അവര്‍ കമ്യൂണിസ്റ്റുകളെ തേടിവന്നപ്പോള്‍ പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളര്‍ എവിടെ ആയിരുന്നു?

ആ പ്രശസ്തമായ കവിതയ്ക്കു പിന്നില്‍ കുറ്റബോധത്തിന്റെ നീറ്റലില്‍ പുകയുന്ന കുമ്പസാരത്തിന്റേയും ഏറ്റുപറച്ചിലിന്റേയും ചരിത്രമാണുള്ളത്
ജർമനിയിലെ ബുചെൻവാൽഡ് കോൺസ്ട്രേഷൻ ക്യാംപ്. കമ്യൂണിസ്റ്റുകാരെന്ന് സംശയിക്കുന്നവരെ പാർപ്പിച്ച ഈ തടവറകളിൽ പിന്നീട് ജൂതരും പൊളിഷുകാരും മറ്റ് രാഷ്ട്രീയ തടവുകാരുമെത്തി
ജർമനിയിലെ ബുചെൻവാൽഡ് കോൺസ്ട്രേഷൻ ക്യാംപ്. കമ്യൂണിസ്റ്റുകാരെന്ന് സംശയിക്കുന്നവരെ പാർപ്പിച്ച ഈ തടവറകളിൽ പിന്നീട് ജൂതരും പൊളിഷുകാരും മറ്റ് രാഷ്ട്രീയ തടവുകാരുമെത്തി

പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറുടെ ''ആദ്യം അവര്‍ കമ്യൂണിസ്റ്റുകാരെ തേടിവന്നു. ഞാന്‍ നിശ്ശബ്ദനായിരുന്നു; കാരണം ഞാനൊരു കമ്യൂണിസ്റ്റ് അല്ലായിരുന്നു'' എന്ന് തുടങ്ങുന്ന ആ പ്രശസ്തമായ കവിതയ്ക്കു പിന്നില്‍ കുറ്റബോധത്തിന്റെ നീറ്റലില്‍ പുകയുന്ന കുമ്പസാരത്തിന്റേയും ഏറ്റുപറച്ചിലിന്റേയും ചരിത്രമാണുള്ളത്.

1946 ജനുവരി 6-ന് തീവ്ര യാഥാസ്ഥിതിക വലതുപക്ഷക്കാരനായിരുന്ന പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളര്‍ തന്റെ ഹിറ്റ്ലര്‍ വിധേയത്വം ഉപക്ഷിച്ച് ജര്‍മനിയിലെ ക്രിസ്തുമതത്തിലെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ ഉടലെടുത്ത ഹിറ്റ്ലര്‍ വിരുദ്ധ ന്യൂനപക്ഷത്തിന്റെ ഭാഗമായപ്പോള്‍ Confessing Church എന്ന ഫാസിസ്റ്റ് വിരുദ്ധ സഭയുടെ ഭാഗമായി നടത്തിയ കുമ്പസാരമാണ് പിന്നീട് പ്രശസ്തമായ ഫാസിസ്റ്റ് വിരുദ്ധ കവിതയായി ലോകം മുഴുവന്‍ ഇന്ന് പാടുന്നത്. 

1946-ലെ പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറിന്റെ പ്രസംഗത്തില്‍നിന്ന്:

ഒരു വര്‍ഷം മുന്‍പ് ഞാന്‍ ജയില്‍മോചിതനായി പുറത്തുവരുമ്പോള്‍ എന്റെ പോക്കറ്റില്‍ ഒരു സര്‍ട്ടിഫിക്കറ്റുണ്ടായിരുന്നു. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവനായി ഹിറ്റ്ലറുടെ സ്വകാര്യ തടവുകാരനും രാഷ്ട്രീയ തടവുകാരനുമായിരുന്നു 1937 ജൂലൈ 1 മുതല്‍ 1945 ജൂണ്‍ 24 വരെ മാര്‍ട്ടിന്‍. കുറ്റബോധത്തില്‍നിന്ന് തല ഊരാന്‍ ഞങ്ങള്‍ ചെയ്തത് തെറ്റ് മുഴുവന്‍ മറ്റൊരാളിലേക്ക് കൈമാറുകയായിരുന്നു. അത്ര ആനന്ദം നല്‍കുന്ന കളിയായിരുന്നില്ല അത്. പക്ഷേ, അനിവാര്യമായിരുന്നു. കുറ്റബോധത്തിന്റെ ഭണ്ഡാരപ്പെട്ടി ആരെങ്കിലും ഏറ്റെടുത്താല്‍ അത് അയാളുടെ കൈകളെ മാത്രമല്ലല്ലോ പൊള്ളിക്കുക.

(നാസി ഭരണം അവസാനിക്കുമ്പോള്‍ ജര്‍മനിയിലെ പ്രൊട്ടസ്റ്റന്റ്റ് ചര്‍ച്ചുകള്‍ വലിയ രാഷ്ട്രീയ വിശ്വാസപ്രതിസന്ധിയെയാണ് നേരിട്ടത്. ഹിറ്റലര്‍ക്ക് എതിരായി നിലപാട് എടുക്കാതിരുന്നത് സഭയെ കുറ്റബോധത്തിന്റെ പടുകുഴിയിലേക്കാണ് താഴ്ത്തിയത്).

