ഇല്ലാതാക്കിയത് ഐഎസിന്റെ കേരള റിക്രൂട്ട്‌മെന്റ് 

ഐ.എസ്, യു.എ.പി.എ, മാവോയിസം, സാമൂഹ്യമാധ്യമം, സി.എ.ജി: ബെഹ്റ തുറന്നു പറയുന്നു
ലോക്‌നാഥ് ബെഹറ/ഫയല്‍
ലോക്‌നാഥ് ബെഹറ/ഫയല്‍

കേരളത്തിന്റെ സാമൂഹിക ജീവിതവും ക്രമസമാധാനവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിഷയങ്ങളില്‍ അതീവ പ്രാധാന്യമുള്ള പ്രതികരണങ്ങളുമായി മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഐ.എസ് റിക്രൂട്ട്മെന്റ്, വര്‍ഗ്ഗീയ ചേരിതിരിവിനുള്ള ശ്രമങ്ങള്‍, മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ), സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു നല്‍കിയ മറുപടികളില്‍ ഇതുവരെ അദ്ദേഹത്തില്‍നിന്നുണ്ടാകാത്ത വെളിപ്പെടുത്തലുകളുണ്ട്; സംശയങ്ങളും തെറ്റിദ്ധാരണകളും നീക്കാനുതകുന്ന ആധികാരികതയുമുണ്ട്. അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസ്സിന്റെ റിക്രൂട്ട്മെന്റും അവരുടെ സാന്നിധ്യവും കേരളത്തില്‍ ഇപ്പോഴുമുണ്ട് എന്ന വാര്‍ത്തകളുടെ മുനയൊടിക്കുകയാണ് മുന്‍ ഡി.ജി.പി. അതേസമയം, വര്‍ഗ്ഗീയ ചേരിതിരിവിനു മനപ്പൂര്‍വം ശ്രമിക്കുന്ന സംഘടനകള്‍ കേരളത്തിലുണ്ടെന്ന് ആര്‍ജ്ജവത്തോടെ തുറന്നു പറയുകയും ചെയ്യുന്നു. 2018 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സി.എ.ജി റിപ്പോര്‍ട്ടില്‍ സ്വന്തം പേരു പരാമര്‍ശിച്ച് ഉന്നയിച്ച ആരോപണത്തിനുമുണ്ട് മറുപടി.

ബെഹ്റ വിശദമായി പറയുന്ന ചില കാര്യങ്ങളിലേക്കു തുറക്കുന്ന ഒറ്റവരികള്‍ ഇങ്ങനെ: ''മറ്റു ചില സംസ്ഥാനങ്ങളിലെപ്പോലെ മാവോയിസ്റ്റുകള്‍ക്കു കേരളത്തില്‍ അടിത്തറയുണ്ടാക്കാന്‍ കേരളം അനുവദിച്ചില്ല'', ''ദുരുപയോഗം ചെയ്താല്‍ ടാഡയും പോട്ടയും പോയതുപോലെ യു.എ.പി.എയും പോകും'', ''സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലും ലോ കമ്മിഷന്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ പ്രസക്തമാണ്.''

ലോക്നാഥ് ബെഹ്റയുമായി നടത്തിയ ദീര്‍ഘ സംഭാഷണം: 

ഇസ്ലാമിക് സ്റ്റേറ്റ് എന്ന അന്താരാഷ്ട്ര ഭീകരസംഘടനയുടെ റിക്രൂട്ട്മെന്റ് കേരളത്തിലുണ്ടെന്ന് ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നല്ലോ. കേരളത്തില്‍ അവരുടെ സാന്നിധ്യമുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ വരികയും ചെയ്തു. അങ്ങനെയുണ്ടെങ്കില്‍ അവരുടെ വേരുകള്‍ പിഴുതെടുത്തു കളയാന്‍ കഴിയാത്തതെന്താണ്?

ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെയാണ് അത്തരമൊരു പ്രചരണം ഉണ്ടായത്. ഐസിസ് ഒരു അന്താരാഷ്ട്ര സംഘടനയാണ്. അവരുടെ ലക്ഷ്യങ്ങള്‍ വ്യത്യസ്തമാണ്. അവര്‍ ആഗ്രഹിക്കുന്നത് ഒരു പ്രത്യേക ഖിലാഫത്ത് സ്ഥാപിക്കാനാണ്. അവരുടെ സങ്കല്പത്തില്‍ ഇന്ത്യയും ഈ ഖിലാഫത്തിനു കീഴില്‍ വരണം. അതിന് അവര്‍ പല ആളുകളെ പല സ്ഥലങ്ങളില്‍ നിന്നു കൂടെച്ചേര്‍ക്കും. കേരളത്തില്‍നിന്നു മാത്രമല്ല, പല സ്ഥലങ്ങളില്‍നിന്നും ഏതെങ്കിലും രീതിയില്‍ അവര്‍ ആളുകളെ എടുക്കുന്നുണ്ട്. ഈ കാര്യം നമുക്ക് 2016-'17ല്‍ മനസ്സിലായി. അതിനു മുന്‍പുള്ള കാര്യങ്ങള്‍ എനിക്കു പറയാന്‍ പറ്റില്ല; ഞാനിവിടെ ഉണ്ടായിരുന്നില്ല. 2016-'17 കാലയളവില്‍ 21 പേര്‍ ഇവിടെനിന്നു പോയി. അതൊരു ഗുരുതര സംഭവമായിരുന്നു. ഇതൊന്നു വ്യക്തമായി പറയണം: ഞാന്‍ അഭിമുഖങ്ങളില്‍ പറഞ്ഞത്, അത് നമ്മള്‍ അവസാനിപ്പിച്ചു എന്നാണ്. നമ്മള്‍ എങ്ങനെയാണത് നിര്‍ത്തിച്ചത് എന്നതാണ് യഥാര്‍ത്ഥത്തില്‍ പ്രധാനം. 21 പേര്‍ പോയത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, അതിനുശേഷം ഒരാള്‍ പോലും ഈ ഭീകരവാദത്തില്‍ ആകൃഷ്ടരായി അങ്ങോട്ടു പോകാന്‍ പാടില്ല. അതിനു നമ്മള്‍ ചില കാര്യങ്ങള്‍ ചെയ്തു. അങ്ങനെ ചെയ്ത ഓപ്പറേഷണല്‍ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. നമുക്കിപ്പോള്‍ ഒരു എ.ടി.എസ് (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്) ഉണ്ട്; സ്പെഷ്യല്‍ ബ്രാഞ്ച് ഉണ്ട്; നമ്മുടെ കൗണ്ടര്‍ ഇന്റലിജന്‍സ് ഉണ്ട്. ഈ കാര്യങ്ങള്‍ വളരെ ആത്മാര്‍ത്ഥമായി, എല്ലാ കേന്ദ്ര ഏജന്‍സികളുമായുള്ള ഏകോപനത്തിലൂടെ നമ്മള്‍ ചെയ്യുന്നുണ്ട്. ഈ 21 പേര്‍ക്കു ശേഷം ആളുകള്‍ പോയിട്ടുണ്ടോ? ഇല്ല. അതാണ് കേരള പൊലീസിന്റെ അഭിമാനപ്രശ്‌നം. അതു ഞാന്‍ പറഞ്ഞപ്പോള്‍ ഐസിസ് ഇവിടെ ഉണ്ട് എന്നു വാര്‍ത്തകള്‍ വന്നു. അങ്ങനെയൊന്നുമില്ല. ഐസിസിന്റെ ആശയങ്ങള്‍ കുറേയാളുകള്‍ ഇഷ്ടപ്പെട്ടിട്ടുണ്ടാകാം. ഒരു ആശയം ഒരാള്‍ ഇഷ്ടപ്പെടുന്നു എന്നത് നിയമപ്രകാരം കുറ്റകൃത്യമല്ല. അവര്‍ ആളുകളെ പ്രലോഭിപ്പിച്ച് റിക്രൂട്ട് ചെയ്ത് വിനാശകരമായ പ്രവര്‍ത്തനങ്ങളിലേക്കു പോയാലാണ് കുറ്റകൃത്യം. ആ ആശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് കുറ്റം. ഞങ്ങളതു നിര്‍ത്തി. ഗവണ്‍മെന്റിന്റെ ശക്തമായ നയത്തിന്റെ അടിസ്ഥാനത്തിലാണ് അതു ചെയ്യാന്‍ കഴിഞ്ഞത്. നമ്മള്‍ പിന്നീട് എ.ടി.എസ് കൊണ്ടുവന്നു. എന്തിനാണ് കൊണ്ടുവന്നത്? ഇനി ഇങ്ങനെയൊരു സംഗതി ഉണ്ടാകാന്‍ പാടില്ല; അതിനാണ്. 

കേരളത്തില്‍ ഏതെങ്കിലും വിഭാഗങ്ങള്‍ മനപ്പൂര്‍വ്വം സാമുദായിക ചേരിതിരിവു ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്നുണ്ടോ?

ഒരുപാടുണ്ട്. ഞാന്‍ പേരു പറയില്ല. എന്റെ അറിവില്‍, വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ഇവിടെ ഭരണസംവിധാനമില്ല, നിയമവാഴ്ചയില്ലാത്ത സ്ഥിതിയാണ് എന്നു വരുത്താന്‍ കുറേ ആളുകള്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, ആ ശ്രമങ്ങള്‍ പൊലീസ് വളരെ നല്ല രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു വര്‍ഗ്ഗീയകലാപം പോലും ഉണ്ടായിട്ടില്ല. ഏതെങ്കിലുമൊരു ചെറിയ വര്‍ഗ്ഗീയപ്രശ്‌നമുണ്ടായാല്‍ എസ്.പി മുതല്‍ ഡി.ഐ.ജിയും ഐ.ജിയുമൊക്കെ അതില്‍ ഇടപെടും. എത്രയും പെട്ടെന്ന് ആ പ്രശ്നം തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുക. ഏതെങ്കിലും രീതിയില്‍ അക്രമങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നവരെ കൈകാര്യം ചെയ്യാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആ കാര്യങ്ങളില്‍ ഞങ്ങള്‍ കോണ്‍ഷ്യസാണ്. കേരളസമൂഹം വലിയ ഒരു മതേതര സമൂഹമാണ്. എല്ലാ ജാതിമത വിഭാഗങ്ങളും ഇവിടെ വളരെ സൗഹാര്‍ദ്ദത്തിലാണ് കഴിയുന്നത്. രണ്ടു മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ ഇവിടെ തികച്ചും സാധാരണമാണ്. വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. അതിനു ശ്രമിക്കുന്നവരെ കണ്ടെത്തി വേഗത്തില്‍ നടപടി സ്വീകരിക്കും. ഈ നയം വളരെ വിജയകരമായി നടപ്പാക്കുന്നതുകൊണ്ടാണ് വര്‍ഗ്ഗീയപ്രശ്‌നങ്ങള്‍ ഉണ്ടാകാത്തത്. 

ഇടതുപക്ഷ തീവ്രവാദത്തിനെതിരായ നടപടികളില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലകളുടെ പങ്ക് എത്രത്തോളമാണ്? അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ സാധിച്ചിട്ടുണ്ടോ?

