വിമര്‍ശനഭാഷയില്‍ കാഴ്ചയെ നെയ്തെടുത്ത ചിത്രകാരന്‍

വിമര്‍ശനഭാഷയില്‍ കാഴ്ചയുടേയും പറച്ചിലിന്റേയും ആഖ്യാനസാധ്യതകള്‍ അതിന്റെ പൂര്‍ണ്ണതയില്‍ ഉപയോഗപ്പെടുത്തിയതു കൊണ്ടാവണം രാജകൃഷ്ണന്റെ ഭാഷ സര്‍ഗ്ഗാത്മകമായ സാന്നിദ്ധ്യത്തെ നിരന്തരം ആവാഹിക്കാന്‍ ശ്രമിക്കുന്നത്
വിമര്‍ശനഭാഷയില്‍ കാഴ്ചയെ നെയ്തെടുത്ത ചിത്രകാരന്‍

വി. രാജകൃഷ്ണന്‍ സാഹിത്യകൃതികള്‍ വായിക്കാറില്ല, വിടര്‍ന്ന കണ്ണുകള്‍കൊണ്ട് നോക്കിക്കാണാറേയുള്ളൂ. അദ്ദേഹം അവയെക്കുറിച്ച് എഴുതാറില്ല, വാതോരാതെ സംസാരിക്കാറേയുള്ളൂ. 'രോഗത്തിന്റെ പൂക്കള്‍' മുതല്‍ 'ഏഴിതള്‍പൂവ്' വരെ നീണ്ടുനില്‍ക്കുന്ന അരനൂറ്റാണ്ടുകാലത്തെ രാജകൃഷ്ണന്റെ വിമര്‍ശനജീവിതത്തിലൂടെ കടന്നുപോവുന്ന ഒരാള്‍ തെല്ലൊരു വിസ്മയത്തോടെ ഇക്കാര്യം തിരിച്ചറിയും. വിമര്‍ശനഭാഷയില്‍ കാഴ്ചയുടേയും പറച്ചിലിന്റേയും ആഖ്യാനസാധ്യതകള്‍ അതിന്റെ പൂര്‍ണ്ണതയില്‍ ഉപയോഗപ്പെടുത്തിയതു കൊണ്ടാവണം രാജകൃഷ്ണന്റെ ഭാഷ സര്‍ഗ്ഗാത്മകമായ സാന്നിദ്ധ്യത്തെ നിരന്തരം ആവാഹിക്കാന്‍ ശ്രമിക്കുന്നത്. ഒരു കൃതി വായിച്ചെടുക്കുമ്പോള്‍ ചലച്ചിത്രത്തിലെന്നപോലെ അദ്ദേഹം ദൃശ്യങ്ങളുടെ വിവിധ രൂപങ്ങള്‍കൊണ്ട് തന്റേതായ മറ്റൊരു കൃതി സൃഷ്ടിക്കുന്നു. ഇങ്ങനെ സൃഷ്ടിച്ച കൃതിയെക്കുറിച്ച് എഴുതാനിരിക്കുമ്പോള്‍ അദ്ദേഹം ചരിത്രാതീതകാലം മുതല്‍ക്കുള്ള സ്വാഭാവിക ഭാഷണപാരമ്പര്യത്തെ(Oralt radition) സ്വാംശ്വീകരിക്കുന്നു. അങ്ങനെ മലയാളത്തില്‍ മറ്റൊരു വിമര്‍ശകനും കടന്നുചെന്നിട്ടില്ലാത്ത ഭാഷയുടെ അടരുകളിലേക്ക് അദ്ദേഹം തനിച്ച് സഞ്ചരിച്ചു. രാജകൃഷ്ണന്റെ വ്യതിരിക്തമായ ഭാഷാസമീപനങ്ങള്‍ ഇനിയും ഗൗരവമായി വിശകലനം ചെയ്യപ്പെട്ടിട്ടില്ല. ആധുനികത മുന്നോട്ടുവെച്ച ആശയധാരകളെല്ലാം അപ്രസക്തമായാല്‍പോലും ആധുനികതയുടെ ഭാഗമായി നിന്ന ഈ വിമര്‍ശകന്‍ അതിജീവിക്കും. കാരണം രാജകൃഷ്ണന്റെ ഭാഷ ആശയവിനിമയത്തിനായി നമ്മളുപയോഗിക്കുന്ന ഭാഷയില്‍നിന്നും പലതുകൊണ്ടും വ്യത്യസ്തമാണ്. 

രാജകൃഷ്ണന്റെ വിമര്‍ശനകൃതിയിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ ആദ്യം ശ്രദ്ധിക്കുക അദ്ദേഹം തുടക്കം മുതല്‍ക്കേ ഉപയോഗിച്ചുവന്ന പദസഞ്ചയത്തിന്റെ വൈപുല്യമായിരിക്കും. പദങ്ങളും പ്രയോഗങ്ങളും ശൈലികളും പഴഞ്ചൊല്ലുകളും വിശേഷണങ്ങളുമടങ്ങുന്ന വലിയൊരു നിഘണ്ടു അദ്ദേഹത്തിനു സ്വന്തമായുണ്ട്. വാക്കുകളെ അതിന്റെ നിയതമായ അര്‍ത്ഥത്തിന്റെ പുറംതോടു പൊട്ടിച്ച് സവിശേഷമായ അര്‍ത്ഥങ്ങളുടെ മൂശയിലേക്ക് മാറ്റുവാന്‍ രാജകൃഷ്ണനെ സഹായിക്കുന്നത് ഈ നിഘണ്ടുവാണ്. അതില്‍ത്തന്നെ ചില പ്രത്യേക പദങ്ങളോടും പദച്ചേരുവകളോടും പ്രയോഗവിശേഷങ്ങളോടും രാജകൃഷ്ണനുള്ള ബന്ധം മനശ്ശാസ്ത്രപരമായ സൂചകങ്ങളിലൂടെമാത്രം മനസ്സിലാക്കേണ്ടതാണ്. ഒരു പരിധിവരെ രാജകൃഷ്ണന്റെ ഭാഷയെ ആധുനികതയുടെ അന്തരീക്ഷം സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍, ആധുനികതയുമായി ബന്ധപ്പെട്ട വേറിട്ട ആശയങ്ങള്‍ അവതരിപ്പിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ പദകോശമല്ല അദ്ദേഹത്തിന്റേത്. പകരം തന്നില്‍ രൂഢമൂലമായ ദൃശ്യബോധത്തില്‍നിന്നും ഭാഷണാഭിമുഖ്യത്തില്‍നിന്നും രൂപപ്പെടുത്തിയെടുത്ത വാഗ്സഞ്ചയമാണത്.

