പ്രാചീന മലയാളവും നായര്‍ സവര്‍ണ്ണതയും

ക്രിസ്തുമത നിരൂപണത്തില്‍ ഹിന്ദുമതത്തിന്റെ സംരക്ഷകനും വേദാധികാര നിരൂപണത്തില്‍ വിമര്‍ശകനുമായി അവതരിച്ചുകഴിഞ്ഞാണ് സ്വാമികള്‍ പ്രാചീനമലയാളം എഴുതുന്നത്
പ്രാചീന മലയാളവും നായര്‍ സവര്‍ണ്ണതയും

കേരള സമൂഹത്തില്‍ ദീര്‍ഘമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ ഒരു കൃതിയാണ് പ്രാചീനമലയാളം. ക്രിസ്തുമത നിരൂപണത്തില്‍ ഹിന്ദുമതത്തിന്റെ സംരക്ഷകനും വേദാധികാര നിരൂപണത്തില്‍ വിമര്‍ശകനുമായി അവതരിച്ചുകഴിഞ്ഞാണ് സ്വാമികള്‍ പ്രാചീനമലയാളം എഴുതുന്നത്. കേരളത്തിലെ നമ്പൂതിരി സമുദായത്തിനെതിരെയുള്ള അങ്ങേയറ്റം വിമര്‍ശനാത്മകവുമായ ഒരു കൃതിയായ പ്രാചീനമലയാളം മലയാളചരിത്രത്തില്‍ ഈ മേഖലയിലെ ആദ്യത്തെ ശ്രമവും ആയിരുന്നു. ഒറ്റയടിക്ക് പല ലക്ഷ്യങ്ങളാണ് പുസ്തകത്തിനുണ്ടായിരുന്നത്. ഒന്നാമതായി, നായര്‍ സമുദായത്തിനു കേരളത്തില്‍ നമ്പൂതിരി ബ്രാഹ്മണരുടെ ആഗമനത്തിനു മുന്‍പേ ഉണ്ടായിരുന്നത് എന്ന് അദ്ദേഹം വിശ്വസിക്കുന്ന പ്രത്യയശാസ്ത്ര അധീശത്വം വീണ്ടെടുക്കുക. രണ്ടാമതായി, പരശുരാമനാല്‍ നമ്പൂതിരി ബ്രാഹ്മണര്‍ക്ക് നല്‍കപ്പെട്ട ദാനമാണ് കേരളം എന്ന ഐതിഹ്യത്തെ ചോദ്യം ചെയ്യുകയും തള്ളിക്കളയുകയും ചെയ്യുക. മൂന്നാമതായി നായര്‍ സമുദായം കേരളത്തില്‍ ചാതുര്‍വര്‍ണ്ണ്യത്തിനകത്ത് ആധികാരികമായ സ്ഥാനം വഹിച്ചിരുന്നവരാണ് എന്നും വഞ്ചകരായ നമ്പൂതിരിമാരുടെ വരവോടെയാണ് ഇതു നഷ്ടപ്പെടുന്നത് എന്നും ആ സ്ഥാനം വീണ്ടെടുക്കേണ്ടതാണ് എന്നും വാദിച്ചുറപ്പിക്കുക. നാലാമതായി, നായര്‍ സമുദായത്തെ ശൂദ്രര്‍ എന്നു കാണുന്നതുതന്നെ തെറ്റായ പ്രവണതയാണെന്നും സാമൂഹ്യപരമായും ഭൂവുടമകള്‍ എന്ന നിലയ്ക്കും സാംസ്‌കാരികമായും ചരിത്രപരമായും വലിയ പ്രതാപങ്ങള്‍ ഉണ്ടായിരുന്നവരാണ് നായര്‍ സമുദായം എന്നും ആചാരവിശ്വാസങ്ങളുടെ കാര്യത്തില്‍പ്പോലും അവര്‍ ശൂദ്രരെന്നു കരുതപ്പെടുന്ന സമുദായങ്ങള്‍ക്കു മേലെയാണ് എന്നും തെളിയിക്കുക. സ്‌കന്ദപുരാണത്തിലെ സഹ്യാദ്രികാണ്ഡം എന്ന താരതമ്യേന പ്രക്ഷിപ്തമെന്നു വിശ്വസിക്കാവുന്ന ഒരു അനുബന്ധത്തെ ഉപയോഗിച്ചുകൊണ്ടാണ് ഈ സാഹസികമായ ഉദ്യമത്തിനു സ്വാമികള്‍ മുതിരുന്നത്. ഔത്തരാഹപാഠങ്ങളില്‍ ഈ ഭാഗം ഉണ്ടാവാറില്ല. 

കറകളഞ്ഞ നമ്പൂതിരി വിമര്‍ശനവും നായര്‍ സമുദായത്തിന്റെ വാഴ്ത്തലുമാണ് പ്രാചീനമലയാളം എന്ന കൃതി. നമ്പൂതിരി ബ്രാഹ്മണരുടെ ഉത്ഭവം വൈദിക ബ്രാഹ്മണരില്‍നിന്നല്ല എന്നും അവര്‍ ദ്രാവിഡരാണെന്നും ഈ കൃതി വാദിക്കുന്നു. നമ്പൂതിരി എന്ന പദംപോലും മലയാളത്തില്‍ മാത്രമേയുള്ളുവെന്നും പേരിന്റെ ഒടുക്കം 'രു' എന്നു ചേര്‍ക്കുന്ന ഇവരുടെ ശീലം തെലുങ്കില്‍നിന്നാണെന്നും ഇവരില്‍ ചിലര്‍ ഈ വാക്ക് പേരില്‍ ചേര്‍ക്കുന്നില്ല എന്നും ചില നമ്പൂതിരിമാര്‍ പിന്തുടരുന്നത് മാതൃദായകക്രമമാണെന്നും അവര്‍ക്ക് പണ്ട് വേദം ഉച്ചരിക്കാന്‍ അവകാശം ഇല്ലായിരുന്നുവെന്നും 'പാശ്ചാത്യരെ അനുകരിക്കുന്ന നമുക്കിടയിലെ വിടന്മാരെപ്പോലെ വൈദികബ്രാഹ്മണരെ അനുകരിക്കുന്നവര്‍' മാത്രമാണ് ഇവരെന്നും സ്വാമികള്‍ പറയുന്നു. കൃതിയുടെ തുടക്കത്തില്‍ത്തന്നെ അദ്ദേഹം പറഞ്ഞുവയ്ക്കുന്നതുപോലെ അദ്ദേഹത്തിന്റെ ഉദ്ദേശ്യം നമ്പൂതിരി ബ്രാഹ്മണര്‍ക്ക് കേരളത്തിലെ വര്‍ണ്ണവ്യവസ്ഥയ്ക്കകത്ത് ഉണ്ടായിരുന്ന ആധിപത്യം തകര്‍ക്കുകയും ശക്തരായ ജാതിവിഭാഗം എന്ന നിലയ്ക്ക് നായര്‍ സമുദായത്തിനുണ്ടായിരുന്ന ആധിപത്യത്തിന്റെ സുവര്‍ണ്ണകാലം വീണ്ടെടുത്ത് ശൂദ്രര്‍ എന്ന് നമ്പൂതിരികളാല്‍ അവര്‍ക്കു ചാര്‍ത്തപ്പെട്ടിരുന്ന അപമാനം ഇല്ലാതാക്കുക എന്നതുമായിരുന്നു. 

