'പ്രത്യേക ജനുസ്സില്‍പ്പെട്ട മുസ്ലിങ്ങളെ'ക്കുറിച്ചുള്ള സിനിമകള്‍!

ഹലാൽ ലൗവ് സ്റ്റോറി സിനിമയിൽ നിന്ന്/ ഫെയ്സ്ബുക്ക്
ഹലാൽ ലൗവ് സ്റ്റോറി സിനിമയിൽ നിന്ന്/ ഫെയ്സ്ബുക്ക്

തിയേറ്ററുകള്‍ മുഴുവനായി തുറന്നില്ലെങ്കിലും തമാശകള്‍ക്ക് ഇടവേളകളില്ല. ആളുകള്‍ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ഇരിപ്പിടങ്ങളില്‍ വീണ്ടും സന്നിഹിതരായിത്തുടങ്ങി. മൈക്കുകള്‍ സന്ദേശകാവ്യങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങി. പഴയ വാക്കുകള്‍ 'നവീകരിച്ച പദാവലികള്‍' പോലെ അവതരിപ്പിച്ചു തുടങ്ങി. 'എല്ലാം ഇസ്ലാം' (ഇക്കാണുന്നതെല്ലാം ഇസ്ലാം, ശ്വാസവും കാഴ്ചയും ഇസ്ലാം!) എന്ന മതനിര്‍മ്മിതിവാദപരമായ സങ്കുചിതത്വത്തെ പ്രകാശിപ്പിക്കാന്‍ ഇസ്ലാമിസ്റ്റ് യൗവ്വനങ്ങള്‍ ഇരിപ്പിടങ്ങള്‍ നിരത്തുവാനും തുടങ്ങി... അങ്ങനെ എല്ലാം വീണ്ടും 'തുടങ്ങു'കയാണ്.

എല്ലാ പ്രസ്ഥാനങ്ങളും അവരുടെ കസേരകളില്‍ ഇനി ആളുകളെ നിറയ്ക്കും. അടഞ്ഞ തൊണ്ടകള്‍ മൈക്കുകള്‍ക്ക് തിരിച്ചുകിട്ടാന്‍ തുടങ്ങി. അതുകൊണ്ട് കൊവിഡ് കാലത്തിന്റെ നിശ്ശബ്ദമായ ഇടവേളയ്ക്കുശേഷം ആദ്യം നിരന്ന കസേരകളില്‍ സന്നിഹിതരായവരുടെ രാഷ്ട്രീയം ഏറെ രസകരമായി ചിലതു പറയുന്നുണ്ട്.

ജമാഅത്തെ ഇസ്ലാമിയും അവരുടെ യൗവ്വനങ്ങളും എങ്ങനെയാണ് ഒരു മലയാള സിനിമയെ ഹൈജാക്ക് ചെയ്തത് എന്ന് ഈയാഴ്ചയിലെ 'മാധ്യമം' പത്രത്തിലെ ഒരു വാര്‍ത്ത നമ്മോടു പറയുന്നു. ഒളിപ്പിച്ചുവെച്ച ഉള്ളടക്കങ്ങള്‍ പ്രസ്ഥാനത്തിന്റെ ഉള്ളിരുപ്പുകള്‍ തന്നെയെന്ന് 'പ്രബോധനം' ചെയ്യുകയാണ് ആ വാര്‍ത്ത.

വാര്‍ത്ത ഇങ്ങനെയാണ്:
''പൊതുബോധ നിര്‍മ്മിതികള്‍ പൊളിച്ചെഴുതുകയാണ് ഹലാല്‍ സിനിമകള്‍.''

കോഴിക്കോട്: വംശവെറിയും ജാതിമേല്‍ക്കോയ്മയും ഉറപ്പിക്കുന്ന മലയാള സിനിമയില്‍ പുതിയ ലാവണ്യബോധം സൃഷ്ടിക്കുകയാണ് ഹലാല്‍ സിനിമകള്‍ എന്ന് ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൗസ് (ജമാഅത്തെ ഇസ്ലാമിയുടെ പ്രസാധക സ്ഥാപനം) സംഘടിപ്പിച്ച 'മലയാള സിനിമ; ജാതി, വംശീയത, പ്രതിനിധാനം' എന്ന പാനല്‍ ചര്‍ച്ച അഭിപ്രായപ്പെട്ടു. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 'ഹലാല്‍ ലൗ സ്റ്റോറി' എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'ഹലാല്‍ സിനിമ' പുസ്തകപ്രകാശനമാണ് പാനല്‍ ചര്‍ച്ചയ്ക്കു വേദിയായത്.

