പരിസ്ഥിതിവാദത്തിലെ ഇന്ത്യന്‍ അനുഭവങ്ങള്‍

വെട്ടിവീഴ്ത്തുന്ന മരങ്ങള്‍ തലയറ്റ ശരീരത്തെക്കാള്‍ വിലമതിക്കുന്നതാണ്.'' അമൃതാദേവി ബിഷ്ണോയി എന്ന കെജ്‌റാളി ഗ്രാമവനിതയുടെ ശിരസ്സറ്റ കണ്ഠത്തില്‍നിന്ന് ഉയര്‍ന്നുവന്ന ഗര്‍ജ്ജനമാണിത്
പരിസ്ഥിതിവാദത്തിലെ ഇന്ത്യന്‍ അനുഭവങ്ങള്‍

വെട്ടിവീഴ്ത്തുന്ന മരങ്ങള്‍ തലയറ്റ ശരീരത്തെക്കാള്‍ വിലമതിക്കുന്നതാണ്.'' അമൃതാദേവി ബിഷ്ണോയി എന്ന കെജ്‌റാളി ഗ്രാമവനിതയുടെ ശിരസ്സറ്റ കണ്ഠത്തില്‍നിന്ന് ഉയര്‍ന്നുവന്ന ഗര്‍ജ്ജനമാണിത്. എ.ഡി. 1730, സെപ്റ്റംബര്‍ 12-ന് രാജസ്ഥാനിലെ ജോധ്പൂര്‍ പ്രവിശ്യയില്‍പ്പെട്ട  കെജ്‌റാളി എന്ന ഗ്രാമത്തില്‍ 363 ഓളം വരുന്ന സാധാരണ ജനങ്ങളുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ടതായിരുന്നു ഈ അനിഷ്ട സംഭവം. മാര്‍വാര്‍ മഹാരാജാവ് അഭയ് സിംഗ് റാത്തോറിന്റെ പടയാളികള്‍ കൊട്ടാരനിര്‍മ്മാണത്തിന് ആവശ്യമായ കെജറി (അക്കേഷ്യ) മരങ്ങള്‍ മുറിക്കുന്നതിനായി കെജ്‌റാളി ഗ്രാമത്തില്‍ എത്തിയതാണ് രക്തച്ചൊരിച്ചിലിലേക്ക് നീങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. കെജ്‌റാളി ഗ്രാമവാസികളുടെ വിശ്വാസത്തിന്റേയും ഉപജീവനത്തിന്റേയും നെടുംതൂണായി കരുതുന്ന കെജറി മരങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ടാണ് രാജഭടന്മാരുടെ മരം മുറിക്കലിനെ പ്രതിരോധിച്ചതും വീരമൃത്യുവരിച്ചതും. ഇത് ആധുനിക ഇന്ത്യയില്‍ പ്രകൃതിവിഭവങ്ങളുടെമേല്‍ നടത്തുന്നതായ ചൂഷണങ്ങള്‍ക്കെതിരെയുള്ള സാധാരണക്കാരന്റെ ചെറുത്തുനില്‍പ്പുകളുടെ ആദ്യകാഴ്ചയായി വിലയിരുത്താവുന്നതാണ്.

പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെന്നു വിശ്വസിക്കുന്ന വികസനവാദികളും വികസനമല്ല, പരിസ്ഥിതിയാണ് പ്രധാനം എന്നു കരുതുന്ന പരിസ്ഥിതിവാദികളും തമ്മിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ മനസ്സുകളില്‍ പ്രകൃതി, മാനവ വികസനത്തിനുള്ള രീതിശാസ്ത്രമായാണ്  നിലകൊള്ളുന്നത്. അതായത് ഇന്ത്യന്‍ സമൂഹങ്ങളില്‍ പ്രകൃതിബോധം കേവല പ്രകൃതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം അനിവാര്യമായ അതിജീവന സമരങ്ങളുടെ രൂപത്തിലേക്ക് പരിവര്‍ത്തനപ്പെടുന്നുണ്ട്. പ്രകൃതി വിഭവങ്ങളുടെ സാമൂഹ്യനീതിക്കായി ഭാരതീയര്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളിലെ അനുഭവങ്ങളേയും അവരുടെ സാമാന്യ ബോധത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പ്രകൃതിസങ്കല്പത്തിന്റെ അവസ്ഥാന്തരങ്ങളേയും പരിശോധിക്കുകയാണിവിടെ.

ചാലിയാർ സമരത്തിൽ സുന്ദർലാൽ ബഹു​ഗുണ
ചാലിയാർ സമരത്തിൽ സുന്ദർലാൽ ബഹു​ഗുണ

പ്രകൃതിബോധത്തിലെ ഇന്ത്യന്‍ വേരുകള്‍

ഭാരതീയരുടെ പ്രകൃതിബോധത്തിന്റെ ചരിത്രപരമായ വികാസത്തെ വിലയിരുത്തുന്നതിനു മുന്‍പായി റെയ്മണ്ട് വില്ല്യംസ്, കീ വേര്‍ഡ്‌സ് എന്ന ഗ്രന്ഥത്തില്‍ പ്രകൃതി എന്ന പദത്തിനു നല്‍കിയിട്ടുള്ള അര്‍ത്ഥതലങ്ങളെ പരിചയപ്പെടേണ്ടതുണ്ട്. ഇംഗ്ലീഷ് ഭാഷയിലെ സങ്കീര്‍ണ്ണവും ത്രിമാന അര്‍ത്ഥതലങ്ങള്‍ ഉള്ളതുമായ വാക്കാണ് പ്രകൃതി എന്ന നിലയിലാണ് റെയ്മണ്ട് വില്ല്യംസിന്റെ വിശദീകരണം. ഒന്നാമതായി പ്രകൃതി എന്ന പദം ഒരു വസ്തുവിന്റെ പ്രകൃതം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്നു (Nature as Essence). അതായത് പ്രകൃതിയിലെ ഓരോ ഘടകത്തിന്റേയും അടിസ്ഥാന സ്വഭാവത്തെ പ്രതിനിധീകരിക്കുന്നതിന് ഉപയോഗിക്കപ്പെടുന്നുണ്ട്. രണ്ടാമതായി പ്രകൃതിയെ പരിസ്ഥിതി എന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നതായി കാണാം (Nature as Environment). മനുഷ്യനു ചുറ്റും സ്ഥിതിചെയ്യുന്ന, മനുഷ്യന്റെ മുന്നോട്ടുപോക്കിനെ സഹായിക്കുന്ന സചേതന, അചേതന വസ്തുക്കളുടെ ഇടം എന്ന രീതിയില്‍ പരിഗണിക്കുകയാണിവിടെ.  മൂന്നാമതായി പ്രകൃതിയെ ഒരു വസ്തുവിന്റേയോ പ്രതിഭാസത്തിന്റേയോ നൈസര്‍ഗ്ഗികമായ അവസ്ഥയെ സൂചിപ്പിക്കുന്നതിനായി വ്യാഖ്യാനിക്കപ്പെടുന്നു (Nature as Non artificial and inherent). ഇങ്ങനെ പ്രകൃതി എന്ന പദം വിവിധ അര്‍ത്ഥതലങ്ങളില്‍, ഭാഷയില്‍ നിലീനമായിരിക്കുന്നതായും റെയ്മണ്ട് വില്ല്യംസ് തന്റെ ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നുണ്ട്. 

