ടിജെഎസ് ജോർജ്
ടിജെഎസ് ജോർജ്

'മലയാളിയുടെ സ്വത്ത്'- വര്‍ത്തമാനകാലത്തിന്റെ തിളങ്ങുന്ന രേഖ; ടിജെഎസ് ജോര്‍ജിന്റെ പുസ്തകത്തെക്കുറിച്ച്

ര്‍ത്തമാനകാലം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളില്‍ അനുതാപം രേഖപ്പെടുത്തിയും അവയില്‍നിന്ന് അകന്നുമാറിനിന്ന് മൂര്‍ച്ചയേറിയ പരിഹാസം ചൊരിഞ്ഞ് എഴുതുന്ന ലേഖകന്‍ താന്‍ ജീവിച്ചിരിക്കുന്ന കാലത്തിന്റെ സാക്ഷിയാവുകയാണ് 

സിനിമയില്‍ ചാര്‍ളി ചാപ്ലിന്‍ സൃഷ്ടിച്ച അതേ അത്ഭുതങ്ങള്‍, അക്ഷരങ്ങളിലൂടെ ബഷീര്‍ സൃഷ്ടിച്ചു' എന്ന വാക്യവുമായി അവസാനിക്കുന്ന ബഷീറിന്റെ അനശ്വരത എന്ന ലേഖനത്തിലെ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്. 'ബഷീറിലെ മറ്റൊരു പ്രതിഭയുമായി താരതമ്യപ്പെടുത്തണമെങ്കില്‍ മലയാളത്തിലും സാഹിത്യത്തിലും നിന്ന് പുറത്തുകടക്കണമെന്നതാണ് വാസ്തവം. ചാര്‍ളി ചാപ്ലിന്‍ ഉചിതമായ സാമാന്യ വ്യക്തിത്വമാണ്. അതിലും അനുയോജ്യമായി എനിക്ക് തോന്നിയിട്ടുള്ളത്, ബഷീറും എം.എഫ് ഹുസെയ്‌നും തമ്മിലുള്ള സാദൃശ്യമാണ്. ഇരുമെയ്യാണെങ്കിലും ഒരാത്മാവ്  എന്നപോലെ. അന്യോന്യം അറിയാതെ സമാന്തര പാതകളില്‍ക്കൂടെ അവര്‍ സഞ്ചരിച്ചു. ഒന്നുമില്ലായ്മയില്‍ വളര്‍ന്നു. സ്വന്തം അനുഭവങ്ങളില്‍ക്കൂടെ ലോകവീക്ഷണം രൂപപ്പെടുത്തി. മതത്തെ സ്വീകരിക്കുമ്പോഴും മതത്തിന്റെ പോരായ്മകളെ തിരിച്ചറിഞ്ഞ ധൈര്യശാലികള്‍. അതിശയമെന്നു പറയട്ടെ, ഇരുവര്‍ക്കും ചെരിപ്പിടാന്‍ ഇഷ്ടമില്ലായിരുന്നു. എഴുത്തിന്റെ ഹുസെയ്‌നായിരുന്നു ബഷീര്‍. വരയുടെ ബഷീറായിരുന്നു ഹുസെയ്ന്‍. ഇവര്‍ക്കു മരണില്ല.' പ്രധാനമായും ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത് സമൂഹത്തിന്റെ മിഥ്യകളേയും പൊങ്ങച്ചങ്ങളേയും പച്ചയായി തുറന്നുകാട്ടുന്ന ബഷീറിന്റെ സ്ഥിരം പരിപാടിയിലൂടെ ഊര്‍ന്നു വികസിച്ച ബഷീറിയന്‍ ശൈലി താന്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ മൗലികതയിലേക്ക് കടന്നുചെല്ലാന്‍ സരളമായ വഴി വെട്ടിത്തുറക്കുകയുണ്ടായിയെന്ന് ലേഖകന്‍ എഴുതുന്നു. 

