'സാഹിത്യത്തില്‍ എംപി നാരായണപിള്ളയുടെ സ്ഥാനമറിയാമല്ലോ? എന്തെങ്കിലും പറയുന്നത് ആലോചിച്ചു വേണം'

ഫെമിനിസമോ പെണ്ണെഴുത്ത് സംവരണവാദമോ ഒന്നുംതന്നെ ഇവിടെ എത്താതിരുന്നിട്ടുപോലും ഒരുപാട് സ്ത്രീകള്‍ എഴുത്തിന്റെ രംഗത്തുണ്ടായിരുന്നു
എംപി നാരായണപിള്ള, ചന്ദ്രമതി
എംപി നാരായണപിള്ള, ചന്ദ്രമതി

ഴുത്തുകാരികള്‍ക്ക് വളക്കൂറുള്ള മണ്ണായിരുന്നു കേരളത്തിലെ എഴുപതുകള്‍. ഫെമിനിസമോ പെണ്ണെഴുത്ത് സംവരണവാദമോ ഒന്നുംതന്നെ ഇവിടെ എത്താതിരുന്നിട്ടുപോലും ഒരുപാട് സ്ത്രീകള്‍ എഴുത്തിന്റെ രംഗത്തുണ്ടായിരുന്നു. മാധവിക്കുട്ടി, രാജലക്ഷ്മി, വസന്ത, സാറാ തോമസ്, സാറാ ജോസഫ്, പി. വത്സല, എം.ഡി. രത്‌നമ്മ, പി.ആര്‍. ശ്യാമള തുടങ്ങിയ ലബ്ധപ്രതിഷ്ഠര്‍ക്കൊപ്പം അനേകം പുതുനിരക്കാരും രംഗത്തുവന്നു. എല്ലാ കൂട്ടുകാരികളുടേയും പേര് ഓര്‍മ്മവരുന്നില്ല. ലത, വി.കെ. കുമാരി, ബി. സുനന്ദ, ഇന്ദിര, മാനസി, ഗീതാ ഇടപ്പള്ളി, ഗ്രേസി, ഗീതാ പോറ്റി (ഹിരണ്യന്‍), എം.ഡി. രാധിക, ശോഭാ വാര്യര്‍, ഗീത ഇടമറുക്, കെ.എം. രാധ, നളിനി ബേക്കല്‍, എം.പി. പത്മജ, എം.പി. ഗിരിജ, സുമിത്രാ വര്‍മ്മ, അഷിത തുടങ്ങിയവരുടെ നിരയില്‍ കുമാരി ചന്ദ്രികയില്‍നിന്ന് ചന്ദ്രികയായി മാറിയ ഞാനുമുണ്ടായിരുന്നു.

ഞങ്ങളില്‍ പലര്‍ക്കും ഒരുപാട് പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. അതുകൊണ്ടാവാം എന്റെ സഹ എഴുത്തുകാരികളില്‍ പലരും നിശ്ശബ്ദതയിലേക്ക് ഉള്‍വലിഞ്ഞത്. ചിലര്‍ തിരിച്ചുവന്നു. ചിലര്‍ തിരിച്ചുവരാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. മറ്റുള്ളവര്‍ ഒരു മടങ്ങിവരവിനേ ശ്രമിച്ചില്ല. ഈ നോവലിനെ ചന്ദ്രികയുടെ മടങ്ങിവരവിനുള്ള ശ്രമമെന്നു പറയാമോ എന്നറിയില്ല; ഈ നോവലിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ഒരു പ്രതികൂല സാഹചര്യമാണ് ഞാന്‍ പങ്കുവയ്ക്കുന്നത്.

വലിയ എഴുത്തുകാര്‍ എന്നു നാം വിശ്വസിക്കുന്നവര്‍ പലപ്പോഴും പുതിയ എഴുത്തുകാരുടെ നിസ്സഹായതയെ ചൂഷണം ചെയ്യുന്നവരാണ്. വലിയവരുടെ പ്രശസ്തിക്കും ജനപ്രിയതയ്ക്കും മുന്നില്‍ പകച്ചുനില്‍ക്കുന്ന കുഞ്ഞാടുകള്‍ക്ക് ഒന്നും ചെയ്യാനാവില്ല. അത്തരമൊരു ചൂഷണകഥ പ്രിയ വായനക്കാരുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിലെ (പ്രതി)നായകന്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവനാണെങ്കില്‍ എനിക്ക് ഒന്നും ചെയ്യാനാവില്ല. 