ഇതൊരു വിഷമംപിടിച്ച ചോദ്യമാണ്. കാരണം, ഇടതുപക്ഷ തീവ്രവാദ സംഘടനാ പ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. ആളുകള്‍ അവരെ ഇടയ്ക്കിടെ കാണുന്നുണ്ട്. അവര്‍ ആളുകളെ ഭീഷണിപ്പെടുത്തി സാധനങ്ങള്‍ കൊണ്ടുപോകുന്നതൊക്കെ എല്ലാവര്‍ക്കും അറിയാം. ഇതില്‍ പ്രധാനപ്പെട്ട കാര്യം, ഇവരില്‍ ബഹുഭൂരിപക്ഷവും പുറത്തുനിന്നുള്ളവരാണ് എന്നതാണ്. ഇവിടെയുള്ളവരല്ല. ആന്ധ്രയില്‍നിന്നായിരിക്കും, തെലങ്കാനയില്‍ നിന്നായിരിക്കും. അങ്ങനെ മറ്റു പല സ്ഥലങ്ങളില്‍ നിന്നുള്ളവര്‍. അവരുടെ ചരിത്രത്തിലേക്കു പോയാല്‍ പൊലീസ് ദുര്‍ബ്ബലമാകുമ്പോഴാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നത്. പൊലീസ് ശക്തമാണെങ്കില്‍ അവര്‍ക്കു നിലനില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് ഞങ്ങള്‍ കൃത്യമായ ഒരു തീരുമാനമെടുത്തു. നമ്മള്‍ ശക്തമായ പ്രതിരോധം തീര്‍ക്കണം. അവര്‍ക്കൊരു തരത്തിലും മറ്റു ചില സംസ്ഥാനങ്ങളിലെപ്പോലെ ഇവിടെ അടിത്തറയുണ്ടാക്കാന്‍ കഴിയരുത്. അവര്‍ നേരത്തേതന്നെ അവിടെ ഒരു അടിത്തറ ഉണ്ടാക്കിക്കഴിഞ്ഞു. തുടക്കത്തില്‍ അവിടങ്ങളിലും പ്രവര്‍ത്തനങ്ങള്‍ കുറവായിരുന്നു. ഇവിടെ ഞങ്ങളുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ക്കൊരു അടിത്തറ ഉണ്ടാക്കാന്‍ അനുവാദം കൊടുത്തില്ല. അല്ലെങ്കില്‍ വളരെ അപകടകരമായേനേ. കാരണം, അവര്‍ ഭരണസംവിധാനങ്ങള്‍ക്ക് എതിരാണ്. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുക, അവിടെനിന്നു തോക്കുകള്‍ എടുത്തുകൊണ്ടുപോവുക ഇതൊക്കെയാണു ചെയ്യുന്നത്. അഗളി സംഭവത്തിലെ തോക്ക് അവര്‍ ഒഡീഷ പൊലീസില്‍നിന്നു മോഷ്ടിച്ചതാണ്. ഞങ്ങളത് കണ്ടെത്തി.

കേരളം ഒരു സമാധാനസ്‌നേഹികളുടെ നാടാണ്; വലിയ പുരോഗതി നേടിയ സംസ്ഥാനവുമാണ്. ഇങ്ങനെയൊരു സംസ്ഥാനത്ത് ഭരണകൂടവിരുദ്ധ, തീവ്രവാദ ശക്തികള്‍ക്ക് ഇടം കിട്ടില്ല. കേരളം അവരെ പ്രോത്സാഹിപ്പിക്കില്ല. ഏറ്റുമുട്ടലുണ്ടായി, അതില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടന്നു. എല്ലാവര്‍ക്കും അറിയാം. അതിനേക്കുറിച്ച് ഞാന്‍ കൂടുതല്‍ പറയുന്നില്ല. ഇതെല്ലാം അത്തരം ശക്തികളെ നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമാണ്. 

കേരളത്തിലെ ഭരണമുന്നണിക്കു നേതൃത്വം വഹിക്കുന്ന സി.പി.എം യു.എ.പി.എയ്ക്ക് അടിസ്ഥാനപരമായി എതിരാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ചില യു.എ.പി.എ കേസുകള്‍ സംസ്ഥാന ഭരണനേതൃത്വത്തെ വെട്ടിലാക്കുന്ന സാഹചര്യമുണ്ടായതായി ഡി.ജി.പി എന്ന നിലയ്ക്കു വിലയിരുത്തുന്നുണ്ടോ?

യു.എ.പി.എ ഒരു സ്പെഷ്യലൈസ്ഡ് നിയമമാണ്. സര്‍ക്കാരിനോടു വിയോജിക്കുന്നവര്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്നതിനെ സുപ്രീംകോടതി തന്നെ വിമര്‍ശിച്ചല്ലോ. അങ്ങനെ ചുമത്താന്‍ പാടില്ല. യു.എ.പി.എ ഒരു ഭീകരപ്രവര്‍ത്തന വിരുദ്ധ നിയമമാണ്. അത് വളരെ വ്യക്തമാണ്. അതുകൊണ്ട് യു.എ.പി.എ ചുമത്തുന്നതിനു മുന്‍പ് അഞ്ചുപ്രാവശ്യം ചിന്തിച്ചിട്ട് ചെയ്താല്‍ മതി. ഒരു നിയമമായതുകൊണ്ട് ചിലപ്പോള്‍ അത് ഉപയോഗിക്കേണ്ടിവരും. പക്ഷേ, ചിന്തിച്ചിട്ടു മാത്രം മതി. ഞാനൊരു ഉദാഹരണം പറയാം, ടാഡ ട്രിബ്യൂണല്‍, പോട്ട കമ്മിറ്റി എന്നിവയ്ക്കു മുന്നില്‍ തെളിവു കൊടുത്തിട്ടുള്ള ആളാണ് ഞാന്‍. ദുരുപയോഗം ചെയ്താല്‍ ആ നിയമത്തിന് ഇഫക്ടില്ല. അതുകൊണ്ട് ഒരിക്കലും യു.എ.പി.എ ദുരുപയോഗം ചെയ്യാന്‍ പാടില്ല. ഒരിക്കലും വിവേചനരഹിതമായി ഉപയോഗിക്കാന്‍ പാടില്ല. അതില്‍ വളരെ ചെക്ക് ആന്റ് ബാലന്‍സ് ഇട്ടിട്ടുണ്ട്. ഇപ്പോള്‍ യു.എ.പി.എ ഒരാള്‍ക്കെതിരെ ചുമത്തണമെങ്കില്‍ എസ്.പിയുടെ അനുവാദം വേണം. ബാക്കി കാര്യത്തില്‍ എനിക്ക് പ്രതികരിക്കാനൊന്നുമില്ല. എല്ലാവര്‍ക്കും വിയോജിക്കാനുള്ള അവകാശമുണ്ട്. യു.എ.പി.എ നിയമത്തിന്റെ ഏതുതരത്തിലുള്ള ദുരുപയോഗവും വിപരീതഫലമുണ്ടാക്കും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ആത്യന്തികമായി സുപ്രീംകോടതി ഇടപെടും, എടുത്തുകളയും. ടാഡ പോയി, പോട്ട പോയി, അതുപോലെ യു.എ.പി.എയും പോകും. വിവേചനരഹിതമായി ചെയ്യാന്‍ പാടില്ല. കുറ്റകൃത്യത്തിന്റെ ഉള്ളടക്കം ശരിയായി നോക്കി വേണം ഇടാന്‍.

സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ കേരള സര്‍ക്കാരും പൊലീസും നടത്തിയ ചില ശ്രമങ്ങള്‍ വിവാദത്തിലായല്ലോ. അക്കാര്യത്തില്‍ കൂടുതലായി എന്താണു ചെയ്യാന്‍ സാധിക്കുക? നിയമഭേദഗതി ഇനിയും സാധ്യമാണോ?

ഞാനതില്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ല. ഒരു കാര്യം പറയാം. ലോ കമ്മിഷന്‍ ഒരു റിപ്പോര്‍ട്ടു തന്നിട്ടുണ്ട്. അവരുടെ ശുപാര്‍ശ ചെറിയ ഭേദഗതികള്‍ വേണം എന്നാണ്. കുറച്ചു കാര്യങ്ങള്‍ ഇന്ത്യന്‍ പീനല്‍ കോഡിലും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലും കൊണ്ടുവരാന്‍ പറ്റും. സുപ്രീംകോടതി ജസ്റ്റിസ് അധ്യക്ഷനായ നിയമവിദഗ്ധരുടെ സമിതിയാണത്. ഇനി നിയമം നിര്‍മ്മിക്കുന്നവരാണ് തീരുമാനിക്കേണ്ടത്. ഞാന്‍ നിയമം നിര്‍മ്മിക്കുന്ന ആളല്ല. ഇപ്പോള്‍ ചെയ്യാവുന്നത് എന്താണെന്നു വച്ചാല്‍, ഒരാള്‍ സാമൂഹ്യമാധ്യമത്തില്‍ ഒരു ദേശദ്രോഹപരമായ പോസ്റ്റ് ഇട്ടാല്‍ കേസെടുക്കാം, സ്ത്രീകളെ വ്യക്തിഹത്യ ചെയ്താല്‍ കേസെടുക്കാം, ഭീഷണിപ്പെടുത്തിയാല്‍ കേസെടുക്കാം. അങ്ങനെ നിലവിലെ നിയമങ്ങള്‍ ബാധകമായ ഏതിലും ഈ നിയമങ്ങള്‍പ്രകാരം തന്നെ കേസെടുക്കാം. ലോ കമ്മിഷന്‍ പറയുന്നത് ഇത് കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ പീനല്‍ കോഡിലും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലും രണ്ടുമൂന്ന് ഭേദഗതികള്‍ വേണം എന്നാണ്.

സി.എ.ജി റിപ്പോര്‍ട്ടില്‍ താങ്കളുടെ പേരെടുത്തു പറഞ്ഞ് ഉന്നയിച്ച ആരോപണങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയല്ലോ. എന്താണ് പറയാനുള്ളത്?

ഞാന്‍ എല്ലാ ആരോപണങ്ങള്‍ക്കും ഗവണ്‍മെന്റിനു വിശദമായ മറുപടി കൊടുത്തിട്ടുണ്ട്. ഗവണ്‍മെന്റ് അത് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി)ക്കു കൈമാറുകയും ചെയ്തു. പി.എ.സിക്കു മുന്നിലുള്ള കാര്യത്തില്‍ കൂടുതലായി ഞാന്‍ എന്തെങ്കിലും പറയുന്നത് അവകാശലംഘനമാകും. ഇനി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പി.എ.സിക്കു മുന്നില്‍ മാത്രമായിരിക്കണം. ഞാന്‍ നൂറു ശതമാനം ക്ലിയറാണെന്ന് എനിക്കറിയാം. മറ്റൊരു കാര്യമുള്ളത്, ഞാന്‍ ഇവിടെ ഇല്ലാത്ത കാലത്തെ പ്രവൃത്തികളുടെ കാര്യവും എന്റെ പേരില്‍ ഇട്ടിട്ടുണ്ട് എന്നതാണ്. കേന്ദ്ര ഗവണ്‍മെന്റ് ഡെപ്യൂട്ടേഷനിലായിരുന്നപ്പോഴത്തെ കാര്യങ്ങളും അതിലുണ്ട്. ഏതായാലും മറുപടി കൊടുത്തിട്ടുണ്ട്; ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. സ്വാധീനത്തിനു വഴങ്ങി തെറ്റായ ഒരു കാര്യവും ചെയ്തിട്ടില്ല.

ഒരേസമയം താങ്കള്‍ കേരളത്തിലെ പോപ്പുലര്‍ ഡി.ജി.പിയും ഏറ്റവും വിവാദ ഡി.ജി.പിയുമായി മാറിയതിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്?

സംസ്ഥാന പൊലീസ് മേധാവിയായിരിക്കുമ്പോള്‍ രണ്ടു ലക്ഷ്യങ്ങളാണ് എനിക്കുണ്ടായിരുന്നത്. ഒന്നാമത്തെ കാര്യം, പ്രൊഫഷണല്‍ രീതിയില്‍ കാര്യങ്ങള്‍ നടത്തണം; നിയമമനുസരിച്ച് പ്രവര്‍ത്തിക്കണം. നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനവും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല. നൂറു ശതമാനം പ്രൊഫഷണല്‍. രണ്ടാമതായി, നമ്മുടെ സംവിധാനത്തില്‍ എന്തെങ്കിലും പോരായ്മകളോ കുറവുകളോ വിടവുകളോ ഉണ്ടെങ്കില്‍ അതു പരിഹരിച്ച് എങ്ങനെ കുറച്ചുകൂടി മികച്ചതാക്കാം. ഉദാഹരണത്തിന്, കേരളം ഒരു വളരെ പക്വതയുള്ള സമൂഹമാണ്. ഇവിടെ ഒരുപാടാളുകള്‍ വിദേശത്തു താമസിക്കുന്നവരാണ്. അവര്‍ വളരെ വികസിത പൊലീസിങ് കണ്ടിട്ടുള്ളവരാണ്. അവര്‍ എല്ലായ്പോഴും ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നതെന്താ? പെട്ടെന്നു നീതി കിട്ടണം. അത് അടിസ്ഥാനമാക്കി ഞങ്ങള്‍ ഒരു ഐഡിയ ഉണ്ടാക്കി. എല്ലാ പൊലീസ് സ്റ്റേഷനിലും ഇന്‍സ്പെക്ടര്‍മാരെ (സി.ഐമാരെ) സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ) ആക്കി. അത് എന്റെയൊരു പ്രൊഫഷണല്‍ ദൃഢവിശ്വാസമായിരുന്നു; പക്വതയുള്ള ഒരാള്‍, ജോലി അറിയുന്ന ആള്‍ പൊലീസ് സ്റ്റേഷന്റെ മേധാവിയാകണം. പല സംസ്ഥാനങ്ങളിലും അങ്ങനെയുണ്ട്. ചില സംസ്ഥാനങ്ങളില്‍ ഡി.വൈ.എസ്.പിമാര്‍ പോലും എസ്.എച്ച്.ഒ ആണ്. അതു ഞങ്ങള്‍ നടപ്പാക്കിയപ്പോള്‍ വിവാദമായി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ പോസ്റ്റുകള്‍ നഷ്ടപ്പെട്ടു, സൂപ്പര്‍വിഷനില്ല തുടങ്ങിയ വിവാദങ്ങള്‍. ഞാന്‍ യഥാര്‍ത്ഥത്തില്‍ പ്രൊഫഷണലായി ചിന്തിച്ചു. അങ്ങനെയാണ് നടപ്പാക്കിയത്. ഗവണ്‍മെന്റ് വലിയ പിന്തുണ നല്‍കി. പ്രധാനമായും മുഖ്യമന്ത്രിതന്നെ. ഞാന്‍ പോയി ഈ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു ബോധ്യമായി. വേണ്ടതു ചെയ്യാന്‍ അനുമതി തന്നു. പൂര്‍ണ്ണമായും പ്രൊഫഷണലാണത്. ആ പ്രപ്പോസല്‍ കണ്ടാല്‍ അതു മനസ്സിലാകും. പക്ഷേ, ഒരു മാറ്റം കൊണ്ടുവന്നപ്പോള്‍ ചെറിയ ആക്ഷേപമോ തെറ്റിദ്ധാരണകളോ ഉണ്ടായി. എങ്കിലും ആ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങുകയും ഫലം കിട്ടുകയും ചെയ്തപ്പോള്‍ വിവാദം ശാന്തമായി. ഒരു മുതിര്‍ന്ന പൗരന്‍ എനിക്ക് ഇ-മെയില്‍ അയച്ചത് ഓര്‍ക്കുകയാണ്: മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം ഒരു പാസ്പോര്‍ട്ട് ക്ലിയറന്‍സിനുവേണ്ടി പോയി. എസ്.എച്ച്.ഒ അദ്ദേഹത്തിനു കസേര കൊടുത്തു; നല്ല രീതിയില്‍ കാര്യങ്ങള്‍ സംസാരിച്ചു. എന്നിട്ട്, സര്‍ വീട്ടില്‍ പൊയ്ക്കോളൂ, ഞാന്‍ കാര്യങ്ങള്‍ ശരിയാക്കിയിട്ട് അറിയിച്ചുകൊള്ളാം എന്നു പറഞ്ഞു. ഒരു ദിവസംകൊണ്ട് പൊലീസ് വെരിഫിക്കേഷന്‍ നടത്തിക്കിട്ടി. ഈ കാര്യം പറഞ്ഞുകൊണ്ടാണ് സന്തോഷത്തോടെ അദ്ദേഹം എനിക്കു മെയില്‍ അയച്ചത്. എസ്.എച്ച്.ഒ സീനിയര്‍ ആളായതുകൊണ്ട് പക്വതയോടെ കാര്യങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു എന്ന് ഒരുപാടാളുകള്‍ക്ക് അനുഭവമുണ്ട്. ഇത് പ്രൊഫഷണലാണ് എന്നാണ് എന്റെ പക്ഷം; എന്നാല്‍ വിവാദപരമാണെന്നു പറയുന്നവരുമുണ്ട്. കുറച്ചുകൂടി കഴിയുമ്പോള്‍ പൂര്‍ണ്ണമായും ശരിയാകും. ഇപ്പോള്‍ അതേക്കുറിച്ച് ആരും മോശമായി സംസാരിക്കുന്നില്ല. എന്റെ കാലയളവില്‍, അന്വേഷണത്തില്‍, ക്രമസമാധാനത്തില്‍, ആഭ്യന്തര സുരക്ഷയില്‍, ട്രാഫിക്കില്‍, ഫൊറന്‍സിക് സയന്‍സില്‍, പരിശീലനത്തില്‍ കുറച്ചുകൂടി മികവു വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. മികവുണ്ടാക്കിയാല്‍ നമുക്കൊരു ലോകനിലവാരമുള്ള പൊലീസിങ് ഇവിടെ കിട്ടും. കേരള ജനത അത് അര്‍ഹിക്കുന്നുണ്ട്. 

സി.ഐമാരെ എസ്.എച്ച്.ഒ ആക്കിയതില്‍ വിവാദമുണ്ടായത് പുറത്തുനിന്നാണോ അതോ പൊലീസിനുള്ളില്‍നിന്നുതന്നെയാണോ?

പൊലീസിന്റെ അകത്ത് കുറച്ചുണ്ടായിരുന്നു. ഇതിലൊരു സാങ്കേതിക കാര്യമുണ്ടായി. അതായത്, ഈ ഇന്‍സ്പെക്ടര്‍മാരുടെ പുതിയ പോസ്റ്റ് വന്നില്ല എന്നു പറഞ്ഞായിരുന്നു വിവാദം. അത് അപ്‌ഗ്രേഡ് ചെയ്ത ഗവണ്‍മെന്റിനു കൊടുത്തിരുന്നു. ഗവണ്‍മെന്റ് ഇപ്പോള്‍ അത് എടുത്തിട്ടുണ്ട്. അതിനുവേണ്ടിയാണ് അവരുടെ ആവശ്യം വന്നത്. ഞങ്ങള്‍ ചെയ്തതെന്താണെന്നു വച്ചാല്‍, കൂടുതല്‍ ഇന്‍സ്പെക്ടര്‍മാരുടെ പോസ്റ്റ് ഉണ്ടെങ്കില്‍ അവരുടെ പ്രമോഷന്‍ സാധ്യത കൂടും. അതിന്റെ അനുബന്ധമായി വെറൊരു കാര്യം ഞങ്ങള്‍ ചെയ്തു. സബ് ഡിവിഷനുകളുടെ എണ്ണം 25 എണ്ണം കൂടി കൂട്ടി. 25 ഡി.വൈ.എസ്.പിമാരെ അവിടെ നിയമിച്ചപ്പോള്‍ അത്രയും സി.ഐമാര്‍ ഡി.വൈ.എസ്.പി ആയി. ഇതാണ് അതിന്റെയൊരു കാസ്‌കേഡിംഗ് ഇഫക്റ്റ് ആയി ചെയ്ത കാര്യം. പൊലീസ് മുന്നോട്ടാണു പോകേണ്ടത്; പിന്നോട്ടു പോകാനാകില്ല. സി.ഐമാരെ എസ്.എച്ച്.ഒ ആക്കിയ തീരുമാനം തിരുത്താനോ പിന്‍വലിക്കാനോ ഗവണ്‍മെന്റ് ആലോചിച്ചതായി എന്റെ അറിവില്‍ ഇല്ല. 

പ്രധാന പദവികളിലിരിക്കെ എടുത്ത ഏതെങ്കിലും തീരുമാനം, ഇടപെടല്‍ കുറച്ചുകൂടി ശരിയായ തീരുമാനമോ കൂടുതല്‍ നല്ല ഇടപെടലോ ആക്കാമായിരുന്നു എന്നു പിന്നീടു തോന്നിയ സന്ദര്‍ഭമുണ്ടോ?