ദൃശ്യബോധം കലര്‍ന്ന ഭാഷ

ഇന്ദ്രിയങ്ങള്‍ വഴിയാണല്ലോ ഏത് അനുഭവവും മനസ്സിലെത്തുക. പുസ്തകങ്ങളിലെ ആശയങ്ങളാവട്ടെ, കാഴ്ചയിലൂടെയും കേള്‍വിയിലൂടെയും സ്പര്‍ശത്തിലൂടെയുമാണ്(ബ്രെയില്‍ ലിപി) നാം ആദ്യം ഗ്രഹിക്കുക. വാക്കുകള്‍ ദൃശ്യരൂപത്തിലോ ശബ്ദരൂപത്തിലോ സ്പര്‍ശരൂപത്തിലോ തലച്ചോറിലെത്തി ആശയരൂപത്തിലേക്ക് മാറുന്നു. അതേസമയം വായന എന്നത് പൊതുവെ കാഴ്ചയുമായി ബന്ധപ്പെടുന്ന പ്രക്രിയയാണ്. കേട്ടുവായിക്കുകയോ തൊട്ടുവായിക്കുകയോ ചെയ്യാമെങ്കിലും നോക്കിവായിക്കുകയാണ് പതിവ്. വായനാപ്രക്രിയയില്‍ കാണുന്ന വാക്കുകളുടെ അര്‍ത്ഥം തലച്ചോറില്‍ ഏത് രൂപത്തിലായിരിക്കും ശേഖരിച്ചുവെയ്ക്കുക? സ്പര്‍ശരൂപത്തിലാവാം, ശബ്ദരൂപത്തിലാവാം, ദൃശ്യരൂപത്തിലാവാം, രസനരൂപത്തിലാവാം, ഗന്ധരൂപത്തിലാവാം, ഇതൊന്നുമല്ലാതെ രൂപരഹിതമായ കേവലാശയത്തിലുമാവാം. ഉദാഹരണമായി മുല്ലപ്പൂവ് എന്ന പദം ദൃശ്യരൂപത്തിലോ ഗന്ധരൂപത്തിലോ ഒരാളുടെ മനോഭാവമനുസരിച്ച് തലച്ചോറില്‍ രേഖപ്പെട്ടു കിടക്കും. മുല്ലപ്പൂവിന്റെ ദൃശ്യഭംഗിയാണ് അയാളെ മുന്‍പ് ആകര്‍ഷിച്ചതെങ്കില്‍ അയാളുടെ മനസ്സില്‍ പൂവിന്റെ ചിത്രമായിരിക്കും ആദ്യമായി രേഖപ്പെടുക. ഗന്ധമാണ് ആകര്‍ഷിച്ചതെങ്കില്‍ അങ്ങനേയും. ഇത് വ്യക്തിയുടെ മനോഭാവവുമായി ബന്ധപ്പെട്ടാണിരിക്കുന്നത് എന്നര്‍ത്ഥം. ഏതു രൂപത്തിലാണോ അര്‍ത്ഥം/ആശയം/അനുഭവം ശേഖരിക്കപ്പെട്ടത് ആ രൂപത്തില്‍ത്തന്നെ അവയെ പുനരവതരിപ്പിക്കാന്‍ പൊതുവേ എഴുത്തുകാര്‍ ശ്രമിക്കാറുണ്ട്. ഇത് ബോധപൂര്‍വ്വം നടക്കുന്നതല്ല, അനൈച്ഛികമായി സംഭവിക്കുന്നതാണ്. എഴുത്തുകാരന്റെ പദവിന്യാസക്രമത്തെ(diction) നിര്‍ണ്ണയിക്കുന്നത് ഈ മനോഭാവമാണ്. അങ്ങനെവരുമ്പോള്‍ ദൃശ്യരൂപത്തില്‍ തലച്ചോറിലെത്തുന്ന വാക്കുകളുടെ അര്‍ത്ഥം ദൃശ്യരൂപത്തില്‍ത്തന്നെ ശേഖരിച്ചുവെയ്ക്കുന്ന ഒരെഴുത്തുകാരന്‍ അത് പുനരവതരിപ്പിക്കുമ്പോള്‍ ദൃശ്യഭാഷയുടെ സഹായം തേടുക സ്വാഭാവികമാണ്. വി. രാജകൃഷ്ണന്റെ ഭാഷയില്‍ സംഭവിച്ചത് ഇതാണ്.

രാജകൃഷ്ണന്റെ ഭാഷയില്‍ ദൃശ്യബോധത്തിന് അമിതപ്രാധാന്യമുണ്ട് എന്നു പറയുമ്പോള്‍ അതില്‍ വാക്കുകളുടെ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, ബിംബങ്ങളുടേയും അലങ്കാരങ്ങളുടേയും വിശേഷണങ്ങളുടേയും പ്രയോഗങ്ങള്‍ മുതല്‍ വാക്യഘടനയില്‍വരെ അതിന്റെ സാന്നിദ്ധ്യം കാണാം. രാജകൃഷ്ണന്റെ ഏതു പഠനം വായിക്കുമ്പോഴും ആദ്യം നമ്മുടെ ശ്രദ്ധയില്‍പ്പെടുക ഒരു പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന ക്രിയാപദങ്ങളുടെ ആവര്‍ത്തിച്ചുള്ള വിനിയോഗമാണ്. കാഴ്ചയുമായി ബന്ധപ്പെടുന്ന ക്രിയകളാണവ. വാക്യം അവസാനിപ്പിക്കാനായി പൊതുവെ രാജകൃഷ്ണന്‍ ഉപയോഗിച്ചിട്ടുള്ള ക്രിയാപദങ്ങള്‍ മിക്കതും ഈ വിഭാഗത്തില്‍പ്പെടുന്നു. ഉദാഹരണമായി നമുക്ക് മനസ്സിലാക്കാം, നമുക്ക് ശ്രദ്ധിക്കാം, നമുക്ക് ചിന്തിക്കാം, നമുക്ക് ഊഹിക്കാം, നമുക്ക് പറയാം, നമുക്ക് കേള്‍ക്കാം, നമുക്ക് അറിയാം എന്നിങ്ങനെ വ്യത്യസ്ത ക്രിയകളിലൂടെ ഒരു വാക്യത്തെ അവസാനിപ്പിക്കാന്‍ കഴിയുമല്ലോ. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാജകൃഷ്ണനാവട്ടെ, 'നമുക്ക് കാണാം' എന്ന ദൃശ്യബോധമുണര്‍ത്തുന്ന ക്രിയാപദത്തോടു കൂടിയായിരിക്കും പതിവായി വാക്യം അവസാനിപ്പിക്കുക. ഇത് അദ്ദേഹം ബോധപൂര്‍വ്വം തെരഞ്ഞെടുക്കുന്നതല്ല. ഒരേ ക്രിയാപദത്തില്‍ അവസാനിക്കുന്ന വാക്യങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചുപയോഗിക്കാന്‍ കാരണം അദ്ദേഹത്തിന്റെയുള്ളിലെ ദൃശ്യബോധമാണ്. 'നഗ്‌നയാമിനികള്‍' എന്ന പുസ്തകത്തിലെ 'ആത്മാവിന്റെ നഗ്‌നയാമിനികള്‍' എന്ന ഒരു ലേഖനത്തില്‍ത്തന്നെ 'കാണുക' എന്ന പദത്തിന്റെ വിവിധ രൂപങ്ങള്‍ എത്രതവണ കടന്നുവരുന്നു എന്ന് ശ്രദ്ധിക്കുക-1) കാണുക എന്നതിന്റെ വര്‍ത്തമാനകാല രൂപം - കാണുന്നു(രണ്ടുതവണ), കാണുന്ന, കാണുന്നത്(മൂന്ന് തവണ), നോക്കിക്കാണുന്നത് (മൂന്ന് തവണ) നോക്കിക്കണ്ടത്, നോക്കിക്കാണുമ്പോള്‍-2) ഭാവികാല രൂപം- കാണും, കാണുമ്പോള്‍-3) ഭൂതകാല രൂപം- കണ്ടു, കണ്ടുമുട്ടാന്‍, കണ്ടുതുടങ്ങുന്നു (രണ്ട് തവണ), കണ്ടിട്ടില്ലാത്ത-4) പേരെച്ച രൂപം- കണ്ട, നേരത്തെ കണ്ട (രണ്ട് തവണ), വെളിച്ചം കണ്ട, മുന്‍പ് കണ്ട, കണ്ടത് (രണ്ട് തവണ-5) മുന്‍വിനയെച്ച രൂപം - കണ്ട്, കണ്ടെത്തിയത് (മൂന്ന് തവണ), കണ്ടെത്തുകയാണ്, കണ്ടെത്താനും, കണ്ടത്തുന്നു (നാല് തവണ), കണ്ടെത്തിയ, കണ്ടെത്താനുള്ള, കണ്ടെത്താന്‍, കണ്ടെത്തുന്നതിന്റെ, കണ്ടെത്താനും, കണ്ടെത്തല്‍-6) പ്രയോജക ക്രിയാരൂപം- കാണിക്കുന്ന, ചൂണ്ടിക്കാണിക്കുക (രണ്ട് തവണ), കാണിക്കാന്‍വേണ്ടി, കാണിച്ചുകൊണ്ട്-7) പ്രയോജക ക്രിയാരൂപം - കാട്ടുക, കാട്ടിത്തരുന്ന, തെളിച്ചുകാട്ടുന്നു (രണ്ട് തവണ), കാട്ടിത്തന്നുകൊണ്ട് (രണ്ട് തവണ), തുറന്നുകാട്ടപ്പെടുന്നു-8) അനുജ്ഞായകപ്രകാരരൂപം - കാണാം (നാല് തവണ), തെളിഞ്ഞുകാണാം-9) പിന്‍വിനയെച്ച രൂപം - കാണാന്‍ സാധിക്കും (രണ്ട് തവണ), കാണാന്‍ കഴിയും (മൂന്ന് തവണ-10) തദ്ധിതരൂപം - കാഴ്ച, കാഴ്ചപ്പാട്, ഉള്‍ക്കാഴ്ചകള്‍, കാഴ്ചപ്പാടിലൂടെ, കാഴ്ചയെ, കൂടിക്കാഴ്ചയെ, കൂടിക്കാഴ്ച.

