ഡോക്ടര്‍ അഷീല്‍ ആരോഗ്യമന്ത്രി കെകെ  ശൈലജ
ഡോക്ടര്‍ അഷീല്‍ ആരോഗ്യമന്ത്രി കെകെ ശൈലജ

അതുകൊണ്ട് ഡോ.അഷീൽ, സ്വന്തം പേരിനെ ഭയക്കാതെ, സത്യം തുറന്നു പറയൂ; താഹ മാടായി എഴുതുന്നു

തൃശൂർ പൂരം നടക്കുന്നതും ഉത്സവപ്പറമ്പാണ്, ' അഭിപ്രായവുമായി മുസ്ലിംകൾ വരണ്ട ' എന്ന ഒരു ബോർഡ് കമൻ്റ് ബോക്സിൽ പ്രത്യക്ഷപ്പെടുമോ എന്ന് ഡോ.അഷീൽ ഭയക്കുന്നു.

'തൃശൂർ പൂരം 'നടത്തരുത് എന്ന് പറയാൻ ഡോക്ടർ അഷീലിന് സ്വന്തം പേര് എന്തിനാണ് തടസ്സമാകുന്നത്? ഒരു മുസ്ലിമായത് കൊണ്ട് മലയാളികളെ പൊതുവെ ബാധിക്കുന്ന കാര്യം തുറന്നു പറയുന്നതിന് എന്തിന് ഭയപ്പെടണം? 'ഭയം എന്ന നിശാസ്ത്രം' , മാധവിക്കുട്ടി എഴുതിയ കവിതയുടെ പേരാണ്. മാധവിക്കുട്ടി  ഭയം എന്ന നിശാവസ്ത്രം ഊരി വെച്ച് കമലാ സുരയ്യ ആയ കേരളത്തിലിരുന്നു കൊണ്ടാണ്, '  സ്വന്തം പേരിൽ  അഭിപ്രായം പറയാൻ പേടിക്കുന്നു ' എന്നു ഒരു യുവ ഡോക്ടർ പറയുന്നത്.ഭയം ,മഞ്ഞു പോലെ മുസ്ലിമുകളിലേക്ക് ഇറങ്ങുകയാണോ? അവർ സ്വയം അതിൽ തണുത്തു വിറച്ചു നിൽക്കുകയാണോ? അതും ഈ കോവിഡ് വേനലിൽ? ഹിന്ദുവായിരുന്ന മാധവിക്കുട്ടിക്ക് മുസ്ലിമാകാനും പേര് കമലാ സുരയ്യാ ആക്കാനുമില്ലാതിരുന്ന ഭയം എന്തിന് ഡോ.അഷീൽ ഈ കേരളത്തിൽ വെച്ചു പുലർത്തുന്നു?

കോവിഡ് പോലെയുള്ള രോഗം, ഏതു വൈറസ് രോഗം പോലെയും പടരാൻ സാധ്യതയുണ്ട് എന്ന ശാസ്ത്രാവബോധമാണ് നമ്മിൽ ഉണ്ടാവേണ്ടത്. അത്, മതരഹിത രോഗമാണ്. ആ ശാസ്ത്ര സത്യം തുറന്നു പറയാൻ പേര് ഒരു തടസ്സമാകുന്നു എന്നു തോന്നുന്നത്, അതിവൈകാരികമായ ഒരു സ്വത്വ ഭയം ഉള്ളിൽ പേറുന്നതു കൊണ്ടാണ്. 'മുസ്ലിങ്ങൾക്ക്  ഉത്സവപ്പറമ്പിൽ പ്രവേശനമില്ല" എന്ന ആ ബോർഡ്, വടക്കേ മലബാറുകാരനായ ഡോ.അഷീലിൻ്റെ ഉള്ളുലച്ചിട്ടുണ്ടാവണം. തൃശൂർ പൂരം നടക്കുന്നതും ഉത്സവപ്പറമ്പാണ്, ' അഭിപ്രായവുമായി മുസ്ലിംകൾ വരണ്ട ' എന്ന ഒരു ബോർഡ് കമൻ്റ് ബോക്സിൽ പ്രത്യക്ഷപ്പെടുമോ എന്ന് ഡോ.അഷീൽ ഭയക്കുന്നു. ആ ഭയം മാധവിക്കുട്ടിയും വൈക്കം മുഹമ്മദ് ബഷീറും കലാമണ്ഡലം ഹൈദരലിയും ജീവിച്ച നാട്ടിൽ ഉളളിൽ കൊണ്ടു നടക്കേണ്ട ഒരു വികാരമല്ല. ഇങ്ങനെ സ്വന്തം പേരിൽ അഭിപ്രായം പറയാൻ ഭയം ഉള്ളിൽ പേറുന്ന ആൾക്ക് ' പൂരം നടത്തരുത് ' എന്നു പറയാൻ കഴിയാത്തതു പോലെ "ഉറൂസ് നടത്തരുത് " എന്നു പറയാനും സാധിക്കില്ല. "ഉറൂസ് നടത്തരുത് എന്നു പറയാൻ നിങ്ങളാരാ, ഇവിടെ മുസ്ലിം മത പണ്ഡിതരില്ലേ?' എന്ന ചോദ്യം വരും.