പ്രധാനപ്പെട്ട ഒരു കാര്യമാണത്. വിദേശത്ത് അന്വേഷണം നടത്തിയിട്ട് അവിടെനിന്ന് തെളിവ് ഇന്ത്യയിലേക്ക് കൊണ്ടുവരിക ഒരു വലിയ പ്രക്രിയയാണ്. നമ്മുടെ നിരവധി ആളുകള്‍ വിദേശത്തുണ്ട്. അവര്‍ എന്തെങ്കിലും കുറ്റം അവിടെ ചെയ്താല്‍ ഇവിടെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് അധികാരമുണ്ട്; അതൊരു ക്രിമിനല്‍ കുറ്റമാണെങ്കില്‍. ഉദാഹരണത്തിന്, കേരളത്തിലെ ഒരാള്‍ വിദേശത്ത് ഒരു വഞ്ചന നടത്തിയാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം ഇവിടെ കേസ് രജിസ്റ്റര്‍ ചെയ്യാം. അതുപോലെതന്നെ, ഇവിടെ ഒരു കുറ്റം ചെയ്തിട്ട് ഒരാള്‍ വിദേശത്തേക്കു പോയി, അല്ലെങ്കില്‍ വിദേശത്ത് ഒരു ഗൂഢാലോചന നടത്തിയിട്ട് ഇവിടെ ഒരു കുറ്റകൃത്യം ചെയ്തു. ഇത്തരം കാര്യങ്ങളും കേരളത്തില്‍ സംഭവിക്കുന്നുണ്ടല്ലോ. കൂടുതലും സാമ്പത്തിക കുറ്റങ്ങള്‍. ചിലപ്പോള്‍ വിവാഹവുമായി ബന്ധപ്പെട്ടതു പോലുള്ള സാമൂഹിക കുറ്റകൃത്യങ്ങളും ഉണ്ടാകും. ഇതില്‍ നേരത്തെ കറക്റ്റായി ഇവിടെ ചെയ്യുന്നില്ലായിരുന്നു. അതൊരു ദീര്‍ഘ പ്രക്രിയയാണ്. അത് കൊണ്ടുവരാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. ഇപ്പോള്‍ കേരളത്തില്‍ രണ്ടായിരത്തിഅഞ്ഞൂറിലധികം ഇത്തരത്തിലുള്ള കേസുകളുണ്ട്. സൈബര്‍ കേസുകള്‍ ഉള്‍പ്പെടെ. ഇതിലൊരു മ്യൂച്ച്വല്‍ ലീഗല്‍ അസിസ്റ്റന്‍സ് ട്രീറ്റി റിക്വസ്റ്റ്, ലെറ്റര്‍ റൊഗേറ്ററി റിക്വസ്റ്റ് (ഒരു രാജ്യത്തെ കോടതിയില്‍നിന്നും മറ്റൊരു രാജ്യത്തെ കോടതിയിലേക്ക് നിയമം നടപ്പാക്കാന്‍ സഹായിക്കാനുള്ള നിയമപ്രകാരമുള്ള അപേക്ഷ) എന്നീ കാര്യങ്ങള്‍ ഞങ്ങളിവിടെ തുടങ്ങി. പക്ഷേ, എന്റെയൊരു വിലയിരുത്തല്‍ കൂടുതല്‍ നന്നായി അതു ചെയ്യാമായിരുന്നു എന്നാണ്. ഒരുപാടു കേസുകളില്‍ വിദേശത്ത് അന്വേഷണം നടത്തുന്നതിന് നയതന്ത്രമാര്‍ഗ്ഗത്തിലും എക്‌സിക്യുട്ടീവ് ചാനലിലുമൊക്കെ ഞങ്ങള്‍ കാര്യങ്ങള്‍ ചെയ്തു. പക്ഷേ, കൂടുതല്‍ നന്നായി ചെയ്യാമായിരുന്നു എന്നു തോന്നിയിട്ടുണ്ട്. കുറച്ചുകൂടി എഫെര്‍ട്ട് അതില്‍ എടുക്കാമായിരുന്നു. പക്ഷേ, ഞാനൊരു ശുഭാപ്തിവിശ്വാസി ആയതുകൊണ്ട് അതങ്ങനെ വച്ചുകൊണ്ടിരിക്കുന്നില്ല. അതില്‍ എസ്.ഒ.പി (സ്റ്റാന്റേഡ് ഓപ്പറേഷണല്‍ പ്രോസീജിയര്‍) ഉണ്ടാക്കിക്കൊടുക്കുകയും ആളുകള്‍ക്ക് പരിശീലനം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ തന്നെ പരിശീലനം കൊടുത്തിട്ടുണ്ട്. 

താങ്കളുടെ അനുഭവത്തില്‍ കേരളത്തില്‍ അഴിമതിയുടേയും ക്രിമിനല്‍ മനോഭാവത്തിന്റേയും ജനവിരുദ്ധ പശ്ചാത്തലമുള്ള പൊതുപ്രവര്‍ത്തകര്‍, പ്രത്യേകിച്ചും രാഷ്ട്രീയ നേതാക്കള്‍ എത്രത്തോളമുണ്ട്?

രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉത്തരവാദിത്വമുള്ളവരാണ് എന്നാണ് എന്റെ അനുഭവം. അവര്‍ സാധാരണക്കാരെപ്പോലെയല്ല, നൈതികമായ ഉത്തരവാദിത്വബോധം ഉള്ളവരാണ്. അവര്‍ ചിലപ്പോള്‍ ആളുകളുടെ പരാതികളുമായി വരും, അതില്‍ പെട്ടെന്നു നടപടിയെടുക്കണം എന്ന് ആവശ്യപ്പെടും. അങ്ങനെ ചെയ്തില്ലെങ്കില്‍ പരുഷമായി പ്രതികരിക്കും. ഞാന്‍ കേരളത്തില്‍ ഇരുപതു വര്‍ഷമാണ് ജോലി ചെയ്തത്. ഇക്കാര്യം എനിക്കു നന്നായി അറിയാം. അതുകൊണ്ട് ഒരിക്കലും ഞാന്‍ ടെംപര്‍ ലൂസ് ചെയ്തിട്ടില്ല. ചില സമയത്തു ചില പ്രതിനിധികള്‍ക്കു കുറേ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതു നിയമവിരുദ്ധമാണ്, കോടതി നമുക്കെതിരായിരിക്കും, അതുകൊണ്ടു ചെയ്യാന്‍ സാധിക്കില്ല എന്നു വിശദീകരിച്ചു കൊടുത്തിട്ടുണ്ട്. മിക്കപ്പോഴും അതില്‍ വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്റെ കാലത്ത് തെറ്റായ ഒരു കാര്യവും സ്വാധീനത്തിനു വഴങ്ങി ചെയ്യാന്‍ തയ്യാറായിട്ടില്ല. ജഡ്ജ്മെന്റ് പലവിധത്തിലാണ്; സബ്ജക്ടീവാണ്. ഒരു കേസായാല്‍ ഒരു വാദിയുണ്ടാകും പ്രതിയുമുണ്ടാകും. വാദിയെ തൃപ്തിപ്പെടുത്താന്‍ നോക്കിയാല്‍ തനിക്കു നീതി കിട്ടിയിട്ടില്ലെന്നു പ്രതി പറയും. പ്രതിക്കു ഫേവര്‍ ചെയ്താല്‍ തനിക്കു നീതി കിട്ടിയില്ലെന്നു വാദിയും പറയും. ഈ കാര്യം ആദ്യം തന്നെ പൊലീസ് മനസ്സിലാക്കണം. അതുകൊണ്ട് ഞാന്‍ നേരിട്ടു പറയും, നിയമവാഴ്ചയാണു പ്രധാനം. നിയമം എല്ലാവര്‍ക്കും മുകളിലാണ്. നിയമവിധേയമായിട്ടു മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളു. ചെയ്യുന്ന കാര്യം നിയമപരമാണെങ്കില്‍ നിയമപരമായിത്തന്നെ സംരക്ഷണം കിട്ടും. എ.എസ്.പി ആയിരിക്കുമ്പോള്‍ മുതല്‍ ഇതുവരെ ആ ആദര്‍ശംവച്ചു മാത്രമാണ് പ്രവര്‍ത്തിച്ചത്. പിന്നെ, മറ്റൊരു കാര്യമുള്ളത്, നമ്മുടെ ഇവിടുത്തെ ജനപ്രതിനിധികള്‍ റീസണബിള്‍ ആണ്. പറഞ്ഞാല്‍ അവര്‍ക്കു പെട്ടെന്നു മനസ്സിലാകും. എത്രയും വലിയ ആളാണെങ്കില്‍ അത്രയും എളുപ്പത്തില്‍ മനസ്സിലാകും. ജനാധിപത്യത്തില്‍ പല അഭിപ്രായവ്യത്യാസങ്ങളുമുണ്ടാകും. പക്ഷേ, നിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ട ഓഫീസര്‍ എന്ന നിലയില്‍ നിയമം എന്റെ സുപ്രീമാണ്. അതു പറഞ്ഞു മനസ്സിലാക്കുന്നതോടെ അവര്‍ കൃത്യമായും റീസണബിള്‍ ആകും. 

പൊലീസിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കെതിരായ നടപടികള്‍ക്കു തുടക്കമിട്ടിരുന്നല്ലോ. അത് ഏതു ഘട്ടത്തിലാണ് ഇപ്പോള്‍?

പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ രണ്ടുതരം കേസുകളുണ്ട്. ആക്‌സിഡന്റ് കേസുകള്‍; പൊലീസുകാര്‍ ഓടിച്ച വാഹനം ഇടിച്ച കേസുകള്‍, കുടുംബക്കേസുകള്‍, ഗാര്‍ഹിക പീഡനം, 498 (എ) കേസുകള്‍, മദ്യപിച്ചു പൊതുശല്യമുണ്ടാക്കിയ കേസുകള്‍ ഇതൊക്കെയാണ് ഒന്ന്. ഇതൊന്നുമല്ലാത്ത സീരിയസ് കേസുകള്‍ കുറച്ചുണ്ട്. വധശ്രമം, ബലാത്സംഗം, പോക്സോ തുടങ്ങിയ കേസുകള്‍. അതു ഞാന്‍ നിഷേധിക്കുന്നില്ല. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ നിയമനടപടി കോടതി എടുക്കുന്നതിനു പുറമേ വകുപ്പുതല നടപടിയുമുണ്ട്. പൊലീസിന്റെ ജോലി കൃത്യമായി കുറ്റപത്രം സമര്‍പ്പിച്ചു കേസ് നടത്തുക എന്നതാണ്. അയാള്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് അതിനുശേഷം കോടതി തീരുമാനിക്കും. കുറ്റക്കാരനാണെങ്കില്‍ ജയിലിലേക്കു പോകും, അല്ലെങ്കില്‍ മോചിതനാകും. കുറ്റമുക്തനാക്കിയാല്‍ ഞങ്ങള്‍ അതിനെതിരെ അപ്പീല്‍ പോകാറുണ്ട്. പക്ഷേ, വകുപ്പുതല നടപടിയില്‍ കുറേ ഭരണഘടനാപരമായ വ്യവസ്ഥകളുണ്ട്. നിങ്ങള്‍ ബലാത്സംഗ കേസിലെ പ്രതിയാണ്, നാളെ മുതല്‍ ജോലിക്കു വരണ്ട, വീട്ടില്‍ പൊയ്ക്കോ എന്ന് പറയാന്‍ കഴിയില്ല; ഒറ്റയടിക്ക് ഡിസ്മിസ് ചെയ്യാന്‍ കഴിയില്ല. നടപടിക്രമങ്ങള്‍ പാലിക്കണം. അതൊരു സമയമെടുക്കുന്ന പ്രക്രിയയാണ്. ഇതിലൊരു സാങ്കേതിക പ്രശ്‌നവുമുണ്ട്. കേസിലുള്ള കാര്യങ്ങള്‍ വകുപ്പുതല നടപടിക്രമങ്ങളില്‍ ഉണ്ടെങ്കില്‍ ആ കേസ് കഴിയുന്നതുവരെ വകുപ്പുതല നടപടികള്‍ അവസാനിപ്പിക്കാന്‍ പറ്റില്ല എന്നൊരു അവകാശം അയാള്‍ക്കു കിട്ടും. ചില സമയത്ത് ഇതുവരും. 1200 കേസുകള്‍ പൊലീസിനെതിരെ ഉണ്ടായിരുന്നു. അതില്‍ കൂടുതലും മദ്യപിച്ചു പൊതുസ്ഥലത്തു ശല്യമുണ്ടാക്കിയതും ട്രാഫിക് കേസുകളും മറ്റുമാണ്; സമയബന്ധിതമായി ആ കേസുകള്‍ തീര്‍ക്കണം എന്ന് ഞാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മൂന്നുമാസത്തിനുള്ളില്‍ തീര്‍ക്കുക. എന്നിട്ട് വകുപ്പുതല നടപടികള്‍ ആവശ്യമുണ്ടെങ്കില്‍ അതു ചെയ്യാം. ഡിസ്മിസ് ചെയ്യേണ്ടതാണെങ്കില്‍ അത്; അതല്ല ഇന്‍ക്രിമെന്റ് തടയുകയാണെങ്കില്‍ അത്; ഏതാണോ അവര്‍ അര്‍ഹിക്കുന്നത് ആ നടപടിയെടുക്കണം. പക്ഷേ, കുറ്റം ചെയ്താല്‍ ഉടനേതന്നെ ഡിസ്മിസ് ചെയ്യാം എന്നാണ് കുറെ ഏറെ ആളുകളുടെ തെറ്റിദ്ധാരണ.

