''സ്ത്രീകളെ ഭരണകര്‍ത്താക്കളാക്കുന്ന സമൂഹം ഗുണംപിടിക്കില്ല''

സ്വയം വിശേഷിപ്പിക്കാന്‍ നാം, കേരളീയര്‍ നിരന്തരം ഉപയോഗിക്കുന്ന ഒരു വാക്കുണ്ട്: 'ഉദ്ബുദ്ധം.'  
ലതിക സുഭാഷ്/ ഫയൽ
ലതിക സുഭാഷ്/ ഫയൽ

സ്വയം വിശേഷിപ്പിക്കാന്‍ നാം, കേരളീയര്‍ നിരന്തരം ഉപയോഗിക്കുന്ന ഒരു വാക്കുണ്ട്: 'ഉദ്ബുദ്ധം.' ഉദ്ബുദ്ധ കേരളം, ഉദ്ബുദ്ധരായ മലയാളികള്‍ തുടങ്ങിയ പ്രയോഗങ്ങളില്‍ നാം അഭിരമിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പലത് പിന്നിട്ടിരിക്കുന്നു. നവോത്ഥാനത്തിന്റെ മേഖലയില്‍ കേരളവാസികള്‍ അപരസംസ്ഥാന വാസികളേക്കാള്‍ ബഹുദൂരം മുന്നിലാണെന്നു നാം ഞെളിയാന്‍ തുടങ്ങിയിട്ടുമായി ഒട്ടേറെ ദശകങ്ങള്‍. പക്ഷേ, ഈ നവോത്ഥാന മഹിമാഘോഷണം ശുദ്ധ അസംബന്ധമാണെന്നു ശബരിമല സ്ത്രീപ്രവേശന വിധിയോടുള്ള കേരളീയ പൊതുസമൂഹത്തിന്റെ പ്രതികരണങ്ങള്‍ നിസ്സംശയം വ്യക്തമാക്കി. കോണ്‍ഗ്രസ്സും ബി.ജെ.പിയും മാത്രമല്ല, ഹൈന്ദവസമൂഹത്തില്‍ സക്രിയമായ പല സാമുദായിക പ്രസ്ഥാനങ്ങളും പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലക്ഷേത്ര പ്രവേശനത്തിനവകാശമുണ്ടെന്ന പരമോന്നത നീതിപീഠത്തിന്റെ പുരോഗമനപരമായ വിധിയെഴുത്തിനെതിരെ അങ്കത്തട്ടിലിറങ്ങുകയാണ് ചെയ്തത്. അവയില്‍നിന്നു വ്യത്യസ്തമായി വിധിയോട് ചേര്‍ന്നു നില്‍ക്കുകയും 2019 ജനുവരിയില്‍ വനിതാമതില്‍ തീര്‍ക്കുകയും ചെയ്ത പാര്‍ട്ടികളത്രേ സി.പി.എമ്മും ബന്ധുസംഘടനകളും. അവയും പക്ഷേ, ഹിന്ദുവോട്ടുകള്‍ ചോരുമെന്ന ആധിക്കടിപ്പെട്ടപ്പോള്‍ നവോത്ഥാന ചിന്തകള്‍ക്ക് അവധി നല്‍കുന്ന പരിതാപകരദൃശ്യത്തിനാണ് നാമിപ്പോള്‍ സാക്ഷിയാകുന്നത്.

മതയാഥാസ്ഥിതികതയ്ക്കും പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കും സമൂഹത്തിലുള്ള അധീശത്വം തകര്‍ക്കണമെന്നു ഘോഷിച്ചിരുന്നവര്‍ തന്നെ യാഥാസ്ഥിതിക മൂല്യങ്ങളുടെ അപ്പോസ്തലരോടൊപ്പം അണിചേരാന്‍ വെമ്പുന്ന സാഹചര്യം നിലനില്‍ക്കെയാണ് ലതികാ സുഭാഷ് എന്ന കോണ്‍ഗ്രസ്സുകാരി തന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ല എന്നാരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാ ഭവനു മുന്‍പില്‍ തലമുണ്ഡനം നടത്തി പ്രതിഷേധിച്ച ലതികയുടെ സമരം യഥാര്‍ത്ഥത്തില്‍ സമൂഹത്തെ ചൂഴ്ന്നുനില്‍ക്കുന്ന ആണ്‍മേധാവിത്വത്തിനെതിരെയാണ്. മത യാഥാസ്ഥിതികത്വത്തിന്റെ പ്രധാനപ്പെട്ട അംശങ്ങളില്‍ ഒന്നാണ് ആണ്‍കോയ്മ.