പൊതുബോധ നിര്‍മ്മിതിയില്‍ വലിയ പങ്കുവഹിക്കുന്ന സിനിമയിലെ പ്രതിനിധാനം രാഷ്ട്രീയത്തിലെ പ്രാതിനിധ്യത്തേക്കാള്‍ വലുതാണ്. സിനിമ ജിഹാദ് എന്ന പ്രയോഗംപോലും രൂപപ്പെട്ടിട്ടുണ്ട്. 30 വര്‍ഷത്തോളമായി മലയാള സിനിമയെപ്പറ്റി ഇസ്ലാമിക സൗന്ദര്യശാസ്ത്ര ഭൂമികയില്‍നിന്നു നടത്തിയ വിവിധ ആലോചനകളാണ് ഹലാല്‍ സിനിമകള്‍ക്കു വിത്തു പാകിയത്. ജാതിയെ മഹത്വവല്‍ക്കരിക്കുന്നതും കീഴാളരെ വില്ലന്മാരായും പരിഹാസ കഥാപാത്രമായും ചിത്രീകരിക്കുന്നവയുമാണ് മിക്ക മലയാള സിനിമകളും. അത്തരം സിനിമകളെ വിമര്‍ശിക്കുന്നതിനപ്പുറം പലതും ചെയ്യാനുണ്ട് എന്ന് അടയാളപ്പെടുത്തുകയാണ് ഹലാല്‍ സിനിമകള്‍ ചെയ്യുന്നത്. ഹലാല്‍ ലൗ സ്റ്റോറി, വാരിയന്‍ കുന്നന്‍ സിനിമകള്‍ക്കെതിരെ വിമര്‍ശനം മേല്‍ക്കോയ്മാ രാഷ്ട്രീയം വെല്ലുവിളിക്കപ്പെടുന്നതിന്റെ അസ്വസ്ഥതയാണ്. ഇടത് ആഭിമുഖ്യമുള്ള മുസ്ലിമോ സാമ്പ്രദായിക മുസ്ലിമോ അല്ല ഹലാല്‍ സിനിമകളിലെ കഥാപാത്രങ്ങളെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.'' ഇതാണ് വാര്‍ത്ത.

ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ പേരും വാര്‍ത്തയുടെ ചുവടെയുണ്ട്. യാദൃച്ഛികമായിരിക്കാം, ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുസ്ലിം യൗവ്വനം മാത്രമായിരുന്നു. 

പേര്: ഡോ. ഉമര്‍ തറമേല്‍ മുഖ്യപ്രഭാഷണവും ഡോ. ജമീല്‍ അഹ്മദ് പുസ്തകാവതരണവും നിര്‍വ്വഹിച്ചു. സമീര്‍ ബിന്‍സി പുസ്തകപ്രകാശനം നടത്തി. എം. നൗഷാദ്, ഷമീമ സക്കീര്‍, മുഹമ്മദ് ശമീം, ഡോ. കെ. അഷ്റഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി. ദാവൂദ് മോഡറേറ്ററായി. കെ.ടി. ഹുസൈന്‍ സ്വാഗതവും നാസര്‍ എരമംഗലം നന്ദിയും പറഞ്ഞു.
'ഹലാല്‍ ലൗ സ്റ്റോറി' എന്ന സിനിമ പ്രകാശിപ്പിക്കുന്ന മുസ്ലിം വിരുദ്ധതയെപ്പറ്റി ആദ്യം തുറന്നെഴുതിയ ആള്‍ എന്ന നിലയില്‍, അന്ന് ആ കുറിപ്പില്‍ പങ്കുവെച്ച ആശങ്കയെ ഒന്നുകൂടി ഉറപ്പിക്കുന്നതാണ് മുസ്ലിം യൗവ്വനം മാത്രമിരുന്ന ഈ വേദി. ഈ ചര്‍ച്ചയിലെ മാരകമായ അഭിപ്രായമിതാണ്:

ഇടത് ആഭിമുഖ്യമുള്ള മുസ്ലിമോ സാമ്പ്രദായിക മുസ്ലിമോ അല്ല ഹലാല്‍ സിനിമകളിലെ കഥാപാത്രങ്ങളെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