ഒരിക്കല്‍ ഒരു സംഭവമുണ്ടായി. ഒരു ദിവസം ഞാന്‍ Dachau Concetnration camp-ന് പുറത്തുകൂടെ കാര്‍ ഓടിക്കുമ്പോള്‍ എന്നോടൊപ്പമുണ്ടായിരുന്ന ഭാര്യ ഒരു ആഗ്രഹം പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷം നിങ്ങള്‍ തടവില്‍ കിടന്ന തടവറ എനിക്ക് ഇതുവരെ കാണാന്‍ അവസരം കിട്ടിയില്ല. എനിക്കത് കാണണമെന്നുണ്ട്. ശ്രമിക്കാമെന്ന് ഞാന്‍ മറുപടിയും പറഞ്ഞു.

കാര്‍ അവിടേക്ക് ഓടിച്ച് സെല്ലുകളുള്ള ബ്ലോക്കില്‍ കയറാന്‍ അനുവാദം വാങ്ങി ഭാര്യയെ തടവറ കാണിച്ചു. അവിടെ അപ്പോള്‍ മറ്റൊന്നുകൂടി സംഭവിച്ചു. ഞങ്ങള്‍ തടവറയ്ക്കു പുറത്തുവന്നപ്പോള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന അമേരിക്കന്‍ ഓഫീസര്‍ തൊട്ടടുത്തുള്ള ഒരു മതിലിനരികിലേക്ക് ഞങ്ങളെ നയിച്ചു. ജയില്‍പ്പുള്ളിയായിരുന്ന കാലത്ത് പലവട്ടം ഈ മതിലിനോളം ഞാന്‍ നടന്നിട്ടുണ്ട്. അവിടെയുണ്ടായിരുന്ന ഒരു വലിയ ഗെയ്റ്റിന്റെ അപ്പുറം ഒരിക്കലും ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. അന്ന് തുറന്നുകിടക്കുകയായിരുന്നു. അതിനപ്പുറം എന്താണെന്ന് എനിക്ക് അറിയാമായിരുന്നു. എന്നിരുന്നാലും അതിനകത്തേക്ക് ഞങ്ങള്‍ പ്രവേശിച്ചു.

മാർട്ടിൻ നിമോളർ. ജർമൻ തിയോളജിസ്റ്റായിരുന്ന അദ്ദേഹം
മാർട്ടിൻ നിമോളർ. ജർമൻ തിയോളജിസ്റ്റായിരുന്ന അദ്ദേഹം

നട്ടെല്ലിലെ തണുത്ത വിറയല്‍ 

ഉമരവൗവിലെ ശ്മശാനത്തിനു മുന്നില്‍ എന്റെ ഭാര്യയ്ക്കൊപ്പം ഞാന്‍ നിന്നു. കെട്ടിടത്തിനു മുന്നിലെ മരത്തില്‍ തൂക്കിയിരുന്ന വെള്ള പെയിന്റടിച്ച ബോര്‍ഡില്‍ കറുത്ത അക്ഷരത്തില്‍ ഇങ്ങനെ എഴുതിയിരുന്നു: 
1933 മുതല്‍ 1945 വരെയുള്ള വര്‍ഷങ്ങളില്‍ ഇവിടെ 2,38,756 മനുഷ്യരെ ദഹിപ്പിച്ചു. ഒച്ച അധികം ഉയര്‍ത്താതെ ഞാന്‍ അത് വായിക്കുമ്പോള്‍ എന്റെ ഭാര്യ പേടിച്ചുവിറച്ച് എന്റെ കൈകളിലേക്ക് തളര്‍ന്നുവീണു. ഞാന്‍ അവരെ താങ്ങുന്നതിനിടയില്‍ ഒരു തണുത്ത വിറയല്‍ എന്റെ നട്ടെല്ലിനിടയിലൂടെ കടന്നുപോകുന്നത് ഞാനറിഞ്ഞു. രണ്ടരലക്ഷത്തോളം എന്ന ഭീമമായ ആ സംഖ്യ വായിച്ചതിന്റെ ഞെട്ടലിലായിരിക്കണം ഭാര്യ തളര്‍ന്നുവീണത്. എനിക്കറിയാമായിരുന്ന ചരിത്രമായതിനാല്‍ അതെന്നെ സ്പര്‍ശിച്ചതേയില്ല. എന്നാല്‍, മറ്റൊരു വികാരം എന്റെ ശരീരത്തെ തണുപ്പിക്കുകതന്നെ ചെയ്തു.

അത് അതിലെഴുതിയ ആ കാലഘട്ടമായിരുന്നു; 1933-1945 കാലം. പ്രതിരോധിക്കാന്‍ ആയുധങ്ങളൊന്നുമില്ലാതെ ഞാന്‍ നിസ്സഹായനായി ഇരുട്ടില്‍ തപ്പാന്‍ തുടങ്ങി. ആ രണ്ട് കാലഘട്ടത്തിനിടയ്ക്കായിരുന്നു ജീവിക്കുന്ന ദൈവത്തിന് എന്നെ ആവശ്യമുണ്ടായിരുന്നത്. എന്റെ പ്രതിരോധം എന്നെ ജൂലൈ ഒന്ന് 1937 മുതല്‍ 1945-ന്റെ ആദ്യപാദം വരെ എത്തിച്ചു. ആദം നീ എവിടെയാണ്? (ആദം, ബൈബിളിലെ ആദ്യ മനുഷ്യന്‍, ജീവന്റെ ഫലം കഴിച്ചപ്പോള്‍ വെളിവായ തന്റെ നഗ്‌നത തിരിച്ചറിഞ്ഞ് ഏദന്‍തോട്ടത്തില്‍ ഒളിച്ചിരുന്ന ആദ്യമനുഷ്യനോട് സ്രഷ്ടാവിന്റെ ചോദ്യമായിരുന്നു അത്. ആദം നീ എവിടെയാണ് മറഞ്ഞിരിക്കുന്നത്?)

