'മഹാമാരിയുടെ രണ്ടാംവരവ്'

ഏകദേശം ഒരു വര്‍ഷം മുന്‍പാണ്, 21 ദിവസത്തെ യുദ്ധം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് 
'മഹാമാരിയുടെ രണ്ടാംവരവ്'

കദേശം ഒരു വര്‍ഷം മുന്‍പാണ്, 21 ദിവസത്തെ യുദ്ധം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. 10 മരണങ്ങളും 500 രോഗബാധിതരുമായിരുന്നു 137 കോടി ജനസംഖ്യയുള്ള ഈ രാജ്യത്ത് അന്നുണ്ടായിരുന്നത്. ലോകത്തെ ഏറ്റവും വലിയ ദുരിതപൂര്‍ണ്ണമായ അടച്ചിടലിന് ഒരുങ്ങാന്‍ മോദി രാജ്യത്തിനു നല്‍കിയത് നാലു മണിക്കൂറുകള്‍ മാത്രമായിരുന്നു. ദുരന്തം കണ്‍മുന്നിലെത്തിയപ്പോള്‍ മറ്റു വഴികളില്ലായിരുന്നുവെന്നാണ് പിന്നീട് അതിനെ ന്യായീകരിക്കാന്‍ കണ്ടെത്തിയ കാരണം. വിഭജനത്തിനു ശേഷമുള്ള ഏറ്റവും വലിയ പലായനത്തിനു സാക്ഷ്യം വഹിച്ച ആ 21 ദിവസത്തെ അടച്ചിടല്‍കൊണ്ട് കൊവിഡ് യുദ്ധം നമ്മള്‍ ജയിച്ചില്ല. അത് ഇപ്പോഴും തുടരേണ്ടിവരുന്നു. ഇളവുകള്‍ പ്രഖ്യാപിച്ച് ലക്ഷ്മണരേഖ മായ്ക്കാന്‍ പറഞ്ഞപ്പോള്‍ കൊവിഡിനൊപ്പം ജീവിക്കുക എന്നതിനോട് നമ്മള്‍ സമരസപ്പെട്ടു. എന്നാല്‍, ആ സമരസപ്പെടലും അധികകാലമില്ലെന്ന് ഇപ്പോള്‍ ബോധ്യപ്പെടുന്നു. കൊവിഡ് ലക്ഷണങ്ങളേക്കാള്‍ പോസ്റ്റ് കൊവിഡ് എന്നതിനാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനുകളില്‍ മുന്‍ഗണന.

പല രാജ്യങ്ങളും കൊവിഡ് നിയന്ത്രിക്കാന്‍ രണ്ടാമതും മൂന്നാമതും ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യ അത്തരമൊരു അടച്ചിടലിനു തയ്യാറായില്ല. ഒരു സാമ്പത്തികദുരന്തം കൂടി താങ്ങാനുള്ള ശേഷി രാജ്യത്തിനില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാകും അത്. മാത്രമല്ല, സെയ്‌റോ സര്‍വ്വേകള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് വളരെയധികം പേര്‍ രോഗബാധിതരായിക്കഴിഞ്ഞു. സ്വാഭാവികമായും വളരെ പെട്ടെന്ന് രോഗം ഇനിയൊരു തിരിച്ചുവരവ് നടത്തില്ലെന്നായിരുന്നു ഒരു കണക്കുകൂട്ടല്‍.  ഈ ധാരണകളെല്ലാം തെറ്റുന്നതാണ് പിന്നീട് കണ്ടത്. ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പുകളെ ബോധപൂര്‍വ്വം അവഗണിക്കാന്‍ ദാരിദ്ര്യത്തിന്റെ നിസ്സഹായത പ്രാപ്തമാക്കി. ലോക്ക്ഡൗണ്‍ എന്ന ആചാരങ്ങളോ ഔപചാരിതകളോ ഇല്ലാതായാണ് കഴിഞ്ഞ ഒരു വര്‍ഷം കടന്നുപോയത്. ഇന്ന് പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം എന്ന നിരക്കിലാണ്. ദിവസവും നാനൂറോളം മരണങ്ങള്‍. 27000 മരണങ്ങള്‍ ഒരു ദിവസമുണ്ടാകുന്ന ഈ രാജ്യത്ത് കൊവിഡ് മരണങ്ങള്‍ അത്ര പരിഭ്രമമുണ്ടാക്കിയേക്കില്ല.

