'ജനം അരക്ഷിതാവസ്ഥയും അവഗണനയും ഏറ്റുവാങ്ങുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല'

കൊവിഡിനെ രാജ്യം നേരിട്ടത് എങ്ങനെയാണ്? സാമ്പത്തികമേഖല എന്ന് പൂര്‍വ്വസ്ഥിതിയിലാകും? നയതന്ത്രതലത്തിലെ വീഴ്ചയാണോ ചൈനയയുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം?
പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊവിഡ്, ചൈന, സാമ്പത്തികം... ഇഴചേര്‍ന്നുകിടക്കുന്ന ഈ മൂന്നു പ്രതിസന്ധികള്‍ വരാനിരിക്കുന്ന നാളുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഭരണനേതൃത്വത്തിന്റെ അഭാവമാണ് ഈ ആപല്‍സന്ധികളെല്ലാം പ്രാഥമികമായി പ്രകടമാക്കിയത്. അധീശത്വവും അധീശത്വത്തെ സംരക്ഷിക്കാനുള്ള വഴിയൊരുക്കലും മാത്രമായി ഭരണകൂടത്തിന്റെ 'വെല്ലുവിളി'കള്‍ പരിണമിച്ചു. ജനാധിപത്യത്തിന്റെ തുടര്‍ച്ചയായി അവഗണിക്കപ്പെട്ടപ്പോള്‍ സമഗ്രാധിപത്യത്തിന്റെ രാഷ്ട്രീയം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. ദേശീയസുരക്ഷയും സമ്പദ്വ്യവസ്ഥയും ഏറ്റവും മോശമായ അവസ്ഥയില്‍ ഭരിക്കാന്‍ ഒരു രാജ്യമുണ്ട് എന്നതിലൊതുങ്ങുന്നു ഭരണാധികാരിയുടെ ആശ്വാസം.

ഈ വര്‍ഷം ആദ്യംമുതല്‍ തുടങ്ങിയതാണ് കൊറോണ പ്രതിസന്ധി. സമ്പദ്വ്യവസ്ഥയിലെ പ്രശ്നങ്ങളാകട്ടെ, നാലു വര്‍ഷം മുന്‍പും. രാജ്യാതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ തുടങ്ങിയിട്ട് നാലു മാസം പിന്നിടുന്നു. ഈ മൂന്നു പ്രതിസന്ധികളുടേയും ഭാവപരിണതിയില്‍ ഭരണവര്‍ഗ്ഗങ്ങളുടെ മൂല്യരാഹിത്യം കൂടി വെളിവാക്കുന്നു. കൊവിഡ്-സാമ്പത്തിക പ്രതിസന്ധികള്‍ സ്വയംവരുത്തിയതാണെങ്കില്‍ ചൈന നല്‍കിയ കുത്ത് സര്‍ക്കാരിന്റെ രാഷ്ട്രീയ അധീശത്വത്തിനും അഹന്തയ്ക്കുമുള്ള മറുപടിയായിരുന്നു. കൊറോണയെ കീഴടക്കുമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി 21 ദിവസത്തെ മഹാഭാരതയുദ്ധമാണ് പ്രഖ്യാപിച്ചത്. പക്ഷേ, 21 ദിവസംകൊണ്ട് പ്രതീക്ഷിച്ചതുപോലെ കൊവിഡ് യുദ്ധം നമ്മള്‍ ജയിച്ചില്ല. അത് ഇപ്പോഴും തുടരേണ്ടിവരുന്നു. ഇനി എത്രകാലം ഇങ്ങനെ വേണ്ടിവരും? ആര്‍ക്കും നിശ്ചയവുമില്ല?

