തന്ത്രങ്ങളുടെ കാലം; ഇന്ത്യന്‍ ജനാധിപത്യം 'രാഷ്ട്രീയമുക്ത'മാക്കപ്പടുകയാണോ?

പലവിധ പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസ്സെന്ന നൂറ്റാണ്ട് അതിജീവിച്ച രാഷ്ട്രീയ പ്രസ്ഥാനത്തിന് പുനരുദ്ധാരണത്തിന് എന്തുകൊണ്ടാണ് ഒരു മാനേജ്മെന്റ് വിദഗ്ദ്ധന്റെ ആവശ്യം വരുന്നത്? 
പ്രശാന്ത് കിഷോർ
പ്രശാന്ത് കിഷോർ

രു രാഷ്ട്രീയ വ്യവസ്ഥയെന്ന നിലയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഏറെ പ്രകടിപ്പിക്കപ്പെടുന്ന കാലമാണിത്. 2016-ല്‍ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയപ്പോഴാണ് ജനാധിപത്യം ആന്തരികമായി തന്നെ അട്ടിമറിക്ക് വിധേയമാക്കപ്പെടുന്ന ഒന്നാണോ എന്ന ആശങ്ക പാശ്ചാത്യ രാഷ്ട്രീയ നിരീക്ഷകര്‍ വ്യാപകമായി ഉന്നയിച്ചു തുടങ്ങിയത്. ബ്രസീലില്‍ ബല്‍സനാരോയും തുര്‍ക്കിയില്‍ എര്‍ദോഗനുമൊക്കെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഈ ആശങ്ക പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഒരു പരിമിതിയായി തന്നെ മനസ്സിലാക്കപ്പെട്ടു. അടിയന്തരാവസ്ഥകാലത്തും പിന്നീട് പലപ്പോഴായി നടപ്പിലാക്കിയ നിയമങ്ങളിലൂടെയും ഇന്ത്യ വിവിധ ഘട്ടങ്ങളിലായി ഈ അവസ്ഥയിലൂടെ കടന്നുപോയതുമാണ്. 

2014-ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തുകയും ആര്‍.എസ്.എസ്സിന്റെ അടിസ്ഥാന ആശയങ്ങള്‍ നടപ്പിലാക്കുന്നതിനായി ഇന്ത്യന്‍ ഭരണ സംവിധാനങ്ങള്‍ മാറ്റിയെടുക്കാനും തുടങ്ങിയപ്പോള്‍ ജനാധിപത്യം ജനാധിപത്യ രീതിയില്‍ അട്ടിമറിക്കാന്‍ കഴിയുന്ന ഒരു സംവിധാനം കൂടിയാണെന്ന ബോധം കൂടിവന്നു. ഇലക്റ്റഡ് ഓട്ടോക്രസിയെന്ന പേരാണ് നമ്മുടെ സംവിധാനത്തിന് ചേരുകയെന്ന് വിലയിരുത്തലുകള്‍ വ്യാപകമായി. ജനാധിപത്യത്തിലെ വിജയം എന്നത് ഒരു പ്രത്യേക സമയത്ത് ജനങ്ങളുടെ ചിന്തകളെ മാനേജ് ചെയ്യുകയെന്നതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ നയപരിപാടികളെക്കാള്‍ കൂടുതല്‍ തന്ത്രങ്ങള്‍ക്ക് സ്ഥാനമുണ്ട്. എന്നാല്‍, തന്ത്രങ്ങളുടെ ആവിഷ്‌കാരം രാഷ്ട്രീയക്കാരന്റെ അനുഭവത്തിലൂടെ നിര്‍വ്വഹിക്കപ്പെടുന്ന രീതിയായിരുന്നു ഇന്ത്യയില്‍ കണ്ടത്. അതില്‍ മാറ്റം വരുത്തിയെന്നതാണ് പ്രശാന്ത് കിഷോര്‍ എന്ന തന്ത്രജ്ഞന്റെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സ്ഥാനം. 