മെഞ്ച് (Mensch-Yiddish-is a High German-derived language historically spoken by Ashkenazi Jews ഏറ്റവും ആദരണീയനായ മനുഷ്യന്‍ എന്ന് അര്‍ത്ഥം വരുന്ന ഭാഷയിലെ ഒരു പ്രയോഗം) നീ എവിടെ ആയിരുന്നു? (അല്ലയോ ആദര്‍ശ പുണ്യവാളാ നീ എവിടെയായിരുന്നു?) അതെ എനിക്കറിയാം, 1937-ന്റെ രണ്ടാം പാദം മുതല്‍ നാസിഭരണകൂടത്തിന്റെ അന്ത്യംവരെ നീ ഉണ്ടായിരുന്നു എന്നതിനു തെളിവുണ്ട്. എന്നാല്‍, 1933 മുതല്‍ 1937 ജൂലൈ ഒന്നുവരെ നീ എവിടെ ആയിരുന്നു എന്നതാണ് ഇവിടുത്തെ ചോദ്യം. ഈ ചോദ്യത്തെ അവഗണിച്ചു മുന്നോട്ടുപോകാന്‍ ഇനിയെനിക്ക് കഴിയില്ല. 1933-ല്‍ ഞാന്‍ ഒരു സ്വതന്ത്ര മനുഷ്യനായിരുന്നു. 1933 ശ്മശാനത്തിന്റെ നടുമുറ്റത്ത് അത് സംഭവിക്കുന്നതായി എനിക്കു തോന്നി - അതെ 1933 അത് ശരിയാണ്: രാഷ്ട്രീയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടാതിരുന്ന എല്ലാ കമ്യൂണിസ്റ്റുകളും നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്റെ മുള്ളുവേലിക്കുള്ളിലായതിനുശേഷം ഹെര്‍മന്‍ ഗോറിങ് (Hermann Goring ഹിറ്റ്ലറുടെ നാസി പാര്‍ട്ടിയിലെ ശക്തരില്‍ ശക്തനായ നേതാവ്) പരസ്യമായി വീമ്പടിച്ചിരുന്നു, കമ്യൂണിസ്റ്റ് ഭീകരതയെ താന്‍ ഇല്ലാതാക്കിയിരിക്കുന്നു എന്ന്. ആ രണ്ട് സംഖ്യകളിലേക്ക് ചൂണ്ടിക്കൊണ്ട് ദൈവം ചോദിച്ചു: ആദം നീ എവിടെയാണ്? അല്ലയോ പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറെന്ന ആദര്‍ശപുരുഷാ, നീ എവിടെ ആയിരുന്നു ആ സമയത്ത്? എന്നാല്‍, പിന്നീട് എനിക്കു തോന്നി ഈ മുഴുവന്‍ സംഭവങ്ങളും എന്നില്‍ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല എന്ന്. എന്റെ ഹൃദയത്തിന്റെ കോണിലെവിടെയൊ ഒരുപക്ഷേ, ഒരു ചെറിയ ചിന്ത ഉണ്ടായിരുന്നിരിക്കണം, കുറഞ്ഞപക്ഷം പിന്നീടാണെങ്കിലും ഞാന്‍ ചിന്തിച്ചിരുന്നു: ദൈവവിശ്വാസം ഇല്ലായ്ക (കമ്യൂണിസ്റ്റുകാര്‍) എന്ന അപകടത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ഏറ്റവും മോശമായ മാര്‍ഗ്ഗമാണിത്. തൊഴില്‍ ചെയ്ത് ലളിതമായ ജീവിതം നയിച്ച ഒരു കൂട്ടം മനുഷ്യരെ, ഒരു കാരണവുമില്ലാതെ, നിയമവിരുദ്ധമായി ജയിലിലടച്ച്, കുടുംബത്തില്‍നിന്നും സ്വാതന്ത്ര്യത്തില്‍നിന്നും അവരെ അകറ്റി, നാസി തടങ്കല്‍പ്പാളയത്തിലേയ്ക്ക് അയച്ചു. കമ്യൂണിസ്റ്റുകാരായിരുന്നു എന്ന കുറ്റം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളു. ആ ചോദ്യത്തിന് ദൈവത്തിനു മുന്നില്‍ ഞാന്‍ ഉത്തരം പറയണം. അതെനിക്കു സാധിക്കില്ല.