അഞ്ചുതവണ രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷമായിരുന്നു മാര്‍ച്ച് 19-ന് ജനതാ കര്‍ഫ്യൂ പ്രഖ്യാപനം. മാര്‍ച്ച് 24-ന് ഇടിത്തീ വീഴുംപോലെ 21 ദിവസത്തെ ഒന്നാം ഘട്ട ലോക്ഡൗണ്‍. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളോട് വെറും നാല് മണിക്കൂര്‍ മാത്രം സമയം  നല്‍കി വീടുകളിലേയ്ക്ക് ഒതുങ്ങാന്‍ ശാസിച്ചു. അതിന് കഴിയാത്തവരോട് നിങ്ങള്‍ എവിടെയാണ് അവിടെത്തന്നെ ലക്ഷ്മണരേഖ വരയ്ക്കൂ എന്ന് നിഷ്‌കര്‍ഷിച്ചു. രാജ്യം പ്രധാനമന്ത്രിയെ കേട്ടു. അനുസരിച്ചു. ആ അനുസരണയെ അദ്ദേഹം തന്നെ അഭിനന്ദിച്ചു. അതിലൂടെ ഇന്ത്യ ലോകത്തിന് മാതൃകയാകുന്നു എന്ന് ഉദ്‌ഘോഷിച്ചു. എന്നാല്‍, വിഭജനത്തിനു ശേഷമുള്ള ഏറ്റവും വലിയ പലായനമാണ് തെരുവുകളിലുണ്ടായത്. വിണ്ടുകീറിയ കാലുകളുമായി നടന്ന് തളര്‍ന്ന മനുഷ്യര്‍ വഴികളില്‍ വീണുമരിച്ചു. ഇതൊന്നും കാണാതെ, ലൈറ്റണച്ച് ഒമ്പതു മിനിറ്റ് നേരം ചെറുദീപം തെളിയിക്കാനായിരുന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. പിന്നെ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ പ്രഖ്യാപനം. അതും പതിവുവാക്കുകളില്‍ മാത്രമൊതുങ്ങി. 

ടെലിവിഷന്‍ ആഹ്വാനങ്ങളും മാന്‍കി ബാത്തുകളും അതിലേറെ ഫലപ്രദമെന്ന് പ്രധാനമന്ത്രി കണക്കാക്കുന്നുണ്ടാകാം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമോ പരാജയമോ എന്നതാണ് പ്രധാനം. കൊവിഡിനെ രാജ്യം നേരിട്ടത് എങ്ങനെയാണ്? ഒമ്പതുമാസം പിന്നിടുമ്പോള്‍ 48 ലക്ഷം പേരാണ് രോഗികള്‍. കൊവിഡ് കേസുകളില്‍ ലോകത്ത് രണ്ടാം സ്ഥാനത്തും മരണനിരക്കില്‍ മൂന്നാം സ്ഥാനത്തുമാണ് ഇപ്പോള്‍ ഇന്ത്യ. ലോക്ഡൗണ്‍ അല്ല, പരിശോധനയാണ് പ്രതിരോധ മാര്‍ഗ്ഗം എന്ന് ലോകാരോഗ്യ സംഘടന ഉപദേശിച്ചപ്പോള്‍, ലോക്ഡൗണ്‍ പ്രഖ്യാപനങ്ങളില്‍ രഹസ്യാത്മകതയും അതിനാടകീയതയും സൃഷ്ടിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. പരിശോധനാ കിറ്റുകള്‍ ഉറപ്പാക്കുന്നതിനേക്കാള്‍ വ്യഗ്രത മതം പറഞ്ഞ് മനുഷ്യരെ രോഗവാഹകരെന്ന് കുറ്റപ്പെടുത്തുന്നതിലായിരുന്നു. രക്ഷിക്കാനിറങ്ങിയ ആരോഗ്യപ്രവര്‍ത്തകരെ പൊതിരെ തല്ലി. നമസ്‌തെയുടെ ഭാരതീയ മഹിമ സ്ഥാപിച്ച് സാമൂഹിക അകലം പാലിക്കാന്‍ പ്രേരിപ്പിക്കുന്നതിലായിരുന്നു പിന്നെ ശ്രദ്ധ. ഗോമൂത്രമരുന്നും വാക്സിന്‍ പ്രഖ്യാപനവുമടക്കം അസംബന്ധങ്ങളുടെ നിര ഇപ്പോഴും അവസാനിച്ചിട്ടില്ല. 

ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് 2020 ജനുവരി 30-ന് കേരളത്തിലായിരുന്നു. കൊവിഡ് രാജ്യത്താകമാനം വ്യാപിച്ച മാര്‍ച്ചില്‍ മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള തത്രപ്പാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. ഇടവേളകളിലെ ഇളവുകള്‍ വന്നപ്പോള്‍ കൊവിഡിനൊപ്പം ജീവിക്കുക എന്നതിലേക്ക് ജനം സമരസപ്പെട്ടു. രോഗമായിരുന്നില്ല അവര്‍ക്ക് പ്രശ്നം, ജോലിയും പട്ടിണിയുമായിരുന്നു. പാത്രം കൊട്ടിയും ദീപങ്ങളുമണച്ച ജനം പ്രധാനമന്ത്രിയുടെ പ്രസക്തമല്ലാത്ത പ്രസ്താവനകളുമായി പൊരുത്തപ്പെടേണ്ടിവന്നു. സാമ്പത്തികമേഖല തകര്‍ന്നതിന്റെ ഉത്തരവാദിത്വം കൊവിഡിനു മേല്‍ കെട്ടിവയ്ക്കാനായിരുന്നു പിന്നീടുള്ള ശ്രമങ്ങള്‍. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014 മുതല്‍ നടത്തിയ പരിഷ്‌കരണങ്ങളായിരുന്നു സമ്പദ്വ്യവസ്ഥയെ ഇന്നത്തെ നിലയിലെത്തിച്ചത്. നോട്ടുനിരോധനവും ജി.എസ്.ടിയും തലതിരിഞ്ഞ പരിഷ്‌കാരങ്ങളായപ്പോള്‍ അഞ്ചു ട്രില്യണ്‍ ഇക്കണോമിയായിരുന്നു അടുത്ത വാഗ്ദാനം.