ചില സമവാക്യങ്ങളെ മനസ്സിലാക്കുകയും ചിലതിനെ ആവിഷ്‌കരിക്കുകയും ചില മുദ്രാവാക്യങ്ങളില്‍ ഊന്നുകയും ചെയ്യുന്ന സ്പെക്റ്റക്കിള്‍ മാത്രമാണ് തെരഞ്ഞെടുപ്പുകള്‍ എന്ന രീതിയിലാണ് അദ്ദേഹം ജനാധിപത്യത്തിലെ മഹത്തായ ഉത്സവങ്ങളെ കണ്ടത്. പ്രത്യയശാസ്ത്രത്തെ, നിലപാടുകളെ, ഒക്കെ മാറ്റി നിര്‍ത്തി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുവേണ്ടി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന തന്ത്രജ്ഞന്‍. അയാള്‍ മോദിക്കുവേണ്ടിയും നിതീഷിനുവേണ്ടിയും മമതയ്ക്കുവേണ്ടിയും ജോലി ചെയ്തു. ഇടയ്ക്ക് നിതീഷിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നെ ആ പണി പറ്റാത്തതുകൊണ്ടാവും പുറത്തേക്കുപോന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ പോലെ തന്നെ നിലനില്‍പ്പ് ഭീഷണി നേരിടുന്ന കോണ്‍ഗ്രസ്സിന് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ പ്രശാന്ത് കിഷോര്‍ എത്തിയേക്കുമെന്നാണ് ഇപ്പോള്‍ ശക്തമായിട്ടുള്ള അഭ്യൂഹങ്ങള്‍. അദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കുമെന്നും വാര്‍ത്തകള്‍ പരക്കുന്നു. പലവിധ പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസ്സെന്ന നൂറ്റാണ്ട് അതിജീവിച്ച രാഷ്ട്രീയ പ്രസ്ഥാനത്തിന് പുനരുദ്ധാരണത്തിന് എന്തുകൊണ്ടാണ് ഒരു മാനേജിരിയല്‍ വിദഗ്ദ്ധന്റെ ആവശ്യം വരുന്നത്? രാഷ്ട്രീയം, പ്രത്യയശാസ്ത്രം, നിലപാടുകള്‍ എന്നിവയ്ക്ക് കഴിയാത്തത് തന്ത്രജ്ഞന് സാധിക്കുമെന്ന ചിന്തയിലേക്ക് രാഷ്ട്രീയപ്പാര്‍ട്ടികള്‍ എത്തുന്നത് എന്തുകൊണ്ടാവും. ഇന്ത്യന്‍ ജനാധിപത്യം 'രാഷ്ട്രീയമുക്ത'മാക്കപ്പെടുകയാണോ?

അമിത് ഷാ
അമിത് ഷാ

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലപാടോ പ്രത്യയശാസ്ത്രമോ അല്ല ഇനി വിജയിക്കാനാവശ്യമെന്ന ബോധ്യത്തിലേക്ക് കോണ്‍ഗ്രസ് എത്തിയെന്ന സൂചനയായി ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെ കാണുന്നവരുണ്ട്. ബി.ജെ.പി നേതാവായി വന്ന് കോണ്‍ഗ്രസ്സില്‍ ചേക്കേറിയ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് പി.സി.സി പ്രസിഡന്റാക്കാനുള്ള തീരുമാനം അതിന്റെ ആദ്യ സൂചനയാണെന്നും കരുതുന്നു. സിദ്ദുവും അമരീന്ദറുമായുള്ള തര്‍ക്കത്തില്‍ മധ്യസ്ഥന്‍ പ്രശാന്ത് കിഷോറായിരുന്നു. തെരഞ്ഞെടുപ്പ് കളത്തില്‍ സൂത്രവാക്യങ്ങള്‍ നിയന്ത്രിക്കുന്ന ബുദ്ധികേന്ദ്രമാണ് വേണ്ടത്. അതിന് രാഷ്ട്രീയം പറയുന്ന രാഹുല്‍ഗാന്ധി മാത്രം പോരാ. മൈക്രോമാനേജ്മെന്റ് തലത്തില്‍ കാര്യങ്ങള്‍ നീക്കണം. അടിത്തട്ട് വരെയുള്ള സംഘടനാസംവിധാനം പൊളിച്ചെഴുതണം. മണ്ഡലങ്ങളെയും അങ്ങനെ തന്നെ പഠിക്കേണ്ടി വരും. നിക്ഷ്പക്ഷമായ റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കേണ്ടി വരും. ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും പരാതികളും ആവശ്യങ്ങളും തിരിച്ചറിയേണ്ടി വരും. അതിനനുസരിച്ച് വേണം തന്ത്രങ്ങള്‍ മെനയാന്‍. ഇതാവും പ്രശാന്ത് കിഷോറിന്റെ ദൗത്യം. 

