ക്ഷേമം കടം കൊള്ളുമ്പോള്‍

ഭക്ഷ്യക്കിറ്റിലെ കടല മുതല്‍ ദേവന്മാരുടേയും അസുരന്‍മാരുടേയും വരെ പങ്കാളിത്തം കൊണ്ടുനിറഞ്ഞ ജനാധിപത്യപ്രക്രിയയായിരുന്നു ഇത്തവണത്തേത്
ക്ഷേമം കടം കൊള്ളുമ്പോള്‍

രണത്തുടര്‍ച്ചയും ഭരണമാറ്റവുമൊക്കെ ചര്‍ച്ചാവിഷയമായ ഈ തെരഞ്ഞെടുപ്പിലെ കൗതുകങ്ങള്‍ ഏറെയുണ്ട്. ഭക്ഷ്യക്കിറ്റിലെ കടല മുതല്‍ ദേവന്മാരുടേയും അസുരന്‍മാരുടേയും വരെ പങ്കാളിത്തം കൊണ്ടുനിറഞ്ഞ ജനാധിപത്യപ്രക്രിയയായിരുന്നു ഇത്തവണത്തേത്. പൊലീസ് മര്‍ദ്ദനങ്ങളും ലോക്കപ്പ് കൊലകളുമൊന്നും ആരും പറഞ്ഞുകേട്ടതുമില്ല. പതിവില്‍നിന്ന് വ്യത്യസ്തമായി വികസന വായ്ത്താരികള്‍ക്കു പകരം വോട്ടെടുപ്പുദിനത്തില്‍ നിറഞ്ഞത് വിശ്വാസ വചനങ്ങളായിരുന്നു. എന്തുതന്നെ സംഭവിച്ചാലും തുടര്‍ഭരണത്തിലൂടെ ചരിത്രത്തിലിടം കണ്ടെത്താനാകുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. ഭരണമാറ്റത്തിനായി കേരളം വോട്ടു ചെയ്യുമെന്ന് വലതുമുന്നണിയും കരുതുന്നു. രണ്ട് മുന്നണികളുടേയും മാനിഫെസ്റ്റോകള്‍ ക്ഷേമരാഷ്ട്രീയത്തിലൂന്നിയാണ്. അധികാരത്തില്‍ ആരെത്തിയാലും ജനപ്രിയ നടപടികള്‍ തുടരുമെന്നത് ഉറപ്പ്. കിറ്റ് വിതരണം, ക്ഷേമ പെന്‍ഷനുകള്‍ എന്നിവയൊക്കെ അതില്‍ ഉള്‍പ്പെടും. 15 ലക്ഷം കുടുംബങ്ങള്‍ക്ക് വരെ ധനസഹായം, 25 ലക്ഷം പേര്‍ക്ക് ജോലി, 15,000 സ്റ്റാര്‍ട്ടപ്പുകള്‍, 2500 രൂപവരെ ക്ഷേമ പെന്‍ഷന്‍ എന്നിങ്ങനെ പോകുന്നു വാഗ്ദാനങ്ങള്‍. പെന്‍ഷന്‍ വര്‍ദ്ധനയടക്കമുള്ളവ യു.ഡി.എഫിന്റേയും വാഗ്ദാനമാണ്.

ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പണം എവിടുന്ന് കണ്ടെത്തുമെന്നതാണ് അടുത്ത ചോദ്യം. ഇരുമുന്നണികളും വിഭവസമാഹരണത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. വായ്പയെടുത്തിട്ടാണെങ്കില്‍ അങ്ങനെ എത്ര നാള്‍ മുന്നോട്ടുപോകും? മരംകേറി കൈവിട്ടവന്റെ അവസ്ഥയാകുമോ കേരളത്തിന്റേത്? ഖജനാവില്‍ പണം ബാക്കിയുണ്ടെന്ന് അവകാശപ്പെടുന്ന ധനമന്ത്രി തോമസ് ഐസക് സംസ്ഥാനം ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുന്നുവെന്ന് തുറന്നു സമ്മതിക്കുന്നു. നിയമസഭയില്‍ അത് വ്യക്തമാക്കിയിട്ടുമുണ്ട്. അത് മറികടക്കാന്‍ അദ്ദേഹം പറയുന്ന ഒരു വഴി അധികവായ്പ തന്നെയാണ്. സമ്പദ്വ്യവസ്ഥയുടെ വലുപ്പത്തിനൊപ്പം കടം വര്‍ദ്ധിച്ചാല്‍ കുഴപ്പമില്ലെന്ന ലാഘവത്വമാണ് അദ്ദേഹത്തിന്റെ തത്ത്വം. ഇപ്പോഴത്തെ നിലയനുസരിച്ച് ഭാവിയില്‍ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ കുറവ് വരാനാണ് സാധ്യത. സ്വാഭാവികമായും ജി.ഡി.പിയും കുറയും. ജി.ഡി.പിയുടെ മൂന്നു ശതമാനം മാത്രമാണ് വായ്പ എടുക്കാനാകുക. കൊവിഡ് കാലമായതിനാല്‍ വായ്പവാങ്ങല്‍ ശേഷി ഇപ്പോള്‍ അഞ്ച് ശതമാനമാണ്. ഇനി കടം കിട്ടിയാല്‍ത്തന്നെ അത് തിരിച്ചടയ്ക്കാനുള്ള ശേഷി കേരളത്തിനില്ല. ആ ശേഷി കൈവരിക്കണമെങ്കില്‍ നികുതി വരുമാനം കൂട്ടണം. അതിന് നികുതിച്ചോര്‍ച്ച തടയുന്നതിനുള്‍പ്പെടെയുള്ള കടമ്പകള്‍ കടക്കേണ്ടതുണ്ട്. 

ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കാനെത്തുന്നു
ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കാനെത്തുന്നു

ക്ഷേമരാഷ്ട്രവും രാഷ്ട്രീയവും

ജനകീയ പ്രതിരോധങ്ങളേയും പ്രതിഷേധങ്ങളേയും തണുപ്പിക്കുകയെന്ന ഉദ്ദേശ്യം കൂടി ഇപ്പോഴത്തെ സേഫ്റ്റി നെറ്റ് രാഷ്ട്രീയത്തിനുണ്ടെന്ന് പറയുന്നു രാഷ്ട്രീയ നിരീക്ഷകനും കേരള സര്‍വ്വകലാശാല പൊളിറ്റിക്കല്‍ വിഭാഗം മുന്‍ പ്രൊഫസറുമായ ഡോ. ജെ. പ്രഭാഷ്. എന്നാല്‍, ക്ഷേമരാഷ്ട്ര സങ്കല്പവും ക്ഷേമ പെന്‍ഷനും രണ്ടായി കാണണം. ക്ഷേമരാഷ്ട്ര സങ്കല്പം ദീര്‍ഘകാല പദ്ധതിയാണ്. ഭാവി കേരളസമൂഹം എന്തായിരിക്കണം എന്നാണ് അത് ഉയര്‍ത്തുന്ന ചോദ്യം. ഭാവികേരളമെന്നത് അടുത്ത അഞ്ച് വര്‍ഷത്തെ കേരളമല്ല. അത് അടുത്ത തലമുറയിലെ കേരളമാണ്. ഇത്തരമൊരു  കേരളത്തെ സങ്കല്പിച്ച ഒന്നാണ് ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ. ക്ഷേമരാഷ്ട്ര സങ്കല്പത്തിന്റെ അടിസ്ഥാനം പരിവര്‍ത്തനാത്മകമായ രാഷ്ട്രീയമാണ് (ട്രാന്‍സ്ഫോര്‍മേറ്റീവ് പൊളിറ്റിക്സ്). അത് പ്രത്യയശാസ്ത്ര നിബദ്ധവുമാണ്. എന്നാല്‍ നവലിബറല്‍ കാലഘട്ടത്തിലെ രാഷ്ട്രീയം ക്ഷേമരാഷ്ട്രത്തെ ചുറ്റിപ്പറ്റിയല്ല നീങ്ങുന്നത്. അത് നീങ്ങുന്നത് സേഫ്റ്റി നെറ്റ് രാഷ്ട്രീയത്തെ വട്ടംചുറ്റിയാണ്. അതിന് ദീര്‍ഘവീക്ഷണമോ ദീര്‍ഘകാല കാഴ്ചപ്പാടോ പരിവര്‍ത്തനാത്മക സ്വഭാവമോ ഇല്ല. ദൈനംദിന ജീവിതത്തില്‍ ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളെ ലഘൂകരിക്കുക എന്ന പരിമിതമായ അജണ്ടയെ അതിനുള്ളു. ജനങ്ങള്‍ക്ക് ഒരുതരം 'വെജിറ്റേറ്റിംഗ് എക്സിസ്റ്റന്‍സ്'  ഉറപ്പാക്കുക - അതാണ് ഇവിടെ നടക്കുന്നതെന്ന് ജെ. പ്രഭാഷ് പറയുന്നു.