മനുഷ്യ-പ്രകൃതി പാരസ്പര്യ ആശയങ്ങള്‍ക്ക് 4500 ഓളം വര്‍ഷങ്ങളുടെ പാരമ്പര്യം ഭാരതീയര്‍ക്ക് ഉണ്ടെന്നുള്ള സംസ്‌കാരവാദികളുടെ അവകാശമുന്നയിക്കലിനെ പൂര്‍ണ്ണതോതില്‍ പിന്തുണയ്ക്കാന്‍ കഴിയില്ല. എന്നിരുന്നാലും സിന്ധുനദീതട സംസ്‌കാരം മുതലുള്ള സംസ്‌കാര രൂപങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് വിലയിരുത്തിയാല്‍ വേദപുരാണങ്ങള്‍, ബൗദ്ധിക സൂക്തങ്ങള്‍, അശോക ശാസനങ്ങള്‍, കൗടില്യന്റെ  അര്‍ത്ഥശാസ്ത്രം തുടങ്ങിയവയില്‍ പ്രകൃതി-മനുഷ്യ സമന്വയത്തിന്റെ സന്ദേശങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതായി കാണാന്‍ കഴിയും. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ ഭൂതകാല തെളിവുകള്‍ തേടിയുള്ള അന്വേഷണങ്ങള്‍ ചെന്നെത്തിനില്‍ക്കുന്നത് ബി.സി 2500-1500കളില്‍ ഇന്ത്യയില്‍ നിലനിന്നിരുന്നതായ സിന്ധു നദീതട സംസ്‌കാര ഭൂമിയിലാണ്. ഹാരപ്പ, മോഹന്‍ജദാരോ തുടങ്ങിയ പ്രാചീന നഗരങ്ങളില്‍നിന്ന് ചരിത്രഗവേഷകര്‍ കണ്ടെത്തിയ 'അമ്മദൈവ ശില്പം', 'പൊതുകുളം' തുടങ്ങിയവയുടെ പുനര്‍വായനകള്‍ പ്രാചീനകാലം മുതല്‍ക്കേ മനുഷ്യ-പ്രകൃതി ബന്ധത്തിന്റെ തെളിവായി പരിഗണിക്കാമെന്ന് റോമില ഥാപ്പര്‍ 'പ്രാചീന ഇന്ത്യാചരിത്രം' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ''സഹസ്രാബ്ദ കാലത്തോളം ഈ പ്രപഞ്ചത്തില്‍ നിങ്ങള്‍ക്ക് സന്തോഷ ജീവിതത്തിന്റെ സത്ഫലങ്ങള്‍ കാംക്ഷിക്കണമെങ്കില്‍ മരങ്ങളുടെ പരിപാലനത്തിലൂടെയേ സാധ്യമാകൂ'' എന്ന ഋഗ്വേദ സൂക്തം വേദകാലഘട്ടമായ ബി.സി 1000 മുതല്‍ക്കേ ഭാരതീയര്‍ മനുഷ്യരുടെ നിലനില്‍പ്പിനു പ്രകൃതിയുടെ പ്രാധാന്യത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. 

ശ്രീബുദ്ധന്‍, ബി.സി. 300-കളില്‍ത്തന്നെ പ്രകൃതിയുടെ സന്തുലിതാവസ്ഥ, മനുഷ്യരുടെ വിഭവ ഉപഭോഗ ആസക്തി, ഉപജീവന അവകാശം തുടങ്ങിയ ആശയങ്ങളെ പൊതുസമൂഹത്തിന് അടിസ്ഥാന മൂല്യസങ്കല്പങ്ങളായി പരിചയപ്പെടുത്തുന്നുണ്ട്. ഇ.എഫ്. ഷൂമാക്കര്‍ 'ടാമഹഹ ശ െആലമൗശേളൗഹ' എന്ന ഗ്രന്ഥത്തിലൂടെ പ്രകൃതിസംരക്ഷണ സങ്കല്പത്തെ വിഭാവനം ചെയ്യുന്നതില്‍ ശ്രീബുദ്ധന്റെ ആശയങ്ങളോടുള്ള സാമ്യത പ്രകടമാണ്. ഒരു പരിധിവരെ ഇന്ത്യന്‍ പരിസ്ഥിതി വിജ്ഞാന പാരമ്പര്യത്തേയും പ്രകൃതിസൗഹൃദ സാമ്പത്തിക ക്രമീകരണങ്ങളുടേയും തനിയാവര്‍ത്തനമാണ് ഇ.എഫ്. ഷൂമാക്കര്‍ തന്റെ സാമ്പത്തിക സിദ്ധാന്തങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ളത് എന്നുപോലും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

മൗര്യ രാജാവായ അശോകചക്രവര്‍ത്തിയുടെ ശിലാശാസനങ്ങള്‍ പലതും പ്രകൃതിയുടെ ആത്മാവിനെ തൊട്ടറിഞ്ഞിട്ടുള്ള രേഖകളായി കണക്കാക്കാം. ''രാഷ്ട്രത്തിലെ ജനതയുടെ സംരക്ഷണത്തിനും ക്ഷേമത്തിനും പ്രാധാന്യം നല്‍കുന്നതിനോടൊപ്പം വനം, വന്യജീവികള്‍ തുടങ്ങിയ പ്രകൃതിവിഭവങ്ങളേയും പരിഗണിക്കേണ്ട ഉത്തരവാദിത്വം രാഷ്ട്രത്തിനുണ്ട്'' എന്നുള്ള കല്പനകള്‍ ആധുനിക സമൂഹത്തിനുമുള്ള വഴിവിളക്കുകളായി കണക്കാക്കാം. അതിലുപരി രാഷ്ട്രവും-ഭരണകൂടവും പ്രകൃതിയെ നിയമപരമായി പരിഗണിക്കേണ്ടതാണ് എന്ന തരത്തിലുള്ള സമീപനങ്ങള്‍ ലോകത്തിന് ആദ്യമായി പരിചയപ്പെടുത്തിയും ഭാരതത്തില്‍നിന്നുള്ള ഭരണാധികാരിയായിരുന്നു. 

നർമ്മദയിലെ കൂറ്റൻ അണക്കെട്ടിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്ത് സത്യ​ഗ്രഹം അനുഷ്ഠിക്കുന്ന ബാബ ആംതെ
നർമ്മദയിലെ കൂറ്റൻ അണക്കെട്ടിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്ത് സത്യ​ഗ്രഹം അനുഷ്ഠിക്കുന്ന ബാബ ആംതെ

മേഘസന്ദേശവും അര്‍ത്ഥശാസ്ത്രവും
 
സംസ്‌കൃത കവിയായി അറിയപ്പെടുന്ന കാളിദാസന്‍ ഇതേ കാലഘട്ടത്തില്‍ത്തന്നെ  'മേഘസന്ദേശം' എന്ന മഹാകാവ്യത്തിലൂടെ കാല്പനിക പ്രകൃതിവാദത്തിലുള്ള സംഭാവനകളുടെ ഇന്ത്യന്‍ കയ്യൊപ്പായി കണക്കാക്കാവുന്നതാണ്. എ.ഡി 1210 വരെ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ ഭരണഘടന എന്ന് വിശേഷിപ്പിക്കാവുന്ന കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടത്തിന്റേയും പൊതുസമൂഹത്തിന്റേയും കടമകളെക്കുറിച്ചുള്ള നിയമാവലികള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ''വനസമ്പത്തിനെയും വന്യമൃഗങ്ങളേയും, കൊള്ളക്കാരില്‍നിന്നും മൃഗവേട്ടക്കാരില്‍നിന്നും ഭരണകൂടം സംരക്ഷിക്കേണ്ടതുണ്ടെന്നും വനത്തില്‍ അതിക്രമിച്ചു കടന്നു വനവിഭവങ്ങള്‍ കൊള്ളയടിക്കുന്നവര്‍ക്ക് നിയമപരമായി പിഴ ചുമത്തേണ്ടതുണ്ട്'' എന്നുള്ള അര്‍ത്ഥശാസ്ത്രത്തിലെ രേഖപ്പെടുത്തലുകള്‍ ഒരു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ വനസംരക്ഷണ നിയമങ്ങളില്‍ പരിചിതരായിരുന്നു ഭാരതീയര്‍ എന്ന് വെളിവാക്കുന്നതാണ്. 

