സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം; ഉള്‍ക്കൊള്ളാതെ പാഠങ്ങള്‍

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വൈകല്യം എന്നീ പ്രയാസങ്ങളുള്ള കുട്ടികള്‍ക്ക് 'ശ്രദ്ധയോടെ ശ്രവിക്കുക/കാണുക' എന്നത് സാധ്യമല്ല
സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം; ഉള്‍ക്കൊള്ളാതെ പാഠങ്ങള്‍

'ഉല്‍ക്ക'യും 'ഉലക്ക'യും തമ്മില്‍ ഒരു 'ല്‍-ല' അക്ഷര വ്യത്യാസമേയുള്ളൂ. പക്ഷേ, ഒരു ചില്ലക്ഷരം മാറ്റിമറിക്കുന്നത് രണ്ടു വസ്തുക്കള്‍ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് നമുക്കുള്ള മുഴുവന്‍ ഗ്രാഹ്യതയുമാണ്. ഭൂമിയിലേക്ക് അതിവേഗം പാഞ്ഞുവരുന്ന ഏതോ ഒരജ്ഞാത വസ്തു; അന്തരീക്ഷത്തില്‍വച്ചേ കത്തിത്തീരാതിരുന്നാല്‍ ഭൂമിയെത്തന്നെ നശിപ്പിച്ചേക്കാവുന്ന വസ്തു എന്നൊക്ക നാം ഉല്‍ക്ക എന്ന വാക്കില്‍നിന്നു ഗ്രഹിക്കുന്നു. ഉരലില്‍ ഇടിക്കാനുപയോഗിക്കുന്ന വണ്ണമുള്ള ദണ്ഡ് എന്ന അര്‍ത്ഥമോ അപ അര്‍ത്ഥമുള്ള ഒരു വാക്ക് എന്നോ ഉലക്ക എന്നു കേള്‍ക്കുമ്പോള്‍ നാം മനസ്സിലാക്കിയേക്കാം. 

പുതിയ തലമുറയിലെ പഠിതാക്കള്‍ക്ക് ഉലക്കയെക്കാള്‍ പരിചയം ഉല്‍ക്ക ആവും എന്നും തോന്നുന്നു. ഉലക്ക ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു പഠിതാവിനും 'ഉലക്കേടെ മൂട്' എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിയുകയും ചെയ്യും. ഇങ്ങനെയുള്ള അറിവു സ്വായത്തമാക്കലിന്റെ രീതിശാസ്ത്രം എന്തെന്നറിയുമ്പോഴാണ് വെര്‍ച്വല്‍ പഠനം എന്നത് വ്യക്തിക്കാവശ്യമുള്ള 'സ്‌കൂളിങ്ങിന്റെ' പത്തു ശതമാനംപോലും നല്‍കാന്‍ പ്രാപ്തമല്ല എന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്ക് നാം ചെന്നെത്തുക.

പഠനാന്തരീക്ഷങ്ങളില്‍നിന്നും നിത്യജീവിത സാഹചര്യങ്ങളില്‍നിന്നും സാമൂഹ്യ ഇടപെടലുകളില്‍നിന്നും വ്യക്തിയാണ് ഓരോ വാക്കുകളുടേയും അര്‍ത്ഥവ്യാപ്തി കണ്ടെത്തി സ്വായത്തമാക്കുന്നത്. ഏതു വ്യക്തിക്കും ഏറിയും കുറഞ്ഞും ഇത്തരം കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള പ്രാപ്തിയുണ്ട്. ഏകമാനതയുള്ള പഠനാന്തരീക്ഷത്തില്‍ നിന്നല്ല, നിരന്തരമായ സാമൂഹ്യ ഇടപെടലുകളില്‍നിന്നാണ് പഠനം പൂര്‍ണ്ണത നേടുന്നത്. ഈ വിശാലമായ ഇടപെടല്‍ സാഹചര്യങ്ങളാണ് വെര്‍ച്വല്‍ പഠനം ഇല്ലാതാക്കുന്നത്. പാഠ്യവിഷയത്തിനപ്പുറത്തെ സാമൂഹ്യാനുഭവം നല്‍കാനാവില്ല എന്നതുതന്നെയാണ് സാങ്കേതിക സംവിധാനം മാത്രം ആശ്രയിച്ചുള്ള പഠനത്തിന്റെ ഏറ്റവും വലിയ അപര്യാപ്തത. സ്‌കൂള്‍ പഠനം എന്നാല്‍, കുറെ 'പാഠഭാഗങ്ങള്‍ പഠിക്കല്‍' എന്നതല്ല എന്ന കൃത്യമായ ധാരണയോടെ മാത്രമേ നമ്മള്‍ വെര്‍ച്വല്‍ പഠനത്തെ സ്വാഗതം ചെയ്യാവു.

സാധാരണ വിദ്യാര്‍ത്ഥികളുടെ പഠന സമീപനങ്ങളേയും അനുഭവങ്ങളേയും വെര്‍ച്വല്‍ പഠനം പുറകോട്ടു തള്ളുമെങ്കില്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരും പഠന വൈകല്യമുള്ളവരുമായ കുട്ടികളെ അതെത്ര മാത്രം പിന്നിലാക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. സമാവസര വിദ്യാഭ്യാസത്തിന്റെ (Inclusive Education) ഗുണഫലങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇത്തരം കുട്ടികള്‍ക്ക് കൊവിഡ് കാല ഓണ്‍ലൈന്‍ പഠനം കൊണ്ടുണ്ടായത്. 'ഇന്‍ക്ലൂസിവ് എഡ്യൂക്കേഷന്‍' എന്നതിന് മലയാളത്തില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാക്ക് 'ഉള്‍ച്ചേരല്‍ വിദ്യാഭ്യാസം' എന്നാണ്. എന്നാല്‍, അത് വാക്കിന്റെ നിഘണ്ടുപരമായ തര്‍ജ്ജമയാണ്. ആശയപരമായ തര്‍ജ്ജമ സമാവസര വിദ്യാഭ്യാസം എന്നാണ്. എല്ലാ കുട്ടികള്‍ക്കും അവസരം ഉറപ്പാക്കുന്നതാണ് സമാവസര വിദ്യാഭ്യാസം.    

ഓട്ടിസം ബാധിച്ചവരെ സമൂഹം മാറ്റിനിർത്തുന്നത് തടയണമെന്നും അവർക്ക് അവകാശങ്ങളും പരി​ഗണനയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രകടനത്തിൽ നിന്ന്. ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരമാണ് 2008മുതൽ ഏപ്രിൽ രണ്ട് ലോക ഓട്ടിസം ദിനമായി ആചരിക്കുന്നത് 
ഓട്ടിസം ബാധിച്ചവരെ സമൂഹം മാറ്റിനിർത്തുന്നത് തടയണമെന്നും അവർക്ക് അവകാശങ്ങളും പരി​ഗണനയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രകടനത്തിൽ നിന്ന്. ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരമാണ് 2008മുതൽ ഏപ്രിൽ രണ്ട് ലോക ഓട്ടിസം ദിനമായി ആചരിക്കുന്നത് 

പരിഗണന അര്‍ഹിക്കുന്ന പഠിതാക്കള്‍ 

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ (Children with Special Needs) എന്നതിനു പകരം ഇപ്പോള്‍ പൊതുവായി വിളിക്കുന്നത് പ്രത്യേക കഴിവുള്ളവര്‍ (Differently Abled) എന്നാണ്. അത്തരക്കാര്‍ ചെറിയ പ്രശ്‌നങ്ങള്‍ മുതല്‍ വളരെ കടുത്ത പ്രശ്‌നങ്ങള്‍ വരെ അനുഭവിക്കുന്നവരാണ്. അവരെ താഴെ പറയും വിധം ക്രോഡീകരിക്കാം. 

