ചേര്‍ത്തലയ്ക്കടുത്തുള്ള കോളജിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ച് അപ്രത്യക്ഷരായി; അവരെന്തിന്, എങ്ങോട്ട്, എങ്ങനെ അവിടം വിട്ടു?

മനുഷ്യാവകാശങ്ങള്‍ക്കു വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ ഭരണഘടനയും വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ഹേബിയസ് കോര്‍പ്പസ് റിട്ട് വ്യവസ്ഥ ചെയ്യുന്നു
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)

പെട്ടെന്ന് അപ്രത്യക്ഷരാകുന്ന മനുഷ്യര്‍ വലിയ വേദനയാണ് ഏതു സമൂഹത്തിലും എല്ലാ കാലത്തും. ദുരൂഹത, അനിശ്ചിതത്വം, ഉല്‍ക്കണ്ഠ തുടങ്ങിയതെല്ലാം അതിനെ ചൂഴ്ന്നുനില്‍ക്കുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍, ചില ഘട്ടങ്ങളിലെങ്കിലും  ആരോപണമുയരുന്നത് ഭരണാധികാര സംവിധാനത്തിനു നേരെ തന്നെയാണ്. ലോകത്ത് എവിടെയെല്ലാം അധികാരമുണ്ടോ, അവിടെയെല്ലാം അധികാര ദുര്‍വിനിയോഗവുമുണ്ട്. അതാണ് ചരിത്രം; അതുതന്നെയാണ്  വര്‍ത്തമാനം; ഭാവിയും വ്യത്യസ്തമാകുമെന്ന് കരുതുന്നതില്‍ യുക്തിയൊന്നും കാണുന്നില്ല. ഏറ്റവും കൂടുതല്‍ അധികാരം കേന്ദ്രീകരിക്കുന്നത് ഒരു സമൂഹത്തിന്റെ ഭരണസംവിധാനത്തിലാണ്. വ്യക്തിസ്വാതന്ത്ര്യത്തിന്‍മേല്‍ ഭരണാധികാരം തെറ്റായ രീതിയില്‍ കൈകടത്തി ഒരു മനുഷ്യനെ നിയമവിരുദ്ധ തടങ്കലിലാക്കുമ്പോള്‍ അയാളുടെ മോചനത്തിനുള്ള ഉപകരണമാണ് ഹേബിയസ് കോര്‍പ്പസ് പെറ്റീഷന്‍. ''ആ മനുഷ്യനെ ഇവിടെ ഹാജരാക്കൂ'' എന്ന് ജുഡീഷ്യല്‍ കോടതി എക്സിക്യൂട്ടീവിനോട് ആജ്ഞാപിക്കുന്ന ആ ഉപകരണത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. മനുഷ്യാവകാശങ്ങള്‍ക്കു വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ ഭരണഘടനയും വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ഹേബിയസ് കോര്‍പ്പസ് റിട്ട് വ്യവസ്ഥ ചെയ്യുന്നു. ഹേബിയസ്  കോര്‍പ്പസ് എന്ന് ഞാനാദ്യം കേള്‍ക്കുന്നത് അടിയന്തരാവസ്ഥയ്ക്കു ശേഷം പ്രസിദ്ധമായ രാജന്‍ കേസ് കേരളാ ഹൈക്കോടതിയില്‍ വന്നപ്പോള്‍ അത്  വലിയ വാര്‍ത്ത ആയതോടെയാണ്. പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഇങ്ങനെ ചില അടിസ്ഥാന ധാരണകള്‍ തുടക്കം മുതലേ എനിക്കുണ്ടായിരുന്നു. പൊലീസ് എതിര്‍കക്ഷിയായ ഹേബിയസ് കോര്‍പ്പസ് പെറ്റീഷനുകള്‍ ഹൈക്കോടതിയില്‍ വന്നത് ധാരാളം കൈകാര്യം ചെയ്യേണ്ടിവന്നിട്ടുണ്ട്. ആശ്വാസവും കൗതുകവും തോന്നുന്ന വസ്തുത അതൊന്നും തന്നെ നിയമവിരുദ്ധമായ അറസ്റ്റിന്റെ പേരിലോ അനധികൃത പൊലീസ്  കസ്റ്റഡിയുടെ പേരിലോ ആയിരുന്നില്ല എന്നതാണ്. പിന്നെ എന്ത് ഹേബിയസ് കോര്‍പ്പസ്?