രോഗബാധിതരാകുന്നവരുടെ എണ്ണവും മരണവുമാണ് കൊവിഡിന്റെ വ്യാപനം കണക്കാക്കാന്‍ സാധാരണ സ്വീകരിക്കുന്ന മാര്‍ഗ്ഗം. ഇതുവരെ 1.2 കോടി ആളുകള്‍ രോഗബാധിതരായെന്നാണ് ഔദ്യോഗിക കണക്ക്. അതായത് പതിനായിരം പേരില്‍ 9.02 ശതമാനം നിരക്ക്. കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ പല രാജ്യങ്ങളേക്കാളും മുന്നില്‍. മരണക്കണക്കിലും ഇന്ത്യ പിറകിലല്ല. പ്രതിദിന മരണസംഖ്യ കൂടുതലുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ബ്രസീലും ഇന്ത്യയുമാണ്. ഇന്ത്യയില്‍ ഏപ്രില്‍ ആദ്യ ആഴ്ചയില്‍ 4.64 ലക്ഷം കേസുകളും 2620 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.  എന്നാല്‍, ഇന്‍ഫക്ഷന്‍ ഫാറ്റലിറ്റി റേറ്റ് എന്ന ഘടകമാണ് കൂടുതല്‍ കൃത്യതയുള്ളത്. മൊത്തം രോഗബാധിതരും മരണവും തമ്മിലുള്ള അനുപാതമാണ് ഇത്. സെയ്‌റോ സര്‍വ്വേയിലൂടെയാണ് മൊത്തം രോഗബാധിതരുടെ എണ്ണമെടുക്കുക. സര്‍ക്കാരിന്റെ മുന്‍ സര്‍വ്വേകള്‍ പ്രകാരം ഇന്‍ഫക്ഷന്‍ ഫാറ്റലിറ്റി നിരക്ക് 0.08 ശതമാനമാണ്. യു.എസില്‍ ഇത് 0.6 ശതമാനമാണ്. അതായത് ഇന്ത്യയിലേതിനേക്കാള്‍ എട്ട് മടങ്ങ് കൂടുതല്‍. ഇതില്‍ പകുതിയുടെ ആനുകൂല്യം യുവജനതയാണെന്നതിന്റെ പേരില്‍ ഒഴിവാക്കാം. അതായത്, ജനസംഖ്യയില്‍ യുവതലമുറയായത് ആശ്വാസം എന്നര്‍ത്ഥം. ബാക്കി കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല.

രോഗബാധിതരുടെ എണ്ണം കുറഞ്ഞതിന്റെ ഒരു കാരണം പരിശോധന കുറവാണെന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് മറ്റൊരു നിര്‍ണ്ണായക ഘടകം. മൊത്തം പരിശോധനകളുടെ എണ്ണത്തിന്റേയും പോസിറ്റീവായ റിസല്‍ട്ടിന്റേയും അനുപാതമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണെങ്കില്‍ ശരിയായ പരിശോധനയുടെ നിരക്കായി അതിനെ കണക്കാക്കാവുന്നതാണ്. കണക്കുകള്‍ അനുസരിച്ച് ഡിസംബര്‍ അവസാനത്തോടെ തന്നെ ജനതയില്‍ 21 ശതമാനത്തിനും രോഗം ബാധിച്ചെന്നാണ്. മറ്റുള്ള രാജ്യങ്ങളിലെ സ്ഥിതിയുമായി ഒരു താരതമ്യം സാധ്യമല്ല. കാരണം, ഇന്ത്യ സര്‍വ്വേ നടത്തിയ സമയങ്ങളിലല്ല മറ്റു രാജ്യങ്ങള്‍ സര്‍വ്വേ നടത്തിയിട്ടുണ്ടാകുക. അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ 15 മുതല്‍ 20 ശതമാനം ജനതയെ വരെ ബാധിച്ചിട്ടുണ്ടെന്നാണ് മനസ്സിലായത്. അതുവച്ചു നോക്കുകയാണെങ്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാപനമുണ്ടായത് ഇന്ത്യയിലാണ്. അങ്ങനെ നോക്കിയാല്‍, ഡിസംബറില്‍ 21 ശതമാനം ജനത്തെ ബാധിച്ചെങ്കില്‍ 28 കോടി രോഗികള്‍ ആ സമയത്ത് ഇന്ത്യയിലുണ്ടായിരുന്നു.  