പഠന പിന്നാക്കമുള്ളവര്‍ (slow learners), പഠന വൈകല്യമുള്ളവര്‍ (learning dyslexia, dysgraphia, dyscalculia എന്നിങ്ങനെയുള്ള പ്രശ്‌നമുള്ളവര്‍), ഓട്ടിസം, സെറിബ്രല്‍ പാള്‍സി, സ്പാസ്റ്റിസം, spastic quadriplegia തുടങ്ങിയ പ്രയാസമുള്ളവര്‍, മാനസിക വൈകല്യമുള്ളവര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍ എന്നിവര്‍ക്കു പുറമെ കാഴ്ച പരിമിതിയുള്ളവര്‍, കേള്‍വിക്കുറവുള്ളവര്‍, ശാരീരിക വൈകല്യമുള്ളവര്‍ തുടങ്ങിയവരേയും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളായി കണക്കാക്കുന്നു. ഇവര്‍ പ്രാപ്ത്യാനുസരണം സ്‌പെഷ്യല്‍ സ്‌കൂളുകളോ റെഗുലര്‍ സ്‌കൂളുകളോ തിരഞ്ഞെടുത്തു പഠിക്കാന്‍ സാധിക്കുന്നവരാണ്. ബ്രെയില്‍ ലിപിയോ അടയാള ഭാഷകളോ (sign language) സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ പഠിച്ചശേഷം സാധാരണ സ്‌കൂളുകളിലേയ്ക്ക് അവര്‍ക്കു മാറാം. അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസ്സ് ചിട്ടപ്പെടുത്തിയാല്‍ ഇത്തരം കുട്ടികള്‍ക്കു സ്വയം പഠിക്കാന്‍ കഴിയും. 

പഠന പിന്നാക്കാവസ്ഥ (slow learning) മാത്രമുള്ള കുട്ടികള്‍ പഠനത്തില്‍ പിന്നിലാവുമെങ്കിലും പൊതുവെ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാണ്. ഫോര്‍മല്‍ പഠനത്തില്‍ അവര്‍ പിറകിലായേക്കുമെങ്കിലും മറ്റൊന്നിലും അപ്രാപ്തരാവണമെന്നില്ല എന്നര്‍ത്ഥം. Learning dyslexia പോലുള്ള പ്രശ്‌നം അനുഭവിക്കുന്നവരും ചെറിയ പിന്തുണകള്‍ കിട്ടിയാല്‍ത്തന്നെ സ്‌കൂള്‍ ജീവിതത്തില്‍ ശോഭിച്ചുകൊള്ളും. ഈ കൂട്ടര്‍ക്കു വലിയ സപ്പോര്‍ട്ട് നല്‍കേണ്ടിവരില്ല. അവര്‍ രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നതുപോലെ പഠിക്കില്ലേ ഉള്ളൂ. നേരിയ സെറിബ്രല്‍ പാള്‍സി (minor cerebral pasly) ഉള്ളവര്‍ക്കും പിന്തുണ ലഭിച്ചാല്‍ പഠനപ്രവര്‍ത്തനം സാധ്യമാണ്. 

ഓട്ടിസം, കടുത്ത സെറിബ്രല്‍ പാള്‍സി, മാനസിക വൈകല്യങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ള കുട്ടികള്‍ക്കു സാധാരണ പഠനപ്രവര്‍ത്തനങ്ങള്‍ വളരെ പ്രയാസകരമാണ്; ചിലര്‍ക്കെങ്കിലും ഏറെക്കുറെ അസാധ്യമാണ്. വ്യക്തി കേന്ദ്രീകൃത ബോധനവും പരിപാലനവും സംരക്ഷണവുമാണ് ഇത്തരക്കാര്‍ക്ക് വേണ്ടുന്ന സ്‌കൂളിങ്. പാഠ്യവിഷയങ്ങള്‍ പഠിക്കാനല്ല, സ്വഭാവത്തെ ചിട്ടപ്പെടുത്താനാണ് അവര്‍ക്ക് മുഖ്യമായും വിദ്യാഭ്യാസം വേണ്ടുന്നത്. റെഗുലര്‍ സ്‌കൂളിനേക്കാള്‍ സ്‌പെഷ്യല്‍ സ്‌കൂളുകളാണ് അവര്‍ക്കാവശ്യം. ഇന്‍ക്ലൂസിവ് സംവിധാനവും റെഗുലര്‍ സ്‌കൂള്‍ അന്തരീക്ഷവും സ്‌പെഷ്യല്‍ സ്‌കൂളിലേക്ക് സംയോജിപ്പിക്കുന്നതാണ് അവര്‍ക്കുചിതം. ഇത്തരം കുട്ടികള്‍ വീടുകളില്‍ എപ്പോഴും ആവശ്യമില്ലാത്തവിധം ഊര്‍ജ്ജസ്വലര്‍ (unwantedly and involuntarily dynamic) അല്ലെങ്കില്‍ തീരെ നിശബ്ദര്‍ ആയിരിക്കും. അവര്‍ക്ക് സ്‌കൂള്‍ പഠന ഇടമല്ല, ആശ്വാസത്തിനുള്ള ഒരു തുരുത്താണ്; അവര്‍ സ്‌കൂളില്‍ പോകുന്നതാകട്ടെ, രക്ഷിതാക്കള്‍ക്കും ഒരാശ്വാസമാണ്. വീടിന്റെ അന്തരീക്ഷത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന കുട്ടികള്‍ മിക്കപ്പോഴും സ്‌കൂളിന്റെ അന്തരീക്ഷത്തില്‍ സാധാരണ രീതിയില്‍ പെരുമാറാറുണ്ട്. 

സാമൂഹ്യാന്തരീക്ഷങ്ങളില്‍നിന്നു കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള പ്രാപ്തി കുറഞ്ഞവരോ നാമമാത്രമായി മാത്രം പ്രാപ്തരായവരോ ആണല്ലോ പഠനവൈകല്യമുള്ളവര്‍. വ്യക്തിപരമായ കഴിവുകളില്‍ മിടുക്കരായേക്കുമെങ്കിലും സാമൂഹികമായ പഠന സാഹചര്യങ്ങളെ 'ചെന്നു കണ്ടെത്തി സ്വന്തമാക്കാന്‍' അവര്‍ക്കു പൊതുവെ കഴിയില്ലല്ലോ. സമാവസര വിദ്യാഭ്യാസത്തില്‍ പല പല പഠനാന്തരീക്ഷങ്ങളില്‍നിന്നും പരിമിതമായ തോതിലെങ്കിലും വ്യത്യസ്ത പഠനാനുഭവം സ്വായത്തമാക്കുവാന്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് കഴിയുമായിരുന്നു. പക്ഷേ, 'ഓണ്‍ലൈന്‍ അധ്യയനത്തില്‍' അനുഭവ സാധ്യതകളുടെ സകല വാതിലുകളും അടഞ്ഞ അവസ്ഥയിലാണ് ഇത്തരം കുട്ടികളും അവരുടെ രക്ഷിതാക്കളും. കാര്യഗൗരവമുള്ള പഠനാനുഭവങ്ങള്‍ സ്വാംശീകരിക്കാനുള്ള സാധ്യത ഇല്ലാതെയാവുന്നു എന്ന വെര്‍ച്വല്‍ പഠനത്തിന്റെ ഏറ്റവും വലിയ ദോഷം കൂടുതല്‍ ബാധിക്കുന്നവര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളാണ്.
 