ആ കാലത്ത് ഞാന്‍ ഒരു സ്വതന്ത്ര മനുഷ്യനായിരുന്നു. ആ കാലത്ത് ഞാന്‍ എന്റെ ശരിയായ ഉത്തരവാദിത്വങ്ങള്‍ക്ക് എന്നെ വിട്ടുകൊടുക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ എന്നെ ആവശ്യമുണ്ടെന്ന ആ പോസ്റ്റര്‍ അവിടെ ഉണ്ടായിരുന്നു; അതിനെ ഇനി അവഗണിക്കാന്‍ എനിക്ക് കഴിയില്ല.

അന്ന് വീട്ടിലെത്തിയപ്പോള്‍ മത്തായിയുടെ സുവിശേഷം 25-ാം അദ്ധ്യായം ഒരു പുതിയ അര്‍ത്ഥതലത്തില്‍ ഞാന്‍ വായിച്ചു. ''ഞാന്‍ വിശന്നവനായിരുന്നു നീ എനിക്ക് ഭക്ഷിക്കാന്‍ നല്‍കിയില്ല. ഞാന്‍ ദാഹിച്ചവനായിരുന്നു, നീ എനിക്കു കുടിക്കാന്‍ വെള്ളം തന്നില്ല. ഞാന്‍ രോഗിയും തടവിലുമായിരുന്നു, നീ എന്റെ അരികിലേക്ക് വന്നില്ല.'' 

ഒരു ക്രിസ്ത്യാനി എന്ന നിലയ്ക്ക് 1933-ല്‍ എനിക്ക് അറിവുണ്ടായിരിക്കണമായിരുന്നു എന്റെ ഈ മനുഷ്യസഹോദരങ്ങളില്‍ ഓരോരുത്തരുടേയും കൂടെ - അവരെ കമ്യൂണിസ്റ്റ് എന്നൊ മറ്റെന്ത് പേരു വിളിച്ചാലും - കൂടെ നിലകൊള്ളേണ്ടവനായിരുന്നു ഞാനെന്ന്. ദൈവപുത്രനായ യേശുക്രിസ്തു എന്നോട് ചോദിക്കുന്നുണ്ടായിരുന്നു ഇവരുടെ ഒപ്പം നിലകൊള്ളേണ്ടവനല്ലെ നീയും എന്ന്.

ഡഷോ കോൺസൻട്രേഷൻ ക്യാംപിലെ ശ്മശാനച്ചൂള
ഡഷോ കോൺസൻട്രേഷൻ ക്യാംപിലെ ശ്മശാനച്ചൂള

കണ്ണില്ലാത്ത ക്രൂരതകളും സഭയും

ഡാഷോ കോണ്‍സണ്‍ട്രേഷന്‍ കുറിച്ചുള്ള തന്റെ കുമ്പസാരത്തില്‍ പാസ്റ്റര്‍ നിമോളര്‍ കമ്യൂണിസ്റ്റ് വേട്ടയെപ്പറ്റി മാത്രമാണ് പറഞ്ഞത്. ഫാസിസ്റ്റ് ഭരണത്തില്‍ ജര്‍മനിയില്‍ നടമാടിയ നാസി ഭീകരതയോടും, നാസി തടങ്കല്‍പാളയങ്ങളോടും നാസികള്‍ ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയതിനോടും അക്കാലത്ത് ജര്‍മനിയിലെ പ്രൊട്ടസ്റ്റന്റ് സഭ പുലര്‍ത്തിയ അലംഭാവപൂര്‍ണ്ണമായ നിശ്ശബ്ദതയോടുള്ള കടുത്ത വിയോജിപ്പായിരുന്നു പാസ്റ്റര്‍ നിമോളറിന്റെ ആ വിഖ്യാതമായ കവിതയില്‍ പ്രതിഫലിച്ചത്.

ഹിറ്റ്ലര്‍ അധികാരമേറ്റതോടെ ഒളിവില്‍ പ്രവര്‍ത്തിക്കേണ്ടിവന്ന ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുപ്പതിനായിരത്തിലധികം അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഒരുലക്ഷത്തി അന്‍പതിനായിരത്തിലധികം കമ്യൂണിസ്റ്റുകാരെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലടച്ച് പീഡിപ്പിച്ചു.

ദൈവം എന്നോട് ചോദിച്ചാല്‍ 1937 മുതല്‍ 1945 വരെ ഞാന്‍ എവിടെ ആയിരുന്നു എന്നതിനു മറുപടി ഉണ്ട്. പക്ഷേ, 1933 മുതല്‍ 1937 വരെ എവിടെയായിരുന്നു എന്നാണ് ചോദ്യം. അതിന് എനിക്ക് ഒരു മറുപടിയുമില്ലായിരുന്നു. ചിലപ്പോള്‍ ഞാന്‍ ഇങ്ങനെ മറുപടി പറഞ്ഞേക്കാം: ആ വര്‍ഷങ്ങളില്‍ ഞാന്‍ കണ്‍ഫെസിംഗ് ചര്‍ച്ചിന്റെ ഉത്തമനായ പാസ്റ്ററായിരുന്നു എന്ന്. എന്റെ ജീവനും സ്വാതന്ത്ര്യവും അപകടപ്പെടുത്തിക്കൊണ്ട് ശബ്ദമുയര്‍ത്താനുള്ള സാഹസം കാണിച്ചില്ലെ ഞാന്‍? എന്നാല്‍ ദൈവം എന്നോട് അതേപ്പറ്റി ഒന്നും ചോദിച്ചില്ല. എന്നാല്‍, ദൈവം ചോദിച്ചു ഇവിടെ മനുഷ്യവര്‍ഗ്ഗത്തെ ചുട്ടുകൊന്നുകൊണ്ടിരുന്നപ്പോള്‍ 1933 മുതല്‍ 1937 വരെ നീ എവിടെ ആയിരുന്നു? അവിടെ ചുട്ടുകൊല്ലപ്പെട്ടവര്‍ എന്റെ ക്രിസ്തീയ സഹോദരങ്ങളായിരുന്നില്ല. അവര്‍ കമ്യൂണിസ്റ്റുകാരും യഹോവാസാക്ഷികളും മറ്റ് പലരും ആയിരുന്നു. അതുകൊണ്ടാണ് ഞാന്‍ അതിന് അത്ര പ്രാധാന്യം കല്പിക്കാതിരുന്നത്.