പതിനെട്ടുകാരിയായ അശ്വതിയെ കണ്ടെത്തണമെന്നതായിരുന്നു എസ്.പി എന്ന നിലയില്‍ ഞാനാദ്യം കക്ഷിയായ ഹേബിയസ് കോര്‍പ്പസ് പെറ്റീഷനിലെ ആവശ്യം. ആലപ്പുഴയിലായിരുന്നു സംഭവം. അശ്വതി പൊലീസ് കസ്റ്റഡിയിലൊന്നുമായിരുന്നില്ല. അവള്‍ സ്വന്തം രക്ഷകര്‍ത്താക്കളുടെ തന്നെ അനധികൃത കസ്റ്റഡിയിലായിരുന്നു എന്നാണ് പരാതിയിലെ ആരോപണം. സ്വന്തം അച്ഛനും അമ്മയും മകളെ സൂക്ഷിക്കുന്നത് എങ്ങനെ അനധികൃതമാകും? അവിടെയാണ് ഭരണഘടനയും നിയമവും എല്ലാം കടന്നുവരുന്നത്. മകനായാലും മകളായാലും ശൈശവാവസ്ഥയില്‍നിന്ന് വളര്‍ന്ന് കൗമാരത്തിലേക്ക് കടന്ന് പതിനെട്ട് വയസ്സ് തികയുന്നതോടെ ആ വ്യക്തി ഭരണഘടന പ്രകാരം സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഉള്ള പൗരന്‍ ആയി മാറുകയാണ്. കൗമാരത്തിലൂടെയും യൗവ്വനത്തിലൂടെയും ഉള്ള വളര്‍ച്ചയുടെ  ഘട്ടത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തമ്മില്‍ അടുപ്പം, ആകര്‍ഷണം, പ്രണയം ഒക്കെ സംഭവിക്കാറുണ്ട്. അത്  സ്വാഭാവികമാണ് എന്ന് കരുതി അംഗീകരിക്കുന്ന വ്യക്തികളും സമൂഹങ്ങളുമുണ്ട്; മറിച്ച് കരുതുന്നവരുമുണ്ട്.        

ഇതുതന്നെയായിരുന്നു അശ്വതിയുടേയും പ്രശ്നം. ആ കുട്ടി, അല്ല പൗരന്‍ ഭരണഘടന നല്‍കിയ സ്വാതന്ത്ര്യം പൂര്‍ണ്ണമായങ്ങ് വിനിയോഗിച്ചു. അവള്‍ ഒരു ശിവന്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഈ 'കുട്ടി'ക്ക് അവളെക്കാള്‍ മൂന്ന് വയസ്സ് കൂടുതലുണ്ടായിരുന്നു. അവരുടെ അടുപ്പം പ്രണയമായി വളര്‍ന്നിരിക്കണം. പ്രണയിക്കാനുള്ള സ്വാതന്ത്ര്യവുമായി അവര്‍ മുന്നോട്ട് പോയെങ്കിലും അശ്വതിയുടെ അച്ഛനും അമ്മയും അത് അംഗീകരിക്കില്ലെന്ന് അവര്‍ക്കുറപ്പായിരുന്നു. അവര്‍ കാത്തിരുന്നു; പെണ്‍കുട്ടിക്ക് 18 വയസ്സ് തികയാന്‍. തികഞ്ഞ ഉടനെ ഇരുവരും രഹസ്യമായി  രജിസ്റ്റര്‍ വിവാഹം കഴിച്ചു. അതിനു ശേഷം മാത്രമാണ്  അശ്വതിയുടെ രക്ഷിതാക്കള്‍ വിവരമറിയുന്നത്. അതോടെ അവളുടെ കോളേജില്‍ പോക്കും എല്ലാം നിന്നു. ആ കുട്ടിയെ ദൂരെ എവിടെയോ മാറ്റി ബലമായി സൂക്ഷിച്ചിരിക്കുകയാണത്രെ. അച്ഛനമ്മമാരുടെ അനധികൃത കസ്റ്റഡിയില്‍നിന്ന് തന്റെ ഭാര്യയെ മോചിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ച് ശിവന്‍കുട്ടിയാണ് ഹേബിയസ് കോര്‍പ്പസ് പെറ്റീഷനുമായി ഹൈക്കോടതിയെ സമീപിച്ചത്. 

