സര്‍വേയ്‌ലന്‍സ് രാജ് കുട നിവര്‍ത്തുമ്പോള്‍

വിമതസ്വരങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെതിരെ അസഹിഷ്ണുതയോടെ സദാ ജാഗരൂകമായിരിക്കുന്നവരായി നമ്മുടെ ഭരണാധികാരികള്‍ മാറിയിരിക്കുന്നുവെന്നാണ് പെഗാസസെന്നാണോ വിവാദം ഉറക്കെ പറയുന്നത്?
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയല്‍ സംസാരിക്കുന്നു/ രാജ്യസഭ ടിവി
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയല്‍ സംസാരിക്കുന്നു/ രാജ്യസഭ ടിവി

ജൂലൈ 19-നു പാര്‍ലമെന്റിന്റെ ഇത്തവണത്തെ മണ്‍സൂണ്‍ സെഷന്‍ ആരംഭിച്ചത് ഏറെ പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ടാണ്. പെഗാസസ് എന്ന ചാരസോഫ്റ്റ്വെയര്‍ ഉപയോഗിച്ച് രാജ്യത്തെ പൗരാവകാശ പ്രവര്‍ത്തകര്‍, ജേര്‍ണലിസ്റ്റുകള്‍, പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍, ഭരണകക്ഷിയുടെ തന്നെ നേതൃത്വത്തിലുള്ളവര്‍ എന്നിവരുടെ വിവരങ്ങള്‍ ചോര്‍ത്തിയതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നതാണ് കോലാഹലങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രതിപക്ഷം കോലാഹലം സൃഷ്ടിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുതിയ കേന്ദ്രമന്ത്രിമാരെ സഭയ്ക്കു പരിചയപ്പെടുത്തുന്നതില്‍നിന്ന് തടയുകയും ചെയ്തു. 

ഗൗരവതരങ്ങളായ ആരോപണങ്ങളാണ് ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ചത്. എന്നാല്‍, അങ്ങനെയൊന്നു സംഭവിച്ചിട്ടില്ലെന്ന മട്ടിലായിരുന്നു ഭരണാധികാരികളുടെ പ്രതികരണം. ''അധികാരം ഒരിക്കല്‍ കൈവശത്ത് എത്തിയാല്‍ എക്കാലവും തന്റെ തന്നെ അവകാശത്തില്‍ ഭദ്രമായി ഉണ്ടായിരിക്കണമെന്ന് പിടിവാശിയുള്ളവരാണ് രാഷ്ട്രീയ നേതാക്കളെന്ന'' നിരീക്ഷണം ശരിവയ്ക്കുന്ന മട്ടിലാണ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍. രാജ്യം ഭരിക്കുന്ന ഹിന്ദുത്വഭരണാധികാരികളുടെ ചെയ്തികളേയും നിലപാടുകളേയും വിമര്‍ശിക്കുന്ന പൗരാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷ നേതാക്കളും എന്നുവേണ്ട ഭരണകക്ഷിക്കുള്ളിലെ വിമതസ്വരങ്ങള്‍ പോലും ഗവണ്‍മെന്റ് തുറന്നുവെച്ച രഹസ്യക്കണ്ണുകള്‍ക്കു മുന്‍പില്‍ പെടാതെ പോകുന്നില്ല എന്നാണ് പെഗാസസ് എന്ന ചാരസോഫ്റ്റ്വെയര്‍ ലക്ഷ്യമിട്ടവരുടെ പട്ടിക വ്യക്തമാക്കുന്നത്. 

വിവരങ്ങളുമായി പറക്കുന്ന ചിറകുള്ള കുതിര

ഗ്രീക്ക് മിഥോളജിയിലെ ഒരു കഥാപാത്രമാണ് പെഗാസസ്. മരണത്തിനു കീഴടക്കാനൊക്കാത്തതും ചിറകുകളുള്ളതുമായ ഒരു കുതിര. മെഡൂസയുടേയും പൊസിഡോണിന്റേയും സന്തതി. കുറച്ചുകാലം ഗ്രീക്ക് വീരനായകനായ ബെല്ലെറോഫോണിന്റെ കൈവശമായിരുന്നെങ്കിലും പിന്നീട് സ്യൂസ് എന്ന ദേവേന്ദ്രന്റെ ഇടിമിന്നല്‍ രഥം വലിക്കുന്ന കുതിരയായി മാറി. 