ഓണ്‍ലൈന്‍ മീറ്റിംഗ് ആപ്പുകള്‍ വഴിയായാലും ലേണിങ് മാനേജ്മെന്റ് സിസ്റ്റങ്ങള്‍ വഴിയായാലും മറ്റേതു സംവിധാനത്തിലൂടെയായാലും വെര്‍ച്വല്‍ പഠനത്തിന്റെ ബോധനശാസ്ത്രം പൊതു ധാരയിലിലുള്ള പഠിതാക്കളെ മുന്നില്‍ കണ്ടുള്ളതാണല്ലോ. പഠന വൈകല്യമുള്ള കുട്ടികള്‍ ഉള്ള ഒരു സമാവസര ക്ലാസ്മുറിയില്‍ അവര്‍ക്കുവേണ്ടി ബോധനരീതി ചിട്ടപ്പെടുത്താന്‍ ടീച്ചര്‍ക്ക് അവസരങ്ങളുണ്ട്. അത്തരം കുട്ടികളുടെ പഠന പ്രാപ്തിക്കും രീതിക്കുമനുസരിച്ച് അദ്ധ്യയന സമീപനം മാറ്റുവാനും അതുവഴി അവരുടെ ശ്രദ്ധയെ പിടിച്ചുനിര്‍ത്താനും കഴിയുമായിരുന്നു. പക്ഷേ, വെര്‍ച്വല്‍ പഠനത്തില്‍ അതു സാധ്യമല്ലല്ലോ. സമാവസര ക്ലാസ്സ്മുറിയില്‍ പഠനാന്തരീക്ഷത്തിന്റെ ഒഴുക്കിനൊപ്പം ഏറെക്കുറെ നീങ്ങിയിരുന്നു ഈ കുട്ടികളെങ്കില്‍ വെര്‍ച്വല്‍ സമീപനത്തില്‍ അവര്‍ക്ക് അതിനൊട്ടുമാവാതെ വരുന്നു എന്നതാണ് വസ്തുത.
 
സാധാരണ സ്‌കൂള്‍ അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന സാഹചര്യങ്ങളെത്തന്നെ വേണ്ടുംവിധം ഉപയോഗപ്പെടുത്താനാവാത്ത പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് 'കണ്ടെന്റ് ഓറിയന്റ്' ആയ ഓണ്‍ലൈന്‍ പഠനം ഗുണപരമായി ഭവിക്കാന്‍ സാധ്യത തീരെ കുറവാണ് എന്ന വസ്തുത പറയാതെ വയ്യ.  

ഒരു വാക്ക് നമുക്കു തരുന്നത് വാക്കിന്റെ നിഘണ്ടു അര്‍ത്ഥം (lexicon meaning) മാത്രമല്ല, നാം അനുഭവിച്ചതും പരിചയിച്ചതും കണ്ടെത്തിയതുമായ നിരവധി ചിത്രണങ്ങളാണ് എന്നു പറഞ്ഞുവല്ലോ. ആ അനുഭവവും പരിചയവുമൊക്കെ നമ്മള്‍ കേള്‍ക്കുന്ന അല്ലെങ്കില്‍ അറിയുന്ന വാക്കിനെ സമ്പുഷ്ടമാക്കുന്നു. ''വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍ വേലിക്കല്‍ നിന്നവനേ'' എന്ന പാട്ടു കേള്‍ക്കുമ്പോള്‍ വരികളിലെ ഓരോ വാക്കിന്റേയും അര്‍ത്ഥമല്ല, മറിച്ച് വാക്കുകള്‍കൊണ്ട് കോര്‍ത്തിണക്കിയ ചിത്രണവും ഒരു ഭൂപ്രദേശവും ഒരു കാലത്തിന്റെ സംസ്‌കാരവും അക്കാലത്തെ പ്രണയപാരവശ്യവുമൊക്കെ നമുക്കു പകര്‍ന്നു കിട്ടും. അങ്ങനെ വാക്കുകളില്‍നിന്നു പൂര്‍ണ്ണമായ അര്‍ത്ഥം സ്വാംശീകരിച്ചെടുത്ത് മനസ്സിലാക്കലാണല്ലോ അര്‍ത്ഥ സമ്പുഷ്ടമായ പഠനം.

ഓണ്‍ലൈന്‍ ക്ലാസ്സില്‍നിന്നു പകര്‍ന്നുകിട്ടുന്ന അറിവും വാക്കും സംജ്ഞകളും ധാരണകളും ഒക്കെ തുടര്‍ന്നും ഉപയോഗിക്കാന്‍ സാധാരണ കുട്ടിക്ക് അവസരങ്ങളുണ്ടാവും. വീട്ടിനകത്തും പുറത്തും സംവദിക്കാവുന്ന നിരവധി വേദികള്‍ അവര്‍ക്കു കിട്ടുമല്ലോ. അധ്യയനം വിഭാവനം ചെയ്യുന്ന Learning Outcomes സ്വായത്തമാക്കാനും അവര്‍ക്കു കുറേയൊക്കെ കഴിയും. പക്ഷേ, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ഇതിനൊന്നും സാധിക്കാതെ വരുന്നു.

സമ്പുഷ്ടമായ പഠനത്തിനുതകുംവിധമാണ് നാം ക്ലാസ്സ്മുറികളേയും അധ്യയന കര്‍ത്താക്കളേയും ബോധനശാസ്ത്രത്തേയും ബോധനമാധ്യമങ്ങളേയും ഒക്കെ ചിട്ടപ്പെടുത്തിയിട്ടുള്ളത്. കവിത വായിക്കുന്നവരൊക്കെ അത് ഒരുപോലെ ആസ്വദിക്കണമെന്നില്ല എന്നതുപോലെ, ഒരു സിനിമ എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല എന്നതുപോലെ, എത്ര ശാസ്ത്രീയമായ അധ്യയനവും എല്ലാ പഠിതാക്കളേയും ഒരുപോലെ ആകര്‍ഷിച്ചുകൊള്ളണം എന്നില്ല. പഠിതാക്കളെല്ലാം ഒരുപോലെ പഠിച്ചുകൊള്ളണം എന്നുമില്ല. അതിന്റെ ആവശ്യമില്ലതാനും. എന്നാല്‍, കാര്യങ്ങള്‍ ഗ്രഹിക്കാനാവുംവിധമുള്ള അധ്യയന രീതി ഓണ്‍ലൈന്‍ പഠനത്തില്‍ സാധാരണ കുട്ടികള്‍ക്ക് ലഭിക്കുമ്പോള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് സാങ്കേതികമായി അവസരമേ ലഭിക്കുന്നില്ല. അവസരം ലഭിച്ചാലല്ലേ അത് ഭാഗികമായെങ്കിലും ഉപയോഗപ്പെടുത്താന്‍ അവര്‍ക്കു കഴിയൂ.

