടാവും, അയ്യപ്പപ്പണിക്കര്‍.

അയ്യപ്പപ്പണിക്കർ ഒരു സൗ​ഹൃദ കൂട്ടായ്മയിൽ
അയ്യപ്പപ്പണിക്കർ ഒരു സൗ​ഹൃദ കൂട്ടായ്മയിൽ

***
അസാധാരണമായ വാക്ക് മിതത്വം, നിഗൂഢ ജീവിത വൈരുദ്ധ്യഘടനകള്‍, കാലത്തിലേക്ക് ഉടല്‍ മനങ്ങള്‍ ചൂഴ്ന്നുള്ള നിലകള്‍, രാഷ്ട്രീയ സൂക്ഷ്മതകള്‍, കൃത്യതകള്‍ എന്നിങ്ങനെയൊക്കെ അയ്യപ്പപ്പണിക്കരുടെ സമകാലീനമായ കവിനിലകളെ വായിക്കുവാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍, അയ്യപ്പപ്പണിക്കരില്‍ ഈ വിധം കാവ്യഭാവുകത്വ നിര്‍ദ്ധാരണങ്ങള്‍ എളുപ്പമല്ല.

കിഷ്‌കിന്ധ
കിഷ്‌കിന്ധ
കിശു കിശു
കിഷ്‌കിന്ധ
കിഷ്‌കിന്ധ
ഉയി സുഗ്രീവ
ഉയി ഹനുമാന്‍
ഉയി കിഷ്‌കിന്ധ

എന്നിങ്ങനെ അയുക്തി തീവ്രതയില്‍നിന്നുകൊണ്ട് (എന്നാല്‍ ബാലിയും സുഗ്രീവനും നേര്‍ക്കുന്ന കളിയരങ്ങിലേക്ക്, പൊള്ളയായ രാഷ്ട്രീയ വെല്ലുവിളികളിലേക്ക് ഒക്കെ ഹാസ്യാത്മകമായി സംക്രമിക്കുന്ന) കവിതയെഴുതുമ്പോള്‍ തന്നെ

ഇക്കനല്‍ക്കട്ടയുരുക്കുന്നതാര്‍, മലയ്ക്ക-
പ്പുറമെന്ന് തിരക്കുന്നതിനിടക്കെത്ര
പൊടുന്നനെ,യെത്ര പതുക്കനെ-
യര്‍ക്കനുദിക്കുന്നു, പോയി മറയുന്നു
കത്തിവേഷത്തില്‍ തിരനോട്ടമായ്
ക്കരിങ്കട്ടിമേഘക്കേശഭാരവും ചാര്‍ത്തി
വന്നെത്തി നോക്കുന്ന കിഴക്കും പടിഞ്ഞാറു-
മൊത്തു കാണുന്ന സമുദ്രത്തിരകള്‍ തന്‍
മദ്ദളം ചേങ്കില ചെണ്ടതാളം ചേര്‍ന്നു
കൊട്ടിയാര്‍ക്കുന്ന പ്രപഞ്ചം നടിക്കുന്നു
നിത്യവുമോരോ വധവും വരണവും''