പൊലീസിന് എതിരെ ഗൗരവമുള്ള കേസുകളുണ്ടെങ്കില്‍ അങ്ങനെയുള്ളവര്‍ പൊലീസില്‍ തുടരാന്‍ യോഗ്യരല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഭാഗഭാക്കായ ആള്‍ പൊലീസില്‍ തുടരാന്‍ അര്‍ഹനല്ല എന്ന് സുപ്രീംകോടതിയുടെ നിരീക്ഷണമുണ്ട്. അതുകൊണ്ട് നിയമത്തില്‍ ഒരു ചെറിയ മാറ്റം കൊണ്ടുവന്നാല്‍ നന്നാകും എന്നാണ് എന്റെ അഭിപ്രായം. കേരള പൊലീസ് ഡിപ്പാര്‍ട്ടുമെന്റല്‍ റൂള്‍സില്‍ ഭേദഗതി കൊണ്ടുവരണം. പ്രഥമദൃഷ്ട്യാതന്നെ വളരെ ഗുരുതര കേസില്‍പ്പെട്ട ആളാണെങ്കില്‍, അതായത് ബലാത്സംഗം, പോക്സോ, സ്ത്രീകള്‍ക്കതിരായ അതിക്രമം, ദേശദ്രോഹ കേസുകള്‍ തുടങ്ങിയവയില്‍ പ്രതിയായാല്‍ അടിയന്തരമായി സര്‍വ്വീസില്‍നിന്നു മാറ്റി നിര്‍ത്തുക. നിരപരാധിയാണെന്നു കോടതി കണ്ടെത്തിയാല്‍ അയാള്‍ക്കു തിരിച്ചുവരാം. അതല്ല, ശിക്ഷിച്ചാല്‍ തിരിച്ചെടുക്കേണ്ട. ഗുരുതരമായ കേസില്‍ പ്രതിസ്ഥാനത്തുള്ളവര്‍ പൊലീസില്‍ തുടര്‍ന്നാല്‍ പൊലീസിനെ ആളുകള്‍ക്ക് വിശ്വാസമുണ്ടാകില്ല. സസ്പെന്‍ഷന്‍ ഒരു ശിക്ഷയല്ല. അതൊരു നടപടിക്രമം മാത്രമാണ്. അതുകൊണ്ട് കുറച്ചാളുകള്‍ക്ക് സസ്പെന്‍ഷന്‍ കിട്ടുന്നതും സന്തോഷമാണ്. കാരണം, അവര്‍ക്ക് ശമ്പളത്തിന്റെ ഒരു ഭാഗം കിട്ടുകയും ചെയ്യും. പണിയൊന്നും ചെയ്യുകയും വേണ്ട. 

നമ്മുടെ ഭരണനേതൃത്വം പൊലീസിന്റെ ആത്മവീര്യത്തിനു വലിയ പ്രാധാന്യമാണ് എല്ലാക്കാലത്തും നല്‍കാറ്. പൊലീസും ജനങ്ങളും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ പൊലീസിനെ തള്ളിപ്പറയാന്‍ അവര്‍ തയ്യാറാകില്ല. ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ച കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ സി.ബി.ഐ അന്വേഷിക്കുന്ന ഗൂഢാലോചനാക്കേസില്‍ പ്രതികളായിരിക്കുന്ന സാഹചര്യം പൊലീസിന്റെ ആത്മവീര്യത്തെ എങ്ങനെയാണ് ബാധിക്കുക? എങ്ങനെ കാണുന്നു ഈ വിഷയം?

അത് വളരെ അപൂര്‍വ്വ സംഗതിയല്ലേ. ഞാനിപ്പോള്‍ ആ കേസിനെക്കുറിച്ചു കൂടുതല്‍ സംസാരിക്കുന്നത് കോടതിയലക്ഷ്യമാകും. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസാണ്. പക്ഷേ, പൊലീസിന്റെ ആത്മവീര്യവുമായി ബന്ധപ്പെട്ട പൊതുവായ ചോദ്യത്തെക്കുറിച്ചു പറഞ്ഞാല്‍, ഗവണ്‍മെന്റ്, അതായത് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഭരിക്കുന്നത് ജനങ്ങള്‍ അവര്‍ക്കു നല്‍കിയ അനുകൂല വിധിയുടെ അടിസ്ഥാനത്തിലാണ്. ജനങ്ങളുടെ സുരക്ഷ അവരുടെ ആദ്യത്തെ ഉത്തരവാദിത്വമാണ്. ജനങ്ങള്‍ക്കു ഗവണ്‍മെന്റ് ഭദ്രതയും സുരക്ഷയും നല്‍കണം. ഇല്ലെങ്കില്‍ ഇതൊരു ബനാനാ റിപ്പബ്ലിക്കാകും. ആളുകള്‍ തമ്മില്‍ മിണ്ടിത്തീര്‍ന്നാല്‍ വെടിവയ്പും കത്തിക്കുത്തുമൊന്നും അനുവദിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഭരണത്തില്‍ പൊലീസ് ഒരു പ്രധാനപ്പെട്ട ഭാഗമാണ്. അര്‍ത്ഥശാസ്ത്രത്തില്‍നിന്നു തുടങ്ങിയാല്‍ ചാണക്യന്‍ പറഞ്ഞതും അതുതന്നെയാണ്. അതുതന്നെയാണ് എല്ലാ രാജ്യങ്ങളിലും തുടരുന്നത്. നല്ല ഭരണത്തിന് പൊലീസ് നിര്‍ണ്ണായകമാണ്; നല്ല ഭരണം എന്നാല്‍, ജനങ്ങള്‍ക്ക് ഭദ്രതയും സുരക്ഷിതത്വവും ഒന്നാമതായി ഉറപ്പാക്കുക. ആളുകള്‍ക്ക് ആ ആത്മവിശ്വാസം നല്‍കാന്‍ കഴിയണം. ഓഫീസിലേക്കു പോകുന്ന വഴിക്ക് താങ്കളെ ആരെങ്കിലും കൊല്ലും എന്ന തോന്നലുണ്ടെങ്കില്‍ താങ്കള്‍ക്കു മനസ്സമാധാനമുണ്ടാകില്ല. പൊലീസിനു മോശം വശങ്ങളുണ്ടെങ്കില്‍ അത് നല്ലതാക്കണം. അതും ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. ആത്മവീര്യം ഉയര്‍ന്നതാണെങ്കില്‍ മാത്രമേ സ്വന്തം ചുമതലകള്‍ ശരിയായി നിറവേറ്റാന്‍ പൊലീസിനു സാധിക്കുകയുള്ളു. അതുകൊണ്ട് പൊലീസ് സേനയുടെ ആത്മവീര്യം ഉയരത്തില്‍ നിലനിര്‍ത്തുക എന്നത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. പൊലീസിന്റെ മാത്രമല്ല, ആര്‍മി, നേവി തുടങ്ങിയ എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും ആത്മവീര്യമുണ്ടായിരിക്കണം. ഞാനൊന്നു ചോദിക്കട്ടെ, ഇത്ര സാഹസികമായ ജോലി വേറെ ആര്‍ക്കാണുള്ളത്? ഒരു ട്രാഫിക് പൊലീസുകാരനെ വണ്ടിയിടിച്ചു എന്നു വിചാരിക്കുക. ഞങ്ങളാരും, എസ്.പി പോലും അദ്ദേഹത്തിന്റെ വീട്ടില്‍ പോയില്ല, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചില്ല, അവര്‍ക്ക് നഷ്ടപരിഹാരം വേഗത്തില്‍ കിട്ടിയില്ല എന്നു വരാന്‍ പാടുണ്ടോ? അതുകൊണ്ട് അങ്ങനെ ഉണ്ടാകാതിരിക്കാന്‍ വേണ്ടത് അപ്പോള്‍ത്തന്നെ ചെയ്യും. പറഞ്ഞുവന്നത്, പൊലീസ് സേനയില്‍ ഐക്യമുണ്ടായിരിക്കുകയും ഉയര്‍ന്ന തോതില്‍ പ്രൊഫഷണലായിരിക്കുകയും ചെയ്യുക പ്രധാനമാണ്; അതുണ്ടെങ്കില്‍ ജനങ്ങള്‍ക്കു നല്ല സേവനം കൊടുക്കാന്‍ സാധിക്കും. ചാരക്കേസില്‍ ഞാനിപ്പോള്‍ പറയുന്നതു ശരിയല്ല.

പൊലീസ് സ്റ്റേഷനില്‍ നീതി തേടി പോകുന്ന സാധാരണക്കാരോടുള്ള സമീപനത്തില്‍ ഇത്രകാലമായിട്ടും കാര്യമായ മാറ്റം ഉണ്ടാകാത്തത് എന്താണ്? അതില്‍ താങ്കളുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ടോ?

