'മൂവന്തി മേഖല'- നോനാ ഫെര്‍ണാണ്ടസ് എഴുതിയ നോവലിന്റെ വായന 

ഏകാധിപതിയായ പിനോഷെയുടെ ഭരണകാലത്തും അതിനുശേഷവുമുള്ള ചിലിയിലെ ഭരണകൂട ഹിംസകളുടെ നേര്‍ചിത്രമാണ് ഈ നോവലില്‍ നാം വായിക്കുന്നത്
നോനാ ഫെര്‍ണാണ്ടസ്
നോനാ ഫെര്‍ണാണ്ടസ്

The Twilight Zone എന്ന നോവല്‍ എഴുതിയ നോനാ ഫെര്‍ണാണ്ടസ് ചിലിയിലെ പ്രസിദ്ധയായ ചലച്ചിത്രതാരവും നോവലിസ്റ്റും കഥാകൃത്തും തിരക്കഥാ രചയിതാവുമാണ്. ഏകാധിപതിയായ പിനോഷെയുടെ ഭരണകാലത്തും അതിനുശേഷവുമുള്ള ചിലിയിലെ ഭരണകൂട ഹിംസകളുടെ നേര്‍ചിത്രമാണ് ഈ നോവലില്‍ നാം വായിക്കുന്നത്. ഫാഷിസം അതിന്റെ മുഖംമൂടികള്‍ അഴിച്ചുകളഞ്ഞ് ക്രൂരമായ നരഹത്യകളിലേയ്ക്കും വംശീയമായ വേരറുക്കലുകളിലേയ്ക്കും പ്രവേശിച്ചു കഴിഞ്ഞ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ നോനാ ഫെര്‍ണാണ്ടസിന്റെ നോവലിന് സമകാലികവും ധൈഷണികവുമായ സാംഗത്യം ഏറെയുണ്ട്.

നുണകളാലും മിഥ്യകളാലും വിരചിക്കപ്പെട്ട ചരിത്രം എന്ന പുസ്തകത്തിലെ, ഓരോ ദിവസവും പൂരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, അധികാരത്തിന്റെ കറുത്ത അദ്ധ്യായങ്ങളെക്കുറിച്ചാണ് മറ്റൊരര്‍ത്ഥത്തില്‍ നോവല്‍ സംസാരിക്കുന്നത്. കാര്യകാരണബന്ധങ്ങളുടെ യുക്തികള്‍ നഷ്ടപ്പെട്ട് ('അധികാരമോ പൊന്നാര്യനോ കൊയ്യാനാവാ'തെ) അപമാനത്തിന്റേയും ആത്മനിന്ദയുടേയും അന്തമില്ലാത്ത ദുരിതങ്ങളുടേയും തടവില്‍ കഴിയാന്‍ വിധിക്കപ്പെടുന്ന സാധാരണ മനുഷ്യരുടെ സാര്‍വ്വലൗകികമായ കാഴ്ചയും കാഴ്ചപ്പാടും നോവല്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

The Twilight Zone എന്ന നോവലിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ്. റൊബേര്‍തോ ബൊലാനോയുടെ '2666'ഉം 'Savage Detectives'ഉം ഉള്‍പ്പെടെ പത്തിലധികം കൃതികള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ നടാഷാ വിമ്മര്‍ ആണ് ഈ പുസ്തകത്തിന്റെ വിവര്‍ത്തക. ഇംഗ്ലീഷിനോട് അല്പമെങ്കിലും ആഭിമുഖ്യമുള്ള ഒരു വായനക്കാരന്/വായനക്കാരിക്ക്, ഭാഷയുടെ ഉത്സവം കാഴ്ചവെയ്ക്കുന്ന വിവര്‍ത്തകയാണവര്‍. മാര്‍ക്കേസിനു ശേഷമുള്ള ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ പ്രധാന പ്രയോക്താവാണ് നടാഷ.

'മൂവന്തി മേഖല' എന്ന നോവലിനെക്കുറിച്ച് എഴുതുക ദുഷ്‌കരമാണ്. ഭൂതകാലത്തിലേക്കും വര്‍ത്തമാനത്തിലേക്കും ഇവ രണ്ടില്‍നിന്നും ഉരുത്തിരിയുന്ന ഭാവി എന്ന അതീത സങ്കല്പത്തിലേക്കും അനുനിമിഷം കൂട് മാറിക്കൊണ്ടിരിക്കുന്ന പ്രമേയവും ഘടനയുമാണ് നോവലിന്റേത്. നോവലിസ്റ്റും ഡോക്യുമെന്ററി സംവിധായികയുമായ ആഖ്യാതാവ് ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന പദസഞ്ചയമാണ് 'ഞാന്‍ സങ്കല്പിക്കുന്നു' എന്നത്. നോവലിന്റെ പ്രമേയം, ഘടന, ആഖ്യാനം എന്നിവയെ മാറ്റിപ്പണിതുകൊണ്ടിരിക്കുന്ന ഒരു സങ്കല്പനം കൂടിയാണിത്. കഥാനായകനായ 'ആന്ദ്രേ അന്റോണിയോ വലന്‍സുവേല മൊറെയില്‍സി'നെക്കുറിച്ചുള്ള ഓര്‍മ്മകളിലും സൂചകവാക്യം പോലെ ഇത് ആവര്‍ത്തിക്കപ്പെടുന്നു. ഈ ആവര്‍ത്തനം ചരിത്രത്തിന്റെ, അതിലൂടെ തുടരുന്ന പീഡനങ്ങളുടെ ആവര്‍ത്തനം തന്നെയായി നോവലിസ്റ്റ് പലകുറി രേഖപ്പെടുത്തിയിട്ടുണ്ട്. സങ്കല്പത്തിലൂടെ, ഭാവിയുടെ അതീത യാഥാര്‍ത്ഥ്യത്തിലൂടെ പുനര്‍ജ്ജനിക്കുന്ന കഥാനായകനെ ''ജനങ്ങളെ പീഡിപ്പിച്ച ആള്‍'' എന്നാണ് നാനോ ഫെര്‍ണാണ്ടസ് വിശേഷിപ്പിക്കുന്നത്. നോവലില്‍ പലയിടത്തായി, ഏറ്റവും ചുരുങ്ങിയത് ഇരുന്നൂറ് തവണയെങ്കിലും ഈ പ്രയോഗം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. മടുപ്പിക്കുന്ന ആവര്‍ത്തനത്തിന്റെ (ഇത് എഴുത്തുകാരി ബോധപൂര്‍വ്വം ചെയ്യുന്നതാവണം) സൂചക പദമായി മാറുന്നുണ്ട് ഈ പ്രയോഗം.

നോവലിനെക്കുറിച്ചെഴുതാന്‍ തുനിയുമ്പോഴും ഈ സന്ദിഗ്ദ്ധതയും സങ്കീര്‍ണ്ണതയുമാണ് ആദ്യം ആലോചിച്ചു പോവുന്നത്. നോവലിലെ ആദ്യത്തെ രണ്ടു ചെറിയ അദ്ധ്യായങ്ങള്‍ വിവര്‍ത്തനം ചെയ്യുകയാണ് നല്ലത് എന്നു തോന്നുന്നു.