രണ്ടാഴ്ച കഴിഞ്ഞ് കേസുവരുമ്പോള്‍ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് പൊലീസിന് കോടതി നല്‍കിയിരിക്കുന്നത്. കായംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജേക്കബ്ബ് മാത്യു  ആയിരുന്നു അക്കാര്യം നിര്‍വ്വഹിക്കേണ്ടത്. ജേക്കബ്ബ് മാത്യുവില്‍നിന്നും സംഭവത്തിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കി. ആ പെണ്‍കുട്ടി അവിടുത്തെ  താരതമ്യേന സമ്പന്നമായ കുടുംബത്തിലെ അംഗമായിരുന്നു. പ്രീഡിഗ്രിക്കു പഠിച്ചുവരികയായിരുന്നു. പ്രണയം, രജിസ്റ്റര്‍ വിവാഹം എല്ലാം അറിഞ്ഞ രക്ഷിതാക്കള്‍ അതിനെ ശക്തമായി എതിര്‍ത്തു. അതിനവര്‍ക്കു കാരണങ്ങള്‍ പലതായിരുന്നു. ഒന്നാമത്തെ ഘടകം ജാതി. ജാതിയില്‍ 'താഴെ' ആയിരുന്നു ശിവന്‍കുട്ടി. വിദ്യാഭ്യാസം കാര്യമായി ഇല്ല; തൊഴിലില്ല. തൊഴിലില്ലായ്മ പ്രണയത്തിനു തടസ്സമല്ലല്ലോ. മറിച്ച് സഹായകമാണ് എന്നാണ് മഹാനായ ഇ.വി. കൃഷ്ണപിള്ള നര്‍മ്മരൂപേണ എഴുതിയിട്ടുള്ളത്. എല്ലാറ്റിലുമുപരി, പയ്യന്റെ അച്ഛന്‍ സമീപകാലം വരെ അശ്വതിയുടെ വീട്ടിലെ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ഇങ്ങനെ സാമൂഹ്യവും സാമ്പത്തികവുമായ അകലം എല്ലാം കൂടി ആയപ്പോള്‍ എന്തു വില കൊടുത്തും ആ ബന്ധത്തെ തകര്‍ക്കാനുള്ള സമീപനമായിരുന്നു അച്ഛനമ്മമാരുടേത്. മകളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനുള്ള അവകാശം നിയമപരമായി തങ്ങള്‍ക്കില്ല എന്ന  യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. ഇന്‍സ്പെക്ടറുടെ സംഭാഷണത്തില്‍ അദ്ദേഹത്തിന് പെണ്‍കുട്ടിയുടെ അച്ഛനമ്മമാരോട് ആയിരുന്നു ആഭിമുഖ്യം എന്ന് വ്യക്തമായിരുന്നു.  ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചില പൊലീസുദ്യോഗസ്ഥര്‍ തികച്ചും വൈകാരികമായി  രക്ഷകര്‍ത്താക്കളുടെ സ്ഥാനത്തുനിന്ന് ചിന്തിക്കുന്നത് കണ്ടിട്ടുണ്ട്. ''ഒരു ചേര്‍ച്ചയുമില്ല സര്‍'' എന്നാണ് സി.ഐ പറഞ്ഞത്. ''രമണന്റേയും ചന്ദ്രികയുടേയും കഥയൊക്കെ വായിക്കാന്‍ കൊള്ളാം'' - സി.ഐ കാഴ്ചപ്പാട്  വ്യക്തമാക്കി. ''ചങ്ങമ്പുഴയുടെ കാലത്ത് ഹേബിയസ് കോര്‍പ്പസ് ഇല്ലായിരുന്നു'' എന്ന് ഞാനദ്ദേഹത്തേയും  ഓര്‍മ്മിപ്പിച്ചു. 

ഏതായാലും പൊലീസിനെ സംബന്ധിച്ചിടത്തോളം ഭരണഘടനാപരമായി മാത്രമേ നിലപാടെടുക്കാനാകൂ. അതുകൊണ്ട് ഹൈക്കോടതിയില്‍ അശ്വതിയെ ഹാജരാക്കാനുള്ള എല്ലാ നടപടികളും എടുത്തേ മതിയാകൂ എന്ന് സി.ഐയെ ബോദ്ധ്യപ്പെടുത്തി. മകളെ എല്ലാക്കാലത്തേയ്ക്കും ഒളിവില്‍ താമസിപ്പിച്ച് ഈ പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് മാതാപിതാക്കളെ ബോദ്ധ്യപ്പെടുത്താന്‍ സി.ഐയ്ക്ക് കഴിഞ്ഞു. അവസാനം അവരുടെ കൂടെ സഹകരണത്തോടെ പെണ്‍കുട്ടിയെ ഹാജരാക്കാം എന്ന അവസ്ഥയിലായി. പെണ്‍കുട്ടിയെ വീട്ടുകാര്‍ നിരന്തരം പലരീതിയിലും തങ്ങളുടെ ഭാഗത്തേയ്ക്ക് കൊണ്ടുവരാന്‍ തീവ്രശ്രമം നടത്തി. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയും കോടതിയില്‍ അവര്‍ക്കനുകൂലമായി നിലപാടെടുക്കാം എന്ന് വാക്കു നല്‍കി. ഹൈക്കോടതി കേസ് പരിഗണിച്ച ദിവസം അങ്ങനെ അശ്വതിയും അമ്മയും ശിവന്‍കുട്ടിയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും എല്ലാം ഉണ്ടായിരുന്നു. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജഡ്ജി തന്നെ നേരിട്ട് അശ്വതിയോട് ചോദിച്ചു: ''നിനക്ക് അമ്മയോടൊപ്പമോ ശിവന്‍കുട്ടിയോടൊപ്പമോ പോകാം. അത് നിന്റെ സ്വതന്ത്രമായ തീരുമാനമായിരിക്കണം. ആരോടൊപ്പം പോകാനാണ് നീ ആഗ്രഹിക്കുന്നത്?'' അമ്മയും, കാമുകനും, അല്ല ഭര്‍ത്താവും അവളെ നോക്കി. ''എനിക്ക് ശിവന്‍കുട്ടിയുടെ കൂടെ പോയാല്‍ മതി.'' വ്യക്തമായ ഉത്തരം. അടുത്ത നിമിഷം അമ്മ കോടതിമുറിയില്‍ തളര്‍ന്നു വീണു. ജഡ്ജി അവരെ ആശുപത്രിയിലാക്കാന്‍ അവിടെ ഉണ്ടായിരുന്ന സി.ഐയോട് പറഞ്ഞു. അങ്ങനെ ഹേബിയസ് കോര്‍പ്പസിലൂടെ ഒരു പതിനെട്ടുകാരിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെട്ടു; അമ്മ ആശുപത്രിയിലായെങ്കിലും. 

