'എത്ര ബാലിശമായ കാരണമാണ് ആ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവന്‍ കവര്‍ന്നത്?'

ആലപ്പുഴ എസ്.പി ആയിരിക്കുമ്പോള്‍  എന്നെ ഞെട്ടിച്ച മനുഷ്യനാണ്  ജില്ലാ ആംഡ് റിസര്‍വ്വിലെ ഉദ്യോഗസ്ഥനായിരുന്ന രാമകൃഷ്ണന്‍
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)

ലപ്പുഴ എസ്.പി ആയിരിക്കുമ്പോള്‍  എന്നെ ഞെട്ടിച്ച മനുഷ്യനാണ്  ജില്ലാ ആംഡ് റിസര്‍വ്വിലെ ഉദ്യോഗസ്ഥനായിരുന്ന രാമകൃഷ്ണന്‍. ഒരു  'തോക്ക്-ഉണ്ട പ്രശ്‌നം'  ആയിരുന്നു തുടക്കം.  ആദ്യം എനിക്ക് വിവരമെത്തിയത് 'മുന്തിരിവള്ളി'യിലൂടെയാണ്. മുന്തിരവള്ളി എന്നാല്‍ ഗ്രേപ്വൈന്‍ (grapevine), അതായത് കേട്ടുകേള്‍വി. മുന്തിരിവള്ളികള്‍ ഒരുപാട് തളിരിടുന്ന വകുപ്പാണ് ഞങ്ങളുടെ പൊലീസ്. ആംഡ് റിസര്‍വ്വ് ക്യാമ്പില്‍ ഒരു 'ഭയങ്കര പ്രശ്‌നം' നടക്കുന്നു. അത് വെറും 'പുക'മാത്രമായിരുന്നു. ഭൂമി ഉരുണ്ടതായതുകൊണ്ട് ദൂരെയുള്ള കപ്പല്‍ കാണുന്നത് പുക, പുകക്കുഴല്‍, അവസാനം കപ്പല്‍ എന്ന ക്രമത്തിലാണല്ലോ. പിന്നെ അറിഞ്ഞു ആര്‍മറിയില്‍, അതായത് തോക്കുകളുടെ സൂക്ഷിപ്പുപുരയില്‍, എന്തോ തിരിമറി നടന്നു.  അവസാനം 'കപ്പല്‍' പ്രത്യക്ഷപ്പെട്ടു. ആര്‍മറിയില്‍ പതിനഞ്ച് വെടി ഉണ്ടകള്‍ കാണാനില്ല. കേട്ടവരെല്ലാം  പറഞ്ഞു, അത് 'ഭയങ്കര പ്രശ്‌നം' തന്നെ. പൊലീസുകാരുടെ മനശ്ശാസ്ത്രത്തില്‍ ഭാവനയ്ക്ക് ചിറക് വിടര്‍ന്നു പറക്കാന്‍ പറ്റിയ  വിഷയമാണിത്. ഒരുണ്ട എന്നാല്‍ ഒരു ജീവന്‍ എന്നാണ് പരിശീലനകാലത്ത് തലയില്‍ 'തിരുകി' കയറ്റുന്നത്. അതില്‍ തെറ്റൊന്നുമില്ല. അപ്പോള്‍ 15 ജീവന്റെ പ്രശ്‌നമാണ്. അത് ചെറുതല്ല. ആംഡ് റിസര്‍വ്വിന്റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് കമാണ്ടന്റ് ഗോപിനാഥ്  മികച്ച ഉദ്യോഗസ്ഥനായിരുന്നു. ഗോപിയുമായി ഞാന്‍ വിഷയം ചര്‍ച്ച ചെയ്തു. അദ്ദേഹം എനിക്ക് പ്രാഥമിക വിവരങ്ങളടങ്ങിയ ഒരു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ജില്ലയില്‍ത്തന്നെ നടത്തിയ പരിശോധനയിലാണ്  രേഖകള്‍ പ്രകാരം ഏതാനും വെടിയുണ്ടകളുടെ കുറവു കണ്ടെത്തിയത്. ഏതെങ്കിലും തരത്തിലുള്ള തെറ്റായ കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന പ്രകൃതക്കാരനല്ല അസിസ്റ്റന്റ് കമാണ്ടന്റ് എന്ന വിശ്വാസമാണ് എനിക്കുണ്ടായിരുന്നത്. ഏതായാലും ഈ കാര്യത്തില്‍ സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം ആവശ്യമുണ്ടെന്ന് എനിക്ക് തോന്നി. ചില അവസരങ്ങളില്‍ രേഖകള്‍ സൂക്ഷിക്കുന്നതിലെ ജാഗ്രത ഇല്ലായ്മയും പലതരത്തിലുള്ള പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാം. തോക്ക്, വെടിയുണ്ട ഇവ സൂക്ഷിക്കുന്നതിനും അവ ഉപയോഗത്തിന് നല്‍കുന്നതിനും ഉപയോഗം കഴിഞ്ഞ് തിരികെ സൂക്ഷിക്കുന്നതിനും ഒക്കെ ധാരാളം നിര്‍ദ്ദേശങ്ങളുണ്ട്. അത് സ്വാഭാവികമാണല്ലോ. ഏതെങ്കിലും തരത്തിലുള്ള തിരിമറികളോ ദുരുപയോഗമോ സംഭവിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണല്ലോ. എല്ലാം കണക്കിലെടുത്ത്, ജില്ലയിലുള്ളതില്‍  ഏറ്റവും പരിചയസമ്പന്നനും പ്രാപ്തനുമായ ഡി.വൈ.എസ്.പി രാധാകൃഷ്ണന്‍ നായരെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. കുറവുണ്ട് എന്നുപറയുന്ന വെടിയുണ്ടകള്‍ അനധികൃതമായി ഏതെങ്കിലും രീതിയില്‍ പൊലീസ് സംവിധാനത്തിനു പുറത്തുപോയിട്ടുണ്ടെങ്കില്‍ അക്കാര്യം കണ്ടെത്തണം എന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചു. ഡി.വൈ.എസ്.പി തന്റെ അന്വേഷണവുമായി മുന്നോട്ടുപോയി. ക്യാമ്പിലെ പ്രസക്തമായ എല്ലാ രേഖകളും പരിശോധിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും എല്ലാം ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നില്ല.   