നോവലിന്റെ പ്രമേയപരമായ വികാസത്തിന്റേയും പരിസമാപ്തിയുടേയും വ്യക്തമായ ഒരു ചിത്രം ഈ രണ്ട് അദ്ധ്യായങ്ങളില്‍നിന്നുതന്നെ വായിച്ചെടുക്കാനാവും എന്നു തോന്നുന്നു.

നോവലിന്റെ ആമുഖമായി നാനോ ഫെര്‍ണാണ്ടസ് ഇങ്ങനെ എഴുതിവെച്ചിട്ടുണ്ട്:
''ഞാന്‍ സങ്കല്പിക്കുന്നു; പ്രായം ചെന്ന വൃക്ഷങ്ങള്‍ക്ക് ശബ്ദം നല്‍കുന്നു;
എന്റെ കാല്‍ച്ചുവട്ടിലെ സിമന്റിന്,
ഈ സ്ഥലത്തെ വട്ടം ചുറ്റുന്ന അളിഞ്ഞ വായുവിന്.
ഞാന്‍ സങ്കല്പിക്കുന്നു; പൂര്‍ത്തിയാക്കാത്ത കഥകള്‍ മുഴുവിക്കുന്നു.
പാതിമാത്രം പറഞ്ഞ കഥകള്‍ പുനഃസൃഷ്ടിക്കുന്നു.
ഞാന്‍ സങ്കല്പിക്കുന്നു; വെടിയുണ്ടകളുടെ പാടുകളെ
ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു.''

ഒന്നാം ആദ്ധ്യായം 

നഗരത്തെരുവിലൂടെ അയാള്‍ നടക്കുന്നത് ഞാന്‍ സങ്കല്പിക്കുന്നു. മെലിഞ്ഞ്, കറുത്ത മുടിയും മുറ്റി വളര്‍ന്ന മീശയുമുള്ള കിളരം കൂടിയ ഒരു മനുഷ്യന്‍. നടക്കുന്നതിനിടയില്‍ ശക്തി സംഭരിക്കാനെന്നപോലെ അയാള്‍ കയ്യിലെ മാസിക മുറുകിപ്പിടിക്കുന്നുണ്ട്.

സിഗരറ്റ് വലിച്ചുകൊണ്ട്, ധൃതിയില്‍ ഓരോ വശത്തേക്കും അധീരനായി നോക്കി, തന്നെ ആരും പിന്‍തുടരുന്നില്ലെന്ന് ഉറപ്പു വരുത്തി, തെരുവിലൂടെ നടക്കുന്ന അയാളെ ഞാന്‍ സങ്കല്പിക്കുന്നു. അത് ആഗസ്റ്റ് മാസമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1984 ആഗസ്റ്റ് ഇരുപത്തിയേഴിലെ പ്രഭാതമായിരുന്നു അത്. കാലെ ഹുയര്‍ഫെനോസിലേയും ബണ്‍ഡേരയിലേയും ഒരോഫീസിലേയ്ക്ക് അയാള്‍ കയറിപ്പോകുന്നു. അത് 'കോഡ്' എന്ന മാസികയുടെ എഡിറ്റോറിയല്‍ ഓഫീസായിരുന്നു. ഈ ഭാഗം ഞാന്‍ സങ്കല്പിക്കുന്നതല്ല. ഞാനത് വായിച്ചിരുന്നു. റിസപ്ഷനിസ്റ്റ് അയാളെ തിരിച്ചറിയുന്നു. ഇതേ അപേക്ഷയുമായി അയാള്‍ അതിനുമുന്‍പും അവിടെ വന്നിട്ടുണ്ട്. അയാളുടെ കയ്യിലുള്ള മാസികയില്‍ ലേഖനമെഴുതിയ റിപ്പോര്‍ട്ടറെയാണ് അയാള്‍ക്ക് കാണേണ്ടത്. റിസപ്ഷന്‍ ഡസ്‌ക്കിലിരിക്കുന്ന പെണ്‍കുട്ടിയെ സങ്കല്പിക്കുമ്പോഴെല്ലാം ഞാന്‍ വിഷമിച്ചു പോകാറുണ്ട്. അവളുടെ യഥാര്‍ത്ഥ ചിത്രം എനിക്ക് സങ്കല്പിച്ചെടുക്കാനാവുന്നില്ല. അവളുടെ മുന്നില്‍ നില്‍ക്കുന്ന അധീരനായ ആ മനുഷ്യനോടുള്ള അവളുടെ പ്രതികരണം പോലും. പക്ഷേ, ഒന്നെനിക്കുറപ്പുണ്ട്; അയാളിലും അയാളുടെ ധൃതിയിലും അവള്‍ക്ക് നീരസമുണ്ട്. അയാളെ അവള്‍ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതും അയാള്‍ കാണാന്‍ ആഗ്രഹിക്കുന്ന റിപ്പോര്‍ട്ടര്‍ അവിടെയില്ലെന്നും അന്നു മുഴുവന്‍ ഉണ്ടാവില്ലെന്നും ഇനിയൊരിക്കലും തിരിച്ചു വരേണ്ടതില്ലെന്നും അവള്‍ പറയുന്നത് ഞാന്‍ സങ്കല്പിക്കുന്നു. സങ്കല്പിക്കുക മാത്രമാണല്ലോ ഈ കഥയില്‍ എനിക്കുള്ള പങ്ക്. അപ്പോള്‍ ഒരു സ്ത്രീ ശബ്ദം ഇടപെടുന്നു. ഞാനിതെഴുതുമ്പോള്‍ എനിക്ക് സങ്കല്പിക്കാവുന്ന ഒരു ശബ്ദം. കണ്ണടച്ചാലും എനിക്ക് കേള്‍ക്കാവുന്ന ഒരു ശബ്ദം.

''നിങ്ങള്‍ അന്വേഷിക്കുന്നത് എന്നെയാണ്. എന്താണ് നിങ്ങള്‍ക്കു വേണ്ടത്?''

അയാള്‍ തന്നോട് സംസാരിക്കുന്ന സ്ത്രീയെ നിരീക്ഷിക്കുന്നു. തീര്‍ച്ചയായും അയാള്‍ക്ക് അവളെക്കുറിച്ച് എല്ലാം അറിയാം. ഏതോ ഒരു സന്ദര്‍ഭത്തില്‍ അയാള്‍ അവളുടെ ഒരു ഫോട്ടോ കണ്ടിട്ടുണ്ടാവണം. ഒരുപക്ഷേ, അയാള്‍ ഒരു തവണ അവളെ പിന്‍തുടര്‍ന്നു പോവുകയോ അവളുടെ ഫയല്‍ വായിക്കുകയോ ചെയ്തിട്ടുണ്ടാവണം. അയാള്‍ക്കു വേണ്ടുന്ന വ്യക്തി അവള്‍ തന്നെയാണ്. അയാള്‍ കൂടെ കൊണ്ടുവന്ന ലേഖനം എഴുതിയവള്‍. അയാള്‍ക്കതുറപ്പാണ്. അതുകൊണ്ടാണ് അയാള്‍ അവളെ സമീപിച്ച് തന്റെ സായുധസേനയുടെ ഐ.ഡി കാര്‍ഡ് കാണിക്കുന്നത്.