അടിസ്ഥാന വരുമാനത്തെക്കുറിച്ച് (ബേസിക് ഇന്‍കം) ഇന്ന് ലോകത്ത് നടക്കുന്ന ചര്‍ച്ചകള്‍ ഓര്‍ക്കുക. അത് വിഭാവനം ചെയ്യുന്നത് അഡ്മിനിസ്ട്രേറ്റീവ് സ്റ്റേറ്റിനെയാണ്, ഐഡിയോളജിയോ ട്രാന്‍സ്ഫര്‍മേറ്റീവ് സ്റ്റേറ്റിനേയോ അല്ല. പ്രത്യയശാസ്ത്രത്തിനു വിടുതല്‍ നല്‍കിയ കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയത്തിന് സ്വാഭാവികമായും റേഷന്‍ കിറ്റിനും ക്ഷേമപെന്‍ഷനും അപ്പുറം പോകാനാവില്ല. ഒരു തെരഞ്ഞെടുപ്പില്‍നിന്ന് മറ്റൊരു തെരഞ്ഞെടുപ്പിലേക്കുള്ള നെട്ടോട്ടമാണ് അവരുടെ രാഷ്ട്രീയം - അധികാര രാഷ്ട്രീയം. ഇവര്‍ക്ക് ജനക്ഷേമം ആകസ്മികമായ ഒന്നാണ്; മൗലികമായ ലക്ഷ്യമല്ല. അതുകൊണ്ടുതന്നെ അത് ക്ഷേമരാഷ്ട്രത്തിലേക്ക് നയിക്കില്ല. പക്ഷേ, ഇതാണ് ക്ഷേമരാഷ്ട്രത്തിലേക്കുള്ള മാര്‍ഗ്ഗമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവും. റേഷന്‍ കിറ്റും ക്ഷേമ പെന്‍ഷനുമല്ല സംസ്ഥാനത്തിന്റെ കടബാധ്യത വര്‍ദ്ധിപ്പിക്കുന്നത്. അത് ഭരണകൂടത്തിന്റെ ധൂര്‍ത്തും അവരുടെ സ്വന്തക്കാരേയും ബന്ധക്കാരേയും കുടിയിരുത്താന്‍ സൃഷ്ടിക്കുന്ന സ്ഥാപനസ്വരൂപങ്ങളും അനാവശ്യ ലാവണങ്ങളുമാണ്- ജെ. പ്രഭാഷ് പറയുന്നു.