എന്ന് കളിയരങ്ങിന്റെ ദീപ്തഭാവങ്ങളില്‍ പ്രകൃതിനടനം കാണുന്ന, കാലസത്തകളും സത്യങ്ങളും കാണുന്ന പ്രഫുല്ല പദാവലി അദ്ദേഹത്തില്‍നിന്ന് സംഭവിക്കുന്നു. ഇതാണ്, ഇതാണ് പണിക്കര്‍ കവിത എന്നു പറയാന്‍ ശ്രമിക്കവേ, ഇതല്ല, ഇതല്ല എന്ന് കവി നമുക്ക് പിന്നില്‍നിന്ന് തെളിഞ്ഞൊന്ന് ചിരിക്കും. വാക്കിന്റെ പുറം-അകം സാദ്ധ്യതകള്‍ ഒരുപോലെ ഉപയോഗിക്കുന്ന കവിയാണ് അയ്യപ്പപ്പണിക്കര്‍. ചിലപ്പോള്‍ വാക്കിനുള്ളിലെ ഭാവത്തെ പിഴിഞ്ഞുകളയും. ചിലപ്പോള്‍ വാക്കില്‍ നവരസങ്ങളോടും ചിലപ്പോള്‍ അഷ്ടകലാശവും ചവിട്ടും.
*
''അയ്യപ്പപ്പണിക്കരോട്'' എന്നൊരു പുതിയ കവിതയില്‍ എന്താകും കവിതയെന്ന് അയ്യപ്പപ്പണിക്കര്‍ പറഞ്ഞേക്കാനിടയുള്ള ഒരു ഉത്തരം അല്ലെങ്കില്‍ ഒരു ചോദ്യം, അതുമല്ലെങ്കില്‍ ഒരു സന്ദേഹം എസ്. രാജലക്ഷ്മി എഴുതുന്നുണ്ട്: ''എന്റെയും നിന്റെയും നമ്മുടെയും അവരുടേയും ജീവിതമല്ലേ കവിത.'' 1974-ല്‍ അയ്യപ്പപ്പണിക്കരുടെ കൃതികള്‍ അവതരിപ്പിക്കവേ, എം.വി. ദേവന്‍ ഇങ്ങനെയെഴുതി. ''അവനവന്‍ മറ്റാളുകളാവാതെ, അവനവനാകുവാന്‍ ശ്രമിക്കുകയും അതിന് വഴിയൊരുക്കുന്ന സ്വപ്നങ്ങള്‍ തന്‍ കാന്തനാവാന്‍ വിടുകയും ചെയ്യുന്ന അസ്തിത്വത്തിന്റെ സാദ്ധ്യത എന്ന ഏക ബിന്ദുവിലാണ് കവി കണ്ണു നട്ടിരിക്കുന്നത്. പണിക്കരുടെ കവിതകളില്‍ ആധുനിക കവികളില്‍ പ്രായേണ കാണാത്ത പ്രത്യാശയുടെ തുടുപ്പിനുള്ള കാരണവും ഇതത്രേ. വ്യക്തിസത്തയിലുള്ള വിശ്വാസവും അതിന് ഉപോദ്ബലകമായ സ്വപ്നദര്‍ശന കൗതുകവും.'' രാജലക്ഷ്മിയുടെ കവിതയിലെ ആ ലളിതവാചകം ദേവന്റെ വാദത്തെ എതിരിടുന്നു. ആ പ്രത്യാശ, ആ അവനവന്‍ നിലയില്‍ നിന്നല്ല. ആ അവനവനെ അയ്യപ്പപ്പണിക്കര്‍ ഉള്ളിലേക്ക് രൂക്ഷമായി ഒന്നു നോക്കി ഇറക്കിവിട്ടതാണ്.

അയ്യപ്പപ്പണിക്കർ- പഴയ ചിത്രം
അയ്യപ്പപ്പണിക്കർ- പഴയ ചിത്രം

****
കവിതയെ സാമ്പ്രദായികമായ പ്രമേയ ഘടനകളില്‍നിന്ന്, കാവ്യലാവണ്യത്തിന്റെ മുഗ്ദ്ധ പരികല്പനകളില്‍നിന്ന്, ഭാവപരിസരങ്ങളില്‍നിന്ന് മുക്തമാക്കുവാനുള്ള വലിയൊരു ശ്രമം എന്‍.വി. കൃഷ്ണവാരിയര്‍ നടത്തിയിരുന്നു. ദേശീയ സ്വാതന്ത്ര്യസമരവും രണ്ടാം ലോകമഹായുദ്ധവും നവോത്ഥാന സന്ദേശങ്ങളും തുറന്നു തന്ന വിശാലതയില്‍ കവിത, വൈജ്ഞാനികമായ പിന്‍ബലത്തോടെ പുതിയ മേഖലകള്‍ തുറന്നു. യാഥാര്‍ത്ഥ്യവുമായുള്ള മുഖാമുഖങ്ങള്‍ക്ക് കവിതാഭാഷ ഉപയോഗിക്കപ്പെട്ടു.