ഞാന്‍ സങ്കല്പിക്കുന്നു, ആ റിപ്പോര്‍ട്ടര്‍ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അവള്‍ അമ്പരപ്പോടെ-ഭയത്തോടെ എന്നു കൂട്ടിച്ചേര്‍ക്കാമെന്നു തോന്നുന്നു. ആ കാര്‍ഡിലേയ്ക്ക് നോക്കുന്നു. ആന്ദ്രേ അന്റോണിയോ വലന്‍സുവേല മൊറെയ്ല്‍സ്, ഫസ്റ്റ് ക്ലാസ്സ് സൈനികന്‍. ഐ.ഡി നമ്പര്‍ 39432, ലാ ലിഗുവാ ജില്ല. ഈ വിവരങ്ങള്‍ക്കു പുറമെ സീല്‍ ചെയ്ത ഒരു ഫോട്ടോയും അയാള്‍ നല്‍കി. രജിസ്‌ട്രേഷന്‍ നമ്പര്‍ 66550. ഈ ഭാഗവും ഞാന്‍ സങ്കല്പിക്കുന്നതല്ല. ഞാന്‍ ഇവിടെ ഇരുന്നുകൊണ്ട് അത് വായിക്കുകയാണ്; ഇതേ റിപ്പോര്‍ട്ടര്‍ പിന്നീട് എഴുതിയ ഒരു പ്രസ്താവനയില്‍.

അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി അയാള്‍ പറഞ്ഞു: ''ഞാന്‍ ചെയ്ത ചില പ്രവൃത്തികളെക്കുറിച്ച് എനിക്ക് നിങ്ങളോട് സംസാരിക്കണം.'' ഇതു പറയുമ്പോള്‍ അയാളുടെ ശബ്ദം ചെറുതായി വിറയ്ക്കുന്നത് ഞാന്‍ സങ്കല്പിക്കുന്നു. അത് പക്ഷേ, സങ്കല്പമല്ല. ആളുകളെ അപ്രത്യക്ഷരാക്കുന്നതിനെപ്പറ്റിയാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.

റൊബേർതോ ബൊലാനോ
റൊബേർതോ ബൊലാനോ

രണ്ടാം അദ്ധ്യായം 

ഞാന്‍ ആദ്യമായി അയാളെ കണ്ടത് ഒരു മാസികയുടെ മുഖചിത്രത്തിലായിരുന്നു; 'കോഡ്' മാസികയുടെ ഒരു ലക്കത്തില്‍. ആ കാലത്ത് മാസികയുടെ തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ച മനുഷ്യരെക്കുറിച്ചോ അവയില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചോ എനിക്ക് ഒരറിവും ഉണ്ടായിരുന്നില്ല. അക്രമങ്ങള്‍, പണിമുടക്കുകള്‍, കുറ്റകൃത്യങ്ങള്‍, അഴിമതികള്‍, കോടതി വ്യവഹാരങ്ങള്‍, അപവാദങ്ങള്‍, മറ്റ് അപകീര്‍ത്തികരമായ സംഭവങ്ങള്‍... ''ബോംബുമായി വന്ന കുറ്റാരോപിതന്‍ CNI പ്രാദേശിക നേതാവ്'', ''ഡൊഗല്ലാ ഡോസിലെ കൊലപാതകികള്‍ ഇപ്പോഴും ലാമെനേഡയില്‍'', ''ട്രൂ കാപ്പല്‍ ജിംനേഡിനെതിരെ വധശ്രമം'', ''ലോമയിലെ നരഹത്യയ്ക്ക് ഉത്തരവിട്ടത് DINAയോ?'' ഇങ്ങനെയൊക്കെയായിരുന്നു അന്നത്തെ തലക്കെട്ടുകള്‍. ഞാന്‍ സ്വന്തമായി വാങ്ങാത്ത മാസികകളായിരുന്നു അവ. പതിന്നാലുകാരിയായ ഞാന്‍ അവ വായിച്ച് ഒരാളില്‍നിന്ന് മറ്റൊരാളിലേയ്ക്ക് കൈമാറി. ക്ലാസ്സുമുറികളില്‍ വെച്ചായിരുന്നു അവ വായിച്ചത്. ഓരോ ലക്കത്തിലേയും ചിത്രങ്ങള്‍ സംശയാസ്പദമായ ഒരു വലിയ ഭൂഭാഗദൃശ്യത്തിലേക്ക് എന്നെ നയിച്ചു. അവയെ പൂര്‍ണ്ണതയില്‍ സങ്കല്പിക്കാന്‍ ഞാന്‍ ശ്രമിച്ചില്ലെങ്കിലും അവയുടെ ഓരോ ഇരുണ്ട വിശദാംശവും എന്റെ സ്വപ്നങ്ങളില്‍ തൂങ്ങിനിന്നു.

ഏതോ ഒരു ലേഖനം വായിച്ചതിന്റെ ബാക്കിയായി മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു ദൃശ്യമുണ്ട്. മാസികയുടെ കവര്‍ പേജില്‍ കണ്ണുമൂടിക്കെട്ടിയ, കസേരയില്‍ ഇരിക്കുന്ന ഒരു മനുഷ്യന്റെ ചിത്രമുണ്ടായിരുന്നു. ഒരു 'ഏജന്റ്' വിളക്കിന്റെ നേരിയ വെളിച്ചത്തില്‍ അയാളെ ചോദ്യം ചെയ്യുകയായിരുന്നു. മാസികയ്ക്ക് അകത്ത് പീഡനങ്ങളുടെ വിശദവിവരങ്ങളുണ്ടായിരുന്നു. ഇരകളാക്കപ്പെട്ടവരുടെ സാക്ഷിമൊഴികളും പീഡനങ്ങളുടെ രേഖാചിത്രങ്ങളും അതിലുണ്ടായിരുന്നു. അത് വായിച്ചപ്പോള്‍, മധ്യകാലഘട്ടത്തില്‍നിന്നുള്ള സംഭവമാണെന്ന് എനിക്കു തോന്നിപ്പോയി. എല്ലാ വിശദാംശങ്ങളും ഇപ്പോള്‍ എന്റെ ഓര്‍മ്മയിലില്ല. പക്ഷേ, പതിനാറ് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ കഥ എനിക്ക് മറക്കാനാവില്ല. ദുര്‍ഗുണ പരിഹാരപാഠശാലയില്‍ പാര്‍പ്പിച്ചിരുന്ന അവളെ അവര്‍ നഗ്‌നയാക്കി, ശരീരം മുഴുവന്‍ മലം തേച്ച് നിറയെ എലികളുള്ള ഒരു മുറിയില്‍ അടച്ചുപൂട്ടി. ഞാന്‍ ബോധപൂര്‍വ്വം ആഗ്രഹിച്ചിട്ടല്ല. പക്ഷേ, നിറയെ എലികളുള്ള ആ മുറി, ഞാന്‍ വീണ്ടും വീണ്ടും സങ്കല്പിച്ചു. ആ സ്ഥലത്തെ സ്വപ്നം കണ്ട് പലതവണ ഞാന്‍ ഞെട്ടിയുണര്‍ന്നു. ഇപ്പോഴും എനിക്കത് മനസ്സില്‍നിന്നും കുടഞ്ഞുകളയാനാവുന്നില്ല. അതുകൊണ്ടാണ് ഞാന്‍ അത് ഇവിടെ രേഖപ്പെടുത്തുന്നത്. ഒഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയില്‍.