1946 ജനുവരി ആറിന് ഫ്രാങ്ക്ഫര്‍ട്ടിലെ കണ്‍ഫെസിംഗ് ചര്‍ച്ചിന്റെ പ്രതിനിധികളുടെ ഒരു യോഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു (ഒരുപക്ഷേ, പൊതുവേദിയില്‍ പറയുന്നതിനേക്കാള്‍ സ്വാതന്ത്ര്യത്തോടെ, സഭയിലെ ആളുകളുടെ മുന്നില്‍ അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ടാവണം എന്ന് നമുക്ക് അനുമാനിക്കാം).

''പാസ്റ്റര്‍ നിമോളറെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലടച്ചപ്പോള്‍ വര്‍ഷം 1937 എന്ന് നമ്മള്‍ എഴുതി; കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് തുറന്ന വര്‍ഷം ഏത് എന്നിടത്ത് നമ്മള്‍ 1933 എന്നും എഴുതി. ആ സമയത്ത് അവിടെ തുറങ്കലിലുണ്ടായിരുന്നവര്‍ കമ്യൂണിസ്റ്റുകള്‍. ആരെങ്കിലും അവരെപ്പറ്റി ഓര്‍ത്ത് വേദനിച്ചിരുന്നുവോ? ഹിറ്റ്ലര്‍ നടത്തുന്ന കമ്യൂണിസ്റ്റ് വേട്ടയെപ്പറ്റി നമുക്ക് അറിയാമായിരുന്നു. മാധ്യമങ്ങളില്‍ അതേപ്പറ്റി വാര്‍ത്തകളുണ്ടായിരുന്നു. അവര്‍ക്കുവേണ്ടി ആരാണ് ശബ്ദം ഉയര്‍ത്തിയത്? കണ്‍ഫെസിംഗ് ചര്‍ച്ച് അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയോ? കമ്യൂണിസ്റ്റുകാര്‍ മതത്തെ എതിര്‍ക്കുന്നവരും ക്രിസ്ത്യാനികളുടെ ശത്രുക്കളും ആണെന്നായിരുന്നു നമ്മള്‍ ചിന്തിച്ചത്. ''എന്റെ സഹോദരന്റെ കാവല്‍ക്കാരനോ ഞാന്‍?'' തുടര്‍ന്ന് നാസികള്‍ അവശരേയും മാരകരോഗമുള്ളവരേയും തുടച്ചുനീക്കി. ഞാന്‍ ഓര്‍ക്കുന്നുണ്ട് ഒരു ക്രിസ്ത്യാനി എന്ന് അവകാശപ്പെടുന്ന ആളുമായി നടത്തിയ സംഭാഷണം. അയാള്‍ പറഞ്ഞു, ഭേദമാകാത്ത രോഗമുള്ളവര്‍ സ്റ്റേറ്റിനു വലിയ സാമ്പത്തികബാധ്യതയാണ്. ഭേദമാകാത്ത രോഗമുള്ളവര്‍ അവരവര്‍ക്കും സമൂഹത്തിനും ഒരു തലവേദനയാണ്; അവരെ സമൂഹത്തില്‍നിന്ന് ഒഴിവാക്കുന്നതല്ലെ എല്ലാ രീതിയിലും നല്ലത്? അതിനുശേഷം മാത്രമാണ് നാസി ഭീഷണി ക്രിസ്ത്യാനികള്‍ക്കു നേരെ വരാന്‍ തുടങ്ങിയത്. പൊതുവിലുയര്‍ന്നിരുന്ന പ്രതിഷേധശബ്ദം നിശ്ശബ്ദതയിലേക്ക് വീണുപോകുംവരെ. അപ്പോള്‍ നമ്മള്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങി, നമുക്ക് പറയാന്‍ കഴിയുമോ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അടക്കപെട്ടവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താതിരുന്നതില്‍ നമ്മള്‍ കുറ്റക്കാരല്ലെന്ന്? നിശ്ശബ്ദതയാണ് നമ്മള്‍ തിരഞ്ഞെടുത്തത്. കുറ്റബോധത്തില്‍നിന്ന് ഒരിക്കലും നമുക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. ഞാന്‍ എന്നോടുതന്നെ വീണ്ടും വീണ്ടും ചോദിക്കുകയുണ്ടായി നമ്മള്‍ 1933-ലൊ 1934-ലൊ ഉണ്ടായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന്. ഒരു സാധ്യത എന്താണെന്നു പറഞ്ഞാല്‍, ജര്‍മനിയിലെ എല്ലാ പ്രൊട്ടസ്റ്റന്റ് സഭകളും അതിന്റെ പതിനാലായിരം പാസ്റ്റേഴ്സും നമ്മുടെ ജീവന്‍ ബലികൊടുത്തും സത്യത്തിനുവേണ്ടി നിലകൊണ്ടിരുന്നെങ്കില്‍? അല്ലെങ്കില്‍, ഹെര്‍മന്‍ ഗോറിങ് എന്ന നാസി ഭരണമേധാവി ഒരു ലക്ഷം കമ്യൂണിസ്റ്റുകാരെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ കിടന്നു മരിക്കാന്‍ വിടുമ്പോള്‍ അത് ശരിയല്ല എന്ന് അന്ന് നമ്മള്‍ പറഞ്ഞിരുന്നെങ്കില്‍? എങ്കിലും ഒരുപക്ഷേ, മുപ്പതിനായിരം മുതല്‍ നാല്‍പ്പതിനായിരം വരെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ മരിക്കുമായിരുന്നു എന്നത് സത്യമാണ്. എന്നാല്‍, മറ്റൊരു മുപ്പതോ നാല്‍പ്പതോ ലക്ഷം ആളുകളുടെ ജീവനെ രക്ഷിക്കാന്‍ നമുക്ക് ഒരുപക്ഷേ കഴിയുമായിരുന്നു. അത്രയും ജീവനുകളാണ് ഇപ്പോള്‍ പൊലിഞ്ഞിരിക്കുന്നത്.

