അവസാന ലാപ്പിൽ ആയുധമാകുന്നു; അരിയും ചില 'അന്നംമുടക്കികളും'
By അരവിന്ദ് ഗോപിനാഥ് | Published: 02nd April 2021 03:08 PM |
Last Updated: 02nd April 2021 03:08 PM | A+A A- |

അന്നംമുടക്കികൾ എന്ന പദമാണ് ഇരുമുന്നണികളും അവസാന ലാപ്പിൽ ആക്രമണപ്രത്യാക്രമണത്തിന് ആയുധമാക്കിയത്. സ്‌കൂൾ കുട്ടികൾ വഴി 25 കിലോ വരെ അരി വീടുകളിലെത്തിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഉച്ചക്കഞ്ഞി അലവൻസായി കഴിഞ്ഞ ഏഴു മാസം വിതരണം ചെയ്യാതിരുന്ന അരി ഒരുമിച്ച് വിതരണം ചെയ്യാൻ തീരുമാനിച്ചതാണ് വിവാദമായത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായതിനാൽ വോട്ട് സ്വാധീനിക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, അദ്ധ്യയന വർഷം തീരുന്ന മാർച്ച് 31-നു മുൻപു തന്നെ അരി കൊടുത്തു തീർക്കേണ്ടതുകൊണ്ടാണ് ഇപ്പോൾ വിതരണം നടത്തുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ മറുപടി. ഇതിനു പുറമേ വെള്ള, നീല റേഷൻ കാർഡുകാർക്ക് സ്പെഷ്യൽ അരി നൽകുന്നത് തെരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു. അതും പ്രതിപക്ഷത്തിന്റെ ഇടപെടൽ കാരണം. ഒടുവിൽ സർക്കാരിന് കോടതിയെ ആശ്രയിക്കേണ്ടി വന്നു.
15 രൂപ നിരക്കിൽ 10 കിലോ അരി നൽകാനായിരുന്നു ഭക്ഷ്യവകുപ്പിന്റെ നീക്കം. ഒപ്പം വിഷുക്കിറ്റിന്റെ വിതരണവും നീട്ടി. മാർച്ച് അവസാനത്തോടെ കിറ്റ് വിതരണം പൂർത്തിയാക്കാനിരുന്ന സർക്കാരിനോട് ഏപ്രിൽ ഒന്നു മുതൽ വിഷുക്കിറ്റ് നൽകിയാൽ മതിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചത്. ഭക്ഷ്യക്കിറ്റും മേയ് മാസത്തെ സാമൂഹിക പെൻഷനും വോട്ടെടുപ്പിന് തൊട്ടുമുൻപ് വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു പ്രതിപക്ഷം വാദിക്കുന്നു. ഇതോടെയാണ് അന്നംമുടക്കികൾ എന്ന പ്രചരണം ഇരുമുന്നണികളും ഏറ്റെടുത്തത്.
അന്നംമുടക്കിയത് താനല്ല, അരി പൂഴ്ത്തിവച്ച പിണറായിയാണെന്നാണ് രമേശ് ചെന്നിത്തലയുടെ മറുപടി. 2016-ൽ ഉമ്മൻ ചാണ്ടി സർക്കാർ അരി, കുടിവെള്ളം വിതരണം നടത്തിയപ്പോൾ അതിനെ തടയാൻ വേണ്ടി പരാതി നൽകിയ പിണറായി വിജയൻ പറഞ്ഞ അതേ വാചകമേ താനും പറയുന്നുള്ളൂവെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്.