മര്‍ത്ത്യനായ ബെല്ലെറോഫോണിനു പല സാഹസികതകളിലും കൂട്ടുനിന്നിട്ടുള്ള പെഗാസസിന് ഒരു പ്രത്യേകതയുണ്ട്. അതിന്റെ കുളമ്പുകൊണ്ട് ഭൂമിയില്‍ ബലമായി ഒന്നു തട്ടിയാല്‍ മതി, ഏതു ഊഷരഭൂവിലും ജലധാര പ്രവഹിക്കുമെന്നാണ്. ഇങ്ങനെ രണ്ടു ഉറവകള്‍ ഹെല്ലനിക് വിശ്വാസങ്ങളിലുണ്ട്. ഹിപ്പോക്രീനും പിന്നെ മൗണ്ട് ഹെലിക്കനിലെ ഉറവയും. അവരുടെ മിഥോളജിയിലെ സരസ്വതീദേവിയായ മ്യൂസിന്റെ വാസഗേഹമാണ് മൗണ്ട് ഹെലിക്കന്‍. അവിടെയുള്ള ഈ ഉറവയിലെ ജലം കുടിച്ചാല്‍ കവികള്‍ക്ക് സൃഷ്ട്യുന്മുഖതയും പ്രചോദനവും കൂടുതല്‍ ലഭിക്കുമെന്നായിരുന്നു വിശ്വാസം.

ട്രോജന്‍ കുതിരയെപ്പോലെ പ്രചുരപ്രചാരം സിദ്ധിച്ച ഒരു സങ്കല്പത്തെ അനുസ്മരിപ്പിക്കുന്ന പേര് പേറുന്ന ചാര സോഫ്റ്റ്വെയറാണ് പെഗാസസ്. അത് എവിടെ ചെന്നുതട്ടിയാലും കുതിച്ചുപൊങ്ങുന്നത് വിവരങ്ങളുടെ ഉറവ. ഈ ചിറകുള്ള കുതിര മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തി അപ്രത്യക്ഷമായാല്‍ ഉപയോക്താവ് അറിയുകപോലുമില്ല. പാസ്വേഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസ്സേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലൊക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും പെഗാസസ് ചോര്‍ത്തും. ഫോണില്‍ സൂക്ഷിച്ചിട്ടുള്ള ഫയലുകള്‍, സന്ദേശങ്ങള്‍, ചിത്രങ്ങള്‍ എന്നിവയിലേക്ക് ആക്സസ് ചെയ്യാന്‍ ആരെയും പെഗാസസ് അനുവദിക്കുമെന്നും പറയുന്നു. 

ഈ ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ ഫോണുകള്‍ സര്‍ക്കാരുകള്‍ ചോര്‍ത്തി എന്ന ആരോപണമാണ് ഇപ്പോള്‍ രാഷ്ട്രീയരംഗത്തെ ചൂടുപിടിപ്പിക്കുന്നത്. ദ വയര്‍, വാഷിങ്ടണ്‍ പോസ്റ്റ്, ദ ഗാര്‍ഡിയന്‍, ലെ മൊണ്ടെ തുടങ്ങി വിവിധ രാജ്യങ്ങളിലായുള്ള 17 മാധ്യമങ്ങള്‍ നടത്തിയ സംയുക്ത അന്വേഷണത്തിലാണ് വിവരച്ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തായത്. ഓപ്പറേഷന്‍ പെഗാസസ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് എന്ന ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍, ഫോട്ടോ, ഫോണ്‍കോള്‍ സംഭാഷണങ്ങള്‍ എന്നിവ ചോര്‍ത്തി എന്നാണ് അന്വേഷണത്തില്‍ വെളിപ്പെട്ടത്. 