പില്‍ക്കാല കേരളത്തിലെ രാഷ്ട്രീയത്തില്‍ പരിമിതമായ ഒരു സ്ഥാനം സ്വാമികളുടെ ബ്രാഹ്മണ ഭൂവുടമസ്ഥതാവാദ നിഷേധത്തിനുണ്ട്. സ്വാമികള്‍ ഈ കൃതി രചിക്കുന്ന കാലത്ത് കേരളത്തിലെ മിക്കവാറും ഭൂമിയും നമ്പൂതിരി ബ്രാഹ്മണരുടെ കൈവശമായിരുന്നു എന്നു പറയുന്നത് ശരിയായിരുന്നില്ല. തിരുവിതാംകൂറിലും മലബാറിലും ഒക്കെ വലിയ ചലനങ്ങള്‍ ഭൂവുടമസ്ഥതാ ബന്ധത്തില്‍ വന്നുകഴിഞ്ഞിരുന്നു. പക്ഷേ, കേരളത്തിലെ മുഴുവന്‍ ഭൂമിയും ഐതിഹ്യപരമായി ജന്മം ഭൂമിയാണ്. അതായത് ബ്രാഹ്മണര്‍ക്കു മാത്രം അവരുടെ ജന്മംകൊണ്ട് അവകാശമായത്. മറ്റു വ്യാഖ്യാനങ്ങള്‍ ഈ വാക്കിനു സാധ്യമാണെങ്കിലും ബ്രാഹ്മണാധിപത്യപരമായ ഈ ഉടമസ്ഥതാവാദമാണ് മിക്കവാറും ഭൂമി സര്‍ക്കാര്‍ വകയായി, പണ്ടാരവകയായി പിടിച്ചെടുത്ത തിരുവിതാംകൂറില്‍പ്പോലും ഒരു പരിധിവരെ ആലങ്കാരികമായെങ്കിലും വകവച്ചുകൊടുത്തിരുന്നത്. ഭൂമിയുടെമേല്‍ പൈതൃകമായും വംശീയമായും തങ്ങള്‍ക്ക് അവകാശമുണ്ട് എന്ന ഈ നമ്പൂതിരിധാരണയെയാണ് 'പ്രാചീനമലയാള'ത്തില്‍ സ്വാമികള്‍ പ്രധാനമായും തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇതിലേക്കായി ആദ്യംതന്നെ പരശുരാമന്‍ കടലില്‍നിന്നു വീണ്ടെടുത്ത് ബ്രാഹ്മണര്‍ക്കു കൈമാറിയതാണ് കേരള പ്രദേശം എന്ന ഐതിഹ്യത്തെ അദ്ദേഹം തള്ളിക്കളയുന്നു. രണ്ടാമതായി നമ്പൂതിരിമാരാണ് കേരളത്തിലെ ജാതിശ്രേണിയില്‍ മുന്‍പര്‍ എന്ന ധാരണ പാടേ തകര്‍ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, പകരം അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്താണ്? ഭൂമി മുഴുവന്‍ നായന്മാരുടെ ആയിരുന്നു എന്നാണ്. 

സ്വാമികള്‍ നാഗര്‍ എന്നു വിളിക്കുന്ന ഒരു കുലമാണ് അദ്ദേഹത്തിന്റെ സാങ്കല്പിക കേരള ഭൂപടത്തിലെ തദ്ദേശീയര്‍. ഇവര്‍ 'വാളും ഏന്തി വാണിരുന്ന' ഭൂമിയെ അസിപ്രസ്ഥം എന്ന് അദ്ദേഹം വിളിക്കുന്നു. 'ഭാര്‍ഗ്ഗവഭൂമി' എന്ന നമ്പൂതിരികളാല്‍ നല്‍കപ്പെട്ട പേര്‍ തള്ളിക്കളഞ്ഞു 'മലയാള ഭൂമി' എന്നു വിളിച്ചുകൊണ്ട് കേരളത്തിന്റെ ഭൂപടത്തിനെ കാഞ്ഞരോട്ടുപുഴയ്ക്കു തെക്കുള്ള ഭാഗം എന്ന് അടയാളപ്പെടുത്തുന്നു. ഇങ്ങനെ കേരളത്തിന്റെ ഭൂപടത്തെ മാറ്റിപ്രതിഷ്ഠിച്ച് നമ്പൂതിരി ചരിത്രരേഖകള്‍ ആധികാരിക രേഖകളായി കരുതിപ്പോന്ന കേരളോല്പത്തി, കേരളമാഹാത്മ്യം, ജാതിനിര്‍ണ്ണയം തുടങ്ങിയവയെ അദ്ദേഹം തള്ളിക്കളയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അവയെല്ലാം ചരിത്രസത്യങ്ങള്‍ മൂടിവച്ച് നമ്പൂതിരി ആധിപത്യത്തിനുവേണ്ടി മാത്രം പടച്ചുണ്ടാക്കിയവയായിരുന്നു.  കേരളോല്പത്തിപോലെയുള്ള കൃതികളുടെ തിരസ്‌കരണം അന്നത്തെ കേരളത്തിന്റെ ചരിത്രയുക്തികളേയും ഭൂമിശാസ്ത്രബന്ധങ്ങളേയും ചോദ്യം ചെയ്യുന്നതായിരുന്നു. നമ്പൂതിരിമാര്‍ക്കുണ്ടെന്നു കരുതിപ്പോന്ന ഈ ജന്മാവകാശങ്ങളും അത് അടിസ്ഥാനമാക്കി നിലനിന്നിരുന്ന പരമ്പരാഗത കേരളത്തിലെ ഭൂമിയുടേയും സ്വത്തവകാശത്തിന്റേയും ചരിത്രവും അന്നത്തെ പാഠപുസ്തകങ്ങളിലും കാണാമായിരുന്നു. 