ഇതുപോലെ കാഴ്ചയുമായി ബന്ധപ്പെട്ട മറ്റ് പദങ്ങളും ഇതേ ലേഖനത്തില്‍ ആവര്‍ത്തിച്ചു കടന്നുവരുന്നുണ്ട്. ചിത്രീകരിക്കുക (നാല് തവണ), ദൃശ്യം (രണ്ട് തവണ), തെളിയുക, പ്രത്യക്ഷപ്പെടുക, ഛായ, ദര്‍ശനം, വീക്ഷണം എന്നിങ്ങനെ. ഒരു ലേഖനത്തില്‍ത്തന്നെ കാഴ്ചയുമായി ബന്ധപ്പെടുന്ന ഇത്രയധികം ക്രിയാപദങ്ങള്‍ വിവിധ രൂപത്തില്‍ കടന്നുവരുന്നത് യാദൃച്ഛികമല്ല. രാജകൃഷ്ണന്റെ മറ്റെല്ലാ പഠനങ്ങള്‍ പരിശോധിച്ചാലും ഇക്കാര്യം ബോധ്യപ്പെടും. ഇത് ലേഖകന്‍ ബോധപൂര്‍വ്വം ചെയ്യുന്നതല്ലെന്ന് ഉറപ്പാണ്. കാരണം പൊതുവേ ഒരേ ക്രിയാപദത്തില്‍ അവസാനിക്കുന്ന വാക്യങ്ങള്‍ ആവര്‍ത്തിച്ചുവരുമ്പോള്‍ അത് വായിക്കുന്നവര്‍ക്ക് ചെടിപ്പുണ്ടാക്കുമെന്ന് ഏതെഴുത്തുകാരനും മനസ്സിലാക്കുമല്ലോ. ഇക്കാര്യം രാജകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്നുതന്നെ വെയ്ക്കുക. അദ്ദേഹം അതിനുപകരം മറ്റു ക്രിയാപദങ്ങളുപയോഗിച്ച് മാറ്റം വരുത്തുമായിരുന്നോ? ഇല്ലെന്നാണ് എനിക്കു തോന്നുന്നത്. വായനയിലൂടെ തന്റെ മനസ്സില്‍ പതിഞ്ഞ അനുഭവചിത്രത്തെ അനുഭൂതിദായകമായ മറ്റൊരു ചിത്രമായി പുനരാവിഷ്‌കരിക്കുക എന്ന ദൗത്യമാണ് താന്‍ ഏറ്റെടുത്തതെന്നു കരുതുന്ന രാജകൃഷ്ണന്‍ കാഴ്ചയുമായി ബന്ധപ്പെട്ട ക്രിയാപദങ്ങള്‍ ആവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടാലും അതു മാറ്റാന്‍ സാധ്യതയില്ല.

ചങ്ങമ്പുഴ
ചങ്ങമ്പുഴ

വാക്യാവസാനത്തിലെ ക്രിയാപദങ്ങളുടെ ദൃശ്യാനുഭവം നമ്മള്‍ നേരിട്ടു മനസ്സിലാക്കുന്നുവെങ്കില്‍ രാജകൃഷ്ണന്‍ ഉപയോഗിക്കുന്ന ചില ബിംബങ്ങളുടെ ദൃശ്യസാനിദ്ധ്യത്തിലെത്താന്‍ അല്പം ശ്രദ്ധയോടെ അവയെ പിന്തുടരണം. സുഗതകുമാരിയുടെ 'രാജലക്ഷ്മിയോട്' എന്ന കവിതയെക്കുറിച്ച് പറഞ്ഞവസാനിക്കുമ്പോള്‍ അദ്ദേഹം ഉപയോഗിക്കുന്ന വാക്യത്തിലെ ഒരു ദൃശ്യബിംബം ശ്രദ്ധിക്കുക: ''അവിടെ തന്റെ പടംപൊഴിക്കുന്ന വാക്കുകള്‍ കേവലമായ നിശ്ശബ്ദതയിലേക്ക് തലവലിക്കുന്നത് അയാള്‍ കാണാനിടവന്നു.'' ഇവിടെ പടംപൊഴിക്കുക, തലവലിക്കുക എന്നീ വാക്കുകളിലെ സര്‍പ്പസാന്നിദ്ധ്യം നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് കടന്നുവരുന്നു. ഉല്പത്തിപ്പുസ്തക കഥയിലെ പതനത്തിനു കാരണമെന്ന നിലയിലും ലൈംഗികതയുടെ പ്രതീകമെന്ന നിലയിലും പാമ്പ് നമ്മുടെ ബോധമണ്ഡലത്തിലുണ്ട്. വേണ്ടപ്പെട്ടവരുടെ നിരന്തരമായ എതിര്‍പ്പ് സഹിക്കാനാവാതെ എഴുത്തുനിര്‍ത്തി ആത്മഹത്യയിലേക്കു പോയ രാജലക്ഷ്മിയെക്കുറിച്ചുള്ളതാണ് ഈ കവിത എന്നതിനാല്‍ വാക്യത്തിലെ നിശ്ശബ്ദതയ്ക്ക് വലിയ പ്രാധാന്യവുമുണ്ട്. ഇവ്വിധം ചിന്തിക്കുമ്പോള്‍ രാജലക്ഷ്മി അനുഭവിച്ച ഭയവിഹ്വലമായ മാനസികാവസ്ഥയും അത് ഭാവനയില്‍ കണ്ട് അതേ വിഹ്വലത മറ്റൊരു രൂപത്തില്‍ അവതരിപ്പിച്ച സുഗതകുമാരിയുടെ മാനസികാവസ്ഥയും സങ്കീര്‍ണ്ണമായ ഈ ദൃശ്യബിംബത്തില്‍ രാജകൃഷ്ണന്‍ സമര്‍ത്ഥമായി സന്നിവേശിപ്പിച്ചിരിക്കുന്നു. 