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനം അഥവാ ജി.ഡി.പി, 2020-'21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 24 ശതമാനമാണ് ഇടിഞ്ഞത്. ഉപഭോക്തൃ ചെലവും സ്വകാര്യ നിക്ഷേപവും കയറ്റുമതിയും തുടങ്ങി സര്‍വ്വ മേഖലകളും തിരിച്ചടി നേരിട്ടു. കൊവിഡിനെ തുടര്‍ന്നുള്ള അടച്ചുപൂട്ടലിന്റെ മൂര്‍ദ്ധന്യത്തിലാണ് ഏപ്രില്‍-ജൂണ്‍ ത്രൈമാസം കടന്നു പോയതെന്നും അടച്ചുപൂട്ടല്‍ ഏതാണ്ട് അവസാനിച്ചതോടെ സാമ്പത്തിക മേഖലയിലെ സ്ഥിതിഗതികള്‍ ഗുണപരമായി മെച്ചപ്പെടും എന്നാണ് ഔദ്യോ ഗിക വക്താക്കളുടെ വിശദീകരണം. വി ടൈപ്പ് തിരിച്ചുവരവുണ്ടാകുമെന്ന  വിശദീകരണം വിശ്വസിക്കാന്‍ തരമില്ല.  ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ജി.ഡി.പി 10 ശതമാനം താഴേക്കു പോകുമെന്നാണ് റോയിട്ടേഴ്സിന്റെ വിലയിരുത്തല്‍. അങ്ങനെയാണെങ്കില്‍ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയാവും അത്.

ഈ വീഴ്ചയുടെ ആഘാതം നേരത്തേ തിരിച്ചറിയുന്നതുകൊണ്ടാവണം ദൈവത്തിന്റെ കൈപ്പിഴയെന്ന പരാമര്‍ശം ധനമന്ത്രിയില്‍നിന്നുണ്ടായത്. ചരക്കു-സേവന നികുതി കൗണ്‍സിലിന്റെ 41-ാമതു യോഗത്തിലാണ് ധനമന്ത്രി ദൈവദോഷത്തെപ്പറ്റി വാചാലയായത്. പ്രവൃത്തികൊണ്ടുണ്ടായ പിഴവുകള്‍ക്ക് ദൈവത്തിനുമേല്‍ പഴിചാരി മറികടക്കാന്‍ കഴിഞ്ഞേയ്ക്കും. പക്ഷേ, ദാരിദ്ര്യവും രോഗവും വറുതികളും ഇല്ലായ്മകളും അനുഭവിച്ചുവരുന്ന സാധാരണക്കാരുടെ ജീവിതം അതിദയനീയമായി മാറുമെന്നു ചുരുക്കം. ജി.ഡി.പിയിലെ വളര്‍ച്ചയുടെ ഗുണഭോക്താക്കളായില്ലെങ്കിലും അതിന്റെ കഷ്ടത നേരിട്ട് സാധാരണക്കാര്‍ അനുഭവിക്കേണ്ടി വരും.

ചൈനയും തര്‍ക്കവും 

2014-ല്‍ ആദ്യമായി അധികാരത്തിലെത്തിയപ്പോള്‍ വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തില്‍ വലിയ താല്പര്യമാണ് അദ്ദേഹം കാണിച്ചത്. 55 മാസങ്ങള്‍ക്കിടെ 92 രാജ്യങ്ങളിലേയ്ക്കാണ് അദ്ദേഹം പോയത്. എല്ലാം ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പുരോഗതി പ്രകടിപ്പിക്കാനായിരുന്നു. മോദി വരുന്നതിനു മുന്‍പ് ലോകത്തിന് നമ്മളോട് ബഹുമാനമുണ്ടായിരുന്നില്ല എന്ന മട്ടിലായിരുന്നു കാര്യങ്ങള്‍. തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ വേണ്ടിയുള്ള ബ്രാന്‍ഡിങ്ങിനു വേണ്ടിയായിരുന്നു ആ പ്രചരണം. എന്നാല്‍, ആറുവര്‍ഷങ്ങള്‍ക്കിപ്പുറം ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ഇതിനു വലിയ വില നല്‍കേണ്ടി വന്നു.
 