കേരളത്തില്‍ പൊലീസ് സ്റ്റേഷനുകളിലെ പെരുമാറ്റം രാജ്യത്തുതന്നെ ഏറ്റവും മികച്ചതാണ്. അതിന്റെ കാരണം ഞാന്‍ പറയുന്നില്ല; കോമണ്‍ കോസ് എന്ന പ്രമുഖ സര്‍ക്കാരിതര സന്നദ്ധ സംഘടന 2019-ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കേരളത്തിലെ പൊലീസിനെക്കുറിച്ചു പറയുന്നത് കണ്ടാല്‍ മതി. കേരളത്തില്‍ പൊതുജനങ്ങളുടെ സംതൃപ്തിയുടെ തോത് രാജ്യത്ത് ഏറ്റവും ഉയര്‍ന്നതാണ് എന്ന് അതില്‍ പറയുന്നുണ്ട്. വിമര്‍ശനങ്ങള്‍ പൊലീസിന്റെ സേവനം കുറേക്കൂടി മെച്ചപ്പെട്ടതാകാന്‍ വേണ്ടിയാണ്; ഞാന്‍ ആ രീതിയിലാണ് എടുക്കുന്നത്. ട്രാഫിക്കില്‍ എവിടെയെങ്കിലും പൊലീസുകാര്‍ ഇല്ലെങ്കില്‍ ആരെങ്കിലും വിളിച്ചു പറയുന്നത് പൊലീസിനെ ആക്ഷേപിക്കാനല്ല. പകരം അവിടെ അതു പരിഹരിക്കാനാണ്. അത് മനസ്സിലാക്കിയാണ് ഞങ്ങള്‍ പ്രതികരിക്കുന്നത്. അപ്പോള്‍ത്തന്നെ വേണ്ടതു ചെയ്യാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. കേരളത്തില്‍ അതൊരു പ്രത്യേകതയാണ്. ജനങ്ങള്‍ പ്രതികരിക്കാതെ നിശ്ശബ്ദരായിരിക്കില്ല. അവര്‍ കാര്യങ്ങള്‍ തുറന്നു പറയും. എന്തുകൊണ്ടെന്നാല്‍ പൊലീസ് ഒരു സര്‍വ്വീസ് ഡെലിവറി ഡിപ്പാര്‍ട്ടുമെന്റാണ്. ഞങ്ങള്‍ പൊതുപണമാണ് ചെലവഴിക്കുന്നത്. അതുകൊണ്ട് അവര്‍ സേവനം ആവശ്യപ്പെടുമ്പോള്‍ ഞങ്ങള്‍ അതു കൊടുത്തേ തീരൂ. പൊലീസ് സ്റ്റേഷനില്‍ പോകുന്നവര്‍ക്ക് എങ്ങനെ സംതൃപ്തി കിട്ടും എന്നതു പ്രധാനമാണ്. ഒരു സാധാരണക്കാരന്‍ ഒരു ക്ലിയറന്‍സ് കിട്ടാന്‍ പൊലീസ് സ്റ്റേഷനില്‍ പോയി എന്നു കരുതുക. അവിടെ ബന്ധപ്പെട്ടവരാരും ഇല്ല. രണ്ടോ മൂന്നോ മണിക്കൂര്‍ ഇരുന്നു കഴിഞ്ഞപ്പോള്‍ സാറ് വന്നിട്ടില്ല എന്ന് പറഞ്ഞു തിരിച്ചയയ്ക്കുന്നു; പിറ്റേ ദിവസം വീണ്ടും ചെല്ലുന്നു. അന്നും നടക്കുന്നില്ല. ഇങ്ങനെയായാല്‍ പൊലീസിന്റെ സേവനങ്ങളോട് ജനങ്ങള്‍ക്കു മതിപ്പുണ്ടാകുമോ? ഇല്ലല്ലോ. ഇന്നിപ്പോള്‍ കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പബ്ലിക് റിലേഷന്‍സ് ഓഫീസറുണ്ട്. എന്താവശ്യത്തിനു ചെല്ലുന്നവരോടും അവര്‍ കാര്യങ്ങള്‍ കൃത്യമായി ചോദിച്ചറിഞ്ഞു ചെയ്യുന്നു. ഈ ആശയവിനിമയം വളരെ പ്രധാനമാണ്. ഞങ്ങള്‍ വുമണ്‍ ഹെല്‍പ് ഡെസ്‌ക്കുണ്ടാക്കി, റിസപ്ഷന്‍ ഉണ്ടാക്കി. ഇങ്ങനെ പൊലീസ് സേനയെ മൊത്തത്തില്‍ വേറെ എവിടെയെങ്കിലും ഒരു സേവനകേന്ദ്രമാക്കിയിട്ടുണ്ടോ? അതുകൊണ്ട്, അവരുടെ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 58 ശതമാനം പേരും പറഞ്ഞത് തങ്ങള്‍ പൊലീസിന്റെ പെരുമാറ്റത്തില്‍ വളരെ തൃപ്തരാണ് എന്നാണ്. രണ്ടാം സ്ഥാനത്ത് ഝാര്‍ഖണ്ഡ് ആണ്. 28 ശതമാനം പേര്‍. വ്യത്യാസം കാണണം. കാരണം എന്താണെന്നുവച്ചാല്‍, പൊലീസിനെ ജനസൗഹൃദപരമാക്കാന്‍ ഞങ്ങള്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ജനമൈത്രി ബീറ്റ് ഒരു ഉദാഹരണമാണ്. ജനങ്ങളില്‍ ആത്മവിശ്വാസവും പൊലീസുമായി അടുപ്പവും ഉണ്ടാക്കാനാണ് അതൊക്കെ. ഞാന്‍ ഒരു സംസ്ഥാനത്തെ കാര്യം പറയാം; ആ സംസ്ഥാനത്തിന്റെ പേരു പറയില്ല. അവിടെ കഴിഞ്ഞ പത്തു വര്‍ഷമായി ശിക്ഷാനിരക്ക് 10 ശതമാനത്തില്‍ താഴെയാണ്. നമ്മുടെ സംസ്ഥാനത്ത് അത് 93 ശതമാനമാണ്. അതിനു കാരണം എന്താണെന്ന് അറിയാമോ? അന്വേഷണത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. നമ്മുടെ അന്വേഷണം നല്ലതാണ്; അവരുടേയും മോശമല്ല. പക്ഷേ, അവിടെ പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ സാക്ഷികള്‍ വരില്ല. അഥവാ പോയാല്‍ത്തന്നെ വലിയ താല്പര്യമില്ലാതെ ഒരു മൊഴി കൊടുക്കും. ഇവിടെ നമുക്ക് അത്തരം സാഹചര്യം വളരെ കുറവാണ്. ഇക്കാര്യത്തില്‍ ആളുകള്‍ സഹകരിക്കുന്നതില്‍ വളരെ മുന്നിലാണ്. 

അതുകൊണ്ട് പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ജനപക്ഷത്തായിരിക്കാന്‍ വേണ്ടി കൃത്യമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം, ഞങ്ങള്‍ പ്രതിവര്‍ഷം ആറു ലക്ഷത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നു എന്നതാണ്. വളരെ വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഇതിലും കുറവാണ്. ഒരു പരാതി ലഭിച്ചാല്‍ കെസെടുത്ത് അന്വേഷിക്കാന്‍ ഞങ്ങള്‍ മടിക്കുന്നില്ല; പൊലീസിനെ സമീപിച്ചാല്‍ നീതി കിട്ടുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഏതൊരാള്‍ക്കും സംസ്ഥാനത്തെ ഏത് പൊലീസ് സ്റ്റേഷനിലും വേറെ ഏതു പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാര്യത്തെക്കുറിച്ചും പരാതി കൊടുക്കാം. അല്ലാതെ തങ്ങളുടെ പരിധിയിലുള്ള സ്റ്റേഷനില്‍ മാത്രമേ കൊടുക്കാവൂ എന്നില്ല. തിരുവനന്തപുരത്തെ ഒരാളുടെ സഹോദരനെ ആരെങ്കിലും വീട്ടില്‍ കയറി തല്ലിയാല്‍ കോഴിക്കോട്ടും പരാതി കൊടുക്കാം. ദാ, ഒരാള്‍ എന്റെ സഹോദരനെ വീട്ടില്‍ കയറി തല്ലി. കോഴിക്കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യും. എന്നിട്ട് അത് തിരുവനന്തപുരത്തേക്ക് കൈമാറും. അതിന് 'സീറോ എഫ്.ഐ.ആര്‍' എന്നാണ് പറയുന്നത്. ഇത് മുന്‍പേയുള്ളതാണ്. ഇപ്പോള്‍ കൂടുതല്‍ സജീവമാക്കി. യഥാര്‍ത്ഥത്തില്‍ ഇതു രാജ്യത്തെവിടെയും ബാധകമാണ്. മറ്റൊരു സംസ്ഥാനത്തു പരാതി കൊടുക്കാം. അവര്‍ ഇങ്ങോട്ടു ട്രാന്‍സ്ഫര്‍ ചെയ്യും.

ലോക്കപ്പ് മര്‍ദ്ദനങ്ങളും കസ്റ്റഡി മരണങ്ങളും നിരവധിയുണ്ടായ കാലമാണല്ലോ. രണ്ട് എസ്.പിമാരെ അത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്യേണ്ടിയും വന്നു. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു നടപടികളാണ് സ്വീകരിച്ചത്?

ഞാന്‍ എന്റെ പ്രൊബേഷന്‍ കാലം മുതല്‍ കസ്റ്റഡി മര്‍ദ്ദനങ്ങള്‍ക്ക് എതിരാണ്. കസ്റ്റഡിയില്‍ നിസ്സഹായനായിരിക്കുന്ന ഒരാളെ കുറെപ്പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് മറ്റേതു കുറ്റകൃത്യത്തെക്കാള്‍ മോശം കാര്യമാണ്. ഒരു കാരണവശാലും അതിനു പിന്തുണ നല്‍കാനാകില്ല. അത് ഇല്ലാതാക്കുന്നതിന് ഈ സിസ്റ്റത്തില്‍ത്തന്നെ പരിവര്‍ത്തനം കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ആവശ്യം. ഞങ്ങള്‍ ഈ ശ്രമങ്ങളുടെ ഭാഗമായി ആദ്യംതന്നെ എല്ലാ ലോക്കപ്പുകളിലും ക്യാമറ വച്ചു. ഏതെങ്കിലും കേസില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുന്നവരെ അടിക്കാന്‍ പാടില്ല എന്ന സംശയരഹിതമായ നിര്‍ദ്ദേശം കൊടുത്തു. അതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പൊലീസ് തന്നെ നിരവധി ട്രോളുകള്‍ പോസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുക്കുന്ന ആളുടെ മനുഷ്യാവകാശങ്ങള്‍ പൊലീസ് സംരക്ഷിക്കണം. പിന്നെ, കേരളം വളരെ സെന്‍സിറ്റീവ് സൊസൈറ്റി ആയതുകൊണ്ട് ഒരു കേസിലെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിശക്തമായി പ്രതികരിക്കും. ഞാന്‍ കുറ്റപ്പെടുത്തുകയല്ല; അതിനെ അഭിനന്ദിക്കുകയാണ്. കാരണം, കസ്റ്റഡി പീഡനത്തെ എല്ലാവരും എതിര്‍ക്കുകതന്നെ വേണം. ഗവണ്‍മെന്റ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒരു നയപരമയ തീരുമാനം എടുത്തിട്ടുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അതിശക്തമായ നിലപാടാണ് സ്വീകരിച്ചത്. സബ്ബ് ഇന്‍സ്പെക്ടര്‍ മുതല്‍ ഡി.ജി.പി വരെയുള്ളവരെ അഭിസംബോധന ചെയ്യുമ്പോള്‍ എല്ലായ്പോഴും അദ്ദേഹത്തിന്റെയോ ആദ്യത്തെയോ രണ്ടാമത്തേയോ വാചകം ഇതായിരിക്കും: കേരളത്തില്‍ മൂന്നാംമുറ പാടില്ല. ഒരു കാരണവശാലും അത് അനുവദിക്കില്ല. സീറോ ടോളറന്‍സ് ടു കസ്റ്റോഡിയല്‍ ടോര്‍ച്ചര്‍ എന്നത് കേരള പൊലീസിന്റെ ഇതുമായി ബന്ധപ്പെട്ട ടാഗ് ലൈന്‍ തന്നെയായി മാറ്റി. കസ്റ്റഡി മരണമുണ്ടായാല്‍ അപ്പോള്‍ത്തന്നെ കേസ് സി.ബി.ഐക്കു വിടുകയാണ് ഇപ്പോള്‍ ഗവണ്‍മെന്റ് ചെയ്യുന്നത്. അതൊരു നല്ല തീരുമാനമാണ്. ഒരു സംശയവുമില്ല. വിദ്യാഭ്യാസപരമായും സാമൂഹിക ബോധത്തിലും ഇത്ര ഉയര്‍ന്ന കേരളംപോലൊരു സംസ്ഥാനത്ത് കസ്റ്റഡി മര്‍ദ്ദനങ്ങള്‍ ഉണ്ടാകുന്നത് അപമാനകരമാണ്.

അടിസ്ഥാന സൗകര്യങ്ങളിലെ വര്‍ദ്ധന ഉള്‍പ്പെടെ കേരള പൊലീസ് ആധുനികവല്‍ക്കരണം ഏതു ഘട്ടത്തിലാണ്?

