രാഷ്ട്രീയത്തിലെ സിനിമാക്കാര്‍
By അരവിന്ദ് ഗോപിനാഥ് | Published: 04th April 2021 04:31 PM |
Last Updated: 04th April 2021 04:31 PM | A+A A- |

മുഖ്യധാര ചലച്ചിത്ര പ്രവര്‍ത്തകരെല്ലാം ഇടതുപക്ഷത്താണെന്ന പൊതുധാരണയ്ക്ക് ഇടിവ് സംഭവിച്ചത് ഈ തെരഞ്ഞെടുപ്പിലാണ്. പൊതുബോധത്തിന്റെ സവര്‍ണയുക്തിയില്‍ ചിത്രങ്ങളെടുത്ത സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാകുന്നുവെന്ന വാര്‍ത്തകളാണ് ആദ്യം ശ്രദ്ധേയമായത്. പിന്നെയാണ് സസ്പെന്‍സ്. രഞ്ജിത്ത് സ്വയം പിന്‍വാങ്ങിയതാണോ അതോ പാര്‍ട്ടിയില്‍ എതിര്‍പ്പുയര്‍ന്നതുകൊണ്ടാണോ പിന്‍മാറിയത് എന്ന് ഇനിയും വ്യക്തമല്ല.
രാഷ്ട്രീയമാണ് കൊച്ചിയില്‍ നടന്ന ചലച്ചിത്രമേളയില്‍നിന്ന് തന്നെ ഒഴിവാക്കാന്‍ കാരണമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ച സലിംകുമാറാകട്ടെ, യു.ഡി.എഫിനുവേണ്ടി നേരിട്ടുതന്നെ പ്രചരണത്തിനിറങ്ങി. കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന് കെട്ടിവയ്ക്കാനുള്ള തുക സലിംകുമാര്‍ നല്‍കി. നടിയെ അക്രമിച്ച കേസില്‍ പ്രതിയായ നടനും ആ നടനെ ന്യായീകരിച്ച സംഘടനയ്ക്കുമൊപ്പം നിന്ന മുകേഷും ഗണേഷ്‌കുമാറും ഇത്തവണയും ഇടതുപക്ഷത്തിനുവേണ്ടി മത്സരിക്കുന്നു.
ദിലീപിന് ജാമ്യം ലഭിച്ചപ്പോള്‍ എന്റെ ചേട്ടനാണ്... എനിക്കൊന്ന് കണ്ടാല്‍ മതിയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. മണ്ഡലം കമ്മിറ്റി മത്സരിപ്പിക്കരുതെന്ന് പറഞ്ഞിട്ടും കെ.പി.സി.സി സീറ്റ് നല്‍കി. വട്ടിയൂര്‍ക്കാവില്‍ സീരിയല്‍ താരം വീണ എസ്. നായരും മത്സരിക്കുന്നു.