ആധുനിക ലോകത്തെ വനസംരക്ഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ 1850-കളില്‍ ജോണ്‍ മുയര്‍, ബ്രാന്‍ഡിസ് തുടങ്ങിയ പാശ്ചാത്യ പരിസ്ഥിതി പണ്ഡിതരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നതിന് എത്രയോ കാലം മുന്‍പുതന്നെ ഭാരതജനതയ്ക്ക് ഇവയെല്ലാം പരിചയമായിരുന്നു എന്നതാണ് വാസ്തവം. വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യയിലെ നാനാജാതി മനുഷ്യസമൂഹങ്ങളും സംസ്‌കാരങ്ങളും പരസ്പരപൂരിതമായ മനുഷ്യ-പ്രകൃതി ഇടകലരുകളുടെ അനിവാര്യതയെ ലോകസമക്ഷം അവതരിപ്പിച്ചു എന്നത് സത്യമാണ്. അതുകൊണ്ട് ലോക പരിസ്ഥിതി ചിന്തകളുടെ പിതൃത്വവും ഉത്ഭവകേന്ദ്രവും ഭാരതമാണെന്നുള്ള പ്രസ്താവനകള്‍ സങ്കുചിത ദേശീയവാദികള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് അയഥാര്‍ത്ഥ്യമായ വസ്തുതകളാണ്. എന്നിരുന്നാലും മനുഷ്യ-പ്രകൃതി ബന്ധത്തെ കാര്‍ട്ടീസിയന്‍ ദ്വന്ദവാധത്തിലധിഷ്ഠിതമായിട്ടുള്ള മനുഷ്യകേന്ദ്രീകൃത വാദത്തിലൂടെയാണ് പാശ്ചാത്യലോകം വ്യാഖ്യാനിച്ചിരുന്നതെന്നും പൗരസ്ത്യ സമൂഹങ്ങളില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സമ്പര്‍ക്കങ്ങള്‍ ഒരു പരിധിവരെ പ്രകൃതി കേന്ദ്രീകൃതം ആയിരുന്നു എന്നും കെ.എന്‍. ഗണേഷ് 'പ്രകൃതിയും മനുഷ്യനും' എന്ന ഗ്രന്ഥത്തില്‍ വിലയിരുത്തിയിട്ടുണ്ട്.

ഭാരതീയര്‍ പ്രകൃതിബോധത്തിന്റെ പ്രാഥമിക ചിന്തകള്‍ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും, പ്രകൃതിയെ പൂര്‍ണ്ണമായും പരിഗണിച്ചുകൊണ്ടാണ് കഴിഞ്ഞ കാലമത്രയും നമ്മുടെ ജനത നടന്നുനീങ്ങിയത് എന്നര്‍ത്ഥമില്ല. മഹാഭാരതത്തില്‍ ഖാണ്ഡവ വനത്തെ അഗ്‌നിക്കിരയാക്കിയതും വന്യമൃഗങ്ങളേയും പ്രകൃതിപ്രതിഭാസങ്ങളെയും കീഴ്പ്പെടുത്തുന്ന ക്ഷത്രിയ യോദ്ധാവിന്റെ  ധീരതയെ വാഴ്ത്തുന്ന നിരവധി പ്രസ്താവനകള്‍ വേദപുരാണങ്ങളില്‍നിന്നു കണ്ടെത്താന്‍ കഴിയും. ഈ സൂചനകള്‍ ഇന്ത്യന്‍ സമൂഹത്തിനകത്ത് പ്രകൃതിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വൈരുദ്ധ്യസമീപനങ്ങളെ വ്യക്തമാക്കുന്നു. ഇവിടെയാണ് ''ലോകത്തെ ഏതെങ്കിലുമൊരു പ്രാചീന സമൂഹത്തിനോ സംസ്‌കാര രൂപത്തിനോ പ്രകൃതി സംരക്ഷണ ചിന്തകളുടെ പിതൃത്വത്തെ ചാര്‍ത്തിക്കൊടുക്കാന്‍ കഴിയുന്നതല്ല'' എന്ന രാമചന്ദ്ര ഗുഹയുടെ രേഖപ്പെടുത്തല്‍, മനുഷ്യചരിത്രത്തിന്റെ വാസ്തവങ്ങളെ സ്വാംശീകരിച്ചുള്ള നിരീക്ഷണമായി വിലയിരുത്തപ്പെടുന്നത്.

മണ്ഡലിലെ ആദിവാസി സ്ത്രീകൾ നടത്തിയ ചിപ്കോ സമരത്തിൽ നിന്ന്
മണ്ഡലിലെ ആദിവാസി സ്ത്രീകൾ നടത്തിയ ചിപ്കോ സമരത്തിൽ നിന്ന്

ഇന്ത്യന്‍ ബോധം: അക്കാദമിക പരിസരങ്ങളില്‍

ആധുനിക ലോകം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്ന പരിസ്ഥിതി തകര്‍ച്ച, പ്രകൃതി സൗഹാര്‍ദ്ദ വികസനം തുടങ്ങിയ സങ്കല്പങ്ങള്‍ 1750-1900 കാലത്ത് യൂറോപ്യന്‍ മണ്ണില്‍ അരങ്ങുതകര്‍ത്ത വ്യവസായവല്‍ക്കരണത്തിന്റെ തിക്താനുഭവങ്ങളില്‍ നിന്നായിരുന്നു. വ്യവസായവല്‍ക്കരണം സൃഷ്ടിച്ചതായ പരിസ്ഥിതി തകര്‍ച്ചകളും യൂറോപ്യന്‍ ജനതയ്ക്ക്  നല്‍കിയ ദൗര്‍ഭാഗ്യങ്ങളേയും ലോകപ്രശസ്ത കവികളായിരുന്ന വില്ല്യം വേര്‍ഡ്‌സ്വര്‍ത്ത്, ജോണ്‍ റസ്‌കിന്‍, എഡ്വേഡ് കാര്‍പെന്റെ എന്നിവര്‍ രചനകളിലൂടെ പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നതായി കാണാം. 'പ്രകൃതിയിലേക്ക് മടങ്ങുക സമൂഹമേ' എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് കാല്പനിക പരിസ്ഥിതി സ്നേഹത്തിനപ്പുറം പ്രകൃതിയെ മനുഷ്യന്‍ പരിഗണിക്കേണ്ടതുണ്ട് എന്ന വാദത്തിന് തുടക്കം കുറിച്ചവരാണ് ഈ മൂവരും. 170000 മൈലുകളോളം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വ്യവസായവല്‍ക്കരണത്തിന്റെ യഥാര്‍ത്ഥ മുഖത്തെ പൊതുമധ്യത്തില്‍ തുറന്നുകാട്ടിയ വ്യക്തികളില്‍ പ്രധാനിയായിരുന്നു വില്ല്യം വേഡ്സ്വര്‍ത്ത്.

''പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സൗഹാര്‍ദ്ദപരമായ ക്രയവിക്രയങ്ങളിലൂടെയാണ് സാമൂഹ്യ വികസനം സാധ്യമാകുന്നത്'' എന്ന ചിന്തയുടെ വിത്തുകള്‍ സ്വായത്തമാക്കിയത് റസ്‌കിന്റെ 'Unto this Last' എന്ന രചനയുടെ സ്വാധീനത്തിലാണെന്ന് ഗാന്ധിജി തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ആധുനിക ഭാരതത്തിന്റെ ശില്പികളില്‍ പ്രഥമഗണനീയനായ മഹാത്മാഗാന്ധി കുറിച്ചിട്ടുള്ള ''മനുഷ്യന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഭൂമി മതിയായതാണ്, എന്നാല്‍ മനുഷ്യന്റെ അത്യാഗ്രഹത്തെ പൂര്‍ണ്ണമാക്കാന്‍ ഈ ഭൂമി മതിയാവില്ല'' എന്ന വാക്യം പ്രകൃതിയുമായുള്ള ഓരോ ഭാരതീയന്റേയും  സമീപനം എന്തായിരിക്കണം എന്ന് വെളിപ്പെടുത്തുന്നുണ്ട്. സുസ്ഥിര ഗ്രാമവികസന സങ്കല്പത്തിന്റെ പ്രയോഗ സാധ്യതകളുടെ ആദ്യ ചുവടുകള്‍ ഗാന്ധിജി ഗ്രാമസ്വരാജിലൂടെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിയതാണ്. 1972-ല്‍ സ്റ്റോക്ഹാമില്‍ വച്ച് നടന്ന പരിസ്ഥിതി സമ്മേളനത്തില്‍ നോര്‍വീജിയന്‍ പ്രസിഡന്റായ ഗ്രോ ഹാര്‍ലം ബ്രൂണ്ട്ലാന്‍ഡ് അവതരിപ്പിച്ച സുസ്ഥിര വികസന സങ്കല്പ സിദ്ധാന്തം ഗാന്ധിയന്‍ വികസന സങ്കല്പവീക്ഷണത്തിനുള്ള സമാനതകള്‍ ആശ്ചര്യമുളവാക്കുന്ന സംഗതിയാണ്.

1900 മുതല്‍ക്കേ ഇന്ത്യന്‍ അക്കാദമിക സമൂഹങ്ങളിലെ പ്രതിഭാശാലിയായ രാധാകമല്‍ മുഖര്‍ജി, ജെ.സി. കുമരപ്പ തുടങ്ങിയവര്‍ പ്രകൃതിസൗഹാര്‍ദ്ദപരമായ വികസന സങ്കല്പങ്ങളെ പ്രായോഗിക നയമാക്കി വികസിപ്പിച്ചെടുത്തുകൊണ്ടുള്ള നിരന്തര ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. രാധാകമല്‍ മുഖര്‍ജിയുടെ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യന്‍ എക്കോണമി എന്ന ഗ്രന്ഥത്തില്‍ 'സിനെക്കോളജി' (synecology) എന്ന പദത്തെ പരിചയപ്പെടുത്തിക്കൊണ്ട് സാമൂഹ്യ പരിസ്ഥിതി സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടു. ഈ ഗ്രന്ഥത്തിന് ആമുഖമെഴുതിയത് ലോകപ്രശസ്ത നഗരാസൂത്രകനും ഇന്ത്യയില്‍ രണ്ടു പതിറ്റാണ്ടുകാലം വികസനപ്രവര്‍ത്തനങ്ങളില്‍ ആസൂത്രകനായും സേവനമനുഷ്ഠിച്ച പ്രതിഭയായ പാട്രിക് ഗെഡ്‌സ് ആയിരുന്നു. രാധാകമല്‍ മുഖര്‍ജിയുടെ 'Social Ecology', 'Man And His Habitation' തുടങ്ങിയ ഗ്രന്ഥങ്ങളും പാട്രിക് ഗെഡ്‌സുമായുള്ള യോജിച്ച ഗവേഷണ പ്രവര്‍ത്തനങ്ങളും പരിസ്ഥിതിയെ ഇന്ത്യക്കാരുടെ സാമൂഹ്യബോധത്തിന്റെ ഭാഗമാക്കുന്നതിനുള്ള അടിസ്ഥാന പ്രമാണമായി വര്‍ത്തിച്ചു. 

ഹരിതഗാന്ധി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജെ.സി. കുമരപ്പ എന്ന തമിഴ്നാട്ടുകാരനായ പ്രതിഭാശാലി 1930-കള്‍ മുതല്‍ വ്യവസായവല്‍ക്കരണ സൃഷ്ടിയായ പരിസ്ഥിതി തകര്‍ച്ചയും സാധാരണക്കാരുടെ ദാരിദ്ര്യവും തമ്മിലുള്ള കാര്യകാരണബന്ധത്തെ പഠനവിധേയമാക്കി. ആധുനിക ഇന്ത്യന്‍ പ്രകൃതി വാദത്തിന്റെ പിതാവ് എന്ന് വിളിക്കപ്പെടുന്ന കുമരപ്പ The Economy of Permanents, Swaraj For the man തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ ഗാന്ധിയന്‍ വികസന സങ്കല്പത്തിന്റെ പ്രായോഗിക തലങ്ങളെ സ്പര്‍ശിക്കുന്നതും ഇന്ത്യന്‍ ഗ്രാമങ്ങളെ ഉള്‍ക്കൊള്ളുന്നതുമായ സാമ്പത്തിക ആസൂത്രണ പദ്ധതികള്‍ സമൂഹത്തിനു പരിചയപ്പെടുത്തി. പീറ്റര്‍ ഓവര്‍ജെനി 2009-ല്‍ പ്രസിദ്ധീകരിച്ച 'Historical Dictionary of Environmentalism' എന്ന ഗ്രന്ഥത്തെ പരാമര്‍ശിച്ചുകൊണ്ട് 1950 വരെയുള്ള ഭാരതീയരുടെ പരിസ്ഥിതി ചിന്തകളില്‍ നടന്നിട്ടുള്ളതായ ഇടപെടലുകള്‍ സൈദ്ധാന്തിക പരിസ്ഥിതിവാദ കാലഘട്ടമായി വിലയിരുത്താവുന്നതാണ്. എന്നിരുന്നാലും ഇന്ത്യന്‍ വൈജ്ഞാനികര്‍ പ്രകൃതിസംരക്ഷണ ചിന്തകള്‍ക്കു നല്‍കിയ നേട്ടങ്ങളെ 1947 വരെ ഭരണതലത്തില്‍ പ്രായോഗികമാക്കുന്നത് ബ്രിട്ടീഷ് ഇന്ത്യയില്‍ അസാധ്യമായിരുന്നു. ബ്രിട്ടീഷ് കോളനിയായി നിലകൊണ്ടതിന്റെ ഭാരം സൃഷ്ടിച്ച വികസന മുരടിപ്പിനേയും കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ ദാരിദ്ര്യത്തെയും മറികടക്കുന്ന സാമ്പത്തിക വികസന ആസൂത്രണത്തിനായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യ പ്രഥമ പരിഗണന നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ പരിസ്ഥിതിവാദം രാജ്യപുരോഗതിക്കു തടസ്സം ആകാതെ നില്‍ക്കണമെന്നുള്ള നിര്‍ബ്ബന്ധം നെഹ്റുവിയന്‍ വികസനവാദികള്‍ക്ക് ഉണ്ടായിരുന്നതായി കാണാം. 

ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുക്കാര്‍ണോ, ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജി.എ. നാസ്സര്‍ ഹുസ്സൈന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്റു തുടങ്ങിയ മൂന്നാം ലോക രാഷ്ട്രത്തലവന്മാരും ഭരണകാലത്ത് സ്വീകരിച്ചത് ''അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിന് പാശ്ചാത്യ സമൂഹം അവലംബിക്കുന്ന വ്യവസായവല്‍ക്കരണത്തിലും ശാസ്ത്രസാങ്കേതികവിദ്യയിലും ഊന്നിയ സാമ്പത്തികനയങ്ങള്‍ ആയിരിക്കണം കൈക്കൊള്ളേണ്ടത്'' എന്ന വികസന കാഴ്ചപ്പാടായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ വന്‍വ്യവസായ സംരംഭങ്ങള്‍ക്കും ജലസേചന പദ്ധതികള്‍ക്കും പശ്ചാത്തല വികസനത്തിനും ആയിരുന്നു ആദ്യ പഞ്ചവത്സര പദ്ധതികളിലൂടെ പ്രാധാന്യം നല്‍കിയിരുന്നത്. രാമചന്ദ്ര ഗുഹ ഇന്ത്യന്‍ സമൂഹം 1950 മുതല്‍ 1970 വരെ പിന്തുടര്‍ന്നുവന്ന സാമ്പത്തിക വികസന രീതിശാസ്ത്രത്തെ, ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തെ ലക്ഷ്യം വെച്ചുള്ള നിഷ്‌കളങ്കമായ വികസന ഘട്ടമായി വിലയിരുത്തപ്പെട്ടു (Age of Ecological innocence). അതായത് ഇന്ത്യയില്‍ പ്രകൃതി സൗഹാര്‍ദ്ദ പദ്ധതികള്‍ 1970 വരെ അന്യമായിത്തന്നെ നിന്നു.

മേധാ പട്കർ നർമ്മദ സമരമുഖത്ത്
മേധാ പട്കർ നർമ്മദ സമരമുഖത്ത്

അതിജീവന സമരങ്ങളിലെ പ്രകൃതിബോധം

1970-കള്‍ക്കു ശേഷം ഇന്ത്യയില്‍ പ്രകൃതിബോധം വൈജ്ഞാനികവും അക്കാദമികവുമായ തലങ്ങള്‍ക്കപ്പുറം സാധാരണ കര്‍ഷകരുടേയും തൊഴിലാളികളുടേയും അതിജീവന സമരങ്ങളായി പരിവര്‍ത്തനപ്പെടുന്നതിനു വേദിയായി. പാശ്ചാത്യലോകത്ത് റെയ്ച്ചല്‍ കാഴ്സണ്‍ 'ടശഹലി േടുൃശിഴ' പ്രസിദ്ധീകരിക്കുകയും, Aldo Leopold, Garrett James Hardin Gifford Pinchot, Ivan Illich തുടങ്ങിയവര്‍ വൈജ്ഞാനിക പ്രകൃതി നേരിടുന്ന നശീകരണത്തിന്റെ ആഴവും പരപ്പും പൊതുസമൂഹത്തിനു വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചുകൊണ്ട് ബോധ്യപ്പെടുത്തുന്ന സമയം കൂടിയായിരുന്നു 1970-കളുടെ കാലഘട്ടം. അതിനെത്തുടര്‍ന്ന് മസാറ്റസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി(MIT), ഗ്രീന്‍പീസ്, ക്ലബ്ബ് ഓഫ് റോം തുടങ്ങിയ സംഘടനകള്‍ ലോകത്തോട് മനുഷ്യന്‍ പ്രകൃതിനാശത്തിലൂടെ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രതിസന്ധികളെ തുറന്നുകാട്ടുന്ന രേഖകള്‍ പുറത്തുവിട്ടു. ഈ നീക്കങ്ങള്‍ 1972 മുതല്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ രാഷ്ട്രങ്ങളുടെമേല്‍ അനിവാര്യമായ പ്രകൃതിസൗഹാര്‍ദ്ദ സമ്പദ്വ്യവസ്ഥയുടെ പാതകള്‍ പിന്തുടരുന്നതിനുള്ള നിബന്ധനകള്‍ നിഷ്‌കര്‍ഷിക്കുന്നതിനുള്ള സാഹചര്യം സംജാതമായിത്തീര്‍ന്നതു കാണാന്‍ കഴിയും. ഇന്ത്യയെപ്പോലുള്ള അവികസിത സമൂഹങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന പരിസ്ഥിതി ചിന്തകള്‍ സാധാരണക്കാരന്റെ ദാരിദ്ര്യത്തില്‍ നിന്നുള്ള മോചനത്തിന്റെ സംഘടിത പ്രയോഗരൂപം എന്ന നിലയിലാണ്. ഈ രീതിയിലുള്ള നയപരമായ മാറ്റത്തെയാണ് ഇന്ത്യന്‍ പരിസ്ഥിതി ചിന്തയുടെ രണ്ടാംഘട്ട വളര്‍ച്ച എന്ന് രാമചന്ദ്ര ഗുഹയെപ്പോലുള്ള ചരിത്രകാരന്മാര്‍ വ്യാഖ്യാനിച്ചത്. രണ്ടാംഘട്ടത്തില്‍ ഇന്ത്യക്കാരുടെ പ്രകൃതിബോധത്തിന്റെ പരിപ്രേക്ഷ്യത്തില്‍ വന്നിട്ടുള്ള മാറ്റത്തിനു കാരണമായ സംഭവങ്ങളും അതിന്റെ കാര്യകാരണങ്ങളേയും പരിശോധിക്കുകയാണിവിടെ.