നിയമവഴിയിലെ ഇത്തരം ചില 'പ്രശ്നപരിഹാര'ങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഞാനും പങ്കാളിയായിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിയില്‍ വിജയശ്രീലാളിതമായി മുന്നേറുമ്പോള്‍ അച്ഛനും അമ്മയും കണ്ണീര്‍ തുടച്ച്  ഒരുവഴിക്കും മകള്‍ അല്ലെങ്കില്‍ മകന്‍  യുദ്ധം ജയിച്ച ഭാവത്തില്‍  എതിര്‍വഴിക്കും  യാത്രയാകുന്ന ചില ദൃശ്യങ്ങള്‍ എന്റെ  മനസ്സിലുണ്ട്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളില്‍ ഏറ്റവും പവിത്രമായതാണ് അമ്മയും മകനും അല്ലെങ്കില്‍ മകളും തമ്മിലുള്ളത്. അതൊരു ഭരണഘടനാ പ്രശ്നമായോ നിയമപ്രശ്നമായോ ആയി  മാറുന്നത് ജീവിതത്തിന്റെ ഏറ്റവും വലിയ ദുരന്തമാണ്. 

ഏതാണ്ട് ഇതേ കാലത്ത് വ്യത്യസ്തമായൊരു കാണാതാകല്‍ പൊലീസിനു ശരിക്കും തലവേദനയായി. ചേര്‍ത്തലയ്ക്കടുത്തൊരു കോളേജിലെ മൂന്നു വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ച് അപ്രത്യക്ഷരായി. ചെറിയ വാര്‍ത്തയായിട്ടായിരുന്നു തുടക്കം. ഒരുപക്ഷേ, അതിവേഗം ദുരൂഹത നീങ്ങും എന്ന് മാധ്യമങ്ങളും കരുതിയിരിക്കാം. പക്ഷേ, അവര്‍ മടങ്ങിവന്നില്ല. അതോടെ വാര്‍ത്ത കത്തിക്കയറാന്‍ തുടങ്ങി. ഇന്ന് സര്‍വ്വ വ്യാപകമായ ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടെലിവിഷന്‍ (CCTV), മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഡിജിറ്റല്‍ ലോകത്തിന്റെ പ്രയോജനം പൊലീസിനു അന്നില്ലായിരുന്നു. ഇന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ പൊലീസ് അന്വേഷണം അങ്ങേയറ്റം ദുഷ്‌ക്കരമായിരുന്നു. ഏതാണ്ടൊരുതരം ഇരുട്ടില്‍ തപ്പല്‍ തന്നെയായിരുന്നു പലപ്പോഴും. പെണ്‍കുട്ടികള്‍ അപ്രത്യക്ഷരായിട്ട് കാര്യമായ വിവരമൊന്നുമില്ലാതെ ദിവസങ്ങള്‍ മുന്നോട്ടു പോയപ്പോള്‍ അതൊരു പ്രധാന സംഭവമായി വാര്‍ത്തയില്‍ ഇടംപിടിച്ചു. കേസ് അന്വേഷിക്കാന്‍ ചേര്‍ത്തല സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ശശികുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ പ്രത്യേകമായി നിയമിച്ചു. ഏത് വെല്ലുവിളിയും ഏറ്റെടുക്കാനുള്ള പ്രാപ്തിയും മനസ്സുമുള്ള ഊര്‍ജ്ജസ്വലനായ ഒരു ഉദ്യോഗസ്ഥനായിരുന്നു ശശികുമാര്‍. ഒരുമിച്ച് അപ്രത്യക്ഷരായ മൂന്നു പേരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. അവരെന്തിന്, എങ്ങോട്ട്, എങ്ങനെ അവിടം വിട്ടു എന്നതിനെക്കുറിച്ച് കോളേജിലും ഹോസ്റ്റലിലും ചുറ്റുവട്ടത്തും എല്ലാം വിശദമായി അന്വേഷിച്ചു. അവര്‍ മൂവരും സുഹൃത്തുക്കളായിരുന്നു എന്നതിനപ്പുറം ആര്‍ക്കും ഒന്നും അറിയില്ല. ചില കുട്ടികള്‍, പ്രത്യേകിച്ച് സ്‌കൂള്‍ തലത്തില്‍, പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനോ അദ്ധ്യാപകര്‍ വഴക്കുപറഞ്ഞതിനോ ഒക്കെ ചിലപ്പോള്‍ വൈകാരികമായി പ്രതികരിക്കാറുണ്ട്. അതിന്റെ ഭാഗമായി തല്‍ക്കാലത്തേയ്ക്ക് നാടുവിടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അങ്ങനെ പോകുന്നവര്‍ വൈകാതെ തിരികെ വരികയും ചെയ്യും. പക്ഷേ, ഇവിടെ അത്തരം പശ്ചാത്തലമൊന്നും കണ്ടില്ല. മാത്രവുമല്ല, മൂന്നു പേര്‍ ഇങ്ങനെ ഒരുമിച്ചു പോകുന്നതിന് പൊതുവായ കാരണമൊന്നും കണ്ടെത്താനായില്ല സൗഹൃദത്തിനപ്പുറം. ദീര്‍ഘദൂര ബസുകളും ട്രെയിനുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മാത്രമാണ് അല്പം വിവരം ലഭിക്കുന്നത്. ബാംഗ്ലൂരിനുള്ള ട്രെയിനില്‍ മൂന്ന് പെണ്‍കുട്ടികള്‍ ചില യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായി വിവരം കിട്ടി. ചിരിയും സംസാരവും ബഹളവുമായി മൂന്നു പെണ്‍കുട്ടികളെ കണ്ടിരുന്നുവത്രെ. പക്ഷേ, അതിനപ്പുറം കൂടുതല്‍ വിവരങ്ങളൊന്നും കിട്ടിയില്ല. അവര്‍ ബാംഗ്ലൂരിലേയ്ക്ക് പോയിരിക്കാം എന്നുമാത്രം ഒരു സാധ്യത കണ്ടു. അവിടെനിന്ന് പിന്നെയും സഞ്ചരിക്കാമല്ലോ? കേരളത്തിനു പുറത്തവര്‍ പോയിരിക്കും എന്ന് ഏകദേശം ഒരനുമാനത്തില്‍ ഞങ്ങളെത്തി. കേരളത്തിനു പുറത്തേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ച് ചില നടപടികളെടുത്തു.

അങ്ങനെ ഇരിക്കെ, ഒരു ദിവസം വൈകുന്നേരം എനിക്കൊരു ഫോണ്‍വിളി. എന്റെ വീട്ടിലെ നമ്പറിലാണത് വന്നത്. അക്കാലത്ത് മൊബൈല്‍ ഫോണില്ലല്ലോ. ഗോവയില്‍ നിന്നൊരു മലയാളി യുവാവായിരുന്നു വിളിച്ചത്. ആലപ്പുഴ എസ്.പി അല്ലേ എന്ന് ചോദിച്ചുറപ്പിച്ച ശേഷം അയാള്‍ പറഞ്ഞു: ''ആലപ്പുഴനിന്ന് കാണാതായ പെണ്‍കുട്ടികള്‍ ഗോവയിലുണ്ടെന്നു തോന്നുന്നു.''  എന്റെ മനസ്സ് തുള്ളിച്ചാടി. വേഗം, സമചിത്തത വീണ്ടെടുത്ത് ശാന്തമായി കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ശ്രമിച്ചു. അയാള്‍ മലയാളം പത്രത്തില്‍നിന്നാണ് അപ്രത്യക്ഷരായ ഈ കുട്ടികളെക്കുറിച്ചറിഞ്ഞത്. പക്ഷേ, പത്രത്തില്‍ ഫോട്ടോ ഉണ്ടായിരുന്നില്ല. ഫോട്ടോ കാണാതെ എങ്ങനെയാണ് അയാള്‍ കണ്ട കുട്ടികള്‍ ആലപ്പുഴനിന്നും അപ്രത്യക്ഷരായവരെന്ന് ഉറപ്പാക്കുക? ധാരാളം ടൂറിസ്റ്റുകളൊക്കെ സന്ദര്‍ശിക്കുന്ന ഒരു എക്സിബിഷന്‍ സ്ഥലത്തുവെച്ചാണ് ഇവരെ കണ്ടത്. അവരുടെ കൂടെ ചില ഗോവക്കാരും കൂടിയിട്ടുണ്ടെന്നു പറഞ്ഞു. കുറേ സമയം അവരുടെ സംസാരവും പെരുമാറ്റവും എല്ലാം വീക്ഷിച്ചതില്‍നിന്നും അയാള്‍ക്ക് ഉറപ്പാണത്രെ, അയാള്‍ കണ്ടത് പത്രത്തില്‍ സൂചിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ തന്നെയാകും. മാത്രവുമല്ല, അവരുമായി സൗഹൃദം സ്ഥാപിച്ചിരിക്കുന്നവര്‍ ''അത്ര സുഖമുള്ള പാര്‍ട്ടികളാണെന്നു തോന്നുന്നില്ല;'' നമ്മുടെ അമച്ച്വര്‍ ഷെര്‍ലക്ക്‌ഹോംസ് അഭിപ്രായപ്പെട്ടു.  