ആധുനികവല്‍ക്കരണം ഒരു തുടര്‍പ്രക്രിയയാണ്. രണ്ടു കംപ്യൂട്ടര്‍ വാങ്ങിച്ചാല്‍ ആധുനികവല്‍ക്കരണമാകില്ല. പൊലീസിന്റെ ആകെയുള്ള പ്രവര്‍ത്തനത്തെ ആധുനികവല്‍ക്കരിക്കണം. അതിന്റെ ഭാഗമായി ആധുനിക ഉപകരണങ്ങള്‍ വാങ്ങേണ്ടിവരും. ഞങ്ങള്‍ ഒരു സ്റ്റേറ്റ് സെക്യൂരിറ്റി പ്ലാന്‍ ഉണ്ടാക്കി. അഞ്ചു വര്‍ഷത്തേക്കുള്ള ആ പ്ലാനില്‍ ഓരോ വര്‍ഷവും ചെയ്യേണ്ട കാര്യങ്ങള്‍ തീരുമാനിച്ചു. ആ രീതിയിലാണ് ഇപ്പോള്‍ പോകുന്നത്. കേരളത്തില്‍ പൊലീസിന് അടിസ്ഥാന സൗകര്യങ്ങള്‍ കുറവായിരുന്നു. കേരള പൊലീസ് വളരെ വികസിതമാണ്. പക്ഷേ, അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. അത് വാഹനങ്ങളാകാം, നിരീക്ഷണ സംവിധാനങ്ങളാകാം, കെട്ടിടങ്ങളാകാം, മറ്റു പലതുമാകാം. കേരളത്തിലെ ആളുകള്‍ വലിയതോതില്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നവരാണ്. പൊലീസ് സ്റ്റേഷനില്‍ച്ചെല്ലുമ്പോള്‍ കസേരയും വെട്ടവും വെളിച്ചവുമില്ലാത്ത വല്ലാത്തൊരു അന്തരീക്ഷമാണെങ്കില്‍ അവര്‍ക്കത് ഇഷ്ടപ്പെടില്ല. ഞങ്ങള്‍ അത്തരം സാഹചര്യമെല്ലാം മാറ്റി. കേരളജനത അത് അര്‍ഹിക്കുന്നു. പൊലീസിന് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ നടത്തിയ ശ്രമങ്ങളെല്ലാം ജനങ്ങള്‍ക്കുള്ള സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനാണ്. രണ്ട് യുവതികളെ അറസ്റ്റുചെയ്തുവെന്ന് കരുതുക. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുന്നതുകൊണ്ട് അതിനിടയില്‍ അവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സൗകര്യങ്ങളില്ലെങ്കില്‍ എന്താകും സ്ഥിതി. സ്ത്രീകള്‍ക്ക് പ്രൈവസിയുള്ള വാഷ് റൂം വേണ്ടേ. അത് ഉറപ്പായും നിര്‍മ്മിക്കുന്നതു കൂടിയാണ് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍. 

അതുകൂടാതെ, ആധുനികവല്‍ക്കരണം നടപ്പാക്കുന്നതില്‍ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, സാങ്കേതികവിദ്യ ഉപയോഗിക്കുക, അതിനു നടപടിക്രമങ്ങള്‍ പാലിക്കുക. ഇതു രണ്ടും ശരിയായി കണ്ണിചേര്‍ക്കുമ്പോഴാണ് ആധുനികവല്‍ക്കരണം ഫലപ്രദമാകുക. ഞാന്‍ പത്തറുപത് രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഓരോ രാജ്യത്തും കണ്ട കാര്യങ്ങള്‍ ഇവിടെ എങ്ങനെ നടപ്പാക്കാം എന്ന് ആലോചിക്കും. വണ്ടികളില്‍ മൊബൈല്‍ ഡാറ്റാ ടെര്‍മിനല്‍ വച്ചത് അങ്ങനെയാണ്. ടി.വി പോലെയാണത്. പക്ഷേ, ടി.വി കാണാനല്ല. അതില്‍ സന്ദേശങ്ങള്‍ വരും. തിരിച്ചും സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യാം. ന്യൂയോര്‍ക്ക് പൊലീസില്‍ കണ്ടതാണ്. അങ്ങനെ പലതും പലയിടത്തും കണ്ടതു ചെയ്തു. വേറെ കുറെ കാര്യങ്ങള്‍ ഞങ്ങള്‍ സ്വന്തം നിലയിലും ചെയ്തു. കേരളത്തിലെ പൊലീസ്-ജനസംഖ്യാ അനുപാതം ദക്ഷിണേന്ത്യയില്‍വച്ച് ഏറ്റവും കുറവാണ് എന്ന് മനസ്സിലാക്കണം. ഒരു ലക്ഷം ജനങ്ങള്‍ക്ക് 150 പൊലീസുകാരാണ് ഇവിടെ. അത് 200, 220 ആക്കണമെങ്കില്‍ ഇരുപതിനായിരം പേരെയെങ്കിലും റിക്രൂട്ട് ചെയ്യണം. അത് പെട്ടെന്ന് ഒരു സര്‍ക്കാരിനും ചെയ്യാന്‍ പറ്റില്ല. പക്ഷേ, നമ്മുടെ സാങ്കേതികവിദ്യ വളരെ മെച്ചപ്പെട്ടതാണ്. അതുകൊണ്ടാണ് നമ്മുടെ ആധുനികവല്‍ക്കരണത്തിന്റെ ഒന്നാംഘട്ട സെക്യൂരിറ്റി പ്ലാനില്‍ അതുണ്ടാക്കിക്കൊടുത്തത്. 

സ്ത്രീകള്‍ സുരക്ഷിതരായിരിക്കുക എന്നത് സമൂഹത്തിന്റെ പൊതുവായ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന കാര്യമാണല്ലോ. കേരളത്തില്‍ സമീപകാലത്ത് ബലാത്സംഗവും സ്ത്രീധനക്കൊലകളും ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. ഇതിനു തടയിടാന്‍ പൊലീസ് എന്താണ് ചെയ്യുന്നത്?

2016-ല്‍ ചുമതലയേറ്റ ശേഷം മുഖ്യമന്ത്രി ആദ്യം തന്നെ പറഞ്ഞ ഒരു കാര്യമുണ്ട്: സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കു പ്രാധാന്യം കൊടുക്കും. 2016 ആഗസ്റ്റില്‍ ഞങ്ങള്‍ സ്ത്രീസുരക്ഷയ്ക്കായി പിങ്ക് പട്രോള്‍ തുടങ്ങി. അത് ബി.ബി.സിയും നാഷണല്‍ ജിയോഗ്രാഫിക് ചാനലും ഉള്‍പ്പെടെ വന്നു വാര്‍ത്തയാക്കി. അതിനുശേഷമാണ് ഡല്‍ഹിയില്‍ ഓള്‍ വുമണ്‍ കണ്‍ട്രോള്‍ റൂം തുടങ്ങിയത്. നമ്മുടെ പതിനെട്ടു പട്ടണങ്ങളിലും നഗരങ്ങളിലും പിങ്ക് പട്രോള്‍ ഉണ്ട്. അവര്‍ വളരെ പോപ്പുലറാണ്. ഏതെങ്കിലും സ്ത്രീ വിളിച്ചാല്‍ അപ്പോള്‍ത്തന്നെ എത്തും. ഗാര്‍ഹിക പീഡനങ്ങള്‍ തടയുന്നതിലും ഭര്‍ത്താക്കന്മാരുടെ ഭാഗത്തുനിന്നു പ്രശ്‌നങ്ങളുണ്ടായാലും വേണ്ടവിധം നിയമപരമായി ഇടപെടാനുമൊക്കെ അവര്‍ക്കു കഴിയുന്നുണ്ട്. സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടി ഏറ്റവുമധികം പദ്ധതികള്‍ ചെയ്ത സംസ്ഥാനം കേരളമാണ്. എല്ലാ ചൊവ്വാഴ്ചയും പഞ്ചായത്തുകളില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥ പോകും. സ്ത്രീകള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കും. ജനമൈത്രി പൊലീസ് ബീറ്റിനിടെ വീടുകളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പറയാം. ഈ കാര്യങ്ങള്‍ക്കെല്ലാം ഞങ്ങളൊരു വ്യവസ്ഥാപിത രൂപമുണ്ടാക്കി. കേരളത്തില്‍ സ്ത്രീധന പ്രശ്‌നം മുന്‍പ് ഉണ്ടായിരുന്നില്ല എന്നാണ് എന്റെ അറിവ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഇവിടുത്തെ സിസ്റ്റം വ്യത്യസ്തമാണ്. ഒരു സമ്മാനം കൊടുത്താലും അത് സ്ത്രീധനമായല്ല കണക്കാക്കിയിരുന്നത്. ഉണ്ടായിരുന്നാലും വളരെ കുറവായിരുന്നു. പക്ഷേ, ഇപ്പോള്‍ അടുത്തകാലത്ത് സ്ത്രീധനം ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടി. ഇത്ര പവന്‍ സ്വര്‍ണ്ണം തരണം, വണ്ടി തരണം, ഭൂമി തരണം എന്നിങ്ങനെ. അതുകൊണ്ടാണ് കേസുകളും കൂടുന്നത്. 

സ്ത്രീധനത്തിന്റെ ഈ സിസ്റ്റത്തില്‍ ഗാര്‍ഹിക പീഡനം ഉണ്ടാകാതിരിക്കുമോ. അത് വിസ്മയ സംഭവം പോലുള്ള വേദനിപ്പിക്കുന്ന സാഹചര്യങ്ങളിലേക്കു മാറും. ഇതില്‍ രണ്ടു കാര്യങ്ങളാണു വേണ്ടത്. ഒന്ന്, സമൂഹം കൂടുതല്‍ ജാഗ്രത പാലിക്കണം. ഉദാഹരണത്തിന്, ഒരു വീട്ടില്‍ എല്ലാ ദിവസവും ഭര്‍ത്താവ് അടിയുണ്ടാക്കുന്നു. പൊലീസില്‍ പോയി പറയാന്‍ സ്ത്രീക്കു പേടി. അങ്ങനെ വന്നാല്‍, ആ വീട്ടില്‍ ഭര്‍ത്താവ് എല്ലാ ദിവസവും ആ സ്ത്രീയെ തല്ലുന്നു എന്ന് അടുത്തുള്ള വീട്ടുകാര്‍ പൊലീസില്‍ അറിയിക്കണം. എങ്കില്‍ പൊലീസിനു നടപടിയെടുക്കാന്‍ കഴിയും. രണ്ടാമതായി, പൊലീസ് അത്ര സെന്‍സിറ്റീവ് ആകണം. പൊലീസിനു ഞങ്ങള്‍ പരിശീലനത്തില്‍ പ്രത്യേകം മൊഡ്യൂള്‍ വച്ചിട്ടുണ്ട്. സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍, ജെന്‍ഡര്‍ വിഷയങ്ങളില്‍ പൊലീസ് സെന്‍സിറ്റീവ് ആകണം. അത്യാവശ്യമാണത്. പക്ഷേ, കേരളത്തില്‍ അങ്ങനെയൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒരു കാര്യം കാണിച്ചുതരുന്നുണ്ട്: ഇപ്പോഴിതു നിയന്ത്രിച്ചില്ലെങ്കില്‍ പിന്നീട് എന്തും സംഭവിക്കാം. അതുകൊണ്ട് പൊലീസ് വളരെ കാര്യക്ഷമമായി അന്വേഷിച്ച് പ്രതികള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കുന്നുണ്ട്. അതാണ് പൊലീസിന്റെ പണി; പക്ഷേ, സമൂഹം കൂടി ഉത്തരവാദിത്വം നിറവേറ്റണം; കൗണ്‍സിലിംഗ് വേണമെങ്കില്‍ അത്. മറ്റുതരത്തിലുള്ള പിന്തുണയോ സഹായങ്ങളോ വേണമെങ്കില്‍ അത് ചെയ്യണം. ചില സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവിനെതിരെ ഭാര്യ ഒരു പരാതി കൊടുക്കുന്നതോടെ ദാമ്പത്യം തകരും. അത് ആരും ഇഷ്ടപ്പെടുന്നുണ്ടാകില്ല. അതുകൊണ്ട് പക്വതയോടെ കൈകാര്യം ചെയ്യണം. 