പഠനപ്രക്രിയകളില്‍ ഏറെ നേരം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പൊതുവെ പ്രയാസമുള്ളവരാണല്ലോ കൗമാരപ്രായക്കാര്‍. ആവശ്യബോധത്തെക്കാള്‍ മനഃശാസ്ത്രത്തിലൂന്നിയ അധ്യയന സമീപനമാണ് അവരെ കുറച്ചു നേരമെങ്കിലും ക്ലാസ്സില്‍ ശ്രദ്ധയോടെ ഇരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഏത് അദ്ധ്യാപകന്‍ കുട്ടികളുടെ മനോവ്യാപാരമനുസരിച്ച് ക്ലാസ്സിനെ ചിട്ടപ്പെടുത്തുന്നുവോ ആ അദ്ധ്യാപകന്റെ ക്ലാസ്സിനെ കുട്ടികള്‍ കൂടുതല്‍ ഇഷ്ടപ്പെടും-അതൊരു ലളിത സത്യമാണ്. ഈ വസ്തുത വെര്‍ച്വല്‍ ക്ലാസ്സുകള്‍ക്കും ബാധകമാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ടി.വി ചാനലുകളില്‍നിന്നും സ്‌കൂള്‍ എല്‍.എം.എസ്സില്‍നിന്നും വെര്‍ച്വല്‍ ക്ലാസ്സ് പ്ലാറ്റ്‌ഫോമുകളില്‍നിന്നും യുട്യൂബില്‍നിന്നുമൊക്കെ ലഭിക്കുന്ന ക്ലാസ്സുകള്‍ കുട്ടികള്‍ ശ്രദ്ധിക്കുന്നത് നിരീക്ഷിച്ചാല്‍ ഇക്കാര്യം നമുക്കു വ്യക്തമാവുകയും ചെയ്യും. 

വെര്‍ച്വല്‍ പഠനത്തെ ആശ്രയിക്കുന്നതില്‍ സാധാരാണ കുട്ടികള്‍ക്കു തന്നെ പരിമിതികളുണ്ട് എന്നു കണ്ടുവല്ലോ. അവര്‍ക്കുള്ള പരിമിതികളുടെ ഇരട്ടിയാകും പ്രയാസക്കാരായ കുട്ടികള്‍ക്കുണ്ടാവുക. അവര്‍ക്ക് ഏതുതരം ക്ലാസ്സിലും ഒതുങ്ങിയിരിക്കാന്‍ കഴിയില്ല. ഒരുതരം 'സ്റ്റാറ്റിക് സമീപനത്തില്‍' ഒതുങ്ങുന്ന ടെക്നോളജി സങ്കേതങ്ങളില്‍ ക്ലാസ്സെടുക്കുന്നവര്‍ക്ക് പഠിതാവിന്റെ ഹിതാനുസൃതം പാഠ്യസമീപനം മാറ്റാനാവില്ല. അതിന്റെ പരിണതഫലം പഠന വൈകല്യങ്ങളുള്ള കുട്ടികള്‍ വല്ലാതെ അലസരാവുന്നു എന്നതാണ്. അവരുടെ മനസ്സിലേക്കോ പഠനതാല്പര്യങ്ങളിലേക്കോ കടന്നുചെല്ലാന്‍ വെര്‍ച്വല്‍ ക്ലാസ്സുകള്‍ക്ക് കഴിയാതെ വരുന്നു എന്നതൊരു വലിയ പരിമിതി തന്നെയാണ്. ആവുന്നത് എത്തിപ്പിടിക്കാന്‍ അവസരം കിട്ടാതെ വരുന്നു ഇത്തരം കുട്ടികള്‍ക്ക് എന്നതൊരു നിസ്സഹായതയുമാണ്.

ഡിജിറ്റൽ സ്കൂളിങ്: സ്മാർട്ട് ക്ലാസ് റൂമുകളും ഡിജിറ്റലൈസേഷനും അനിവാര്യമായ കാലഘട്ടമായിരുന്നു കഴിഞ്ഞുപോയത്
ഡിജിറ്റൽ സ്കൂളിങ്: സ്മാർട്ട് ക്ലാസ് റൂമുകളും ഡിജിറ്റലൈസേഷനും അനിവാര്യമായ കാലഘട്ടമായിരുന്നു കഴിഞ്ഞുപോയത്

രക്ഷിതാക്കളുടെ പ്രശ്‌നങ്ങള്‍

ഏറ്റവും ജീവിത പ്രയാസമനുഭവിക്കുന്ന ഒരു വിഭാഗമാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍. അവര്‍ക്ക് ആധി ഒഴിഞ്ഞ ദിനങ്ങള്‍ ഇല്ല. കൊവിഡ് സാഹചര്യത്തില്‍ അവര്‍ കൂടുതല്‍ ആശങ്കയിലാണ്. ഒരുതരം കാര്യങ്ങളും ചെയ്യാനാകാതെ, വീട്ടിലും മുറ്റത്തും മാത്രമായി ദിവസങ്ങള്‍ തള്ളിനീക്കുന്ന മക്കളുടെ അവസ്ഥ രക്ഷിതാക്കളുടെ മാനസിക ആരോഗ്യത്തെപ്പോലും നശിപ്പിച്ചു തുടങ്ങിയിരിക്കുന്നു.
 
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളില്‍ ഓട്ടിസം, മാനസിക വൈകല്യം, സെറിബ്രല്‍ പാള്‍സി, സ്പാസ്റ്റിസം തുടങ്ങിയ പ്രയാസങ്ങള്‍ അനുഭവിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് എല്ലാ ദിവസവും ഒരേ കാര്യം രണ്ടു തവണ ചെയ്യേണ്ടിവരും. പത്താം ക്ലാസ്സില്‍ പഠിക്കേണ്ടുന്ന പ്രായമുള്ള കുട്ടിയാണെങ്കിലും അവനെ/അവളെ പല്ലു തേപ്പിക്കണം, കുളിപ്പിക്കണം, പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിപ്പിക്കണം, വസ്ത്രം ഇടീപ്പിക്കണം, ഭക്ഷണം നല്‍കണം, വ്യക്തിപരമായ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കണം, വീട്ടിലെ സാധനസാമഗ്രികള്‍ നശിപ്പിക്കാതെ നോക്കണം. പഠിക്കാന്‍ ശേഷിയുള്ള കുട്ടിയാണെങ്കില്‍ പഠനസമയത്തു മുഴുവനായും കൂടെ ഇരിക്കണം. ചുരുക്കത്തില്‍ സ്വന്തം കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ അതേ കാര്യങ്ങളെല്ലാം മറ്റൊരാള്‍ക്കുവേണ്ടി കൂടി ചെയ്യണം എന്നര്‍ത്ഥം. അവര്‍ക്കു വിശ്രമിക്കാന്‍ സമയം നന്നേ കുറവാണ്. മക്കള്‍ സ്‌കൂളില്‍ പോവുന്ന സമയത്താണ് മിക്കവരും ഒന്നു തല ചായ്ച്ചിരുന്നത്. 