മാധ്യമപ്രവര്‍ത്തകര്‍, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങി ഇന്ത്യയിലെ മുന്നൂറിലേറെ പേരുടെ ഫോണ്‍ വിവരമാണ് ഇസ്രയേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയത്. ഒരു സുപ്രിംകോടതി ജഡ്ജി, മൂന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍, നാല്‍പ്പതിലേറെ മാധ്യമപ്രവര്‍ത്തകര്‍, സുരക്ഷാ മേധാവികളും മുന്‍ മേധാവികളും, വ്യവസായികള്‍, ശാസ്ത്രജ്ഞര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ഫോണ്‍ വഴിയുള്ള ആശയവിനിമയങ്ങളും വിവരങ്ങളുമാണ് ചോര്‍ത്തിയത്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും മോദിവിരുദ്ധ പക്ഷത്ത് എന്നു കരുതപ്പെടുന്ന ബി.ജെ.പി നേതാക്കളും ഇങ്ങനെ ഫോണ്‍ ചോര്‍ത്തലിനു വിധേയരായി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇപ്പോള്‍ വെളിപ്പെട്ടതിലും കൂടുതല്‍ ആളുകള്‍ ഈ ചാര സോഫ്റ്റ്വെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരകളായിത്തീര്‍ന്നിരിക്കാനും സാധ്യതയുണ്ട്.

ഇസ്രയേല്‍ കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ക്കുവേണ്ടി വികസിപ്പിച്ചെടുത്തതും വിപണനം ചെയ്യുകയും ലൈസന്‍സ് നല്‍കുകയും ചെയ്യുന്നതുമായ ഹാക്കിംഗ് സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ സ്പൈവെയര്‍ ആണ് പെഗാസസ്. ഐ.ഒ.എസോ ആന്‍ഡ്രോയിഡോ ആയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോടിക്കണക്കിന് ഫോണുകളെ ബാധിക്കാനുള്ള കഴിവ് ഈ സോഫ്റ്റ്വെയറിനുണ്ട്. 

ഇതുവരെ വികസിപ്പിച്ചെടുക്കപ്പെട്ടവയില്‍വെച്ച് ഏറ്റവും ശക്തമായ ചാര സോഫ്റ്റ്വെയര്‍. അതും ഒരു സ്വകാര്യ കമ്പനി. ഒരു ഫോണിലേക്ക് അതു വഴി തുറന്നു കഴിഞ്ഞാല്‍, അതുപയോഗിക്കുന്നയാളുടെ ശ്രദ്ധയില്‍പ്പെടാതെ തന്നെ അയാളുടെ ഫോണ്‍ മുഴുവന്‍ സമയവും ഒരു നിരീക്ഷണ ഉപകരണമാക്കി മാറ്റാന്‍ ആ സോഫ്റ്റ്വെയറിനു കഴിയും. ഉപയോക്താവ് അയയ്ക്കുന്നതോ സ്വീകരിക്കുന്നതോ ആയ സന്ദേശങ്ങള്‍ പകര്‍ത്താനും ഫോട്ടോകള്‍ അപ്പാടെ പകര്‍ത്തിയെടുക്കാനും കോളുകള്‍ റെക്കോര്‍ഡു ചെയ്യാനും ഇതിനു കഴിയും. ഫോണിന്റെ ക്യാമറയിലൂടെ രഹസ്യമായി ചിത്രീകരിക്കാനും സംഭാഷണങ്ങള്‍ റെക്കോര്‍ഡുചെയ്യാന്‍ മൈക്രോഫോണ്‍ സജീവമാക്കാനും ഈ ചാര സോഫ്റ്റ്വെയറിനാകും. ഉപയോക്താവ് എവിടെയായിരുന്നുവെന്നും ആരെയൊക്കെയാണ് സന്ധിച്ചതെന്നും കൃത്യമായി നിര്‍ണ്ണയിക്കാനും ഈ സോഫ്റ്റ്വെയര്‍ പര്യാപ്തമാണ്. 

വെറും ഫോണ്‍ ചോര്‍ത്തലല്ല, ഫോണുപയോഗിച്ച ചാരവൃത്തി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി, കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേല്‍, വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ, രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സിന്ധ്യയുടെ പേഴ്സണല്‍ സെക്രട്ടറി, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി സഞ്ജയ് കഛ്‌റു, തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗമായിരുന്ന അശോക് ലവാസ, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഇന്ത്യയിലെ തലവന്‍ ഹരി മേനോന്‍, വൈറോളജിസ്റ്റ് ഗഗന്‍ദീപ് കാങ് എന്നിവരുടേയും മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായി ലൈംഗികാരോപണം ഉന്നയിച്ച സുപ്രീംകോടതി ജീവനക്കാരിയുടേയും ബന്ധുക്കളുടേയും ഫോണുകള്‍ എന്നിവയാണ് ചോര്‍ത്തപ്പെട്ടത് എന്നു തുടര്‍ന്ന് വ്യക്തമാക്കപ്പെട്ടു. 