ആത്മഹത്യയും ആത്മഹത്യാ ഭീഷണികളും

അതിനിടയില്‍ എല്ലാപേരെയും ഞെട്ടിച്ച ഒരു സംഭവമുണ്ടായി. ആംഡ് റിസര്‍വ്വ് ക്യാമ്പിലെ എസ്.ഐ. രാമകൃഷ്ണന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. അദ്ദേഹം ആത്മഹത്യാക്കുറിപ്പൊന്നും എഴുതിയിരുന്നില്ല. പക്ഷേ, മരണത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ ആ ഉദ്യോഗസ്ഥന്‍ വലിയ സംഘര്‍ഷത്തിലായിരുന്നുവത്രേ. കാണാനില്ലാത്ത വെടിയുണ്ടകളുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് രാമകൃഷ്ണനു വലിയ ഉത്കണ്ഠ ഉണ്ടായിരുന്നുവത്രെ. അദ്ദേഹം തന്റെ  ചില സഹപ്രവര്‍ത്തകരോട് ''എനിക്കെന്തെങ്കിലും കുഴപ്പം വരുമോ'' എന്ന ആശങ്ക പങ്കുവെച്ചിരുന്നു. ആത്മഹത്യയ്ക്ക് തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ ആ ഒരൊറ്റ ഉത്കണ്ഠ മാത്രമായിരുന്നു അയാളുടെ മനസ്സില്‍. സത്യത്തില്‍ വെടിയുണ്ടകളൊന്നും അനധികൃതമായി ആരുടേയും കയ്യില്‍ എത്തിയിരുന്നില്ല. രേഖകള്‍ ശരിയാംവണ്ണം സൂക്ഷിക്കുന്നതിനും അതിന്റെ  മേല്‍നോട്ടത്തിലുള്ള വീഴ്ചകളും ഒക്കെയാണ് സംഭവിച്ചത്. അക്കാര്യത്തില്‍ നേരിട്ട് രാമകൃഷ്ണന് ഉത്തരവാദിത്വം ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം? ആ പൊലീസുദ്യോഗസ്ഥന്റെ വിലപ്പെട്ട ജീവന്‍ നഷ്ടമായിക്കഴിഞ്ഞല്ലോ. ആ ഉദ്യോഗസ്ഥന്റേതു പരിമിതമായ ഒരു ലോകമായിരുന്നു. എല്ലാം കറുപ്പും വെളുപ്പും ആയി മാത്രം കാണുന്ന ലോകം. ചാരനിറം ഇല്ലാത്ത ലോകം. ക്യാമ്പുകളിലെ പൊലീസുദ്യോഗസ്ഥര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെപ്പോലെ ബാഹ്യലോകവുമായി സമ്പര്‍ക്കം സാധാരണയായി കുറവാണ്. അവരുടെ ലോകം മിക്കവാറും ക്യാമ്പാണ്. ആ ലോകത്ത് ഏതു പ്രശ്‌നവും 'ഭീകര'മാണ്. ഒരു ക്രമവിരുദ്ധമായ സംഭവം വെളിവാകുമ്പോള്‍ വസ്തുനിഷ്ഠമായി അതിന്റെ ഗൗരവം വിലയിരുത്തപ്പെടേണ്ടതുണ്ട്. അതോടൊപ്പം പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവൃത്തിയിലുള്ള ശരിതെറ്റുകള്‍ വ്യക്തതയോടെ മനസ്സിലാക്കി പരിഹാരം തേടാന്‍ ശ്രമിക്കണം. അത് പലപ്പോഴും  സംഭവിക്കാറില്ല. എന്താണുണ്ടായതെന്ന അടിസ്ഥാന വസ്തുതകള്‍പോലും അറിയില്ലെങ്കിലും നമ്മുടെ രാമകൃഷ്ണനെപ്പോലുള്ള ഉദ്യോഗസ്ഥനു ലഭിക്കുന്ന പ്രതികരണം അയാളുടെ ഉത്കണ്ഠകളെ വര്‍ദ്ധിപ്പിക്കുന്നതായിരിക്കും. ആരോടെങ്കിലും അഭിപ്രായം ആരായുമ്പോള്‍ത്തന്നെ അയാളുടെ മനസ്സ് ഒരു പ്രഷര്‍കുക്കര്‍ ആണ്. കിട്ടുന്ന പ്രതികരണം ആ പ്രഷര്‍കുക്കറിലേക്ക് കൂടുതല്‍ അഗ്‌നി പകരും. അവസാനം അത് പൊട്ടിത്തെറിക്കും. അതുതന്നെയാണുണ്ടായത്. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോയിട്ടും എന്തുകൊണ്ട് ആ ഉദ്യോഗസ്ഥന്‍ ഞാനുള്‍പ്പടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരെ കണ്ടില്ല?   ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ നേരിട്ടു കണ്ട് വിവരങ്ങള്‍ ധരിപ്പിക്കുന്നതിനു വിമുഖതയും ഭയവും ഒക്കെ പൊലീസുദ്യോഗസ്ഥരില്‍ കണ്ടുവരുന്നുണ്ട്. അതേറ്റവും കൂടുതല്‍ ക്യാമ്പുകളിലാണെന്നു തോന്നുന്നു. എനിക്കു വലിയ ദുഃഖം തോന്നി. എത്ര ബാലിശമായ കാരണമാണ് ആ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവന്‍ കവര്‍ന്നത്?

