പി ബാലചന്ദ്രൻ; നാടകവേദിയുടെ നഷ്ടം

ബാലചന്ദ്രന്‍ എന്ന നാടകകൃത്തിന്റെ അസാന്നിദ്ധ്യം നാടകവേദിക്കുണ്ടാക്കിയ നഷ്ടം അപരിഹാര്യമാണ് എന്നതാണ് ആ വിയോഗത്തിന്റെ ആഴം  സൂചിപ്പിക്കുന്നത്
പി ബാലചന്ദ്രൻ/ ഫെയ്സ്ബുക്ക്
പി ബാലചന്ദ്രൻ/ ഫെയ്സ്ബുക്ക്

കൂടെ പഠിച്ചവര്‍ക്കും ജ്യേഷ്ഠസ്ഥാനീയനായിരുന്ന പി. ബാലചന്ദ്രന്‍ എന്ന നാടക വിദ്യാര്‍ത്ഥിയുടെ നാടകപഠനകാലവും അതിനുമുന്‍പു ബിരുദാനന്തര ബിരുദപഠനം വരെയുള്ള സ്‌കൂള്‍ കോളേജ് കൗമാരയൗവ്വനകാലവും നാടകവുമായി ഇഴയടുപ്പമുള്ള കഥകളും അനുഭവങ്ങളും ചേര്‍ന്നതാണ്. ഈ പശ്ചാത്തലമാണ് ആ യുവാവിനെ സഹപാഠികളെക്കാളൊക്കെ ആറും ഏഴും വയസ്സുവരെ മൂപ്പുള്ള ചേട്ടനും സുഹൃത്തുമായി അവര്‍ക്കൊപ്പം പഠിതാവായി, നാടകം ശാസ്ത്രീയമായി പഠിക്കുന്നതിനുള്ള കലാശാലയില്‍ എത്തിച്ചത്. ജി. ശങ്കരപ്പിള്ളതന്നെയായിരുന്നു തലതൊട്ടപ്പന്‍. ശങ്കരപ്പിള്ളയുടെ അതേ ജനുസില്‍ പി. ബാലചന്ദ്രന്‍ എന്ന പേരും നാടകചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു എന്നതാണ് കാലം കണ്ടറിഞ്ഞ ആ ജീവിതരേഖ. പക്ഷേ, ഏറ്റവും വലിയ ദുഃഖവും മറ്റൊന്നല്ല. ആ വിയോഗം നാടകത്തിന്റെ നഷ്ടമാണ്. നാടകത്തിന് ഏറ്റ പ്രഹരത്തോളം മറ്റെങ്ങും ഉണ്ടാവാനിടയില്ല ബാലചന്ദ്രനെന്ന നാടകകൃത്തിന്റെ അസാന്നിദ്ധ്യം. മലയാള നാടകവേദിയില്‍ ഉന്നതശീര്‍ഷരായ എഴുത്തുകാര്‍ക്കൊപ്പം ചേര്‍ത്തു വായിക്കപ്പെട്ട നാമധേയം എന്ന നിലയില്‍ ആ തൂലികയില്‍നിന്നും കിട്ടേണ്ടിയിരുന്ന സംഭാവനകള്‍ പൂര്‍ണ്ണമായും ലഭ്യമായില്ല എന്നതോ ഇനിയും ലഭ്യമാകാനിരിക്കുന്നതേ ഉള്ളൂ എന്നതോ ആണ് സന്ദിഗ്ദ്ധമായ തോന്നല്‍. അതുകൊണ്ടാണ് പി. ബാലചന്ദ്രന്റെ ആകസ്മികമായ വിയോഗം അദ്ദേഹം വ്യാപരിക്കുകയും പ്രവര്‍ത്തിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്യപ്പെട്ട ഇതര കലാസാംസ്‌കാരിക മേഖലയായ ചലച്ചിത്രരംഗത്തിനു സംഭവിച്ചതിനേക്കാളേറെ ഗുരുതരമായ അഭാവമായി നാടകപ്രവര്‍ത്തകര്‍ വിലയിരുത്തുന്നതും ആ ശൂന്യതയുടെ കടുത്ത നിരാശയും സങ്കടവും തങ്ങളുടെ പ്രിയപ്പെട്ട ബാലേട്ടന്റെ നാടകക്കൂട്ടുകാര്‍ അനുഭവിക്കുന്നതും. നാടക രചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, നടന്‍, അദ്ധ്യാപകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയെങ്കിലും ബാലചന്ദ്രന്‍ എന്ന നാടകകൃത്തിന്റെ അസാന്നിദ്ധ്യം നാടകവേദിക്കുണ്ടാക്കിയ നഷ്ടം അപരിഹാര്യമാണ് എന്നതാണ് ആ വിയോഗത്തിന്റെ ആഴം സൂചിപ്പിക്കുന്നത്.