വ്യതിരിക്തമായ മറ്റൊരു വാദമാണ് സാമ്പത്തിക വിദഗ്ദ്ധനായ ജോസ് സെബാസ്റ്റ്യന്‍ ഉന്നയിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ പ്രത്യേകത ആശ്രയത്വ സംസ്‌കാരത്തെ പ്രമോട്ട് ചെയ്യുകയെന്നതാണ്. കൂട്ടുകുടുംബ വ്യവസ്ഥിതിയും മരുമക്കത്തായ സമ്പ്രദായവുമൊക്കെ ഹിന്ദു സമൂഹത്തില്‍ ഒരു ആശ്രയത്വ സംസ്‌കാരം ഉണ്ടാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം  ഈ ആശ്രയത്വം കമ്യൂണിസ്റ്റ് പാര്‍ട്ടികളിലായി എന്ന തോന്നലാണ് എനിക്കുള്ളത്. സര്‍ക്കാരിനെ ആശ്രയിക്കുക എന്ന രീതിയിലേക്ക് വന്നതിന്റെ പശ്ചാത്തലം ഇതാണെന്നാണ് ഞാന്‍ കരുതുന്നത്. രണ്ടുതരത്തില്‍ ഇത് ബാധ്യതയാണ്. ഒന്ന് നമ്മുടെ പൊതുവിഭവ സമാഹരണം എന്നത് പാവപ്പെട്ടവരില്‍നിന്നും കൂടുതല്‍ പിഴിഞ്ഞെടുക്കുന്നതാണ്. ഉദാഹരണം മദ്യവും ലോട്ടറിയും. 1971-ല്‍ 17 ശതമാനമായിരുന്നു ഇവയുടെ നികുതിവരുമാന വിഹിതം. ഇന്നത് 36 ശതമാനത്തിനു മുകളിലാണ്. 

അതായത് പാവപ്പെട്ടവരെ ചൂഷണം ചെയ്താണ് പൊതുവിഭവ സമാഹരണം സാധ്യമാക്കുന്നത്.  ഇങ്ങനെ ദരിദ്രരില്‍നിന്ന് സംഭരിക്കുന്ന പൊതുവിഭവങ്ങളെല്ലാം മധ്യവര്‍ഗ്ഗത്തിന്റേയും സമ്പന്നരുടേയും കയ്യിലേക്ക് പോകുന്നതാണ് ധനകാര്യ മാനേജ്മെന്റിലെ പിഴവ്. സര്‍ക്കാരിന്റെ ശമ്പളവും പെന്‍ഷനും ഉദാഹരണം. മധ്യവര്‍ഗ്ഗത്തിലേക്കാണ് ഈ വിഭവസമാഹരണത്തിന്റെ പ്രയോജനം ചെന്നെത്തുന്നത്. അതായത് പാവപ്പെട്ടവരില്‍നിന്ന് പൈസ വാങ്ങി മധ്യവര്‍ഗത്തിനോ സമ്പന്നര്‍ക്കോ കൊടുക്കുന്ന ഒരേര്‍പ്പാട്. അതിനുപുറമേ കൂടുതല്‍ കൂടുതല്‍ കടം വാങ്ങിയിട്ടാണ് ക്ഷേമപ്രവര്‍ത്തനങ്ങളൊക്കെ നടത്തുന്നത് എന്നോര്‍ക്കണം- സാമ്പത്തിക വിദഗ്ദ്ധനായ ജോസ് സെബാസ്റ്റ്യന്‍ പറയുന്നു.