തന്റെ പാര്‍ട്ടിക്കുള്ളിലെ പുരുഷ കോയ്മയ്‌ക്കെതിരെ സമരരംഗത്തിറങ്ങിയ ലതികാ സുഭാഷ് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. പക്ഷേ, സംസ്ഥാന മഹിളാ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷസ്ഥാനത്തിരുന്ന അവരുടെ മുന്‍പില്‍ ഒരു സംശയം അവതരിപ്പിക്കാനുണ്ട്. അതിതാണ്: മതവിശ്വാസവും മതസ്വാതന്ത്ര്യപരവുമായ വിഷയത്തില്‍ സ്ത്രീ-പുരുഷ തുല്യതയില്‍ അടിവരയിട്ട വിധിന്യായമായിരുന്നു 2018 സെപ്തംബര്‍ 28-ന് ശബരിമല കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചത്. അന്നു തന്റെ പാര്‍ട്ടി ലിംഗസമത്വം ഉദ്‌ഘോഷിക്കുന്ന ആ വിധിക്കെതിരെ നിലപാടെടുത്തപ്പോള്‍ ലതിക സുഭാഷ് പാര്‍ട്ടി നിലപാട് തെറ്റാണെന്നു പറയുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശബരിമല വിധിന്യായത്തോടൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നോ? അങ്ങനെ സംഭവിച്ചതായി കാണുന്നില്ല. ആണ്‍ മേധാവിത്വം ജീവിതത്തിന്റെ വിവിധ തുറകളില്‍ സ്ത്രീകള്‍ക്ക് തുല്യതയും അവസരവും നിഷേധിക്കുമ്പോള്‍ ശബ്ദിക്കാതിരിക്കുന്നവര്‍ തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതിരിക്കുമ്പോള്‍ മാത്രം ശബ്ദിച്ചാല്‍ മതിയോ?

ഷബാനു വിധിയില്‍ എന്താണ് നിലപാട്?

ഒരു കാര്യം കൂടി സംസ്ഥാന മഹിള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയാണ്. രണ്ടുവര്‍ഷം മുന്‍പ് ശബരിമല വിഷയത്തിലുണ്ടായ ചരിത്രവിധിയെപ്പോലെ സുപ്രധാനമായ മറ്റൊരു ചരിത്രവിധി 35 വര്‍ഷം മുന്‍പുണ്ടായിരുന്നു. 'ഷാബാനുബീഗം വിധി' എന്നതറിയപ്പെടുന്നു. ആണ്‍കോയ്മാ മൂല്യങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെതിരെ സ്ത്രീകളുടെ അവകാശം ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു 1985 ഏപ്രില്‍ 23-ന് പരമോന്നത നീതിപീഠത്തില്‍നിന്നു പുറപ്പെട്ട ആ വിധി. ലതികയുടെ പാര്‍ട്ടി പ്രസ്തുത വിധിന്യായത്തെ എതിര്‍ത്തു. മാത്രമല്ല, വിധിയെ മറികടക്കാന്‍ രാജീവ് ഗാന്ധിയുടെ നായകത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ നിയമം നടപ്പാക്കുകയും ചെയ്തു. സ്വന്തം പാര്‍ട്ടി പെണ്ണനുകൂല ഷാബാനു വിധിക്കെതിരെ സ്വീകരിച്ച ന്യായീകരണലേശമില്ലാത്ത നിലപാട് തെറ്റായിരുന്നുവെന്ന് ലതിക എന്നെങ്കിലും എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?