മനുഷ്യത്വത്തിന്റെ പച്ച തുടച്ചുമാറ്റി പാര്‍ട്ടിയുടെ ചുവപ്പില്‍ മുഴുകിനില്‍ക്കാന്‍ സാധിക്കാതെ പോയ ഒരു നാട്ടുകാരന്‍. ചുവപ്പിന്റെ കീഴില്‍ നില്‍ക്കുമ്പോഴും തന്റെ ബൗദ്ധിക പ്രതിബദ്ധതയുടെ പച്ചയായ സ്വഭാവം നിലനിര്‍ത്താന്‍ സാധിച്ചുയെന്നതായിരുന്നു പി.ജിയുടെ യഥാര്‍ത്ഥ വിജയമെന്ന് അടിവരയിടുന്ന 'ചുവപ്പിനുള്ളിലെ പച്ച' എന്ന ലേഖനം പി. ഗോവിന്ദപ്പിള്ളയുടെ ബഹുമുഖ വ്യക്തിത്വം ചര്‍ച്ച ചെയ്യുന്നു. അതിന്റെ അനുബന്ധമായി വായിക്കാവുന്നതാണ് പി.കെ.വി നന്മയുടെ സൗന്ദര്യം എന്ന ലേഖനം. നര്‍മ്മം കലര്‍ന്ന ഒരു മന്ദഹാസത്തോടെ ചുറ്റുപാടുകളോട് പ്രതികരിച്ചിരുന്ന പി.കെ. വാസുദേവന്‍ നായര്‍ ആദര്‍ശശുദ്ധിയുടെ കാലത്തെ പ്രതിനിധീകരിച്ചതിനു പുറമെ നന്മയുടെ സൗന്ദര്യവും പകര്‍ന്നു.

മതേതര ജനാധിപത്യത്തിലെ ബലിഷ്ഠമായ സ്തൂപമായി വിശേഷിപ്പിക്കപ്പെടുന്ന മാദ്ധ്യമ മേഖല ഉപ്പുതൂണായി മാറിയ ദുരന്തത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് പത്രാധിപരെ ആവശ്യമില്ലെന്ന ലേഖനം. അലഹബാദില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ലീഡര്‍' എന്ന ദിനപത്രത്തിന്റെ പത്രാധിപരായിരുന്ന  സി.വൈ. ചിന്താമണി വ്യക്തിസ്വാതന്ത്ര്യത്തിനും അതുവഴി അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നടത്തിയിരുന്ന ഐതിഹാസികമായ യുദ്ധങ്ങളാണ് ആ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്. ആ യുദ്ധങ്ങള്‍ക്ക് വഴിതെളിയിച്ച നൈതികത തിരിച്ചറിയാന്‍ അക്കാലത്ത് ഒരു മോത്തിലാല്‍ നെഹ്‌റുവും ഒരു മദന്‍ മോഹന്‍ മാളവ്യയും ഉണ്ടായിരുന്നു. ഇക്കാലത്ത് അത്തരത്തിലുള്ള ശ്രേഷ്ഠ വ്യക്തികള്‍ ഇല്ലായെന്നു തന്നെയല്ല, തിരിച്ചറിയാത്തവിധം കാലം മാറുകയും ചെയ്തിരിക്കുന്നു. ആ പശ്ചാത്തലത്തിലാണ് 'ടൈംസ് ഓഫ് ഇന്ത്യ'യിലൂടെ സംഭവിച്ചിരുന്ന മാധ്യമ ദുരന്തം ലേഖകന്‍ വിശദീകരിക്കുന്നത്. പത്രത്തിന് പത്രാധിപര്‍ ആവശ്യമില്ലായെന്ന തത്ത്വം ആ പത്രത്തിന്റെ ഉടമകള്‍ സ്ഥാപിച്ചതോടൊപ്പം, പത്രത്തിന് സാമൂഹ്യപ്രതിബദ്ധത ഇല്ലെന്നും രേഖപ്പെടുത്തിയിരിക്കുകയാണ്. പത്രത്തിനുള്ള ഏക പ്രതിബദ്ധത ഓഹരിയുടമകള്‍ക്ക് ലാഭമുണ്ടാക്കുക എന്നതില്‍ ഊന്നിനില്‍ക്കുകയും അത് വിജയകരമായി നടപ്പാക്കുകയും ചെയ്തതുവഴി ഒരു കാലഘട്ടത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളെയാണ് ആ പത്രം കീറിമുറിച്ചിരിക്കുന്നത്. 