''അതുതന്നെയാണ് ആ സിനിമയെക്കുറിച്ചുള്ള വിമര്‍ശനവും. ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമല്ല, മലബാര്‍ ഇസ്ലാം. മലബാറിലെ മുസ്ലിങ്ങള്‍ പാട്ട് പാടാനോ സിനിമ പിടിക്കാനോ അഭിനയിക്കാനോ ആരുടേയും മുന്നില്‍ കാത്തുകെട്ടികിടന്നിട്ടില്ല. രാഷ്ട്രീയത്തില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും സിനിമയില്‍ പ്രേംനസീറും മുസ്ലിങ്ങള്‍ക്കു മുന്നില്‍ തുടക്കം മുതലേ വഴിവെളിച്ചമായി നിന്നു. അതിന്റെ തുടര്‍ധാരകള്‍ ഇപ്പോഴുമുണ്ട്. ഇടതിടങ്ങളിലാണ് ഇസ്ലാമിന്റെ മലയാള ധാരണകള്‍ക്ക് സൗന്ദര്യത്മകമായ വേരോട്ടം കിട്ടിയത്.

ഇവര്‍ വാഴ്ത്തുന്ന ഹലാല്‍ സിനിമയില്‍ ഒരു കീഴാള സ്ത്രീ പ്രാതിനിധ്യത്തെ വളരെ കൃത്യമായി തിരസ്‌കരിച്ചിട്ടുണ്ട്. പ്ലാച്ചിമട/കൊക്കക്കോള വിരുദ്ധ സമരം എന്നു ചുവരെഴുതുന്ന, നാടകം കളിക്കുന്ന ആ സിനിമയില്‍ പ്ലാച്ചിമട സമരനായികയായ, ആദിവാസിയായ 'മയിലമ്മ' എന്ന പേര് എവിടെയും ഒരു ചിത്രമായിപ്പോലും വരുന്നില്ല. എവിടെയാണ് നിങ്ങള്‍ പറയുന്ന കീഴാള പ്രാതിനിധ്യം? വെല്‍ഫയര്‍ പാര്‍ട്ടിയില്‍ അധികകാലം കീഴാളര്‍ക്ക് രാഷ്ട്രീയ ശാക്തീകരണ മോഹവുമായി നില്‍ക്കാന്‍ കഴിയുമോ? കീഴാളര്‍ അവിടെയും 'അദര്‍' ആണ്.

ഒരു തീവണ്ടിയാത്രക്കിടയില്‍ യാദൃച്ഛികമായി പരിചയപ്പെട്ട ദര്‍വീശിനോടു ഈ ലേഖകന്‍ ചോദിച്ചു:
''എന്താണ് ഇസ്ലാം?''
''ടലഹളനോട് കള്ളം പറയരുത്, അതാണ് ഇസ്ലാം!''

ഒറ്റവാക്കില്‍ ഇളം കാറ്റുപോലെയുള്ള ചിരിയോടെ പറഞ്ഞു. 'ഹലാല്‍ ലൗ സ്റ്റോറി' സിനിമയുടെ കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമി/സോളിഡാരിറ്റി യൗവ്വനങ്ങള്‍ Self-നോട് കള്ളം പറയുകയാണ്. 'ഇടത് ആഭിമുഖ്യമുള്ള മുസ്ലി'മിനെ നിങ്ങള്‍ വരയ്ക്കപ്പുറം നിര്‍ത്തുന്നു. നിങ്ങള്‍ സ്വയം നിഷേധിക്കാന്‍ ശ്രമിക്കുന്ന 'ജാതിബോധം' മതാത്മക തലത്തില്‍ നിങ്ങളില്‍ ആഴത്തില്‍ ഉണ്ട്. അടുത്തിരിക്കുന്ന ഇതര മതസ്ഥര്‍/ ഇടത് മുസ്ലിം 'കാഫിര്‍' എന്ന തോന്നല്‍ ഉള്ളില്‍ ഉറച്ചു കിടക്കുന്നതുകൊണ്ടാണ് 'ഹലാല്‍ സിനിമ' എന്ന് ആവര്‍ത്തിച്ചു പറയുന്നത്. അതുകൊണ്ടാണ് ആ സിനിമയിലെ ഒരേയൊരു ഇടത് മുസ്ലിം കുടിയനും അലമ്പനും വഴക്കാളിയുമായത്.