മോശം അവസ്ഥ എന്നല്ല, അതിഗുരുതരമാണ് സ്ഥിതിവിശേഷം- പറയുന്നത് നീതി ആയോഗ് അംഗവും വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ ദേശീയ വിദഗ്ദ്ധസമിതി അംഗവുമായ ഡോ. വി.കെ. പോള്‍.  ആശങ്കയുയര്‍ത്തുന്ന ചില കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. അദ്ദേഹം മാത്രമല്ല, ഈ അപകടസാഹചര്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നത്. രണ്ടാഴ്ച മുന്‍പ് വിരമിച്ച ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞതൊന്നോര്‍ക്കാം, ഉടനടി നടപടിയുണ്ടായില്ലെങ്കില്‍ ഒരു ദുരന്തത്തെ രാജ്യം നേരിടേണ്ടിവരും. ആശുപത്രിക്കിടക്കകള്‍ രോഗികളെക്കൊണ്ട് നിറയും. ഓക്‌സിജന്‍പോലും പര്യാപ്തമല്ലാതായിവരും. കൊവിഡ് ഭീതിയൊഴിയുന്നുവെന്ന സൂചനകളാണ് വര്‍ഷത്തുടക്കത്തിലെ കണക്കുകള്‍ പ്രകടിപ്പിച്ചത്. നാടകീയമായി പുതിയ കേസുകളുടെ എണ്ണം കുറഞ്ഞു. എന്നാല്‍, ഇത് തീവ്രതയേറിയ രണ്ടാംവരവിനുള്ള പിന്‍വാങ്ങലായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പകുതിയോടെയാണ് പ്രതിദിന കേസുകളുടെ എണ്ണം ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. അതിനുശേഷം സമാനമായി വീണ്ടും ഉയരുകയാണ് രോഗബാധിതരുടെ എണ്ണം.

അഞ്ചു ദിവസത്തെ ടെസ്റ്റ് മാച്ചല്ല ഇത്. ട്വന്റി-20 പോലെ വേഗം തീരുന്ന ഒന്നല്ല ഇത്. കളി കഴിഞ്ഞുവെന്ന് ധരിച്ചതാണ് നാം വരുത്തിയ വലിയ പിഴവ്- പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കെ. ശ്രീനാഥ് റെഡ്ഡി പറയുന്നു: ജനുവരിയില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായിരുന്നു. എന്നാല്‍, വേണ്ടത്ര ജാഗ്രത നമ്മുടെ ഇടയിലുണ്ടായില്ല. പലരും മാസ്‌ക് ഉപേക്ഷിച്ചു. ഉപയോഗിക്കുന്നവരാകട്ടെ, അത് നേരാംവണ്ണമല്ല ധരിച്ചത്. തെരുവുകളില്‍ തിരക്കേറി. ആള്‍ക്കൂട്ടങ്ങള്‍ പതിവായി. പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ആഘോഷങ്ങള്‍ പതിവായി. അതുതന്നെയായിരുന്നു പ്രശ്‌നം. ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചതോടെ ഓഫീസുകളിലും ഫാക്ടറികളിലും യാത്രാസംവിധാനങ്ങളിലും മനുഷ്യര്‍ നിരന്നു. അവരെ നിയന്ത്രിക്കുന്നതില്‍നിന്ന് ഭരണാധികാരികളും പിന്നോട്ടുപോയി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ യോഗങ്ങളും റാലികളും നടന്നു. മതപരമായ ചടങ്ങുകള്‍ക്കും അനുമതി നല്‍കി. ആര്‍ജ്ജിത പ്രതിരോധശേഷി നമുക്കുണ്ടെന്ന വിശ്വാസത്തിലാണ് എല്ലാവരും. എന്നാല്‍, അത് തെറ്റാണ്-അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെ മ്പാടും ഇതു തന്നെയാണ് സ്ഥിതി. വികസിതമായ സമ്പന്ന രാജ്യങ്ങളില്‍ വാക്‌സിനുകള്‍ വ്യാപിച്ചതും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവുകള്‍ നല്‍കിയതും ദുഃസ്വപ്നങ്ങള്‍ അവസാനിച്ചുവെന്ന പ്രതീക്ഷ നല്‍കിയിരുന്നു. ഇന്ത്യയിലെ സ്ഥിതി വച്ചു നോക്കിയാല്‍ സമ്പന്ന രാജ്യങ്ങള്‍ക്ക് ആശ്വസിക്കാം. ബ്രിട്ടീഷ് ജനസംഖ്യയില്‍ 58 ശതമാനം പേരെങ്കിലും ഒരു ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞു. അമേരിക്കയില്‍, അധികാരമേറ്റെടുത്ത ശേഷം ആദ്യ നൂറു ദിനത്തിനുള്ളില്‍ 10 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ജോ ബൈഡന്റെ നീക്കം. ഏപ്രില്‍ അവസാനത്തോടെ 20 കോടി പേര്‍ക്കു വാക്‌സിന്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങളാണ് അവിടെ നടക്കുന്നത്.  ഈ പദ്ധതി നടപ്പാക്കാനായി 100 ദിവസം മാസ്‌ക് ധരിക്കാനാണ് ജോ ബൈഡന്‍ അമേരിക്കന്‍ ജനതയോട് ആവശ്യപ്പെട്ടത്.