എസ്കെ പൊറ്റക്കാട്
എസ്കെ പൊറ്റക്കാട്

തിര്യക്കുകളെ ബിംബങ്ങളായി ഉപയോഗിക്കുന്നതില്‍ രാജകൃഷ്ണന്‍ എന്തുകൊണ്ടോ വലിയ താല്പര്യം കാണിച്ചിട്ടുണ്ട്. തനിക്കു പകരാനുള്ള ആശയങ്ങളെ അതിന്റെ തീവ്രത ഒട്ടും ചോരാതെ അവതരിപ്പിക്കാനാണ് അദ്ദേഹം തിര്യക്കുകളെ കൊണ്ടുവരുന്നത്. ആനന്ദിന്റെ കഥാപാത്രങ്ങള്‍ മിക്കവരും ആശയവിനിമയം അസാദ്ധ്യമായ വിഷമാവസ്ഥയില്‍ ജീവിക്കുന്നവരാണ്. സ്വന്തം സ്വത്വം തിരിച്ചറിയാനാവാതെ അതില്‍നിന്നും രക്ഷനേടാന്‍ പാഴ്ശ്രമം നടത്തുന്ന ആ കഥാപാത്രങ്ങളെ രാജകൃഷ്ണന്‍ കാണുന്നത് ഇങ്ങനെയാണ്: ''വാക്കുകളുടെ വരണ്ട മണല്‍ക്കൂമ്പാരത്തില്‍ തലപൂഴ്ത്താന്‍ ആനന്ദിന്റെ കഥാപാത്രങ്ങള്‍ നടത്തുന്ന ശ്രമം...'' ഇവിടെ ശത്രുക്കളില്‍നിന്നൊളിക്കാന്‍ മണല്‍ക്കൂമ്പാരത്തില്‍ തലപൂഴ്ത്തുന്ന ഒട്ടകപ്പക്ഷിയുടെ സൂചനയുണ്ടല്ലോ. മണലില്‍ തലയൊളിപ്പിച്ചാല്‍ തന്നെയാരും കാണില്ല എന്നാണ് ഒട്ടകപ്പക്ഷി കരുതുന്നത്. സ്വത്വബോധത്തില്‍നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്ന ആനന്ദിന്റെ കഥാപാത്രങ്ങളും ഇതുപോലെയാണെന്ന് രാജകൃഷ്ണന്‍ കരുതുന്നു. അപ്പോള്‍ ആനന്ദിനേക്കാള്‍ സര്‍ഗ്ഗാത്മകമായി ആനന്ദ് സൃഷ്ടിച്ച കഥാപാത്രങ്ങളെ പുനരവതരിപ്പിക്കാനാണ് രാജകൃഷ്ണന്റെ ശ്രമം. 'മരണ സര്‍ട്ടിഫിക്കറ്റി'ലെ നടക്കാതെപോകുന്ന വിപ്ലവത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ രാജകൃഷ്ണന്‍ പൊതുജനത്തെ അവതരിപ്പിക്കുന്നത് ശ്രദ്ധിക്കുക: ''സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം ഒരിക്കലും മനസ്സിലാക്കിയിട്ടില്ലാത്ത പുരുഷാരം വ്യര്‍ത്ഥവാഗ്ദാനങ്ങളാല്‍ വീണ്ടും വീണ്ടും വഞ്ചിക്കപ്പെട്ട് അലച്ചിലിനേക്കാള്‍ ദയനീയമായ മുരള്‍ച്ചയോടെ നുകം വലിക്കുന്നു.'' ഇതു വായിക്കുമ്പോള്‍ നുകംവലിക്കുന്ന കാളകളുടെ മുന്നില്‍ വൈക്കോല്‍ കെട്ടിത്തൂക്കുന്ന ചിത്രം നമ്മുടെ മനസ്സിലെത്തും. ഒരടികൂടി നടന്നാല്‍ വൈക്കോല്‍ ലഭിക്കുമെന്ന് കരുതി കുതിച്ചുനീങ്ങുന്ന കാളകളില്‍നിന്നും വ്യത്യസ്തരല്ല, വിമോചനം ഉടനുണ്ടാവുമെന്ന് കരുതി അതിനുവേണ്ടി കഷ്ടപ്പെടുന്ന സാധാരണ ജനം. ചങ്ങമ്പുഴയുടെ മാനസിക ഘടന വ്യക്തമാക്കാനായി രാജകൃഷ്ണന്‍ തെരഞ്ഞെടുക്കുന്നത് പൂമ്പാറ്റയുടെ ബിംബമാണ്. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് തെന്നിത്തെന്നി പോവുന്ന പൂമ്പാറ്റയുടെ ചിത്രം ഈ വാക്യം വായിക്കുമ്പോള്‍ വായനക്കാരുടെ മുന്നിലെത്തും: ''കമ്യൂണിസം ഉള്‍പ്പെടെയുള്ള ഒരു രാഷ്ട്രീയ തത്ത്വശാസ്ത്രത്തിലും ഏറെനാള്‍ പറന്നിരിക്കാന്‍ അനുവദിക്കുന്ന ഒന്നല്ലായിരുന്നു ഈ കവിയുടെ വൈകാരിക ഘടന എന്നതായിരുന്നു വാസ്തവം.'' ഒരു കാല്പനിക കവിയെ ചിത്രശലഭമായി ഉപമിക്കാനല്ല അദ്ദേഹം തുനിയുന്നത്. പറന്നിരിക്കുക എന്ന ഒറ്റക്രിയാപദംകൊണ്ട് ചിത്രശലഭത്തിന്റെ മനോഹാരിതയും അല്പായുസ്സും വൈകാരികത മുറ്റിയ ദൃശ്യരൂപത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ്.

തകഴി
തകഴി

എഴുത്തുകാരന്റെ ഉള്ളില്‍ കടന്നുചെന്ന് അവിടെ ദര്‍ശിച്ച ചോദനകളെക്കുറിച്ച് എഴുതവേ രാജകൃഷ്ണന്‍ ഉപയോഗിക്കുന്നത് വന്യമൃഗത്തിന്റെ ബിംബമാണ്. എല്ലാ എഴുത്തുകാരന്റെയുമുള്ളില്‍ ഒരു വന്യമൃഗം കുടിയിരിക്കുന്നുവെന്ന് അദ്ദേഹം കണ്ടെത്തുന്നു. നോക്കുക: ''മറ്റാര്‍ക്കും പറയാന്‍ കഴിയാത്ത എന്തൊക്കെയോ കാര്യങ്ങള്‍ ഉള്ളിലിരുന്ന് ചുരമാന്തുകയാണെന്ന സത്യം തെല്ലൊരു ആശ്വാസത്തോടെ അയാള്‍ കണ്ടെത്തുന്നു.'' ഇവിടെ ചുരമാന്തുന്നത് എഴുത്തുകാരന്റെയുള്ളിലെ വികാരങ്ങളാകുന്ന വന്യമൃഗംതന്നെ. ഇണയും ഇരയും ശത്രുവും മുന്നില്‍ വരുമ്പോളാണ് ഈറ്റപ്പുലിയെപ്പോലുള്ള മൃഗങ്ങള്‍ ചുരമാന്താറുള്ളത്. ആധുനിക എഴുത്തുകാരന്റെ രചനാപ്രക്രിയകളിലേക്ക് വെളിച്ചം വീശുന്ന ഒരു ആശയബിംബമായി ഈ പ്രയോഗത്തെ മനസ്സിലാക്കാം. എസ്.കെ. പൊറ്റക്കാടിന്റെ വിഷകന്യകയെക്കുറിച്ചുള്ള പഠനത്തിലൊരിടത്തും ചുരമാന്തുന്ന വന്യബിംബത്തെ രാജകൃഷ്ണന്‍ അവതരിപ്പിക്കുന്നുണ്ട്: ''അവന്റെയുള്ളില്‍ ചുരമാന്തുന്ന ആദിമവാസനകള്‍ക്ക് സ്തബ്ധനായി സാക്ഷ്യം വഹിക്കുന്നു.''

സു​ഗതകുമാരി
സു​ഗതകുമാരി

തിര്യക്കുകള്‍ ബിംബങ്ങളാകുമ്പോള്‍

മറ്റുള്ളവരെ പരിഹസിക്കാനോ ആക്ഷേപിക്കാനോ നിന്ദിക്കാനോ ആളുകള്‍ നായ എന്ന വാക്ക് ഉപയോഗിക്കാറുണ്ടല്ലോ. മലയാളത്തില്‍ ഈ മൃഗത്തിന്റെ പര്യായശബ്ദങ്ങള്‍ക്കെല്ലാം ആക്ഷേപാര്‍ത്ഥമുണ്ട്. തായാട്ട് ശങ്കരന്റെ ദുരവസ്ഥയെക്കുറിച്ചുള്ള പഠനത്തെ വിമര്‍ശിക്കവേ രാജകൃഷ്ണന്‍ ഈ പരിഹാസാര്‍ത്ഥത്തെ വിദഗ്ദ്ധമായി ഉപയോഗിക്കുന്നത് നോക്കുക: ''സാമൂഹ്യപരിവര്‍ത്തനത്തിലേക്ക് വിരല്‍ചൂണ്ടുന്ന ജീവിതസന്ദേശങ്ങളുടെ ഏതാനും എല്ലിന്‍കഷ്ണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദമാണ് ദുരവസ്ഥയുടെ നേര്‍ക്കുള്ള അദ്ദേഹത്തിന്റെ വിമര്‍ശനപ്രതികരണത്തിന്റെ അടിസ്ഥാനം.'' ഇവിടെ വിമര്‍ശനവിധേയമാവുന്ന എഴുത്തുകാരനെ രാജകൃഷ്ണന്‍ നായയെന്ന് നേരിട്ട് വിളിക്കുന്നില്ല. അതേസമയം എല്ലിന്‍കഷ്ണങ്ങള്‍ കണ്ടെത്തുമ്പോള്‍ ആഹ്ലാദിക്കുന്നത് നായകളാണെന്ന സൂചന വായനക്കാരിലെത്തിക്കാനും സാധിക്കുന്നു. തായാട്ട് ശങ്കരനെ രാജകൃഷ്ണന്‍ വ്യക്തിപരമായി ആക്ഷേപിച്ചു എന്നു വേണമെങ്കില്‍ നമുക്കു പരാതിപ്പെടാം. എന്നാല്‍, സാമൂഹിക പ്രതിബദ്ധതാ സമീപനത്തോടുള്ള രാജകൃഷ്ണന്റെ കടുത്ത എതിര്‍പ്പാണ് ഇത്തരമൊരു പ്രയോഗത്തിന്റെ പിന്നിലെന്ന് മനസ്സിലാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ശത്രുക്കളെ ആക്രമിക്കാനുള്ള തേറ്റകള്‍ ചില മൃഗങ്ങള്‍ക്കു വലിയ പ്രതിരോധാവയവം കൂടിയാണ്. പന്നിമുതല്‍ കാണ്ടാമൃഗം വരെയുള്ള തിര്യക്കുകളുടെ ശക്തി തേറ്റകളാണ്. കേരളത്തിന്റെ നവോത്ഥാനപ്രക്രിയയില്‍ സംഭവിച്ച സാമൂഹികമാറ്റത്തെ അടയാളപ്പെടുത്തേണ്ടിവരുമ്പോള്‍ രാജകൃഷ്ണന്‍ അത്തരം മൃഗങ്ങളെ നമ്മുടെ മുന്നില്‍ കൊണ്ടുവരുന്നത് നോക്കുക: ''സാമ്പത്തികവും മാനസികവുമായ നീതിക്കുവേണ്ടി കേരളത്തിലെ അവശവര്‍ഗ്ഗം തുടങ്ങിവെച്ച അവകാശസമരങ്ങള്‍ക്കു പുതിയ തേറ്റകള്‍ മുളച്ചുതുടങ്ങിയ കാലമിതായിരുന്നു.'' അവശവിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് അവതരിപ്പിക്കാന്‍ ഈ ബിംബത്തിനുള്ള കഴിവ് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