അതേ സ്വപ്നത്തിലാണോ എന്നറിയില്ല, ചിലപ്പോള്‍ അതുപോലുള്ള മറ്റൊന്നിലാവാം, ഞാന്‍ സങ്കല്പിക്കുന്ന മനുഷ്യനെ പൈതൃകം പോലെ എനിക്കു ലഭിച്ചു. ഒരു സാധാരണ മനുഷ്യന്‍. മറ്റുള്ളവരില്‍നിന്ന് ഒട്ടും വ്യത്യസ്തനല്ലാത്തവന്‍. അയാളെക്കുറിച്ച്, അയാളുടെ ഇടതൂര്‍ന്ന മീശയൊഴിച്ചാല്‍, മറ്റൊന്നും പറയാനില്ല. അതിനെക്കുറിച്ചാകട്ടെ, എനിക്ക് ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആ മാസികയുടെ പുറം ചട്ടകളിലൊന്നില്‍ അയാളുടെ മുഖമുണ്ടായിരുന്നു. ചിത്രത്തിനു മുകളില്‍ ''ഞാന്‍ ജനങ്ങളെ പീഡിപ്പിച്ചു'' എന്നു വെളുത്ത അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ടായിരുന്നു. അതിനു താഴെ മറ്റൊരു വരിയില്‍ ഇങ്ങനെയും: ''സെക്യൂരിറ്റി ഏജന്റിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.'' മാസികയ്ക്കകത്തെ പുള്‍ഔട്ടില്‍ അയാളുമായുള്ള പ്രത്യേക അഭിമുഖവും. ഒരു ഇന്റലിജന്‍സ് ഏജന്റ് എന്ന നിലയില്‍ എയര്‍ഫോഴ്സില്‍ നിര്‍ബ്ബന്ധിത സേവനത്തിനു നിയോഗിക്കപ്പെട്ടതു മുതല്‍ക്കുള്ള മുഴുവന്‍ കാര്യങ്ങളും അഭിമുഖത്തില്‍ അയാള്‍ പറഞ്ഞു. അയാള്‍ എന്താണ് ചെയ്തത് എന്നതിനെക്കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും; അനേകം പേജുകളിലായി. ഇന്റലിജന്‍സ് ഏജന്റുകളുടെ പേരുകള്‍, ചാരന്മാരുടെ പേരുകള്‍, ശവങ്ങള്‍ സംസ്‌കരിച്ച ഇടങ്ങള്‍, പീഡനമുറകളുടെ വിവരങ്ങള്‍, അയാള്‍ ഏറ്റെടുത്ത പലതരം ദൗത്യങ്ങളുടെ വിവരണങ്ങള്‍, ഇളംനീല നിറമുള്ള പേജുകള്‍ (അവ ഞാന്‍ പൂര്‍ണ്ണമായും ഓര്‍ക്കുന്നു. അവ എന്നെ സമാന്തരമായ മറ്റൊരു യാഥാര്‍ത്ഥ്യത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നു; ഞാന്‍ സ്വപ്നം കാണുന്നതുപോലുള്ള അനന്തവും ഇരുണ്ടതുമായ ഒരു മുറിയിലേയ്ക്ക്. അകലെ എവിടെയോ ഒളിഞ്ഞുകിടക്കുന്ന ഒരു ലോകത്തിലേക്ക്. സ്‌കൂളിന്റേയും വീടിന്റേയും പരിധികള്‍ക്കപ്പുറത്ത്. അവിടെ എല്ലാത്തിനേയും ഭരിക്കുന്നത് അടിമത്തവും എലികളുമാണ്. കേന്ദ്രസ്ഥാനത്ത് സാധാരണ മനുഷ്യന്‍ നില്‍ക്കുന്ന ഒരു ബീഭത്സ കഥ.)

അയാള്‍ ഞങ്ങള്‍ക്ക് സയന്‍സ് അദ്ധ്യാപകനെപ്പോലെ തോന്നിപ്പിച്ചു. അതേ കട്ടിമീശയുമായി. ജനങ്ങളെ പീഡിപ്പിച്ച മനുഷ്യന്‍ അയാളുടെ അഭിമുഖത്തിലെവിടെയും എലികളുടെ കാര്യം സൂചിപ്പിക്കുന്നില്ല. പക്ഷേ, അയാള്‍ എലികളെ മെരുക്കുന്ന ആളായിരിക്കാം. അങ്ങനെയാണ് ഞാന്‍ സങ്കല്പിച്ചതെന്ന് ഇപ്പോള്‍ ഊഹിക്കുന്നു. തന്റെ ഈണത്തെ പിന്‍തുടരാന്‍ നിര്‍ബ്ബന്ധിക്കുന്ന ഒരു കുഴലൂത്തുകാരന്‍. തന്റെ അസ്വസ്ഥമായ ഇടത്തിലേയ്ക്ക് മറ്റുള്ളവരെ നൃത്തം ചെയ്തുകൊണ്ട് പിന്‍തുടരാന്‍ ആവശ്യപ്പെടുന്ന ഒരാള്‍. ഒരു ചെകുത്താനെപ്പോലെയോ തിന്മയുള്ള ഒരു രാക്ഷസനെപ്പോലെയോ തോന്നിയില്ല അയാള്‍; നിങ്ങള്‍ ഒളിച്ചോടേണ്ട വിധം മാനസിക വൈകൃതമുള്ള ഒരാളുമായിരുന്നില്ല അയാള്‍. ബൂട്ടും ഹെല്‍മെറ്റും ധരിച്ച ഒരു പൊലീസുകാരന്റെ ഭാവവും ഉണ്ടായിരുന്നില്ല അയാള്‍ക്ക്. ലാത്തികൊണ്ട് നമ്മെ തെരുവില്‍ മര്‍ദ്ദിക്കുന്ന ഒരാളുമായിരുന്നില്ല. ആളുകളെ പീഡിപ്പിച്ച മനുഷ്യന്‍ ആരുമാവാം. ഞങ്ങളുടെ അദ്ധ്യാപകന്‍ പോലും.