ഇപ്പോള്‍ കാര്യങ്ങള്‍ സുവ്യക്തമായി. 'പ്രത്യേക ജനുസ്സില്‍പ്പെട്ട മുസ്ലിങ്ങളെ'ക്കുറിച്ചുള്ള സിനിമകളാണ്, ഹലാല്‍ സിനിമകള്‍! ആ അര്‍ത്ഥത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ഉള്ളിലെ വര്‍ഗ്ഗീയത കൃത്യമായി തിരിച്ചറിയുന്ന ആള്‍ പിണറായി വിജയനാണ് എന്നു പറയുന്നതില്‍ ഒട്ടും അവ്യക്തതകളില്ല.

''കോട്ടയത്ത് എത്ര മത്തായിമാരുണ്ട്'' എന്ന ചോദിച്ചതുപോലെ, കേരളത്തിലെത്ര ഹലാല്‍ സിനിമയുണ്ട് എന്നു ചോദിച്ചുപോകരുത്. ഇസ്ലാമിസ്റ്റ് യൗവ്വനമേ, വാരിയന്‍ കുന്നന്‍ മലയാളീ മാപ്പിള ചരിത്രപുരുഷനെ 'ഹലാല്‍ രാഷ്ട്രീയ പ്രതിനിധാന'ത്തിന്റെ കേന്ദ്ര ബിന്ദുവാക്കി വെറുപ്പിന്റെ രാഷ്ട്രീയം ഉല്പാദിപ്പിക്കരുത്. മലയാളികള്‍ക്ക് അവരുടെ മനോഹരമായ ഇസ്ലാമുണ്ട്. കാലുഷ്യത്തിന്റെ കുത്തിത്തിരുപ്പ് സൗന്ദര്യശാസ്ത്രവുമായി വരരുതേ എന്ന അപേക്ഷയുണ്ട്.

കുപ്പുവേട്ടന്റെ അടുക്കള 

കണ്ണൂരിന്റെ ചരിത്രം സ്റ്റേഡിയത്തിലെ ഒരു മരച്ചോട്ടിലിരുന്ന് സൂക്ഷ്മമായി പിടിച്ചെടുത്ത, ഓര്‍മ്മകളുടെ രാഷ്ട്രീയം പറഞ്ഞ കുപ്പുസ്വാമി എന്ന ചെരുപ്പു തുന്നല്‍ തൊഴിലാളിയെ (ചെരുപ്പുകുത്തി എന്ന് എത്രയോ കാലമായി പതിച്ചു നല്‍കിയ പേര്) ആദ്യമായി സംഭാഷണത്തിനായി കാണുന്നത് അദ്ദേഹം പാര്‍ത്തിരുന്ന ഒരു കോളനിയില്‍ വെച്ചാണ്. ഒരുപാട് അടുപ്പുകള്‍ അടുക്കിവെച്ച ചെറിയ ചെറിയ പാര്‍പ്പുരകള്‍. അതിലൊരടുപ്പാണ് കുപ്പുവേട്ടന്റെ ഇടം. അടുത്തുതന്നെ ഉറങ്ങാനുള്ള പായ, വെക്കാനും കഴിക്കാനുമുള്ള രണ്ടു പാത്രങ്ങള്‍. വര്‍ത്തമാനം പറയുമ്പോള്‍ പുകയുടെ സഞ്ചാരം. മുനിഞ്ഞു കത്തുന്ന തീയില്‍ ഇടക്കിടെ ഊതുന്ന കുപ്പവേട്ടന്‍. വളഞ്ഞുപുളഞ്ഞു പിടിത്തം തരാത്ത പുകയില്‍ അസ്വസ്ഥമായ കണ്ണ് തുടച്ചും ഇടക്കിടെ ചുമച്ചും ജീവിതം പറഞ്ഞു അദ്ദേഹം. 'കിച്ചന്‍' ആയിരുന്നു, അദ്ദേഹത്തിന്റെ കിടപ്പുമുറിയും വെപ്പുമുറിയും. നെഹ്റു കണ്ണൂര്‍ സന്ദര്‍ശിച്ചപ്പോള്‍ നഗരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി രാത്രിക്ക് രാത്രി ഒരു നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ വളരെ ദൂരെയുള്ള ഇരിട്ടിയിലേയ്ക്ക് നഗരത്തിലെ ചെരിപ്പുകുത്തികളേയും തോട്ടികളേയും നാടുകടത്തിയപ്പോള്‍, അതില്‍ കുപ്പുവേട്ടനമുണ്ടായിരുന്നു. തിരിച്ചു വരുമ്പോള്‍ കുടിവെള്ളമോ ആഹാരമോ കിട്ടിയിരുന്നില്ല. വഴിയരികിലെ 'കല്ലുവാഴ' പറിച്ചു തിന്നു കാല്‍നടയായി കണ്ണൂരേയ്ക്ക് തിരിച്ചുനടന്നു. ആ 'പദയാത്ര'യ്ക്ക് എവിടെയും സ്വീകരണമോ. ഹാരമണിയിക്കലോ ഉണ്ടായിരുന്നില്ല. എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം ആ ചരിത്രം പറയുമ്പോള്‍, 'ഒരാള്‍ക്കു മാത്രം കഞ്ഞിവെക്കാനുള്ള കുടുക്ക' മാത്രമായിരുന്നു, കുപ്പുവേട്ടന്റെ സമ്പാദ്യം. 