ഫോണ്‍ ചോര്‍ത്തലിനു വിധേയരായവരുടെ പട്ടികയില്‍ ഇടംപിടിച്ച അശ്വനി വൈഷ്ണവിനെ തന്നെയാണ് മന്ത്രിസഭാവികസനത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് ഏല്പിച്ചത്. ഗവണ്‍മെന്റിനുവേണ്ടി, ഇത്തരത്തില്‍ ഒരു ഫോണ്‍ ചോര്‍ത്തല്‍ ഉണ്ടായിട്ടില്ല എന്നു നിഷേധിച്ചതും അശ്വനി വൈഷ്ണവ് ആണെന്നുള്ളത് മറ്റൊരു കൗതുകകരമായ വസ്തുത. ജലവിഭവവകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ ആണ് വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുള്ള മറ്റൊരാള്‍. 2017-ലാണ് ഒഡിഷ കാഡറില്‍ ഐ.എ.എസ് കാരനായിരുന്ന വൈഷ്ണവിനെതിരെ ഈ ചാര സോഫ്റ്റ്വെയര്‍ പ്രയോഗിക്കപ്പെട്ടത് എന്നാണ് കരുതുന്നത്. ആ സമയത്ത് അദ്ദേഹം ബി.ജെ.പി പ്രവര്‍ത്തകനായി മാറിയിട്ടില്ല എന്നും ഇതുസംബന്ധിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഫോണുകളില്‍ നുഴഞ്ഞു കയറി ശേഖരിക്കുന്നതിനും നിരീക്ഷണ സാങ്കേതികവിദ്യകള്‍ വിന്യസിച്ചുവെന്നതിനു തെളിവായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉപയോഗിച്ച ഫോണ്‍ എക്കൗണ്ടുകളും പുറത്തുവന്ന പട്ടികയിലുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനു മുന്‍പാണ് അദ്ദേഹത്തിന്റെ ഫോണുകള്‍ എന്‍.എസ്.ഒ. ഗ്രൂപ്പിന്റെ ചാര സോഫ്റ്റ്വെയര്‍ ലക്ഷ്യമിട്ടത്. 

രാഹുല്‍ ഗാന്ധിക്കെതിരെ നടന്നെന്നു കരുതുന്ന ചാരവൃത്തി 1972-ല്‍ യു.എസില്‍ നടന്ന വാട്ടര്‍ഗേറ്റ് വിവാദത്തെ അനുസ്മരിപ്പിക്കുന്നുണ്ട്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി റിച്ചാര്‍ഡ് നിക്സണ്‍ തന്റെ ഡെമോക്രാറ്റിക് എതിരാളികളുടെ ഓഫീസുകള്‍ നിരീക്ഷിക്കാന്‍ നടത്തിയ ശ്രമം ഒടുവില്‍ അദ്ദേഹത്തിന്റെ സ്ഥാനനഷ്ടത്തില്‍ തന്നെ കലാശിക്കുകയായിരുന്നു. രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്കെതിരായ 2019-ലെ പൊതുതെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ച് ആശങ്കാജനകമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയ സന്ദര്‍ഭത്തിലാണ് ഇങ്ങനെയൊരു നിരീക്ഷണത്തിന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്. രാഹുലിന്റെ പ്രധാന സഹായികളിലൊരാളും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ സച്ചിന്‍ റാവു, മറ്റൊരു സഹായിയായ അലങ്കാര്‍ സവായ് എന്നിവരുടേതടക്കമുള്ള ഫോണുകള്‍ പുറത്തുവന്ന പട്ടികയിലുണ്ട്. ഇവര്‍ക്കു പുറമേ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടവരും പൊതുരംഗത്തില്ലാത്തവരുമായ രാഹുല്‍ ഗാന്ധിയുമായി അടുപ്പം സൂക്ഷിക്കുന്ന അഞ്ചുപേരെ സംബന്ധിച്ച വിശദാംശങ്ങള്‍ ചാരവൃത്തിയെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയവര്‍ പുറത്തുവിട്ടിട്ടില്ല. 