2016-ല്‍ പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തിന്റെ പൊതുകടം ഒന്നരലക്ഷം കോടി രൂപയായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിരുത്തരവാദിത്വത്തെ വിമര്‍ശിച്ച് തുടങ്ങിയ ഇടതു സര്‍ക്കാര്‍ വലിയ വാഗ്ദാനങ്ങളാണ് അന്ന് നല്‍കിയത്. നികുതി വരുമാനം കൂട്ടുമെന്നായിരുന്നു അതിലൊന്ന്. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ 30 ശതമാനം നികുതി വരുമാനം കൂടുമെന്നായിരുന്നു ഐസക്കിന്റെ വാദം. എന്നാല്‍, പ്രധാന വരുമാനമാര്‍ഗ്ഗമായിരുന്ന വില്‍പ്പന നികുതി അതോടെ ഇല്ലാതായി. പകരം ഏര്‍പ്പെടുത്തിയ ജി.എസ്.ടിയുടെ 50 ശതമാനം മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്തിനു കിട്ടുന്നത്. അതായത്, വരുമാനം മുഴുവന്‍ കേന്ദ്രത്തിന്റെ കസ്റ്റഡിയിലായെന്നു ചുരുക്കം. സംസ്ഥാനവിഹിതം സമയത്ത് കിട്ടാതേയുമായി. കോടതി കയറുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ വല്ലതും കിട്ടും. അതും തുലോം തുച്ഛം. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കില്‍ വായ്പയെടുത്തോളാനാണ് കേന്ദ്രം പറയുന്നത്. പലിശഭാരം സംസ്ഥാനം വഹിക്കണം. അത് വേണ്ട, കേന്ദ്രം തന്നെ വായ്പയെടുത്തിട്ട് അത് തങ്ങള്‍ക്കു തന്നാല്‍ മതിയെന്നാണ് ചില സംസ്ഥാനങ്ങള്‍ വാദിച്ചത്. 

ജിഎസ്.ടിയില്‍നിന്നുള്ള വരുമാനം, വില്‍പ്പന നികുതിയില്‍നിന്നുള്ള വരുമാനത്തേക്കാള്‍ കുറവാണെങ്കില്‍ അത് അഞ്ച് വര്‍ഷം കേന്ദ്രം നികത്തും എന്നാണു കരാര്‍. അതനുസരിച്ച് 2022 ജൂലൈ കഴിഞ്ഞാല്‍ അതും നില്‍ക്കും. അതോടെ ഇപ്പോള്‍ അനുവദിച്ചു കിട്ടുന്ന തുക കൂടി ഇല്ലാതാകും. മൂന്നര ലക്ഷം കോടിയാണ് ഇപ്പോഴത്തെ പൊതുകടം; കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ബാധ്യത ഇരട്ടിയായി. അമ്പതുകൊല്ലം കൊണ്ടുണ്ടായ കടം അഞ്ച് വര്‍ഷം കൊണ്ടുണ്ടായി. ആളോഹരി കടം 46,000 രൂപയില്‍നിന്ന് 80,000 രൂപയായി. വരുമാനം കിട്ടുന്നതാകട്ടെ മദ്യം, ലോട്ടറി, പെട്രോളിയം ഉല്പന്നങ്ങള്‍ എന്നിവയില്‍നിന്നു മാത്രം. 50 ശതമാനം റവന്യൂ വരുമാനം ഇങ്ങനെയാണ് കിട്ടുക. ഭൂനികുതിയും കുത്തകപാട്ടവും ക്വാറികളുമൊക്കെയാണ് പിന്നെ സംസ്ഥാനത്തിനുള്ള വരുമാന മാര്‍ഗ്ഗങ്ങള്‍. ഇതൊക്കെ തുച്ഛമാണെന്നാണ് കഴിഞ്ഞവര്‍ഷങ്ങളിലെ കണക്കുകള്‍ കാണിക്കുന്നത്. 