*****
ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാനയാളെ വീണ്ടും കാണുന്നത്. അപ്പോള്‍ ഞാന്‍ ഒരു ടെലിവിഷന്‍ സീരിയലിനുവേണ്ടി തിരക്കഥ എഴുതുകയായിരുന്നു. ആ കഥയിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് അയാളെ അടിസ്ഥാനമാക്കിയായിരുന്നു. ധാരാളം റൊമാന്‍സും ഭയങ്കരമായ പീഡനങ്ങളും മരണങ്ങളുമെല്ലാമുള്ള ഒരു കഥയായിരുന്നു അത്. ടി.വി സീരിയലുകള്‍ക്ക് ആവശ്യമായ തരത്തിലുള്ള ഒന്ന്. പ്രമേയവും അതിന്റെ കാലവും ആവശ്യപ്പെടുന്ന തരത്തിലുള്ളത്. പീഡനം നടന്ന സ്ഥലങ്ങളിലും അതിന്റെ വ്യവഹാരങ്ങളിലും സജീവമായി പങ്കെടുത്ത ഒരു ഇന്റലിജന്‍സ് ഓഫീസര്‍, വീട്ടിലെത്തിയാല്‍ പ്രേമഗാനങ്ങളുടെ റീമിക്‌സുകള്‍ കേള്‍ക്കുകയും മകന് ഉറങ്ങാന്‍ നേരം സൂപ്പര്‍മാന്‍ കോമിക്കുകള്‍ വായിച്ചുകൊടുക്കുകയും ചെയ്യുന്ന രീതിയിലാണ് ആ കഥാപാത്രത്തെ സൃഷ്ടിച്ചിരുന്നത്. പന്ത്രണ്ട് എപ്പിസോഡുകള്‍ ഞങ്ങള്‍ ഇത്തരത്തില്‍ അയാളുടെ ഉഭയവ്യക്തിത്വം അവതരിപ്പിച്ചു. പക്ഷേ, വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യസ്തത അയാളെ രഹസ്യമായി സമ്മര്‍ദ്ദത്തിലാക്കിത്തുടങ്ങിയിരുന്നു. ജോലിയില്‍ സംതൃപ്തനാവാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. തന്റെ ക്ഷമ നശിക്കുന്നതായി അയാള്‍ക്ക് തോന്നിത്തുടങ്ങി. ഉറക്കഗുളികകള്‍ ഫലിക്കാതെയായി. അയാള്‍ ആതുരനും ഹതാശനുമായി. അയാള്‍ ഭാര്യയോട് സംസാരിക്കാതെയായി. കുട്ടിയോട് സ്‌നേഹം പ്രകടിപ്പിക്കാതെയായി. മേലുദ്യോഗസ്ഥരെ അനാവശ്യമായി ഭയപ്പെട്ടു തുടങ്ങി. എങ്ങനെ രക്ഷപ്പെടും എന്നറിയാത്ത ഒരു യാഥാര്‍ത്ഥ്യത്തിന്റെ തടവിലായി അയാള്‍. സീരിയലിന്റെ 'ക്ലൈമാക്‌സില്‍' അയാള്‍ തന്റെ ശത്രുക്കള്‍ക്കു മുന്നില്‍ സ്വയം പ്രത്യക്ഷപ്പെട്ടു. വികാരവിരേചനത്തിന്റേയോ ഭാരം ഇറക്കിവയ്ക്കലിന്റേയോ ഹതാശമായ ചേഷ്ടകളോടെ അയാള്‍ താന്‍ ചെയ്ത മൃഗീയമായ പാതകങ്ങളെക്കുറിച്ച് സത്യവാങ്മൂലം ചെയ്തു.

ആ സീരിയല്‍ എഴുതുന്നതിനുവേണ്ടി കൗമാരപ്രായത്തില്‍ ഞാന്‍ വായിച്ച അഭിമുഖത്തെ എനിക്ക് വീണ്ടും നേരിടേണ്ടിയിരുന്നു. ആ മാസികയുടെ കവറില്‍ അയാള്‍ വീണ്ടും അതാ. അയാളുടെ ഇടതൂര്‍ന്ന മീശയും ഇരുണ്ട കണ്ണുകളും മാസികയുടെ മുഖചിത്രത്തില്‍നിന്ന് എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു; അതിനുമേലെ എഴുതിയ 'ഞാന്‍ ജനങ്ങളെ പീഡിപ്പിച്ചു' എന്ന വരിയും.

അയാളെ സംബന്ധിച്ചുള്ള മാന്ത്രികശക്തി അതുപോലെ ഉണ്ടായിരുന്നു. അയാളുടെ മുഖം അസ്പഷ്ടമായി തെളിഞ്ഞു. അയാളുടെ സാക്ഷ്യങ്ങള്‍ക്കു പിന്നാലെ എവിടെയും അയാളെ പിന്‍തുടരാന്‍ ഞാന്‍ തയ്യാറായിരുന്നു. ഒരു എലിയെപ്പോലെ. ഓരോ വാക്കിനുമേലേയും ഞാന്‍ ധ്യാനിച്ചു. ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം എന്റെ അവ്യക്തമായ ഭൂപടം കേന്ദ്രസ്ഥാനത്ത് വരികയായിരുന്നു. ഇപ്പോള്‍, അയാള്‍ പരാമര്‍ശിച്ച മുഴുവന്‍ ആളുകളുടേയും പേരുകളും ഇരട്ടപ്പേരുകളും എനിക്കറിയാം. എയര്‍ഫോഴ്സ് കേണല്‍ എഡ്ഗാര്‍ സെബല്ലോസ് ജോണ്‍സ്, എയര്‍ഫോഴ്സ് ഇന്റലിജന്‍സ് ഡയറക്ടര്‍ എന്റിക്ക് റൂയിസ് ബംഗര്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ജോസ് വെയ്ബല്‍ നവരറ്റേ, കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗം ക്വിലാ റോഡ്രിഗസ് ഗല്ലാര്‍ഡോ (ധീരതയ്ക്ക് പേരുകേട്ട ആള്‍), ഒടുവില്‍ ചാരനും പീഡകനുമായിത്തീര്‍ന്ന എല്‍ ഫിഫോ പല്‍മ, കരോല്‍ ഫ്‌ലോറസ്, ഗല്ലിമെറോ ബ്രാറ്റി, റെനേ ബസോവ, എല്‍ കോണോ കോളിന... അങ്ങനെ, ആ പേരുവിവരങ്ങള്‍ അനന്തമായി തുടര്‍ന്നു. ആ ഇരുണ്ട മേഖലയിലേയ്ക്ക് ഞാന്‍ പുനഃപ്രവേശിച്ചു. പക്ഷേ, ഇത്തവണ, അനേക വര്‍ഷങ്ങളായി ഞാന്‍ എണ്ണ കൊടുത്ത് കത്തിക്കുന്ന ഒരു വിളക്കുമായാണ് ഞാന്‍ അവിടേക്ക് പ്രവേശിച്ചത്. ജനങ്ങളെ പീഡിപ്പിച്ച മനുഷ്യന്‍ നല്‍കിയ വിവരങ്ങളെല്ലാം അവിടെത്തന്നെ ഊതിയണയ്ക്കപ്പെട്ടിരുന്നു എന്നെനിക്കറിയാം. അത് വായനക്കാരെ ഞെട്ടിപ്പിക്കാനോ ആ ദുഃസ്വപ്നത്തിനു നേര്‍ക്കു വായനക്കാരുടെ കണ്ണ് തുറപ്പിക്കാനോ ആയിരുന്നില്ല; തിന്മയുടെ ഈ തന്ത്രസംവിധാനത്തെത്തന്നെ ഭയപ്പെടുത്തുവാനായിരുന്നു. അത് വ്യക്തവും പരുപരുത്തതുമായ തെളിവായിരുന്നു. കണ്ണാടിയുടെ മറുവശത്തുനിന്നുള്ള ഒരു സന്ദേശം. മൗലികവും മാറ്റിമറിക്കാന്‍ കഴിയാത്തതും. സമാന്തരവും അദൃശ്യവുമായ ആ ലോകം സത്യമായിരുന്നു എന്ന് വെളിപ്പെടുത്തുന്നത്. അത്, പലപ്പോഴും പറയപ്പെട്ടതുപോലെ, ഒരു ഫാന്റസിയല്ല എന്ന് സോദാഹരണം കാണിച്ചുതന്നു.

