അന്വേഷണം 'ജുഡീഷ്യല്‍'; അവസാന ലാപ്പിലെ വഴിത്തിരിവ്

വികസനം തടസപ്പെടുത്തുന്നുവെന്നതിന്റെ പേരില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതാണ് അവസാന ലാപ്പിലെ വഴിത്തിരിവ്
അന്വേഷണം 'ജുഡീഷ്യല്‍'; അവസാന ലാപ്പിലെ വഴിത്തിരിവ്

വികസനം തടസപ്പെടുത്തുന്നുവെന്നതിന്റെ പേരില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതാണ് അവസാന ലാപ്പിലെ വഴിത്തിരിവ്. ഹൈക്കോടതി റിട്ട. ജഡ്ജി കെ.വി. മോഹനനാണ് കമ്മിഷന്‍. ആറുമാസമാണ് കാലാവധി. 

ഇതൊരു പ്രചരണവിഷയമായിത്തന്നെ ഇടതുമുന്നണി ഏറ്റെടുത്തിട്ടുമുണ്ട്. ഈ ഏജന്‍സികള്‍ ഡോളര്‍, സ്വര്‍ണ്ണക്കടത്ത് അന്വേഷണങ്ങള്‍ വഴിതിരിച്ചുവിടുന്നുവെന്നാണ് സി.പി.എമ്മിന്റെ ആരോപണം. നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങി അഞ്ചു കാര്യങ്ങളാണ് കമ്മിഷന്റെ പരിഗണനയില്‍പ്പെടുക. സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികള്‍ക്കുമേലുള്ള സമ്മര്‍ദ്ദം, അതിനു പിന്നില്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങളും കമ്മിഷന്‍ പരിഗണിക്കും. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യും. 

നേരത്തേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയ ഉദ്യോഗസ്ഥയുടെ മൊഴി മജിസ്‌ട്രേട്ടിനു മുന്‍പാകെ രേഖപ്പെടുത്തി തെളിവുനിയമപ്രകാരം കേസ് ശക്തമാക്കാന്‍ ക്രൈംബ്രാഞ്ചിന് നിയമോപദേശവും കിട്ടിയിട്ടുണ്ട്. 

അതേസമയം കസ്റ്റംസ്, ഇ.ഡി, ആദായനികുതി വകുപ്പ് എന്നിവയ്‌ക്കെതിരേയുള്ള ഈ നീക്കം എത്രമാത്രം സാധുതയുണ്ടെന്ന സംശയം നിലനില്‍ക്കുന്നു. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കേന്ദ്രം സംസ്ഥാനത്തെ ആക്രമിക്കുന്നുവെന്ന സി.പി.എമ്മിന്റെ വാദത്തിനു ബലം നല്‍കാനുള്ള രാഷ്ട്രീയ നീക്കമാണ് ഇതെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com