''മനുജന്‍ നിര്‍മ്മിച്ചതാം പട്ടിണിക്കൊടും തീയ്യി-
ലനുവാസരം വെന്തു വെണ്ണീറാം ഒറീസ്സയും
വഴിവക്കിലേക്ക് വീഴും വറുതിശ്ശവങ്ങളെ
കഴുവും നായും കാര്‍ന്നു തിന്നീടും ബങ്കാളവും''
എന്നിങ്ങനെ കവിത അതിന്റെ പ്രമേയ ഭൂമികകളെ വിപുലമാക്കി. (എന്‍.വിയുടെ മഹാത്മാഗാന്ധി എന്ന കവിത)

ഹൂഗ്ലീ, നീ നദിയല്ല,
നീ സാഗരമാണ്
നീ കല്പാന്തമാണ്
നീ ഒഴുകുന്ന കുടിലുകളാണ്
പിടയുന്ന മൃഗങ്ങളാണ് (ഹൂഗ്ലി)
എന്ന് അയ്യപ്പപ്പണിക്കരും

''കാലം പഴയതാണ്
ചുടു വേനലാണ്
കലിയാണ്.'' (ബംഗാള്‍)
എന്ന് കെ.ജി.എസ്സും എഴുതി.

രാഷ്ട്രീയ ദിശാബോധങ്ങളും നൈതിക സമസ്യകളും കവിതയെ നവസാമൂഹികതയിലേക്ക് വിമുക്തമാകുകയാണ് ചെയ്തത്. അതിനെ 'വ്യക്തിസത്തയുടെ സരളദീപ്തി'യായി (എം.വി. ദേവന്‍) വായിക്കാന്‍ കഴിയുമോ?

''നാം പുണരും കിനാവിന്റെ
ദിവ്യനാഡിയില്‍ നാമുയിര്‍ക്കൊള്ളുക'' എന്നത് അവനവന്‍ അവനവനാകാനുള്ള ശ്രമമായി ചുരുക്കി വായിക്കുന്നതും അപകടകരമാണ്.

മൂകാംബികയെ കുറിച്ചെഴുതിയ കവിതയില്‍പോലും അയ്യപ്പപ്പണിക്കര്‍ എഴുതുന്നതു നോക്കൂ.
''തപ്തകാനന തരുക്കള്‍ വെട്ടി
ചുട്ടു ഭൂമികയെ വിഴുങ്ങുന്നജ്ഞത.
പൊട്ടി തൊണ്ട, വരളും നാവിന്മേല്‍
ഇറ്റു വീഴ്ത്തുക, പയസ്വിനീ ദുഗ്ദ്ധം.''