കൂടുതല്‍ സംസാരിക്കുന്തോറും അയാളുടെ വിശ്വസനീയതയും ആത്മാര്‍ത്ഥതയും എന്റെ മനസ്സില്‍ വര്‍ദ്ധിച്ചു. പൊലീസുമായി സഹകരിക്കാനും അയാള്‍ സന്നദ്ധനായിരുന്നു; പിന്നീട്  ബുദ്ധിമുട്ടാകരുതെന്നു മാത്രം. അയാളില്‍നിന്ന് വിശദമായി എല്ലാ വിവരങ്ങളും ശേഖരിച്ചു. ഉടന്‍തന്നെ അവിടുത്തെ പൊലീസുമായി ബന്ധപ്പെട്ട് ആക്ഷന്‍ എടുപ്പിക്കുന്നുണ്ടെന്ന് പറഞ്ഞു. ആ ചെറുപ്പക്കാരന്റെ  ചുമതലാബോധത്തെ അഭിനന്ദിക്കുകയും വീണ്ടും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 

പിന്നെ വൈകിയില്ല.  ഗോവയില്‍ എന്റെ സുഹൃത്തും ബാച്ച്കാരനുമായ എസ്.പി ടി.എന്‍. മോഹന്‍ ഉണ്ടായിരുന്നു. മോഹനനെ ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ധരിപ്പിച്ച്  അവിടെ കാര്യക്ഷമമായ അന്വേഷണം ഉറപ്പാക്കി. ഇതേ ദിവസം തന്നെ  ആലപ്പുഴയില്‍ ബിഷപ്പായിരുന്ന പീറ്റര്‍ ചേനപ്പറമ്പില്‍ തിരുമേനി എന്നെ വിളിച്ചു. അപ്രത്യക്ഷരായ ആ കുട്ടികളെ വേഗം കണ്ടെത്തുന്നതിനെക്കുറിച്ച് സംസാരിക്കാനാണ് വിളിച്ചത്. സ്വാഭാവികമായും അഭിവന്ദ്യ തിരുമേനിക്ക് ഇക്കാര്യത്തില്‍ വലിയ ഉല്‍ക്കണ്ഠയുണ്ടായിരുന്നു. മാനുഷികമായ പ്രശ്‌നങ്ങളില്‍ സജീവ താല്പര്യമെടുക്കുന്ന സ്‌നേഹസമ്പന്നനായിരുന്നു ആ വൈദികന്‍. എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. പൊലീസ് നടപടികള്‍ ഞാന്‍ വിശദീകരിച്ചു. കുട്ടികളെ കണ്ടെത്തുന്നതില്‍ ഒരുപക്ഷേ, നമുക്ക് നിര്‍ണ്ണായകമാകാവുന്ന വിവരമുണ്ടെന്നും സൂചിപ്പിച്ചു.

ഗോവയില്‍നിന്നുള്ള വിവരം ഉടനെതന്നെ കേസ് അന്വേഷിച്ചിരുന്ന ഇന്‍സ്പെക്ടര്‍ ശശിയുമായി പങ്കിട്ടു. ശശികുമാര്‍ വലിയ ആവേശത്തിലായി. ഉടന്‍ തന്നെ ഗോവയ്ക്കു പോകാന്‍ തയ്യാറായി. ഫോണ്‍ മുഖേന ലഭിച്ച വിവരം ശരിയായാലും തെറ്റായാലും ഒരു ടീം ഗോവയില്‍ അന്വേഷണം നടത്തുന്നത് പ്രയോജനകരമായിരിക്കുമെന്നു തോന്നി. ഒട്ടും വൈകാതെ തന്നെ ശശികുമാറും സംഘവും സര്‍വ്വവിധ സന്നാഹവുമായി ഗോവയ്ക്ക് തിരിച്ചു. ഗോവയില്‍നിന്നുള്ള സന്ദേശത്തിനായി ഞാന്‍ കാത്തിരുന്നു; പ്രതീക്ഷയോടെ. അന്ന് രാത്രി ഫോണൊന്നും വന്നില്ല. അടുത്ത ദിവസം ഞാന്‍ വീണ്ടും ഗോവയിലെ എന്റെ സുഹൃത്തിനെ ബന്ധപ്പെട്ടു. എനിക്ക് വിവരം തന്ന വ്യക്തിയെ അവിടുത്തെ പൊലീസ് ബന്ധപ്പെട്ടുവെന്നും അയാളുടെ കൂടി സഹായത്തോടെ അവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നുമാണ് വിവരം കിട്ടിയത്. ആ സംഭാഷണത്തില്‍നിന്ന് അപകടംപിടിച്ച