1871 മുതല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നടപ്പിലാക്കിയ വനനിയമം സാധാരണ ജനങ്ങളുടെ ജീവിത മാര്‍ഗ്ഗവും ആവാസവ്യവസ്ഥയുമായ വനപ്രദേശത്തില്‍നിന്ന് കുടിയിറക്കുന്നതായിരുന്നു. ഈ നിയമവ്യവസ്ഥയ്‌ക്കെതിരെ 1880-90കളില്‍ ആദിവാസികളേയും കര്‍ഷകരേയും സംഘടിപ്പിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം കൊടുത്ത വ്യക്തിയായിരുന്നു ജ്യോതിഭ ഫുലെ. 1916-1920 കാലത്ത് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഖനന നിയമത്തിനെതിരെ ഹുമയൂണ്‍ നിവാസികള്‍ നടത്തിയ അഞ്ചുവര്‍ഷത്തോളം നീണ്ടുനിന്നതായ പ്രക്ഷോഭം, ഉപജീവനത്തിനായി വനവിഭവങ്ങളെ ഉപയോഗിക്കുന്നതില്‍ ബ്രിട്ടീഷ് ഭരണകൂടം നിയന്ത്രണം കൊണ്ടുവന്നതിനെ എതിര്‍ത്തുകൊണ്ടായിരുന്നു. ഈ രീതിയില്‍ ചെറുതും വലുതുമായി നടന്ന ജനകീയ പ്രതിഷേധങ്ങള്‍ കാല്പനികവും ബൗദ്ധികവുമായ പ്രകൃതിവിചാരങ്ങള്‍ക്കപ്പുറം, സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യന്‍ സമൂഹത്തിലെ സാധാരണ ജനങ്ങളുടെ ജീവിതമാര്‍ഗ്ഗത്തെ നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളുടെ തുടക്കമായിരുന്നു. 1973 മാര്‍ച്ച് 27-ന് പ്രഭാതത്തില്‍ ഇന്നത്തെ ഉത്തരാഖണ്ഡ് സംസ്ഥാനത്തില്‍ ഹിമാലയന്‍ താഴ്വരയിലെ വില്ലേജായ മണ്ഡലില്‍ വനംവകുപ്പിന്റെ ഒത്താശയോടെ തടി വ്യവസായികളുടെ മരംമുറിക്കലുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷമായിരുന്നു ചിപ്കോ സമരം. (ഹിന്ദിയില്‍ ചിപ്കോ എന്ന വാക്കിന്റെ അര്‍ത്ഥം ആലിംഗനം ചെയ്യുക എന്നാണ്). ഗൗരവ ദേവി എന്ന ആദിവാസി വനിതയുടെ നേതൃത്വത്തില്‍ ഗ്രാമവാസികളെ അണിനിരത്തി മരത്തെ പുണര്‍ന്നുകൊണ്ട് നടത്തിയ സമരം ഇന്ത്യയില്‍ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ആലോചനയിലേക്കുള്ള പുതിയ വഴിത്താര സൃഷ്ടിക്കലായിരുന്നു. മണ്ഡലിലെ ആദിവാസി വനിതകള്‍ മരത്തെ പുണര്‍ന്നുകൊണ്ട് മരം മുറിക്കലിനെ പ്രതിരോധിച്ചത് അവരുടെ ഉപജീവനത്തിനുമേല്‍ വനനശീകരണം കരിനിഴല്‍ വീഴ്ത്തുമെന്ന തിരിച്ചറിവിന്മേലായിരുന്നു. ഇതിനു സമാനമായി പാവപ്പെട്ട തൊഴിലാളി സമൂഹങ്ങള്‍ സംഘടിപ്പിച്ച വനപരിപാലന സമരങ്ങളാണ് 1980-'82കളില്‍ മലേഷ്യയിലെ പനാന്‍ ആദിവാസി സമൂഹത്തിന്റെ ഇടയിലും ബ്രസീലിലെ ആമസോണ്‍ മഴക്കാട് മേഖലയില്‍ കുത്തക തടി വ്യവസായങ്ങള്‍ നടത്തിവന്നതായ മരം മുറിക്കലിനെതിരെ നടന്ന ചിപ്കോ മെന്‍ഡിസും.

മൂന്നു ലോകരാജ്യങ്ങളില്‍ പ്രകൃതിസംരക്ഷണബോധത്തിന്റെ വളര്‍ച്ചയില്‍ സാധാരണ ജനങ്ങളുടെ ഇടപെടലുകളെയാണ് കാണിക്കുന്നത്. ഇതിലൂടെ വനം കേവലം  ജൈവകലവറ എന്ന അക്കാദമിക വിശദീകരണങ്ങള്‍ക്കപ്പുറം സാധാരണ സമൂഹത്തിന്റെ ഉപജീവന ഇടങ്ങള്‍ കൂടി ആണെന്ന പൊതുധാരണ സൃഷ്ടിക്കുന്നതിലേക്ക്  ഈ സമരങ്ങള്‍ മാറ്റപ്പെട്ടതായി കാണാം.  വികസനത്തിന്റെ മറവില്‍ സര്‍ക്കാരുകള്‍പോലും ദുര്‍ബ്ബല ജനതയുടെ മേല്‍ നടത്തുന്ന നീതിനിഷേധത്തിന്റേയും പ്രകൃതിനശീകരണ പ്രവര്‍ത്തനങ്ങളുടേയും മറനീക്കി കാണിച്ച പ്രക്ഷോഭമായിരുന്നു മേധാപട്കറുടെ  നേതൃത്വത്തില്‍ നടന്ന നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ (NBA). 1985 മുതല്‍ ഒരു പതിറ്റാണ്ടുകാലത്തോളം നര്‍മദ നദിയുടെ കുറുകെ നിര്‍മ്മിക്കുന്ന സര്‍ദാര്‍ സരോവര്‍ ഡാം വെള്ളത്തിനടിയിലാക്കുന്ന പതിനായിരങ്ങളെ സംഘടിപ്പിച്ചുകൊണ്ട് മേധാപട്കര്‍ നടത്തിയ ഐതിഹാസിക ചെറുത്തുനില്‍പ്പായിരുന്നു നര്‍മദ സമരം. ഈ ഡാമിന്റെ നിര്‍മ്മാണം വഴി നഷ്ടപ്പെടുന്ന ജൈവ സമ്പത്തിന്റെ വ്യാകുലതകള്‍ക്കപ്പുറം  വികസനത്തിന്റെ മറവില്‍ കുടിയിറക്കപ്പെടുന്നവരുടെ ജീവിതത്തെക്കുറിച്ചുള്ള പ്രക്ഷോഭമായിരുന്നു ഇത്. ഈ കാലഘട്ടത്തില്‍ കേരളവും സമാനമായ പരിസ്ഥിതി മുന്നേറ്റത്തിന്റെ സമര പരമ്പരകള്‍ക്കു സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുണ്ട്. കെ.എ. റഹ്മാന്റെ നേതൃത്വത്തില്‍ 1974-ല്‍ മാവൂരിലെ ഗ്വാളിയോര്‍ തുണി വ്യവസായ സ്ഥാപനം നടത്തുന്ന ചാലിയാര്‍ പുഴ മലിനീകരണത്തിനെതിരെയുള്ള ജനകീയ മുന്നേറ്റമായിരുന്നു 'ചാലിയാര്‍ സമരം.' ചാലിയാര്‍ പുഴയുടെ തീരത്തുള്ള അന്തേവാസികളുടെ പങ്കാളിത്തത്തോടെ നടത്തപ്പെട്ട ഈ ജനകീയ സമരം മലയാളികളുടെ മനസ്സില്‍ പരിസ്ഥിതിബോധത്തിന്റെ നൂതന ആശയങ്ങള്‍ക്കു സാക്ഷ്യം വഹിച്ചതായി കാണാം. 2002-ല്‍ പാലക്കാട് ജില്ലയിലെ മഴനിഴല്‍ പ്രദേശമായ പ്ലാച്ചിമട എന്ന ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നതായ ബഹുരാഷ്ട്ര കോള കമ്പനിയായ കൊക്കകോളയ്ക്കെതിരെ ആദിവാസി വനിത മയിലമ്മയുടെ നേതൃത്വത്തില്‍ തദ്ദേശവാസികളെ കൂട്ടുപിടിച്ചു നടത്തിയ പ്രക്ഷോഭം ലോകശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു. പ്ലാച്ചിമടയിലെ സാധാരണക്കാരായ മനുഷ്യരുടെ ദൈനംദിന ജീവിതവും കാര്‍ഷികമേഖലയും കോള കമ്പനിയുടെ ജലചൂഷണത്തിലൂടെ അവതാളത്തിലാക്കപ്പെടും എന്ന ആശങ്കയാണ് കമ്പനി പൂട്ടുന്നതുവരെയുള്ള സമരപരിപാടിയിലേക്ക് പൊതുസമൂഹത്തെയൊന്നാകെ തള്ളിവിട്ടത്.