എന്നാണാ പ്രാര്‍ത്ഥന അതാകട്ടെ; അവനവനുവേണ്ടിയുള്ള പ്രാര്‍ത്ഥനയല്ല. സരള ഭാവദീപ്തമെന്ന് തോന്നാവുന്ന ഗോപികാദണ്ഡകത്തിലും ''ഒടുവില്‍ മനുവംശ നാശം വന്നു/ഭൂമിയിത് കരയുവാന്‍ കഴിയാതെ കരയുന്ന'' അവസ്ഥയിലെത്തുന്ന വിഭ്രാമകതകളും വിനാശദുഃഖങ്ങളും ദുര്‍വ്വിധികളും എഴുതുകയും ''മനുഷ്യന്റെ കണ്ണില്ലയെങ്കില്‍, മഴവില്ലിനെന്താണ് ഭംഗി ഹേ ഗോപികേ'' എന്ന് ചോദിക്കുകയും ചെയ്യുന്നു. അയ്യപ്പപ്പണിക്കരുടെ കവിതകളുടെ ശീര്‍ഷകങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാല്‍പോലും പ്രമേയ വൈവിധ്യം വേഗം തിരിച്ചറിയാന്‍ കഴിയും. കവിതയുടെ സാമ്പ്രദായിക സങ്കല്പമുഗ്ദ്ധതകള്‍ മുതല്‍, ഭാവസൂക്ഷ്മഗഹനതകളും 'അകവിത'യോളം പോന്ന അക്ഷരവിന്യാസങ്ങളും നര്‍മ്മസാന്ദ്രതയും അനുശീലിച്ച വിപുല കാവ്യഭാവുകത്വമാണ് അയ്യപ്പപ്പണിക്കരുടെ കവിതയുടെ വിഭിന്ന ഘടനകള്‍. സംസ്‌കൃതത്തിലെ ക്ലാസ്സിക് കാവ്യങ്ങളും സംഘകാല കവിതയുള്‍പ്പെടെ വിഭിന്നമായ ഭാരതീയ കാവ്യധാരകളെക്കുറിച്ചുള്ള അവബോധം, കവിതാ പരിണാമ ചരിത്രത്തെക്കുറിച്ചുള്ള ശരിയായ ധാരണ, വിശ്വകവിതയുമായുള്ള അടുപ്പം എന്നിങ്ങനെ വിപുലമായ കാവ്യസംസ്‌കാര വെളിച്ചം പണിക്കര്‍ കവിതയെ നിരന്തരമായ പരീക്ഷണാത്മകതയിലേക്കും വികാസത്തിലേക്കും നയിച്ചു. നാടോടിയും ക്ലാസ്സിക്കലുമായ നാട്യ-സംഗീത പദ്ധതികളെക്കുറിച്ചുള്ള ധാരണകള്‍, ചരിത്രാവബോധം, ഭാഷാപരമായ വിശേഷ ജ്ഞാനം, കവിതാഭാഷയിലെ അര്‍ത്ഥവിന്യാസ സംഘടനകളെക്കുറിച്ചുള്ള തികഞ്ഞ അവബോധം, ഭാഷയും സംസ്‌കാരവും തമ്മില്‍ പുലര്‍ത്തണം. ലയാത്മകതയെക്കുറിച്ചുള്ള സൂക്ഷ്മബോധം- ഇവയൊക്കെ ആ കവിതയെ ബഹുമുഖമാക്കി. ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാതിരുന്ന കാലത്ത് അയ്യപ്പപ്പണിക്കര്‍ ലോക കവിതകളുമായി സമ്പര്‍ക്കം പുലര്‍ത്തി. 1989-ലെ ഭോപ്പാല്‍ വിശ്വകവിതാ സമ്മേളനത്തില്‍ അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നു. ഒപ്പം പുതിയ കവിതയ്ക്ക്, തരുണ കവികള്‍ക്ക് പ്രേരണയായി. കവിതയിലെ ഈ പണിക്കര്‍ വഴി കുറേയൊക്കെ ഉള്ളില്‍ സൂക്ഷിച്ച്, ആ ഗോത്രവഴിയിലൂടെ കുറേയൊക്കെ നടന്നത് ഡി. വിനയചന്ദ്രനാണ്. വിനയചന്ദ്രന്‍ ആരുടെയെങ്കിലും മുന്നില്‍ അല്പമെങ്കിലും ഉള്‍വിറയാര്‍ന്നത് അയ്യപ്പപ്പണിക്കരുടെ മുന്നില്‍ മാത്രമാണ്. നാറാണത്ത് ഒരു ഭ്രാന്തന്‍ മാത്രമല്ല, ഭ്രാന്തന്‍ കിനാവു കാണുന്ന അയ്യപ്പപ്പണിക്കരുമുണ്ടെന്ന് വിനയചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു: ''നിന്റെ ഗോത്രത്തില്‍, നീ ആനന്ദവര്‍ദ്ധനന്‍'' എന്ന് അദ്ദേഹം അയ്യപ്പപ്പണിക്കരോട് പറഞ്ഞു. നീ ഇനിയും നദികളെക്കുറിച്ച് പാടുമെന്നും നദികള്‍ തിരിച്ചും പാടുമെന്നും പറഞ്ഞു. ദുഃഖത്തിന്റെ അഞ്ജനക്കണ്ണുകളെ കൈനോട്ടക്കാരന്‍ എന്നും ''അനാഥമായ ഹൃദയത്തിന്റെ രസവാസനകള്‍ക്ക് മിഴാവും വിളക്കും തെളിയിച്ചു''വെന്നും വിനയചന്ദ്രന്‍ കുറിക്കുന്നത്. അതിനാലൊക്കെത്തന്നെയാണ് അയ്യപ്പപ്പണിക്കരുടെ 'കണ്ണമ്മ'യും വിനയചന്ദ്രന്റെ 'കൂന്തച്ചേച്ചി'യും ഒന്നിച്ചു നടക്കുന്നത്.