മുന്‍പു പറഞ്ഞത് ആശാവഹമായ കാര്യങ്ങളായിരുന്നെങ്കിലും ചില കണക്കുകള്‍ കൂടി പരിശോധിക്കപ്പെടേണ്ടതാണ്. മാര്‍ച്ചില്‍ രോഗബാധിതരായവരുടെ എണ്ണത്തില്‍ 47 ശതമാനം വര്‍ദ്ധനയാണുണ്ടായത്. പ്രതിദിന രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു. അതായത് കഴിഞ്ഞവര്‍ഷത്തെ നിരക്കിലേതിനേക്കാള്‍ കൂടുതല്‍. അമേരിക്കയുമായി ഒരു താരതമ്യമില്ലെങ്കിലും ഇന്ത്യയില്‍ വാക്‌സിനേഷന്‍ നിരക്ക് കുറവാണ്. ഇതുവരെ വാക്‌സിനേഷന്‍ ആറു കോടി കഴിഞ്ഞെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പക്ഷേ, ഇതെല്ലാം തന്നെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ളതാണ്. വലിയൊരു വിഭാഗത്തിന് ഇപ്പോഴും വാക്‌സിനേഷന്‍ ലഭ്യമായിട്ടില്ല. വൈറസിന്റെ പുതിയ വകഭേദം യുവാക്കളിലടക്കം ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് ബ്രിട്ടണിലും ബ്രസീലിലുമൊക്കെ കണ്ടത്. ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും പ്രത്യാഘാതമെന്ന് ചുരുക്കം. രോഗത്തിന്റെ തിരിച്ചുവരവിന്റെ അലകള്‍ ആദ്യം കണ്ടത് പടിഞ്ഞാറന്‍ യൂറോപ്പിലായിരുന്നു. പിന്നീട് അമേരിക്കയിലും. തെക്കേ അമേരിക്കയിലും തെക്കനേഷ്യയിലും പശ്ചിമേഷ്യയിലും തുടങ്ങി പല വികസ്വര സാമ്പത്തിക മേഖലകളിലും ഇന്ന് കൊവിഡ് വ്യാപനം കൂടുതലാണ്. മികച്ച ആരോഗ്യസംവിധാനങ്ങളില്ലാത്ത രാജ്യങ്ങളില്‍ രോഗവുമായി സമരസപ്പെടാന്‍ ജനതകള്‍ തയ്യാറെടുത്തു കഴിഞ്ഞു. കൊറോണ എന്നത് ഓസ്ട്രിയന്‍ ചരിത്രകാരന്‍ വാള്‍ട്ടര്‍ ഷെഡല്‍ പറഞ്ഞതുപോലെ ഒരു സമീകരണ  പ്രതിഭാസമെന്ന തോന്നലാണ്  കഴിഞ്ഞ വര്‍ഷത്തെ  ഏറെ ദിവസവും ഉണ്ടാക്കിയത്. മനുഷ്യ അസമത്വങ്ങളെ കുറയ്ക്കുന്ന യുദ്ധം, വിപ്ലവം, മഹാമാരി, ഭരണകൂടത്തിന്റെ പരാജയം എന്നിവ പോലുള്ള ഒന്നായിട്ടാണ് ഇതിനെ കണ്ടത്.