വലിയൊരളവില്‍ സ്വന്തം മനസ്സിന്റെ തന്നെ സൃഷ്ടിയായിരുന്നു രാമകൃഷ്ണന്റെ പ്രശ്നം. തീവ്രമായ വൈകാരിക അനുഭവങ്ങളിലൂടെ കടന്നുപോയി ആ മനുഷ്യന്‍. ഔദ്യോഗിക ജീവിതത്തില്‍ ഇങ്ങനെയുള്ള  അവസ്ഥകളിലൂടെ കടന്നുപോകുന്ന മനുഷ്യരുമായി പൊലീസുദ്യോഗസ്ഥന് അടുത്തിടപഴകേണ്ടിവരും സര്‍വീസിനുള്ളിലും പുറത്തും. ഓരോ മനുഷ്യനേയും സമാനതകളില്ലാത്ത ഒരു വികാരപ്രപഞ്ചം ആയി സങ്കല്പിക്കാം എന്നെനിക്കു തോന്നുന്നു. ജീവിതാവസ്ഥ അനുസരിച്ച് വ്യത്യസ്ത വികാരങ്ങള്‍ ആ ലോകത്ത് ഏറിയും കുറഞ്ഞും കടന്നുവരും. ചില ഘട്ടങ്ങളില്‍ മനുഷ്യന്‍ മുഖ്യമായും ഒരു വികാരം മാത്രമായി മാറാം. ആ അവസ്ഥയിലുള്ള മനുഷ്യരെ അറിയാനും ചിലപ്പോള്‍ ഇടപഴകാനും അവസരമുണ്ടാകുന്നു എന്നത് പൊലീസുദ്യോഗസ്ഥന്റെ ഭാഗ്യമോ ദൗര്‍ഭാഗ്യമോ ആണ്.  

അത്തരമൊരു മനുഷ്യനായിരുന്നു ഇന്റലിജന്‍സ് മേധാവി ആയിരിക്കെ ഞാന്‍ കണ്ട വയനാട് സ്വദേശി. ആ മദ്ധ്യവയസ്‌ക്കന്‍ ബിസിനസ്സ്‌കാരനായിരുന്നു. മിതഭാഷിയായ ആ മനുഷ്യന്‍, പുറമേ ശാന്തനായിരുന്നെങ്കിലും ഉള്ളില്‍ വലിയ സംഘര്‍ഷത്തിലാണെന്നു തോന്നി. ആദ്യമായും അവസാനമായും ഞാന്‍ അന്നാണ് അയാളെ കാണുന്നത്. ബിസിനസ്സിലെ ഗുരുതരമായ തിരിച്ചടികളെപ്പറ്റി ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അയാള്‍  പറഞ്ഞു. അയാള്‍ക്ക് പലരില്‍നിന്നും പണം കിട്ടാനുണ്ടായിരുന്നു. അതുപോലെ അയാള്‍ക്കും സാമ്പത്തിക ബാദ്ധ്യത ഉണ്ടായിരുന്നു. പണം തിരികെ കിട്ടാനുള്ളവരുടെ സമ്മര്‍ദ്ദമുണ്ടായപ്പോള്‍ അമിതപലിശയ്ക്ക് പണം കടമെടുത്ത് കുറേപ്പേര്‍ക്കു നല്‍കി. അതൊരുതരം കെണിയായി, പുറത്തുകടക്കാനാവാത്ത കെണി. അയാളുടെ വളരെ ചുരുങ്ങിയ വാക്കുകളില്‍നിന്നും എനിക്കത്രയുമാണ് മനസ്സിലായത്. ഇടയ്ക്കയാള്‍ പറയുന്നുണ്ട്, ''സാറിന് ഇതിലൊന്നും ചെയ്യാന്‍ കഴിയില്ലായിരിക്കും അല്ലെ.'' എന്തോ ദുരന്തത്തിന്റെ വക്കിലാണ് ആ മനുഷ്യന്‍ എന്നെനിക്കു തോന്നി. അക്കാലത്ത് അമിതപലിശക്കാര്‍ക്കെതിരെ സംസ്ഥാനത്ത് പൊലീസ് നടപടികള്‍ നടക്കുന്നുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് ആയിരിക്കണം അയാള്‍ എന്നെ കാണാന്‍ വന്നത്. നിയമപരമായി സാദ്ധ്യമായ വഴികള്‍ എന്തൊക്കെയാണെന്നു വിശദീകരിക്കാന്‍ ഞാന്‍ ശ്രമിച്ചു. പ്രതീക്ഷയറ്റ പോലെ കാണപ്പെട്ട ആ മനുഷ്യനു ധൈര്യം പകരാനായിരുന്നു എന്റെ പരിശ്രമം. പക്ഷേ, അതുകൊണ്ട് പ്രകടമായ മാറ്റമൊന്നും കണ്ടില്ല. ഒരുപക്ഷേ, അദ്ദേഹം എന്നോട് പറഞ്ഞതിനപ്പുറം ഗുരുതരമായിരുന്നിരിക്കണം അയാളുടെ പ്രശ്‌നം. അദ്ദേഹം ഇടയ്ക്ക് ''അല്ലാ, ഞാനൊന്ന് പറഞ്ഞെന്നേ ഉള്ളു, പൊലീസിനിതില്‍ വലുതായൊന്നും ചെയ്യാന്‍ പറ്റില്ല. എനിക്കു പരാതിയുമില്ല.'' അയാള്‍ എന്തോ തീരുമാനമെടുത്ത പോലെയാണ് തോന്നിയത്. കഴിയുന്നത്ര സംഭാഷണം നീട്ടാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ, അത് മുന്നോട്ടു പോകുന്നില്ലെന്നാണെനിക്കു തോന്നിയത്. പരിഹാരമില്ലാത്ത പ്രശ്നമെന്നു മനസ്സില്‍ ഉറപ്പിച്ച ശേഷം അവസാന വഴിപാട് കൂടി വേഗം കഴിച്ച് മടങ്ങാന്‍ വെമ്പുന്നപോലെ ആയിരുന്നു ആ മനുഷ്യന്‍. അയാള്‍ പോകാനായി എഴുന്നേറ്റു. ''എപ്പോള്‍ വേണമെങ്കിലും വരാം'' ഞാനാ മനുഷ്യന്റെ മുഖത്തു നോക്കി പറഞ്ഞു. നന്ദിപറഞ്ഞിട്ട് അയാള്‍ പോയി. പിന്നെ, അയാള്‍ വന്നില്ല. പ്രശ്നങ്ങള്‍ എങ്ങനെ അവസാനിപ്പിച്ചുവോ ആവോ? മനസ്സില്‍ ദുരൂഹത  ബാക്കിയായി. 

മനുഷ്യജീവനേക്കാള്‍ വിലയുള്ളതായി ജീവിതത്തില്‍ മറ്റെന്താണുള്ളത്? അതുകൊണ്ടുതന്നെ ജീവന്‍വെച്ച് വിലപേശുന്ന അല്ലെങ്കില്‍ ഭീഷണിപ്പെടുത്തുന്ന തന്ത്രങ്ങളും ഉണ്ട്. പൊലീസില്‍ അത്തരമൊരനുഭവം വടകരയില്‍ പരിശീലനകാലത്തുതന്നെയുണ്ടായി. ഒരു ദിവസം രാത്രി പത്ത് മണിയടുപ്പിച്ച് ഞാന്‍ പൊലീസ് സ്റ്റേഷനില്‍ സഹപ്രവര്‍ത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. ആസൂത്രിതമായി നടന്ന  മയക്കുമരുന്ന് വിപണനം കണ്ടുപിടിക്കാന്‍ കഴിഞ്ഞ ദിവസമായിരുന്നു അത്. ഞങ്ങളെല്ലാം ആ സന്തോഷത്തിലായിരുന്നു. തുടര്‍നടപടികളെക്കുറിച്ച്  സംസാരിക്കുന്നതിനിടയില്‍ എനിക്കൊരു ഫോണ്‍ വന്നു. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രാദേശിക നേതാവായിരുന്നു വിളിച്ചത്. അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. അമിത സ്വാതന്ത്ര്യമെടുത്ത് തികച്ചും അനാവശ്യമായ സംഭാഷണം. ഉള്ളിലെ മദ്യമാണ് അയാളെ നിയന്ത്രിച്ചിരുന്നതെന്നു വ്യക്തം. എനിക്ക് ദേഷ്യം വന്നു. ''മദ്യപിച്ചിട്ടുണ്ടെങ്കില്‍ വയറ്റില്‍ കിടക്കണം'' - ഈ രീതിയില്‍ ചിലത് പറഞ്ഞു. സഭ്യേതരമായൊന്നും പറഞ്ഞില്ല. അങ്ങനെ ഒന്നും നാവിന്‍തുമ്പില്‍ വരാറില്ല.  എന്റെ മുന്നിലിരുന്ന സഹപ്രവര്‍ത്തകര്‍ അസ്വസ്ഥരായി. ആരോ എന്തോ അനാവശ്യമായി സംസാരിച്ചുവെന്നവര്‍ക്കു മനസ്സിലായി. അവരെന്തിനും തയ്യാറായി നില്‍ക്കുകയാണ്. അമിതമായി മദ്യപിച്ചതിന്റെ പ്രശ്‌നമാണെന്നു പറഞ്ഞ് അത് അവസാനിപ്പിച്ചു. കുറേ സമയം കൂടി കഴിഞ്ഞ് ഞാന്‍ ജീപ്പില്‍ റസ്റ്റ് ഹൗസിലേയ്ക്ക് തിരിച്ചു. തൊട്ടപ്പുറത്ത്  അഞ്ചുവിളക്ക് ജംഗ്ഷനില്‍ എത്തിയപ്പോള്‍ കണ്‍മുന്നില്‍ നില്‍ക്കുന്നു നേരത്തെ ഫോണ്‍ചെയ്ത നേതാവ്. ജീപ്പിലിരുന്ന് ഞാനയാളെ കൈകൊണ്ട് വിളിച്ചു. അനുസരണയോടെ അയാള്‍ വന്നു; ചെറുതായി ആടിയാടിയാണെങ്കിലും. ജീപ്പിന്റെ പിന്നില്‍ കയറാന്‍ പറഞ്ഞു. നേതാവ് കയറി. ജീപ്പ് തിരികെ പൊലീസ് സ്റ്റേഷനിലെത്തി. അവിടെ പൊലീസുകാര്‍ നല്ല 'ചൂടായി' നില്‍ക്കുകയായിരുന്നു. എന്നോട്, മദ്യപിച്ച് ഫോണില്‍ മോശമായി സംസാരിച്ചത് പൊലീസുകാരെ കാര്യമായി പ്രകോപിപ്പിച്ചിരുന്നു. അവരെ ഞാന്‍ നിയന്ത്രിച്ചു. നേതാവ് തന്നെ തനിക്ക് തെറ്റുപറ്റിയെന്നു പറഞ്ഞ് ആവര്‍ത്തിച്ച് ക്ഷമ പറയാന്‍ തുടങ്ങി. പ്രശ്‌നം അവിടെ അവസാനിപ്പിക്കാന്‍ എനിക്ക് മനസ്സുണ്ടായിരുന്നു. പക്ഷേ, ഇങ്ങനെ പൊലീസ് സ്റ്റേഷനില്‍ വരേണ്ടിവന്നത് തനിക്ക് വലിയ ക്ഷീണമായെന്നും ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും അതുകൊണ്ട് ആത്മഹത്യ ചെയ്യും എന്നും ഒക്കെ നേതാവ്  പറഞ്ഞു. ആത്മഹത്യാഭീഷണി ഞാന്‍ ഗൗരവമായെടുത്തു, പുറമേ അത് പ്രകടിപ്പിച്ചില്ലെങ്കിലും. കൂട്ടത്തില്‍ അയാള്‍ പറഞ്ഞ മറ്റൊരു കാര്യം രസകരമായി തോന്നി. അതൊരു പരമരഹസ്യം ആയിരുന്നുവത്രെ. പത്തുപന്ത്രണ്ട് വര്‍ഷം മുന്‍പ് അവിടെ മറ്റൊരു എ.എസ്.പി ഉണ്ടായിരുന്നു. അദ്ദേഹത്തോട് മറ്റൊരു നേതാവ് മോശമായി പെരുമാറി. അദ്ദേഹം രഹസ്യമായി നേതാവിന് രണ്ടടി കൊടുത്തു. ആരോരുമറിയാതെ പ്രശ്‌നം 'രമ്യമായി' പരിഹരിച്ചുവത്രെ. ആ 'മാതൃക' തനിക്കും ബാധകമാക്കണം എന്നാണോ പറഞ്ഞുവന്നത്? ഏതായാലും ആ 'മോഡല്‍' പരിഗണിച്ചില്ല. തുടക്കത്തില്‍ പറഞ്ഞ ആത്മഹത്യാ ഭീഷണി എന്റെ മനസ്സില്‍ വലിയ  ഉത്കണ്ഠയായി നിന്നു. രാഷ്ട്രീയക്കാര്‍ സാധാരണ ആത്മഹത്യ ചെയ്യാറില്ല എന്ന പൊതുധാരണയില്‍ ആശ്വാസം കണ്ടില്ല. അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കയച്ച ശേഷം രാത്രിയില്‍ സ്റ്റേഷനില്‍ സൂക്ഷിച്ചു. അടുത്ത ദിവസം രാവിലെ ഞാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ നേതാവ് തികച്ചും ശാന്തനായിരുന്നു. അദ്ദേഹത്തിനു ശരിക്കും കുറ്റബോധമുണ്ടായിരുന്നപോലെ തോന്നി. കൂടുതല്‍ ആളുകള്‍ അറിയും മുന്‍പ് പുറത്തുകടക്കണം എന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ഞാനതിന് എതിരായിരുന്നില്ല. ഉചിതമായ നടപടിക്കപ്പുറം സ്വന്തം 'ഹീറോയിസം' നാട്ടുകാരെ അറിയിക്കാന്‍ വേണ്ടി മാത്രം പൊലീസ് ഉദ്യോഗസ്ഥര്‍ പബ്ലിസിറ്റിയുടെ പിറകെ പോകുന്നതിനോട് ഒരുകാലത്തും എനിക്ക് യോജിപ്പില്ലായിരുന്നു. തലേ ദിവസം ആത്മഹത്യ എന്നൊരു കാര്യം പറഞ്ഞത് എന്റെ മനസ്സിലുണ്ടായിരുന്നു. അതുകൂടി കണക്കിലെടുത്ത് അയാളുടെ ഏറ്റവും വിശ്വസ്തനായ ഒരു സുഹൃത്തിനെ വരുത്തി സംസാരിച്ച് രാവിലെ തന്നെ അദ്ദേഹത്തെ വിട്ടയച്ചു. 