പിണറായി വിജയൻ
പിണറായി വിജയൻ

കൂട്ടിമുട്ടാതെ വരവും ചെലവും

നികുതി കുടിശ്ശിക പിരിച്ചെടുക്കുകയായിരുന്നു വരുമാന വര്‍ദ്ധനവുണ്ടാക്കാന്‍ മറ്റൊരു മാര്‍ഗ്ഗം. ക്വാറികളെല്ലാം സര്‍ക്കാരിന് ഏറ്റെടുക്കാമായിരുന്നു. നികുതിവിധേയമാക്കാമായിരുന്നു. പാട്ടത്തിന് കൊടുത്ത തോട്ടങ്ങള്‍ ഏറ്റെടുക്കാമായിരുന്നു. പാട്ടക്കുടിശ്ശിക പിരിക്കാമായിരുന്നു. എന്നാല്‍, ഇതൊന്നും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിലുണ്ടായില്ല. പിന്നെ ആകെയുള്ളത് സ്റ്റാംപ് ഡ്യൂട്ടിയാണ്. ഭൂമിയുടെ ക്രയവിക്രയത്തിലൂടെയും ഇടപാടുകളിലൂടെയും കിട്ടുന്ന നികുതി വരുമാനം തുച്ഛമാണ്. അരദശാബ്ദമായി പ്രവാസികളുടെ വരുമാനമായിരുന്നു സര്‍ക്കാരിന് ആശ്വാസം. വലിയ തോതില്‍ അവര്‍ സര്‍ക്കാരിനെ ആശ്രയിച്ചിരുന്നില്ല. തൊണ്ണൂറുകള്‍ മുതല്‍ 2000 വരെ ആഭ്യന്തര ഉല്പാദനത്തിന്റെ മുപ്പതു ശതമാനമായിരുന്നു നമ്മുടെ പ്രവാസി വരുമാനം. ഇത്രയും വര്‍ഷക്കാലമായി ഒഴുകിവന്ന ഗള്‍ഫ് പണം നമ്മുടെ ഉല്പാദനരംഗത്ത് വേണ്ടവിധം വിനിയോഗിക്കാന്‍ മാറി മാറി ഭരിക്കുന്ന രണ്ടുമുന്നണികള്‍ക്കും കഴിഞ്ഞതുമില്ല. ഇപ്പോള്‍ ഈ പണമൊഴുക്കിന്റെ ആശ്വാസമില്ലെന്നു മാത്രമല്ല, അവരുടെ സംരക്ഷണം കൂടി ഏറ്റെടുക്കേണ്ടിവന്നു. 2020 മേയ് മുതല്‍ 2021 ജനുവരി വരെ 5.5 ലക്ഷം പ്രവാസികളാണ് തൊഴില്‍ നഷ്ടപ്പെട്ടു സംസ്ഥാനത്ത് തിരിച്ചെത്തിയിരിക്കുന്നത്. ഇവരുടെ പുനരധിവാസ ചെലവ് വേറെ. 

ഇനി ചെലവുകള്‍ ഒന്ന് നോക്കാം. ശമ്പളവും പെന്‍ഷനും വായ്പകളുടെ പലിശയും ഉള്‍പ്പെടെയുള്ള റവന്യു ചെലവ് 70 ശതമാനം വരും. ശമ്പളവും പെന്‍ഷനും മുടങ്ങാനാകില്ല. മാത്രമല്ല, ഇത്തവണ അത് കൂടുതലുമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിന്റേയും ഡി.എ കുടിശികയുടേയും അധികബാധ്യത വേറെ. സംസ്ഥാനത്തിന്റെ ആകെ വരുമാനവും ആകെ ചെലവും ഓരോ രൂപയായി കണക്കാക്കിയാല്‍ സംസ്ഥാനം ഒരു രൂപ ചെലവഴിക്കുമ്പോള്‍ 15.1 പൈസ കടം തിരിച്ചടവിനും പലിശയ്ക്കുമായി കൊടുക്കുന്നു. 64 ശതമാനത്തോളം വരുമാനം ഇതിനായി (ശമ്പളം, പെന്‍ഷന്‍, പലിശ) നീക്കി വയ്ക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. 

ബാക്കിയുള്ള 36 ശതമാനമാണ് ബാക്കി മേഖലകള്‍ക്ക് ലഭിക്കുക. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നിങ്ങനെയുള്ള പ്രധാന മേഖലകളിലേക്കുള്ള നീക്കിയിരിപ്പ് ഇതില്‍ നിന്നാണ്. വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള നീക്കിയിരിപ്പും സ്വാഭാവികമായും കുറയും. ഇത്തവണത്തെ ബജറ്റില്‍ പറയുന്നത് അനുസരിച്ച്  വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ച തുകയും 2019-നെ അപേക്ഷിച്ച് ഇത്തവണ കുറവാണ്. 2019-ല്‍ സര്‍ക്കാരിന്റെ ആകെ ചെലവിന്റെ 54.97 ശതമാനമായിരുന്നു വികസന ചെലവുകള്‍. ഇത്തവണ അത് 52.86 ശതമാനമായി കുറഞ്ഞു.