2014 മുതല്‍ രാഷ്ട്രത്തെ ചേര്‍ത്താണ് മോദി പദ്ധതികള്‍ രൂപപ്പെടുത്തിയത്. മുദ്രാവാക്യങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ പോലും അതുണ്ടായിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്വച്ഛഭാരത്, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ അങ്ങനെ പോകുന്നു ഈ പദ്ധതികളുടെ വിവരങ്ങള്‍. മോദി ആദ്യം, രാജ്യം പിന്നെ എന്നതായിരുന്നു ഈ പദ്ധതികളുടെ അവതരണശൈലിയും. സാമ്പത്തിക താല്പര്യങ്ങള്‍ കണക്കിലെടുത്ത് ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ പദ്ധതികള്‍ക്ക് പിന്തുണയും നല്‍കി. 2014-നു ശേഷം പതിനെട്ട് തവണയാണ് മോദിയും സി ജിന്‍പിങ്ങും ചര്‍ച്ച നടത്തുന്നത്. അഹമ്മദാബാദില്‍, വുഹാനില്‍, മഹാബലിപുരത്ത് എന്നിങ്ങനെ കൊട്ടിഘോഷിക്കപ്പെട്ട ഉച്ചകോടികള്‍ നടന്നു. അഞ്ചുതവണയാണ് മോദി ചൈന സന്ദര്‍ശിച്ചത്. എന്നാല്‍ ചൈന മോദിയുടെ ദൗര്‍ബ്ബല്യങ്ങളെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നത് പിന്നീട് ബോധ്യപ്പെട്ടു.

ഒരു പരിധിവരെ അമിത്ഷായുടെ അതിരുകടന്ന പ്രസ്താവനയാണ് ചൈനീസ് പ്രശ്നം വഷളാക്കിയതെന്ന വാദമുണ്ട്. അക്സായ് ചിന്‍ ചൈനയില്‍നിന്ന് തിരിച്ചുപിടിക്കുമെന്ന് അമിത്ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗമാണ് ചൈനയെ പ്രകോപിപ്പിച്ചത്. മഞ്ഞുമരുഭൂമിയായ അക്സായ് ചിന്‍ ചൈനയെ സംബന്ധിച്ചിടത്തോളം സൈനികതന്ത്രപരമായും സാമ്പത്തികപരമായും പരമപ്രധാനമാണ്. 1962-ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത ചില ഭാഗങ്ങളില്‍നിന്ന് ചൈന പിന്‍വാങ്ങിയെങ്കിലും അക്സായ് ചിന്‍ ഉപേക്ഷിച്ചില്ല. അക്സായ് ചിന്‍ പിടിച്ചെടുക്കുമെന്ന് അമിത്ഷാ ആഹ്വാനം നടത്തിയെങ്കിലും ഗാല്‍വന്‍ താഴ്വര പിടിച്ചെടുക്കുമെന്ന് സി ജിന്‍പിങ് പകരപ്രഖ്യാപനം നടത്തിയില്ല. അതാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള അന്തരം. 

അണികളെ തൃപ്തിപ്പെടുത്താന്‍ നടത്തിയ ഈ പ്രസ്താവന ചൈന കാര്യമായിട്ടെടുക്കുമെന്ന് ഷായും ഒരുപക്ഷേ, കരുതിക്കാണില്ല. പക്ഷേ, നിര്‍ദ്ദോഷമല്ലാത്ത ഒരു പ്രസ്താവനയുടെ പേരിലാണ് ഇപ്പോഴത്തെ പ്രതിസന്ധി സംജാതമായത്. തെക്കനേഷ്യയിലെ ചൈനീസ് വിപുലീകരണത്തിന് ഇപ്പോഴത്തെ നീക്കങ്ങള്‍ തടസ്സമായിട്ടില്ല. എന്നാല്‍, പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇന്ത്യയ്ക്കു തന്നെയാണ് വിനയായത്. ചൈനീസ് കൂട്ടുകെട്ടില്‍നിന്ന് ഒറ്റപ്പെട്ടത് ഇപ്പോള്‍ ഇന്ത്യയാണ്. നേപ്പാളും ബംഗ്ലാദേശും നയപരാജയത്തിന്റെ ഉദാഹരണങ്ങളാണ്. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിലാണ് ജയിക്കാനായി ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഇന്ത്യയിലേയ്ക്ക് കടക്കുന്നുവെന്ന് പ്രസംഗിച്ചത്. അതോടെ ആ നയതന്ത്രബന്ധവും വഷളായി. ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപട പരിഷ്‌കാരം നടത്തിയാണ് നേപ്പാള്‍ ഞെട്ടിച്ചത്. 372 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രദേശം ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് നേപ്പാള്‍ ഉള്‍പ്പെടുത്തിയത്. 