നമ്പൂതിരിമാരോട് സംസാരിക്കുമ്പോള്‍ നായര്‍ സമുദായക്കാര്‍ ഉപയോഗിക്കേണ്ട ആചാരവാക്കുകളുടെ ഒരു നീണ്ടനിര എടുത്തു പറഞ്ഞുകൊണ്ട് വളരെ വിദ്ധ്വംസകാത്മകമായ ഒരു വിമര്‍ശനം സ്വാമികള്‍ നടത്തുന്നുണ്ട്. തിരുമേനി, തിരുമനസ്സ്, കല്പന, അരുളപ്പാട്, അടിയന്‍ തുടങ്ങിയവയും അതുപോലെ തങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തേയും ജീവിക്കുന്ന വീടിനേയും സ്വന്തം പണത്തേയും വരെ സ്വയം ഇകഴ്ത്തി പറയാനായി ഉപയോഗിച്ചിരുന്ന വാക്കുകളും എടുത്തുപറഞ്ഞുകൊണ്ട് അത്യധികം ദുരാചാരപരമായ അന്നത്തെ സാമൂഹ്യ അസമത്വത്തേയും അതിനേക്കുറിച്ച് സ്വസമുദായത്തില്‍ത്തന്നെ നിലനിന്നിരുന്ന അജ്ഞതയേയും സ്വാമികള്‍ പുറത്തുകൊണ്ടുവരുന്നു. കൂടാതെ നമ്പൂതിരിയുടെ മകനാണെന്നത് അഭിമാനത്തോടെ പറഞ്ഞുനടക്കുന്ന ശൂദ്രരേയും സ്വാമികള്‍ കളിയാക്കുന്നു. ബ്രാഹ്മണ പിതാക്കന്മാരുടേയും തമ്പുരാന്മാരുടേയും മുന്നില്‍ അവര്‍ ഓച്ഛാനിച്ചും ഭയപ്പെട്ടുംനിന്നു എന്നും മലയാള ശൂദ്രന്മാര്‍ ബ്രാഹ്മണരോട് കാണിച്ചിരുന്നതത്രയും വിധേയത്വം ജാതിശ്രേണിയില്‍ മറ്റെവിടേയും കാണാന്‍ കഴിയുകയില്ല എന്നും അദ്ദേഹം സംശയമെന്യേ പറയുന്നുണ്ട്. കുറച്ചെങ്കിലും പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നുതുടങ്ങിയ അക്കാലത്തെ സ്ഥിതിതന്നെ ഇങ്ങനെയാണെങ്കില്‍ ബ്രാഹ്മണന്‍ ഭൂസുരനായും ഈശ്വരനായും സ്വയം പ്രതിഷ്ഠിച്ചിരുന്ന പഴയകാലത്തെ സ്ഥിതി എത്ര ഭീകരമായിരുന്നിരിക്കും എന്ന് അദ്ദേഹം ആശ്ചര്യപ്പെടുന്നു. സ്വാമികള്‍ സ്വയം സങ്കല്‍പ്പിച്ചെടുത്ത ഒരു നായര്‍പെരുമയുടെ പഴയകാലവുമായിട്ടാണ് ഈ തുലനം അദ്ദേഹം നടത്തുന്നത്. അദ്ദേഹത്തിന്റെ ഭാവനാചരിത്രത്തില്‍ അടിച്ചമര്‍ത്തലിന്റെ ഒരു നീണ്ടകാലഘട്ടം ഉണ്ടായിരുന്നിട്ടും നായര്‍ സമുദായം ശാരീരികമായി ശക്തരും ധാര്‍മ്മികമായി നീതിമാന്മാരും ശത്രുക്കളോട് വിട്ടുവീഴ്ചയില്ലാത്തവരും യുദ്ധത്തില്‍ നിപുണരും ആയോധനകലകളില്‍ വീരരും ആയിരുന്നു. സത്യം ഉയര്‍ത്തിപ്പിടിക്കുന്നവരും തങ്ങളേക്കാള്‍ ഭാഗ്യഹീനരായവരോട് കരുണയുള്ളവരും ദൈവഭയമുള്ളവരും കള്ളുകുടിക്കാത്തവരും മാംസം ഭക്ഷിക്കാത്തവരും സ്ത്രീകളുമായി അധാര്‍മ്മിക ബന്ധങ്ങള്‍ പുലര്‍ത്താത്തവരും ആയിരുന്നു. കേള്‍വികേട്ട സന്ന്യാസിമാരും ചിന്തകരും ഉണ്ടായിട്ടുള്ള സമുദായമാണെന്നും എന്നിട്ടും ഇത്രയ്ക്ക് ശക്തരായ ഒരു വംശം ബ്രാഹ്മണരുടെ കൗശലത്തില്‍ വീണുപോയതെങ്ങനെയെന്നും അദ്ദേഹം അത്ഭുതപ്പെടുന്നു. മലയാളത്തിന്റെ ഭൂമിയില്‍ നമ്പൂതിരിമാര്‍ വൈദേശികരാണെന്നും അതുകൊണ്ടാണ് ബ്രാഹ്മണന്‍ എന്ന വാക്കുപോലും മലയാളത്തില്‍ ഇല്ലാത്തത് എന്നും അദ്ദേഹം പറയുന്നു. 