ശാസ്താംകോട്ടയിലെ നാടകക്കളരി

മലയാള ഭാഷയില്‍ നേടിയ ബിരുദാനന്തര ബിരുദം എന്ന യോഗ്യത എഴുത്തുകാരനാവാന്‍ നല്ല ആത്മബലമായിരുന്നിരിക്കാം. എങ്കിലും നാടകത്തിലേക്കത് വഴിത്തിരിവാകാന്‍ എളുപ്പമാകണമെന്നില്ല. അതിനു തക്കതായ ഉള്‍വിളി ഉണ്ടാവണം. 1967ല്‍ 15 വയസ്സുള്ളപ്പോള്‍ സ്വന്തം നാടായ ശാസ്താംകോട്ടയില്‍ നടന്ന നാടകക്കളരി മുഖ്യഹേതുവാകുന്നു എന്നു കരുതുന്നത് ഇക്കാരണത്താലാണ്. എം. ഗോവിന്ദന്‍, സി.എന്‍. ശ്രീകണ്ഠന്‍നായര്‍, ജി. ശങ്കരപ്പിള്ള, എം.വി. ദേവന്‍, കെ.എസ്. നാരായണപിള്ള, കെ. അയ്യപ്പപ്പണിക്കര്‍, ജി. അരവിന്ദന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശാസ്താംകോട്ടയില്‍ ആരംഭിച്ച നാടകക്കളരിയാണ് പി. ബാലചന്ദ്രന്റെ കലാജീവിതത്തിനു വഴിത്തിരിവായി എന്നതു ചരിത്രം. അദ്ധ്യാപകനായിരുന്ന ജി. ശങ്കരപ്പിള്ളയുമായുള്ള അടുപ്പവും ബന്ധവും മറ്റൊന്ന്. 

തുടര്‍ന്ന് സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പ്രഥമ ബാച്ചിലെ (1978) വിദ്യാര്‍ത്ഥി ആകാനുള്ള നിമിത്തവും. പക്ഷേ, ഇതിനോടകം തന്നെ ഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും നാടകക്കളരി പ്രസ്ഥാനത്തെക്കുറിച്ചും ഗുരുമുഖത്തുനിന്നും സാമാന്യം അനുഭവജ്ഞാനവും ധാരണയും ഉണ്ടായിരുന്ന ബാലചന്ദ്രന്‍ നിരവധി നാടകങ്ങള്‍ എഴുതി ശ്രദ്ധ നേടി എന്നുള്ളതാണ് വാസ്തവം. ഡി.ബി. കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ് ആദ്യ നാടകമെഴുതിയത് എന്നും 1972ല്‍ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ്തല മത്സരത്തില്‍ 'താമസി' എന്ന നാടകത്തിനു ഒന്നാം സ്ഥാനം ലഭിച്ചു എന്നും വാര്‍ത്തകളുണ്ട്. പി. ബാലചന്ദ്രന്‍ എന്ന പേര് മുഖ്യമാദ്ധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത് '75'77 കാലത്താണ്. 'മകുടി' എന്ന നാടകം കേരള സര്‍വ്വകലാശാലാ നാടകോത്സവത്തില്‍ മികച്ച നാടകമായി അമച്ച്വര്‍ നാടകവേദിയില്‍ ചലനം സൃഷ്ടിച്ചു. ചെണ്ട, മഴു എന്നീ നാടകങ്ങള്‍ പുറത്തുവന്നതോടെ തനതു നാടകവേദിയില്‍ ബാലചന്ദ്രന്‍ താരമായി. പ്രഹേളിക, മകുടി, ചെണ്ട തുടങ്ങിയ നാടകങ്ങള്‍ കലാശാലായുവജനോത്സവ വേദികളിലൂടെ യുവഹൃദയങ്ങളില്‍ പതിഞ്ഞു. ഒപ്പം നാടകകൃത്ത് എന്ന നിലയില്‍ പി. ബാലചന്ദ്രന്‍, നടനെന്ന നിലയില്‍ അഹമ്മദ് മുസ്‌ലിം എന്നീ പേരുകളും. സമാന്തരമായി ഇതേ കാലയളവില്‍ വടക്കന്‍ കേരളത്തില്‍ ഉദയം ചെയ്ത പേരാണ് പില്‍ക്കാലത്ത് സഹപാഠികൂടിയായി ഡ്രാമ സ്‌കൂളില്‍ ഒപ്പം ചേര്‍ന്ന ജോസ് ചിറമ്മല്‍. ഡ്രാമ സ്‌കൂളിലെ പഠനവും ജി. ശങ്കരപ്പിള്ളയും കാവാലം നാരായണപ്പണിക്കരും പോലുള്ള മഹാരഥന്മാരുമായുള്ള അടുപ്പവും നരേന്ദ്രപ്രസാദ്, ഡി. വിനയചന്ദ്രന്‍, മുരളി, നെടുമുടി വേണു, വി.സി. ഹാരിസ് തുടങ്ങിയവരൊത്തുള്ള സഹവാസകാലവും ശ്യാമപ്രസാദ്, ദിലീപ്, വേണു, വിത്സന്‍, ശിവാനന്ദന്‍, ശിവകരന്‍, ജയസൂര്യ, ഗീത, ജോസ് ചിറമ്മല്‍, സന്ധ്യാ രാജേന്ദ്രന്‍ തുടങ്ങിയ പ്രമുഖ സഹപാഠികളും ഒത്തുളള വിദ്യാഭ്യാസകാലവും എല്ലാം ബാലചന്ദ്രനിലെ പ്രതിഭയെ തേച്ചുമിനുക്കാനുപകരിച്ച അദ്ധ്യായമാണ്. 