ഇടയ്ക്ക്, കുപ്പുവേട്ടനേയും ഒപ്പം കൂട്ടി നഗരത്തിലെ വലിയൊരു ഹോട്ടലില്‍ ബിരിയാണി കഴിക്കാന്‍ കയറി. കുപ്പുവേട്ടന് പൊറോട്ടയും ബീഫ് ഫ്രൈയും മതിയായിരുന്നു. ശീതീകരിച്ച ഹോട്ടലില്‍ ഇരിക്കുമ്പോള്‍ കുപ്പുവേട്ടന്‍ ചോദിച്ചു:

''ഈട്ത്ത അടുക്കളയും ഫ്രിഡ്ജ് പോലെ തണ്ക്ക്മോ? പൊക കട്ടപിടിക്കില്ലേ? എന്തായാലും കണ്ണില് വെള്ളം നെറയില്ലായിരിക്കും, അല്ലേ?''

കുപ്പുവേട്ടന്‍, കണ്ണൂരിന്റെ സാക്ഷി, ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. സ്റ്റേഡിയത്തില്‍ ആ മരമുണ്ട്.

സുരക്ഷിതമായ അടുക്കളകളിലിരുന്ന് നാം രാഷ്ട്രീയം പറയുന്നു.

കണ്ണൂര്‍ മാപ്പിള കിച്ചനും പുയ്യാപ്ലമാരും 

കണ്ണൂരിലെ 'പുതിയാപ്പിള' എന്ന നിലയില്‍ ആത്മവിമര്‍ശനം നിറഞ്ഞ ഒരു തമാശ പറയട്ടെ. കണ്ണൂരിലെ പുതിയാപ്പിള ചീയാത്ത അയക്കൂറയാണ്. മണിയറയിലെ പിടക്കുന്ന അയക്കൂറ.

'ഉസ്താദ് ഹോട്ടല്‍' എന്ന സിനിമയിലെ ഒരു പാട്ട്, ചരിത്രപരമായി മുസ്ലിം പെണ്ണുങ്ങളുടെ ആന്തരിക/അടുക്കളയാതനകളെ മനോഹരമായി പൊളിച്ചെഴുതുന്നുണ്ട്. ''അപ്പങ്ങള്‍ ചുട്ട്, കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയ'' അമ്മായിയെക്കുറിച്ചുള്ള പാട്ടാണത്. അമ്മായിക്ക് വട്ടായിപ്പോയി, വട്ടായിപ്പോയി എന്നു പിരിയിളകി പാടുന്നു ആ വരികള്‍. ''അപ്പങ്ങളെമ്പാടും ചുട്ട് പുതിയാപ്പിളയെ'' തക്കരിച്ച അമ്മായിയാണ്, മാപ്പിള ചരിത്രത്തിലെ ആ അമ്മായി. ആ അമ്മായി, അടുക്കളയ്ക്കും മണിയറയ്ക്കും ഇടയില്‍ നടന്നുതീര്‍ത്ത ദൂരം കൂടിയാണ്, മലബാര്‍ മാപ്പിളജീവിതം. 'അമ്മായി'മാര്‍ ആത്മകഥ എഴുതുമ്പോള്‍, അതില്‍ മധുരം മാത്രമല്ല, കയ്പും ഏറെയുണ്ടാവും. പക്ഷേ, ഒരു അമ്മായിയും ആത്മകഥ എഴുതില്ല. 'പുതിയാപ്പിള'യെ പിണക്കാന്‍ അവര്‍ ഒരുക്കമല്ല. പുതിയാപ്പിളയുടെ പേര് പോലും പറയില്ല. മരിച്ചാലും ഖബര്‍ നോക്കി ''അത് നമ്മുടെ പുയ്യാപ്പളയുടെ ഖബറല്ലേ'' എന്നേ പറയൂ. 