സ്വാമികള്‍ തുറന്നുവിട്ട വിധ്വംസകമായ ബ്രാഹ്മണവിമര്‍ശനം നവോത്ഥാനാനന്തര കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്തതായിരുന്നു. മറ്റു കീഴാളവിഭാഗങ്ങള്‍ പലപ്പോഴും ബ്രാഹ്മണ്യവിമര്‍ശനത്തിനു മുതിര്‍ന്നിട്ടുണ്ടെങ്കിലും ആധുനിക കാലത്ത് 1891-ല്‍ ചന്തുമേനോനാണ് 'ഇന്ദുലേഖ'യിലെ സൂരിനമ്പൂതിരിപ്പാടിന്റെ പാത്രസൃഷ്ടിയിലൂടെ ഒരു ശൂദ്രന്‍ ബ്രാഹ്മണനെ കളിയാക്കുന്ന സാമൂഹ്യ-സാഹിത്യ വ്യവഹാരത്തിനു തുടക്കമിടുന്നത്. നമ്പൂതിരി അത്തരം ആക്ഷേപങ്ങള്‍ക്ക് അതീതനാണ് എന്ന സാമൂഹ്യാവസ്ഥയെ ആദ്യമായി വെല്ലുവിളിക്കുന്നത് ചന്തുമേനോനാണ്. കേരളത്തിലെ കീഴാളസമുദായങ്ങളെ മുഴുവന്‍ അടിച്ചമര്‍ത്തിയിരുന്ന നായര്‍-നമ്പൂതിരി കൂട്ടായ്മ കേവലം ഒരു അധികാര പങ്കാളിത്തം മാത്രമായിരുന്നില്ല. ഈ പ്രത്യയശാസ്ത്രാധികാരം നിലനിന്നിരുന്നത് നായര്‍സമുദായം സ്വജാതിയില്‍നിന്നുമാത്രം വിവാഹംകഴിച്ച് നിലനിര്‍ത്തിയിരുന്ന ഒരു നമ്പൂതിരി-നായര്‍ സഹവര്‍ത്തിത്വത്തിലായിരുന്നു. 20-ാം നൂറ്റാണ്ടില്‍ മാത്രമാണ് ശൂദ്രസ്ത്രീകളെ ലൈംഗിക പങ്കാളികളായി നമ്പൂതിരിമാര്‍ക്ക് നല്‍കിയിരുന്ന സംബന്ധം എന്ന സാമൂഹിക വ്യവസ്ഥയിലൂടെ തങ്ങള്‍ ഒരു ചതിക്കുഴിയില്‍പ്പെടുകയായിരുന്നു എന്ന് നമ്പൂതിരിമാര്‍ മനസ്സിലാക്കുന്നത്. ഇതു സംഭവിക്കുന്നത് ചന്തുമേനോനും ചട്ടമ്പിസ്വാമികളുമടക്കമുള്ള ശൂദ്ര സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തി തുടങ്ങിയതിനു ശേഷമാണുതാനും. 