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ സഹായിച്ച മോദിയുടെ മുന്‍ ഉപദേശകന്‍ പ്രശാന്ത് കിഷോറിന്റെ ഐഫോണും ചോര്‍ത്തിയെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്. കിഷോറിന്റെ ഫോണില്‍ ജൂണില്‍ 14 ദിവസവും ജൂലൈയില്‍ 12 ദിവസവും പെഗാസസ് കടന്നുകയറ്റം നടത്തിയിട്ടുണ്ട്. കിഷോര്‍ ദല്‍ഹിയില്‍ രാഹുലുമായും പ്രിയങ്കാഗാന്ധിയുമായും ഈയടുത്തു കൂടിക്കാഴ്ച നടത്തിയിരുന്നു. ആ ദിവസവും പെഗാസസ് ഉപയോഗിച്ചുള്ള വിവരം ചോര്‍ത്തല്‍ നടന്നുവെന്നാണ് വാര്‍ത്തകള്‍. 

ഇപ്പോള്‍ പുറത്തുവന്ന ചാരവൃത്തിയെ വെറും ഫോണ്‍ ചോര്‍ത്തലായി ചിത്രീകരിക്കുന്നവരുണ്ട്. യഥാര്‍ത്ഥത്തില്‍ ഫോണ്‍ചോര്‍ത്തലിനേക്കാള്‍ ആഴമേറിയ ഒരു പ്രശ്‌നമാണ് പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. ഫോണുകള്‍ ഇന്ന് വെറും ആശയവിനിമയ ഉപകരണം മാത്രമല്ല. സംഭാഷണം നടത്തുന്നതിനും സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുമപ്പുറം ഫോണുകള്‍ ഉപയോഗിച്ച് നിരവധി പ്രവര്‍ത്തനങ്ങള്‍ ഇന്നു സാധ്യമാണ്. അതുപയോഗിച്ച് ഉപയോക്താവിന് ശബ്ദത്തിന്റേയും ചിത്രത്തിന്റെയും പകര്‍പ്പുകള്‍ ഏതുസമയവുമെടുക്കാം. പാസ്വേഡുകള്‍, രേഖകള്‍, ഇമേജുകള്‍ ഇവയൊക്കെ സൂക്ഷിക്കാനാകും. ഇങ്ങനെ വിപുലവും സങ്കീര്‍ണ്ണവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫോണുകള്‍ ഉപയോഗിക്കുന്നതുതന്നെ അതിന്റെ ദുരുപയോഗ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇസ്രയേലിലെ എന്‍.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസിനെപ്പോലെ കുറേയേറെ സ്പൈവെയറുകള്‍ ഉണ്ട്. അവയ്‌ക്കൊക്കെയും ഉപയോക്താവിന്റെ സമ്മതം കൂടാതെ തന്നെ അയാളുടെ ഫോണ്‍ മുഴുവന്‍ സമയവും ഒരു നിരീക്ഷണ ഉപകരണമാക്കി മാറ്റാന്‍ കഴിയുമെന്നു വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ശക്തിപ്പെടുന്ന സര്‍വേയ്‌ലന്‍സ് രാജ്

വിവരസാങ്കേതികവിദ്യയുടെ വികാസവും നവലിബറല്‍ വ്യവസ്ഥയുടെ വ്യാപനവും തീവ്രദേശീയ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയും ആഗോള തീവ്രവാദവുമെല്ലാം മുന്‍പെങ്ങുമില്ലാത്ത ഒരു സ്ഥിതിവിശേഷമാണ് സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഒരു സമൂഹത്തിലെ അംഗങ്ങളെന്ന നിലയില്‍ സമൂഹത്തെ ഭരിക്കുന്നവരുടെ ഇച്ഛയ്ക്കപ്പുറം പോകാതിരിക്കാനുള്ള കരുതലിനു നാം തന്നെ വഴിയൊരുക്കുന്ന അവസ്ഥ. ഏതുമൂലയിലും കാണുന്ന ക്യാമറകള്‍ ശക്തിപ്പെടുന്ന നിരീക്ഷണവ്യവസ്ഥയുടെ സൂചനകളാണ്.