തായാട്ട് ശങ്കരൻ
തായാട്ട് ശങ്കരൻ

തിര്യക്കുകള്‍ ബിംബങ്ങളായി വരുന്ന ഈ സന്ദര്‍ഭങ്ങളിലെല്ലാം കാഴ്ചയുടെ സാധ്യതയാണ് നാം ശ്രദ്ധിക്കേണ്ടത്. പാമ്പ്, ഒട്ടകം, ശലഭം, നായ, പുലി, പന്നി, കാണ്ടാമൃഗം തുടങ്ങിയ മൃഗങ്ങളെ സാമ്യമൂലാലങ്കാരങ്ങളെന്ന നിലയിലല്ല രാജകൃഷ്ണന്‍ കൊണ്ടുവരുന്നത്. പകരം രൂപകങ്ങളുടെ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്. സര്‍ഗ്ഗാത്മക എഴുത്തുകാരാണ് പൊതുവെ ഈ രീതി ഉപയോഗിക്കാറ്. വളഞ്ഞ കൊക്കും രോമശൂന്യമായ നീണ്ട കഴുത്തുമായി മരണത്തെ സുഗതകുമാരി അവതരിപ്പിക്കുമ്പോള്‍ കഴുകന്റെ ചിത്രം നമ്മുടെ ബോധത്തിലേക്ക് വരുന്നുണ്ടല്ലോ. ഇതുപോലെയാണ് രാജകൃഷ്ണനും ബിംബങ്ങളെ തെരഞ്ഞെടുക്കുന്നത്. ആശയങ്ങളെ ദൃശ്യരൂപത്തില്‍ അവതരിപ്പിക്കാന്‍ തിര്യക്ബിംബങ്ങളുടെ സാധ്യതകള്‍ അദ്ദേഹം പരീക്ഷിച്ചു.

ഏത് അനുഭവത്തേയും വര്‍ണ്ണശബളമായി സ്വീകരിക്കാന്‍ രാജകൃഷ്ണനു താല്പര്യമാണ്. അത് സന്തോഷമായിക്കോട്ടെ, സന്താപമായിക്കോട്ടെ. കാരണം കണ്ണിലൂടെ കടന്നുപോവുന്ന അനുഭവങ്ങളാണ് അദ്ദേഹത്തിനു പ്രധാനം. രാജകൃഷ്ണന്റെ പഠനങ്ങളില്‍ ആവര്‍ത്തിച്ചുവരുന്ന ചില പ്രയോഗങ്ങള്‍ ഇത്തരത്തില്‍ വര്‍ണ്ണവുമായി ബന്ധപ്പെടുന്നതാണ്. നെയ്ത്തുമായി ബന്ധപ്പെട്ട പദങ്ങള്‍തന്നെ ഉദാഹരണമായെടുക്കാം. നിറമുള്ള നൂലുകള്‍കൊണ്ട് മനോഹരമായി ഇഴകള്‍ നെയ്തെടുത്ത വസ്ത്രങ്ങള്‍ ആദ്യാവസാനം നമ്മുടെ കണ്ണിനെയാണല്ലോ ആകര്‍ഷിക്കുക. അനുഭവങ്ങള്‍ അവതരിപ്പിക്കാന്‍ നെയ്ത്തുമായി ബന്ധപ്പെട്ട പ്രയോഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ രാജകൃഷ്ണന്‍ പ്രധാനമായും ശ്രദ്ധയൂന്നുന്നത് നമ്മുടെ കാഴ്ചകളിലെ വര്‍ണ്ണലോകമാണ്. അവിടെ നൂലുകളും അതുപയോഗിച്ച് ഊടുംപാവുമായി നില്‍ക്കുന്ന ഇഴകളും അവയുടെ വിഭിന്നമായ സമ്മേളനവും നാം കാണുന്നു. നോക്കുക: ''മൂന്ന് പ്രധാന പതനങ്ങളിലൂടെ കടന്നുപോവുന്ന ഈ കവിതയുടെ അന്ത്യഭാഗത്തില്‍ വൈലോപ്പിള്ളി ഇതിലെ കേന്ദ്രാനുഭവത്തിന്റെ ചിതറിയ ഇഴകള്‍ സമാഹരിക്കാനും കൂട്ടിയിണക്കാനും ശ്രമിക്കുന്നത് കാണാം.'' ഇവിടെ ഇഴകള്‍ സമാഹരിച്ചും കൂട്ടിയിണക്കിയും വസ്ത്രം നെയ്യുന്ന ഒരു ദൃശ്യാനുഭവത്തിന്റെ വെളിച്ചത്തിലേക്ക് വാക്കുകള്‍കൊണ്ട് കവിത നെയ്യുന്ന കവിയെ അദ്ദേഹം നീക്കിനിര്‍ത്തുന്നു. എം.ടിയെക്കുറിച്ചുള്ള പരാമര്‍ശത്തിലൊരിടത്ത് ''എം.ടി. നാലുകെട്ടിന്റെ കലാസങ്കല്പത്തില്‍ പുതിയൊരിഴ തുന്നിച്ചേര്‍ത്തതായി കാണാം'' എന്ന് അദ്ദേഹം പറയുന്നുണ്ട്. വാക്കുകളും ഇഴകളും രാജകൃഷ്ണനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ദൃശ്യബോധവുമായി ബന്ധപ്പെടുന്ന രണ്ട് സൂചകങ്ങളാണ്. എസ്. ഗുപ്തന്‍ നായരുടെ ശൈലിയെ കളിയാക്കുന്ന അവസരത്തില്‍പ്പോലും അദ്ദേഹത്തിന്റെ നിര്‍മ്മാണകലയെ നെയ്ത്തിന്റെ പശ്ചാത്തലത്തിലാണ് രാജകൃഷ്ണന്‍ അവതരിപ്പിക്കുന്നത്: '...അദ്ദേഹത്തിന്റെ (ഗുപ്തന്‍നായര്‍) സമാലോചനകള്‍ക്ക് ഊടുംപാവുമായി നിലകൊണ്ടു.'' നെയ്ത്തിന്റെ പ്രാരംഭ ഘടകം നൂലാണല്ലോ. നൂലുകളുടെ വിചിത്രമായ വിന്യാസമാണ് നെയ്ത്തിന്റെ കല. ഈ കലാവിന്യാസം രാജകൃഷ്ണന്‍ വൈലോപ്പിള്ളിക്കവിതയെ വിലയിരുത്തുമ്പോള്‍ ഉപയോഗിക്കുന്നതു നോക്കുക: ''ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളില്‍ വൈലോപ്പിള്ളി എഴുതിയ കവിതകളില്‍ ഒരുതരം സമന്വയപ്രക്രിയ, അതിന്റെ കലാപരമായ എല്ലാ ബലഹീനതകളോടുംകൂടി എങ്ങനെ നൂലോടിനില്‍ക്കുന്നുവെന്ന് നാം നിരീക്ഷിക്കുകയുണ്ടായി.'' ഇതേ പ്രയോഗം അദ്ദേഹം ആവര്‍ത്തിച്ചുപയോഗിക്കുന്നുണ്ട്. നോക്കുക: ''ഹേമന്ദത്തിന്റെ കല്‍പ്പന നോവലില്‍ ആദ്യന്തം നൂലോടിനില്‍ക്കുന്ന ഒന്നാണ്'', ''ഈ കാവ്യത്തില്‍ നൂലോടിനില്‍ക്കുന്ന ഭാവബദ്ധതകളാണ് അദ്ദേഹം പിന്നീട് തന്റെ കവിതകളില്‍ കൂര്‍പ്പിച്ചെടുക്കുകയും വലിച്ചുനീട്ടുകയുമൊക്കെ ചെയ്തത്.''