എങ്ങനെയാണ് മൃത​ദേഹങ്ങൾ ദഹിപ്പിച്ചിരുന്നതെന്ന് വിവരിച്ച് കാണിക്കുകയാണ് കൊടും പീഡനത്തെ അതിജീവിച്ചവർ
എങ്ങനെയാണ് മൃത​ദേഹങ്ങൾ ദഹിപ്പിച്ചിരുന്നതെന്ന് വിവരിച്ച് കാണിക്കുകയാണ് കൊടും പീഡനത്തെ അതിജീവിച്ചവർ

മാര്‍ട്ടിന്‍ നിമോളര്‍ ഫൗണ്ടേഷന്‍ നല്‍കുന്ന ഔദ്യോഗിക ഭാഷ്യത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അനുസരിച്ച് കമ്യൂണിസ്റ്റുകാരും സോഷ്യല്‍ ഡെമോക്രാറ്റുകളും (ജര്‍മനിയിലെ ഒരു പ്രധാനപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടിയും അതിന്റെ നിരവധി ഗ്രൂപ്പുകളും), യൂണിയനുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജൂതരെ ഇതില്‍ ചേര്‍ത്തിട്ടില്ല.

നാസികള്‍ കമ്യൂണിസ്റ്റ് വേട്ട നടത്തിയപ്പോള്‍ ഞാന്‍ മൗനം പൂണ്ടു. 
എന്തൊക്കെ പറഞ്ഞാലും ഞാന്‍ കമ്യൂണിസ്റ്റായിരുന്നില്ല. 
അവര്‍ സോഷ്യല്‍ ഡെമോക്രാറ്റുകളെ ലോക്കപ്പിലടച്ചപ്പോള്‍ ഞാന്‍ മൗനം പൂണ്ടു. 
എന്തൊക്കെ പറഞ്ഞാലും ഞാന്‍ സോഷ്യല്‍ ഡെമോക്രാറ്റായിരുന്നില്ല. 
അവര്‍ ട്രേഡ് യൂണിയന്‍ നേതാക്കളെ തേടിവന്നപ്പോള്‍ ഞാന്‍ മൗനം പൂണ്ടു.
എന്തൊക്കെ പറഞ്ഞാലും ഞാന്‍ ട്രേഡ് യൂണിയന്‍ നേതാവായിരുന്നില്ല. 
അവര്‍ എന്നെ തേടിവന്നപ്പോള്‍ പ്രതിഷേധിക്കാന്‍ കഴിയുന്നവര്‍ ആരും അവിടെ ബാക്കിയുണ്ടായിരുന്നില്ല.

രണ്ടാം ലോക മഹായുദ്ധാനന്തരം പലപ്പോഴായി അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളിലാണ് ഇന്നത്തെ രീതിയില്‍ കവിത വികസിക്കുന്നത്. വിവിധ രീതിയില്‍ നാസി ഭീകരതയില്‍ കൊല്ലപ്പെട്ട കൂടുതല്‍ വിഭാഗങ്ങളെ തന്റെ കവിതയില്‍ അദ്ദേഹം ചേര്‍ത്തുനിര്‍ത്തി. തന്റെ കുറ്റബോധവും അതില്‍ അദ്ദേഹം ചാലിച്ചു.