ആത്മഹത്യാഭീഷണികള്‍ പിന്നെയും ധാരാളമുണ്ടായിരുന്നെങ്കിലും അസാധാരണമായ ഒരനുഭവം ഉണ്ടായത് ഇന്റലിജന്‍സ് ചുമതല വഹിക്കുമ്പോഴായിരുന്നു. അക്കാലത്ത് മൊബൈല്‍ ഫോണ്‍ രാത്രിയിലും ഓണ്‍ ആയിരുന്നു. ഒരു രാത്രി അസമയത്ത് അതെന്നെ ഉണര്‍ത്തി. ഫോണെടുത്തപ്പോള്‍ മറ്റേ അറ്റത്ത് ഒരു സ്ത്രീ ആയിരുന്നു. എന്തെങ്കിലും ജീവന്മരണ പ്രശ്‌നമായിരിക്കാം എന്ന ധാരണയിലാണ് ഫോണെടുത്തത്. ആ നിലയിലാണ് അവര്‍ സംസാരിച്ച് തുടങ്ങിയതും. രണ്ടു മൂന്ന് മിനിട്ട് നേരം ക്ഷമയോടെ അവര്‍ പറയുന്നത് കേട്ടു. സംസാരം കേട്ടാല്‍ വിദ്യാസമ്പന്നയാണെന്നു തോന്നും. നല്ല മലയാളം; കൃത്യമായ ഉച്ചാരണം; പക്ഷേ, ഉള്ളടക്കം പ്രശ്‌നം ആയിരുന്നു. കുറേ നേരം കേട്ടിട്ടും ഉടന്‍ നടപടി എടുക്കേണ്ടതൊന്നും കണ്ടില്ല. ഏതോ അയല്‍പക്കക്കാരനുമായുള്ള തര്‍ക്കമാണ് വിഷയം. നെയ്യാറ്റിന്‍കരയില്‍ ജോലി ചെയ്യുമ്പോള്‍ ഞാന്‍ കണ്ടിട്ടുള്ള വസ്തുതര്‍ക്ക പരാതികളുടെ ഭാണ്ഡക്കെട്ട് തുറക്കുന്ന അനുഭവം  പോലെയെനിക്കു തോന്നി. അവസാനം ഞാന്‍ പറഞ്ഞു: ''ഇന്നു രാത്രി നടപടി സ്വീകരിക്കേണ്ട യാതൊന്നും ഇതിലില്ലല്ലോ. നേരം വെളുക്കട്ടെ.'' പക്ഷേ, അവരതിനു വഴങ്ങാന്‍ ഭാവമില്ല. ''സാര്‍, എന്നെ മുഴുവന്‍ കേള്‍ക്കണം'' എന്ന് ആവര്‍ത്തിച്ചു. ''ഇല്ലെങ്കില്‍ ഞാനെന്റെ ജീവിതം ഈ രാത്രിയില്‍ത്തന്നെ അവസാനിപ്പിക്കും'' എന്നായി. അല്പസമയം കൂടി ശ്രദ്ധിച്ചശേഷം ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. ''ഇല്ല,  ഞാന്‍ കട്ടു ചെയ്യുകയാണ്.'' കട്ട് ചെയ്യരുതെന്നും ആത്മഹത്യ ചെയ്യുമെന്നുമൊക്കെയുള്ള  അവരുടെ ദയനീയ അപേക്ഷ ഞാന്‍ തിരസ്‌കരിച്ചു. ശുദ്ധമലയാളം ഇത്രയ്ക്കരോചകമായ ഒരവസരം മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ല. ഫോണ്‍വെച്ച് കഴിഞ്ഞപ്പോള്‍, അതില്‍ സന്ദേശം വരുന്ന ശബ്ദം ഞാന്‍ കേട്ടു. ''ദയവായി ഫോണ്‍ എടുക്കണം സാര്‍'' എന്നായിരുന്നു ആദ്യ സന്ദേശം. പിന്നെയും  സന്ദേശങ്ങള്‍ വന്നു. ഞാനതൊന്നും നോക്കാതെ  സുഖമായി ഉറങ്ങി. രാവിലെ അഞ്ചരയ്ക്ക് ഉണര്‍ന്നപ്പോള്‍ ആദ്യം ചെയ്തത് ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിക്കുകയായിരുന്നു. രണ്ടാമതായി