നായര്‍ സമുദായക്കാര്‍ സ്വന്തം സ്ത്രീകളെ നമ്പൂതിരി പുരുഷന്മാര്‍ക്ക് ലൈംഗികപങ്കാളികളായി നല്‍കിവന്നിരുന്ന ഒരു വിചിത്രമായ സാമൂഹിക വ്യവസ്ഥയാണല്ലോ സംബന്ധം എന്നത്. ഈ വ്യവസ്ഥയില്‍ നമ്പൂതിരി ബ്രാഹ്മണന്‍ യാതൊരു വൈകാരികമോ സാമ്പത്തികമോ ആയ ബാധ്യതകളുമില്ലാത്ത ഒരു ശുക്ലദാതാവ് മാത്രമായിരുന്നു. ഇതിനു പ്രതിഫലമായി നമ്പൂതിരിമാര്‍ സ്വജാതിയിലെ ഓരോ കുടുംബത്തിലേയും മൂത്തപുത്രനു മാത്രമേ സ്വജാതിയില്‍നിന്നും വിവാഹം കഴിക്കാനുള്ള അനുമതിയുള്ളു എന്ന നിയമവും പിന്തുടര്‍ന്നുപോന്നു. അയാള്‍ക്കു മാത്രമേ കുടുംബസ്വത്ത് കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ടായിരുന്നുള്ളൂ. ഇതുകൊണ്ട് രണ്ട് പ്രശ്‌നങ്ങളാണ് നമ്പൂതിരി സമുദായം നേരിട്ടത്. ഒന്ന് ബഹുഭൂരിപക്ഷം നമ്പൂതിരിമാര്‍ക്കും സ്വത്തവകാശം ഇല്ലാത്തവരായി ജീവിക്കേണ്ടിവന്നു. രണ്ടു, ബഹുഭൂരിപക്ഷം നമ്പൂതിരി സ്ത്രീകള്‍ക്കും ജീവിതപങ്കാളിയെ കിട്ടാതായി. നായര്‍ സമുദായത്തിനാവട്ടെ, പുറത്തുനിന്ന് അവര്‍ ഉന്നതര്‍ എന്നു കരുതുന്ന ഒരു വിഭാഗത്തെ തങ്ങള്‍ക്കുള്ള ശുക്ലദാതാക്കളായി, തങ്ങളുടെ സമ്പത്തില്‍ യാതൊരു അവകാശവുമില്ലാതെ നൂറ്റാണ്ടുകളോളം നിലനിര്‍ത്താന്‍ കഴിഞ്ഞു. പ്രത്യയശാസ്ത്രപരമായ നമ്പൂതിരി മേധാവിത്വം പരിപൂര്‍ണ്ണമായിരിക്കുന്ന കാലത്തും ഇങ്ങനെ ഒരു വിചിത്രമായ ഒരു സാമൂഹിക ഉടമ്പടി ഉണ്ടാക്കാന്‍ ശൂദ്രര്‍ക്കു സാധിച്ചതെങ്ങനെ എന്നത് അദ്ഭുതം തന്നെയാണെങ്കിലും മറ്റു ജാതിവിഭാഗങ്ങളുടെമേല്‍ ഇരുകൂട്ടരുടേയും സാമൂഹികാധികാരം ഇതിനാല്‍ ഭദ്രമാക്കപ്പെട്ടു എന്നതും സത്യമാണ്. നമ്പൂതിരിമാരില്‍ മൂത്തമകന്‍ മാത്രം കുടുംബസ്വത്തും അധികാരങ്ങളും കൈവശം വയ്ക്കുന്നതുകൊണ്ട് കുടുംബസ്വത്തുവകകള്‍ മറ്റുതരത്തില്‍ അന്യാധീനപ്പെട്ട് ക്ഷയിച്ചു പോകാതിരിക്കാന്‍ ഇത് അവരേയും സഹായിച്ചുവെങ്കിലും സാമുദായികമായി അവര്‍ അതിനു നല്‍കേണ്ടിവന്ന വില എത്രയോ അധികമായിരുന്നു എന്നു കാണാം. ഇത്തരത്തില്‍ ഏതെങ്കിലും പ്രബലസമുദായം സ്വജാതിയിലെ ആണുങ്ങള്‍ക്കു വിവാഹം നിഷേധിച്ചുകൊണ്ടും സ്വജാതിയിലെ പെണ്ണുങ്ങളെ ആജീവനാന്തം കന്യകാത്വത്തിലേക്കു തള്ളിവിട്ടുകൊണ്ടും കുടുംബസ്വത്ത് സംരക്ഷിക്കാന്‍ തയ്യാറായിട്ടുണ്ടാകുമോ എന്നത് നരവംശശാസ്ത്രപരമായി അന്വേഷിക്കേണ്ട ഒരു ചോദ്യം തന്നെയാണ്. ഈ രണ്ടു സമുദായങ്ങള്‍ക്കും ഈ സാമൂഹിക ഉടമ്പടിയുടെ വിചിത്രമായ നിബന്ധനകള്‍ പലനിലയ്ക്കും പരസ്പരം പ്രയോജനകരമായ ഒരു അധികാര പങ്കാളിത്തത്തിനു സഹായിച്ചിട്ടുണ്ടാകണം എന്നുതന്നെ വേണം അനുമാനിക്കാന്‍. പരമ്പരാഗതമായി അധികാരം മേല്‍ജാതിയില്‍നിന്നും കീഴ്ജാതിയിലേക്ക് പകരുന്നതായി സങ്കല്പിക്കുകയാണെങ്കില്‍ ഇത്തരം വിചിത്രമായ ഒരു ലൈംഗികപങ്കാളിത്തം നിയമപരമാക്കുന്നതിലൂടെ ശൂദ്ര-നായര്‍ സമുദായങ്ങള്‍ കേരളത്തില്‍ നിരവധി അധികാരാവകാശങ്ങളും നേടിയിട്ടുണ്ട് എന്നതും വാസ്തവമാണ്. മറിച്ച് നമ്പൂതിരി സമുദായത്തിനാകട്ടെ, ഈ ഉടമ്പടിമൂലം പ്രത്യയശാസ്ത്രപരമായ തങ്ങളുടെ അപ്രമാദിത്വം അംഗീകരിക്കപ്പെടുമ്പോള്‍പോലും കനത്ത സാമൂഹിക-രാഷ്ട്രീയ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടുതാനും. പുതിയ സാമ്പത്തിക അധികാരങ്ങള്‍ ഉണ്ടായതോടെ സ്വജാതി വിവാഹത്തിന്റെ പരിധികള്‍ ലംഘിക്കാന്‍ ഇതര മാര്‍ഗ്ഗങ്ങളും നായര്‍ സമുദായങ്ങളിലെ പുരുഷന്മാര്‍ക്കു ലഭിക്കുകയും അവര്‍ നമ്പൂതിരിസംബന്ധത്തെ നാണംകെട്ട ഏര്‍പ്പാടായി കണ്ട് ക്രമേണ അതു നിര്‍ത്തലാക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ചട്ടമ്പിസ്വാമികള്‍ നായര്‍ നമ്പൂതിരി കൂട്ടുകെട്ടിനെ രൂക്ഷമായി വിമര്‍ശിക്കുകയും സ്വസമുദായത്തിന്റെ നമ്പൂതിരിവിധേയത്വത്തെ അപലപിക്കുകയും ചെയ്യുന്നത്. നായര്‍ സര്‍വ്വിസ് സൊസൈറ്റിയൊക്കെ ഈ സാമൂഹിക പശ്ചാത്തലത്തില്‍നിന്ന് ഉണ്ടാകുന്ന സംഘടിതശക്തികളാണ്. നമ്പൂതിരിയില്‍നിന്നും തങ്ങള്‍ നേടിയെടുത്ത സാമൂഹിക ജാത്യാധികാരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ നമ്പൂതിരീ ആധിപത്യം നിര്‍ത്തലാക്കാനാണ് ആദ്യം മുതല്‍ക്കുതന്നെ ഈ ജാതിസംഘടനകള്‍ ശ്രമിച്ചിരുന്നത്. ജാത്യാധീശത്വം സംരക്ഷിക്കാനും അതുവഴി ജാതിഘടനകള്‍ അതുപോലെതന്നെ നിലനിര്‍ത്താനും മാത്രമേ ഈ സംഘടനകളും ശ്രമിച്ചിട്ടുള്ളു. കേരളത്തില്‍ ചില സവിശേഷ സാമൂഹിക സാഹചര്യങ്ങള്‍ മൂലമാണ് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും പോലെയുള്ള സംഘടനകള്‍ സാദ്ധ്യമാവുന്നത്. 