നമ്മുടെ മോഹന്‍ലാലിന് എന്തുപറ്റിയെന്ന ചോദ്യവുമായി ആരംഭിക്കുന്ന ലേഖനം ആ നടന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പ്രതിപാദിക്കുന്ന രാഷ്ട്രീയത്തില്‍, വിശേഷിച്ച് ഹിന്ദുത്വ മോഡല്‍ സ്വീകരിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമോ? 'എം.ജി. കോളേജില്‍ പഠിക്കുമ്പോള്‍ അദ്ദേഹം എസ്.എഫ്.ഐക്കാരനായിരുന്നു. എന്നുവച്ചാല്‍ ഇടതുചായ്‌വുള്ള യുവാവ്. പ്രായപൂര്‍ത്തി ആയതോടെ അതു വലതു ചായ്‌വായി. അതു പിന്നീട് തീവ്ര വലതു ചായ്‌വാകാന്‍ എന്താണ് കാരണം?' അതിനുള്ള ഉത്തരം കണ്ടെത്താന്‍ മിനക്കെടാതെ, സ്വന്തം നിഗമനത്തിലെത്താന്‍ വായനക്കാരോട് ലേഖകന്‍ നിര്‍ദ്ദേശിക്കുന്നു. 

പഴയ ആന്റണി പുതിയ ആന്റണി, കുഞ്ഞാലിക്കുട്ടി ആരാണ്, ജോമോനും തുഷാറും പിന്നേ ഞാനും എന്നീ ലേഖനങ്ങളില്‍, സ്വാര്‍ത്ഥതാല്പര്യം പ്രത്യയശാസ്ത്രമാകുമ്പോള്‍ നഷ്ടപ്പെടുന്ന വ്യക്തിപരമായ അന്തസ്സ് ചര്‍ച്ച ചെയ്യുന്നതോടൊപ്പം, അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കുവേണ്ടി വ്യക്തികള്‍ തരംതാഴുകയോ സ്വയം നശിക്കുകയോ ചെയ്യുന്ന ദുഃഖകരമായ അവസ്ഥ ചര്‍ച്ച ചെയ്യുന്നു. ഈ ലേഖനങ്ങള്‍ വായിക്കുമ്പോള്‍, നര വീണുകിടക്കുന്ന പാതാളക്കുഴിയില്‍നിന്ന് മോചനമില്ലേയെന്ന് ചോദിക്കും. തുഷാര്‍ വെള്ളാപ്പള്ളിയുടെ പരിശ്രമങ്ങളെക്കുറിച്ചെഴുതവേ ലേഖകന്‍ ഇങ്ങനെ എഴുതുന്നു: 'അധികാരത്തിലിരിക്കുന്നവരുടെ ശത്രുത നേടാന്‍ അച്ഛന്‍ വെള്ളാപ്പള്ളിക്ക് ബുദ്ധിമുട്ടുകളുണ്ട്; മകന്‍ വെള്ളാപ്പള്ളി അങ്ങോട്ടു സ്‌നേഹിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴും ഇങ്ങോട്ടു സ്‌നേഹിക്കാന്‍ പാര്‍ട്ടികളൊന്നും വരുന്നില്ല. ധര്‍മ്മപരിപാനം ധര്‍മ്മസങ്കടമാകുന്ന അവസ്ഥ.' ഈ വാചകങ്ങളുമായി കൂട്ടി വായിച്ച് ചിരിക്കാവുന്നതാണ് സുരേഷ് ഗോപി (മോഹന്‍ലാലിന് എന്തുപറ്റി?)യെക്കുറിച്ചുള്ള പരാമര്‍ശം. 'ഘോര ഘോരം ഡയലോഗ് അടിക്കുന്ന സുരേഷ് ഗോപിക്ക് മൗനം എന്തെന്ന് അറിയാത്തതുകൊണ്ടുണ്ടായ പ്രശ്‌നം ഓര്‍ക്കുന്നില്ലേ? എന്നെ മന്ത്രിയാക്കാമെന്ന് മോദിജി പറഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം ഒരു ദിവസം തുറന്നടിച്ചു. അഥവാ പറഞ്ഞിട്ടുണ്ടെങ്കില്‍ത്തന്നെ ബുദ്ധിയുള്ള ആരെങ്കിലും അത് വിളംബരം ചെയ്ത് മോദിജിയെ വെട്ടിലാക്കുമോ? ഒടുവില്‍ സുരേഷ് ഗോപിജി വെട്ടിലായി. വെട്ടില്‍ത്തന്നെ കിടക്കുന്നു. എന്തെങ്കിലും ഇട്ടുതരണേ എന്ന് യാചിച്ചു യാചിച്ച് കഴിയുന്ന തുഷാര്‍ വെള്ളാപ്പള്ളിയെപ്പോലെ. എന്തൊരു ദാഹമാണ് ഈ കൂട്ടര്‍ക്ക്? എന്തൊരു മോഹം?