ഗാര്‍ഹിക പീഡനത്തിലും മറ്റും നമുക്ക് ഇങ്ങനെ ഇടപെടാന്‍ പറ്റും. പക്ഷേ, ബലാത്സംഗത്തിലും പോക്സോ കേസുകള്‍ക്ക് ഇടയാക്കുന്ന സംഭവങ്ങളിലും എങ്ങനെ മുന്‍കൂട്ടി ഇടപെടാന്‍ പറ്റും?

പോക്സോ കേസുകളിലും ബോധവല്‍ക്കരണം ആവശ്യമാണ്. പോക്സോ കേസുകളില്‍ മിക്കതിലും പ്രതി അടുത്ത ബന്ധുവോ അയല്‍ക്കാരനോ ഒക്കെ ആയിരിക്കും. സാക്ഷിയുണ്ടാകില്ല. അവരുടെ ക്രിമിനല്‍ മനോഭാവം പുറത്തുവരുന്നതാണ്. വീട്ടില്‍ത്തന്നെ സംഭവിക്കുന്നതാണ്. അതുകൊണ്ട് സമ്പൂര്‍ണ്ണ അവബോധം അത്തരം അതിക്രമങ്ങള്‍ക്കെതിരെ സൃഷ്ടിക്കണം. കുട്ടികള്‍ സുരക്ഷിതരായിരിക്കണം. അതിനു സാമൂഹ്യമാധ്യമങ്ങളും ഉള്‍പ്പെടെ പ്രചാരണം ആവശ്യമാണ്. പൊലീസിന്റെ സാമൂഹ്യമാധ്യമ സെല്‍ ഈ കാര്യത്തില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. കുറെ ഫലം കാണുന്നുമുണ്ട്. 

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതിലെ കുറവ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നില്ലേ?

ബലാത്സംഗ കേസുകളിലും പോക്സോ കേസുകളിലും ശിക്ഷാനിരക്ക് കുറവാണ്. സാക്ഷികള്‍ എതിര്‍കക്ഷിക്ക് അനുകൂലമായി മാറുന്നതാണ് അതിനൊരു പ്രധാന കാരണം. അതുകൊണ്ട് ഞങ്ങളിപ്പോള്‍ പോക്സോ കേസുകളുടെ അന്വേഷണ കാര്യത്തില്‍ വിശദമായ ഒരു എസ്.ഒ.പി (സ്റ്റാന്റേഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍) ഉണ്ടാക്കിയിരിക്കുകയാണ്. സാക്ഷിയുടെ ഇത്തരം മാറ്റം എങ്ങനെ പ്രതിരോധിക്കാം, സാക്ഷികളെ എങ്ങനെ വയ്ക്കണം, സാഹചര്യത്തെളിവുകള്‍ എങ്ങനെ ശേഖരിക്കണം തുടങ്ങിയതൊക്കെ ഉള്‍പ്പെടുത്തിയതാണ് എസ്.ഒ.പി. അത് പാലിക്കുന്നതോടെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ കൂടുതല്‍ ഫലപ്രദമായ അന്വേഷണവും ശിക്ഷ ഉറപ്പാക്കലും സാധ്യമാകും. 

മുഖ്യമന്ത്രി പിണറായി വിജയന്‍ താഴെത്തട്ടില്‍നിന്നുയര്‍ന്നുവന്ന നേതാവാണ്. കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും പോപ്പുലര്‍ ലീഡര്‍ അദ്ദേഹമാണ്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഓഫീസറാണ് താങ്കള്‍ എന്നാണ് കേരളം മനസ്സിലാക്കിയിട്ടുള്ളത്. ആ ബന്ധത്തെക്കുറിച്ചു പറയാമോ?

അദ്ദേഹം നല്ല വിവരമുള്ള നേതാവാണ്. സാമൂഹിക കാര്യങ്ങളെക്കുറിച്ചു മാത്രമല്ല, നിയമപരമായ കാര്യങ്ങളിലും വളരെ നല്ല അറിവ്. സാങ്കേതിക കാര്യങ്ങളിലും ധാരണയുള്ള പ്രൊഫഷണലായി ചിന്തിക്കുന്ന ആള്‍. നമ്മുടെ പൊലീസ് സേന ഏറ്റവും മികച്ച മാതൃകയായിരിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അവര്‍ പൊതുജനങ്ങള്‍ക്കു സുരക്ഷയും ഭദ്രതയും മാത്രം കൊടുത്താല്‍ പോരാ, മികച്ച സേവനവും കൊടുക്കണം. അദ്ദേഹവുമായി ചര്‍ച്ച ചെയ്യുമ്പോള്‍ കാര്യങ്ങള്‍ അദ്ദേഹത്തിനു വേഗം മനസ്സിലാകും. പൊലീസ് സ്റ്റേഷനുകളിലെ പി.ആര്‍.ഒ നിയമനവും മറ്റും അദ്ദേഹം നിര്‍ദ്ദേശിച്ചതാണ്. അതിന്റെ ഗുണം കിട്ടിക്കൊണ്ടിരിക്കുകയാണ്; ഭാവിയില്‍ കൂടുതല്‍ ഗുണം കിട്ടുകയും ചെയ്യും. ഒരു പൊലീസ് ഓഫീസര്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തില്‍നിന്ന് നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തോട് വളരെ മതിപ്പും ബഹുമാനവുമാണുള്ളത്. ഏതു സാഹചര്യത്തിലും നാടിന്റെ ഏതു പ്രശ്‌നവുമായി ബന്ധപ്പെട്ടും സമീപിക്കാവുന്ന ആള്‍; വളരെ മൃദുവായി പെരുമാറുന്ന ആള്‍. ജോലിയുടെ കാര്യത്തില്‍ വളരെ നല്ല സൂപ്പര്‍വൈസറാണ്. 

താഴെത്തട്ടില്‍നിന്നു വളര്‍ന്നുവന്നതിന്റെ മികവാണ് ഇതൊക്കെ. അറിവിന്റെ ആഴത്തിനും കാരണം അതാണ്.

തല്‍ക്കാലത്തേക്കെങ്കിലും തിരക്കുകളൊഴിഞ്ഞു കേരളത്തില്‍ തുടരുമ്പോള്‍ എന്തൊക്കെയാണ് വ്യക്തിപരമായി ചെയ്തു തീര്‍ക്കാന്‍ ആഗ്രഹിക്കുന്നത്?

എനിക്കു പ്രിയപ്പെട്ടതാണ് ഈ സംസ്ഥാനം. ഇതിനെ ഒരു കംപ്ലീറ്റ് സ്റ്റേറ്റ് എന്നു വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൊച്ചുകൊച്ച് അപാകതകള്‍ എല്ലാവര്‍ക്കുമുണ്ടാകും. ഏറ്റവും പെര്‍ഫെക്ടായി ആരും ഉണ്ടാകില്ല. ജനങ്ങള്‍ വളരെ നല്ലവരാണ്; സ്നേഹമുള്ളവരാണ്. രണ്ടാമത്തെ കാര്യം, ശരിക്കും നല്ല ഭക്ഷണമാണ്. കേരളത്തിലെ പാചകം നമ്മെ അതിന് അടിമയാക്കിക്കളയും. കഴിച്ചുതുടങ്ങിയാല്‍പ്പിന്നെ നിര്‍ത്തില്ല. മറ്റൊന്നു മലയാളികളുടെ സൗന്ദര്യബോധമാണ്. ഇത്രയും സൗന്ദര്യബോധമുള്ള ആളുകളെ അധികം കണ്ടിട്ടില്ല. അത് അവരുടെ വീടുകളിലുള്‍പ്പെടെ പ്രകടമാണ്. കേരളജനത സംസ്‌കാരത്തിലും സാഹിത്യത്തിലുമൊക്കെ സമ്പന്നരാണ്. ഏത് ഉന്നതപദവിയിലിരിക്കുന്നവരായാലും സാധാരണക്കാരായാലും അവര്‍ ഉന്നതമായ സംസ്‌കാരത്തിന് ഉടമകളാണ്. ഞങ്ങള്‍ മലയാളം ഉള്‍പ്പെടെ ഒരുപാടു സിനിമകള്‍ കാണുന്നവരാണ്. ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ച സിനിമകള്‍ ഇറങ്ങുന്നത് മലയാളത്തിലാണ്. അതുകൊണ്ടൊക്കെയാണ് ഇതൊരു സമ്പൂര്‍ണ്ണ സംസ്ഥാനമാണെന്നു പറയുന്നത്. 

ഞാന്‍ ഫോട്ടോഗ്രഫിയോടു വളരെ താല്പര്യമുള്ള ആളാണ്. കയ്യിലുള്ള ക്യാമറയെല്ലാം വൃത്തിയാക്കി വച്ചു. ഫോട്ടോഗ്രഫിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ഉദ്ദേശിക്കുന്നത്. ഡി.ജി.പി ആയിരിക്കുമ്പോള്‍ നാട്ടിലിറങ്ങി ഫോട്ടോയെടുക്കാന്‍ മടിയുണ്ടായിരുന്നു. ഇനിയിപ്പോള്‍ അതില്ല. കുറച്ചു നല്ല ഫോട്ടോകള്‍ എടുക്കണം എന്നു വിചാരിക്കുന്നു. പ്രകൃതി, ജനങ്ങള്‍, അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന്റെയൊക്കെ ഫോട്ടോകള്‍ എടുക്കണം. ചിത്രരചന വീണ്ടും തുടങ്ങണം. പുതിയ ആര്‍ട്ടിസ്റ്റ് പാഡൊക്കെ വാങ്ങി. 2015-നു ശേഷം ഞാന്‍ ചിത്രങ്ങള്‍ വരച്ചിട്ടില്ല. 

പിന്നെ, കുറേ വായിക്കണമെന്നു തീരുമാനിച്ചിട്ടുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ മലയാളത്തിലെ പ്രധാന എഴുത്തുകാരുടെയൊക്കെ രചനകളുടെ ഇംഗ്ലീഷ് പരിഭാഷ എന്റെ കയ്യിലുണ്ട്. എന്തും വായിക്കും. കഥകളും നോവലുകളും ശാസ്ത്ര നോവലുകളും തത്ത്വചിന്തയും ഉള്‍പ്പെടെ കയ്യില്‍ കിട്ടുന്നതെന്തും. ആലിസ്റ്റര്‍ മക്ലെയ്നും വായിക്കും; ആല്‍ബര്‍ട് കാമുവും വായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com