ഒരു പ്രസംഗത്തില്‍ അദ്ദേഹം കമ്യൂണിസ്റ്റുകാരേയും യഹോവാസാക്ഷികളേയും പറ്റി പറഞ്ഞത് ഇതായിരുന്നു. തികഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധതയുള്ള അമേരിക്ക 1993-ല്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയില്‍ നിര്‍മ്മിച്ച ഹോളോകാസ്റ്റ് മെമ്മോറിയല്‍ മ്യൂസിയത്തില്‍ കമ്യൂണിസ്റ്റുകള്‍ക്കു പകരം സോഷ്യലിസ്റ്റുകള്‍ എന്നാണ് എഴുതിയിരിക്കുന്നത്. പക്ഷേ, ജര്‍മനിയില്‍ ഉണ്ടായിരുന്നത് സോഷ്യലിസ്റ്റുകളല്ല, സോഷ്യല്‍ ഡെമോക്രാറ്റുകളായിരുന്നു.

1995-ല്‍ ബോസ്റ്റണില്‍ ഉണ്ടാക്കിയ ഒരു ഹോളോകാസ്റ്റ് സ്മാരകത്തില്‍ ആദ്യം കമ്യൂണിസ്റ്റുകളേയും പിന്നീട് ജൂതര്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, കത്തോലിക്കര്‍, പ്രൊട്ടസ്റ്റന്റ് എന്നീ ക്രമത്തിലാണ് നിമോളറുടെ കവിത രേഖപ്പെടുത്തിയിരിക്കുന്നത്. വാഷിംഗ്ടണ്‍ ഡിസിയിലെ സ്മാരകത്തിലെ സോഷ്യലിസ്റ്റുകള്‍ എന്ന വാക്ക് പിന്നീട് കമ്യൂണിസ്റ്റുകള്‍ എന്നാക്കി മാറ്റി. ജൂതര്‍ക്കു ശേഷമാണ് ട്രേഡ് യൂണിയന്‍ എന്ന് കാണുന്നത്. പിന്നീട് കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും പ്രത്യക്ഷപ്പെട്ടു.

ഐറീഷ് കത്തോലിക്കാസഭയാണ് ഈ സ്മാരകത്തിനു പിന്നില്‍. 1946 ജനുവരി മുതല്‍ ശരത്കാലം വരെ പാസ്റ്റര്‍ നിമോളര്‍ നിരവധി വേദികളില്‍ വിവിധ രീതിയില്‍ അദ്ദേഹത്തിന്റെ ഈ പ്രശസ്തമായ വരികള്‍ ഉദ്ധരിച്ചുകൊണ്ടിരുന്നു.

ലോകത്തെ നിരവധി രാജ്യങ്ങളില്‍ ഭരണകൂടങ്ങളും ഭരണകര്‍ത്താക്കളും തങ്ങളുടെ രാജ്യത്തു നടന്ന ഭരണകൂട പീഡനങ്ങളുടേയും മര്‍ദ്ദനങ്ങളുടേയും പേരില്‍ വിചാരണ നേരിടേണ്ടിവന്നിട്ടുണ്ട്. ലോകത്തിനു മുന്നില്‍ കുറ്റവാളിയായി തല കുനിച്ചുപിടിച്ച് നില്‍ക്കേണ്ടിവന്നിട്ടുണ്ട്. പലരും കുറ്റബോധത്തിന്റെ ഭാരത്തില്‍ ശിരസ്സ് തളര്‍ന്ന് കുനിഞ്ഞ് പശ്ചാത്തപിച്ച് ഐക്യത്തിന്റേയും സമാധാനത്തിന്റേയും പുതിയ വഴികളിലേക്ക് തങ്ങളുടെ സമൂഹത്തെ നയിച്ചു; എന്നാല്‍ ഇന്ത്യയ്ക്കില്ലാതെ പോയത് ഈ കുറ്റബോധമാണ്. 
ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനം അവസാനിപ്പിച്ച് നെല്‍സണ്‍ മണ്ടേല അധികാരമേല്‍ക്കുമ്പോള്‍ വസ്തുതാന്വേഷണത്തിനും അനുരഞ്ജന ശ്രമങ്ങള്‍ക്കുമായി ഒരു കമ്മറ്റി രൂപീകരിച്ചു. അവിടെ വര്‍ണ്ണവിവേചനത്തിന്റെ ഇരകളും ഇരപിടിയന്മാരും ഒരുപോലെ കടന്നുവന്നു. ഇരകള്‍ തങ്ങള്‍ നേരിട്ട വിവേചനത്തിന്റേയും പീഡനത്തിന്റേയും അനുഭവങ്ങള്‍ പങ്കുവെച്ചു. കുറ്റവാളികള്‍ക്ക് തങ്ങള്‍ ചെയ്ത പാതകങ്ങള്‍ ഏറ്റുപറയാനും മാപ്പിരക്കാനും അവസരം ലഭിച്ചു. 