ഭാഗികമായോ ഏറെക്കുറെ പൂര്‍ണ്ണമായോ സ്വന്തം കാര്യങ്ങള്‍ ചെയ്യുന്ന, പഠനപ്രാപ്തിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഈ പ്രയാസങ്ങളുണ്ടാവണമെന്നില്ല. അതാണു നേരത്തെ സൂചിപ്പിച്ചത്, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ എന്ന വാക്കുകള്‍കൊണ്ട് പ്രതിനിധാനം ചെയ്യപ്പെടുന്നവര്‍ ഒരേതരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരല്ല. ഓരോ കുട്ടിയുടേയും പ്രയാസങ്ങള്‍ വേറെ വേറെ തരമാണ്. അതുകൊണ്ടുതന്നെ ഇത്തരം കുട്ടികളുടെ രക്ഷിതാക്കളും സാമാന്യവല്‍ക്കരിക്കാന്‍ കഴിയാത്ത വളരെ വ്യത്യസ്തമായ പ്രയാസങ്ങളാണ് അനുഭവിക്കുന്നത്. 
സമാവസര വിദ്യാഭ്യാസ കാര്യങ്ങളില്‍ ഇടപെടുന്ന ഒരാള്‍ എന്നറിഞ്ഞതുകൊണ്ടാവാം ഈയിടെ മാനസിക വൈകല്യമുള്ള ഒരു കുട്ടിയുടെ അമ്മ എന്നെ വിളിക്കുകയുണ്ടായി. ''ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും സ്‌പെഷ്യല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വേണ്ടി ഒന്ന് ഇടപെടണം'' എന്നായിരുന്നു അവരുടെ ആവശ്യം. സര്‍ക്കാര്‍ മുന്‍പാകെ അതാവശ്യപ്പെട്ട് പരിഗണിപ്പിക്കാന്‍ മാത്രം ഏതെങ്കിലും തരത്തില്‍ പ്രാപ്തിയുള്ള ഒരാളല്ല ഞാന്‍. അവരെ ആശ്വസിപ്പിക്കുന്നതിനിടയില്‍ എന്തിനാണ് കൊവിഡ് കാലത്ത് സ്‌പെഷ്യല്‍ സ്‌കൂള്‍ മാത്രം തുറക്കാന്‍ ധൃതി എന്ന ചോദ്യത്തിന് അവര്‍ പറഞ്ഞ മറുപടി എന്റെ കണ്ണ് നനയിപ്പിച്ചു. ''മാഷിനറിയോ, ഞാന്‍ രണ്ടുമണിക്കൂര്‍ നേരമെങ്കിലും ഒന്നിച്ചുറങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. സ്‌കൂളൊന്നു തുറന്നാല്‍ മകന്‍ അവിടെ പോവുന്ന നേരമെങ്കിലും എനിക്കൊന്നു ഉറങ്ങാമായിരുന്നു.'' ഇതാണവരുടെ അവസ്ഥ. ഇത്തരം മക്കളുടെ രക്ഷിതാക്കളില്‍ ഒരാള്‍ മാത്രമേ ശ്രദ്ധിക്കാനുള്ളുവെങ്കില്‍ കുടുംബകാര്യങ്ങള്‍ കൂടുതല്‍ വിഷമമാണ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ പഠനാവസരം നഷ്ടപ്പെട്ട സാഹചര്യത്തിലാണെങ്കില്‍ അവരുടെ രക്ഷിതാക്കള്‍ ജീവിത സാഹചര്യം തന്നെ തലകുത്തിമറിഞ്ഞ അവസ്ഥയിലാണ്. സാധാരണ സ്‌കൂള്‍ തുറക്കുന്നതിനു മുന്നേ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങേണ്ടതിന്റെ ആവശ്യകതയാണ് രക്ഷിതാക്കളുടെ ജീവിതാവസ്ഥ ചൂണ്ടിക്കാണിക്കുന്നത്.

'പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍' എന്ന വലിയ മേല്‍ക്കൂരയ്ക്കു കീഴെ വരുന്നവര്‍ ഒട്ടും സമാന സ്വഭാവമുള്ളവരല്ലല്ലോ. ഹോമോജെനിറ്റി (ഏകമാനത) ഉള്ള ഒരു ഗ്രൂപ്പല്ല എന്നതുകൊണ്ടുതന്നെ ഒരേതരം പഠനരീതി ഇക്കൂട്ടര്‍ക്കുവേണ്ടി വിഭാവനം ചെയ്യുക പ്രായോഗികമല്ല. ലളിതപഠന വൈകല്യങ്ങള്‍ ഉള്ളവര്‍ (ലേണിങ് ഡിസ്ലെക്‌സിയ തുടങ്ങിയവ), ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസോര്‍ഡറുകള്‍, എ.ഡി.എച്ച്.ഡി, വെര്‍ബല്‍- നോണ്‍ വെര്‍ബല്‍ വൈകല്യങ്ങള്‍ തുടങ്ങിയവ ബാധിച്ചവര്‍ എന്നിങ്ങനെ വ്യത്യസ്ത ഗ്രൂപ്പുകാരെയെല്ലാം സാധാരണ കുട്ടികള്‍ക്കു നല്‍കുന്ന ഓണ്‍ലൈന്‍ മാധ്യമ പഠന സമീപനം കൊണ്ട് എങ്ങനെ പിടിച്ചിരുത്താനാണ്? ബൗദ്ധികമായി വ്യത്യസ്ത തരം പ്രയാസങ്ങളുള്ള എല്ലാവരേയും ഒരേ കുടയുടെ തണലിലേക്ക് ചേര്‍ക്കുക അത്ര പ്രായോഗികമല്ല.

പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി ഉചിതമായ വെര്‍ച്വല്‍ പഠനപ്രവര്‍ത്തനം ആവിഷ്‌കരിക്കണമെങ്കില്‍ ആദ്യം വേണ്ടത് അവരെ അവരനുഭവിക്കുന്ന പ്രയാസങ്ങളുടെ അല്ലെങ്കില്‍ വൈകല്യങ്ങളുടെ അടിസ്ഥാനത്തില്‍ വര്‍ഗ്ഗീകരിക്കുക എന്നതാണ്. ഓട്ടിസം ഉള്ള കുട്ടിക്കും സെറിബ്രല്‍ പാള്‍സി ഉള്ള കുട്ടിക്കും ഒരേ തലത്തില്‍നിന്നുള്ള സാങ്കേതിക ആസൂത്രണം ഗുണപരമല്ല. ലളിത പഠന വൈകല്യമുള്ളവര്‍ക്കും ശാരീരിക പ്രയാസങ്ങളുള്ളവര്‍ക്കും ന്യൂറോട്ടിക് പ്രശ്‌നങ്ങളുള്ളവര്‍ക്കും എല്ലാം ഒരേ പാത്രത്തില്‍നിന്നു പഠനവിഭവങ്ങള്‍ വിളമ്പി നല്‍കിയിട്ടു കാര്യമില്ലെന്നര്‍ത്ഥം. അത്തരം കുട്ടികളുടെ വിഷമങ്ങള്‍ മനസ്സിലാക്കി, അതിന്റെ അടിസ്ഥാനത്തില്‍ അവരെ പലതരക്കാരായി തിരിച്ച് ഏറ്റവും യോജിച്ച പഠനാനുഭവം നല്‍കാന്‍ സാധിക്കുമ്പോഴേ വെര്‍ച്വല്‍ പഠനം പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് ഗുണമുള്ളതായി മാറൂ.