രാജലക്ഷ്മി
രാജലക്ഷ്മി

നെയ്ത്തുമായി ബന്ധപ്പെട്ട ഇഴക്കട്ടി, ഇഴയടുപ്പം, ഇഴത്തൂര്‍ച്ച, ഇഴപാകുക തുടങ്ങിയ അനേകം പ്രയോഗങ്ങള്‍ രാജകൃഷ്ണന്റെ പഠനങ്ങളില്‍ ആവര്‍ത്തിച്ചുവരുന്നുണ്ട്. ശ്രദ്ധിക്കുക: ''വ്യാമോഹങ്ങള്‍ അടങ്ങിത്തെളിഞ്ഞൊരു മനസ്സിന് അപൂര്‍വ്വമായി കൈവരുന്ന വൈരുദ്ധ്യബോധം, കാലഘട്ടത്തിന്റെ പ്രതിസന്ധിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്പത്തിന് ഇഴക്കട്ടി നല്‍കുന്നു.'' ആള്‍ക്കൂട്ടത്തെ മുന്‍നിര്‍ത്തി ആനന്ദിന്റെ മാനസിക ഘടന അപഗ്രഥിക്കുമ്പോള്‍ രാജകൃഷ്ണന്‍ ഉപയോഗിക്കുന്ന ഇഴക്കട്ടി എന്ന പ്രയോഗത്തിന് കൂടുതല്‍ ശക്തി എന്നേ അര്‍ത്ഥമാക്കേണ്ടതുള്ളൂ. എന്നാല്‍, ആ പ്രയോഗത്തിനു പിന്നില്‍ രാജകൃഷ്ണന്റെ കൂടപ്പിറപ്പായ ദൃശ്യബോധമുണ്ട്. വ്യാമോഹങ്ങളില്ലാത്ത, പ്രതീക്ഷയില്ലാത്ത, നിരാശമാത്രം കൈമുതലായ ഒരെഴുത്തുകാരന്റെ മനോഭാവത്തിനുപോലും നിറംപകരാന്‍ ആ പ്രയോഗത്തിനു കഴിയുന്നു. തകഴിയുടെ ശൈലീപരീക്ഷണങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ഘട്ടത്തിലും സമാനമായ പദപ്രയോഗം അദ്ദേഹം നടത്തുന്നുണ്ട്: ''തകഴിക്ക് അനായാസമായി കൈവന്ന ഈ നാച്ച്വറിലിസ്റ്റ് ഗദ്യശൈലിയുടെ ഇഴക്കട്ടിയാണ് കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ചിത്രീകരിക്കുന്ന അവസാന അദ്ധ്യായങ്ങളിലെത്തെുമ്പോള്‍ നിശിതമായി പരീക്ഷിക്കപ്പെടുന്നത്.'' കൂടുതല്‍ ശക്തം, മനോഹരം തുടങ്ങിയ ആശയങ്ങളവതരിപ്പിക്കേണ്ടിവരുമ്പോഴാണ് രാജകൃഷ്ണന്‍ ഇഴക്കട്ടി എന്ന പ്രയോഗം ഉപയോഗിക്കാറ്. തന്റെ പുസ്തകങ്ങളില്‍ ആദ്യാവസാനം ഈ പ്രയോഗത്തെ അദ്ദേഹം സ്വീകരിച്ചതായി കാണാം. ചില ഉദാഹരണങ്ങള്‍ നോക്കുക:

എംടി
എംടി

1. ''സുഗതകുമാരിയേയും വിഷ്ണുനാരായണന്‍ നമ്പൂതിരിയേയും പോലുള്ള കവികള്‍ അതിന് കുറേക്കൂടി സാന്ദ്രമായ ഇഴക്കട്ടി സമ്മാനിച്ചിരിക്കുന്നു.''

2. ''തെളിവുറ്റ നാലഞ്ചു രേഖാചിത്രങ്ങള്‍ കുറുകിക്കൂടിയുണ്ടാവുന്ന ലയമാണ് കണ്ണീര്‍പ്പാടത്തിന് സാന്ദ്രമായ ഇഴക്കട്ടി സമ്മാനിക്കുന്നത്.''

3. ''വൈലോപ്പിള്ളിക്കവിതയുടെ ഇഴക്കട്ടി തെളിയിക്കാനായി അന്‍പതുകളിലും അറുപതുകളിലും മലയാളവിമര്‍ശകരുപയോഗിച്ച...''

ഇഴക്കട്ടിയോടൊപ്പം ഇഴയടുപ്പം, ഇഴത്തൂര്‍ച്ച, ഇഴപാകുക തുടങ്ങിയ പ്രയോഗങ്ങളും അദ്ദേഹം സ്ഥിരമായുപയോഗിച്ചു: 

1. ''കണ്ണീര്‍പ്പാടത്തിന് അസാധാരണമായ ഇഴയടുപ്പം സമ്മാനിച്ചുനില്‍ക്കുന്ന അതിന്റെ ദ്വന്ദ്വാത്മക ഘടന നമ്മുടെ ഭാവഗാനപാരമ്പര്യത്തിന്റെ ഭാവാന്തരങ്ങള്‍ പഠിക്കാനൊരുങ്ങുന്ന ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം വിലപ്പെട്ട വസ്തുതയാണ്.''

2. ''ഈ രീതിയില്‍ ഇഴയടുപ്പമുള്ള ആഖ്യാനരീതി വിഷകന്യകയ്ക്ക് അവകാശപ്പെടാനാവില്ല.''

3. ''താന്‍ കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ നേര്‍ക്ക് കവി കൈക്കൊള്ളുന്ന നിലപാടാണ് അയാളുടെ ഭാഷാശില്പത്തിന്റെ ഇഴത്തൂര്‍ച്ചയും വര്‍ണ്ണസാന്ദ്രതയും നിര്‍ണ്ണയിക്കുന്നത്.''

4. '...രാഷ്ട്രീയ പരിണാമങ്ങളുടെ സ്വഭാവത്തെക്കുറിച്ചുമുള്ള ബോധം അദൃശ്യമായി ഇഴപാകി നില്‍ക്കുന്നു.''

ആനന്ദ്
ആനന്ദ്

ചിത്രകലയുടെ സ്വാധീനം

പരുത്തിയില്‍നിന്നും നൂല്‍ വേര്‍തിരിക്കുന്നതു തൊട്ട് നെയ്ത്തിന്റെ ഓരോ ഘട്ടങ്ങളിലും അതീവ ശ്രദ്ധയുണ്ടാവണം. എല്ലാ നൂലുകളും നെയ്ത്തിനുപയോഗിക്കില്ലല്ലോ. അതുപോലെ എഴുത്തുകാരന്‍ ഉപയോഗിക്കുന്ന വാക്കുകളിലും അതീവ ശ്രദ്ധവേണം. നെയ്ത്തിന്റേയും എഴുത്തിന്റേയും പിന്നിലുള്ള ഈ സൂക്ഷ്മശ്രദ്ധയാണ് രാജകൃഷ്ണനെ സ്വാധീനിച്ചതെന്ന് തോന്നുന്നു. അതോടൊപ്പം നെയ്തെടുത്ത വസ്ത്രത്തിന്റെ ദൃശ്യബോധവും അദ്ദേഹത്തെ ആകര്‍ഷിച്ചു എന്നു പറയാം.

നെയ്ത്തുകലയെപ്പോലെ ദൃശ്യഭംഗി കതിരിട്ടുനില്‍ക്കുന്ന ചിത്രകലയും രാജകൃഷ്ണന്റെ ഭാഷയെ സ്വാധീനിച്ചിട്ടുണ്ട്. ഉള്ളടക്കത്തേയും കഥാപാത്രങ്ങളേയും അനുഭൂതിമണ്ഡലങ്ങളേയും ഒരു ക്യാന്‍വാസിലെന്ന വണ്ണം വിടര്‍ത്തിക്കാണാനുള്ള രാജകൃഷ്ണന്റെ ശ്രമം അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന്റെ ഭാഷയില്‍ പ്രതിഫലിച്ചതായി കാണാം. രാജകൃഷ്ണന്റെ വാചാലമായ ഭാഷാഘടനതന്നെ ചിത്രകലയുമായി ബന്ധപ്പെട്ടതാണ്. ചുരുക്കിപ്പറയലല്ല, വിടര്‍ത്തിപ്പറയലാണ് അദ്ദേഹത്തിന്റെ രീതി. അര്‍ത്ഥക്ലിഷ്ടതയ്ക്ക് ഇടനല്‍കുന്നില്ലെങ്കിലും ദീര്‍ഘമായ വാക്യമാണ് പൊതുവേ രാജകൃഷ്ണന്‍ ഉപയോഗിക്കാറുള്ളത്. അതേസമയം പരിചയസമ്പന്നനായ ചിത്രകാരന്‍ ക്യാന്‍വാസിലെ നേര്‍രേഖയ്ക്കുപോലും കലാപരമായ സൗന്ദര്യം നല്‍കുന്നതുപോലെ താന്‍ ഉപയോഗിക്കുന്ന ഏതു വാക്കുകള്‍ക്കും സവിശേഷമായ അര്‍ത്ഥത്തിന്റെ നിറം പകരാന്‍ രാജകൃഷ്ണന്‍ ശ്രദ്ധിക്കാറുണ്ട്. 