ഞാന്‍ അയാളെ ഏറ്റവും ഒടുവില്‍ കണ്ടത് ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ്. എന്റെ ചില സുഹൃത്തുക്കളോടൊപ്പം ഞാന്‍ ഒരു ഡോക്യുമെന്ററി സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. 'ഐക്യദാര്‍ഢ്യത്തിന്റെ പുരോഹിത ഭവനം' എന്ന പേരിലറിയപ്പെടുന്ന, കത്തോലിക്കാ സഭയ്ക്കുവേണ്ടി ഏകാധിപത്യകാലത്ത് നടന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഒരു സംഘടനയായിരുന്നു അത്. ഇന്റലിജന്റ് ഏജന്‍സികള്‍ക്ക് എതിരെയുള്ള ഒരു സിനിമയായിരുന്നു അത്. സംഘടനയുടെ അഭിഭാഷകരും സാമൂഹ്യപ്രവര്‍ത്തകരുമാണ് അത് നടത്തിയിരുന്നത്. ഓരോ പരാതിയിലുമുള്ള ഏറ്റുപറച്ചിലുകളും നിര്‍ബ്ബന്ധപൂര്‍വ്വം ആളുകളെ തട്ടിക്കൊണ്ടു പോയതും തടവിലിട്ടതും പീഡിപ്പിച്ചതും മറ്റുതരത്തില്‍ ഉപദ്രവിച്ചതുമെല്ലാം ഈ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നു. പീഡനങ്ങളുടെ ഈ ഭൂഭാഗ ദൃശ്യങ്ങള്‍ ഒരൊഴിയാബാധപോലെ പിന്‍ തുടരുന്നതിലൂടെ 'ഐക്യദാര്‍ഢ്യത്തിന്റെ പുരോഹിത ഭവനം' എന്ന സംഘടന ഏജന്റുകളുടെ വഞ്ചകമായ യുക്തിയെ വെളിച്ചത്ത് കൊണ്ടുവരാന്‍ ശ്രമിച്ചു.

ആ ഡോക്യുമെന്ററിക്കുവേണ്ടി ഞങ്ങള്‍ വര്‍ഷങ്ങളായി അദ്ധ്വാനിക്കുകയായിരുന്നു. അതിനുവേണ്ടിയുള്ള വിവരങ്ങള്‍ അത്രയേറെ ഭീമമായിരുന്നു; ചിലപ്പോള്‍ ഞങ്ങള്‍ക്ക് ഓക്കാനം ഉണ്ടാക്കുന്ന അത്രയും. ഓരോ വ്യക്തിയും ക്യാമറയ്ക്കു മുന്നില്‍നിന്ന് തന്റെ ജോലി എന്തായിരുന്നു എന്നും അസാധാരണമായ വിധത്തില്‍ താന്‍ എങ്ങനെ കുറ്റാന്വേഷകരും ചാരന്മാരും ചോദ്യം ചെയ്യുന്നവരും ആയി മാറിയെന്നും വിവരിക്കുന്നുണ്ടായിരുന്നു. വിവരങ്ങള്‍ അപഗ്രഥിച്ചും ചോദ്യങ്ങള്‍ ചോദിച്ചും പദ്ധതികള്‍ അസൂത്രണം ചെയ്തും അവയെല്ലാം ശത്രുവിന്റെ സുരക്ഷയ്ക്ക് ഒരു കണ്ണാടിബിംബം തീര്‍ക്കുകയാണ് വാസ്തവത്തില്‍ ചെയ്തത്. പക്ഷേ, അവയെല്ലാം മഹത്തായ ഒരു ലക്ഷ്യത്തെ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. അഭിമുഖങ്ങള്‍ പൂര്‍ണ്ണമായും സത്യസന്ധവും സമ്പൂര്‍ണ്ണവുമായിരുന്നു. അതിനാല്‍ എഡിറ്ററുടെ പ്രവൃത്തി വളരെ ദുഷ്‌കരമായിത്തീര്‍ന്നു. അതുകൊണ്ട് കാര്യങ്ങള്‍ കണിശതയോടെ തുടങ്ങാന്‍ ഒരു കപ്പ് കാപ്പിയുമായി ഞങ്ങള്‍ എന്നും രാവിലെ ഒത്തുകൂടി.

അത്തരത്തിലുള്ള ഒരു പ്രഭാതത്തെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. കുളി, കാപ്പി, നോട്ടുപുസ്തകം, പെന്‍സില്‍... എല്ലാം കഴിഞ്ഞ് റിവ്യൂ ചെയ്യാനായി വ്യൂ ബട്ടണ്‍ അമര്‍ത്തുന്നു. ഞാന്‍ ദൃശ്യങ്ങള്‍ നോക്കിയും ഇടയ്ക്ക് പോസ് ചെയ്തും 'കട്ടു'കള്‍ മനസ്സില്‍ സങ്കല്പിച്ചും പതിനായിരം തവണ കണ്ട സത്യവാങ്മൂലങ്ങളും അഭിമുഖങ്ങളും വീണ്ടും കണ്ട് അവ ഡോക്യുമെന്ററിക്ക് അത്യാവശ്യമാണോ എന്ന് ആലോചിച്ചും ഇരിക്കവെ, പൊടുന്നനെ അയാള്‍ പ്രത്യക്ഷനായി ജനങ്ങളെ പീഡിപ്പിച്ച മനുഷ്യന്‍!

ഇപ്പോള്‍ ഇതാ, അയാള്‍ എന്റെ മുന്നിലുണ്ട്. പഴയതുപോലെ ഒരു മാസികയുടെ മുഖചിത്രത്തിലല്ല. അയാളുടെ മുഖം സ്‌ക്രീനില്‍ തെളിഞ്ഞു. ആ പഴയ പരിവേഷം പുനര്‍ജ്ജനിച്ചു. അയാള്‍ നടക്കുന്നുണ്ടായിരുന്നു. അയാളുടെ കണ്ണുകള്‍ ക്യാമറയുടെ വെളിച്ചത്തില്‍ ചിമ്മിപ്പോകുന്നുണ്ടായിരുന്നു. 

