മത്സരിക്കുന്നത് എട്ട് മണ്ഡലങ്ങളിൽ, ട്വന്റി-20ക്ക് വേണം ഒരു 'എം.എല്‍.എ'

മത്സരിക്കുന്നത് എട്ട് മണ്ഡലങ്ങളിൽ, ട്വന്റി-20ക്ക് വേണം ഒരു 'എം.എല്‍.എ'

പലയിടത്തും വിജയപ്രതീക്ഷപോലുമില്ലെങ്കിലും ചുരുക്കം ചില മണ്ഡലങ്ങളില്‍ ജനവിധിയെ സ്വാധീനിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ട്വന്റി-20

ലയിടത്തും വിജയപ്രതീക്ഷപോലുമില്ലെങ്കിലും ചുരുക്കം ചില മണ്ഡലങ്ങളില്‍ ജനവിധിയെ സ്വാധീനിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ട്വന്റി-20. എട്ട് നിയമസഭാമണ്ഡലങ്ങളിലാണ് ഇത്തവണ ട്വന്റി-20 മത്സരിക്കുന്നത്.

ഡോ. സുജിത്ത് പി. സുരേന്ദ്രന്‍ (കുന്നത്തുനാട്), ചിത്ര സുകുമാരന്‍ (പെരുമ്പാവൂര്‍), ഡോ. ജോസ് ജോസഫ് (കോതമംഗലം), സി.എന്‍. പ്രകാശ് (മൂവാറ്റുപുഴ), ഡോ. ജോബ് ചക്കാലക്കല്‍ (വൈപ്പിന്‍), ടെറി തോമസ് ഇടത്തൊട്ടി (തൃക്കാക്കര), പ്രൊഫ. ലെസ്ലി പള്ളത്ത് (എറണാകുളം), ഷൈനി ആന്റണി (കൊച്ചി) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. 

ട്വന്റി-20 ഭരിക്കുന്ന നാലു പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കുന്നത്തുനാടാണ് പ്രതീക്ഷ നിലനിര്‍ത്തുന്ന മണ്ഡലം. ജയിക്കാനായില്ലെങ്കിലും അവസാന ലാപ്പില്‍ ഇടതു-വലതു പാര്‍ട്ടികളുടെ വിജയത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഇവര്‍ കരുതുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കിറ്റെക്സിന്റെ സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട ചാരിറ്റബിള്‍ ട്രസ്റ്റായ ട്വന്റി-20 നടത്തിയത്. 

ഇടതു-വലതു മുന്നണികള്‍ സംയുക്തമായാണ് ട്വന്റി-20യെ നേരിട്ടത്. മുന്നണി സംവിധാനങ്ങളെ അരികുനിര്‍ത്തി, കോര്‍പ്പറേറ്റ് കമ്പനി പിന്തുണയ്ക്കുന്ന ആ കൂട്ടായ്മ ഇന്ന് നാലു പഞ്ചായത്തുകളാണ് ഭരിക്കുന്നത്. കിഴക്കമ്പലത്ത് രണ്ടാം തവണ ജയിച്ചതിനു പുറമേ ഐക്കരനാടിന്റെ ഭരണം കൂടി അവര്‍ക്ക് കിട്ടി. ഐക്കരനാട്ടില്‍ പ്രതിപക്ഷം പോലുമില്ല. 

മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തും ഇപ്പോള്‍ ഭരിക്കുന്നത് ട്വന്റി-20 ആണ്. എറണാകുളം ജില്ലാ പഞ്ചായത്തിലും ഇവരുടെ പ്രതിനിധിയുണ്ട്. വികസനവും ജനക്ഷേമവുമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com