അവിവാഹിതയായ ഒരു പെണ്‍കുട്ടിക്ക് അനുവദിക്കപ്പെട്ട വിഷയങ്ങള്‍ക്കപ്പുറം പോയതിന് എന്റെ പിന്നാലെ കുടുംബവും സമൂഹവും വിലങ്ങുകളുമായി വന്നു. കുറേയൊക്കെ എതിര്‍ത്തുനോക്കിയെങ്കിലും ഒടുവില്‍ ഞാനും കീഴടങ്ങി. ഇനി ഒരു കഥയുമെഴുതില്ല എന്നു പ്രതിജ്ഞ ചെയ്ത് വലിച്ചെറിഞ്ഞ തൂലിക ഏതാണ്ട് 18 വര്‍ഷങ്ങളോളം അനാഥമായി കിടന്നു.

ആ പ്രതിജ്ഞയെടുക്കുമ്പോള്‍ എനിക്ക് 22-23 വയസ്സായിരുന്നു. എം.എ കഴിഞ്ഞ സമയം. എം.എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ ഞാനീ നോവല്‍ രചന തുടങ്ങിയിരുന്നു. എഴുപതുകളിലെ കാമ്പസ്സിലെ കുറേ പെണ്‍കുട്ടികളുടെ ജീവിതമായിരുന്നു തീം. പ്രണയവും ഡ്രഗ്‌സും കാമവും തുടങ്ങി, രാഷ്ട്രീയത ഒഴികെയുള്ള സമകാലികതകളെല്ലാം ചേര്‍ത്തായിരുന്നു എഴുത്ത്. എഴുത്തുതന്നെ വേണ്ടെന്നുവച്ചപ്പോള്‍ പകുതിയെഴുതിയ നോവലും ഞാനുപേക്ഷിച്ചു.

അദ്ധ്യാപിക, ഗവേഷക, ഭാര്യ, അമ്മ... ഒന്നിനു പുറകെ ഒന്നായി റോളുകള്‍ കടന്നുവന്നു. ഒരു ദിവസം പഴയ കുറേ ഫയലുകള്‍ തിരയുമ്പോള്‍ നോവലിന്റെ കയ്യെഴുത്തുപ്രതി കാണാനിടയായി. ഇടയ്‌ക്കൊരു കാര്യം പറയട്ടെ. സ്ത്രീയുടെ സര്‍ഗ്ഗാത്മക ജീവിതത്തിന് വിവാഹം ഒരു വലിയ തടസ്സമാണെന്ന് എഴുത്തുകാരികള്‍ പ്രസംഗിച്ചു കേട്ടിട്ടുണ്ട്. എന്റെ കാര്യത്തില്‍ നേരേ തിരിച്ചാണ് സംഭവിച്ചത്. വിവാഹത്തിനു മുന്‍പായിരുന്നു എനിക്ക് അസ്വാതന്ത്ര്യം. ഞാന്‍ വീണ്ടും എഴുത്തിലേക്കു മടങ്ങിവരണം എന്ന് ആഗ്രഹിക്കുകയും ഏറെ നിര്‍ബ്ബന്ധിക്കുകയും ചെയ്തത് ബാലേട്ടന്‍ എന്ന എന്റെ കൂട്ടുകാരനാണ്. ഈ കയ്യെഴുത്തുപ്രതി കണ്ടാല്‍ അത് പൂര്‍ത്തിയാക്കാന്‍ അദ്ദേഹം പറയുമെന്ന് തീര്‍ച്ച. അതുകൊണ്ട് അതിനെ ഞാന്‍ പഴയ സ്ഥാനത്തുതന്നെ തിരികെവച്ചു. 