അയാള്‍ അല്പകാലത്തേയ്ക്ക് ചിലിയിലേയ്ക്ക് തിരിച്ചുവന്നപ്പോള്‍ അവര്‍ ഒരു ഇന്റര്‍വ്യൂ സംഘടിപ്പിച്ചിരുന്നു എന്ന വിവരം കൂട്ടുകാരികള്‍ എന്നോടു പറഞ്ഞു. 1984-ല്‍ സാക്ഷിമൊഴികള്‍ നല്‍കി രാജ്യം വിട്ടശേഷം അയാള്‍ തിരിച്ചുവന്നില്ല. മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തിരിച്ചു വന്ന് ജഡ്ജിമാര്‍ക്കു മുന്നില്‍ കൂടുതല്‍ തെളിവുകള്‍ കൊടുത്ത് തിരിച്ചുപോയി. അത് അയാളുടെ ആശയമായിരുന്നു. അല്ലാതെ അയാളെ ആരും വിളിപ്പിച്ചതല്ല. ഇത്ര കാലവും അയാളുടെ സുരക്ഷ ഉറപ്പുവരുത്തിയിരുന്ന ഫ്രാന്‍സിലെ ആഭ്യന്തര കാര്യാലയം അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അന്നു രാവിലെ ഞാന്‍ സ്‌ക്രീനില്‍ കണ്ടത്, വര്‍ഷങ്ങള്‍ക്കുശേഷം വീട്ടില്‍ തിരിച്ചെത്തിയ ഒരാളെയാണ്, ഒരദ്ധ്യായം അവിടെ അവസാനിപ്പിക്കാന്‍ വന്ന ഒരാളെ. വാര്‍ത്താമാദ്ധ്യമങ്ങള്‍ക്ക് അയാള്‍ നല്‍കിയ ഇന്റര്‍വ്യൂവില്‍ അത്രമാത്രമേ അയാള്‍ പറഞ്ഞുള്ളൂ.

ഞാന്‍ ഇത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ വീണ്ടും ഞാനയാളെ സ്‌ക്രീനില്‍ കണ്ടുകൊണ്ടിരിക്കുന്നു. അതയാളാണ്. ചില്ലുപാളിയുടെ മറുവശത്ത്. ജനങ്ങളെ പീഡിപ്പിച്ച മനുഷ്യന്‍ എന്നെ നോക്കുന്നു; ശരിക്കും എന്നോടാണ് അയാള്‍ സംസാരിക്കുന്നത് എന്നപോലെ. ഇപ്പോഴും അയാള്‍ക്ക് ആ ഇടതൂര്‍ന്ന മീശയുണ്ട്. അത് നരച്ചിരിക്കുന്നു. മിക്കവാറും ചാരനിറത്തില്‍ 'കോഡ്' മാസികയുടെ കവറില്‍ വന്ന ചിത്രത്തിനുശേഷം മുപ്പത് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. പുരികങ്ങളില്‍ ഉഴവുചാലുകള്‍ കീറിയ ഒറ്റിക്കൊടുക്കപ്പെട്ട മുപ്പതു വര്‍ഷങ്ങള്‍. അയാളുടെ ഇളം നിറത്തിലുള്ള കണ്ണട, ഇപ്പോള്‍ നരച്ചുപോയ മുടി. മുന്‍പൊരിക്കലും ഞാന്‍ കേട്ടിട്ടില്ലാത്ത ഒരു ശബ്ദത്തിലാണ് അയാള്‍ സംസാരിച്ചിരുന്നത്. അതൊരു ശാന്തമായ ശബ്ദമായിരുന്നു. 1984-ല്‍ തെളിവുകള്‍ നല്‍കാന്‍ ഹാജരായപ്പോള്‍ ഉണ്ടായിരുന്ന ശബ്ദത്തില്‍നിന്ന് തികച്ചും വ്യത്യസ്തം. മൃദുവും കാതരവുമായ ശബ്ദം. അങ്ങനെയൊന്ന് ഞാന്‍ സങ്കല്പിച്ചിട്ടുപോലുമില്ലായിരുന്നു. എന്റെ സുഹൃത്തുക്കളുടെ ചോദ്യത്തിന് ഉത്തരം പറയുന്നത് അയാളേ അല്ല എന്നു തോന്നി. വൈമനസ്യത്തോടെ, തന്റെ കടമയാണത് എന്ന വിശ്വാസത്തോടെ. ആരുടെയോ ആജ്ഞ നിര്‍വ്വഹിക്കുന്നപോലെ. അയാളെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ ഏതോ മേലുദ്യോഗസ്ഥന്റെ ആജ്ഞ അനുസരിക്കാന്‍ അയാള്‍ രഹസ്യമായി നിര്‍ബ്ബന്ധിക്കപ്പെടുകയാണെന്നു തോന്നി.

ഇപ്പോള്‍ ഇതെല്ലാം പഴയ കഥകളുടെ ഭാഗം മാത്രം. കണ്ണുകളില്‍ ഓര്‍മ്മകള്‍ ജ്വലിച്ചുകൊണ്ട് ''ഞാന്‍ ഓര്‍മ്മിക്കുന്നു'' എന്ന് അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അഭിമുഖത്തിലെ ഏതാനും നിമിഷങ്ങള്‍ മാത്രമേ എനിക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞുള്ളൂ. അയാള്‍ ശാന്തനായി പറഞ്ഞ, മുന്‍പൊരിക്കലും ഞാന്‍ എവിടെയും കേട്ടിട്ടില്ലാത്ത കാര്യങ്ങള്‍, എനിക്കുവേണ്ടി അന്തരീക്ഷത്തിലേക്ക് അയയ്ക്കപ്പെട്ടവ, ശേഖരിക്കാനും എഴുതിവയ്ക്കാനും ഞാന്‍ ശ്രമിച്ചു.

''ആദ്യത്തെ സൈനിക നീക്കങ്ങള്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. അപ്രത്യക്ഷരായ കുടുംബാംഗങ്ങളുടെ പോസ്റ്ററുകളുമായി ജനങ്ങള്‍ വന്നു. ചിലപ്പോള്‍ ഞാനവരെ കടന്ന് നടന്നുപോയി.

ആ സ്ത്രീകളേയും പുരുഷന്മാരേയും ഞാന്‍ കണ്ടു.

അവര്‍ കയ്യില്‍ കൊണ്ടുനടന്ന ഫോട്ടോകളിലേയ്ക്ക് ഞാന്‍ നോക്കി.

ഞാന്‍ എന്നോടുതന്നെ പറഞ്ഞു: ''ആ മനുഷ്യര്‍ എവിടെയാണെന്ന് എനിക്കറിയാമെന്ന് അവര്‍ തിരിച്ചറിയുന്നില്ല. അവര്‍ക്ക് എന്ത് സംഭവിച്ചു എന്നും.''