അയച്ചിരുന്ന സന്ദേശം ഇങ്ങനെ:  ''അവസാനമായി ഒരുവട്ടം കൂടി യാചിക്കുന്നു സാര്‍. ഇപ്പോള്‍ത്തന്നെ സംസാരിക്കണം.'' രണ്ടു മിനിട്ട് കഴിഞ്ഞ് അവസാന സന്ദേശം. ''ബുദ്ധിമുട്ടിച്ചതിനെല്ലാം ക്ഷമ ചോദിക്കുന്നു സാര്‍; മരണത്തിലേയ്ക്ക് എന്റെ കണ്ണുകള്‍ അടയുന്നു, ഗുഡ്ബൈ, സര്‍.'' ഞാന്‍ ഞെട്ടി. വല്ലാതെ പ്രതിരോധത്തിലായതുപോലെ തോന്നി. അങ്ങനെ ഒരു തോന്നല്‍ അതിനു മുന്‍പുണ്ടായിട്ടില്ല. മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് ഞാനവിടുത്തെ എന്റെ ഡി.വൈ.എസ്.പി വാഹിദിനെ വിളിച്ചു. വാഹിദ് ചുമതലാബോധമുള്ള ഉദ്യോഗസ്ഥനായിരുന്നു. ഞാന്‍ വേഗം രാത്രിയില്‍  ഉണ്ടായ കാര്യം പറഞ്ഞിട്ട് സ്ത്രീയുടെ ഫോണ്‍ നമ്പര്‍ കൊടുത്തു. വാഹിദിന്റെ ഫോണിനായി കാത്തിരുന്നു. അല്പം കഴിഞ്ഞത് വന്നു. ''ഇല്ല സാര്‍ ഒരു കുഴപ്പവുമില്ല. ഞാന്‍ ആ സ്ത്രീയുമായി സംസാരിച്ചു. വളരെ ബുദ്ധിമുട്ടിയാണ് ഫോണ്‍ കട്ട് ചെയ്തത്.'' ഏതായാലും 'ശുദ്ധമലയാള'ത്തില്‍നിന്ന് ഞാന്‍ രക്ഷപ്പെട്ടു. എല്ലാം മനസ്സിന്റെ വികൃതികള്‍ മാത്രമായിരുന്നു. 
  
പക്ഷേ, ആലപ്പുഴയില്‍ ഈ മനസ്സ് വലിയ പ്രശ്നമായി. അവിചാരിതമായിട്ടാണ് ഒരു പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള ഒരു യുവാവിന്റെ മരണത്തിനു കാരണക്കാരനായ പൊലീസുകാരനെതിരെ നടപടി വേണം എന്നാണ് വാര്‍ത്ത. ഉള്ളടക്കം ഇതായിരുന്നെങ്കിലും ഒട്ടും പ്രാധാന്യം നല്‍കാതെ, ഒറ്റ കോളത്തില്‍ ഏതാനും വരികളില്‍ ഒതുങ്ങി ആ വാര്‍ത്ത. ഒരു പത്രത്തില്‍ മാത്രമേ അത് ഉണ്ടായിരുന്നുള്ളൂ. അതല്പം വിചിത്രമായി തോന്നി. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുമുള്ള എന്തെങ്കിലും തെറ്റായ നടപടി മൂലം ഒരു പൗരന്റെ, അതും യുവാവിന്റെ ജീവന്‍ നഷ്ടപ്പെട്ടുവെങ്കില്‍ അത് ചെറിയ സംഭവമല്ല. മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ  പ്രസിദ്ധീകരിക്കേണ്ടതാണ്. മാത്രവുമല്ല, അക്കാര്യം നിശ്ചയമായും എസ്.പി അറിയേണ്ടതുമാണ്. പരാതിയൊന്നും ലഭിച്ചിരുന്നില്ലെങ്കിലും അതേക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് മുഖേന അന്വേഷിച്ചു. 