ഇന്ത്യയുടെ വിവിധ മേഖലകളില്‍ വികസനത്തിന്റെ മറവില്‍ അരങ്ങേറിയ ദുരിതങ്ങള്‍ക്കെതിരെ നടന്നതും നടത്തിക്കൊണ്ടിരിക്കുന്നതുമായ സമരങ്ങള്‍ വികസനത്തിന് എതിരെയുള്ള ഗൂഢാലോചനകളുടെ ബാക്കിപത്രമായിരുന്നില്ല. ഒന്നാമതായി അവികസിത സമൂഹങ്ങളില്‍ നടക്കുന്ന പരിസ്ഥിതി സംരക്ഷണ മുന്നേറ്റങ്ങളെ സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടമായി പോള്‍ റോബ്ബിന്‍സ് 'Political Ecology' എന്ന ഗ്രന്ഥത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്. കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി ഇന്ത്യയില്‍ നടന്ന പരിസ്ഥിതി മുന്നേറ്റത്തിന്റെ പ്രത്യേകതകളെ വിലയിരുത്തുമ്പോള്‍ പോള്‍ റോബ്ബിന്‍സിന്റെ നിരീക്ഷണങ്ങള്‍ക്കു സമാനമായ സാഹചര്യമാണ് 1970-നു ശേഷം ഇന്ത്യയില്‍ അരങ്ങേറിയത് എന്നു കാണാന്‍ കഴിയും.  ജനകീയ പ്രക്ഷോഭങ്ങളായി മാറിയ പരിസ്ഥിതി സമരങ്ങള്‍ സര്‍ക്കാരുകളുടെ കണ്ണുതുറപ്പിക്കാനും പ്രകൃതി സൗഹാര്‍ദ്ദ വികസന പദ്ധതിയിലേക്കുള്ള രൂപീകരണത്തിലേക്കും നയിക്കപ്പെട്ടതായും കാണാം.  പാശ്ചാത്യലോകത്തെ പ്രകൃതിവാദത്തിന്റെ വികാസത്തിനു വിപരീതമായി അടിത്തട്ടില്‍നിന്ന് ഉയര്‍ന്നുവന്ന സാധാരണ ജനങ്ങളുടെ പരിസ്ഥിതി ചിന്തകള്‍ മേല്‍ത്തട്ടിലെ  പൊതുസമൂഹത്തിനും ഏറ്റെടുക്കേണ്ടതായി വന്നിട്ടുണ്ട്. സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് പ്രകൃതിസംരക്ഷണ പദ്ധതികള്‍ സാധാരണ സമൂഹത്തിന് അനുഗുണമായി വിഭാവനം ചെയ്യേണ്ടിവന്നത് ഇന്ത്യയില്‍ നടന്ന ജനകീയ പരിസ്ഥിതി സമരങ്ങളുടെ പരിണതഫലമായാണ്. വായു മലിനീകരണ  നിയമം, ജല മലിനീകരണ നിയമം, പരിസ്ഥിതി മലിനീകരണ നിയമം, 1974-ല്‍ രൂപീകൃതമായ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, 1980-കളില്‍ പ്രവര്‍ത്തനമാരംഭിച്ച മലിനീകരണ നിയന്ത്രണബോര്‍ഡ് എന്നിവയെ സര്‍ക്കാര്‍ ഇടപെടലിന്റെ ഉദാഹരണങ്ങളായി എടുക്കാം. 

ഇന്ത്യന്‍ പരിസ്ഥിതി സമരങ്ങളിലെ മറ്റൊരു സവിശേഷതയാണ് സമരനേതൃത്വങ്ങളിലെ സ്ത്രീസാന്നിധ്യം. പരിസ്ഥിതി മുന്നേറ്റത്തിന്റെ സ്ത്രീ ശബ്ദമായി ലോകജനത വാഴ്ത്തുന്ന റെയ്ച്ചല്‍ കാഴ്സണും വങ്കാരി മതായിയും പൊതുസമൂഹത്തിനു പരിചയപ്പെടുത്തിയ പ്രകൃതിസംരക്ഷണ  രീതിയില്‍ വ്യത്യസ്തമായിട്ടാണ് അമൃതാദേവിയും ഗൗരവ ദേവിയും മേധാപട്കറും മയിലമ്മയും ഉള്‍പ്പെടെയുള്ള ധീരവനിതകള്‍ പരിസ്ഥിതി സമരങ്ങളില്‍ പങ്കുകൊണ്ടത്.  പരിസ്ഥിതി നാശം വരുത്തിവയ്ക്കുന്ന ആഘാതങ്ങള്‍ സ്ത്രീസമൂഹത്തിന്റെ മുന്നോട്ടുപോക്കിനും ദൈനംദിന മാര്‍ഗ്ഗങ്ങള്‍ക്കും വിഘാതമാകുമെന്ന തിരിച്ചറിവില്‍നിന്നാണ് വനിതകള്‍ പ്രക്ഷോഭങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത് എന്നത് മനസ്സിലാക്കാം. അമൃതാദേവിയുടെ വീരമൃത്യുവും ഗൗരവ ദേവിയുടെ നേതൃത്വത്തില്‍ ആദിവാസി വനിതകള്‍ മരത്തെ പുണര്‍ന്നുകൊണ്ട് കോടാലിക്കു നേരെ സധൈര്യം നിന്നതും കുടിയിറക്കപ്പെടുന്ന കര്‍ഷകരുടെ ജീവിതം പച്ചപിടിക്കുന്നതിനായി മേധാപട്കര്‍ കര്‍ഷകരോടൊപ്പം നര്‍മദ അണക്കെട്ടിലേക്ക് ഇറങ്ങിയതും ബഹുരാഷ്ട്ര കുത്തകയായ കൊക്കകോള കമ്പനി നടത്തിക്കൊണ്ടിരുന്ന ജലമൂറ്റലിനെതിരെ ദളിത് സ്ത്രീയായ മയിലമ്മ കമ്പനി അടച്ചുപൂട്ടുന്നതുവരെ നടത്തിയ നിരാഹാര പ്രതിഷേധങ്ങളും ഇന്ത്യയിലെ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലെ സ്ത്രീ സാന്നിധ്യത്തിന്റെ നേര്‍ക്കാഴ്ചകളാണ്.
 
മൂന്നാമതായി ചാന്ദിനി പ്രസാദ് ഭട്ട്, സുന്ദര്‍ലാല്‍ ബഹുഗുണ, വിനോഭ ഭാവെ, മാധവ് ഗാഡ്ഗില്‍, എം.കെ. പ്രസാദ് തുടങ്ങിയ പരിസ്ഥിതി വൈജ്ഞാനികര്‍ പ്രകൃതിവിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിലൂടെ ദരിദ്രസമൂഹങ്ങളുടെ വികസനം സാധ്യമാക്കാം എന്ന ധാരണയില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നവരായിരുന്നു. പ്രകൃതിസ്നേഹത്തിന്റെ പേരില്‍ സാധാരണക്കാരന്റെ ഉപജീവനത്തേയും വികസനത്തേയും താറുമാറാക്കുന്ന അപ്രായോഗിക നയങ്ങള്‍ അല്ല ഇവര്‍ മുന്നോട്ടുവച്ചത്. പകരം പരിസ്ഥിതി സംരക്ഷണത്തെ പൊതുസമൂഹത്തിന്റെ ഐക്യത്തോടെയുള്ള ഉപജീവനത്തെ ഊട്ടിയുറപ്പിക്കുന്നതിനുള്ള രീതിശാസ്ത്രമായിട്ടാണ് ഈ പരിസ്ഥിതിവാദികള്‍ നോക്കിക്കണ്ടത്. അതോടൊപ്പം മതസൗഹാര്‍ദ്ദ വികസന നയങ്ങളേയും ഉപകരണങ്ങളേയും ജനകീയമാക്കുന്നതിനുള്ള പരിപാടികളിലും പങ്കുകൊണ്ടു. ഇതില്‍നിന്നും ഇന്ത്യയില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ടു നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ കേവലം പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനപ്പുറം സാമൂഹ്യനീതിയും ഉറപ്പുവരുത്താനുള്ള ജനകീയ പോരാട്ടങ്ങളുടെ പരീക്ഷണങ്ങളായിരുന്നെന്നു വിലയിരുത്താവുന്നതാണ്.