എങ്ങനെ മാറണം നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ?

ഓണ്‍ലൈനിലേക്ക് ഒതുങ്ങപ്പെട്ട വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ക്ലാസ്സ്മുറികളിലേക്ക് തിരിച്ചുപോകപ്പെട്ടാലും സ്‌കൂള്‍ തലത്തിലും കോളേജ് തലത്തിലും സാങ്കേതിക സംവിധാനങ്ങളിലൂടെയുള്ള പഠനം തുടരുകതന്നെ ചെയ്യും. വെര്‍ച്വല്‍ പഠനത്തെ കൂടെ കൂട്ടിക്കൊണ്ടുതന്നെയാവും ഇനി ഏതു തലത്തിലേയും പഠനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുക; സംശയം വേണ്ട. കൊവിഡ് കാലത്ത് ഏതാണ്ടൊരു അക്കാദമിക് വര്‍ഷം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പഠനത്തെ ആശ്രയിച്ച വിദ്യാഭ്യാസ മേഖല, ഈ രീതി തുടരേണ്ടിവന്നാല്‍ തീര്‍ച്ചയായും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കു വേണ്ട വേറിട്ട സമീപനം ആവിഷ്‌കരിക്കേണ്ടിവരും. 

ഗവേഷണ ഫലങ്ങള്‍ പറയുന്നത് എത്ര ഹൃദ്യമായ ഓണ്‍ലൈന്‍ ക്ലാസ്സും ഒന്‍പത് മിനിറ്റില്‍ കൂടുതല്‍ ശ്രദ്ധിച്ചിരിക്കുക പ്രയാസമാണ് എന്നാണല്ലോ. അപ്പോള്‍പ്പിന്നെ പഠന വൈകല്യമുള്ളവരുടെ കാര്യം എന്താവും എന്ന് ഊഹിക്കാവുന്നതേ ഉള്ളു. അതുകൊണ്ട് സമാവസര പഠനത്തിനായി വെര്‍ച്വല്‍ മേഖല ഒരുങ്ങേണ്ടതുണ്ട്. ഇപ്പോഴത്തെപ്പോലെ പൂര്‍ണ്ണ ഓണ്‍ലൈന്‍ ആയാലും അല്ലെങ്കില്‍ ഭാഗിക ഓണ്‍ലൈന്‍ ആയാലും മിശ്രിത (blended) രീതിയായാലും അതിനു ചില ഒരുക്കങ്ങള്‍ ആവശ്യമാണ്. ചില നിര്‍ദ്ദേശങ്ങള്‍ ഇവിടെ ചേര്‍ക്കാമെന്നു കരുതുന്നു. 

ചെറിയ സമയത്തേക്കുള്ള വീഡിയോകള്‍ ഒരു പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുക എന്നതാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള ഒരു പരിഹാരം. കുട്ടികള്‍ അവര്‍ക്കു താല്പര്യമുള്ളപ്പോള്‍ അത് കാണട്ടെ. പരസ്യ വീഡിയോ ശൈലിയാണ് പഠനവൈകല്യമുള്ളവര്‍ക്ക് ഏറ്റവും യോജിക്കുക.

മുന്നേ തയ്യാറാക്കിയ ടൈംടേബിള്‍ അനുസരിച്ചുള്ള ക്ലാസ്സുകള്‍ ഇത്തരം കുട്ടികള്‍ക്ക് നിര്‍ബ്ബന്ധമാക്കാതിരിക്കുക. ടൈംടേബിള്‍ അധിഷ്ഠിത ക്ലാസ്സുകളില്‍ അവര്‍ സാധിക്കുംവിധം പങ്കെടുക്കട്ടെ. അത്തരം ക്ലാസ്സുകളെ അടിസ്ഥാനമാക്കി നല്‍കുന്ന അസൈന്‍മെന്റുകളും മറ്റും കുട്ടികള്‍ക്ക് നിര്‍ബ്ബന്ധമാക്കരുത്.

ശ്രവ്യസുഖമുള്ള ഓഡിയോ ലഭ്യമാവുംവിധം റെക്കോഡ് ചെയ്ത ചെറിയ വീഡിയോകളിലേക്ക് പാഠ്യഭാഗം ഒതുക്കുക. പരമാവധി നാലോ അഞ്ചോ മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യം വീഡിയോകള്‍ക്ക് ഉണ്ടാവരുത്.

കഴിയുന്നത്ര പാഠ്യഭാഗങ്ങള്‍ പരസ്യ വീഡിയോ മാതൃകയില്‍ 30 മുതല്‍ 50 സെക്കന്റ് വരെയുള്ള ചെറിയ കാപ്സ്യൂള്‍ ക്ലാസ്സുകളാക്കി മാറ്റുക. കുട്ടികള്‍ എപ്പോള്‍ വേണമെങ്കിലും എത്ര തവണ വേണമെങ്കിലും ഈ കാപ്സ്യൂള്‍ ക്ലാസ്സുകള്‍ കാണട്ടെ.

വീട്ടിലും വീടിനു പുറത്തും അവര്‍ക്കു ചെയ്യാവുന്ന ചെറിയ പ്രവര്‍ത്തനങ്ങള്‍ വീഡിയോ ക്ലാസ്സുകളിലൂടെ തന്നെ നല്‍കണം. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആവശ്യമെങ്കില്‍ ഡെമോണ്‍സ്ട്രറ്റ് ചെയ്തു കാണിക്കണം എങ്ങനെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യിപ്പിക്കാം എന്നുള്ള നിര്‍ദ്ദേശങ്ങള്‍ രക്ഷിതാക്കള്‍ക്കും. നല്‍കണം. മറ്റൊരാളുടെ സഹായമില്ലാതെ പല കുട്ടികള്‍ക്കും പ്രവൃത്തികള്‍ ഏറ്റെടുക്കാനാവണമെന്നില്ല. 

പഠിക്കേണ്ടുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചിത്രീകരിക്കാം. ആവശ്യമെങ്കില്‍ ഒരേ കണ്ടന്റ് തന്നെ വീഡിയോ ഫയല്‍, ഓഡിയോ ഫയല്‍, ടെക്സ്റ്റ് ഫയല്‍ എന്നിങ്ങനെ വേറെവേറെ നല്‍കണം. ഒരു രീതിയില്‍ മാത്രമല്ലാതെ ഒരേ കാര്യം തന്നെ പല ശൈലിയില്‍ ചെറു വീഡിയോകളാക്കി നല്‍കാം.

പരസ്യമാതൃകയിലുള്ള ക്ലാസ്സുകളും ലഘു വീഡിയോകളും ഉയര്‍ന്ന ശ്രദ്ധയോടെ പ്ലാന്‍ ചെയ്യേണ്ടിവരും. കൃത്യമായ ലെസ്സണ്‍ പ്ലാനിങ് (പാഠാസൂത്രണം) ആവശ്യമാണ് എന്നര്‍ത്ഥം. 

പെഡഗോജിയുടെ ഏറ്റവും കാര്യക്ഷമമായ ഉപയോഗം പഠനപ്രക്രിയയുടെ ആസൂത്രണത്തിലും ഇതര ഘട്ടങ്ങളിലും ഇത്തരം ക്ലാസ്സുകള്‍ക്ക് ആവശ്യമാണ്. നാട്യബോധനത്തിന്റെ (തിയേറ്റര്‍ പെഡഗോജി) അപാര സാധ്യതകള്‍ ഉപയോഗിക്കാന്‍ ഓണ്‍ലൈന്‍ അധ്യയന സംവിധാനത്തിലൂടെ ശ്രദ്ധിക്കണം.