വൈലോപ്പിള്ളി
വൈലോപ്പിള്ളി

തോമസ് മാന്റെ 'മാജിക് മൗണ്ടേന്‍' എന്ന നോവല്‍ രാജകൃഷ്ണനെ സംബന്ധിച്ച് പ്രതിഭാശാലിയായ ഒരു ചിത്രകാരന്‍ ആകാശവ്യാപ്തിയില്‍ വരച്ച ചിത്രമാണ്. 'മാന്ത്രികപര്‍വ്വതത്തില്‍ കുറേക്കൂടി വിസ്തൃതമായ ക്യാന്‍വാസില്‍ വളര്‍ച്ചകൊള്ളുന്നു' എന്ന വാക്യം നോക്കുക, നോവലിനെ ഒരു പരന്ന പ്രതലത്തില്‍ വരച്ച ചിത്രമായിട്ടാണ് അദ്ദേഹം കാണുന്നത് എന്നു വ്യക്തം. വൈലോപ്പിള്ളിയുടെ 'കണ്ണീര്‍പ്പാട'മെന്ന കവിത രാജകൃഷ്ണന് ഒരു മഴക്കാലാനുഭവം പ്രമേയമായ ഒരു ആധുനിക ചിത്രമാണ്. ഈ കവിതയിലെ അതിസങ്കീര്‍ണ്ണമായ ജീവിതാനുഭവത്തെ അദ്ദേഹം നോക്കുന്നത് ഇങ്ങനെയാണ്: ''കണ്ണീര്‍പ്പാടത്തെ നിരവധി പാളികളുള്ള ഒരു ചിത്രമായി സങ്കല്പിക്കാമെങ്കില്‍ അതിനുള്ളിലെ വിലോലമായൊരു തലമാണ് ഈ കവിതാഭാഗം കാട്ടിത്തരുന്നത്. ഇവിടെവെച്ച് ക്യാന്‍വാസ് ഒന്നുകൂടി പരക്കുകയും നിഴലുകള്‍ നീങ്ങുകയും നിറങ്ങള്‍ കൂടുതല്‍ തെളിയുകയും ചെയ്യുന്നു.'' കവിതയിലെ ഏറ്റവും ചെറിയ ഘടകത്തെപ്പോലും ചിത്രകലയിലെ രേഖാവിന്യാസത്തിന്റെ തലത്തില്‍നിന്നുകൊണ്ടുമാത്രമേ അദ്ദേഹത്തിനു മനസ്സിലാക്കാന്‍ സാധിക്കുന്നുള്ളൂ. നോക്കുക: ''രേഖകളുടെ വിന്യാസത്തില്‍, പശ്ചാത്തലവും മുന്‍ഭാഗവും തമ്മിലുള്ള ബന്ധത്തിന്റെ ക്രമീകരണത്തില്‍, ചിത്രത്തിനുള്ളിലെ വിവിധ തലങ്ങള്‍ നിര്‍വ്വചിക്കുന്നതില്‍ വര്‍ണ്ണങ്ങളുടെ വിതരണത്തില്‍ ഒരു കലാകാരന്‍ കാട്ടുന്ന അതേ ശ്രദ്ധയോടെയാണ് വൈലോപ്പിള്ളി കണ്ണീര്‍പ്പാടത്തിന്റെ നിര്‍വ്വഹണം സാധിച്ചെടുക്കുന്നത്. കവിതയുടെ തുടക്കത്തില്‍ ഉഷച്ചോപ്പിന്റെ പശ്ചാത്തലത്തില്‍ ഏതാനും 'സ്റ്റില്‍ ലൈവ്സ്' തെളിയുന്നു. ഇവിടെ കവിതാനിരൂപണത്തിന്റെ ഭാഷയും ചിത്രകലാനിരൂപണത്തിന്റെ ഭാഷയും ലയിക്കുന്നതു കാണാം. രാജകൃഷ്ണന്റെയുള്ളിലെ ദൃശ്യബോധമാണ് ഈ ലയനത്തെ സാധ്യമാക്കുന്നത്. 

ചിത്രകലാനിരൂപണത്തിന്റെ ഭാഷ അദ്ദേഹം പല സന്ദര്‍ഭങ്ങളിലും ആവര്‍ത്തിക്കുന്നുണ്ട്. ''അയ്യപ്പപ്പണിക്കരുടെ ഉത്സവത്തിന്റെ ശില്പം ഒരു സൈക്കടലിക് ഇമേജിന്റെ സ്വഭാവം കൈക്കൊള്ളുന്നു'' എന്ന പ്രയോഗം നോക്കുക. മറ്റൊരിടത്ത്, ''സമാനമായ ദാര്‍ശനികോല്‍ക്കണ്ഠകള്‍ക്കു രൂപം കൊടുക്കാനായി നമ്മുടെ കവി തിരഞ്ഞുകണ്ടെത്തിയ വാങ്മയം സിന്തറ്റിക്ക് ക്യൂബിസത്തിന്റെ പരീക്ഷണസ്വഭാവത്തില്‍ ചെന്നടുത്തതായി തോന്നുന്നു'' എന്ന് എഴുതുന്നു. ഇവിടെയൊക്കെ വായനയുടെ അനുഭവത്തിനു പകരം കാഴ്ചയുടെ അനുഭവമാണ് അദ്ദേഹം പകരാന്‍ ശ്രമിക്കുന്നത്. മാര്‍ക്വേസിന്റെ നോവലുകളെ അപഗ്രഥിക്കുന്ന പഠനത്തില്‍ ചിത്രകലയുടെ സങ്കേതങ്ങള്‍ പലരീതിയില്‍ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ''ഗോയയുടെ അതേ മഷിയില്‍ ചാലിച്ച് വരച്ചെടുത്തവയാണ് കുലാധിപതിയുടെ ഹേമന്തദിനങ്ങളിലെ മനുഷ്യക്കുരുതിയുടെ ദൃശ്യങ്ങള്‍'' എന്ന വാക്യത്തില്‍ എഴുത്തല്ല, വരയാണ് നാം കാണുക. മറ്റൊരിടത്ത്, ''ആവര്‍ത്തനസ്വഭാവമുള്ള വിവരണത്തിലൂടെ പ്രസിഡണ്ടിന്റെ ചില ശാരീരിക സവിശേഷതകള്‍ക്ക് നോവലിസ്റ്റ് നിശിതമായ നിറം പകരുന്നു'' എന്നെഴുതുമ്പോള്‍ നിറമാണ് പ്രധാനമായി വരുന്നത്. അക്കിത്തത്തിന്റെ കവിതകളെ വിലയിരുത്തവേ ''ഇടിഞ്ഞുപൊളിഞ്ഞ ലോകത്തില്‍ പതിഞ്ഞിട്ടുള്ള മൂവന്തിവിഷാദത്തിന്റെ പ്രതീതി ഒരുകാലത്ത് നമ്മുടെ സാഹിത്യസംവേദനത്തിലെ പ്രധാനപ്പെട്ട ചായക്കൂട്ടുകളിലൊന്നായിരുന്നു'' എന്ന് രാജകൃഷ്ണന്‍ പറയുന്നുണ്ട്. ഇവിടെ ചായക്കൂട്ടുകളെക്കുറിച്ചുള്ള പരാമര്‍ശം വായനക്കാര്‍ക്ക് നല്‍കുന്നത് ചിത്രകലയുടെ ദൃശ്യബോധമാണ്. എസ്.കെ. പൊറ്റക്കാടിന്റെ വിഷകന്യകയെ വിലയിരുത്തിക്കൊണ്ട് രാജകൃഷ്ണന്‍ പറയുന്നത് ശ്രദ്ധിക്കുക: 