ആ രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞ് ഞാനാ നോവല്‍ തേടിപ്പോയി. 'ഒരുപിടി പെണ്‍കുട്ടികള്‍' എന്ന പേരിട്ട അപൂര്‍ണ്ണ കൃതി... കീറിക്കളഞ്ഞാല്‍ ആരുമറിയില്ല. പക്ഷേ, പിന്നെ അതൊന്നുകൂടി എഴുതാനെനിക്കാവില്ല. വീണ്ടും വായിച്ചപ്പോള്‍ എന്റെ പ്രിയമോളോടും ജിത്തുമോനോടും തോന്നുന്ന സ്‌നേഹം ആ നോവലിനോട് തോന്നി. ഇതു നശിപ്പിക്കാനാവില്ല എന്ന തിരിച്ചറിവില്‍ ഞാന്‍ വീണ്ടും നോവല്‍ തിരിച്ചുവച്ചു. ആരുമറിയാതെ രാത്രികളില്‍ അതെടുത്തു വായിക്കുകയും തിരുത്തുകയും പിന്നെ സാവധാനം അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത് പൂര്‍ത്തിയാക്കുകയും ചെയ്തു. 'ഒരുപിടി പെണ്‍കുട്ടികള്‍' എന്ന പേര് പൈങ്കിളിയാണെന്നു തോന്നിയതുകൊണ്ട് 'ദുരന്തത്തിന്റെ ഗാഥ' എന്നു പേരു മാറ്റി.

നോവല്‍ പൂര്‍ണ്ണമാക്കിയപ്പോള്‍ സ്വാഭാവികമായും പ്രസിദ്ധീകരണം എന്ന ആഗ്രഹം വന്നു. പ്രസിദ്ധീകരിച്ചു കഴിഞ്ഞേ ആരും അറിയാവൂ. 'ബാലേട്ടന്‍ പോലും' എന്നൊരു വിചാരവുമുണ്ടായി. ഒരു സര്‍പ്രൈസ് ആരാണിഷ്ടപ്പെടാത്തത്? പക്ഷേ, ചന്ദ്രിക ഇനി ഒന്നുമെഴുതില്ല എന്ന് കുടുംബത്തോടും കൂട്ടുകാരോടും ഉറക്കെ പ്രഖ്യാപിച്ച എഴുത്തുകാരി ഇനിയെങ്ങനെ അവര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാനാണ്? പ്രതിസന്ധിഘട്ടങ്ങളില്‍ എഴുത്തുകാര്‍ക്കു മുന്നിലുള്ളത് മൂന്നു വഴികളാണെന്ന് ജെയിംസ് ജോയിസ് പറഞ്ഞിട്ടുണ്ട്. Exile, Silence, Cunning. ഇതില്‍ Silence അഥവാ മൗനമാണ് ഞാനിതുവരെ സ്വീകരിച്ചത്. ഇനി ഒരല്പം കൗശലമാകാം. Cunning. ചന്ദ്രിക മറഞ്ഞുനിന്ന് നോവല്‍ മറ്റൊരു പേരില്‍ പ്രസിദ്ധപ്പെടുത്തുക. കുറെ തൂലികാനാമങ്ങള്‍ പരീക്ഷിച്ചശേഷം ഞാന്‍ ബി.കെ. ചന്ദ്ര എന്ന പേര് എടുക്കാന്‍ തീരുമാനിച്ചു. ബി. കുമാരി ചന്ദ്രികയുടെ നാമരൂപാന്തരം ബി.കെ. ചന്ദ്ര.

'ദുരന്തത്തിന്റെ ഗാഥ' by ബി.കെ. ചന്ദ്ര. കൊള്ളാം. എഴുതിയത് ആണോ പെണ്ണോ എന്നുപോലും ആരും അറിയില്ല.

ഇനി അടുത്തപടി എന്താണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. ഇത്രയും നാള്‍ പിന്‍വാങ്ങി മൗനമായി നിന്നതുകൊണ്ട് എല്ലാവരും എന്നെ മറന്നുകാണും. എം.ടി. തീര്‍ച്ചയായും മറന്നുകാണും. എന്റെ കഥകള്‍ ഒരുപാടിഷ്ടപ്പെട്ട് നേരില്‍ കാണാന്‍ വീട്ടില്‍വരെ വന്നിട്ടുള്ള കാമ്പിശ്ശേരി കരുണാകരന്‍ (ജനയുഗം) 1977-ല്‍ മരിച്ചുപോയി. 1983-ല്‍ മലയാളനാട് നിന്നുപോയതിനുശേഷം വി.ബി.സി നായരുമായും കോണ്ടാക്റ്റില്ല. ഏതെങ്കിലും പത്രാധിപര്‍ക്ക് വെറുതേ പോസ്റ്റിലയച്ചു കൊടുത്താല്‍ നല്ലയാളല്ലെങ്കില്‍, വര്‍ഷങ്ങളോളം കൃതി അവഗണിക്കപ്പെട്ടുകിടന്ന് സ്വാഭാവിക മരണം സംഭവിക്കാം. മാത്രമല്ല, രചയിതാവിന്റെ സ്ഥാനത്ത് മറ്റൊരാളിന്റെ പേരുമായി നോവലിനെ അവര്‍ പ്രസിദ്ധപ്പെടുത്താം. ഇംഗ്ലിഷ് സാഹിത്യം പഠിപ്പിക്കുന്ന എനിക്ക് ലോകഭാഷകളില്‍ത്തന്നെ ഇതൊക്കെ സംഭവിക്കുന്ന കഥകളറിയാം. അപ്പോള്‍പ്പിന്നെ എന്തുചെയ്യാനാണെന്ന് ബി.കെ. ചന്ദ്ര ചിന്താക്കുഴപ്പത്തിലായി.