സീറ്റ് നല്‍കുന്നതിലെ അവഗണനയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിച്ച മഹിള കോണ്‍ഗ്രസ് മേധാവിയുടെ സ്ത്രീപക്ഷ മനഃസ്ഥിതിയില്‍ കാണുന്ന ദാര്‍ഢ്യമില്ലായ്മ ചോദ്യം ചെയ്യപ്പെടാവുന്നതാണെന്ന വസ്തുത നിലനില്‍ക്കെത്തന്നെ, കേരളത്തില്‍ കോണ്‍ഗ്രസ്സടക്കമുള്ള പാര്‍ട്ടികള്‍ വനിതകളെ അധികാരസ്ഥാനങ്ങളില്‍നിന്നു അകറ്റിനിര്‍ത്തുന്നു എന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്.

സംസ്ഥാനത്തെ മൊത്തം വോട്ടര്‍മാര്‍ 2.67 കോടി വരും. അതില്‍ 1.37 കോടിയോളം വനിതാ വോട്ടര്‍മാരാണ്. എന്നുവെച്ചാല്‍ കേരളത്തിലെ സമ്മതിദായകരില്‍ പാതിയിലധികവും സ്ത്രീകളാണ്. എന്നിട്ടും 140 അംഗങ്ങളുള്ള നിയമസഭയില്‍ ഇപ്പോഴുള്ളത് ഒന്‍പത് സ്ത്രീകള്‍ മാത്രം. 1996-ല്‍ 13 വനിതാ അംഗങ്ങളുണ്ടായിരുന്നതൊഴിച്ചാല്‍, കഴിഞ്ഞ 13 നിയമസഭകളിലും സ്ത്രീകളുടെ സാന്നിധ്യം ഒറ്റയക്കത്തിലൊതുങ്ങി. 1967-ലും 1977-ലും കേരള അസംബ്ലിയിലെത്തിയത് ഓരോ സ്ത്രീ മാത്രം. 1970-ല്‍ രണ്ടു സ്ത്രീകളുണ്ടായിരുന്ന നിയമസഭയില്‍ പോയ അരനൂറ്റാണ്ട് കാലത്ത് പെണ്‍പങ്കാളിത്തത്തില്‍ കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ല.

ഇത്തവണ വിവിധ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ത്രീകളുടെ എണ്ണം നോക്കൂ. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടികളിലൊന്നായ സി.പി.ഐ.എം. 12 സീറ്റുകള്‍ മാത്രമാണ് സ്ത്രീകള്‍ക്കു നല്‍കിയത്. കോണ്‍ഗ്രസ് ഒന്‍പതില്‍ നില്‍ക്കുമ്പോള്‍ മുസ്ലിംലീഗ് ഒന്നില്‍ നില്‍ക്കുന്നു. (അതും 25 കൊല്ലങ്ങള്‍ക്കുശേഷം ആദ്യമായി). ഇക്കാര്യത്തില്‍ ബി.ജെ.പിയാണ് മുന്നില്‍. അവര്‍ 16 സീറ്റുകളില്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. പക്ഷേ, സമ്മതിദായകരില്‍ 50 ശതമാനത്തിലധികം സ്ത്രീകളായ സംസ്ഥാനത്ത് 50 ശതമാനമില്ലെങ്കില്‍ പോകട്ടെ, മൂന്നിലൊന്നു സീറ്റുകളെങ്കിലും വനിതകള്‍ക്കു നല്‍കേണ്ടതല്ലേ?