ചില സാദ്ധ്യതകള്‍ മുന്നില്‍ തെളിഞ്ഞു. സുഖാന്വേഷികളുടെ പറുദീസ കൂടിയായ ഗോവയില്‍, ലഹരി പിടിപ്പിക്കുന്ന ആഘോഷങ്ങളുടെ അത്ഭുതലോകത്തിലേയ്ക്ക് ഇത്തരം എട്ടുംപൊട്ടും തിരിയാത്ത കൗമാരക്കാരെ ആകര്‍ഷിക്കുന്ന ചില നെറ്റ്വര്‍ക്കുകളും അവിടെ സജീവമാണ്. അതിലെ കണ്ണികളാകാം ആ പെണ്‍കുട്ടികളോടൊപ്പം കാണപ്പെട്ട യുവാക്കള്‍. ആ വലയില്‍ കുടുങ്ങിയാല്‍ അവരുടെ മുന്നില്‍ തല്‍ക്കാലം അനുഭൂതികളുടെ പുതിയ ലോകം അനാവരണം ചെയ്യപ്പെടും. ആ ഇരുണ്ട ലോകത്തുനിന്ന് പിന്നെ മോചനം ഏതാണ്ട് അസാദ്ധ്യമാണ്. സ്വാതന്ത്ര്യം അമൃതാണ് സ്വാതന്ത്ര്യം ജീവിതമാണ് പാരതന്ത്ര്യം മൃതിയേക്കാള്‍ ഭയാനകമാണ്; സംശയമില്ല. പരിധിയില്ലാത്ത  സ്വാതന്ത്ര്യം അപകടം കൂടിയാണ്. കൗമാരത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം തുറന്നുതരുന്ന പുതിയ ലഹരികള്‍ അവരെ നയിക്കുന്നത് വിനാശത്തിന്റെ ഇരുണ്ട ലോകത്തേയ്ക്കാകാം. ആ കുട്ടികളെ ഓര്‍ത്ത്  ഭയം തോന്നി. 

'Got them' (അവരെ കിട്ടി).  അന്ന് രാത്രി ഗോവയില്‍നിന്നും ഞാന്‍ ആഗ്രഹിച്ച സന്ദേശമെത്തി. തലേദിവസം കണ്ടതുപോലെ മറ്റൊരു ഫെസ്റ്റിവല്‍ സ്ഥലത്തുനിന്നാണവരെ കണ്ടെത്താന്‍ കഴിഞ്ഞത്. തലേന്നത്തെ കൂട്ടുകാര്‍ ഒപ്പമുണ്ടായിരുന്നു. ഗോവയിലെ പൊലീസ് വളരെ ആത്മാര്‍ത്ഥമായി അന്വേഷണം നടത്തിയാണ് അവരെ കണ്ടെത്തിയത്. തലേ ദിവസം എന്നെ ഫോണ്‍ ചെയ്ത മലയാളി യുവാവിന്റെ സഹായവും അവിടുത്തെ പൊലീസ് പ്രയോജനപ്പെടുത്തി. ഗോവയിലെ പൊലീസ് അങ്ങേയറ്റം സഹകരിച്ചു; അവരുടെ സ്വന്തം കേസുപോലെ. പക്ഷേ, അവരില്‍നിന്നും ലഭിച്ച വിവരങ്ങള്‍   അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു. ആ പെണ്‍കുട്ടികളുടെ ഉല്ലാസ സഞ്ചാരം വലിയ അപകടത്തിന്റെ വക്കിലൂടെയായിരുന്നു. അടുത്തുകൂടിയ  'സുഹൃത്തുക്ക'ളില്‍  നിഷ്‌കളങ്കതയുടെ മുഖം മാത്രമേ അവര്‍ കണ്ടുള്ളൂ. സൗഹൃദത്തിന്റെ മുഖംമൂടിയായിരുന്നു അവരപ്പോള്‍ ധരിച്ചിരുന്നത്. ചുറ്റുപാടുകളില്‍നിന്നും ഒളിച്ചോടി സ്വാതന്ത്ര്യം ആഘോഷിക്കാനെത്തുന്ന ഇതുപോലുള്ള ഇരകളെ കുടുക്കി രക്ഷപ്പെടാനാവാത്തവിധം വലയിലാക്കാനുള്ള കെണികള്‍ മാത്രമായിരുന്നു അവര്‍. ഗോവയിലെ പൊലീസ് നന്നായി സഹായിച്ചത് ഉയര്‍ന്ന തലത്തിലുള്ള ഇടപെടല്‍കൊണ്ടുകൂടിയാണ്. അധോലോകവും പൊലീസ് ഉള്‍പ്പടെയുള്ള അധികാരകേന്ദ്രങ്ങളുമായി സന്ധിക്കുന്ന ബിന്ദുക്കള്‍ എവിടെയാണ് ഇല്ലാത്തത്? ശശികുമാറും സംഘവും ഗോവയിലെത്തുമ്പോള്‍ അപ്രത്യക്ഷരായ പെണ്‍കുട്ടികള്‍ സുരക്ഷിതമായി അവിടുത്തെ പൊലീസിന്റെ ചുമതലയിലുണ്ടായിരുന്നു. കേരളത്തില്‍നിന്നുള്ള പൊലീസ് സംഘത്തിന് അവരെ ചുമതല ഏല്പിക്കുന്നതിലെല്ലാം അവര്‍ അങ്ങേയറ്റം സഹകരിച്ചു. സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച്  തടസ്സമൊന്നും പറഞ്ഞില്ല.  