മുസ്ലിം അടുക്കളയില്‍ ഇനിയും അധികാര വികേന്ദ്രീകരണം സംഭവിച്ചിട്ടില്ല. വമ്പിച്ച അധികാരം കയ്യാളുന്ന 'പഹയനാണ്' പുതിയാപ്പിള. സാമ്പത്തികമായി കുടുംബത്തെ ആധുനികമായി പരിഷ്‌കരിച്ചെടുക്കുന്നതില്‍ പുതിയാപ്പിളമാര്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. കുടുംബശ്രേണികളില്‍ പല പുതുക്കങ്ങള്‍ പുതിയാപ്പിളമാര്‍ കൊണ്ടുവന്നിട്ടുണ്ട്. വേറൊരു തരത്തില്‍ 'ന്യൂ ജെന്‍' ആണ് പുതിയാപ്പിളമാരുടെ വംശാവലി. കാരണവന്മാര്‍ എന്ന അധികാര കേന്ദ്രം ഒരു ഘട്ടം കഴിയുമ്പോള്‍ മലബാറില്‍ പുതിയാപ്പിളമാരിലേക്ക് അധികാരത്തിന്റെ അംശ വടി കൈമാറുന്നുണ്ട്. പക്ഷേ, ഈ പുതിയ വര്‍ഗ്ഗത്തെ 'പുതുക്കത്തോടെ നിലനിര്‍ത്തുന്നതില്‍' ഏറ്റവും വലിയ ത്യാഗം സഹിച്ചത് അമ്മായിമാരാണ്, 'അമ്മോച്ചന്മാരല്ല.' 

കല്യാണം കഴിയുന്ന ആ ദിവസം തീരുന്നതോടെ 'പുതുനാരി' പഴയ നാരിയാവുന്നു. കയ്യിലെ മൈലാഞ്ചിച്ചോപ്പ് മായുന്ന നേരമേ പുതുനാരിക്ക് പുതുക്കമുള്ളൂ. പക്ഷേ, പുതിയാപ്പിള അങ്ങനെയല്ല. നാല്‍പ്പതു ദിവസം മീനുകൊണ്ടും ഇറച്ചികൊണ്ടും മുട്ടമാലകൊണ്ടും സല്‍ക്കരിക്കണം. മരണം വരെ, 'പുയ്യാപ്ല'യെ ഒരു ഉടയാത്ത പാത്രമായി നിലനിര്‍ത്തണം.

അമ്മായിമാര്‍ സഹിച്ച നിശ്ശബ്ദമായ അടുക്കള ത്യാഗമാണ് മലബാറിലെ മുസ്ലിം ചരിത്രം. അത് അദൃശ്യമാണ്. മുറിച്ചുതീര്‍ന്ന ഉള്ളികള്‍പോലെ, കറിയിലിട്ടാല്‍പ്പിന്നെ കണ്ണീര് കാണുന്നേയില്ല. പ്രശസ്തമായ മുസ്ലിം അപ്പപ്പാട്ടുകളില്‍ നിറയുന്ന പലഹാരങ്ങളെടുത്തു നോക്കൂ. മധുരത്തിന്റെ ഒരു ഫിക്ഷനാണത്. ഇങ്ങനെയൊരു അപ്പപ്പാട്ടിന് ഈണം നല്‍കാന്‍ അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ചാന്ദ് പാഷയുടെ അരികില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ലേഖകന്‍ പോയിരുന്നു. അപ്പങ്ങളെമ്പാടും ചുട്ടമ്മായി എന്ന പാട്ടിനേക്കാള്‍ പഴക്കമുണ്ട്, ഇതിലെ അപ്പങ്ങള്‍ക്ക്.