2009-ല്‍ ഒരു വിപ്ലവാത്മക തീരുമാനത്തിനു സംസ്ഥാനം സാക്ഷിയായി. വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്തു. വനിതകളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതും ജനപ്രതിനിധികളും അധികാരസ്ഥാനാര്‍ഹരുമാക്കുന്നതും മതവീക്ഷണപരമായി വന്‍തെറ്റാണെന്നു വാദിച്ചവര്‍ സമൂഹത്തിലുണ്ടായിരുന്നു. അവര്‍ക്കുപോലും ആ സംവരണ തീരുമാനത്തെ പ്രതിരോധിക്കാനായില്ല. ''സ്ത്രീകളെ ഭരണകര്‍ത്താക്കളാക്കുന്ന സമൂഹം ഗുണംപിടിക്കില്ല'' എന്ന മതാശയം പ്രചരിപ്പിക്കുന്ന സമുദായത്തില്‍നിന്നുവരെ പഞ്ചായത്ത്-മുനിസിപ്പല്‍ ഭരണരംഗത്തേയ്ക്ക് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ അനേകം സ്ത്രീകള്‍ കടന്നുവന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വനിതകളോട് കാണിച്ച അനീതിക്കും വിവേചനത്തിനുമെതിരെ ഇപ്പോള്‍ ശിരോമുണ്ഡനം എന്ന പ്രതിഷേധ പ്രകടനവുമായി അരങ്ങില്‍ വന്ന ലതിക സുഭാഷ്; രാജ്യത്തെ പ്രഥമ രാഷ്ട്രീയപ്പാര്‍ട്ടിയും ദേശീയ സ്വാതന്ത്ര്യസമര പൈതൃകമുള്ളതുമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രമുഖ പ്രവര്‍ത്തകരില്‍ ഒരാളാണ്. ഇതേ വിഷയത്തില്‍ മറ്റൊരു തരത്തില്‍ പ്രതിഷേധിച്ച ബിന്ദുകൃഷ്ണയും അതേ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തക തന്നെ. ആ രാഷ്ട്രീയപ്പാര്‍ട്ടിയുടെ അധ്യക്ഷപദം അലങ്കരിച്ചവരില്‍ ആനി ബസന്റും സരോജിനി നായിഡുവും നെല്ലീ സെന്‍ഗുപ്തയും ഇന്ദിരാ ഗാന്ധിയും തൊട്ട് സോണിയ ഗാന്ധി വരെയുള്ള വനിതകളുണ്ട്. ഇന്ദിരയാണെങ്കില്‍ രണ്ടു ഘട്ടങ്ങളിലായി 16 വര്‍ഷക്കാലം പ്രധാനമന്ത്രി പദത്തിലിരുന്നിട്ടുണ്ടുതാനും.

അത്തരമൊരു പാര്‍ട്ടിപോലും നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതില്‍ അലംഭാവം തുടരുന്ന സാഹചര്യത്തില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍ മാത്രം പ്രതിഷേധത്തിന്റെ കുന്തമുനകള്‍ ഉയര്‍ത്തിയാല്‍ പോരാ. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളെല്ലാം, വലത്-ഇടത്-മധ്യ ഭേദമില്ലാതെ, പുരുഷ നിയന്ത്രിതവും ആണാധിപത്യമൂല്യങ്ങളാല്‍ ഭരിക്കപ്പെടുന്നവയുമാണ്. ലതികാ സുഭാഷും ബിന്ദുകൃഷ്ണയും തുടങ്ങിവെച്ച പ്രതിഷേധം മത, ജാതി, പാര്‍ട്ടി, പ്രദേശ വ്യത്യാസങ്ങള്‍ക്കതീതമായ പോരാട്ടമായി വളരണം. ആ സമരാഗ്‌നി ദേശീയതലത്തിലേക്ക് കത്തിപ്പടരണം. സ്ത്രീകളുടെ, സ്ത്രീകളാലുള്ള, സ്ത്രീകള്‍ക്കുവേണ്ടിയുള്ള സമ്പൂര്‍ണ്ണ സമരമാണ് സമകാലിക ഭാരതം ആവശ്യപ്പെടുന്നത്. സംസ്ഥാന മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുടെ മുണ്ഡനം എന്ന പ്രതിഷേധമുറ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഫലദായകമാകണമെങ്കില്‍ അത്തരമൊരു സമരത്തിന്റെ അനിവാര്യതയിലേയ്ക്ക് പെണ്‍ സമൂഹം ഉണര്‍ന്നേ തീരൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com