അതായത്, ആദ്യം ശമ്പളവും പെന്‍ഷനും കൊടുക്കും. പിന്നെ അത്യാവശ്യമനുസരിച്ച് ചെലവ് നടത്തും. പിശുക്കാന്‍ പറ്റുന്നതിന്റെ പരമാവധി പിശുക്കും. വികസനപദ്ധതികള്‍ താളം തെറ്റും. പെന്‍ഷനുകള്‍ മുടങ്ങും. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബിയെയാണ് ഐസക് പോംവഴിയായി കണ്ടത്. 1999-ലാണ് നിയമസഭ കിഫ്ബി നിയമം അംഗീകരിച്ചത്. അടിസ്ഥാന വികസനത്തിനായി ഫണ്ട് ഏര്‍പ്പെടുത്തുകയും തെരഞ്ഞെടുത്ത പദ്ധതികള്‍ക്ക് അതില്‍നിന്നു പണമനുവദിക്കുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശ്യം. ഇടതുപക്ഷ സര്‍ക്കാര്‍ 2016-ലെ ഓര്‍ഡിനന്‍സിലൂടെ കിഫ്ബിയുടെ സംഘടനാരൂപവും പ്രവര്‍ത്തനരീതിയും പാടെ മാറ്റി. ഇതു ധനവിഭവ സമാഹരണത്തിലും വിനിയോഗത്തിലുമുള്ള സുതാര്യത, നികുതിദായകരായ ജനങ്ങളോടുള്ള ഉത്തരവാദിത്വം, സര്‍ക്കാര്‍ നിയന്ത്രണത്തിന്റെ സ്വഭാവം, സ്വകാര്യ മൂലധനത്തിന്റെ പങ്ക് എന്നിവയില്‍ പ്രകടമായി. സര്‍ക്കാര്‍ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും ധനസഹായവര്‍ത്തി എന്ന നില വിട്ട് അവയുടെ പശ്ചാത്തലസൗകര്യ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും അവ സമര്‍പ്പിക്കുന്ന പദ്ധതികളില്‍ തീര്‍പ്പു കല്പിക്കാനുമുള്ള അധികാരം കയ്യാളുന്ന വികസന സ്വേച്ഛാധിപതിയായി ഇതോടെ കിഫ്ബി മാറി.

കിഫ്ബിയുടെ പ്രവര്‍ത്തനം കേരള സമ്പദ്വ്യവസ്ഥയില്‍ ഗൗരവതരവും ദൂരവ്യാപകവുമായ ഫലങ്ങള്‍ ഉളവാക്കാന്‍ പോന്നതാണെന്ന് പറയുന്നു സാമ്പത്തികവിദഗ്ധനായ ഡോ. കെ.ടി. റാംമോഹന്‍. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ചില വരുമാന സ്രോതസ്സുകള്‍ പൂര്‍ണ്ണമായോ  ഭാഗികമായോ കിഫ്ബിക്കായി മാറ്റിവെച്ചതും വിദേശകടത്തിനായി സര്‍ക്കാര്‍ നിരുപാധികവും റദ്ദാക്കാനാവാത്തതുമായ ഈട് നല്‍കിയതും ഭീമമായ കടവും ഉയര്‍ന്ന പലിശയും ഏറ്റെടുത്തുകൊണ്ട് പുറംനാട്ടിലേക്കു വലിയ തോതിലുള്ള സമ്പദ് ചോര്‍ച്ചയ്ക്ക് വഴിവെച്ചതും ആയ വിഷയങ്ങള്‍ വിശദവും കാര്യവിവരത്തോടെയുള്ളതുമായ ചര്‍ച്ച ആവശ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. സുതാര്യതയുടെ അഭാവം തന്നെയാണ് പ്രാഥമിക പ്രശ്നം. കിഫ്ബിയുടെ വരവ്-ചെലവ് ബജറ്റിന്റെ ഭാഗമല്ല; ബജറ്റിനൊപ്പം നിയമസഭയില്‍ വെക്കുന്നത് പോയവര്‍ഷത്തെ കണക്കാണ്. അതിനാല്‍ നടപ്പാക്കാനിരിക്കുന്ന പദ്ധതികളെക്കുറിച്ച് അറിയാനോ അഭിപ്രായം പറയാനോ സാമാജികര്‍ക്ക് അവസരം ലഭിക്കുന്നില്ല. ചുരുക്കം പദ്ധതികള്‍ മാത്രമേ മന്ത്രിസഭയുടെ പരിഗണനയില്‍പ്പോലും വരുന്നുള്ളു. എല്ലാ അധികാരവും കിഫ്ബിയുടെ ഭരണസമിതിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് ഡോ. കെ.ടി. റാം മോഹന്‍ പറയുന്നു.