അധീശത്വത്തോട് എല്ലാ കാലത്തും കീഴാള വിഭാഗങ്ങള്‍ പൊരുതിയിട്ടുണ്ടെങ്കിലും 1890-മുതല്‍ 1910-വരെയുള്ള കാലഘട്ടത്തിലാണ് ബ്രാഹ്മണ പ്രത്യയശാസ്ത്രാധീശത്വത്തിന് ഏറ്റവും വലിയ തിരിച്ചടികള്‍ ഉണ്ടാകുന്നത്. ഈ കാലഘട്ടത്തിലാണ് ഏതാണ്ട് 1800-കള്‍ മുതല്‍ തുടങ്ങിയ ജാത്യാധികാരങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരേയുള്ള പ്രത്യക്ഷ പ്രതിഷേധസമരങ്ങള്‍ (ദളവാക്കുളം സമരം മുതല്‍ മേല്‍മുണ്ട് സമരവും മറ്റനേകം സമരങ്ങളും പ്രതിവ്യവഹാരങ്ങളും നേതൃത്വപരമായ ഇടപെടലുകളും) കരുത്താര്‍ജ്ജിക്കുകയും പല സാമുദായിക നേതൃത്വങ്ങളും ജാതിഘടനകളെ അവയുടെ പൂര്‍ണ്ണതയില്‍ സാമൂഹിക-സാമ്പത്തിക പ്രത്യയശാസ്ത്ര ചൂഷണങ്ങളായിക്കണ്ട് പ്രതികരിക്കാനുള്ള രാഷ്ട്രീയസാധ്യത തേടുന്നതും. 1850-കള്‍ മുതലുണ്ടായിക്കൊണ്ടിരുന്ന രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങള്‍ ഏകോപിപ്പിക്കപ്പെടുന്നതും ഈ കാലത്താണ്. സാഹിത്യത്തില്‍ പരക്കെ അറിയപ്പെടുന്ന പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതിവിജയവും ചന്തുമേനോന്റെ ഇന്ദുലേഖയുമൊക്കെ ഈ മാറ്റത്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ കൂടിയായിരുന്നു. തെക്കന്‍ തിരുവിതാംകൂറില്‍ 1888-ല്‍ ശ്രീനാരായണഗുരുവിന്റെ അരുവിക്കരപ്രതിഷ്ഠയും തുടര്‍ന്ന് അയ്യന്‍കാളിയുടെ വില്ലുവണ്ടിയാത്രയും പിന്നീട് മലയാളി മെമ്മോറിയലിനെ തുടര്‍ന്നുണ്ടായ ഈഴവ മെമ്മോറിയലും ഇതിന്റെ പ്രതിഫലനമായിരുന്നു. 1898-'99-ല്‍ അയ്യന്‍കാളിയുടെ നേതൃത്വത്തിലുണ്ടായ കര്‍ഷകസമരങ്ങളും വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയുള്ള പില്‍ക്കാല സമരങ്ങളും നിരവധി നായര്‍-കീഴാള ഏറ്റുമുട്ടലുകള്‍ക്കും കാരണമായി. അയ്യന്‍കാളിയുടെ സാധുജന പരിപാലനസംഘവും അദ്ദേഹത്തിന്റെ ശ്രീമൂലം സഭയിലേക്കുള്ള പ്രവേശനവും കണ്ടന്‍ കുമാരന്റെ വിദ്യാഭ്യാസ-രാഷ്ട്രീയ ഇടപെടലുകളും ഉള്‍പ്പെടെയുള്ള വിപ്ലവകരമായ മുന്നേറ്റങ്ങളിലൂടെ സവര്‍ണ്ണ പ്രത്യയശാസ്ത്രത്തിന് ഏറ്റവും കൂടുതല്‍ തിരിച്ചടികളുണ്ടായ കാലവും ഇതുതന്നെയാണ്. ഈ കാലത്താണ് ബ്രാഹ്മണാധിപത്യത്തിന്റെ ചുമട് മാറ്റിവച്ചുകൊണ്ട് ഒരു സവര്‍ണ്ണാധികാര ശക്തിയായി സ്വയംതിരിച്ചറിയാന്‍ ചട്ടമ്പിസ്വാമികള്‍ നായര്‍ സമുദായത്തിനോട് തന്റെ കൃതികളിലൂടെ ആഹ്വാനം ചെയ്യുന്നത്. 

അതേ കാലഘട്ടത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന ദളിത് വിമോചനസമരങ്ങളില്‍നിന്നാണ് സവര്‍ണ്ണ സമുദായങ്ങള്‍ താന്താങ്ങളുടെ അടിമത്വങ്ങളേയും തിരിച്ചറിയുന്നതും പ്രതികരിക്കുന്നതും. നമ്പൂതിരി കൂട്ടുകെട്ടുകൊണ്ട് സാമൂഹികാധികാരം തുടര്‍ന്നും നിലനിര്‍ത്താനാവുകയില്ല എന്ന് നായര്‍ സമുദായങ്ങള്‍ തിരിച്ചറിയുകയായിരുന്നു. ശൂദ്രനായന്മാരുടെ പക്ഷത്തുനിന്നുമുള്ള ഒരു സാങ്കല്പിക ചരിത്രം വരച്ചെടുക്കുന്ന പ്രാചീനമലയാളം എന്ന കൃതി വരേണ്യ നായര്‍ സമുദായത്തിനെ അവരുടെ നമ്പൂതിരി അടിമത്വത്തെക്കുറിച്ച് ബോധവാന്മാരാക്കുകയും ഭാവിയിലെ പല ജാതിബോധങ്ങള്‍ക്കും വഴിതെളിക്കുന്ന ഒരു പുതിയ സവര്‍ണ്ണബോധത്തെ സൃഷ്ടിച്ച് അതിന്റെ വക്താക്കളാകാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്തു. നായര്‍ ചരിത്രത്തിന്റെ പ്രാമാണികത്വത്തിന്റെ ഈ സാങ്കല്പിക മാതൃകയില്‍നിന്നാണ് കേരളത്തിലെ പില്‍ക്കാല സവര്‍ണ്ണബോധങ്ങള്‍ ഉരുത്തിരിയുന്നതും ഏകോപിപ്പിക്കപ്പെടുന്നതും. മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജബഹദൂര്‍ എന്നീ ചരിത്രനോവലുകളിലൂടെ കേവലം ഒരു രാജ്യഭരണ പ്രദേശമായ തിരുവിതാംകൂറിനെ ക്ഷത്രിയരാജാക്കന്മാരും അവരുടെ നായര്‍ വിശ്വസ്തരും ചേര്‍ന്ന് നായര്‍ പ്രഭുവാഴ്ചയ്‌ക്കെതിരെ ഒരു ശക്തമായ ദേശരാജ്യമായി ഉയര്‍ത്തുന്നതായി സങ്കല്പിച്ചുകൊണ്ട് കൊളോണിയല്‍ അടിമത്വത്തിന്റെ തുടക്കത്തിലുണ്ടായ രാഷ്ട്രീയമാറ്റങ്ങളെ ഒരു നവസവര്‍ണ്ണ ബോധത്തിന്റെ പശ്ചാത്തലത്തിലേക്ക് സി.വി. രാമന്‍പിള്ള സംക്രമിപ്പിക്കുന്നു. ഈ ക്ഷത്രിയ-നായര്‍ കൂട്ടായ്മ സിവില്‍ സമൂഹത്തിലും പൊതു ഇടങ്ങളിലും രാഷ്ട്രീയാധിപത്യം സ്ഥാപിക്കുകയും നമ്പൂതിരി ബ്രാഹ്മണരുടെ പങ്ക് കുറഞ്ഞുവരികയും ചെയ്തു. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ കേരള ചരിത്രത്തില്‍ മദ്ധ്യകാലത്ത് ഉണ്ടായിരുന്ന നമ്പൂതിരി ആധിപത്യം മൂലമാണ് കേരള പ്രദേശത്ത് ജാതിവ്യവസ്ഥ ഉത്ഭവിക്കുകയും ഉന്മൂലമായ സാമൂഹ്യ-സാമ്പത്തിക, സാംസ്‌കാരിക അപചയത്തിനു കാരണമാവുകയും ചെയ്തത് എന്നു വീക്ഷിക്കുന്നുണ്ട്. കേരളത്തിലെ പല ചരിത്രകാരന്മാരുടേയും സങ്കല്പത്തില്‍ നമ്പൂതിരി ആധിപത്യം ഇല്ലാത്ത ഒരു മദ്ധ്യപൂര്‍വ്വകാലമുണ്ടായിരുന്നു. പി.കെ. ബാലകൃഷ്ണന്‍ ശക്തമായി വിമര്‍ശിക്കുന്ന ഇളംകുളം കുഞ്ഞന്‍പിള്ളയുടെ കാല്പനിക സൃഷ്ടിയായ ചേര-ചോളന്മാര്‍ തമ്മിലുണ്ടായെന്നു കരുതപ്പെടുന്ന നൂറ്റാണ്ടുയുദ്ധമാണ് നായര്‍ പ്രതാപത്തിന്റെ സുവര്‍ണ്ണകാല സങ്കല്പങ്ങളെ പരിപോഷിപ്പിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പ്രതാപികളായ നായര്‍ ആണുങ്ങള്‍ യുദ്ധഭൂമിയില്‍ ശത്രുക്കളില്‍നിന്ന് ദേശത്തെ രക്ഷിക്കാന്‍ ജീവന്‍ ബലികൊടുക്കുമ്പോള്‍ നമ്പൂതിരിമാര്‍ സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. പ്രാചീനമലയാളം എന്ന കൃതിയുടെ പ്രാധാന്യം സവര്‍ണ്ണനായന്മാരുടെ നാടായി കേരളത്തെ പുനര്‍സങ്കല്‍പ്പിക്കുന്നതില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. നായര്‍ ആധിപത്യത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രത്തിലൂടെ സവര്‍ണ്ണ കേരളത്തിന്റേതായ ഒരു (ഉപ)ദേശീയത നിര്‍വ്വചിക്കാനും ഈ കൃതി സഹായിച്ചിട്ടുണ്ട്. 