അധികമറിയപ്പെടാത്ത, ദുരൂഹതകള്‍ നിലനില്‍ക്കുന്ന ജീവിതചിത്രമാണ് പ്രശാന്തിന്റേത്. ബീഹാറിലെ റോഹ്താസ് ജില്ലയിലാണ് ജനനം. അച്ഛന്‍ ശ്രീകാന്ത് പാണ്ഡെ ഡോക്ടറായിരുന്നു. അച്ഛന്റെ ജോലിസ്ഥലമായ ബക്സറില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എന്‍ജിനീയറിങ്ങ് ബിരുദധാരിയാണെന്ന് പറയപ്പെടുന്നു. ഏതായാലും ആഫ്രിക്കന്‍ രാജ്യമായ ഛാഡില്‍ ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യവിദഗ്ദ്ധനായി പ്രവര്‍ത്തിക്കുമ്പോഴാണ് രാഷ്ട്രീയപ്രവേശനം. അതിനു കാരണമായത് ഒരു തിരിച്ചറിവായിരുന്നത്രെ. ഇന്ത്യയില്‍ വികസനത്തിനു മുന്നില്‍ നില്‍ക്കുന്ന ചില സംസ്ഥാനങ്ങള്‍ കുട്ടികളുടെ പോഷകാഹാരക്കുറവിലും മുന്നിലാണ്, ഗുജറാത്തിലായിരുന്നു ഏറ്റവും മോശം സ്ഥിതി. ഇതുമായി ബന്ധപ്പെട്ട് പ്രബന്ധം തയ്യാറാക്കാനിറങ്ങിയ പ്രശാന്തിന് മോദിയുമായി ബന്ധം സ്ഥാപിക്കാനായി. 2012-ല്‍ ഗുജറാത്ത് നിയമസഭയിലേക്കും 2014-ല്‍ ലോക്സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ മോദിയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് പ്രശാന്തിന്റെ തന്ത്രങ്ങളായിരുന്നു. ഗുജറാത്ത് കലാപത്തിന്റെയും വംശീയാക്രമണങ്ങളുടെയും കളങ്കം മായ്ച്ച് മോദിയെ ബ്രാന്‍ഡാക്കി മാറ്റി. വേഷത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്തി. ചിരിക്കുന്ന മുഖവുമായി മോദി പ്രത്യക്ഷപ്പെട്ടു. സൗമ്യനായ മോദി ചായ് പേ ചര്‍ച്ചകളിലൂടെ വികസന നായകനായി. നടത്തവും നോട്ടവും വരെ ക്രമീകരിക്കപ്പെട്ടു. 