‍‍ഡൽഹിയിൽ എം മുകു​ന്ദനും സുഹ‌ൃത്തുക്കൾക്കുമൊപ്പം
‍‍ഡൽഹിയിൽ എം മുകു​ന്ദനും സുഹ‌ൃത്തുക്കൾക്കുമൊപ്പം

****
തന്റെ ജീവിതം, ആറു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കുന്നതിനു തൊട്ടുമുന്‍പ് അയ്യപ്പപ്പണിക്കര്‍ ഗോത്രയാനം എഴുതി. അപ്പോഴേക്കും നാലു പതിറ്റാണ്ടുകളുടെ, വൃഥാ മുദ്രിതമായ എഴുത്ത്-ജീവിത യാത്രകളിലൂടെ അദ്ദേഹം കടന്നുപോയിരുന്നു. തന്റെ ജീവിതത്തെ, ഉള്ളിലെ വൃഥാ ലോകങ്ങളെ, പരിണാമിയായ കാലത്തെ, മനുഷ്യജീവിത ഗതിവിഗതികളെ, പ്രപഞ്ചവിസ്മയലീലകളെ ശാന്തവും ധ്യാനാത്മകവുമായ മുഖാമുഖത്തിലൂടെ നേരിട്ടുകൊണ്ട് ചില സത്യങ്ങളും ദര്‍ശനവും സ്വരൂപിക്കാനാണ് അദ്ദേഹം ഗോത്രയാനത്തില്‍ ശ്രമിച്ചത്. ആരണ്യ മദ്ധ്യാസരോവരം പോലെ ഒരു കാവ്യം. എപ്പോഴും തന്നിലെ തന്നെ ദൂരെ പിടിച്ചുനിര്‍ത്തുന്ന അയ്യപ്പപ്പണിക്കര്‍ ഈ കവിത ചൊല്ലുന്ന പല സദസ്സുകളിലും, ഗൃഹസദസ്സുകളിലുള്‍പ്പെടെ സാന്നിദ്ധ്യമായി. കേരളത്തില്‍  പല സ്ഥലങ്ങളിലും ഗോത്രയാന വായനകള്‍ നടന്നു. മരണാസന്നനായ സുഹൃത്തിന്റെ ശയ്യക്കരികിലിരുന്ന് ഗോത്രയാനത്തിലെ വരികള്‍ ചൊല്ലി. ''മനുഷ്യന്‍ ജീവിതത്തിലൂടെയും ജീവിതം കാലത്തിലൂടെയും നടത്തുന്ന അനന്തയാത്രയുടെ വിവരണമായി ഗോത്രയാനത്തെ സങ്കല്പിക്കാം. ആത്മ പുനരുജ്ജീവനത്തിനുവേണ്ടിയുള്ള മനുഷ്യന്റെ പുറപ്പാടിന് അകമ്പടി നില്‍ക്കുന്ന മനസ്സിന്റെ വിശിഷ്ടാവസ്ഥയാണിത്'' എന്ന് കൃഷ്ണരായന്‍ ഗോത്രയാനത്തെ വിലയിരുത്തി. നിങ്ങള്‍ സൃഷ്ടിക്കുന്ന ഒരു വാക്കിന് എത്രയോ സംവത്സരങ്ങളുടെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കണമെന്ന റില്‍ക്കേയുടെ നിരീക്ഷണം ഇവിടെ സംഗതമാണ്. അനുഭവങ്ങളെ അനന്തകാല  സത്യങ്ങളായി പുനര്‍നവീകരിക്കുന്ന പ്രക്രിയ ഗോത്രയാനത്തിലുണ്ട്. ജീവിതം എന്ന യാഥാര്‍ത്ഥ്യത്തെ, മനുഷ്യന്‍ എന്ന സത്യത്തെ പ്രകൃതിയെന്ന സനാതനത്വത്തെ താനന്നുവരെ എഴുതിപ്പോന്നതില്‍നിന്ന് വ്യത്യസ്തമായി സമീപിക്കുവാന്‍ ഗോത്രയാനത്തില്‍ അദ്ദേഹം ശ്രമിച്ചു. ആര്‍ജ്ജിതമായ കാവ്യപാരമ്പര്യവും ചിന്താപാരമ്പര്യവും ജീവിതത്തിന്റെ കണ്ണാടിയിലേക്ക് പ്രതിഫലിപ്പിച്ചു. അന്വേഷണാത്മകമായ യാത്ര എന്നത്, അര്‍ത്ഥാന്വേഷണത്തിന്റെ രൂപകമായി മഹാഭാരതകാലം മുതല്‍ തന്നെ ഇവിടെ നിലനിന്നിരുന്നുവല്ലോ. സംസ്‌കാരത്തിന്റെ മഹാ തടങ്ങള്‍, ഈ രചനയില്‍ അയ്യപ്പപ്പണിക്കരോട് ചേര്‍ന്നുനിന്നു. ബുദ്ധനും സൂഫിചര്യയും ക്രിസ്തുവും ഗാന്ധിയുമൊക്കെ ഗോത്രയാനത്തിന്റെ ആന്തരിക ധാരയിലുണ്ട്. അതിനാലാണ് 