1985 അല്ലെങ്കില്‍ 1986 എന്നാണോര്‍മ്മ. ഇന്ത്യന്‍ ഇംഗ്ലിഷ് നോവലിസ്റ്റ് മുല്‍ക്ക്രാജ് ആനന്ദിന്റെ 80-ാം പിറന്നാള്‍. അതൊരു സാഹിത്യോത്സവമാക്കി കേരളത്തില്‍ നടത്തണമെന്ന് അയ്യപ്പപ്പണിക്കര്‍ സര്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ ഗവേഷണം ചെയ്യുകയായിരുന്നു അന്നു ഞാന്‍. കേരള യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ സെമിനാറും പിറന്നാളാഘോഷവും സംഘടിപ്പിക്കപ്പെട്ടു. പ്രധാന അതിഥിയായി മുല്‍ക്ക്രാജ് ആനന്ദ് തന്നെയെത്തി. സെനറ്റ് ചേംബറിലെ പിറന്നാളാഘോഷം. പൊന്നാടകള്‍, മെമന്റോകള്‍, പുസ്തകങ്ങള്‍, പുഷ്പങ്ങള്‍ തുടങ്ങിയ സമ്മാനങ്ങള്‍ അദ്ദേഹത്തിനു സമര്‍പ്പിക്കപ്പെട്ടു. സമ്മാനങ്ങള്‍ കൊടുക്കുന്നവരെ മൈക്കിലൂടെ ക്ഷണിക്കുകയായിരുന്നു രീതി. 'മിസ്റ്റര്‍ ഫസിലുദ്ദീന്‍ ഓണ്‍ ബിഹാഫ് ഓഫ് കലാകൗമുദി' എന്ന വിളി വന്നപ്പോള്‍ എന്റെ അടുത്ത കസേരയിലിരിക്കുന്നയാള്‍ എഴുന്നേറ്റുപോയി മുല്‍ക്ക്രാജ് ആനന്ദിന് പൊന്നാട ചാര്‍ത്തി. കലാകൗമുദിയിലെ ലേഖനങ്ങളിലൂടെ ഫസിലുദ്ദീന്‍ എന്ന പേര് പരിചിതമായിരുന്നു. ചായസമയത്ത് ഞങ്ങള്‍ പരിചയപ്പെട്ടു. എന്റെ മുന്‍കാല കഥകള്‍ വായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കലാകൗമുദിയില്‍ നോവല്‍ പ്രസിദ്ധീകരിക്കുവാന്‍ ആ പരിചയം ഉപകരിച്ചേക്കുമെന്ന് എനിക്കു തോന്നി. അങ്ങനെ കുറച്ചു ദിവസങ്ങള്‍ To be or not to be ചിന്താക്കുഴപ്പത്തില്‍ കടന്നുപോയി. പിന്നെ ഞാന്‍ ധൈര്യം സംഭരിച്ച് കലാകൗമുദി ഓഫീസിലേക്കു ഫോണ്‍ ചെയ്ത് ഫസിലുദ്ദീനോട് നോവലിന്റെ കാര്യം പറഞ്ഞു. ''കയ്യെഴുത്തുപ്രതി എത്തിക്കൂ, നോക്കട്ടെ'' എന്ന മറുപടിയും കിട്ടി.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഫസിലുദ്ദീന്‍ വിളിച്ചു. ''കലാകൗമുദി ആ നോവല്‍ പ്രസിദ്ധീകരിക്കാന്‍ സ്വീകരിച്ചിട്ടുണ്ട്. ഉടനെ മറ്റൊരു നോവല്‍ പ്രസിദ്ധീകരണം തുടങ്ങുകയാണ്. അതു തീര്‍ന്നാലുടനെ ഇതെടുക്കും.'' ആ വാക്കുകള്‍ വിശ്വസിക്കാതിരിക്കാന്‍ കാരണമില്ലായിരുന്നു. അതുകൊണ്ടാണ് കുറച്ചുദിവസം കഴിഞ്ഞ് കലാകൗമുദിയില്‍ ഒരു ബോക്‌സില്‍ വന്ന പരസ്യം കണ്ടിട്ടും ഒന്നും തോന്നാഞ്ഞത്. പുതിയ ഒരെഴുത്തുകാരിയുടെ വിവാദമുണര്‍ത്തുന്ന 'തുറന്നെഴുതുന്ന' ഒരു നോവലിനെപ്പറ്റിയായിരുന്നു പരസ്യം. ട്രയല്‍ എന്ന ആഴ്ചപ്പതിപ്പില്‍ ഉടനെ പ്രസിദ്ധീകരിക്കാന്‍ തുടങ്ങുന്നു എന്നോ മറ്റോ ആയിരുന്നു പരസ്യം. കലാകൗമുദിയുടെ സഹോദര പ്രസിദ്ധീകരണമായിരുന്നു തികച്ചും വ്യത്യസ്ത ലക്ഷ്യങ്ങളോടെ ഇറങ്ങിയിരുന്ന ട്രയല്‍ എന്ന ആഴ്ചപ്പതിപ്പ്. പള്‍പ്പ് വീക്ക്ലി എന്നു വേണമെങ്കില്‍ പറയാം. പത്രാധിപര്‍ എം.പി. നാരായണപിള്ള എന്ന പ്രശസ്ത കഥാകൃത്ത്!