ഒരു കാര്യത്തില്‍ അവര്‍ ശശികുമാറിനെ ജാഗ്രതപ്പെടുത്തി. കേരള അതിര്‍ത്തിക്കുള്ളിലാകും വരെ എന്തും പ്രതീക്ഷിക്കണം. പെണ്‍കുട്ടികളെ തട്ടിയെടുക്കാന്‍ ശ്രമിച്ചേക്കാമെന്നും ഗോവയിലെ  ക്രിമിനല്‍ സംഘങ്ങള്‍ മാര്‍ഗ്ഗമദ്ധ്യേ അക്രമിക്കാന്‍ പോലും മടിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി. പക്ഷേ, നമ്മുടെ സി.ഐ ശശികുമാര്‍ എന്തിനും പോന്ന ഉദ്യോഗസ്ഥനായിരുന്നു. തോക്കും തിരകളും എല്ലാം അയാളും ആവശ്യത്തിന് കരുതിയിരുന്നു. അതിലുപരി ആത്മവിശ്വാസവും ധൈര്യവും തന്റേടവുമുള്ള ഉദ്യോഗസ്ഥനായിരുന്നു അയാള്‍. ഒപ്പം മനുഷ്യത്വവും. തികച്ചും സുരക്ഷിതമായി അവരെ തിരികെ കൊണ്ടുവന്നു. ഒരുതരത്തിലുള്ള ചതിക്കുഴികളിലും പെടാതെ അവര്‍ക്ക് മൂവര്‍ക്കും തിരികെ എത്താന്‍ കഴിഞ്ഞത് മഹാഭാഗ്യമെന്നേ പറയാനാകൂ.

എന്തുകൊണ്ട് അവര്‍ അങ്ങനെ ഇറങ്ങിപ്പുറപ്പെട്ടു എന്നതിന്റെ കാരണം അജ്ഞാതമായിരുന്നു. അക്കാലത്തിറങ്ങിയ 'എന്റെ സൂര്യപുത്രിക്ക്' എന്ന ഫാസില്‍ സംവിധാനം ചെയ്ത സിനിമയാണതിനു പ്രേരണ എന്നൊരു കിംവദന്തി അന്ന് പ്രചരിച്ചിരുന്നു. ഞാന്‍ ആ മൂന്ന് പേരോടും ഓഫീസില്‍വെച്ച്  സംസാരിച്ചിരുന്നു. എനിക്കുണ്ടായ ധാരണ അവര്‍ക്കു ഓരോരുത്തര്‍ക്കും തങ്ങളുടെ ഗൃഹാന്തരീക്ഷത്തില്‍ ഒറ്റപ്പെടലിന്റേയും സ്‌നേഹരാഹിത്യത്തിന്റേയും നൊമ്പരം  അനുഭവപ്പെട്ടിരുന്നുവെന്നാണ്. അവരുടെ രക്ഷകര്‍ത്താക്കളോടും ഞാന്‍ സംസാരിച്ചു.  സാഹസികമായ ആ  യാത്രയുടെയും സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റേയും പരിസമാപ്തി ആലപ്പുഴ എസ്.പി  ഓഫീസിലായിരുന്നു. പിരിയും മുന്നേ, ഓഫീസ്  മുറിയുടെ ഒരു ഭാഗത്തുനിന്ന് അവര്‍  തമ്മില്‍ തമ്മില്‍ നോക്കി; വീണ്ടും വീണ്ടും നോക്കി; ഒരു വാക്കും ആരും പറഞ്ഞില്ല. ഏതാനും സെക്കന്റുകള്‍കൊണ്ടത് കഴിഞ്ഞു. പിന്നെ അവര്‍ ഓരോരുത്തരായി  പിരിഞ്ഞു; സ്വന്തം രക്ഷകര്‍ത്താക്കളുടെ കൂടെ. ജീവിതയാത്രയിലെ പുതിയ വഴികള്‍ എവിടേയ്ക്കാണോ അവരെ പിന്നെ  നയിച്ചത്?  അപകടസാദ്ധ്യതയുണ്ടായിരുന്ന വഴിയില്‍നിന്ന് അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാന്‍ ഭാഗ്യംകൊണ്ട് പൊലീസിനു കഴിഞ്ഞു. ''ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തുവയ്ക്കുന്നു.'' 'ചിദംബരസ്മരണ'യുടെ ആരംഭത്തില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയതാണ്. ജീവിതം എന്താണാവോ അവര്‍ക്കായി കാത്തുവെച്ചത്?

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com