ബ്ലെന്റഡ് ടീച്ചിങ് സമീപനത്തിന് ഉതകുംവിധം ചിത്രീകരിച്ചാല്‍ എല്ലാക്കാലത്തും ഇത്തരം ക്ലാസ്സുകള്‍ ഉപയോഗപ്പെടുത്താം. ചില കുട്ടികള്‍ക്കാകട്ടെ, എന്തു പഠനത്തിനും രക്ഷിതാവിന്റെ സാന്നിധ്യം അല്ലെങ്കില്‍ കൂട്ടിരിപ്പ് നിര്‍ബ്ബന്ധമാണ്. സമാവസര ക്ലാസ്സുകളില്‍ തന്നെ രക്ഷിതാവ് കൂടെയോ ക്ലാസ്സിനോട് ചേര്‍ന്നോ ഇരിക്കേണ്ട അവസ്ഥ ചില കുട്ടികളുടെ കാര്യത്തില്‍ ഉണ്ടാവാറുണ്ട്. ഈ ആശ്രിതത്വം ഉപയോഗിക്കാനുള്ള സാധ്യതകൂടി മുന്‍കൂട്ടി കാണണം.

ഇക്കാര്യങ്ങള്‍ സാധാരണ സ്‌കൂളില്‍ പഠിക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കു വേണ്ടിയാണ് സൂചിപ്പിക്കുന്നത്. സ്പെഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കുന്ന, കടുത്ത പ്രയാസങ്ങളുള്ള കുട്ടികള്‍ക്ക് വീടു കേന്ദ്രീകരിച്ച് പ്രത്യക ശ്രദ്ധ (optimal care) നല്‍കുകയോ അവരുടെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയോ അല്ലാതെ വേറെ വഴിയില്ല. ഏറെക്കുറെ ഒരേ പ്രായമുള്ള കുട്ടികള്‍ക്ക് ഇടവിട്ട് പ്രവേശനം നല്‍കുകയെങ്കിലും ചെയ്താല്‍ അത് വലിയ ഗുണപരമാവും. അനുഭവത്തിനും ആശ്വാസത്തിനുമായി സ്‌കൂളില്‍ പോവുന്ന അത്തരക്കാര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍കൊണ്ട് ഗുണമൊന്നുമില്ലല്ലോ. തെറാപ്പികള്‍ ഒരു വര്‍ഷം മുടങ്ങിയ കുട്ടികള്‍ അവരുടെ പ്രാപ്തികളില്‍ ഒരു പാട് പിന്നിലേക്ക് പോയിട്ടുണ്ടാവും. അത് തിരിച്ചെടുക്കാന്‍ ഇനി വീണ്ടും വര്‍ഷങ്ങളുടെ അദ്ധ്വാനം വേണ്ടിവന്നേക്കാം. വേണ്ടുന്ന കൊവിഡ് പ്രോട്ടോക്കോളുകള്‍ ഉറപ്പാക്കിക്കൊണ്ട് സ്‌പെഷ്യല്‍ സ്‌കൂളുകള്‍ തുറക്കുകയും അതിനോടനുബന്ധമായുള്ള തെറാപ്പി സംവിധാനങ്ങള്‍ ആരംഭിക്കുകയും ചെയ്താല്‍ അത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആശ്വാസമാകും. അതിനുള്ള നീക്കം സര്‍ക്കാര്‍ എടുത്താല്‍ നന്ന്.

മൊബൈലിൽ  നിന്ന് നോട്ട് പകർത്തിയെടുക്കുന്ന കുട്ടി. രാജ്യത്തെ ആദ്യ വെർച്വൽ സ്കൂൾ സംരംഭം തുടങ്ങിയത് കേരളത്തിലാണ്
മൊബൈലിൽ  നിന്ന് നോട്ട് പകർത്തിയെടുക്കുന്ന കുട്ടി. രാജ്യത്തെ ആദ്യ വെർച്വൽ സ്കൂൾ സംരംഭം തുടങ്ങിയത് കേരളത്തിലാണ്

പുതിയ സമീപനം വേണം
 
'ഉല്‍ക്ക'യും 'ഉലക്ക'യും കുട്ടി മനസ്സിലാക്കിയിട്ടുള്ളത് അദ്ധ്യാപകനില്‍നിന്നു മാത്രമല്ല. 'ഉലക്കേടെ മൂട്' എന്തെന്ന് കുട്ടി അറിഞ്ഞത് നിഘണ്ടുവില്‍നിന്നു കണ്ടെത്തിയല്ല. അര്‍ത്ഥ പൂര്‍ണ്ണമായ എല്ലാ പഠനത്തിനും സാമൂഹ്യസാഹചര്യങ്ങളും സ്‌കൂള്‍ അന്തരീക്ഷവും സുഹൃത്തുക്കളും അദ്ധ്യാപകരും ഒക്കെ ആവശ്യമുണ്ട്. 'പീര്‍ ഗ്രൂപ്പ്' പഠനത്തിന്റെ അവസരങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായതും പറഞ്ഞും കേട്ടും അറിയാനുള്ള സ്‌കൂള്‍ അവസരങ്ങള്‍ ഏറെക്കുറെ നഷ്ടമായതും അറിഞ്ഞതിനെ അനുഭവിച്ചറിഞ്ഞും അനുഭവിച്ചറിഞ്ഞതിനെ ക്ലാസ്സ്മുറിയില്‍ വേര്‍തിരിച്ചറിഞ്ഞും പഠിക്കാന്‍ കഴിയാതെ പോയതും അനുഭവങ്ങളെ സ്വായത്തമാക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കി എന്നതും മറികടക്കാന്‍ കൊവിഡ് കാലത്തു മരവിപ്പിച്ചു നിര്‍ത്തിയ സ്‌കൂളിങ് തിരിച്ചു വരേണ്ടതുണ്ട്. ഒപ്പം ഓണ്‍ലൈന്‍ അധ്യയന രീതിശാസ്ത്രങ്ങളില്‍ സമാവസര സമീപനം (inclusive approach) കൊണ്ടുവരേണ്ടതുമുണ്ട്. അതിനുള്ള പരിശ്രമം നടത്താന്‍ വിദ്യാഭ്യാസ മേഖല ഒട്ടും വൈകിക്കൂടാ. ധിഷണാപരമായും ശാരീരികമായും പ്രയാസമനുഭവിക്കുന്നവര്‍ക്കായി കാര്യക്ഷമമായ ഒരു വെര്‍ച്വല്‍ അധ്യയന സമീപനം കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു എന്നു ചുരുക്കം; ഇനി വരുന്ന കാലത്ത് അതു കൂടാതെ കഴിയില്ലല്ലോ.