അമ്പേറ്റു പിടയുമ്പോള്‍ നാം 
അന്‍പിനാലലിവാര്‍ന്നിടും
നമ്മെ എയ്തിട്ട വേടനും
നന്മ നേരാന്‍ മറന്നിടാ
കവിതയുടെ, ആന്തരിക ശ്യാമ വനാന്തരത്തില്‍ വെളിച്ചം തേടി നടക്കുകയാണ് ഗോത്രയാന കവി.

അയ്യപ്പപ്പണിക്കരും ഭാര്യ ശ്രീപാർവതിയും
അയ്യപ്പപ്പണിക്കരും ഭാര്യ ശ്രീപാർവതിയും

****
'സപ്തതി' എന്നത് ശപ്തതിയുടെ അച്ചടിപ്പിശകാണെന്നു പറഞ്ഞ അയ്യപ്പപ്പണിക്കര്‍, നവതിയെ നോക്കി, അങ്ങിരുന്ന് എന്തു പറയുമോ ആവോ? എന്തായാലും നവമായ തീയുടെ വെളിച്ചത്തില്‍ അയ്യപ്പപ്പണിക്കരെ പുനര്‍വായിക്കേണ്ടതുണ്ട്. ഏതെങ്കിലും പുതുഭാവുകത്വത്തിന്റെ പ്രവാചക പദവിയാലല്ല, അദ്ദേഹത്തെ നിര്‍ണ്ണയിക്കേണ്ടത്. വെളിച്ചം തേടി, കവിതയുടെ മഹാദുഃഖപഥത്തില്‍ അയനം ചെയ്യുന്ന കവിയുടെ ഉള്‍ക്കാഴ്ചകളില്‍, തൊട്ടു നില്‍ക്കുകയാണ് വേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com