ക്യാംപിലെ തടവുകാരെ കൊണ്ട് ജോലി ചെയ്യിക്കുന്നു. നിർമാണ ജോലികൾ, നാസി ഓഫീസർമാർക്ക് വേണ്ടിയുള്ള ജോലികൾ, മൃതശരീരങ്ങൾ മാറ്റുക എന്നിവയൊക്കെ ഈ ജോലികളുടെ ഭാ​ഗമായിരുന്നു
ക്യാംപിലെ തടവുകാരെ കൊണ്ട് ജോലി ചെയ്യിക്കുന്നു. നിർമാണ ജോലികൾ, നാസി ഓഫീസർമാർക്ക് വേണ്ടിയുള്ള ജോലികൾ, മൃതശരീരങ്ങൾ മാറ്റുക എന്നിവയൊക്കെ ഈ ജോലികളുടെ ഭാ​ഗമായിരുന്നു

നീതിയുടേയും പ്രത്യാശയുടേയും സാഹോദര്യത്തിന്റേയുമായ ഒരു പുത്തന്‍ലോകം പടുത്തുയര്‍ത്താനുള്ള തുടക്കം അവിടെനിന്നായിരുന്നു. ജര്‍മനിയിലെ ക്രിസ്ത്യന്‍ സഭകള്‍ പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറുടെ നേതൃത്വത്തില്‍ The Stuttgart Declaration of Guilt രൂപീകരിച്ചു. ഹിറ്റ്ലറുടെ നാസി ക്രൂരതകള്‍ക്കൊപ്പം നിന്നതിന്റെ കുറ്റബോധത്തില്‍ നീറിപ്പുകഞ്ഞ സഭാനേതൃത്വം അനുതാപത്തിന്റേയും പശ്ചാത്താപത്തിന്റേയും വഴിയിലേക്കു തിരിഞ്ഞു. ജര്‍മനിയുടെ തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും മാപ്പിരന്നു. ജാതിവ്യവസ്ഥയുടെ ഇരകള്‍, വിഭജനത്തിന്റെ ഇരകള്‍, ബാബറി മസ്ജിദ് തകര്‍ച്ചയ്ക്കുശേഷമുണ്ടായ കലാപത്തിന്റെ ഇരകള്‍, സിഖ്, മുസ്ലിം ന്യൂനപക്ഷ വംശഹത്യകളുടെ ഇരകള്‍ - ഇവരുടെ ഒക്കെ മുന്നില്‍ കുറ്റബോധത്തില്‍ നീറിപ്പുകയാതെ തെറ്റുകളും കുറ്റങ്ങളും ഏറ്റുപറയാന്‍ കഴിയാതെ, പൗരത്വഭേദഗതികള്‍ക്കെതിരെ ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും ശബ്ദമുയര്‍ത്താതെ, ഒഴുകിയ ചോരപ്പുഴയെപ്പറ്റി ഒരിറ്റു കണ്ണീര്‍ വാര്‍ക്കാതെ എങ്ങനെയാണ് നീതിയുടേയും സമാധാനത്തിന്റേയുമായ ഒരു പുതിയ ഇന്ത്യയ്ക്ക് തുടക്കമിടാന്‍ നമുക്ക് കഴിയുക? കേരളത്തെ സംബന്ധിച്ച് വിമോചനസമരത്തിന്റേയും അടിയന്തരാവസ്ഥയുടേയും പാപക്കറയില്‍ മുങ്ങിയ, കൈകളില്‍ രക്തക്കറപുരണ്ട മത - സാമുദായിക നേതൃത്വങ്ങള്‍ക്ക് ഒരു കുമ്പസാരം അനിവാര്യമല്ലേ?

പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറുടെ വരികള്‍പോലെ കമ്യൂണിസ്റ്റുകാരന്റെ ചോര ഒഴുകുമ്പോള്‍, മുസ്ലിമിന്റെ ചോര ഒഴുകുമ്പോള്‍ മത്തായിയുടെ സുവിശേഷം 25-ാം അദ്ധ്യായം ഒരു പുതിയ അര്‍ത്ഥതലത്തില്‍ വായിക്കാന്‍ സഭാനേതൃത്വത്തിനു കഴിയാതെ പോകുന്നില്ലെ? ''ഞാന്‍ വിശന്നവനായിരുന്നു നീ എനിക്ക് ഭക്ഷിക്കാന്‍ നല്‍കിയില്ല. ഞാന്‍ ദാഹിച്ചവനായിരുന്നു, നീ എനിക്കു കുടിക്കാന്‍ വെള്ളം തന്നില്ല. ഞാന്‍ രോഗിയും തടവിലുമായിരുന്നു, നീ എന്റെ അരികിലേക്ക് വന്നില്ല.''

ഒരു ക്രിസ്ത്യാനി എന്ന നിലയ്ക്ക് 2021-ല്‍ കേരളത്തിലെ ക്രൈസ്തവസഭയ്ക്ക് അറിവുണ്ടായിരിക്കണം എന്റെ ഈ മനുഷ്യസഹോദരങ്ങളില്‍ ഓരോരുത്തരും - അവരെ കമ്യൂണിസ്റ്റെന്നോ മുസ്ലിമെന്നോ എന്ത് പേരു വിളിച്ചാലും - ദൈവപുത്രനായ യേശുക്രിസ്തു എന്നോട് ചോദിക്കുന്നുണ്ടായിരുന്നു ഇവരുടെ ഒപ്പം നിലകൊള്ളേണ്ടവനല്ലെ നീയും എന്ന്. അതോ, ഞാനെന്റെ സഹോദരന്റെ കാവല്‍ക്കാരനല്ല എന്നു പറഞ്ഞ് ഒഴിയുന്നതാണൊ ശരി?

കടപ്പാട്:
REMEMBERING FOR THE FUTURE ARMENIA, AUSCHWITZ, AND BEYOND EDITED BY MICHAEL BERENBAUM, RICHARD Ll BOWITZ, MARCIA SACHS LITTELL
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com