ഇഎംഎസ് 
ഇഎംഎസ് 

ചരിത്രനിയോഗത്തിന്റെ പ്രസക്തിയും പരിമിതിയും 

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സവര്‍ണ്ണ വരേണ്യസമൂഹത്തില്‍ സന്ന്യാസിയായും ഋഷിതുല്യനായും ആദരിക്കപ്പെടുന്ന, പ്രകീര്‍ത്തിക്കപ്പെടുന്ന ഒരു വ്യക്തിത്വം ആണ് ചട്ടമ്പിസ്വാമികളുടേത്. ഇ.എം.എസ്. 'കേരള സമൂഹവും രാഷ്ട്രീയവും' എന്ന തന്റെ കൃതിയില്‍ സ്വാമികളെ എഴുത്തച്ഛനും വള്ളത്തോളിനുമിടയില്‍ ഒരു കണ്ണിയായിട്ടാണ് പ്രതിഷ്ഠിക്കുന്നത്. അറിവിന്റെമേലുള്ള ബ്രാഹ്മണാധികാരത്തെ ആദ്യമായി ചോദ്യം ചെയ്യുന്നത് എഴുത്തച്ഛനാണ് എന്ന യുക്തിയിലാണ് ഇത് ചേര്‍ത്തുവയ്ക്കപ്പെട്ടിട്ടുള്ളത്. എഴുത്തച്ഛന്‍ തുടങ്ങിവച്ച ഈ പദ്ധതി സ്വാമികളും തുടരുകയും ഒടുവില്‍ വള്ളത്തോള്‍ ഋഗ്വേദം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതോടെ പൂര്‍ണ്ണമാവുകയും ചെയ്തു എന്ന് ഇ.എം.എസ്. നിരീക്ഷിക്കുന്നു. ആത്മീയതയില്‍നിന്നും തുടങ്ങി ആധുനിക ദേശീയതയിലേക്ക് എത്തിച്ചേര്‍ന്നു നവോത്ഥാനത്തിന്റെ അടിത്തറ പാകിയ ശ്രീനാരായണഗുരു, വാഗ്ഭടാനന്ദന്‍ തുടങ്ങിയവരുടെകൂടെ സ്വാമികളെ ഇ.എം.എസ്. ഓര്‍ക്കുന്നു. എന്നാല്‍, കേരളത്തിലെ നവോത്ഥാനത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ ചട്ടമ്പിസ്വാമികള്‍ വഹിച്ച സങ്കീര്‍ണ്ണമായ പങ്ക് കുറേക്കൂടി സൂക്ഷ്മമായ വായന ആവശ്യപ്പെടുന്നുണ്ട്. ഇവിടെ ചര്‍ച്ചചെയ്ത സ്വാമികളുടെ മൂന്നു കൃതികളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു അരക്ഷിതാവസ്ഥയുണ്ട്. സവര്‍ണ്ണ ഹിന്ദു ആത്മീയതയ്ക്ക് പൊതുബോധത്തില്‍ സാധുതയും സാംഗത്യവും നല്‍കി സ്ഥാനമുറപ്പിക്കുക എന്നതായിരുന്നോ സ്വാമികളുടെ പരമമായ ലക്ഷ്യം എന്നതല്ല പ്രധാനം. അത്തരമൊരു രാഷ്ട്രീയത്തില്‍ അതു ശക്തമായി ഇടപെട്ടു എന്നതാണ്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ പലതും അന്നത്തെ ഹിന്ദുപരിഷ്‌കരണവാദികളുടെ മതവ്യവഹാരങ്ങളുമായി ചേര്‍ന്നുകിടന്നിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഇടപെടല്‍ ശൂദ്ര ഹിന്ദു ആത്മീയതയുടെ മാതൃകയ്ക്ക് കേരളത്തില്‍ അംഗീകാരം ഉണ്ടാക്കാന്‍ കഴിയുന്നതായിരുന്നു എന്നതാണ്. രേഖീയതയെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് ചിന്തിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ സങ്കേതബദ്ധമായ അദൈ്വത-ആദ്ധ്യാത്മിക കൃതികള്‍ക്കു മാത്രമായി അത്തരമൊരു നേട്ടം കൈവരിക്കാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ ക്രിസ്ത്യന്‍ മതവിമര്‍ശനവും ശൂദ്രനെ അസ്പര്‍ശ്യനാക്കുന്ന വേദഭാഗങ്ങളുടെ വിമര്‍ശനവും തിരസ്‌കാരവും കേരളത്തിലെ ജാതിവ്യവസ്ഥയുടെ ബ്രാഹ്മണികാധിപത്യത്തിന്റെ വിമര്‍ശനവുമൊക്കെ പരമമായി ഹിന്ദു ആത്മീയതയ്ക്ക് നായര്‍ സമുദായത്തിനു പ്രാമുഖ്യമുള്ള ഒരു അടിസ്ഥാനമുണ്ടാക്കുന്നതിനു സഹായകമായിത്തീര്‍ന്നു. ചാതുര്‍വര്‍ണ്ണ്യത്തിനു പുറത്തായിരുന്ന ശ്രീനാരായണഗുരുവില്‍നിന്നു വിഭിന്നമായിരുന്നു സ്വാമികളുടെ സ്ഥിതി. 'ഈഴവ ശിവന്‍' എന്നതിലെ സ്വാപരത്വ (self-othering) നിര്‍മ്മിതിയുടെ വിപ്ലവം ശൂദ്രാസ്തിത്വത്തിലൂടെ നിര്‍വ്വഹിക്കാന്‍ സ്വാമികള്‍ക്കു കഴിഞ്ഞില്ല. നവോത്ഥാനത്തിന്റെ ഒരു സര്‍ഗ്ഗാത്മകതയെ പ്രതിനിധാനം ചെയ്യുമ്പോള്‍പ്പോലും ചാതുര്‍വര്‍ണ്ണ്യത്തിനുള്ളില്‍ തന്റെ ശൂദ്രസ്ഥാനം വേദാന്തത്തിന്റെ വക്താവാകുന്നതില്‍നിന്നു തന്നെ തടയുന്നുണ്ട് എന്ന ആകുലത അദ്ദേഹത്തിന്റെ കൃതികളില്‍ വെളിപ്പെടുന്നുണ്ട്. ജാതിസ്ഥാനംകൊണ്ട് ചാതുര്‍വര്‍ണ്ണ്യത്തിന്റെ പുറത്തായിരുന്നതിനാല്‍ ഇത്തരമൊരു ആകുലതയുടെ ആവശ്യം തന്നെ ഗുരുവിനുണ്ടായിരുന്നില്ല. 