ലഡാക്കിലേക്ക് നീങ്ങുന്ന ഇന്ത്യൻ സൈന്യത്തിന്റെ വാഹന വ്യൂഹം
ലഡാക്കിലേക്ക് നീങ്ങുന്ന ഇന്ത്യൻ സൈന്യത്തിന്റെ വാഹന വ്യൂഹം

ചുരുക്കിപ്പറഞ്ഞാല്‍ അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെട്ടതല്ല. ചൈനയുടെ നീക്കത്തിനെതിരെ രാജ്യാന്തരതലത്തില്‍ ഇന്ത്യയ്ക്ക് വലിയൊരു പിന്തുണ ആര്‍ജ്ജിക്കാനുമായില്ല. ഒട്ടും പ്രായോഗികമല്ലാത്ത നിലപാടാണ് മോദിയുടെ ഏറ്റവും അടുപ്പക്കാരനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്വീകരിച്ചത്. ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. 20 സൈനികര്‍ കൊല്ലപ്പെട്ട ഗാല്‍വന്‍ സംഭവത്തില്‍പോലും കരുതലോടെയാണ് വിദേശരാജ്യങ്ങള്‍ പ്രതികരിച്ചത്. അക്രമം ഒന്നിനും പരിഹാരമല്ലെന്നും നിലവില്‍ അവസ്ഥ തുടരണമെന്നുമാണ് ഫ്രാന്‍സും ജപ്പാനും ഓസ്ട്രേലിയയും ആസിയന്‍ കൂട്ടായ്മയുമൊക്കെ പ്രതികരിച്ചത്. പക്ഷേ, ബി.ജെ.പി അത് ഇന്ത്യയ്ക്കുള്ള പിന്തുണയാണെന്ന് വ്യാഖ്യാനിക്കുകയായിരുന്നു. കൊവിഡ് മഹാമാരിയുടേയും ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങിയത്. ഉത്തരങ്ങളും നിലപാടുകളും പറയേണ്ടിവരുമെന്നതിനാലാകണം ചോദ്യോത്തരവേള റദ്ദാക്കി. ശൂന്യവേള അരമണിക്കൂര്‍ മാത്രമായി ചുരുക്കി. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ പരാജയം, ഇന്ത്യാ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം, അതിരൂക്ഷമാകുന്ന സാമ്പത്തിക പ്രതിസന്ധി, ലോക്ഡൗണ്‍ തൊഴിലില്ലായ്മ ഒരിക്കലുമില്ലാത്തവിധം കുതിച്ചുകയറിയത്, പ്രതിപക്ഷ നേതാക്കള്‍ക്കും പൗരാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സ്വീകരിക്കുന്ന അടിച്ചമര്‍ത്തല്‍ നടപടികള്‍ എന്നിങ്ങനെ തീവ്ര വിഷയങ്ങള്‍ ഏറെയുണ്ടായ സാഹചര്യത്തിലായിരുന്നു ഈ നടപടി. സഭ ചേരുന്ന 18 ദിവസം 18 ബില്ലുകള്‍ പാസ്സാക്കാനാണ് തീരുമാനം. ഇവയൊന്നും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടില്ല.
 
ഓര്‍ഡിനന്‍സ് രാജിന് സമാനമായി ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസ്സാക്കാനും മറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെ പാര്‍ലമെന്റിനേയും രാഷ്ട്രീയവല്‍ക്കരിക്കാനും ഉപയോഗപ്പെടുത്താനുമാണ് മോദിയുടെ ശ്രമം. സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മാധ്യമങ്ങളെ കണ്ട മോദി പറഞ്ഞത് സൈനികര്‍ക്കൊപ്പം രാജ്യമുണ്ടെന്ന സന്ദേശം നല്‍കാന്‍ പാര്‍ലമെന്റ് സമ്മേളനത്തിലൂടെ കഴിയുമെന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com