2013-ല്‍ പ്രശാന്ത് രൂപീകരിച്ച സിറ്റിസണ്‍ ഫോര്‍ അക്കൗണ്ടബിള്‍ ഗവേണ്‍സ് എന്ന മീഡിയ പബ്ലിസിറ്റി തൊട്ടടുത്ത വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ലാക്കാക്കിയായിരുന്നു. 2014-ലെ മിന്നുന്ന വിജയത്തിനു ശേഷം പ്രധാനമന്ത്രിയുടെ ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായിരുന്നു പ്രശാന്തിന്റെ താല്പര്യമെന്ന് പറയപ്പെടുന്നു. എന്നാല്‍, ഇത് നടക്കാതെ വന്നതോടെ ആ ബന്ധത്തില്‍ ഉലച്ചിലുണ്ടായി. 2015-ല്‍ ബിഹാറില്‍ ബി.ജെ.പിക്കെതിരേ മഹാസഖ്യവുമായാണ് പ്രശാന്ത് പിന്നെ പ്രത്യക്ഷപ്പെട്ടത്. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി. 2019-ല്‍ ആന്ധ്രയിലും 2020-ല്‍ ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനും വേണ്ടി പ്രവര്‍ത്തിച്ചു. ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ്സിനു വേണ്ടിയും പ്രവര്‍ത്തിച്ചു. ഈ വര്‍ഷം ബംഗാളില്‍ മമത ബാനര്‍ജിക്കും തമിഴ്നാട്ടില്‍ എം.കെ. സ്റ്റാലിനും വിജയമൊരുക്കി. അടുത്തതവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ക്യാബിനറ്റ് റാങ്കോടെയാണ് മുഖ്യ ഉപദേഷ്ടാവാക്കിയത്. ഇക്കാലത്തിനിടയില്‍ പി.കെയുടെ മാനേജ്മെന്റ് അടിപതറിയത് ഉത്തര്‍പ്രദേശില്‍ മാത്രമാണ്. യു.പിയിലേറ്റ നാണക്കേടിന് പ്രശാന്ത് കിഷോര്‍ ബംഗാളില്‍ പകരംവീട്ടിയെന്ന് അവകാശപ്പെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മമതയ്ക്കെതിരേ നേടിയ മുന്നേറ്റത്തിന്റെ ആത്മവിശ്വസത്തിലായിരുന്നു ബി.ജെ.പി. എന്നാല്‍, വിജയം മമതയ്ക്കും പ്രശാന്തിനുമൊപ്പമായിരുന്നു. ഇതിനു ശേഷമാണ് എന്‍.സി.പി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. മൂന്നാം മുന്നണി സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഇതോടെ ചൂടുപിടിക്കുകയും ചെയ്തു.

സോണിയ​ ​ഗാന്ധി, രാഹുൽ ​ഗാന്ധി
സോണിയ​ ​ഗാന്ധി, രാഹുൽ ​ഗാന്ധി

പി.കെ രക്ഷകനാകുമോ?

കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവിനുള്ള ദൗത്യം ഏറ്റെടുക്കുന്നത് പി.കെ. ബ്രാന്‍ഡ് ഇതുവരെ നേരിട്ടിട്ടില്ലാത്ത വെല്ലുവിളിയാണ്. ചാണക്യനെന്ന് വിശേഷണമുള്ള അമിത്ഷായ്ക്ക് തന്ത്രങ്ങള്‍ നടപ്പാക്കാന്‍ പ്രത്യയശാസ്ത്രബദ്ധമായ കേഡര്‍ സംവിധാനമുള്ള പാര്‍ട്ടിയുണ്ട്. എന്നാല്‍, പ്രശാന്തിന് അതില്ല. പാര്‍ട്ടിയുടെ ഉന്നതസമിതി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലേക്ക് രണ്ട് ദശാബ്ദക്കാലമായി തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. പല കാരണങ്ങളാല്‍ പാര്‍ട്ടി തെരഞ്ഞെടുപ്പുകള്‍ തടസ്സപ്പെടുന്നു. 2019-നു ശേഷം പാര്‍ട്ടിക്ക് ഫുള്‍ടൈം പ്രസിഡന്റില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാഹുല്‍ഗാന്ധി പ്രസിഡന്റ് പദവി രാജിവച്ചത്. അതൊരു ദിശാസൂചനയായിരുന്നു. എന്നാല്‍, മൂന്നു വര്‍ഷം പിന്നിടുമ്പോഴും പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ പോലുമാകാതെ പാര്‍ട്ടി ആഭ്യന്തരപ്രതിസന്ധിയിലാണ്. ഗാന്ധികുടുംബത്തിനു പുറത്തുള്ള ആരെങ്കിലും പ്രസിഡന്റാകണമെന്ന നിര്‍ദ്ദേശം വര്‍ക്കിങ് കമ്മിറ്റി തള്ളിക്കളഞ്ഞ് സോണിയാഗാന്ധിയെ ഇടക്കാല പ്രസിഡന്റാക്കുകയാണ് ചെയ്തത്. 