വള്ളത്തോൾ നാരായണ മേനോൻ
വള്ളത്തോൾ നാരായണ മേനോൻ

ഹിന്ദു ആത്മീയവാദി എന്ന തന്റെ നിലപാടിന്റെ ആത്മപരിശോധനകളുടെകൂടി പശ്ചാത്തലത്തിലാണ് ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമതത്തേയും വൈദികബ്രാഹ്മണ്യത്തേയും കേരളത്തിലെ ജാതിവ്യവസ്ഥയേയും വിമര്‍ശിക്കുന്നത്. അദ്ദേഹത്തിന്റെ പരമമായ ലക്ഷ്യം സ്വന്തം ആത്മീയപരിണാമം ആയിരുന്നിരിക്കാമെങ്കിലും നവശൂദ്രസവര്‍ണ്ണത ഒരു വലിയ പരിധിവരെ അതിന്റെ ഗുണഭോക്താക്കളായിത്തീര്‍ന്നു എന്നതു വിസ്മരിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ കൃതികളില്‍നിന്നുകൂടി ഊര്‍ജ്ജമുള്‍ക്കൊണ്ടുകൊണ്ട് നവശൂദ്രസവര്‍ണ്ണതയുടെ ഒരു സാംസ്‌കാരവും പ്രത്യയശാസ്ത്രവും ഇവിടെ വേരുറപ്പിച്ചു. 1900-ത്തിനുശേഷം ഈ നായര്‍ സവര്‍ണ്ണതയുടെ സംസ്‌കാരത്തിന്റേയും രാഷ്ട്രീയത്തിന്റേയും പ്രത്യയശാസ്ത്രത്തിന്റേയും തുടര്‍ച്ചയുണ്ടായതും സ്വാതന്ത്ര്യത്തിനുശേഷവും നായര്‍ സൊസൈറ്റിപോലെയുള്ള സംഘടനകള്‍ ഈ സംസ്‌കാരിക അജന്‍ഡ നിര്‍ലജ്ജം മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്നതും നിസ്സാരമായി കാണാന്‍ കഴിയില്ലല്ലോ. സ്വാമികളുടെ ഹൈന്ദവ പരിഷ്‌കരണ ദൈവശാസ്ത്രം അതിന്റെ എല്ലാ പരിമിതികളോടേയും ശൂദ്ര-നായര്‍ വരേണ്യതയുടെ യാഥാസ്ഥിതിക അജന്‍ഡകള്‍ക്കുള്ള പ്രത്യയശാസ്ത്ര മൂലധനം കൂടിയായി മാറിയിട്ടുണ്ട്. സ്വാമികളുടെ ചരിത്രവ്യാഖ്യാനത്തിന്റേയും വേദനിരൂപണത്തിന്റേയും ദാര്‍ശനിക വ്യാഖ്യാനശാസ്ത്രത്തിന്റേയും വൈരുദ്ധ്യങ്ങളും സമ്മര്‍ദ്ദങ്ങളും വര്‍ണ്ണവ്യവസ്ഥയുടെ പ്രത്യയശാസ്ത്രഘടനയ്ക്കുള്ളില്‍ അകപ്പെട്ടുപോയ ഒരു കീഴ്ജാതി സ്വത്വത്തിന്റെ സ്വാഭിമാനപരമായ പ്രതിഫലനങ്ങളായിരുന്നു. എന്നാല്‍, അതിനപ്പുറത്തേക്ക് ആ വ്യവഹാരങ്ങളെ കൊണ്ടുപോകാന്‍ അദ്ദേഹം ശ്രമിച്ചില്ല എന്നതിനാല്‍ പിന്നീട് നവസവര്‍ണ്ണസ്വത്വത്തിനു അദ്ദേഹത്തിന്റെ പല ആശയങ്ങളും സ്വന്തം അധീശത്വനിര്‍മ്മിതിക്ക് ഉപയോഗിക്കാന്‍ കഴിയുന്നവയായി അവശേഷിപ്പിക്കുകയും ചെയ്തു എന്നതാണ് വസ്തുത. വിദ്ധ്വംസകമായി തുടങ്ങുകയും യഥാസ്ഥിതികമായി പര്യവസാനിക്കുകയും ചെയ്തുവോ സ്വാമികളുടെ രാഷ്ട്രീയ ദൈവശാസ്ത്ര വിമര്‍ശനമെന്നത് ഇനിയും കൂടുതല്‍ ചര്‍ച്ച ആവശ്യപ്പെടുന്നുണ്ട്.?

(അവസാനിച്ചു)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com