ഒരു ദിവസം വൈകീട്ട് ഏതാനും ചെറുപ്പക്കാര്‍ വലിയ തിരക്കില്ലാത്ത ഒരിടത്ത് റോഡരുകില്‍ കൂട്ടംകൂടി നില്‍ക്കുകയായിരുന്നു. അതവിടെ ചെറുപ്പക്കാരുടെ കുറേ നാളായുള്ള ഒരു ശീലമായിരുന്നു. വെറുതെ സമയം കളയാനുള്ള ഒത്തുചേരല്‍. കൂട്ടത്തില്‍ ചിലര്‍ അതുവഴി ഇടയ്ക്ക് കടന്നുപോകുന്ന സ്ത്രീകളെ ലക്ഷ്യംവെച്ച് ചില കമന്റുകള്‍ പറയാറുണ്ടായിരുന്നു. അന്നും അതുണ്ടായി. ഒരു സ്ത്രീ ആ വഴി നടന്നുപോയി. അവര്‍ ചെറുപ്പക്കാരെ കടന്ന് മുന്നോട്ടു പോയപ്പോള്‍ കൂട്ടത്തിലൊരാള്‍ എന്തോ ഒന്ന് പറഞ്ഞു. അതൊന്നും ഗൗനിക്കാതെ അവര്‍ അവരുടെ വഴിക്കു പോയി. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ കൂട്ടത്തിലൊരാള്‍ കമന്റടിക്കാരനോട് പറഞ്ഞു: ''എടാ ഇത് നിനക്ക് പുലിവാലാകും.'' അയാള്‍ക്ക് ഒന്നും പിടികിട്ടിയില്ല. ഇത്തരം 'കലാപരിപാടികള്‍' കുറച്ചുകാലമായവര്‍ നടത്താറുണ്ടല്ലോ. പിന്നെ, ഇപ്പോള്‍ ഇതില്‍ മാത്രം എന്തു പ്രശ്‌നം ഉണ്ടാകാനാണ്? ''നിനക്ക് ആ സ്ത്രീ ആരാണെന്നറിയാമോ?'' പുലിവാലാകുമെന്ന് പറഞ്ഞ യുവാവ് ചോദിച്ചു. ഇന്ദിരാഗാന്ധി അല്ലായിരുന്നു എന്നറിയാം'' എന്നായി കമന്റടിക്കാരന്‍. ''എടാ, ഇന്ദിരാഗാന്ധി ആയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷേ, ആ സ്ത്രീയുടെ ഭര്‍ത്താവ് പൊലീസുകാരനാണ്. ടൗണ്‍സ്റ്റേഷനിലാണയാള്‍ക്ക് ജോലി.'' ''അപ്പോള്‍ പുലിവാല് പിടിക്കും;'' കൂട്ടത്തിലുള്ളവര്‍ ഓരോന്ന് കൂട്ടിച്ചേര്‍ത്ത് തങ്ങളുടേതായ സംഭാവന നല്‍കി. പൊലീസ് പീഡന കഥകള്‍ പലതും പരാമര്‍ശിക്കപ്പെട്ടു. എല്ലാം കൂടി കേട്ട് കഴിഞ്ഞപ്പോള്‍ സംഭവം പ്രശ്‌നമാകുമോ എന്ന് ആ യുവാവിനു നേരിയ ആശങ്ക ആയെന്നു തോന്നുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ അയാള്‍ പലരോടും പൊലീസ് അറസ്റ്റ് ചെയ്യുമോ എന്നും മറ്റും ചോദിച്ചു. അയാളുടെ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍ അതിവേഗം വളര്‍ന്ന് വലുതാകുകയായിരുന്നു. അവസാനം അയാളതിനു കീഴടങ്ങി; ആത്മഹത്യയിലൂടെ. അപ്പോള്‍ മാത്രമാണ് അയാളുടെ സുഹൃദ്‌സംഘം തിരിച്ചറിയുന്നത്, അവരുടെ 'തമാശകളും' അയാളെ ദുരന്തത്തിലേയ്ക്ക് നയിക്കുകയായിരുന്നുവെന്ന്. ദുരന്ത കഥകളിലെല്ലാം ഒരു വില്ലന്‍ കഥാപാത്രം അനിവാര്യമാണല്ലോ. അതവര്‍ സൗത്ത് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റെ രൂപത്തില്‍ കണ്ടെത്തി. യഥാര്‍ത്ഥത്തില്‍ കമന്റടിക്കപ്പെട്ട സ്ത്രീ അതൊന്നും ശ്രദ്ധിച്ചുപോലുമില്ലായിരുന്നു. പിന്നല്ലെ അവര്‍ ഭര്‍ത്താവിനോട് പരാതിപ്പെടുന്നത്. പക്ഷേ, ഈ വസ്തുനിഷ്ഠ  യാഥാര്‍ത്ഥ്യമല്ലല്ലോ ആ യുവാവിന്റെ മനസ്സില്‍ പതിഞ്ഞത്. മനസ്സാണല്ലോ മനുഷ്യന്റെ പ്രശ്നം. ആന്റണ്‍ ചെഖോവിന്റെ 'ഒരു ഗുമസ്തന്റെ മരണം' എന്ന കഥ പ്രസക്തമാണ്. ഗുമസ്തന്‍ നാടകം കണ്ടുകൊണ്ടിരിക്കെ പെട്ടെന്ന് തുമ്മുന്നു. തന്റെ തുമ്മല്‍ തൊട്ടു മുന്നില്‍ ഇരുന്ന ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ അലോസരപ്പെടുത്തിയോ എന്ന തോന്നല്‍ ഗുമസ്തനുണ്ടാകുന്നു. ഉടന്‍ ക്ഷമ ചോദിച്ചു. എന്നിട്ടും ഗുമസ്തന്റെ മനസ്സ് ശാന്തമായില്ല. വീണ്ടും വീണ്ടും ക്ഷമ ചോദിക്കുന്നു.  ക്ഷമ ചോദിക്കല്‍ ദിവസങ്ങള്‍ നീണ്ട് അസഹ്യമായപ്പോള്‍ ആ ഉദ്യോഗസ്ഥന്‍ പൊട്ടിത്തെറിക്കുന്നു. തകര്‍ന്ന് ജീവച്ഛവമായി വീട്ടിലെത്തുന്ന ഗുമസ്തന്‍ മരിച്ചുവീഴുന്നു. 
അതെ, മനസ്സാണ് പ്രശ്നം.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com