കാശുള്ളവനേയും ഇല്ലാത്തവനേയും ഒരുപോലെ ഈ ദുരിതം ബാധിക്കും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ദുരന്തങ്ങളെ അസമത്വങ്ങളെ ഇല്ലാതാക്കുന്ന ഒന്നായി വിലയിരുത്തപ്പെടാറുണ്ട്. കൊവിഡ് മൂലമുള്ള മരണങ്ങളില്‍ 46 ശതമാനവും സമ്പന്നമായ അമേരിക്കയിലും ബ്രിട്ടണിലും യൂറോപ്യന്‍ യൂണിയനിലുമായിരുന്നു. ഇത് സാവധാനം മാറുകയാണ്. ദരിദ്രരും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്തവരും രോഗത്തിനു കീഴ്പെടുന്നു. ആരോഗ്യശാസ്ത്രത്തില്‍ കൈവരിച്ചെന്ന് അവകാശപ്പെടുന്ന നേട്ടം ഒരു വിഭാഗം ജനങ്ങള്‍ക്ക് അന്യമാകുന്നു. ദീര്‍ഘകാലം യു.എസാണ് കൊവിഡ് രോഗബാധിതരുടേയും മരണനിരക്കിലും മുന്നില്‍ നിന്നതെങ്കില്‍ ഇന്നത് മാറി ബ്രസീലിനു പിന്നിലാണ്. ബ്രിട്ടനാകട്ടെ, ബംഗ്ലാദേശിനും ഫിലിപ്പീന്‍സിനും പിന്നില്‍. എന്നാല്‍, ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങളുടെ കാര്യം സങ്കീര്‍ണ്ണമാണ്.

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് നമ്മുടേത്. ആദ്യഘട്ടത്തില്‍ കുത്തിവെയ്പ് എടുക്കാന്‍ ലക്ഷ്യമിടുന്നത് 50 കോടി ജനങ്ങള്‍ക്ക്. രണ്ട് മാസം പിന്നിടുമ്പോള്‍ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഏഴു ശതമാനം മാത്രമാണ് നമുക്ക് കൈവരിക്കാനായത്. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ ബാക്കിയുള്ള 93 ശതമാനം എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ അഞ്ച് മാസം വേണം. അതായത്, 137 ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിദിനം 36.5 ലക്ഷം വാക്‌സിനേഷന്‍ നടക്കണം. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരും മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നല്‍കിയ വാക്‌സിന്‍ മാര്‍ച്ച് ഒന്ന് മുതലാണ് 60 വയസ്സിനു മുകളിലുള്ളവര്‍ക്കായി തുടങ്ങിയത്. പിന്നീട് 45 വയസ്സിനു മുകളിലുള്ളവരേയും ആ പട്ടികയില്‍ ഉള്‍പ്പെടുത്തി. 20 പ്രത്യേക അനാരോഗ്യാവസ്ഥയുള്ളവരെയായിരുന്നു ഇതിനായി പരിഗണിച്ചത്. ഇന്ത്യയില്‍ മരിക്കുന്ന കൊവിഡ് രോഗികളില്‍ 73 ശതമാനവും ഹൃദ്രോഗമോ ശ്വാസകോശ രോഗങ്ങളോ പ്രമേഹമോ ഉള്ളവരാണെന്നതാണ് ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിച്ചത്. എന്‍.സി.ഡിയുടെ കണക്ക് അനുസരിച്ച് കൊവിഡ് വരുന്നതിനു മുന്‍പുതന്നെ 2016-ല്‍ ഇന്ത്യയിലെ മരണങ്ങളില്‍ 28 ശതമാനവും ഹൃദയരോഗങ്ങള്‍ കൊണ്ടായിരുന്നു. ശ്വാസകോശ രോഗങ്ങളുള്ളവരുടെ എണ്ണം അഞ്ചരക്കോടിയാണ്, അതും അഞ്ച് വര്‍ഷം മുന്‍പ് വരെയുള്ള കണക്ക് അനുസരിച്ച്. 2019-ലെ ഇന്റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷന്റെ കണക്ക് അനുസരിച്ച് ഏഴരക്കോടി പ്രമേഹരോഗികള്‍ ഇന്ത്യയിലുണ്ട്. 11.6 കോടി പ്രമേഹരോഗികളുള്ള ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഇത്രയും വരുന്ന വലിയ ജനതയ്ക്ക്, ഏറ്റവും കുറഞ്ഞസമയത്തിനുള്ളില്‍ വാക്‌സിന്‍ നല്‍കുകയെന്നതാണ് വെല്ലുവിളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com