വര്‍ദ്ധിച്ച ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഡിജിറ്റല്‍ സര്‍വേയ്‌ലന്‍സിനുള്ള സാധ്യതകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ നോട്ടം വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും മുകളില്‍ ഏതുസമയത്തും ഉണ്ടായിരിക്കാം എന്ന അവസ്ഥയോ ഓരോ വ്യക്തിയും ഭരണകൂടത്തിനുവേണ്ടി തങ്ങളെത്തന്നെ നിരീക്ഷണത്തിനു വിധേയനാക്കുന്ന അവസ്ഥയോ സംജാതമായിരിക്കുന്നു. ഒരുപക്ഷേ, നിരീക്ഷിക്കപ്പെടാനായി കേന്ദ്രസ്ഥാനത്ത് ഒരു കാവല്‍ഗോപുരം ഉണ്ടാകില്ലെങ്കിലും വ്യക്തികള്‍ അവര്‍ അറിയാതെ തന്നെ സ്വയം നിരീക്ഷിക്കപ്പെടുന്ന സമൂഹമായി നാം മാറിയിരിക്കുന്നു. 

പെഗാസസ് ഉപയോഗിച്ചുള്ള വിവരച്ചോര്‍ച്ചയ്ക്കായി ഫോണ്‍ എക്കൗണ്ടുകളെ ലക്ഷ്യമിട്ടു എന്ന് ഇപ്പോഴുയര്‍ന്ന ആരോപണത്തിനു മുന്‍പും വിമതസ്വരങ്ങളെ അമര്‍ച്ച ചെയ്യുന്നതിനുവേണ്ടി നവസാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട് എന്ന് ഭരണാധികാരികള്‍ക്കു നേരെ ആരോപണം ഉണ്ടായിട്ടുണ്ട്. എല്‍ഗാര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട റോണാ വിത്സണ്‍, ഈയിടെ മരണമടഞ്ഞ സ്റ്റാന്‍ സ്വാമി എന്നിവരുടെ കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുകയും അവരെ കേസിലകപ്പെടുത്താന്‍ ആവശ്യമായ ഫയലുകള്‍ അവയില്‍ നിക്ഷേപിക്കുകയും ചെയ്തു എന്ന് വാര്‍ത്ത ഉണ്ടായിരുന്നു. ഭരണകൂടത്തിന്റെ കണ്ണുകള്‍ നമ്മുടെ സ്വകാര്യതകള്‍ക്കു മേലേപ്പോലും സദാ തുറന്നുപിടിച്ചിരിക്കുന്നുവെന്ന് ആശങ്കപ്പെടേണ്ടതുണ്ട്. 

പെഗാസസ് സ്പൈവെയര്‍ ഗവണ്‍മെന്റ് ഉപയോഗിച്ചിട്ടില്ലെന്നാണ് ഐ.ടി. മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍, ഇങ്ങനെയൊരു സോഫ്റ്റ്വെയര്‍ ഗവണ്‍മെന്റ് എന്‍.എസ്.ഒ. ഗ്രൂപ്പില്‍നിന്നു വാങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാന്‍ ഭരണാധികാരികള്‍ തയ്യാറായിട്ടില്ല. ഏതായാലും ഇതെഴുതുമ്പോള്‍ ഈ പ്രശ്‌നത്തെ മുന്‍നിര്‍ത്തി പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയ വാര്‍ത്തയാണ് പുറത്തുവരുന്നത്. ചാര സോഫ്റ്റ്വെയര്‍ രാഹുല്‍ ഗാന്ധിയേയും ലക്ഷ്യമിട്ടു എന്ന വാര്‍ത്ത പുറത്തുവന്നതിനു ശേഷം മോദിയേയും ഷായേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസ്താവന ഇറക്കി. ഒരു വിദേശക്കമ്പനിക്ക് ഡാറ്റ ലഭിക്കാനിട നല്‍കിയത് വ്യക്തമായും 'രാജ്യദ്രോഹം' ആണെന്നും മോദി ഗവണ്മെന്റ് 'ദേശീയ സുരക്ഷ'യെ പൂര്‍ണ്ണമായും ഉപേക്ഷിച്ചെന്നും പാര്‍ട്ടി ആരോപിച്ചിട്ടുണ്ട്. മോദിയുടേയും അമിത്ഷായുടേയും രാജിയും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഫോണ്‍ എക്കൗണ്ടുകളെ പെഗാസസ് ലക്ഷ്യമിട്ടു എന്ന വാര്‍ത്ത വിശദാംശങ്ങളോടെ പുറത്തുവന്നത് ഏതുനിലയ്ക്കായാലും സമഗ്രമായ ഒരു അന്വേഷണം അനിവാര്യമാക്കുകയാണ്. ഗവണ്‍മെന്റല്ല ഫോണ്‍ ചോര്‍ത്തലുകള്‍ക്കു പിറകില്‍ എന്നു വരുകില്‍പ്പോലും. ഗവണ്‍മെന്റുകള്‍ക്കും അവരുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുമാണ് എന്‍.എസ്.ഒ ഗ്രൂപ്പ് ഈ സോഫ്റ്റ്വെയര്‍ വിലവാങ്ങി നല്‍കുന്നത്. അതുകൊണ്ട് മറ്റേതെങ്കിലും രാജ്യത്തെ ഗവണ്‍മെന്റോ ഇന്റലിജന്‍സ് ഏജന്‍സിയോ ആണോ ചോര്‍ത്തലിനു പിറകില്‍ എന്നും അന്വേഷിക്കേണ്ടതുണ്ട്. 