കൊല്ലം കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി രണ്ടു പ്രൊഫഷണല്‍ നാടകങ്ങള്‍ എഴുതിയത് ശ്രദ്ധിക്കപ്പെടുകയും അതില്‍ പ്രതിരൂപങ്ങള്‍ ഏറെ പ്രശംസാര്‍ഹമായ അംഗീകാരങ്ങള്‍ നേടുകയും ചെയ്‌തെങ്കിലും മലയാള പ്രൊഫഷണല്‍ നാടകവേദിയും ബാലചന്ദ്രനിലെ എഴുത്തുകാരനെ വേണ്ടത്ര ഉള്‍ക്കൊണ്ടില്ല എന്നതും ചിന്തിക്കാനുള്ള വിഷയമാകുന്നുണ്ട്. കാളിദാസ കലാകേന്ദ്രത്തിന്റെ നാടകമായ പ്രതിരൂപങ്ങളില്‍ ബാബു കലാശാല, വിജയകുമാരി, ഇ.എ. രാജേന്ദ്രന്‍, സന്ധ്യാരാജേന്ദ്രന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളായി തിളങ്ങുകയും ബാബു കലാശാലയുടെ നക്‌സല്‍ബാരി റോയിയും സന്ധ്യയുടെ കഥാപാത്രവും പി. ബാലചന്ദ്രനെന്ന രചയിതാവും പ്രതിരൂപങ്ങള്‍ എന്ന ആ നാടകത്തിലൂടെ പ്രേക്ഷകരില്‍ മതിപ്പുളവാക്കിയ അനുഭവമാണ്. മകുടി, ചെണ്ട, പ്രഹേളിക, പാവം ഉസ്മാന്‍, മായാസീതാങ്കം, മാറാമറയാട്ടം, നേരമ്പോക്ക് തുടങ്ങി വളരെക്കുറച്ചു നാടകങ്ങള്‍ മാത്രമാണെഴുതിയിട്ടുള്ളതെങ്കിലും വ്യത്യസ്തമായ രചനാരീതി പ്രകടമാകുന്ന അവയുടെ ഗൗരവപൂര്‍വ്വമായ വായനയും പഠനവും കൂടുതല്‍ രംഗാവതരണ സാദ്ധ്യതകളും അന്വേഷിക്കാന്‍ അദ്ദേഹം പ്രവര്‍ത്തിച്ച സ്‌കൂള്‍ ഓഫ് ഡ്രാമയുടെ റെപെര്‍ടറി തിയേറ്റര്‍ ആയ കള്‍ട്ടിനും എം.ജി. സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിനും കൂടുതല്‍ ബാദ്ധ്യതയുണ്ടെന്നു കരുതാം.

ഏകാകി, ലഗോ, തീയേറ്റര്‍ തെറപ്പി, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്‌സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു. നാടകത്തെക്കാളേറെ സിനിമയിലേക്കുള്ള ആ വഴിമാറ്റം വ്യക്തിജീവിത വിജയത്തിന് അനിവാര്യമായിരുന്നെങ്കിലും നാടകത്തിനു ലഭിക്കുമായിരുന്ന വലിയ തണല്‍ അക്കാരണത്താല്‍ കുറഞ്ഞുപോയി എന്നതും നാടകക്കാരെ പരിപോഷിക്കുന്നതിനു നാം എത്രമാത്രം ജാഗ്രത കൈവിടുന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പാവം ഉസ്മാന്‍), സംസ്ഥാന പ്രഫഷണല്‍ നാടക അവാര്‍ഡ് (പ്രതിരൂപങ്ങള്‍), മികച്ച നാടകരചനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് എന്നിവയാണ് നാടകപ്രവര്‍ത്തനത്തിനു ലഭിച്ചിട്ടുള്ള അംഗീകാരങ്ങള്‍.

ഉള്ളടക്കം, പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍, പുനരധിവാസം, അഗ്‌നിദേവന്‍, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു തിരക്കഥയൊരുക്കി. 'ഇവന്‍ മേഘരൂപന്‍' എഴുതി സംവിധാനം ചെയ്തു. ട്രിവാന്‍ഡ്രം ലോഡ്ജ്, ബ്യൂട്ടിഫുള്‍, ഹോട്ടല്‍ കാലിഫോര്‍ണിയ, ഇമ്മാനുവല്‍, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചാര്‍ളി, ശിവം, ജലമര്‍മ്മരം, കമ്മട്ടിപ്പാടം, വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം, വണ്‍ തുടങ്ങി നാല്‍പ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് (തിരക്കഥ  പുനരധിവാസം), മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അവാര്‍ഡ് (ഇവന്‍ മേഘരൂപന്‍) തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com