തീവ്രവാദം ജയിക്കുമോയെന്ന ലേഖകന്‍ ഉയര്‍ത്തുന്ന സൈദ്ധാന്തിക പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണ്. 'പത്തുപേര്‍ മതി അന്തരീക്ഷം കലുഷിതമാക്കാന്‍. ആ പത്തുപേര്‍ സമൂഹത്തില്‍ എപ്പോഴും ഉണ്ടാകും. അവരെ ഒറ്റപ്പെടുത്തിയാല്‍ ഒരു പരിധിവരെ സുരക്ഷിതത്വം ഉറപ്പാക്കാം പക്ഷേ, എങ്ങനെ ഒറ്റപ്പെടുത്തും? ഉത്തരവാദിത്വമുള്ള രാഷ്ട്രീയ സംവിധാനം വേണം. പണക്കൊതിയില്ലാത്ത നേതൃത്വം വേണം. മതങ്ങളുടെ മൂല്യങ്ങളെ മാനിക്കുന്ന മതവിഭാഗങ്ങള്‍ വേണം. തെറ്റ് തെറ്റും ശരി ശരിയുമായി അംഗീകരിക്കപ്പെടണം. അല്ലെങ്കില്‍ ബോംബുകള്‍ ഇനിയും പൊട്ടും.' എന്നീ വാചകങ്ങളുമായി ഉപസംഹരിക്കുന്ന ലേഖനം, തീവ്രവാദത്തിന് കാരണമാകുന്ന ഭൗതിക സാഹചര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കുന്നു. 

കഷ്ടിച്ച് തൊണ്ണൂറ്റി അഞ്ചു പേജുകളുള്ള ഒരു ചെറിയ ലേഖന സമാഹാരത്തിലെ വോട്ടര്‍ എന്ന ബലിമൃഗത്തില്‍ വോട്ടിംഗ് സമ്പ്രദായത്തില്‍ സംഭവിച്ച മാറ്റങ്ങളും ജനാധിപത്യ പ്രക്രിയയിലെ നിര്‍ണ്ണായക ഘടകമായ വോട്ടെടുപ്പ് രാഷ്ട്രീയമായ ഇടപെടലിലൂടെ മലീമസമായത് പ്രതിപാദിക്കുന്നു. ഏതാണ്ട് രണ്ട് ദശകങ്ങള്‍ക്ക് മുന്‍പ്, വോട്ടിംഗ് പവിത്രമായ ഒരു കൃത്യമായി സ്ഥാപിച്ച ചീഫ് ഇലക്ഷന്‍ കമ്മിഷണറായിരുന്ന ടി.എന്‍. ശേഷന്റെ വിപ്ലവം സൃഷ്ടിച്ച സേവനം ഓര്‍മ്മിക്കുന്ന ലേഖകന്‍ ഉദ്യോഗത്തില്‍നിന്ന് പിരിഞ്ഞ ശേഷന്റെ അവസാന ദിവസങ്ങള്‍ വൃദ്ധസദനത്തിലായിരുന്നു എന്നത് ഞെട്ടലോടുകൂടി മാത്രമേ വായിക്കാനാവൂ. ശമ്പളത്തിനു പുറമെ അനധികൃത സമ്പാദ്യം ഉണ്ടാക്കാത്തതിനു ശേഷനു നല്‍കേണ്ടിവന്ന വില!

അങ്ങനെ വര്‍ത്തമാനകാലം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളില്‍ അനുതാപം രേഖപ്പെടുത്തിയും അവയില്‍നിന്ന് അകന്നുമാറിനിന്ന് മൂര്‍ച്ചയേറിയ പരിഹാസം ചൊരിഞ്ഞ് എഴുതുന്ന ലേഖകന്‍ താന്‍ ജീവിച്ചിരിക്കുന്ന കാലത്തിന്റെ സാക്ഷിയാവുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com