ചാര സോഫ്റ്റ്വെയര്‍ ഉപയോഗത്തിലൂടെ വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തുകവഴി വ്യക്തിയുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ് നടന്നതെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ നിയമപ്രകാരം, 1885-ലെ ടെലിഗ്രാഫ് ആക്ടും 2000 ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടും അനുസരിച്ച്, ഇത്തരത്തിലുള്ള സര്‍ക്കാര്‍ നിരീക്ഷണത്തിനും വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെടുത്തുന്നതിനും ചില നടപടിക്രമങ്ങളുണ്ട്. കര്‍ശനമായ വ്യവസ്ഥകളും കാരണങ്ങളുമൊക്കെ ഇവയ്ക്ക് ഉണ്ടായിരിക്കേണ്ടതാണ്. പെഗാസസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തെ സംബന്ധിച്ചിടത്തോളം ഈ രണ്ട് ആക്ടുകളിലേയും വ്യവസ്ഥകള്‍ക്ക് സാധുതയുണ്ടാകുമോ എന്നു ചില നിയമവിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. വിശേഷിച്ചും ആരാണ് ഇത്തരത്തില്‍ നിരീക്ഷണം നടത്തിയതിനു പിന്നില്‍ എന്ന് വെളിപ്പെടാത്ത സാഹചര്യത്തില്‍. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ടെന്ന പ്രതിപക്ഷ ആവശ്യത്തില്‍ കഴമ്പുമുണ്ട്. 

എന്താണ് പെഗാസസ് സ്നൂപ്‌ഗേറ്റ്?

പെഗാസസ് പ്രൊജക്ട് എന്ന പേരില്‍ വാഷിംഗ്ടണ്‍ പോസ്റ്റ്, ദി ഗാര്‍ഡിയന്‍, ഇന്ത്യയില്‍ നിന്നുള്ള വയര്‍ എന്നിവയടങ്ങുന്ന ഒരുപറ്റം മുന്‍നിര മാധ്യമ സംഘടനകള്‍ സംയുക്തമായി ലോകമെമ്പാടും നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ചില വിവരങ്ങള്‍ പുറത്തുവന്നു. ഉന്നത രാഷ്ട്രീയനേതാക്കള്‍, പൗരാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഫോണുപയോഗിച്ചുള്ള ചാരവൃത്തിക്ക് ഇരകളായി എന്നതാണ് പ്രധാന കണ്ടെത്തല്‍. അവരുടെ പേരുകളും വെളിപ്പെടുത്തപ്പെട്ടു. ഫോര്‍ബിഡന്‍ സ്റ്റോറീസ്, ആംനസ്റ്റി സിറ്റിസണ്‍ ലാബ് തുടങ്ങിയ സന്നദ്ധസംഘടനകളില്‍നിന്നാണ് വിവരങ്ങള്‍ ലഭ്യമായത്. ജൂലൈ 18-നായിരുന്നു ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങിയത്. 

എന്താണ് പെഗാസസ്?