ഒരു വൈകുന്നേരം കോളേജില്‍നിന്നു വന്നപ്പോള്‍ പോസ്റ്റ്മാന്‍ മുറ്റത്ത് എറിഞ്ഞുപോയ തപാലുരുപ്പടികളില്‍ ട്രയലുമുണ്ടായിരുന്നു. ഇതെന്തിനാ എനിക്കയച്ചത് എന്ന വിചാരത്തോടെ, മനസ്സ് ശക്തമായി തന്ന അപായസൂചനയോടെ, ഞാന്‍ റാപ്പര്‍ പൊട്ടിച്ചു. പേജുകള്‍ മറിച്ചപ്പോള്‍ ട്രയലില്‍ എന്റെ നോവലിന്റെ ആദ്യ അദ്ധ്യായം! 'ദുരന്തത്തിന്റെ ഗാഥ' എന്നു ഞാന്‍ പേരിട്ട ആ നോവല്‍ 'കിനാവുകളുടെ തീരത്ത്' എന്ന പൈങ്കിളിപ്പേരുമായി ദയനീയമായി എന്നെ നോക്കി. അതിലും വലിയ ഷോക്ക് നോവലിസ്റ്റിന്റെ പേര് കണ്ടപ്പോഴാണുണ്ടായത്. ബി.കെ. ചന്ദ്രയുടെ സ്ഥാനത്ത് ബി.കെ. സരോജിനിദേവി! 

അമര്‍ഷവും അരിശവുംകൊണ്ട് ഞാനാകെ വിറച്ചുപോയി.

'ദുരന്തത്തിന്റെ ഗാഥ' എന്ന എന്റെ നോവലിന്റെ കയ്യെഴുത്തുപ്രതി 'ഞാനൊന്നു വായിക്കട്ടെ' എന്നു പറഞ്ഞ് തന്റെ മേശപ്പുറത്തുനിന്ന് നാരായണപിള്ള എടുത്തുകൊണ്ടുപോയതാണെന്നും ഏറെ ഇഷ്ടപ്പെട്ടതുകൊണ്ട് താന്‍ എഡിറ്റ് ചെയ്യുന്ന ട്രയലില്‍ കൊടുത്തതാണെന്നും ഫസിലുദ്ദീന്‍ ഫോണില്‍ വിശദീകരിച്ചു. എം.പി. നാരായണപിള്ളയെപ്പോലെയൊരാള്‍ എന്റെ നോവല്‍ ഇഷ്ടപ്പെട്ടുവെന്നു പറയുന്നതുപോലും നല്ല കാര്യമാണത്രെ! അതിനു ഞാന്‍ ക്ഷുഭിതയാകുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ലെന്ന് ഫസിലുദ്ദീന്‍ പറഞ്ഞു. 