സ്കൂളുകൾ വഴി സർക്കാർ വിതരണം ചെയ്ത ക്രിസ്മസ് കിറ്റ് വാങ്ങിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ. കോഴിക്കോട് നിന്നുള്ള ചിത്രം/ ഫോട്ടോ: മനു ആർ മാവേലിൽ 
സ്കൂളുകൾ വഴി സർക്കാർ വിതരണം ചെയ്ത ക്രിസ്മസ് കിറ്റ് വാങ്ങിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ. കോഴിക്കോട് നിന്നുള്ള ചിത്രം/ ഫോട്ടോ: മനു ആർ മാവേലിൽ 

കിഫ്ബിയുടെ സാമ്പത്തിക ബാധ്യത വരും സര്‍ക്കാരുകള്‍ക്ക് ചുമക്കേണ്ടിവരുമെന്നു ജെ. പ്രഭാഷും പറയുന്നു. സംസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ചില പ്രത്യേക ഘട്ടത്തില്‍ ഇത്തരം പദ്ധതികള്‍ അനിവാര്യമാകും; പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞുവരുകയും ചെലവുകള്‍ കൂടിവരുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍. പക്ഷേ, ഇവിടെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കേണ്ടതുണ്ട്: എങ്ങനെയാണ് കിഫ്ബി പണം സ്വരൂപിക്കുന്നത്? ഉദാഹരണമായി ഇതിലൂടെ കള്ളപ്പണം വെളുപ്പിക്കുന്ന ഏര്‍പ്പാട് ഉണ്ടോ? നിയമാനുസൃതമായാണോ പണം സ്വരൂപിക്കുന്നത് (എ.ജി ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍)? പണം ഉപയോഗിക്കുന്നത് ഉല്പാദനക്ഷമമായ കാര്യങ്ങള്‍ക്കാണോ? മുതല്‍മുടക്കുന്നതില്‍നിന്ന് തിരിച്ച് വരുമാനം ഉണ്ടാവണം. അല്ലാത്തപക്ഷം അത് ബാധ്യത മാത്രമാവുമെന്നും അദ്ദേഹം പറയുന്നു. 

ഇനി ഏതു മുന്നണി അധികാരത്തിലെത്തിയാലും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്. നികുതിച്ചോര്‍ച്ചയില്ലാതെ, വരുമാനം മെച്ചപ്പെടുത്തി ചെലവ് ചുരുക്കി മുന്നോട്ടുപോകേണ്ടിവരും. കിഫ്ബി ഇനിയും വേണോയെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തീരുമാനിക്കേണ്ടിവരും. കടം ഒരു ധനമല്ല എന്ന തിരിച്ചറിവ് പുതിയ ധനമന്ത്രിമാര്‍ക്ക് വേണ്ടി വരും. എന്നാല്‍ ഇതൊക്കെ പറയുന്നത്ര എളുപ്പമല്ല. രാഷ്ട്രീയ ഇച്ഛാശക്തിയാണ് അതിനാവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com