അവസാന ലാപ്പില്‍ ഇരട്ടച്ചങ്കല്ല, ഇരട്ട വോട്ടാണ് ചര്‍ച്ച
By അരവിന്ദ് ഗോപിനാഥ് | Published: 01st April 2021 03:13 PM |
Last Updated: 01st April 2021 03:14 PM | A+A A- |

വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പാണ് അവസാന ലാപ്പിലെ നിര്‍ണ്ണായക സംഭവം. ഉദുമയില്‍ ഒരു വോട്ടര്‍ക്ക് അഞ്ച് കാര്‍ഡുകളുണ്ടെന്ന് വെളിപ്പെടുത്തിയത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. താന്‍ കോണ്‍ഗ്രസ്സുകാരിയാണെന്ന ആ വോട്ടറിന്റെ വെളിപ്പെടുത്തല്‍ പിന്നാലെ. മുഖ്യമന്ത്രിയും സി.പി.എമ്മും പ്രതിപക്ഷത്തെ അടിച്ചിരുത്താന്‍ ഇത് ഉപയോഗിക്കുകയും ചെയ്തു.
എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് പിന്നീട് സ്ഥിരീകരിച്ചു. ഇത്തരത്തില്‍ ആയിരക്കണക്കിന് വോട്ടുകളാണുള്ളതെന്ന് പറഞ്ഞ ടിക്കാറാം മീണ ഇത്രയും കാലം രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉറങ്ങുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇരട്ടവോട്ടുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു.
പ്രചരണവേദികളില്‍ പിണറായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സി.പി.എം വിഷയമാക്കുമ്പോള്‍ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് യു.ഡി.എഫ് വിഷയമാക്കുന്നു. ഇരട്ടവോട്ടിന്റെ ഉത്തരവാദിത്വം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് മാത്രമാണെന്നാണ് ഇടതുമുന്നണിയുടെ നിലപാട്.
എന്നാല്‍, പ്രതിപക്ഷം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് സി.പി.എമ്മിനെയാണ്. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വോട്ടര്‍ പട്ടികയില്‍ ഇത്തരത്തില്‍ 4.34 ലക്ഷം വോട്ടുകളുണ്ടെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചിരിക്കുന്നത്. ഇതില്‍ 3,24,441 ഇരട്ട വ്യാജവോട്ടുകളും 1,09,601 വ്യാജവോട്ടുകളുമുണ്ടെന്ന് പ്രതിപക്ഷനേതാവ് പറയുന്നു. സാങ്കേതിക പിഴവുകളാണ് പ്രധാന കാരണമെന്ന ടിക്കാറാം മീണയുടെ വിശദീകരണം മുഖവിലക്കെടുക്കാന്‍ പ്രതിപക്ഷം ഇനിയും തയ്യാറായിട്ടില്ല.
എല്ലാ പാര്‍ട്ടികളേയും ബാധിക്കുന്ന വിഷയമായിട്ടും അതൊരു രാഷ്ട്രീയ ആയുധമാക്കാനാണ് സി.പി.എം ശ്രമിച്ചത്. വന്ന തെളിവുകളെല്ലാം കോണ്‍ഗ്രസ്സിന് എതിരാണെന്നും മറ്റൊരു പാര്‍ട്ടിയും കള്ളവോട്ട് ചേര്‍ക്കാന്‍ ശ്രമിച്ചതായി അറിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.