''കലാകൗമുദിയില്‍ പ്രസിദ്ധീകരിക്കാനല്ലേ ഞാന്‍ നോവല്‍ തന്നത്?'' ഞാന്‍ ചോദിച്ചു. ''അവര്‍ തെരഞ്ഞെടുത്തു എന്നല്ലേ എന്നോടു പറഞ്ഞത്? പിന്നെ അതു മാറ്റുമ്പോള്‍ എന്നോട് സമ്മതം ചോദിക്കേണ്ടതല്ലേ?''

''അതിനിപ്പോ എന്താണ്? നല്ല പരസ്യം തരുന്നുണ്ടല്ലോ. നിങ്ങള്‍ക്ക് നല്ല ശ്രദ്ധ കിട്ടും.''

''ബി.കെ. സരോജിനീദേവിക്കു ശ്രദ്ധ കിട്ടും!'' ഞാന്‍ തിരിച്ചടിച്ചു. ''സമ്മതം കൂടാതെ നോവലിന്റെ പേരും എന്റെ പേരും മാറ്റിയത് ഒട്ടും ശരിയായില്ല. അതു ചെയ്തത് ആരാണെങ്കിലും!''

ഫസിലുദ്ദീന്‍ പറഞ്ഞു: ''എന്തായാലും നിങ്ങള്‍ നിങ്ങളുടെ പേരിലല്ലല്ലോ പ്രസിദ്ധീകരിക്കാനുദ്ദേശിച്ചത്? പിന്നെ ഏതു പേരായാലെന്താ? ഇതൊക്കെ മാറ്റിയത് എം.പി.നാരായണപിള്ളയാണ്. അദ്ദേഹം ആരാണെന്ന് ഞാന്‍ പറഞ്ഞു തരേണ്ടല്ലോ? സാഹിത്യത്തിലെ അദ്ദേഹത്തിന്റെ സ്ഥാനമറിയാമല്ലോ? എന്തെങ്കിലും പറയുന്നത് ആലോചിച്ചു വേണം.''

നോവലിന്റെ പേരു മാറ്റുന്നതും എഴുത്തുകാരിയുടെ പേരുമാറ്റുന്നതുമൊക്കെ എം.പി. നാരായണപിള്ളയാണെങ്കില്‍ അത് എഴുത്തുകാരിയുടെ വലിയ ഭാഗ്യമാണെന്നായിരുന്നു ഫസിലുദ്ദീന്റെ വാദം. വല്ലാത്തൊരു നിസ്സഹായവസ്ഥ എന്നെ ബാധിച്ചു. നോവല്‍ പ്രസിദ്ധീകരണത്തിനു കൊടുത്തതുപോലും ഞാനാരേയും അറിയിച്ചിട്ടില്ല. പിന്നെ ആരോട് സഹായം ചോദിക്കാനാണ്? പലതവണ ബാലേട്ടനോട് എല്ലാം തുറന്നുപറഞ്ഞാലോ എന്നാലോചിച്ചെങ്കിലും വേണ്ടെന്നുവച്ചു. എഴുത്തിലേക്ക് മടങ്ങാന്‍ നിര്‍ബ്ബന്ധിക്കുന്ന അദ്ദേഹത്തോട് എന്തിനാണിതു ഞാന്‍ മറച്ചുവെച്ചത്? വല്ലാത്ത കുറ്റബോധം എനിക്ക് അനുഭവപ്പെട്ടു.

ഓരോ ആഴ്ചയും നോവല്‍ വന്നുകൊണ്ടിരുന്നു. കയ്യെഴുത്തു പ്രതിയിലില്ലാത്ത ചില വാക്കുകള്‍ ഇടയ്ക്കു പ്രത്യക്ഷപ്പെട്ട് നോവലിന് വേറൊരു മാനം നല്‍കുന്നതും ഉള്ളിലെ നീറ്റലോടെ ഞാന്‍ കണ്ടു. തീരെ സഹിക്കാനാവാത്ത ഒരു ഘട്ടത്തില്‍ ഞാന്‍ ബാലേട്ടനോട് കുറ്റസമ്മതം നടത്തി. പേടിച്ചതുപോലെയുള്ള പൊട്ടിത്തെറിയൊന്നും ഉണ്ടായില്ല.