അയ്യപ്പപ്പണിക്കർ
അയ്യപ്പപ്പണിക്കർ

''പൊറ്റെക്കാട്ട് നോവലെഴുതുന്ന വേളയിലും അദ്ദേഹത്തിന്റെ ഉള്ളിലുള്ള സഞ്ചാരസാഹിത്യകാരന്‍ ഉണര്‍ന്നിരിപ്പാണ്. സഞ്ചാരി തന്റെ വിസ്മയത്താല്‍ വിടര്‍ന്ന കണ്ണുകള്‍കൊണ്ട് പിടിച്ചെടുക്കുന്ന കാഴ്ചകള്‍ കൊരുത്തെടുക്കുന്ന വിലോലമായ സമ്പ്രദായമുണ്ടല്ലോ. അത്തരത്തിലുള്ള ഒന്നാണ് ഈ നോവലിന്റെ നിര്‍മ്മാണരീതി. അലങ്കാരമൊന്ന് മാറ്റിപ്പറഞ്ഞാല്‍ ഒരു സ്‌കെച്ച് ബുക്കിന്റെ ഘടനയാണ് വിഷകന്യകയ്ക്കുള്ളത്.'' പൊറ്റെക്കാട്ട് എന്ന നോവലിസ്റ്റിനെക്കുറിച്ച് രാജകൃഷ്ണന്‍ പറയുന്ന വാക്കുകള്‍ വിമര്‍ശകന്‍ എന്ന നിലയില്‍ അദ്ദേഹത്തിനും ബാധകമാണ്. സാഹിത്യകൃതികളെ വിടര്‍ന്ന കണ്ണുകള്‍കൊണ്ട് കാണാനാണ് രാജകൃഷ്ണന്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. രാജകൃഷ്ണന്റെ ഭാഷയില്‍ ദൃശ്യബിംബങ്ങളുടെ പരമ്പര കടന്നുവരുന്നത് ഇക്കാരണംകൊണ്ടാണ്.

കാഴ്ചയിലൂടെ സ്വരൂപിച്ച വായനാനുഭവങ്ങള്‍ എഴുത്തിലേക്ക് പകരാനായി രാജകൃഷ്ണന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങളില്‍ അടുത്തത് ഭാഷണശൈലിയാണ്. വിഷയമേതായാലും ദീര്‍ഘനേരം ഇടതടവില്ലാതെ സംസാരിക്കാന്‍ രാജകൃഷ്ണനു വലിയ താല്പര്യമാണ്. സംസാരപ്രിയനായ ഈ വിമര്‍ശകന്‍ എഴുതുമ്പോളും ആ താല്പര്യം കാണിക്കുന്നു. എഴുത്തല്ല, പറച്ചിലാണ് തന്റെ വഴി എന്ന് അദ്ദേഹം നേരിട്ടും അല്ലാതെയും നിരവധി തവണ തന്റെ ലേഖനങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ''സെയില്‍സ്മാന്റെ സുഹൃത്തായ കമ്മ്യൂണിസ്റ്റുകാരന്‍ നോവലിന്റെ ഭാവശില്പത്തില്‍ വഹിക്കുന്ന പങ്കിനെപ്പറ്റി ഈ സന്ദര്‍ഭത്തില്‍ ചിലതു പറയേണ്ടിയിരിക്കുന്നു'' എന്നു പറച്ചിലിന്റെ നേരിട്ടുള്ള പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ ധാരാളമുണ്ട്. ''സിനിമയിലെ പ്രതിരൂപങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ വേറെയും മുന്‍കരുതലിന്റെ ആവശ്യമുണ്ട്'', ''ഈ വിലയിരുത്തല്‍ തെറ്റാവാം, ശരിയാവാം. ഞാന്‍ ഇവിടെ സംസാരിക്കുന്നത് എന്റെ വ്യക്തിപക്ഷപാതങ്ങളെക്കുറിച്ചാണ്'', ''വിശദമായ പഠനം അര്‍ഹിക്കുന്ന മേഖലകളാണിത് എന്ന് മാത്രം ഇപ്പോള്‍ പറഞ്ഞുവെക്കട്ടെ'' എന്നിങ്ങനെ ഭാഷണത്തിന്റെ പ്രത്യക്ഷസാന്നിദ്ധ്യം വഹിക്കുന്ന വാക്യങ്ങള്‍ രാജകൃഷ്ണന്റെ ആദ്യകാല പഠനങ്ങളില്‍ ആവര്‍ത്തിച്ചു കടന്നുവരുന്നുണ്ട്. അതേസമയം പ്രഭാഷണത്തിന്റേയോ അദ്ധ്യയനത്തിന്റേയോ ശൈലിയിലുള്ള ഭാഷണഘടനയും അവിടെ കാണാം. ''പറഞ്ഞുവരുന്നതിതാണ്'' എന്ന് തുടങ്ങുന്ന വാക്യങ്ങള്‍ രാജകൃഷ്ണന്റെ ലേഖനങ്ങളില്‍ പലയിടത്തുമുണ്ട്. ''ആത്മഹത്യ ചെയ്യുന്നതിന് കുറച്ചുനാളുകള്‍ക്കു മുന്‍പ് ഇടപ്പള്ളി എഴുതിയ മണിനാദം എന്ന പ്രശസ്തമായ കവിതയിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്'' എന്നെഴുതുമ്പോള്‍ പ്രഭാഷണത്തിന്റെ ശൈലി കടന്നുവരുന്നു. ''ശരി നമുക്ക് അന്ത്യസന്ദേശത്തിലേക്ക് മടങ്ങാം'' എന്ന വാക്യത്തില്‍ അദ്ധ്യയനത്തിന്റെ ശൈലിയാണുള്ളത്. 

അക്കിത്തം
അക്കിത്തം

''ഈ ചര്‍ച്ചയ്ക്ക് വിരാമം കുറിക്കുന്നതിനു മുന്‍പായി പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റായ സോള്‍ബെല്ലോ സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും വിമര്‍ശകര്‍ക്കും നല്‍കിയ താക്കീത് അനുസ്മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'' എന്ന വാക്യത്തില്‍ എഴുത്ത് സംവാദത്തിന്റെ ശൈലിയില്‍ വരുന്നതു കാണാം. ഭാഷണത്തിന്റെ വ്യത്യസ്ത തലങ്ങളെയാണ് അദ്ദേഹം പിന്തുടരുന്നത് എന്നര്‍ത്ഥം.  കാഴ്ചയും ഭാഷണവും രാജകൃഷ്ണന്റെ ഭാഷാശൈലിയെ സാരമായി സ്വാധീനിച്ചിട്ടുണ്ട് എന്നാണല്ലോ ഈ പ്രയോഗങ്ങളെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നത്. രാജകൃഷ്ണനില്‍ കാഴ്ചയുടെ അശാന്തി വിതച്ചത് ഒരുപക്ഷേ, ചലച്ചിത്രമെന്ന മാധ്യമമായിരിക്കാം സാഹിത്യകൃതികളെക്കുറിച്ചെഴുതുന്ന അതേ ഗൗരവത്തോടെ സിനിമയെക്കുറിച്ചും രാജകൃഷ്ണന്‍ എഴുതിയിട്ടുണ്ട്. കാഴ്ചയെ ഒരുത്സവമാക്കി മാറ്റാന്‍ അദ്ദേഹത്തെ സഹായിച്ചത് സിനിമാനുഭവം തന്നെ. 

ചെറുപ്രായത്തില്‍ സിവില്‍ സര്‍വ്വീസ് കിട്ടിയിട്ടും അതൊഴിവാക്കി അദ്ധ്യാപനവൃത്തിയിലേക്ക് വന്നയാളാണ് രാജകൃഷ്ണന്‍. സിവില്‍ സര്‍വ്വീസ് ഒഴിവാക്കാനുള്ള അന്നത്തെ തീരുമാനം തെറ്റായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ എന്നു ജോലിയില്‍നിന്നും വിരമിച്ചതിനുശേഷം നടത്തിയ ഒരഭിമുഖത്തില്‍ ഞാന്‍ രാജകൃഷ്ണനോട് ചോദിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി, ഒരിക്കലുമില്ല, കാരണം അദ്ധ്യാപകനായതുകൊണ്ടുമാത്രമാണ് തനിക്ക് അക്കാലത്ത് ലോകോത്തരമായ സിനിമകള്‍ കാണാന്‍ കഴിഞ്ഞത് എന്നായിരുന്നു. കാഴ്ചയും സംസാരവുമായി രാജകൃഷ്ണന്‍ ഇപ്പോഴും സജീവമായി വിമര്‍ശനരംഗത്തുണ്ട്. മലയാള വിമര്‍ശനം ഇനി മറികടക്കാനുള്ളത് രാജകൃഷ്ണന്റെ കാഴ്ചകളെയാണെന്ന് ഉറപ്പിച്ചു പറയാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com