കഴിഞ്ഞ 40 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് പാര്‍ട്ടി തെരഞ്ഞെടുപ്പ് നടന്നത്. 1997-ല്‍ ശരദ് പവാറിനെയും രാജേഷ് പൈലറ്റിനെയും സീതാറാം കേസരി തോല്‍പ്പിച്ചിരുന്നു. 2000-ത്തില്‍ സോണിയക്കെതിരേ ജിതേന്ദ്ര പ്രസാദും തോറ്റു. 2000-ത്തിനു ശേഷം അത്തരമൊരു ഘട്ടം സോണിയയോ രാഹുലോ നേരിട്ടിട്ടില്ല. തുടര്‍ച്ചയായ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ട, ഒരു തിരിച്ചുവരവിന് പോലും പ്രാപ്തമാക്കാത്ത കേന്ദ്ര നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ക്കുള്ള ആത്മവിശ്വാസം പോലും നഷ്ടമായി. തെരഞ്ഞെടുപ്പില്‍ ആശ്വാസമായത് സംഭവിക്കും എന്ന മിഥ്യാധാരണ കോണ്‍ഗ്രസ് മാറ്റിവച്ചുവെന്ന് വേണം കരുതാന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 52 സീറ്റുകളേ നേടാനായുള്ളുവെങ്കിലും 12 കോടി വോട്ടുകളും 20 ശതമാനം വോട്ടുവിഹിതവും കോണ്‍ഗ്രസ്സിന് കിട്ടി. ബി.ജെ.പിക്ക് കിട്ടിയത് 22 കോടി വോട്ടുകളാണ്. പ്രാദേശികകക്ഷികള്‍ക്കിടയില്‍ ഒരു സമവായമുണ്ടായാല്‍ കോണ്‍ഗ്രസ്സിന് അധികാരത്തിലേക്ക് തിരിച്ചുവരാമെന്നാണ് കണക്കുകൂട്ടല്‍. പക്ഷേ, അത്തരമൊരു മുന്നണിക്ക് കോണ്‍ഗ്രസ്സിനെ പര്യാപ്തമാക്കുകയെന്നത് ഒരു വെല്ലുവിളി തന്നെയാണ്. 