''നമുക്ക് കേസുകൊടുക്കാമോ?'' ഞാന്‍ ചോദിച്ചു: ''നോവല്‍ നിര്‍ത്തിവയ്പിക്കാം?''

''വേണ്ട.'' അദ്ദേഹം പറഞ്ഞു. ''ഏതായാലും നീ വിഡ്ഢിത്തം കാണിച്ചു. ഇനിയിത് ഏതോ സരോജിനിയുടേതായിട്ട് അങ്ങുപോകട്ടെ. നിന്റെ പേര് ഇതിലേക്കു വലിച്ചിഴയ്ക്കണ്ട. ചന്ദ്രിക സാഹിത്യത്തിലേക്കു മടങ്ങിവരുന്നത് ഇത്തരമൊരു വൃത്തികെട്ട വിവാദത്തിലൂടെ വേണ്ട.''

വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ചന്ദ്രമതിയായി സാഹിത്യത്തിലേക്കു മടങ്ങിവന്നു.

''എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ'' എന്നോ മറ്റോ ഉള്ള സിനിമാവാചകം എനിക്കു പ്രിയപ്പെട്ടതാണ്. ഏതാണ്ടൊരു വര്‍ഷംമുന്‍പ് പുസ്തകഷെല്‍ഫുകള്‍ വൃത്തിയാക്കുമ്പോള്‍ ഒരു ഫയലിനുള്ളില്‍ ഞാന്‍ കണ്ടു, ട്രയലില്‍നിന്നു ചീന്തിയെടുത്ത് അടുക്കിവച്ച നോവല്‍ പേജുകള്‍.

''ഇതു നമുക്ക് തിരിച്ചെടുക്കാനുള്ള സമയമായി.'' ബാലേട്ടന്‍ പറഞ്ഞു.

''എന്തിന്? അന്ന് വേണ്ടെന്നു പറഞ്ഞതല്ലേ?''

''അത് അന്ന്. ഇന്ന് നീ ചന്ദ്രമതിയാണ്. നിനക്ക് വായനക്കാരുണ്ട്. അവര്‍ ഇതറിയണം. നോവലും നോവലിന്റെ കഥയും.''

അദ്ദേഹംതന്നെ അത് ഫോട്ടോക്കോപ്പിയെടുപ്പിച്ചു. കാരണം, പേജുകള്‍ മഞ്ഞനിറത്തില്‍ പൊടിഞ്ഞുതുടങ്ങിയിരുന്നു. ഫോട്ടോക്കോപ്പിയെടുത്തയാള്‍ എല്ലാ പേജുകളും തമ്മില്‍ കലര്‍ത്തി ഒരുതരത്തിലും ഏത് എവിടെയെന്ന് വേര്‍തിരിച്ചറിയാനാവാത്ത വിധത്തിലാണ് തന്നത്. ഓരോ അദ്ധ്യായവും അന്ന് സ്റ്റേപ്പിള്‍ ചെയ്തിരുന്നു. ആ കമ്പികള്‍ തുരുമ്പിച്ച് വഴിമാറിയതുകൊണ്ടാവണം ഇതു സംഭവിച്ചത്. അദ്ധ്യായങ്ങളും പേജുകളുമൊക്കെ ഇടമറിഞ്ഞ് അടുക്കാന്‍ ശ്രമിച്ച എന്നെ ഇത് ഭ്രാന്തിയാക്കി. ''അല്ലെങ്കിലും ഇതൊരു ഭാഗ്യം കെട്ട നോവലാണ്. എനിക്കു വേണ്ട'' എന്നു പറഞ്ഞ് ഞാന്‍ പിന്മാറി. ''ഞാനൊന്നു നോക്കട്ടേ'' എന്നായി ബാലേട്ടന്‍. ഞാനിപ്പോഴും ഓര്‍ക്കുന്നു. ആ പേജുകളൊക്കെ മുറിയില്‍ നിലത്തു നിവര്‍ത്തിയിട്ട് ഒറിജിനലും കോപ്പിയും തമ്മിലൊത്തു നോക്കി ലക്കവും പേജും കണ്ടുപിടിച്ച് ഓരോ അദ്ധ്യായമായി വീണ്ടെടുത്ത് ബാലേട്ടന്‍ ഭംഗിയായി അടുക്കിയെടുത്തത്. അത് എന്റെ കയ്യില്‍ തന്ന് അദ്ദേഹം പറഞ്ഞു: ''എന്റെ ജോലി കഴിഞ്ഞു. ഇനി നിന്റെ പണി.'' എന്റെ കണ്ണുകള്‍ നിറഞ്ഞത് ആരും കണ്ടില്ല.