മുന്നേ സൂചിപ്പിച്ചതുപോലെ, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരില്‍പെട്ട ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വൈകല്യങ്ങള്‍ (intellectual disorders) എന്നീ പ്രയാസങ്ങളുള്ള കുട്ടികള്‍ 'ശ്രദ്ധയോടെ ശ്രവിക്കുക/കാണുക' എന്നത് അത്രമേല്‍ സാധ്യമല്ലാത്തവരാണ്. അവര്‍ക്ക് ടെലിവിഷനിലോ മൊബൈലിലോ കംപ്യൂട്ടറിലോ അദ്ധ്യാപനം കണ്ടിരിക്കാനാവില്ല തന്നെ. ഇതു പറയുമ്പോള്‍ത്തന്നെ ഒരു കാര്യം ഉള്‍ക്കൊള്ളണം; ഈ സംവിധാനങ്ങളൊന്നും അവരെ ആകര്‍ഷിക്കില്ല അല്ലെങ്കില്‍ അവര്‍ ഉപയോഗിക്കില്ല എന്നൊരര്‍ത്ഥം ഇതിനില്ല. ചിലര്‍ മണിക്കൂറുകളോളം മൊബൈലോ കംപ്യൂട്ടറോ ഉപയോഗിച്ചുകൊണ്ടിരുന്നുകൊള്ളും. പക്ഷേ, അത് ഏതെങ്കിലും ക്ലാസ്സോ പാഠഭാഗമോ ആസ്വദിക്കാനായിരിക്കില്ല, വല്ല ഗെയിമുകളോ വീഡിയോ ഷോകളോ ആവാനേ ഇടയുള്ളൂ. അവരുടെ മാനസിക താല്പര്യത്തോട് നില്‍ക്കുന്നതല്ലാത്ത എന്തെങ്കിലും അടങ്ങിയിരുന്ന് തുടര്‍ച്ചയായി ശ്രദ്ധിക്കാന്‍ കഴിയാത്ത, ശരീരമോ മനസ്സോ അതിനു സമ്മതിക്കാത്ത, അത്തരം കുട്ടികള്‍ക്ക് വെര്‍ച്വല്‍ ക്ലാസ്സ് എന്നത് 'ഒട്ടും ദഹിക്കാത്ത' സംവിധാനമായി മാറുന്നു. 

കൊവിഡ് കാലത്തെ വെര്‍ച്വല്‍ പഠനം നമുക്കു തന്ന പാഠം അദ്ധ്യാപകരേയും വിദ്യാലയത്തേയും വെബ് ടെക്‌നോളജികൊണ്ട് പകരം വെയ്ക്കാം എന്നല്ല, മറിച്ച് അദ്ധ്യാപകരും വിദ്യാലയവും സഹപാഠികളും ഒഴിവാക്കാന്‍ പറ്റാത്ത അനിവാര്യതകളാണ് എന്നുതന്നെയാണ്. പഠനമെന്നത് പാഠ്യവിഷയങ്ങളില്‍ വിവരം നേടല്‍ മാത്രമല്ല, അതു വ്യക്തിയുടെ വിവിധങ്ങളായ ഇടപെടലുകളില്‍നിന്നു ലഭിക്കുന്ന മനോവികാസമാണ് എന്ന വസ്തുത അരക്കിട്ടുറപ്പിക്കാനും ഇക്കാലം സഹായിച്ചു. അദ്ധ്യാപകന്‍ കൂടുതല്‍ കഴിവുകളാര്‍ജ്ജിക്കണമെന്നും അതിന് സര്‍ക്കാരുകള്‍ നല്‍കുന്ന 'മോഡുലാര്‍ ഇന്‍സര്‍വ്വീസ് കോഴ്സുകളല്ല' സ്വയാര്‍ജ്ജിത പഠനമാണ് വേണ്ടത് എന്നും കൂടുതല്‍ കഴിവുള്ളവരായി മാറിക്കൊണ്ടേയിരുന്നില്ലെങ്കില്‍ കുട്ടികള്‍ അവരുടേതായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അദ്ധ്യാപകനില്‍നിന്നകലുമെന്നും നാം മനസ്സിലാക്കിയാല്‍ നന്ന്. അതിനുള്ള സാധ്യതയും കൊവിഡ് കാലം നമ്മെ ബോധ്യപ്പെടുത്തി തന്നിട്ടുണ്ട്.

'Water water everywhere, not a drop to drink' എന്നത് വെറും രണ്ടു വരിയല്ല എന്നും അതിനു വളരെ വിശാലമായ വ്യാഖ്യാനമുണ്ടെന്നും ''ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ ചിറകൊടിഞ്ഞുള്ളൊരീ കാട്ടു പക്ഷി'' എന്നത് പ്രകൃതി എല്ലാവരുടേതുമാണെന്ന മഹാസ്‌നേഹത്തിന്റെ കുറിപ്പുകളാണെന്നും പഠിതാവിനെ മനസ്സിലാക്കിപ്പിക്കുന്ന സ്‌കൂള്‍ അനുഭവങ്ങള്‍ക്കു പകരം വെയ്ക്കാന്‍ ഓണ്‍ലൈന്‍ ക്ലാസ്സിന്റെ സംവിധാനങ്ങള്‍ക്കാവില്ല. ഓണ്‍ലൈന്‍ ആപ്പുകള്‍ പഠിപ്പിക്കുക എന്നത് ഒരു ആവേശമായി ഏറ്റെടുത്ത് അവസരോചിതമായി 'ടെക്‌നോളജി വിദഗ്ദ്ധരായി' മാറിയ അദ്ധ്യാപകരും ഈ വസ്തുത കണക്കിലെടുക്കണം. കക്കയും കാക്കയും വളയും വലയും മാളവും മാലയും മനയും മണവും ഒക്കെ വേറിട്ട അര്‍ത്ഥതലങ്ങള്‍ നമുക്കു മുന്നില്‍ സൃഷ്ടിച്ചെടുത്തത് ഒരു സ്രോതസ്സില്‍നിന്നുമാത്രം പകര്‍ന്നുകിട്ടിയ അറിവുകൊണ്ടല്ല. അതിനുതകുന്ന അനുഭവങ്ങളുടെ ആകെത്തുകയില്‍നിന്നാണ്. ആ അനുഭവങ്ങള്‍ നേടാനുള്ള അവസരങ്ങള്‍ ഒരുക്കി നല്‍കാന്‍ വിദ്യാഭ്യാസത്തിനു ബാധ്യതയുണ്ട്. ആ ബാധ്യത ഒട്ടും മാറ്റു കുറയാതെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരിലേക്കെത്തിക്കാനും സകലര്‍ക്കും ഉത്തരവാദിത്വമുണ്ട്. പ്രാപ്തരായവര്‍ക്കുമാത്രം പാഠ്യഭാഗം പകര്‍ന്നു നല്‍കലല്ല വിദ്യാഭ്യാസം എന്ന ഉല്‍കൃഷ്ടമായ തിരിച്ചറിവ് നാം ഒരിക്കല്‍ക്കൂടി പറഞ്ഞുറപ്പിക്കേണ്ടതുണ്ട് എന്നതാണ് വെര്‍ച്വല്‍ പഠനത്തിന്റെ ഒരു വര്‍ഷം നമ്മെ പഠിപ്പിച്ചത്. ഇന്‍ക്ലൂസിവ് സംവിധാനത്തിന്റെ അവസരസമത്വം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലും നമ്മള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.
---------
(കെ.വി. മനോജ് എഡിറ്റു ചെയ്ത 'ഓണ്‍ലൈന്‍ വിദ്യാഭ്യാസം: പ്രയോഗം പ്രതിവായന' എന്ന പുസ്തകത്തോട് കടപ്പാട്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com