* മുന്‍ ഇസ്രയേല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ നിവ്, ഷാലേവ്, ഓംറി എന്നിവര്‍ സ്ഥാപിച്ച ടെക്നോളജി കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത സ്പൈവെയറാണ് പെഗാസസ്. ''ധാര്‍മ്മികമായി ഉപയോഗിക്കും എന്ന് പരിശോധിച്ചു ഉറപ്പുവരുത്തിയ'' ഗവണ്‍മെന്റുകള്‍ക്ക് മാത്രം വില്‍ക്കുന്ന ഈ സോഫ്റ്റ്വെയര്‍ ലോകമെമ്പാടും സമഗ്രാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങള്‍ സൈബര്‍ സര്‍വേയ്‌ലന്‍സിനു ഉപയോഗിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്നു. പെഗാസസ് റിപ്പോര്‍ട്ടുകളില്‍ എന്‍.എസ്.ഒ ക്ലയന്റുകളായി പട്ടികപ്പെടുത്തിയിട്ടുള്ള പത്ത് രാജ്യങ്ങളില്‍ ഇന്ത്യ, മൊറോക്കോ, റുവാണ്ട, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവ ഉള്‍പ്പെടുന്നു; 45 രാജ്യങ്ങളിലായി 'ഹാക്ക് ടാര്‍ഗെറ്റുകളും' ഉണ്ട്.

* പെഗാസസ് പ്രോജക്റ്റ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലോകമെമ്പാടുമുള്ള ഏകദേശം 50,000 ഫോണ്‍ നമ്പറുകള്‍ പെഗാസസിന്റെ 'ടാര്‍ഗെറ്റുകള്‍' ആണ്. എന്നിരുന്നാലും, ഫോറന്‍സിക് വിശകലനം കൂടാതെ എത്രപേരെ വിജയകരമായി ഹാക്ക് ചെയ്യാനൊത്തു എന്നതിന്റെ എണ്ണം കണ്ടെത്താന്‍ ഫോറന്‍സിക് വിശകലനങ്ങള്‍ക്കു ശേഷമേ സാധിക്കൂ. 

എങ്ങനെയാണ് പെഗാസസ് പ്രവര്‍ത്തിക്കുന്നത്?

* ഇന്റര്‍നെറ്റ് കണക്ഷനുള്ള ഫോണുകളെ ഇന്‍ഫെക്ട് ചെയ്യുന്ന മാല്‍വെയറാണ് പെഗാസസ്. ഇതിന്റെ ചില അപ്‌ഡേറ്റുകള്‍ ഉപയോക്താവ് ലിങ്കുകളിലും മെസ്സേജുകളിലും ക്ലിക്ക് ചെയ്തില്ലെങ്കില്‍ പോലും ഫോണുകളെ ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

* വാട്‌സ്ആപ്, ഐമേസ്സേജ്, എസ്.എം.എസ് ആപ്പുകളില്‍ നുഴഞ്ഞുകയറിയാണ് ഇവ ഫോണുകളില്‍ പ്രവര്‍ത്തിക്കുന്നത്. റൂട്ട് പ്രിവിലേജുകള്‍ കയ്യടക്കി ഡിവൈസ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി പ്രവര്‍ത്തിക്കാനും അവയ്ക്കു സാധിക്കും. 

* റിമോട്ട് സെര്‍വറില്‍നിന്നുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് ക്യാമറയും മൈക്രോഫോണും ഓട്ടോമാറ്റിക് ആയി ഓണ്‍ ആക്കാനും ചാറ്റുകളും കോണ്ടാക്ട് പട്ടികയും ഡാറ്റ ബാക്ക് ആപ്പുകളും പകര്‍ത്താനും കഴിയും. സംഭാഷണം, കലണ്ടര്‍, എസ്.എം.എസ്സുകള്‍, ഇ-മെയിലുകള്‍ എന്നിവ റെക്കോര്‍ഡ് ചെയ്യാനും ആകും. കണ്ടുപിടിക്കപ്പെടുന്നതുവരെ കണ്‍ട്രോളിംഗ് സെര്‍വറുകളിലേക്ക് സ്പൈവെയര്‍ സോഫ്റ്റ്വെയര്‍ സിഗ്‌നലുകള്‍ അയച്ചുകൊണ്ടേയിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com