എന്റേതല്ലാത്ത ചില പ്രയോഗങ്ങള്‍ നോവലില്‍നിന്നു മാറ്റുന്നതും തിരുത്തുന്നതുമൊക്കെ ഒറിജിനലിലോ ഫോട്ടോക്കോപ്പിയിലോ പ്രയാസമായതുകൊണ്ട് ഞാനാ നോവല്‍ മുഴുവന്‍ പകര്‍ത്തിയെഴുതാന്‍ തീരുമാനിച്ചു. അത് എഡിറ്റിങ്ങായി പരിണമിച്ചു. മൂലകൃതിയില്‍നിന്ന് മാറിപ്പോകാതെ ചില ഭാഗങ്ങള്‍ ഞാന്‍ പുതുക്കിയെഴുതി.

ഈ നോവല്‍ ഏറ്റുവാങ്ങുമ്പോള്‍ എന്റെ പ്രിയ വായനക്കാര്‍ ഓര്‍ക്കണം, ഇത് എഴുപതുകളില്‍ തുടങ്ങി എണ്‍പതുകളില്‍ അവസാനിച്ച രചനയാണ്. അന്നത്തെ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. അസ്തിത്വദുഃഖവും ദുരൂഹതയും സാഹിത്യത്തില്‍ നിറഞ്ഞുനിന്നിരുന്നു. കള്ളും കഞ്ചാവും ബുദ്ധിജീവികളുടെ നിലനില്‍പ്പിനു വേണ്ടതാണെന്നു സാഹിത്യവും യുവസമൂഹവും അംഗീകരിച്ചിരുന്നു. മലയാള കഥാസാഹിത്യത്തിലാകെ ഗര്‍ഭപാത്രത്തിലേക്കു മടങ്ങിപ്പോകാനാഗ്രഹിക്കുന്ന വിധത്തിലുള്ള ഒറ്റപ്പെടലുകളും സെക്‌സിന്റെ അതിപ്രസരവും ഉണ്ടായിരുന്നു.

ഇന്ന് കാലം മാറി. 'ആര്യാവര്‍ത്തനം' മുതല്‍ 'വാണ്ടര്‍ലസ്റ്റ്' വരെയുള്ള കഥാസമാഹാരങ്ങള്‍ നിങ്ങള്‍ക്കു സമ്മാനിച്ച ചന്ദ്രമതിക്ക് ഇനി ഇതെഴുതാനാവില്ല. പൂര്‍വ്വജന്മത്തില്‍നിന്നു വീണ്ടെടുത്ത ഈ ഏടുകളെ വായിക്കുമ്പോള്‍ നിങ്ങള്‍ അനുവാദമോ സമ്മതമോ കൂടാതെ എന്റെ കൃതിയുടെ പേരും ഞാന്‍ തിരഞ്ഞെടുത്ത തൂലികനാമവും പാടേ മാറ്റുകയും കലാകൗമുദിക്കു കൊടുത്ത നോവല്‍ ട്രയല്‍പോലെ ഒരു പള്‍പ്പ് വാരികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത മഹാസാഹിത്യകാരനേയും ഓര്‍ക്കണം. സോഷ്യല്‍ മീഡിയയുടെ പ്ലാറ്റ്ഫോറത്തില്‍ സമാന അനുഭവങ്ങളുമായി പല എഴുത്തുകാരികളും വന്നിട്ടുണ്ട്. ഇന്നും 'പിള്ള'മാര്‍ വിരാജിക്കുന്നു എന്നര്‍ത്ഥം.

'ദുരന്തത്തിന്റെ ഗാഥ' എന്ന പേര് ഒരു ദുരന്തമായി മാറിയതുകൊണ്ട് ആദ്യം നല്‍കിയ പേരിലേക്ക് ഞാന്‍ മടങ്ങിപ്പോകുന്നു. 'ഒരുപിടി പെണ്‍കുട്ടികള്‍.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com