കുഞ്ഞിമങ്ങലം മല്ലിയോട്ട് കാവിൽ പ്രത്യക്ഷപ്പെടുകയും പിൻവലിക്കുകയും ചെയ്ത ആ ബോർഡിനെ കുറിച്ച് അഭിപ്രായം തുറന്നെഴുതിയ എത്രയോ മുസ്ലിംകളുണ്ട്. ആ അഭിപ്രായം പറഞ്ഞതു കൊണ്ട് അവരാരും ഹിന്ദുക്കളാൽ ഇരയാക്കപ്പെട്ടിട്ടില്ല. ആ ബോർഡ് അവിടെ നിന്ന് എടുത്തു മാറ്റുകയാണുണ്ടായത്.

എൻ്റെ ഉപ്പയുടെ നാട് കുഞ്ഞി മങ്ങലമാണ്. മൈത്രിയുള്ള നാടാണ്. 'മങ്ങലങ്ങളി'ൽ  അന്യോന്യം പങ്കു ചേരുമ്പോഴും ഉത്സവകാലങ്ങളിൽ അൽപം അകന്നു നിൽക്കുന്ന ഒരു ആചാര പ്രകൃതം മുമ്പേ അവിടെയുണ്ട്. എങ്കിലും, അടിസ്ഥാന ദേശ ഭാവം മൈത്രിയാണ്. ഹിന്ദു ജാതി /ഉപജാതികൾ തമ്മിൽ പ്രകടിപ്പിക്കുന്ന ജാതി ഈർഷ്യകൾ ഹിന്ദുക്കളും മുസ്ലിംകളും  തമ്മിൽ അവിടെയില്ല. അവിടെയുള്ള തീയ്യരും മണിയാണികളും പൊതുവാൾമാരും തമ്മിൽ കാണിക്കുന്ന അകൽച്ച മുസ്ലിംകളും പൊതു ഹിന്ദു സമൂഹവും തമ്മിൽ ഇല്ല. തീർച്ചയായും ഹിന്ദുത്വ ഫാസിസത്തിൻ്റെ പ്രതീക ബിംബങ്ങളെ പൊതു ഹിന്ദു ചിഹ്നമായി അവതരിപ്പിക്കാനും ഫ്യൂഡൽ പുനരുത്ഥാന ശ്രമങ്ങൾ ഗ്രാമീണ തലത്തിൽ നടക്കുന്നുണ്ട് എന്നത് സത്യമാണ്.' അജയ്യം' എന്ന പ്രതീതി ജനിപ്പിക്കാനും തീവ്ര ഹിന്ദുത്വത്തിന് ഇന്ത്യയിൽ മറ്റിടങ്ങളിൽ സാധിക്കുന്നുണ്ട്. എന്നാൽ ,ഈ ' അജയ്യ 'ശക്തിയെ ഉറച്ച മതേതര ബോധം കൊണ്ട് രാഷ്ട്രീയമായി പ്രതിരോധിച്ച ചരിത്രം കേരളത്തിനുണ്ട്. മതേതരത്വമെന്നത് കേരളത്തിൽ 'വെളിച്ചത്തിൽ തന്നെ നിൽക്കുന്ന ' ഒരു വസ്തുതയാണ്. ജീവിത സംബന്ധിയായ നീറുന്ന പ്രശ്നങ്ങൾ വരുമ്പോൾ, ഒരു ആരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ തന്നെ ഡോ.അഷീൽ താങ്കൾ അഭിപ്രായം തുറന്നു പറയൂ. മുസ്ലിം പേര് അതിന് തടസ്സമാകുന്നു എന്ന ഭയം എന്ന നിശാവസ്ത്രം ഊരി വെക്കൂ.

അപ്പോൾ കേരളത്തിൽ നാം ആരെയാണ് ഭയക്കേണ്ടത് എന്ന ചോദ്യം ന്യായമായും വരാം. നാം, മലയാളികൾ അൽപമെങ്കിലും ഭയക്കേണ്ടത്, കോൺഗ്രസ്സിനെയാണ് .ആചാര സംരക്ഷകരായ കോൺഗ്രസ്സുകാരെ. നമ്മുടെ ജൈവമായ ജീവിത സന്ദർഭത്തെ പ്രചോദിപ്പിക്കുന്ന ഒന്നും കോൺഗ്രസ്സിൽ നിന്ന് നാം പ്രതീക്ഷിക്കണ്ട. ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും രക്ഷാകർതൃത്വം ഏറ്റെടുത്ത് അവർ അധികാരത്തിനു വേണ്ടിയുള്ള ഇരട്ടത്താപ്പുകൾ തുടർന്നുകൊണ്ടിരിക്കും.

അതു കൊണ്ട് ഡോ.അഷീൽ, സ്വന്തം പേരിനെ ഭയക്കാതെ, തുറന്നു പറയൂ, താങ്കളുടെ അഭിപ്രായങ്ങൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com