പ്രശാന്ത് കിഷോർ, നിതീഷ് കുമാർ
പ്രശാന്ത് കിഷോർ, നിതീഷ് കുമാർ

പ്രശാന്തിന്റെ സമ്പന്നമായ രാഷ്ട്രീയ ആസൂത്രണം കൊണ്ടുമാത്രം ഒരു ദേശീയപാര്‍ട്ടിക്ക് പഴയ പ്രതാപം തിരികെ നല്‍കാനാകില്ല. മാത്രമല്ല, ഇതുവരെ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങള്‍ പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു വേണ്ടിയായിരുന്നു. 2014-ല്‍ മോദിയുടെ വിജയത്തിനു പിന്നില്‍ കേഡര്‍ സ്വഭാവമുള്ള ആര്‍.എസ്.എസിന്റെ പിന്തുണയുണ്ടായിരുന്നു. ആന്ധ്രയില്‍ പദയാത്ര നടത്തിയ ജഗ് മോഹന്‍ റെഡ്ഡിയും ബംഗാളില്‍ യൂണിയന്‍ സര്‍ക്കാരിനെ തെരുവില്‍ നേരിട്ട മമത ബാനര്‍ജിയും വ്യക്തിപ്രഭാവമുള്ള നേതാക്കളായിരുന്നു. ദീദി കേ ബോലോ പോലുള്ള പരിപാടികള്‍ വഴി ദീദി ബ്രാന്‍ഡ് സൃഷ്ടിച്ച പ്രശാന്തിന്റെ വരവിന് മുന്‍പു തന്നെ അണികള്‍ ഊര്‍ജ്ജസ്വലരായിരുന്നു. പ്രശാന്തിന്റെ മാത്രം അക്കൗണ്ടില്‍വരാവുന്ന വിജയമായിരുന്നില്ല അത്. ജനപ്രിയരായ മമത ബാനര്‍ജിക്കോ നിതീഷ്‌കുമാറിനോ മാത്രമായി ആ വിജയം അവകാശപ്പെടാം. യു.പിയാണ് മറ്റൊരനുഭവം, 2017-ല്‍ കോണ്‍ഗ്രസ്സിനു വേണ്ടിയിറങ്ങിയ പ്രശാന്ത് കിഷോറിന്റെ യു.പി. കെ ലഡ്കെ ക്യാംപയിന്‍ അമ്പേ പരാജയപ്പെട്ടു. രാഹുല്‍-അഖിലേഷ് യാദവ് കൂട്ടുകെട്ടിനെ വോട്ടാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല അമേഠിയില്‍ രാഹുല്‍ തോല്‍ക്കുകയും ചെയ്തു. മുറിവുകള്‍ മായ്ച്ച് കോണ്‍ഗ്രസ്സിനെ റിബ്രാന്‍ഡ് ചെയ്യുന്നത് അത്ര എളുപ്പമല്ല. 250 ജില്ലകളില്‍ പാര്‍ട്ടിക്ക് ജില്ലാ കമ്മിറ്റികള്‍ പോലുമില്ല. 2019-ല്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും നേരിട്ട് മത്സരിച്ച 180 ഓളം മണ്ഡലങ്ങളില്‍ ചുരുക്കം ചിലതില്‍ മാത്രമാണ് കോണ്‍ഗ്രസ്സിനു ജയിക്കാനായതും. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് അല്ല ദേശീയതലത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. ഒറ്റ നേതാവിന്റെ കീഴില്‍ അണിനിരക്കുന്ന പ്രവര്‍ത്തനമല്ല കോണ്‍ഗ്രസ്സിന്റെ പാരമ്പര്യവും. പഞ്ചാബില്‍ ഏറ്റവുമൊടുവിലുണ്ടായ ഭിന്നതകള്‍ ഉദാഹരണം. ബി.ജെ.പിക്കെതിരേ അക്രമണോത്സുകമായി തെരുവില്‍ നേരിടുന്ന രീതി കോണ്‍ഗ്രസ്സിനോ രാഹുല്‍ ഗാന്ധിക്കോ ഇല്ല.

2019-നു ശേഷം നടന്ന തെരഞ്ഞെടുപ്പുകളും കണക്കുകളും കോണ്‍ഗ്രസ്സിനു പ്രത്യാശ നല്‍കുന്നു. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ഡല്‍ഹി, ബീഹാര്‍ എന്നിവിടങ്ങളില്‍ ബി.ജെ.പിയുടെ വോട്ടുവിഹിതം പതിനാറു ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഏഴു സംസ്ഥാനങ്ങള്‍ (ആന്ധ്ര, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍, അസം, തെലങ്കാന, ബംഗാള്‍, പുതുച്ചേരി) എന്നിവിടങ്ങളില്‍ മുന്‍ കോണ്‍ഗ്രസ്സുകാരാണ് മുഖ്യമന്ത്രി. ഇവരുമായി വീണ്ടും സഹകരണം സാധ്യമായാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണത്തെ തുടര്‍ന്ന് 2013-ല്‍ കോണ്‍ഗ്രസ്സിന് അധികാരം നഷ്ടമായെങ്കിലും അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ നേതൃത്വത്തിലൂടെ അത് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു. ഡല്‍ഹി കേന്ദ്രീകൃതമായ ഹൈക്കമാന്‍ഡില്‍ നിന്ന് മാറി പ്രാദേശികതലത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ ഇപ്പോഴുള്ള മോദി വിരുദ്ധത ഗുണകരമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പക്ഷേ, അതിന് ചരിത്രത്തിന്റെ ഭാരമില്ലാതെ അധികാരവിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടി വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com