''പൊന്നുപോല്‍ തീരുന്ന മുട്ട മറിച്ചത്
മിന്നെറിപോല്‍ ഇലങ്കുന്നെ മുസാറ
മികുദിയില്‍ കലത്തപ്പം കുലൂസി അപ്പം
മികവുള്ള തവാബപ്പം
മുട്ട സുര്‍ക്ക
പഞ്ചാരപ്പാറ്റ
അറ്റം ഇല്ലാ പുളിയാള കലാഞ്ചി
വെള്ള കലത്തപ്പം
കോയ് മുറബ്ബ
തുര്‍ക്കിപ്പത്തില്‍
പഞ്ചാര സീറ
ചൊങ്കില്‍ പണിത കോഴിക്കഞ്ഞി
ചന്തമെശുന്തുള്ള കോയ് സിര്‍വ
എന്തുദിരം പാലൂദ കവാബ്
ചിന്ത തുളങ്കിടുവാന്‍ മുട്ട മാല
ചുറച്ചിട്ട ബലാ അപ്പം മടക്കു പത്തില്‍.''

'എണ്ണാമെങ്കില്‍ എണ്ണിക്കോ' എന്ന മട്ടില്‍ നിറഞ്ഞിരിക്കയാണ്, പലഹാരങ്ങള്‍. ആരെ സല്‍ക്കരിക്കാനാണ് ഈ പലഹാരങ്ങള്‍, പുതിയാപ്പിളയെ തക്കരിക്കാന്‍! ഈ മധുരങ്ങള്‍, അമ്മായിമാരുടെ അടുക്കളയിലെ എഴുതാത്ത ആത്മകഥകളാണ്. 'ഞാനടക്ക' (കണ്ണൂര്‍ പുയ്യാപ്ല എന്നാണ് പുനത്തില്‍ ഈ ലേഖകനെ വിളിക്കാറ്) മുള്ള പുയ്യാപ്പിളമാര്‍ ചരിത്രത്തില്‍ തിന്നുതീര്‍ത്ത പലഹാരങ്ങളാണിവ. അമ്മായിമാരെ സംബന്ധിച്ചിടത്തോളം നിരന്തരവും ഭയാനകവുമായ ഒരു തുടര്‍ച്ചയാണ് അടുക്കളകള്‍. (ഈ ലേഖകന്‍ 'അമ്മായി' എന്നു വിളിക്കാറില്ല. എനിക്കവര്‍ ഉമ്മയാണ്. നിശ്ശബ്ദമായി, പ്രാര്‍ത്ഥനപോലെ ആലോചിച്ചു പോകാറുണ്ട്, ഇരമ്പുന്ന എത്ര വലിയ കടലായിരിക്കും ആ മനസ്സ്!)

ഒരര്‍ത്ഥത്തില്‍ 'ഡയബറ്റിക്' എന്ന രോഗമാണ് അമ്മായിമാര്‍ക്ക് മുന്നില്‍ ഒരു വിമോചന സാധ്യത തുറന്നത്. മിക്കവാറും പുതിയാപ്പിളമാര്‍ക്ക് 'ഷുഗറിന്റെ സൂക്കേട്' കൂടി. അമ്മായിമാരെ രക്ഷിക്കാന്‍ പടച്ചോന്‍ ഇറക്കിയ ഒരു രോഗമായിരുന്നു, അത്. അടുക്കളകളിലെ മധുരങ്ങള്‍ കുറഞ്ഞു.

മുസ്ലിം അടുക്കള എന്നു പറയുന്നത്, 'ആണുങ്ങള്‍ക്കുവേണ്ടി' മാത്രമുള്ള വേവു പുരകളാണ്. മുസ്ലിം പള്ളികളും പുരുഷന്മാര്‍ക്ക്, അടുക്കളകളും പുരുഷന്മാര്‍ക്ക്! എന്നിട്ടും വഅളില്‍ നിശ്ശബ്ദരായി വന്നിരുന്ന് ഉള്ള കമ്മലും മോതിരവും ഊരിക്കൊടുക്കുന്ന സ്ത്രീകളെ നോക്കി ഉസ്താദ് ചെവിയില്‍ കൈവെച്ച് എക്കോ സൗണ്ടില്‍ പ്രസംഗിക്കും: നരകത്തില്‍ നിറയെ സ്ത്രീകളാണ്!
അടുക്കള തന്നെ ഉസ്താദേ, സ്ത്രീകള്‍ക്ക് നരകം!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com