നർമ്മദയിലെ ജല സമാധി സമരം
നർമ്മദയിലെ ജല സമാധി സമരം

പരിസ്ഥിതി സമ്മര്‍ദ്ദങ്ങളിലെ വികസന കാഴ്ചപ്പാട്

ഇന്ത്യന്‍ സമൂഹങ്ങള്‍ അതിതീവ്രവും അസന്തുലിതവുമായ സാമ്പത്തിക വളര്‍ച്ചയിലൂടെ നീങ്ങുകയാണ്. ഈ വളര്‍ച്ചാനിരക്കുകള്‍ ജനജീവിതത്തെ മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും പ്രകൃതിവിഭവങ്ങള്‍ക്കുമേല്‍ വര്‍ദ്ധിച്ച ആഘാതമാണ് ഏല്പിക്കുന്നത്. ഇത്തരത്തിലുള്ള സാമ്പത്തിക വളര്‍ച്ചാരൂപങ്ങള്‍ തുടര്‍ന്നാല്‍ ഉണ്ടാകുന്ന പ്രകൃതിനാശം ഉല്പാദന വ്യവസ്ഥകളെത്തന്നെ താറുമാറാക്കുന്നതായി കാണാം. നിര്‍ബ്ബന്ധിതവും സ്വയമേവയുമായി പ്രകൃതിക്കുമേല്‍ നാം നടത്തിക്കൊണ്ടിരിക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ ന്യൂനപക്ഷ സമ്പന്ന സമൂഹങ്ങളും ബലിയാടുകള്‍ ദരിദ്ര ഭൂരിപക്ഷവും എന്നുള്ളതാണ് നിലവിലെ വികസനരീതിയുടെ സാമൂഹ്യ അനീതിയും ജനാധിപത്യ ധ്വംസനവും. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇടകലരുകളെ വികസനത്തിനുവേണ്ടി നടന്ന സൃഷ്ടിപരമായ നശീകരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി വ്യാഖ്യാനിക്കുന്നത് പരിസ്ഥിതിയുടെ രോഗാതുരതയെന്ന യാഥാര്‍ത്ഥ്യത്തിനു നേരെയുള്ള മുഖം തിരിക്കലാകും.  സാമ്പത്തിക വളര്‍ച്ച എന്ന ഒറ്റ പ്രക്രിയയില്‍ വിശ്വസിക്കാന്‍ നിര്‍ദ്ദേശിക്കുന്ന വികസനങ്ങളായിരുന്നു പ്രകൃതിയേയും മാനവരാശിയുടെ നിലനില്‍പ്പിനേയും അപകടത്തിലാക്കുന്ന മഹാപ്രതിസന്ധിയെ ക്ഷണിച്ചുവരുത്തിയതെന്നത് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.  വാള്‍ട്ടര്‍ ബെഞ്ചമിന്‍ മാനവസമൂഹങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വികസന നയങ്ങളിലുള്ള ആശയക്കുഴപ്പങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് നടത്തിയ ''പുരോഗതി എന്ന ആശയം ദുരന്തത്തില്‍ അധിഷ്ഠിതമാണ്, ആ വ്യവസ്ഥിതി തുടരുക എന്നത് മഹാദുരന്തവുമാണ്'' എന്ന വ്യാഖ്യാനത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം ഇന്ത്യയെപ്പോലുള്ള വികസ്വര സമൂഹത്തില്‍ വികസന നയങ്ങളെ വിഭാവനം ചെയ്യേണ്ടത്. അതായത് ലാഭത്തിനുവേണ്ടി ഉല്പാദനം എന്ന മുതലാളിത്ത യുക്തിക്കു പകരം ഉപയോഗത്തിനായി ഉല്പാദനം എന്ന സാമ്പത്തിക വ്യവസ്ഥയെ പ്രതിഷ്ഠിച്ചുകൊണ്ടു മാത്രമേ പ്രകൃതി സൗഹാര്‍ദ്ദ വികസന പരിപ്രേക്ഷ്യങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയൂ.

അതുകൊണ്ടുതന്നെ പ്രകൃതി, മനുഷ്യജാതിക്ക് പ്രതികൂലമായി നില്‍ക്കുന്ന സാഹചര്യത്തില്‍ റിച്ചാര്‍ഡ് ഡുബോര്‍ഗിന്റെ ഹരിത ആഭ്യന്തര വളര്‍ച്ചാനിരക്ക് എന്ന ആശയം (Green GDP), ഹെര്‍മന്‍ ഡാലിയുടെ സ്ഥിരമായ സമ്പദ്വ്യവസ്ഥ സ്ഥിതി സിദ്ധാന്തം (Steady State Economy) തുടങ്ങിയ നൂതന വികസന പരിപ്രേക്ഷ്യങ്ങളുടെ പ്രയോഗികതയെ തിരിച്ചറിയേണ്ടത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ സമൂഹങ്ങളില്‍ പരിസ്ഥിതിബോധത്തെ പുതിയൊരു തീവ്രവാദ ആശയമാക്കി ചിന്തകളേയും  പ്രവൃത്തികളേയും കലുഷിതമാക്കാന്‍ അനുവദിക്കാതെ, മാനവസമൂഹങ്ങളുടെ സാമൂഹ്യനീതി ഉറപ്പാക്കുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്കുള്ള വേദിയായി  പരിവര്‍ത്തനപ്പെടുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം പരിസ്ഥിതി സംരക്ഷണം  എന്നത് വെറും മരീചികയായി തുടരും.?

REFERENCES
1. Andre Gorz (1980), Ecology As politics, Black Rose Press.
2. David Arnold (1995), Nature, Culture, Imperialism, Oxford Universtiy Press.
3. E.F Schumacher (1993), Small is Beautiful, Vintage Books.
4. Herman E. Daly. (1996). Beyond Growth: The Economics of Sustainable Development, Boston Beacon Press.
5. John Bellami Foster (1990), The Vulnerable planet, Monthly Review press.
6. Madhav Gadgil (2000), Ecology and Equtiy, Penguin Books.
7. Paul Robbins (2012), Political Ecology, John Wiley and Sons Ltd.
8. Ramachandra Guha (2000), Environmentalism, Penguin random House.
9. Ramachandra Guha (2006), How much should a person consume, Hachette Book publishing India Pvt. Ltd.
10. Richard Peet (1996), Liberation Ecologies, Routledge.
11. Roger S. Gottlieb (1986), 'Bishnois: Defenders of the Environment: This Sacred Earth: Religion, Nature, Environment, sPychology Press.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com