ഇനി വീണ്ടും നോവലിലേയ്ക്ക് വരാം. ആദ്യത്തെ ചെറിയ രണ്ട് അദ്ധ്യായങ്ങള്‍കൊണ്ടുതന്നെ നോവലിന്റെ സ്വഭാവവും ഘടനയും വ്യക്തമായിക്കാണുമല്ലോ. പിന്നീടുള്ളത് ഹിംസയുടേയും അധികാര രാഷ്ട്രീയത്തിന്റേയും തേരോട്ടമാണ്. 'ജനങ്ങളെ പീഡിപ്പിച്ച ആള്‍' ഈ ഹിംസയുടെ വാഹകനായും ഏജന്റായും ബലിയാടായും മാറി മാറി തന്റെ ദൗത്യം നിര്‍വ്വഹിക്കുന്നു. ഒടുവില്‍ രക്ഷയില്ലെന്നു തോന്നിയ ഒരു സന്ദര്‍ഭത്തില്‍ ബൊളീവ്യ വഴി അയാള്‍ ഫ്രാന്‍സില്‍ അഭയം തേടുന്നു. അവിടെയും സുരക്ഷിതനാണെന്ന ബോദ്ധ്യം അയാള്‍ക്കില്ല. അങ്ങനെയാണ് ചിലിയില്‍ തിരിച്ചുവന്ന് മുന്‍പേ പറഞ്ഞ അഭിമുഖം നല്‍കാന്‍ അയാള്‍ തയ്യാറാവുന്നത്. ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളിലൊരാളായ പിനോഷെ സ്വന്തം രാജ്യത്ത് മരണംവരെ വിചാരണ ചെയ്യപ്പെടുന്നില്ല. നോവലിന്റെ ആഖ്യാതാവ് പറയുന്നു: ''ഇതാണോ ജനാധിപത്യം? ഞാന്‍ എന്റെ രാജ്യത്തെ ഓര്‍ത്ത് ലജ്ജിക്കുന്നു. ആഖ്യാതാവ് ജനങ്ങളെ പീഡിപ്പിച്ച മനുഷ്യനെ നോവലിന്റെ അന്ത്യം വരെ പിന്‍തുടരുന്നുണ്ട്. ആന്ദ്രേ അന്റോണിയോ വലന്‍സുവേല മൊറെയില്‍സിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് നോവല്‍ അവസാനിക്കുന്നതും. 'പാപുഡു' എന്ന കടല്‍ത്തീരത്തിനടുത്താണ് അയാള്‍ ജനിച്ചു വളര്‍ന്നത്. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കള്‍ അയാളെ 'പാപുഡു' എന്ന് വിളിച്ചുപോന്നു. പാപുഡുവിലെ കടല്‍ത്തീരത്ത് ചെന്ന് ആഖ്യാതാവ് ആന്ദ്രേയെ ഓര്‍മ്മിക്കുന്നു:

''ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്, നക്ഷത്രങ്ങള്‍, മരിച്ചവര്‍ക്കുവേണ്ടി ആഘോഷപൂര്‍വ്വം ഒരുക്കുന്ന അഗ്‌നികുണ്ഡങ്ങളാണെന്ന്. മരിച്ചവര്‍ എന്തിനാണ് അഗ്‌നി ഒരുക്കുന്നത് എന്ന് എനിക്കു മനസ്സിലായില്ല.

പുകയുടെ സൂചകങ്ങള്‍ അയക്കാന്‍ വേണ്ടിയാവും എന്ന് ഞാന്‍ സങ്കല്പിച്ചു.

ഫോണോ ഇ-മെയിലോ ഇല്ലാതെ അവര്‍ക്കു പിന്നെ എങ്ങനെ സംവദിക്കാനാവും?

ഈ കല്‍ത്തീരത്ത് എന്റെ അഗ്‌നി കെട്ടുപോയിരിക്കുന്നു.

കനലുകളുടെ വെളിച്ചത്തില്‍ അവ്യക്തമായ ഒരു നിഴലാണ് ഞാന്‍. ഒരു കഷണം കരിക്കട്ടയെടുത്ത് ഞാനൊരു കറുത്ത മീശ വരയ്ക്കുന്നു.
ഒരു പെണ്‍കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ പഠിച്ചതാണത്. അതിനായി എനിക്ക് പ്രത്യേക പരിശീലനം കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു;
ഒരു കുറ്റാന്വേഷകയും കാഴ്ചക്കാരിയുമായി ജനിക്കാന്‍.

പുക എന്റെ കണ്ണുകളെ ചുവപ്പിക്കുന്നു.

കണ്ണുകള്‍ നിറഞ്ഞുകൊണ്ട് ഞാന്‍ പാപുഡുവിലെ മണലിലൂടെ ഒരു സൈന്യം പോലെ ഇഴയുന്നു.

കൈകളിലും കാല്‍മുട്ടുകളിലും ഞാന്‍ നിന്റെ തലയിണകള്‍ എത്തിപ്പിടിക്കുന്നു.

നിന്റെ ഗാഢനിദ്രകളിലേക്ക് ഞാന്‍ ഇഴഞ്ഞെത്തുന്നു.

ഒരു വളഞ്ഞ കത്തികൊണ്ട് നീ എനിക്ക് പറഞ്ഞുതന്ന വാക്കുകള്‍ ഞാന്‍ എഴുതിയിടുന്നു; എന്തെന്നാല്‍ അവ പുകയുടെ സിഗ്‌നലുകള്‍ പോലെ അനന്തതയില്‍ മാറ്റൊലിക്കൊള്ളണം.

ഇതൊരു വിവരത്താവളമാണ്; പുകത്താവളവും.

പങ്കുവയ്ക്കപ്പെട്ട പേക്കിനാവുകളുടെ,
ഇരുണ്ട മുറികളുടെ
നിലയ്ക്കപ്പെട്ട ഘടികാരങ്ങളുടെ 
മൂവന്തി മേഖലകളുടെ
ആര്‍ത്തനാദം പുറപ്പെടുവിക്കുന്ന എലികളും, ബലിക്കാക്കകളുടെ,
കരികൊണ്ട് വരച്ച് മീശകളുടെ.

അങ്ങനെ ഭാവി വരും
അതിന് സ്വപ്നം കാണുന്ന ഒരു ചെകുത്താന്റെ ചുവന്ന കണ്ണുകളുണ്ടാവും.

നീ പറഞ്ഞത് ശരിയാണ്;

ഒരു ചെകുത്താന് ഒരു യാഥാര്‍ത്ഥ്യവും മതിയാകില്ല.

-പാപുഡോ, വി. റീജിയണ്‍ ജൂണ്‍ 2016''

ഇവിടെ നോവല്‍ അവസാനിക്കുന്നു.

ചിലപ്പോള്‍ ആഖ്യാതാവ് ആന്ദ്രേയെക്കുറിച്ച് എഴുതിയ പുസ്തകമാവണം നാം ഇത്ര നേരവും വായിച്ചത്.

ആര്‍ക്കറിയാം?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com